x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. മര്‍ക്കോസിന്‍റെ സുവിശേഷം, ഗ്രന്ഥത്തിന്‍റെ ശീര്‍ഷകം (1:1)

Authored by : Dr. Jacob Chanikuzhi On 04-Feb-2021

ഗ്രന്ഥത്തിന്‍റെ ശീര്‍ഷകം (1:1)

ഈശോ ദൈവപുത്രനായ മിശിഹായാണെന്നതാണ് രണ്ടാമത്തെ സുവിശേഷത്തിന്‍റെ കാതലായ സന്ദേശം. ഈ സന്ദേശം തന്നെയാണ് ഗ്രന്ഥത്തിന്‍റെ തലക്കെട്ടെന്നു വിശേഷിപ്പിക്കാവുന്ന ആദ്യവാചകത്തില്‍ തന്നെ മര്‍ക്കോസ് വെളിപ്പെടുത്തിയിരിക്കുന്നത്. 2-8 വരെയുള്ള ഭാഗത്തിന്‍റെ ആമുഖമായും ഈ വാക്യത്തെ കാണാവുന്നതാണ്. യഹോഷ്വ (യഹോവയാണ് രക്ഷ) എന്ന അരമായപദമായിരുന്നു യേശുവിന്‍റെ യഥാര്‍ത്ഥ വിളിപ്പേര്. ഈ പദത്തിന്‍റെ ഹ്രസ്വരൂപങ്ങളാണ് യേഷുവാ, യേഷു എന്നിവ. ജോഷ്വാ എന്നത് ഇവയുടെ ആംഗലേ യരൂപവും. ഇസ്രായേല്‍ ജനത്തെ വാഗ്ദത്തനാടായ കാനാന്‍ദേശത്തെ ത്തിച്ച പഴയനിയമ പിതാവായ ജോഷ്വായുടെ നാമംതന്നെയാണ് സ്വര്‍ഗ്ഗമാകുന്ന വാഗ്ദത്തനാട്ടിലേക്ക് മനുഷ്യവംശത്തെ നയിക്കുന്ന യേശുവിന് നല്‍കപ്പെട്ടത് എന്നുസാരം. യഹോഷ്വാ എന്ന പദത്തിന്‍റെ സുറിയാനി രൂപമാണ് ഈശോ. യേസുസ് എന്നത് ഗ്രീക്കുരൂപവും. യേസുസ് എന്ന ഗ്രീക്കുപദത്തിന്‍റെ ഇംഗ്ലീഷ് തര്‍ജ്ജമയാണ് ജീസസ് (Jesus). യേശു എന്നത് മലയാളവും.

യേശു എന്നത് വിളിപ്പേരാണെങ്കില്‍ ക്രിസ്തു എന്നത് സ്ഥാനപ്പേരാണ് (Title). യേശുതന്നെയാണ് ക്രിസ്തു എന്ന വിശ്വാസമാണ് യേശുവിനെ "യേശുക്രിസ്തു" എന്നുവിളിക്കാന്‍ കാരണം. യേശു എന്ന ചരിത്ര പുരുഷനെ വിശ്വാസികള്‍ ക്രിസ്തുവായി ഏറ്റുപറയാന്‍ തുടങ്ങിയപ്പോള്‍ അവന്‍ യേശുക്രിസ്തുവായി. മെസിയാഹ് എന്ന അരമായപദ (അഭിഷിക്തന്‍) ത്തിന്‍റെ സുറിയാനിരൂപം മിശിഹായെന്നും ഗ്രീക്കുരൂപം ക്രിസ്തോസ് (Christos) എന്നുമാണ്. ക്രിസ്തോസ് എന്ന വാക്കിന്‍റെ ആംഗലേയ തര്‍ജ്ജമയായ ക്രൈസ്റ്റ് (Christ) എന്ന പദത്തിന്‍റെ മലയാള പരിഭാഷയാണ് ക്രിസ്തു.

"യേശുക്രിസ്തുവിന്‍റെ സുവിശേഷം" എന്നാല്‍ യേശുക്രിസ്തുവിനെക്കുറിച്ചുള്ള സുവിശേഷം എന്നും യേശുക്രിസ്തുവില്‍നിന്നുള്ള സുവിശേഷം എന്നും മനസ്സിലാക്കാം.

സുവിശേഷമെന്ന വാക്കിന്‍റെ മൂലഗ്രീക്കു രൂപമായ എവാന്‍ഗേലിയോണ്‍ (Euangelion) എന്നാല്‍ സദ്വാര്‍ത്ത (Good News) എന്നാണര്‍ത്ഥം. ഗ്രീക്കുകാരുടെ ഇടയില്‍ ഇത് രാജത്വവുമായി ബന്ധപ്പെട്ട വാക്കാണ്. രാജാവിന്‍റെ ജനനം, കിരീടധാരണം, യുദ്ധവിജയം, സന്ദര്‍ശനം എന്നിവയൊക്കെ എവാന്‍ഗേലിയോണ്‍ ആണ് (മലയാളത്തില്‍ പള്ളിനീരാട്ട്, പള്ളിയുറക്കം എന്നിവയൊക്കെ ദേവന്മാരും രാജാക്കന്മാരുമൊക്കെയായി ബന്ധപ്പെട്ട വാക്കുകളാണല്ലോ). സെപ്ത്വജിന്തില്‍ (Septuagint) ബഹുവചനരൂപമായ "സദ്വാര്‍ത്തകള്‍"എന്ന പദം ഹീബ്രു പദമായ ബാസര്‍-ന്‍റെ തര്‍ജ്ജമയായി ഉപയോഗിച്ചിരിക്കുന്നു. പ്രത്യേകം നിയോഗിക്കപ്പെട്ട ദൂതന്‍ അറിയിക്കുന്ന പ്രധാനപ്പെട്ടതും സന്തോഷകരവുമായ വാര്‍ത്ത എന്ന അര്‍ത്ഥത്തിലാണ് സെപ്ത്വജിന്ത് ഈ വാക്യം ഉപയോഗിച്ചിരിക്കുന്നത് (1 സാമു 31:9; നാഹും 1:15; ജറെ 20:14-15).

പുതിയനിയമത്തില്‍ സുവിശേഷം എന്ന നാമരൂപം ഏറ്റവും അധികം ഉപയോഗിച്ചിരിക്കുന്നത് പൗലോസാണ്. പുതിയനിയമത്തിലാകെ 76 തവണ ഈ വാക്കുപയോഗിച്ചിരിക്കുന്നു അതില്‍ 60 തവണയും പൗലോസിന്‍റെ ലേഖനങ്ങളിലാണ്. പൗലോസിന്‍റെ വീക്ഷണത്തില്‍ ഈശോയുടെ പെസഹാരഹസ്യങ്ങളിലൂടെ ദൈവം മനുഷ്യവംശത്തെ രക്ഷിച്ചിരിക്കുന്നു എന്നതാണ് സുവിശേഷം (റോമാ 1:1,9,16; 2:16). പഴയനിയമ കാഴ്ചപ്പാടില്‍നിന്നു വിഭിന്നമായി, നിയമത്തിലൂടെയല്ല യേശുവിലൂടെ യാണ് രക്ഷ എന്നതാണ് സുവിശേഷം.

കഥ, കവിത, കത്ത്, നാടകം എന്നിങ്ങനെയുള്ള സാഹിത്യരൂപങ്ങള്‍ പോലെയുള്ള മറ്റൊരു സാഹിത്യരൂപവും കൂടിയാണ് "സുവിശേഷം." സുവിശേഷമെന്ന സാഹിത്യരൂപത്തില്‍ ലോകചരിത്രവും ജീവചരിത്രവും ഉള്‍ച്ചേര്‍ന്നിരിക്കുന്നെങ്കിലും അത് നിഷ്കൃഷ്ടാര്‍ത്ഥത്തില്‍ ചരിത്ര പുരുഷനായ യേശുവിന്‍റെ ജീവചരിത്രമല്ല, പ്രത്യുത യേശുവിനെക്കുറിച്ചുള്ള വിശ്വാസസാക്ഷ്യമാണ്. യേശുവിന്‍റെ ശിഷ്യര്‍ ആദിമസഭയില്‍ യേശുവിനെക്കുറിച്ച് വിശ്വസിച്ചതും പ്രസംഗിച്ചതുമായകാര്യങ്ങള്‍ ഉള്‍ച്ചേര്‍ത്തെഴുതികൊണ്ട് മര്‍ക്കോസ് രൂപംകൊടുത്ത പുതിയ സാഹിത്യ രൂപമാണ് സുവിശേഷമെന്ന് പല പണ്ഡിതരും അഭിപ്രായപ്പെടുന്നത്. 

ആദ്യവാക്യത്തിലൂടെ സുവിശേഷകന്‍ തന്‍റെ ഗ്രന്ഥത്തിലെ നായകനും മുഖ്യകഥാപാത്രവുമായ യേശു യഥാര്‍ത്ഥത്തില്‍ ആരാണെന്ന സത്യം വായനക്കാരന് വെളിപ്പെടുത്തിക്കൊടുക്കുന്നു. യേശു, മിശിഹായാണ്; ദൈവപുത്രനായ മിശിഹാ. യേശു തന്‍റെ പുത്രനാണെന്നകാര്യം ദൈവംതന്നെ വ്യക്തമാക്കുന്നുണ്ട് (1:11; 9:7); അശുദ്ധാത്മാക്കളും ഇക്കാര്യം അംഗീകരിക്കുന്നുണ്ട് (3:11; 5:7); താന്‍ ദൈവപുത്രനാണെന്ന കാര്യം യേശുതന്നെയും പ്രഖ്യാപിക്കുന്നു (14:62). എന്നാല്‍ ഇത് മാനുഷിക കഥാപാത്രങ്ങളില്‍നിന്ന് സുവിശേഷത്തിന്‍റെ അവസാന പേജുകള്‍വരെയും മറഞ്ഞിരിക്കുന്ന രഹസ്യമാണ്. അതുകൊണ്ടുതന്നെ തീര്‍ത്തും അപ്രതീക്ഷിതമായ രീതിയില്‍ വിജാതീയനും അപരിചിതനുമായ ശതാധിപന്‍ യേശു ദൈവപുത്രനാണെന്നു പ്രഖ്യാപിക്കുന്ന താണു സുവിശേഷത്തിന്‍റെ പരമകാഷ്ഠ (15:39).

വിചിന്തനം: യേശുവിന്‍റെ കഥ മര്‍ക്കോസിലാരംഭിക്കുന്നത് യേശുവിന്‍റെ ജ്ഞാനസ്നാനത്തോടുകൂടിയാണ്. യേശുവിന്‍റെ ജനനവും അതോടനുബന്ധിച്ച് മത്തായി, ലൂക്കാസു വിശേഷകന്മാര്‍ നല്‍കുന്ന വിവരണങ്ങളുമൊന്നും മര്‍ക്കോസില്‍ നാം കാണുന്നില്ല. ആദ്യസുവിശേഷകനായ മര്‍ക്കോസായിരുന്നില്ലേ യേശുവിന്‍റെ ജനനത്തെക്കുറിച്ചൊക്കെ വിശദമായി പ്രതിപാദിക്കേണ്ടിയിരുന്നത്? അതിനുള്ള മറുപടി, ആദ്യ സുവിശേഷത്തില്‍ ആദിമസഭയുടെ പ്രഘോഷണത്തിന്‍റെ ഊന്നലാണ് പ്രതിഫലിച്ചു കാണുന്നത് എന്നതാണ്. "നിങ്ങള്‍ കുരിശില്‍ തറച്ചു കൊന്ന യേശുവിനെ ദൈവം ഉയിര്‍പ്പിച്ചു" എന്നതായിരുന്നു ആദിമ സഭയുടെ പ്രഘോഷണത്തിന്‍റെ കാതല്‍. അതുകൊണ്ടുതന്നെ ആദ്യം എഴുതപ്പെട്ട സുവിശേഷം പീഡാനുഭവത്തിനും, കുരിശുമരണത്തിനും, ഉത്ഥാനത്തിനുമാണ് ഊന്നല്‍ നല്‍കിയിട്ടുള്ളത്. യേശുവിലുള്ള വിശ്വാസം സ്വീകരിച്ചവര്‍ പിന്നീട് അവിടുത്തെ ജീവിതത്തെക്കുറിച്ചും പ്രബോധനത്തെക്കുറിച്ചും കൂടുതല്‍ അറിയാന്‍ താല്പര്യം പ്രകടിപ്പിച്ചു എന്നതിന്‍റെ തെളിവാണ് ഈയോയുടെ പ്രബോധനങ്ങളും ജനനവിവര ണങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് മത്തായിയും ലൂക്കായും സുവിശേഷം എഴുതിയത്. അങ്ങനെ നോക്കുമ്പോള്‍ ഈശോയുടെ അവസാന കാലഘട്ടങ്ങളെക്കാള്‍ ആദ്യകാലഘട്ടങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് പിന്നീടുള്ള സുവിശേഷങ്ങള്‍ വിപുലപ്പെടുത്തിയതെന്ന് വ്യക്തം. യോഹന്നാന്‍ യേശുവിന്‍റെ കഥ പിന്നെയും പുറകിലേക്കു നീട്ടി - യേശുവിന്‍റെ ഈ ലോകചരിത്രത്തിനുമുമ്പുള്ള കാലഘട്ടത്തിലേക്ക്, സ്വര്‍ഗ്ഗത്തിലെ അവന്‍റെ അസ്ഥിത്വത്തിലേക്ക്.

the gospel of mark title of the book 1:1 Dr. Jacob Chanikuzhi catholic malayalam gospel of mark Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message