We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Dr. Joseph Pamplany On 10-Feb-2021
മാറുന്ന മലകളും വളരുന്ന കടുകുമണിയും
(മത്താ 17:14-23)
ശിഷ്യന്‍റെ ഭാഗ്യം ഗുരുത്വമാണെങ്കില്‍ ഗുരുവിന്‍റെ ഭാഗ്യം തന്നോളമോ അതിലുപരിയോ വളര്‍ന്ന ശിഷ്യരാണ്. ഗുരുവിനെപ്പോലെ ചെയ്യുന്നതോ പറയുന്നതോ ഗുരുവിന്‍റെ വേഷം ധരിക്കുന്നതോ അല്ല ശിഷ്യത്വം. ഗുരുവിന്‍റെ ആന്തരികതയും ആത്മസ്വത്വവും സ്വന്തമാക്കുന്നതാണ് ശിഷ്യത്വം. ശിഷ്യരുടെ പരാജയങ്ങള്‍ റബ്ബിയുടെ (ഗുരുവിന്‍റെ) പരാജയങ്ങളായിട്ടാണ് യഹൂദര്‍ വിലയിരുത്തിയിരുന്നത്.
മലയിറങ്ങിവരുന്ന ക്രിസ്തു
രൂപാന്തരീകരണത്തിന്‍റെ തേജോമയ രംഗങ്ങള്‍ അരങ്ങേറിയ (17:1-9) മലമുകളില്‍നിന്നാണ് ക്രിസ്തു ഇറങ്ങിവരുന്നത്. പിതാവുമായുള്ള തന്‍റെ ആത്മബന്ധത്തിന്‍റെ സമ്പൂര്‍ണ്ണ സാക്ഷ്യമായിരുന്ന രൂപാന്തരീകരണ സംഭവം അവിടുത്തെ പരസ്യജീവിതത്തിലെ നിര്‍ണ്ണായകമായ ഒരു നാഴികക്കല്ലായിരുന്നു. എന്നാല്‍ അവിടുന്ന് ഇറങ്ങിവരുന്നത് തിരിച്ചടികളുടെയും അവിശ്വാസത്തിന്‍റെയും താഴ്വരയിലേക്കാണ്. എന്നും രൂപാന്തരീകരണത്തിന്‍റെ രജതശോഭയില്‍ കൂടാരം പണിത് സ്ഥിരതാമസമാക്കാന്‍ ആര്‍ക്കും കഴിയില്ല. ജീവിതത്തിന്‍റെ തിരിച്ചടികളെയും പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളെയും നേരിടാന്‍ ഒരുവന്‍ ഇറങ്ങിവരേണ്ടതുണ്ട്. ആത്മീയ ജീവിതത്തിലെ ഉയര്‍ച്ചതാഴ്ച്ചകളുടെ അനുഭവമായി ഈ വിവരണങ്ങളെ മനസ്സിലാക്കാം. ഈ വചനഭാഗത്തിന്‍റെ അര്‍ത്ഥവ്യാഖ്യാനം ഏതാനും ആശയങ്ങളിലായി ചുരുക്കിപ്പറയാം.
(1) രൂപാന്തരീകരണ മലയിറങ്ങിവരുന്ന ക്രിസ്തു സീനായ് മലയിറങ്ങിവരുന്ന മോശയെ ഓര്‍മ്മിപ്പിക്കുന്നുണ്ട് (പുറ 24:14-32:18). ദൈവാനുഭവത്തിന്‍റെ നേര്‍ക്കാഴ്ച ലഭിച്ചതിന്‍റെ ആനന്ദവുമായി മലയിറങ്ങിവരുന്ന മോശ താഴ്വരയില്‍ കാണുന്നത് അവിശ്വാസംമൂലം വഴിപിഴച്ചുപോയ ജനക്കൂട്ടത്തെയാണ്. ജനത്തിനുമുമ്പില്‍ പതറിപ്പോയ അഹറോനും അവനുണ്ടാക്കിയ കാളക്കുട്ടിയും മോശയെ കോപാക്രാന്തനാക്കി (പുറ 32:1-18). സമാനമായ ആഖ്യാനരംഗമാണ് മത്തായിയും ക്രമീകരിക്കുന്നത്. മലയിറങ്ങിവരുന്ന യേശു അവിശ്വാസികളായ ജനക്കൂട്ടത്തെയും അവരുടെ സമ്മര്‍ദ്ദത്തില്‍ പതറിപ്പോയ ശിഷ്യരെയും (ആഖ്യാനസാദൃശ്യത്തില്‍ ശിഷ്യര്‍ അഹറോന്‍റെ സ്ഥാനത്താണ്) കണ്ടിട്ടാണ് രോഷാകുലനാകുന്നത്. മനുഷ്യന്‍റെ അവിശ്വാസം ഒന്നുമാത്രമാണ് ദൈവത്തെ വേദനിപ്പിക്കുന്നത്.
(2) ശിഷ്യര്‍ക്ക് ഗുരു പിശാചിനെ ബന്ധിക്കാനുള്ള അധികാരം നല്‍കിയിരുന്നതാണ് (മത്താ 10:8). എന്നാല്‍ തങ്ങള്‍ക്കു കിട്ടിയ ദാനത്തെ യാന്ത്രികമായൊരു അധികാരമായി അവര്‍ തെറ്റിദ്ധരിച്ചു. പ്രാര്‍ത്ഥനയും ഉപവാസവും ഉപേക്ഷിച്ച് അവര്‍ ലൗകികരായി ജീവിച്ചു. ഗുരു നല്‍കിയ വരദാനത്തെ പരിപോഷിപ്പിക്കുന്നതിനേക്കാള്‍ തങ്ങളില്‍ വലിയവനാര് എന്നു തര്‍ക്കിച്ചു കണ്ടെത്തുന്നതിലായിരുന്നു അവര്‍ക്കു കൗതുകം. ഈ മലയടിവാരത്തില്‍ അവരുടെ തര്‍ക്കവിഷയത്തിന്‍റെ ഉത്തരം അവര്‍ക്കു കിട്ടി. തങ്ങളിലാരും വലിയവരല്ല; ഗുരു മാത്രമാണ് വലിയവന്‍ എന്ന് അവര്‍ ഗ്രഹിച്ച സന്ദര്‍ഭമാണിത്. ശിഷ്യര്‍ക്കു ദൈവം നല്‍കുന്ന ദാനങ്ങള്‍ യാന്ത്രികമായി പ്രവര്‍ത്തിക്കുന്നവയല്ല. അവയെ നിരന്തര പ്രാര്‍ത്ഥനയിലൂടെയും പരിത്യാഗത്തിലൂടെയും പരിപോഷിപ്പിക്കണം. പഴയനിയമത്തിലെ സാംസണ്‍ ദൈവം നല്‍കിയ ദാനം മറന്ന് ജഡമോഹങ്ങളില്‍ മുഴുകി. അവനിലെ വരങ്ങളത്രയും നിര്‍വീര്യമാക്കി. വരദാനങ്ങള്‍ നിര്‍വീര്യമായിപ്പോയ ശിഷ്യര്‍ കേവലം ഉറകെട്ടുപോയ ഉപ്പാണ്. വലിച്ചെറിഞ്ഞു ചവിട്ടപ്പെടാനല്ലാതെ മറ്റൊന്നിനും അതു പ്രയോജനപ്പെടില്ല.
(3) മലയടിവാരത്തിലെ ജനക്കുട്ടവും ശിഷ്യരും പിശാചുബാധിതനായ ബാലനും വലിയ ആധ്യാത്മികയാഥാര്‍ത്ഥ്യത്തെ പ്രതിനിധാനം ചെയ്യുന്ന പ്രതീകമാണ്. ജനക്കൂട്ടവും ശിഷ്യരും തമ്മില്‍ തര്‍ക്കിച്ചും വാദപ്രതിവാദങ്ങളിലേര്‍പ്പെട്ടും സമയം കളഞ്ഞു. അവര്‍ പരസ്പരം പഴിചാരുകയും പ്രതിരോധിക്കുകയും ചെയ്തുകൊണ്ടിരുന്നു. എന്നാല്‍ ഈ സമയമത്രയും പിശാച് ആ പിഞ്ചുബാലനെ പീഡിപ്പിക്കുകയായിരുന്നു. സഭാനേതൃത്വവും വിശ്വാസികളും തമ്മില്‍ കാര്യമുള്ളതോ ഇല്ലാത്തതോ ആയ വിഷയങ്ങളില്‍ തര്‍ക്കിച്ചും കലഹിച്ചും പ്രതിരോധിച്ചും സമയം പാഴാക്കുമ്പോള്‍ സാത്താന്‍ സഭയെ, നിഷ്കളങ്കരായ ആത്മാക്കളെ, പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്ന സത്യം നാം വിസ്മരിക്കരുത്. തര്‍ക്കങ്ങളിലൂടെ സാത്താനു പ്രവര്‍ത്തിക്കാനുള്ള ഇടം കൊടുക്കാതിരിക്കാന്‍ കുടുംബങ്ങളിലും ഇടവകകളിലും രൂപതകളിലും സകലരും ശ്രദ്ധിക്കണം.
(4) പിശാചുബാധിതനായ തന്‍റെ മകനുവേണ്ടി പ്രാര്‍ത്ഥിക്കുന്ന ആ പിതാവ് ഈ കാലഘട്ടത്തിലെ സകല മാതാപിതാക്കളുടെയും പ്രതിനിധിയാണ്. കുടുംബങ്ങളില്‍ അനേകം മക്കള്‍ പിശാചുബാധിതരായിട്ടുണ്ട്. അനുസരണക്കേടിന്‍റെ, അഹന്തയുടെ, അശുദ്ധിയുടെ, നീലച്ചിത്രങ്ങളുടെ, അധാര്‍മ്മിക പ്രണയത്തിന്‍റെ, സഭാവിരോധത്തിന്‍റെ, ദൈവനിഷേധത്തിന്‍റെ പിശാചുബാധ പല കുഞ്ഞുങ്ങളിലുമുണ്ട്. സ്വന്തം കുഞ്ഞിനുവേണ്ടി യേശുവിന്‍റെ മുന്നില്‍ കരഞ്ഞുപ്രാര്‍ത്ഥിക്കുന്ന ആ പിതാവ് സകല മാതാപിതാക്കളും മാതൃകയാക്കേണ്ട വ്യക്തിയാണ്.
മാറുന്ന മലകളും വളരുന്ന കടുകുമണിയും
വിശ്വാസക്കുറവാണ് ജനക്കൂട്ടത്തിന്‍റെയും ശിഷ്യരുടെയും കുട്ടിയുടെ പിതാവിന്‍റെയും പ്രശ്നങ്ങള്‍ക്കു കാരണം. വിശ്വാസത്തെ സൂചിപ്പിക്കുവാന്‍ യേശു ഉപയോഗിക്കുന്നത് കടുകുമണിയുടെ പ്രതീകമാണ്.
ഏറ്റവും നിസ്സാരമായ കടുകുമണിയില്‍നിന്ന് ഒരു വലിയ വൃക്ഷം രൂപപ്പെടുന്നതുപോലെ വിശ്വാസമുള്ളവര്‍ക്ക് ഏതു കാര്യവും സാധ്യമാകും എന്നാണ് യേശു വിവക്ഷിക്കുന്നത്. ലോകദൃഷ്ട്യാ നിസ്സാരരും കടുകുമണിപോലെ അവഗണിക്കപ്പെടേണ്ടവരുമായവര്‍ വിശ്വാസംകൊണ്ട് അത്ഭുതം പ്രവര്‍ത്തിച്ചവരാണ്. നസ്രത്തിലെ യഹൂദബാലികയായ മറിയം ഒരു കടുകുമണിയായിരുന്നു. വിശ്വാസംകൊണ്ട് അവള്‍ ദൈവമാതാവായി വളര്‍ന്നു. ഭരണങ്ങാനത്തെ അല്‍ഫോന്‍സാമ്മ മറ്റൊരു കടുകുമണിയായിരുന്നു. കടുകുമണികള്‍ രക്ഷാകരചരിത്രത്തില്‍ ഏറെയുണ്ട്.
"മലയോടു മാറാന്‍ പറഞ്ഞാല്‍", എന്നത് യഹൂദരുടെ ഒരു പഴഞ്ചൊല്ലാണ്. ഏറ്റവും അസാധ്യമായത് എന്ന അര്‍ത്ഥമാണ് ഈ ചൊല്ലിനുള്ളത്. മലകളെ ഏറ്റവും ഉറപ്പുള്ളവയായിട്ടാണ് തിരുവചനം കരുതുന്നത് (സങ്കീ 46:2;ഏശ 54:2). ഏറ്റവും ശ്രമകരമായതു ചെയ്യാന്‍ മനുഷ്യനെ പ്രാപ്തനാക്കുന്നതു വിശ്വാസമാണ്. മാനുഷികശക്തികൊണ്ടും ബുദ്ധികൊണ്ടും യുക്തികൊണ്ടും ചെയ്യാവുന്നവയ്ക്ക് ഒട്ടേറെ പരിമിതികളുണ്ട്. മാനുഷികതയുടെ പരിമിതികളെ അതിലംഘിച്ച് മനുഷ്യത്വത്തെ ദൈവികതയുടെ അനന്തസാധ്യതയുമായി ബന്ധിപ്പിക്കുന്ന പാശമാണ് വിശ്വാസം.
ദൈവവിശ്വാസം കേവലം ആത്മവിശ്വാസമല്ല. ദൈവവിശ്വാസിക്ക് ആത്മവിശ്വാസമുണ്ടാകും. എന്നാല്‍ എല്ലാ ആത്മവിശ്വാസവും ദൈവവിശ്വാസമല്ല. ആത്മവിശ്വാസി തന്നില്‍ത്തന്നെ ആശ്രയിക്കുന്നു എന്നതാണ് വ്യത്യാസം. ദൈവവിശ്വാസം കൊണ്ടു മലപോലെ വന്ന പ്രതിസന്ധികളെ മാറ്റിയവര്‍ രക്ഷാചരിത്രത്തിലെ നക്ഷത്രദീപങ്ങളാണ്: അബ്രഹാം, ജോസഫ്, ജോബ്, ജറെമിയ, ഏലിയാ.. അവരുടെ പട്ടിക നീളമുള്ളതാണ്.
ദേവാലയ നികുതി
പ്രായപൂര്‍ത്തിയായ ഓരോ യഹൂദപുരുഷനും ദേവാലയത്തിനു നികുതി നല്കണമെന്ന് നിയമമുണ്ടായിരുന്നു (പുറ 30:11-16). ദേവാലയത്തിലെ ആവശ്യങ്ങള്‍ക്കും പ്രാദേശികസിനഗോഗുകളുടെ നടത്തിപ്പിനുമാണ് ഈ നികുതി വിനിയോഗിച്ചിരുന്നത്. പഴയനിയമത്തില്‍ അര ഷെക്കലും പുതിയ നിയമത്തില്‍ രണ്ടു ദ്രാഗ്മായുമാണ് ദേവാലയ നികുതിയായി നിശ്ചയിച്ചിരുന്നത്. രണ്ടു ദിവസത്തെ വേതനത്തിനു തുല്യമായിരുന്നു ഈ തുക. യേശുവിന്‍റെ കാലത്ത് പലസ്തീനാ റോമന്‍ ഭരണത്തിന്‍ കീഴിലായിരുന്നതിനാല്‍ ദേവാലയനികുതി നിര്‍ബന്ധമായിരുന്നില്ല. ഭക്തരായ യഹൂദരും പുരോഹിതരുടെ പ്രീതി കാംക്ഷിക്കുന്നവരും മാത്രമാണ് ഈ നികുതി നല്‍കിയിരുന്നത്. പുരോഹിതരും ലേവായരും ഈ നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു (Mishnah Segalim 1:3-4).
സമൂഹത്തിലെയും രാജ്യത്തിലെയും നിയമങ്ങളുമായി സംഘര്‍ഷത്തിലേര്‍പ്പെടാതെ ഒരു വിശ്വാസി അവയെ, തന്‍റെ വിശ്വാസത്തെ ഹനിക്കുന്നില്ലാത്തിടത്തോളം, അനുസരിക്കണം. മതത്തിന്‍റെ പേരില്‍ രാജ്യത്തെഅവഗണിക്കരുത്. ദേശീയഗാനം പാടില്ലെന്നു ശഠിക്കുന്ന ചില വിഘടിത ഗ്രൂപ്പുകളും നിലവിളക്കു കത്തിക്കില്ലെന്നു വാശിപിടിക്കുന്നവരും മതത്തെ സമൂഹത്തിന്‍റെ മുഖ്യധാരയില്‍നിന്നും മാറ്റി പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നവരാണ്. ഇത് വര്‍ഗ്ഗീയചിന്തകളുണര്‍ത്തുന്നതും അതിനാല്‍തന്നെ മതത്തിന്‍റെ അന്തസ്സത്തയായ സഹോദരസ്നേഹത്തിനു വിരുദ്ധവുമാണ്.
മീനിന്‍റെ വായില്‍നിന്നു കിട്ടിയത് നാലുദനാറമൂല്യമുള്ള നാണയമാണെന്ന് (strates) അനുമാനിക്കാം. യേശുവിന്‍റെയും പത്രോസിന്‍റെയും നികുതി നല്‍കാന്‍ അതുമതിയായിരുന്നു. ശിഷ്യന്‍റെ സാമ്പത്തികാവശ്യങ്ങളിലും ഗുരുവാണ് സഹായി എന്ന സത്യംകൂടി ഈ സംഭവത്തിലൂടെ വ്യക്തമാക്കുന്നുണ്ട്.
(ഡോ. ജോസഫ് പാംപ്ലാനി)
The Gospel of Matthew Changing Mountains and Growing Mustard (Matthew 17: 14-23) catholic malayalam gospel of matthew bible study Rev. Dr. Joseph Pamplany Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206