x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. മത്തായിയുടെ സുവിശേഷം, ഒരു വലിയ നിയോഗം (മത്താ 28:16-20)

Authored by : Rev. Dr. Joseph Pamplany On 10-Feb-2021

ഒരു വലിയ നിയോഗം

(മത്താ 28:16-20)

സ്സീസ്സിയിലെ പുണ്യവാളന്‍ സന്യാസസഭ തുടങ്ങാനുള്ള മോഹവുമായി അനുവാദത്തിനായി പരിശുദ്ധ പിതാവിനെ കാണുവാന്‍ പോയി. ചാക്കുവസ്ത്രവും ചകിരിക്കയറിന്‍റെ  അരക്കെട്ടും അലസമായ മുടിയും ദയനീയമായ നടപ്പും മട്ടും... മാര്‍പ്പാപ്പയ്ക്ക് തീരെ ബോധിച്ചില്ല ഈ സാധുവിനെ. നിങ്ങള്‍ പന്നികളോട് സുവിശേഷം പ്രസംഗിക്കൂ എന്ന് പരിഹസിച്ച് പാപ്പ അവനെ പുറത്താക്കി. പാപ്പായുടെ കല്പ്പന പാലിക്കാനായി ഫ്രാന്‍സീസ് വത്തിക്കാന്‍റെ പ്രാന്തപ്രദേശത്തുള്ള പന്നിക്കൂട്ടില്‍ പോയി വചനം പറഞ്ഞു തുടങ്ങി. ദൈവിക അരുളപ്പാടു കിട്ടിയ പാപ്പ ഫ്രാന്‍സീസിനെ തേടിയിറങ്ങി. പന്നിക്കുഴിയിലിറങ്ങി പന്നികളോട് വചനം പ്രസംഗിക്കുന്ന ഫ്രാന്‍സീസിന്‍റെ എളിമയുടെയും അനുസരണത്തിന്‍റെയും മുന്നില്‍ പാപ്പാ അമ്പരന്നു. ഫ്രാന്‍സീസിന് അതു ശീലമായി മാറി. കടവിലിരുന്ന് മത്സ്യങ്ങളോടും കാട്ടിലിരുന്ന് കുരുവികളോടും മൃഗങ്ങളോടും ഇഴജന്തുക്കളോടും ഫ്രാന്‍സീസ് ദൈവഹിതം പങ്കുവച്ചിരുന്നു. അവയാകട്ടെ കാതുകൂര്‍പ്പിച്ച് ഫ്രാന്‍സീസിനെ കേള്‍ക്കുമായിരുന്നത്രേ. അക്രമണകാരിയായ ഒരു ചെന്നായ ഫ്രാന്‍സീസിന്‍റെ പ്രസംഗംകേട്ട് മാനസാന്തരപ്പെട്ട് കുഞ്ഞാടായി മാറിയ കഥ ജീവചരിത്രകാരന്മാര്‍ പറയുന്നുണ്ട്. "സകലജാതികളോടും" സുവിശേഷം പ്രസംഗിച്ച ഫ്രാന്‍സീസ് എന്ന മഹാപ്രേഷിതന്‍ രണ്ടാമത്തെ ക്രിസ്തുവായി.

പ്രേഷിതന്‍ ക്രിസ്തുവിന്‍റെ തുടര്‍ച്ച

"മഹത്തായ നിയോഗം" (Great Commission) എന്ന പേരിലാണ് മത്തായി 28:16-20 അറിയപ്പെടുന്നത്. താന്‍ പറഞ്ഞതും ചെയ്തതും ലോകത്തിന്‍റെ അതിരുകളും അവസാനവും വരെ തുടരുവാന്‍ അവിടുന്ന്  ശിഷ്യരെ ചുമതലപ്പെടുത്തുന്നതാണ് ഈ വചന ഭാഗത്തിന്‍റെ പ്രധാന പ്രതിപാദ്യമെങ്കിലും മുഴുവന്‍ സുവിശേഷത്തിന്‍റെയും സമാപന സന്ദേശമായും ഇത് നിലകൊള്ളുന്നു. മുന്‍വിവരണങ്ങളെ അനുസ്മരിപ്പിക്കുന്ന പദപ്രയോഗങ്ങള്‍ ഈ വചനഭാഗത്ത് ദൃശ്യമാണ്.

 • പരസ്യജീവിതത്തിന്‍റെ ആരംഭംകുറിക്കുന്ന 4:12 ലെ "ഗലീലി"തന്നെയാണ് സമാപനരംഗവും.
 • യേശുവിന്‍റെ ആദ്യപ്രഭാഷണവേദിയായ മല (5:1) തന്നെ   യാണ് വിടവാങ്ങല്‍ സന്ദേശത്തിന്‍റെയും വേദി.
 • ശിഷ്യരുടെ സംശയം 14:31-33 ലെ പത്രോസിന്‍റെ സംശ   യത്തെ ഓര്‍മ്മിപ്പിക്കുന്നു.
 • പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തിലുള്ള മാമ്മോദീസായെക്കുറിച്ചുള്ള പരാമര്‍ശം                  മത്തായി  3:13-17 ലെ യേശുവിന്‍റെ മാമ്മോദീസായെ ഓര്‍മ്മി              പ്പിക്കുന്നു.
 • 28:20 ല്‍ "ഞാന്‍ നിങ്ങളോടുകൂടെയുണ്ട്ന്" എന്ന വാഗ്   ദാനം 1:23 ലെ ഇമ്മാനുവല്‍ പ്രവചനത്തെ ഓര്‍മ്മി    പ്പിക്കുന്നു.
 • എല്ലാവരെയും ശിഷ്യപ്പെടുത്താനുള്ള നിര്‍ദ്ദേശം, യേശു   ശിഷ്യരെ വിളിക്കുന്ന രംഗങ്ങളെ ഓര്‍മ്മിപ്പിക്കുന്നു (മ            ത്തായി 4:8-9).
 • യഹൂദരുടെ ഇടയില്‍ മാത്രമായി ചുരുക്കപ്പെട്ടിരുന്ന   പ്രേഷിതപ്രവര്‍ത്തനത്തെ (10:5-6; 15:24)ڇڇഎല്ലാ ജന                 തകളെയും ശിഷ്യപ്പെടുത്താനുള്ളڈ കല്പ്പനയിലൂടെ സാര്‍വ്വത്രികവത്കരിക്കുന്നു.
 • "ഞാന്‍ നിങ്ങളോട് കല്പ്പിച്ചവ... പഠിപ്പിക്കുവിന്‍" എന്ന    പ്രബോധനം സുവിശേഷത്തിന്‍റെ മുഴുവന്‍ ഉള്ളട     ക്കത്തേയും പഠിപ്പിക്കാനുള്ള കല്പ്പനയായി കരുതാം.

ചുരുക്കത്തില്‍ ശിഷ്യരുടെ പ്രേഷിത പ്രവര്‍ത്തനം എന്നത് വ്യത്യസ്തമായ ഒരു പ്രവൃത്തിയല്ല, അത് യേശുവിന്‍റെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ്. ഒരു വ്യക്തിയുടെ വാക്കും പ്രവൃത്തിയും ചിന്തയും യേശുവിന്‍റേതിനു സമാനമാകുമ്പോഴാണ് പ്രസ്തുതവ്യക്തി പ്രേഷിതനാകുന്നത്. ഈ അര്‍ത്ഥത്തിലാണ് സഭ സ്വഭാവത്താലേ പ്രേഷിതയാണെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നത്. സഭ ക്രിസ്തുവിന്‍റെ തുടര്‍ച്ചയാണ് എന്നു പറയുന്നതും സഭ പ്രേഷിതയാണ് എന്നു പറയുന്നതും ഒരേ അര്‍ത്ഥത്തിലാണ് എന്നു സാരം. 

സഭയെ അവതരിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഈ വചനഭാഗത്ത് ക്രിസ്തുവിന്‍റെ അഭിധാനങ്ങള്‍ അപ്പസ്തോലന്‍ ആവര്‍ത്തിച്ചുറപ്പിക്കുന്നതിന്‍റെ അര്‍ത്ഥവും ഇതുതന്നെയാണ്: സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സമസ്ത അധികാരവും ലഭിക്കുന്നതിലൂടെ (വാ. 18) ദാനിയേല്‍ 7:13-14ലെ "മനുഷ്യപുത്രനായി" ക്രിസ്തു സ്വയം പ്രതിഷ്ഠിക്കുന്നു. സമസ്ത അധികാരവും ലഭിക്കുക വഴി അവിടുന്നു "കര്‍ത്താവാ"ണ്. ഞാന്‍ നിങ്ങളോടു കല്പിച്ചവ പഠിപ്പിക്കുക എന്ന കല്പനയിലൂടെ യേശു സ്വയം "ഗുരു" വായി പ്രഖ്യാപിക്കുന്നു. "എല്ലാ ജനതകള്‍ക്കുമുള്ള രക്ഷ" യെ സൂചിപ്പിക്കുന്നതിലൂടെ (വാ. 19=ഉല്‍പ 12:13; 18:18; 22:18) യേശു "അബ്രാഹത്തിന്‍റെ പുത്രനായി" സ്വയം അവതരിപ്പിക്കുന്നു. "എന്നും നിങ്ങളോടുകൂടി..." എന്ന വാഗ്ദാനത്തിലൂടെ അവിടുന്ന് തന്നെത്തന്നെ എമ്മാനുവലായി അവതരിപ്പിക്കുന്നു. ചുരുക്കത്തില്‍ ക്രിസ്തു എന്തായിരുന്നുവോ അത് ആയിത്തീരുവാനാണ് അവിടുന്നു സഭയെ സ്ഥാപിച്ചത്.

വീണ്ടും ഒരു മലമുകളില്‍

മത്തായിയുടെ സുവിശേഷത്തില്‍ ശിഷ്യത്വത്തിന്‍റെ ആദ്യപാഠങ്ങള്‍ പഠിപ്പിക്കപ്പെടുന്നത് ഒരു മലമുകളില്‍ വച്ചാണ്. ഗിരിപ്രഭാഷണം എന്ന വിഖ്യാത പ്രസംഗത്തിന്‍റെ പശ്ചാത്തലം മലയാണല്ലോ (5:1). ശിഷ്യത്വത്തിന്‍റെ സമാപന സന്ദേശം നല്‍കാനും ക്രിസ്തു ഗലീലിയിലെ അതേ മലതന്നെ തിരഞ്ഞെടുത്തത് ബോധപൂര്‍വ്വമായിരുന്നു. ആദ്യന്തം അവിടുന്നു പഠിപ്പിച്ചവയത്രെയും ശിഷ്യരുടെ ജീവിതപ്രമാണമാകണമെന്നതായിരുന്നു ആദിയിലെയും അന്ത്യത്തിലെയും രംഗസജ്ജീകരണത്തിന്‍റെ സമാനത വ്യക്തമാക്കുന്നത്. മലമുകളില്‍ മോശയ്ക്ക് പ്രത്യക്ഷപ്പെട്ടിരുന്ന ദൈവത്തെ ഓര്‍മ്മിപ്പിക്കുമാറ് യേശുവും മലമുകളില്‍ പ്രത്യക്ഷപ്പെടുന്നു. മോശ ദൈവത്തെ ആരാധിച്ചതിനു സമാനമായി ശിഷ്യരും യേശുവിനെ ആരാധിക്കുന്നു (വാ. 17).

മലമുകളിലെ യേശുവിന്‍റെ വിടവാങ്ങല്‍രംഗം മോശയുടെ വിടവാങ്ങലിന്‍റെ ശക്തമായ സൂചന തരുന്നുണ്ട്. നിയമാവര്‍ത്തനം 34:1-4 ല്‍ നെബോമലയിലെ പിസ്ഗായുടെ മുകളില്‍ കയറി വാഗ്ദാന നാടായ കാനാന്‍ ദേശം നോക്കിക്കാണുന്ന മോശയെപ്പോലെ പുതിയനിയമത്തിലെ മോശയായ ക്രിസ്തുവും തന്‍റെ രക്ഷാകരകര്‍മ്മത്തിന്‍റെ ഫലമായി രൂപം കൊള്ളുന്ന സഭയെയും സഭയുടെ പ്രവര്‍ത്തനങ്ങളെയും നോക്കിക്കണ്ട് ശിഷ്യര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതാണ് സന്ദര്‍ഭം. പല സമാനതകളും ഈ വിവരണങ്ങള്‍ തമ്മിലുണ്ട്.

 1. രണ്ടു വിവരണങ്ങളും അന്തിമമായ വിടവാങ്ങല്‍ രംഗങ്ങളാണ്.
 2. രണ്ടിലും തങ്ങളുടെ അധ്വാനഫലമായി രൂപം കൊണ്ട ശോഭ നമായ ഭാവിയെ നായകന്മാര്‍ നോക്കിക്കാണുന്നതാണ് ഇതി   വൃത്തം.
 3. നിയമാവര്‍ത്തന വിവരണം 12 ഗോത്രങ്ങളെ പരാമര്‍ശിക്കുമ്പോള്‍ മത്തായി 12 ശിഷ്യരെ പരാമര്‍ശിക്കുന്നു.
 4. രണ്ടു സംഭവങ്ങളും മലമുകളിലാണ് നടക്കുന്നത്.
 5. മോശയുടെ ശവകുടീരം ആരും കണ്ടില്ല എന്ന പരാമര്‍ശം (നിയമ 34:6) മോശയുടെ ആരോഹണത്തെ (Ascent) സൂചിപ്പിക്കുന്നതായാണ് പാരമ്പര്യം പറയുന്നത്. മത്തായിയുടെ വിവരണവും യേശുവിന്‍റെ സ്വര്‍ഗ്ഗാരോഹണത്തിന്‍റെ പശ്ചാത്തലത്തിലാണ്.

പുതിയനിയമത്തിലെ മോശയായി യേശുവിനെ അവതരിപ്പിക്കുന്നു എന്ന പ്രഖ്യാപിത ലക്ഷ്യവുമായി സുവിശേഷരചന നിര്‍വ്വഹിക്കുന്ന മത്തായിയുടെ സുവിശേഷത്തിന് തികച്ചും അനുയോജ്യമാണ് ഈ സമാപനരംഗം എന്നു വ്യക്തമാണ്.

ചിലരുടെ സംശയം

ഉത്ഥിതനെ കണ്ടവരെല്ലാം സംശയിക്കുന്നുണ്ട്. മഗ്ദലനാമറിയം അവനെ തോട്ടക്കാരനായും എമ്മാവൂസിലേക്കുപോയ ശിഷ്യര്‍ അവനെ അപരിചിതനായും തിബേരിയാസിന്‍റെ തീരത്തു നിന്നവനെ ഒരു യുവാവായും ശിഷ്യര്‍ സംശയിക്കുന്നുണ്ട്. മരിച്ചവന്‍ തന്നെയാണ് ഉയിര്‍ത്തത് എന്ന് സ്ഥാപിക്കുമ്പോഴും ക്രൂശിതനില്‍നിന്ന് ഉത്ഥിതനിലേക്കുള്ള അകലത്തിന്‍റെ അതിസ്വാഭാവികത നിലനിര്‍ത്താന്‍ സുവിശേഷകന്മാര്‍ കണ്ടെത്തുന്ന ഒരു രചനാ സങ്കേതമായിരിക്കാം ഈ സംശയം (മര്‍ക്കോ 16:11; ലൂക്കാ 24:13-35; യോഹ 20:14; 21:4).

ദൈവികസാന്നിധ്യമുള്ള വ്യക്തികളെ തിരിച്ചറിയാന്‍ കഴിയാതെ പോകുന്ന സംഭവങ്ങള്‍ യഹൂദരചനകളില്‍ സാധാരണമാണ്. ജോസഫിന്‍റെ സഹോദരന്മാര്‍ക്ക് അവനെ തിരിച്ചറിയാന്‍ കഴിയാതിരുന്നത്  (ഉല്‍ 42:8), സീനായ് മല ഇറങ്ങി വരുന്ന മോശയെ ജനം തിരിച്ചറിയാത്തത് (LAB 12.1), സാവൂളും കൂട്ടരും ദാവീദിനെ തിരിച്ചറിയാതിരുന്നത് (LAB 61.9), അബ്രാഹം മുഖ്യദൂതനായ മിഖായേലിനെ തിരിച്ചറിയാതിരുന്നത് (Test. Abr. 2) തുടങ്ങിയവ ഉദാഹരണങ്ങളാണ്. പ്രേക്ഷകന്‍റെ ഭാഗത്തെ വീഴ്ചയാണ് പലപ്പോഴും തെറ്റിദ്ധാരണയ്ക്ക് കാരണമാകുന്നതെന്ന് ഈ സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

തള്ളിപ്പറഞ്ഞവനെയും സംശയിക്കുന്നവരെയും ഒറ്റുകാരന്‍റെ പകരക്കാരനെയും ഒക്കെക്കൂട്ടി ദൈവരാജ്യത്തിന്‍റെ അടിത്തറ പണിയാനാണ് ക്രിസ്തു തീരുമാനിക്കുന്നത്. താന്‍ സ്ഥാപിക്കുന്ന സഭ പുണ്യപൂര്‍ണ്ണരുടെ മാത്രമല്ല പാപികളുടേതുമാണെന്ന് അവിടുന്ന് മുന്നറിയിപ്പു തരുന്നു. ഒരിക്കലും വീഴാത്തവര്‍ക്കു മാത്രമല്ല വീണതിനെ ഓര്‍ത്തു കരയാന്‍ കഴിവുള്ളവര്‍ക്കും സഭയില്‍ സ്ഥാനമുണ്ട്. പാപിയുടെ അവസാനത്തെ അത്താണി സഭയാണ്. സഭയും ബഹിഷ്ക്കരിച്ചാല്‍ അവന് പോകാനൊരിടവുമില്ലെന്ന് യേശുവിനറിയാമായിരുന്നു. സ്വന്തം ബലഹീനതയെക്കുറിച്ചുള്ള അറിവ് സഭാനേതൃത്വത്തെ എളിമയിലേക്കും ദൈവാശ്രയബോധത്തിലേക്കും നയിക്കണം. പാപവഴി വിട്ടുപോന്ന ആഗസ്തീനോസും ഫ്രാന്‍സീസ് സേവ്യറുമൊക്കെ സഭയുടെ കരുത്തായത് ഇപ്രകാരമാണ്. ഇളകിയ മണ്ണ് കൂടുതല്‍ ഫലം പുറപ്പെടുവിക്കും പോലെ,  "ഒടിഞ്ഞ കൈയ്ക്ക് ബലം കൂടുമെന്നു" പറയുന്നതുപോലെ തകര്‍ച്ചകളെ ശക്തിയാക്കാന്‍ ദൈവത്തിനു കഴിയുന്നു.

അക്ഷരാഭ്യാസമില്ലാത്ത കേവലം 12 അപ്പസ്തോലന്മാരെ ഉപയോഗിച്ച് ആഗോള കത്തോലിക്കാസഭയ്ക്ക് അടിത്തറയിടാനുള്ള ക്രിസ്തുവിന്‍റെ തീരുമാനം തികച്ചും ശരിയായിരുന്നുവെന്ന് ചരിത്രം തെളിയിച്ചതല്ലേ.

ഒരുവന്‍റെ പരിമിതികള്‍ പ്രേഷിതപ്രവര്‍ത്തത്തിനു തടസ്സമല്ല. മഠം വിട്ട് പുറത്തിറങ്ങാന്‍ കഴിയാതെ ശയ്യാവലംബയായിരുന്ന കൊച്ചുത്രേസ്യായെ സഭയുടെ ഏറ്റവും വലിയ പ്രേഷിതപ്രവര്‍ത്തകയായി പരി. പിതാവ് പ്രഖ്യാപിച്ചപ്പോള്‍ പ്രേഷിതപ്രവര്‍ത്തനത്തിനു പുതിയ മാനം കൈവരുകയായിരുന്നു. പ്രേഷിതമേഖലയിലായിക്കുന്നവരെ പ്രാര്‍ത്ഥന കൊണ്ട് ആത്മീയമായും സമ്പത്തുകൊണ്ട് ഭൗതികമായും സഹായിക്കാന്‍ സകല വിശ്വാസിക്കും കടമയുണ്ട്. ഉത്തരേന്ത്യയില്‍ പോയി പ്രേഷിതപ്രവര്‍ത്തനം നടത്താനാവാത്തവര്‍ക്ക് സ്വന്തം ഉത്തരത്തിനു കീഴിലിരുന്ന് പ്രേഷിത പ്രവര്‍ത്തനം നടത്താം. ചെയ്യുന്ന പ്രവൃത്തിയുടെ വലിപ്പമോ നേട്ടമോ അല്ല അതിലടങ്ങിയിരിക്കുന്ന ആത്മാര്‍ത്ഥതയാണ് യഥാര്‍ത്ഥ പ്രേഷിത ചൈതന്യം.

 

(ഡോ. ജോസഫ് പാംപ്ലാനി)

The Gospel of Matthew a Great Mission (Matthew 28: 16-20) catholic malayalam gospel of matthew bible study Rev. Dr. Joseph Pamplany വി. മത്തായിയുടെ സുവിശേഷം Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message