x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. മത്തായിയുടെ സുവിശേഷം, വിനയം, കരുണ, വിശ്വാസം (മത്താ 8:5-13)

Authored by : Rev. Dr. Joseph Pamplany On 10-Feb-2021

വിനയം, കരുണ, വിശ്വാസം

(മത്താ 8:5-13)

പാരാസൈക്കോളജിയില്‍ (Para - psychology) "ടെലപ്പതി" എന്നൊരു സങ്കല്പമുണ്ട്. വിദൂരങ്ങളിലായിരിക്കുന്ന പ്രിയപ്പെട്ടവരുടെ നൊമ്പരങ്ങളും വേദനകളും അപകടങ്ങളും അതീന്ദ്രിയമായി അറിയാനുള്ള കഴിവാണത്. ഭാരതപര്യടനത്തിലായിരുന്ന ശങ്കരാചാര്യര്‍ അമ്മയുടെ മരണ വേദന അതീന്ദ്രിയമായി തിരിച്ചറിഞ്ഞ് മരണക്കിടക്കയ്ക്കരുകിലെത്തി എന്നാണ് പറയപ്പെടുന്നത്. മക്കള്‍ക്ക് അപകടം പറ്റുന്ന നേരത്ത് വിദൂരത്തായ അമ്മമാര്‍ക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നതിനെക്കുറിച്ച് എത്രയോ വിവരണങ്ങള്‍ നാം കേള്‍ക്കാറുണ്ട്. ലോകത്ത് എവിടെയൊക്കെയോ അനുനിമിഷം നടക്കുന്ന ക്രൂരതകളെക്കുറിച്ചുള്ള അതീന്ദ്രീയ ഞെട്ടലുകളാണ് അനുനിമിഷം കണ്ണുചിമ്മുന്നതിനു കാരണമാകുന്നതെന്ന കവിഭാവനയിലും കാര്യമുണ്ട്. ടെലപ്പതിയുടെ അത്ഭുത ശാസ്ത്രം വിശദീകരിക്കാന്‍ നമുക്കാവില്ലായിരിക്കാം. എന്നാല്‍, അതിനു പിന്നിലൊരു ആത്മീയതത്വമുണ്ട്: അപരന്‍റെ സങ്കടങ്ങളോട് സംവദിക്കാനുള്ള ഏതോ ഒരു ക്ഷമത ഓരോ മനുഷ്യനിലുമുണ്ട്. മനുഷ്യത്വം എന്നൊക്കെ നാം വിളിക്കുന്നത് ഈ സംവേദനക്ഷമതയെയാണ്. അകലെയുള്ളവരുടെ സങ്കടമറിയാന്‍ അത്ഭുതശക്തി ആവശ്യമുണ്ട്. എന്നാല്‍ അടുത്തുള്ളവരുടെ, ഒപ്പമുള്ളവരുടെ സങ്കടമറിയാനും അതിനോടുപ്രതികരിക്കാനുമുള്ള കഴിവാണ് ഒരുവന്‍റെ ആത്മീയത.

സുവിശേഷത്തില്‍ നാം പരിചയപ്പെടുന്ന ശതാധിപന്‍ ഇപ്രകാരം ആത്മീയത കൈവരിച്ചവനായിരുന്നു. യഹൂദദൃഷ്ടിയില്‍ അവന്‍ വിജാതീയനും അവിശ്വാസിയും ആത്മീയതയുടെ സ്പര്‍ശമില്ലാത്തവനുമായിരുന്നു. എന്നാല്‍ തന്‍റെ ഭൃത്യന്‍റെ രോഗത്തില്‍ അസ്വസ്ഥമാകാന്‍ കഴിയുന്ന ഒരു ഹൃദയം അദ്ദേഹത്തിനുണ്ടായിരുന്നു. കൂട്ടത്തിലെ ഏറ്റവും ചെറിയവന്‍റെ ഹൃദയതാളവും ശ്രദ്ധിക്കാനുള്ള കഴിവിനെ ക്രിസ്തു ആത്മീയതയുടെയും വിശ്വാസത്തിന്‍റെയും ഉദാത്ത ദൃഷ്ടാന്തമായി പ്രതിഷ്ഠിക്കുന്നതാണ് സുവിശേഷത്തിന്‍റെ കഥാതന്തു. ശതാധിപന്‍ വിനയമുള്ളവനായിരുന്നു. കാരണം അവന്‍ യേശുവിനോടു പറയുന്നത് "അങ്ങ് എന്‍റെ ഭവനത്തില്‍ വരാന്‍ ഞാന്‍ യോഗ്യനല്ല... ഞാന്‍ പോലും ഒരുവനോടു പോകൂ എന്നുപറയുമ്പോള്‍ അവന്‍ പോകുന്നു" (POC വിവര്‍ത്തനത്തില്‍ ഈ വിനയമാനം (even I, Kai gar ego) നഷ്ടമായിട്ടുണ്ട് ). ഈ വിനയമാണ് വീട്ടിലെ വേലക്കാരന്‍റെപോലും സങ്കടം അറിയാനുള്ള കരുണ അവനില്‍ നിറച്ചത്. വിനയവും കരുണയും ഒത്തുചേര്‍ന്ന അവന്‍റെ മനസ്സിനെയാണ് ക്രിസ്തു ശ്രേഷ്ഠതമമായ വിശ്വാസം എന്നു വിശേഷിപ്പിച്ചത്. അതുകൊണ്ടുതന്നെ സുവിശേഷകന്‍റെ സൂത്രവാക്യം ലളിതമാണ്. വിനയം + കരുണ = വിശ്വാസം.

ശതാധിപന്‍

'ഹെക്കതോന്താര്‍കെസ്'  എന്ന ഗ്രീക്കു വാക്കില്‍ നിന്നാണ് "നൂറുപേരുടെ അധിപന്‍"  എന്നര്‍ത്ഥമുള്ള ശതാധിപന്‍ എന്ന വാക്ക് രൂപപ്പെടുന്നത്. റോമന്‍ സൈന്യത്തിലെ നൂറുപേരടങ്ങുന്ന സൈന്യവിഭാഗത്തിന്‍റെ തലവന്‍ ശധാതിപന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇത് റോമന്‍ പട്ടാളത്തിന്‍റെ ഏറ്റവും ചെറിയ ഘടകമാണ്. (പുതിയനിയമ കാലഘട്ടത്തില്‍ പത്തു ശതഗണങ്ങള്‍ ചേര്‍ന്ന സഹസ്രഗണവും ആറു സഹസ്രഗണങ്ങള്‍ ചേര്‍ന്ന വ്യൂഹവുമാണ് ഉണ്ടായിരുന്നത്. ശതഗണങ്ങളുടെ തലവന്‍ ശതാധിപന്‍ സഹസ്രഗണങ്ങളുടെ അധിപന്‍ സഹസ്രാധിപന്‍ എന്നും (അപ്പ 22:23; 23:15; 17,19) അറിയപ്പെട്ടിരുന്നു). ശതാധിപന്മാര്‍ പട്ടാളത്തിന്‍റെ നെടുംതൂണുകളായിരുന്നു. പട്ടാളക്യാമ്പിന്‍റെ അച്ചടക്കം സൂക്ഷിക്കുക, ആയുധങ്ങള്‍ പരിശോധിക്കുക, തന്‍റെ കീഴുദ്യോഗസ്ഥന്മാര്‍ക്ക് ക്യാമ്പിനുള്ളിലും പുറത്തും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുക തുടങ്ങിയവ ശതാധിപന്‍റെ ഉത്തരവാദിത്തങ്ങളായിരുന്നു. ശതാധിപന്മാര്‍ പല പദവികളിലുള്ളവരായിരുന്നു. അധികാരത്തില്‍നിന്നു വിരമിച്ചശേഷവും ഇവര്‍ക്കു സമൂഹത്തില്‍ ഗണ്യമായ സ്ഥാനം ലഭിച്ചിരുന്നു (ലൂക്കാ 7:12).

ശതാധിപന്മാര്‍ പുതിയനിയമത്തിന്‍റെ ഇഷ്ടകഥാപാത്രങ്ങളാണ്. കുരിശുമരണവേളയില്‍ യേശുവിലുള്ള വിശ്വാസം ഏറ്റുപറയുന്ന ശതാധിപനെക്കുറിച്ച് സുവിശേഷകന്‍ പറയുന്നുണ്ട് (മര്‍ക്കോ 15:39, ലൂക്കാ 23:47). ജറുസലേമില്‍ വച്ച് പൗലോസിനെ ചമ്മട്ടിയടിയില്‍നിന്നു രക്ഷിച്ച ശതാധിപനെക്കുറിച്ചും (അപ്പ 22:25-26), യഹൂദരുടെ ഗൂഢാലോചനയില്‍നിന്നും പൗലോസിനെ രക്ഷിച്ച മറ്റൊരു ശതാധിപനെക്കുറിച്ചും (അപ്പ 23:17-22) വി. ഗ്രന്ഥകര്‍ത്താവിന് നല്ലതേ പറയാനുള്ളൂ. "ഇത്താലിക്കെ"സൈന്യവിഭാഗത്തിന്‍റെ തലവനായ കൊര്‍ണേലിയൂസ് (അപ്പ 10:1) വിശ്വാസം സ്വീകരിച്ച ആദ്യവിജാതീയനായിരുന്നു എന്ന് ലൂക്കാ വിവരിക്കുന്നുണ്ട്. പൗലോസിനെ റോമിലേക്കനുഗമിച്ച ജൂലിയൂസിനെയും (27:13, 43) ലൂക്കാ പരാമര്‍ശിക്കുന്നുണ്ട്. വിജാതീയനായ ശതാധിപന്‍ യേശുവിലുള്ള വിശ്വാസം ഏറ്റുപറയുന്ന സുവിശേഷ വിവരണത്തിലൂടെ പില്‍ക്കാലസഭയില്‍ സംഭവിക്കാനിരിക്കുന്ന വിജാതീയരുടെ രക്ഷയെക്കുറിച്ചുള്ള മുന്നറിവ് നല്‍കുകയാണ് മത്താ 8:5-13 ന്‍റെ ലക്ഷ്യം.

വിശ്വാസം - ദൈവദാനം

വിജാതീയ ശതാധിപന്‍റെ വിശ്വാസത്തെ പുകഴ്ത്തുന്ന സംഭവം മത്തായിയുടെ സുവിശേഷത്തിന്‍റെ ഇതരഭാഗങ്ങളില്‍നിന്നു വ്യതിരിക്തത പുലര്‍ത്തുന്നതാണ്. പൊതുവെ യഹൂദ രക്ഷ എന്ന ആശയമാണ് മത്തായിയുടെ സുവിശേഷത്തിന്‍റെ ഊന്നല്‍.

10:5-6 - ഇസ്രായേലിലെ നഷ്ടപ്പെട്ട ആടുകളുടെ അടുക്കലേക്കു  മാത്രം..

15:24  - മക്കളുടെ അപ്പം നായ്ക്കള്‍ക്കു കൊടുക്കില്ല.

തുടങ്ങിയ വാക്യങ്ങള്‍ മത്തായിയുടെ യഹൂദ മുന്‍ഗണന വ്യക്തമാക്കുന്നു. എന്നാല്‍ 28:16 -20 ല്‍, സുവിശേഷ സമാപനത്തില്‍, അവതരിപ്പിക്കുന്ന സാര്‍വ്വത്രിക രക്ഷ (സകലജാതികളോടും സുവിശേഷം പ്രസംഗിക്കുവിന്‍.) എന്ന ആശയത്തിലേക്കുള്ള ദിശാസൂചിയായി ഈ സംഭവത്തെ വ്യാഖ്യാനിക്കാം. വിജാതീയരുടെ വിശ്വാസത്തെ വിലകുറച്ചുകാണുന്ന പ്രവണതയുടെ തിരുത്തലായും ഈ വചനഭാഗത്തെ കാണാം.

ഒരുവന്‍റെ വിശ്വാസത്തെ വിലയിരുത്തുമ്പോള്‍ സകലര്‍ക്കും തെറ്റുപറ്റാവുന്നതാണ്. വിലയിരുത്തുന്നവര്‍ പലപ്പോഴും വിശ്വാസത്തിന് സ്വന്തമായി മാനദണ്ഡങ്ങള്‍ നിര്‍ണ്ണയിക്കുകയും അതിനു നിരക്കാത്തവരെയെല്ലാം അവിശ്വാസികളും അജ്ഞാനികളും അധാര്‍മ്മികളുമായി വിലയിരുത്തുകയാണ് പതിവ്. വിശ്വാസിക്ക് മനുഷ്യര്‍ നിശ്ചയിക്കുന്ന സാമാന്യമാനദണ്ഡങ്ങള്‍: പള്ളിയില്‍ പോകുന്നവന്‍. ആണ്ടുകുമ്പസാരം മുടക്കാത്തവന്‍, മദ്യപിക്കാത്തവന്‍..തുടങ്ങിയവയാണ്. ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്നവന്‍ വിശ്വാസി ലംഘിക്കുന്നവനാകട്ടെ അവിശ്വാസിയും. യഹൂദരുടെ സാമാന്യമാനദണ്ഡങ്ങളനുസരിച്ച് അപരിച്ഛേദിതനും സാബത്താചരിക്കാത്തവനും ദൈവപ്രമാണങ്ങളനുസരിക്കാത്തവനുമായ ശതാധിപന്‍ അവിശ്വാസിയാണ്. എന്നാല്‍ വിശ്വാസത്തിന് മനുഷ്യന്‍ നല്കുന്ന മാനദണ്ഡങ്ങളും ദൈവം കല്പിക്കുന്ന മാനദണ്ഡങ്ങളും വ്യത്യസ്തങ്ങളാണ് എന്നതാണ് ക്രിസ്തുഭാഷ്യം. മനുഷ്യദൃഷ്ടിയിലെ വിശ്വാസികളില്‍ പലരും ദൈവദൃഷ്ടിയില്‍ അവിശ്വാസികളും മനുഷ്യന്‍ വിശ്വാസലോകത്തുനിന്നു ഭ്രഷ്ടു കല്പിച്ചു പുറത്തുനിര്‍ത്തിയിരിക്കുന്നവരില്‍ പലരും ദൈവദൃഷ്ടിയില്‍ സത്യവിശ്വാസികളുമാകാം. തിരഞ്ഞെടുക്കപ്പെട്ടവര്‍ പുറത്തെറിയപ്പെടുന്നതിനെക്കുറിച്ചും കിഴക്കുനിന്നും തെക്കുനിന്നും.... സ്വര്‍ഗ്ഗരാജ്യത്തില്‍ വിരുന്നിനു വരുവരെക്കുറിച്ചുമുള്ള പരാമര്‍ശം (വാ. 11-12) ഈ ആശയം വ്യക്തമാക്കുന്നതിനാണ്. വിശ്വാസസംഹിതകള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കുമപ്പുറം കൂടെയുള്ളവരുടെ നൊമ്പരങ്ങളെ മനസ്സിലാക്കുകയും അതു പരിഹരിക്കാന്‍ ആകുലപ്പെടുകയും ചെയ്യുന്നവനെ പുകഴ്ത്തിക്കൊണ്ട് ദൈവവിശ്വാസം എന്നത് പരസ്നേഹം തന്നെയാണെന്ന് ക്രിസ്തു സമര്‍ത്ഥിക്കുകയാണ്.

മത്തായിയുടെ സുവിശേഷത്തില്‍ പൂജരാജാക്കന്മാര്‍ക്കുശേഷം വിശ്വാസം പ്രഘോഷിക്കുന്ന ആദ്യവിജാതീയനാണ് ഈ ശതാധിപന്‍. കിഴക്കുനിന്നും തെക്കുനിന്നും വടക്കുനിന്നും വരാനിരിക്കുന്നവരുടെ  പ്രതിനിധിയാണയാള്‍. നാലുദിക്കില്‍നിന്നും വിജാതീയര്‍ സീയോന്‍മല ലക്ഷ്യമാക്കി വരുന്നതിനെക്കുറിച്ച് ഏശയ്യ 2:1-5 ല്‍ വിവരിക്കുന്ന ദര്‍ശനത്തിന്‍റെ പശ്ചാത്തലത്തിലാണ് മത്താ 8:11-12 ലെ യുഗാന്ത്യദര്‍ശനം അവതരിപ്പിക്കുന്നത്. വിജാതീയര്‍ യുഗാന്ത്യത്തില്‍ മിശിഹായോടൊത്ത് വിരുന്നിനിരിക്കുമ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട യഹൂദരില്‍, വിശ്വസിക്കാത്തവര്‍ തിരസ്കൃതരാകും എന്ന ഏശയ്യായുടെ പ്രവചനം സഫലമാകുന്നതിന്‍റെ സൂചനയായിട്ടാണ് ശതാധിപന്‍റെ വിശ്വാസത്തെ സുവിശേഷകന്‍ അവതരിപ്പിക്കുന്നത്.

അത്ഭുതവിവരണത്തിന് സുവിശേഷകന്‍ അശേഷം പ്രാധാന്യം നല്‍കുന്നില്ല എന്നതും ശ്രദ്ധേയമാണ്. മറിച്ച് ക്രിസ്തുവിന്‍റെ സാന്നിദ്ധ്യം ശതാധിപനിലുളവാക്കുന്ന വിശ്വാസത്തിനാണ് സുവിശേഷകന്‍ ഊന്നല്‍ നല്‍കുന്നത്. അത്ഭുതങ്ങളും അടയാളങ്ങളും ആത്മീയതയുടെ അളവുകോലാകുന്ന ഈ കാലഘട്ടത്തില്‍ അത്ഭുതത്തിനുമേല്‍ വിശ്വാസത്തെ പ്രതിഷ്ഠിക്കുന്ന സുവിശേഷകന്‍റെ നിലപാട് ഏറെപ്രസക്തമാണ്. ചോദിക്കുന്നതെല്ലാം അത്ഭുതകരമായി നടപ്പിലാക്കിത്തരുന്ന ദൈവത്തെ വിശ്വസിക്കുക എളുപ്പമാണ്. എന്നാല്‍ ചുറ്റും അന്ധകാരം തിങ്ങിവിങ്ങുമ്പോഴും വെളിച്ചത്തെ സ്വപ്നം കണ്ട് പ്രത്യാശപ്പെടാനുള്ള കഴിവാണ് വിശ്വാസം. മരുഭൂമിക്കുനടുവിലാണെങ്കിലും മേഘത്തൂണായും അഗ്നിസ്തംഭമായും ദൈവം പൊതിഞ്ഞുനില്പുണ്ടെന്ന തിരിച്ചറിവാണ് വിശ്വാസം. കാലിടറി കുഴിവക്കിലെ വേരില്‍ തൂങ്ങിയവനോടു പിടിവിട്ടു ചാടാന്‍ ദൈവം പറഞ്ഞതായി ഒരു കഥ ആന്‍റണി ഡിമെല്ലോ പറഞ്ഞിട്ടുണ്ട്. പിടിവിടാതെ രക്ഷിക്കാന്‍ കഴിവുള്ള ദൈവത്തിലേ വിശ്വസിക്കൂ എന്നതായിരുന്നത്രേ വീണവന്‍റെ പിടിവാശി. പിടിവിടാത്തവര്‍ക്ക് ക്രിസ്തു അന്യനാണെന്ന തിരിച്ചറിവുകൂടിയാണ് ഈ സുവിശേഷം. സര്‍വ്വതും അവനെ ഭരമേല്‍പ്പിച്ച് ശാന്തനാകുന്ന ശതാധിപന്‍റെ വിശ്വാസം നക്ഷത്രശോഭയുള്ളതാകുന്നതും അതുകൊണ്ടാണ്.

അധികാരം - ആത്മീയവും രാഷ്ട്രീയവും

ആത്മീയ അധികാരികള്‍ (മതം) രാഷ്ട്രീയത്തില്‍ ഇടപെടുന്നു എന്ന ആരോപണം പിന്നാമ്പുറങ്ങളില്‍ മുഴങ്ങുന്ന ഈ കാലത്ത് ആത്മീയ-രാഷ്ട്രീയ അധികാരങ്ങളുടെ പാരസ്പര്യത്തെക്കുറിച്ചാണ് സുവിശേഷകന്‍ പങ്കുവയ്ക്കുന്നത്. തന്‍റെ അധികാരത്തിന്‍റെ വ്യാപ്തിയെക്കുറിച്ചും അതിന്‍റെ പരിമിതിയെക്കുറിച്ചുമുള്ള വ്യക്തമായ അവബോധമാണ് ശതാധിപന്‍ എന്ന അധികാരിയെ വ്യതിരിക്തനാക്കുന്നത്. തന്‍റെ അധീനതയിലുള്ളവര്‍ താന്‍ പറഞ്ഞാല്‍ അനുസരിക്കുന്നവരാണ് എന്ന് ശതാധിപനറിയാം (വാ. 9). എന്നാല്‍ അണികളുടെ പിന്‍ബലത്തില്‍ ലോകവും ദൈവവും വിശ്വാസവുമൊക്കെ തനിക്കു കീഴിലാണ് എന്നു ചിന്തിക്കുന്ന ഭോഷന്മാരായ നേതാക്കളില്‍നിന്ന് ശതാധിപന്‍ വ്യത്യസ്തനായിരുന്നു. സൈനികവും രാഷ്ട്രീയവുമായ അധികാരങ്ങള്‍ നാടിന്‍റെ നന്മയ്ക്ക് ആവശ്യമാണ്. എന്നാല്‍ അതു കയ്യാളുന്നവര്‍ അധികാരത്തിന്‍റെ അതിരുകളെക്കുറിച്ച് അറിവുള്ളവരാകണം.

ഭൗമിക അധികാരം ദൈവികമായ അധികാരത്തിനു വിധേയമാണെന്ന തിരിച്ചറിവാണ് ശതാധിപന്‍റെ നന്മ. ദൈവിക മേഖലയില്‍ വ്യാപരിക്കുന്ന ആത്മീയരുടെ അവകാശങ്ങളെക്കുറിച്ചും അവരുടെ അധികാരങ്ങളെക്കുറിച്ചും രാഷ്ട്രീയാധികള്‍ അറിവുള്ളവരായിരിക്കണം. രാഷ്ട്രീയത്തിന്‍റെ അന്ധതയെ തിരുത്തുന്ന നയനവും പ്രകാശവുമാണ് മതവിശ്വാസമെന്ന് ഗാന്ധിജി പറഞ്ഞത് ഈ അര്‍ത്ഥത്തിലാണ്. ദൈവവിശ്വാസമില്ലായിരുന്നെങ്കില്‍ താനൊരു ഭ്രാന്തനാകുമായിരുന്നെന്ന് രാഷ്ട്രപിതാവ് പറഞ്ഞതിന്‍റെ പൊരുള്‍ ഇതാണ്. ഇന്ന് പലനേതാക്കളുടെയും നിലപാടുകള്‍ ഭ്രാന്തമാകുന്നതിനു കാരണം വിശ്വാസരാഹിത്യമാണെന്നു കാണുമ്പോള്‍ രാഷ്ട്രപിതാവിന്‍റെ ക്രാന്തദര്‍ശനത്തിനു മുന്നില്‍ ശിരസ്സു നമിക്കാതെ തരമില്ല.

(ഡോ. ജോസഫ് പാംപ്ലാനി)

The Gospel of Matthew Humility Mercy and Faith (Matthew 8: 5-13) catholic malayalam bible study gospel of mathew Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message