We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Jacob Chanikuzhi On 04-Feb-2021
പെസഹാത്തിരുനാള്‍ ദിനവും പുളിപ്പില്ലാത്ത അപ്പത്തിന്‍റെ തിരുനാള്‍ ദിനവും ഒരുമിച്ചുവരുന്ന ദിവസത്തെ പുളിപ്പില്ലാത്ത അപ്പത്തിന്‍റെ തിരുനാള്‍ എന്നാണ് യഹൂദര്‍ വിളിച്ചിരുന്നത് (വാ. 12). യഹൂദര്‍ പെസഹാക്കുഞ്ഞാടിനെ ബലികഴിക്കുന്ന ദിനമെന്ന് മര്‍ക്കോസ് വിശദീകരിച്ചിരിക്കുന്നത് യഹൂദരല്ലാതിരുന്ന തന്‍റെ വായനക്കാര്‍ക്ക് വ്യക്തമാകുന്നതിനുവേണ്ടിയാണ്. നീസാന്‍ മാസം 14-ാം തീയതിയാണത്. 14-ാം തീയതി ഉച്ചകഴിഞ്ഞ് ബലിയര്‍പ്പിച്ച പെസഹാക്കുഞ്ഞാടിനെ അന്നു സൂര്യാസ്തമയത്തിനും അര്‍ദ്ധരാത്രിക്കുമിടയിലാണ് ഭക്ഷിച്ചിരുന്നത്. യഹൂദരെ സംബന്ധിച്ചിടത്തോളം സൂര്യാസ്തമയത്തോടെ പുതിയ ദിവസമാരംഭിക്കുമെന്നതിനാല്‍ നിസാന്‍മാസം 15-ാം തിയതിയാണ് പെസഹാ ഭക്ഷണം കഴിച്ചിരുന്നത്. പെസഹാഭക്ഷണം ജറുസലേം നഗരാതിര്‍ത്തിക്കുള്ളില്‍ത്തന്നെ കഴിക്കണമായിരുന്നു (നിയമ 16:5-6). അതുകൊണ്ട് ജറുസലേമില്‍ കൃത്യമായി ഏതുസ്ഥലത്താണ് പെസഹാഭക്ഷണം ഒരുക്കേണ്ടതെന്നാണ് ശിഷ്യന്മാര്‍ ചോദിക്കുന്നത്.
സമാന്തരസുവിശേഷകര്‍ യേശുവിന്‍റെ അന്ത്യത്താഴത്തെ പെസഹാഭക്ഷണമായാണ് ചിത്രീകരിക്കുന്നത്. എന്നാല്‍ പെസഹാഭക്ഷണത്തിന്‍റെ ക്രമമെന്തായിരുന്നുവെന്നതിനെക്കുറിച്ചുള്ള നമ്മുടെ അറിവ് യേശുവിന് 200 വര്‍ഷങ്ങള്‍ക്കുശേഷം എഴുതപ്പെട്ട മിഷ്നയില്‍ നിന്നുള്ളതാണ്. യേശുവിന്‍റെ കാലത്തെ ക്രമം ഇതുതന്നെയായിരുന്നോ എന്ന് നിശ്ചയമില്ല. അതുകൊണ്ട് മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ക്കാണുന്ന ക്രമം അന്നത്തെ പെസഹാഭക്ഷണത്തിന്‍റെ ക്രമമായിരുന്നോ എന്ന് ഉറപ്പിക്കാനും തരമില്ല.
14:13-16, രണ്ടു ശിഷ്യന്മാര്‍ പത്രോസും യോഹന്നാനുമാണ് (ലൂക്കാ 22:8). സ്ത്രീകളാണ് സാധാരണ വെള്ളം ചുമക്കാറുള്ളത്. അതുകൊണ്ട് വെള്ളം ചുമക്കുന്ന പുരുഷനെ കണ്ടുപിടിക്കുക പ്രയാസകരമാവില്ല. ഇത് യേശുവിന്‍റെ മുന്നറിവിന്‍റെ അടയാളമായിട്ടല്ല, മുന്‍കൂട്ടി ചെയ്ത ക്രമീകരണത്തിന്‍റെ ഭാഗമായിട്ടാണ് പൊതുവേ കണക്കാക്കുന്നത് (cf.11:1-6).മുന്‍കൂട്ടി ചെയ്ത ക്രമീകരണമാണെങ്കില്‍, തന്‍റെ മരണഭീതിയ്ക്കിടയിലും ശിഷ്യന്മാരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കുകയും അതുനിറവേറ്റിക്കൊടുക്കുകയും ചെയ്യുന്ന യേശുവിനെയാണ് ഈ ഭാഗം നമുക്കു മുന്നില്‍ അവതരിപ്പിക്കുന്നത്. സ്വന്തം കുടുംബാംഗങ്ങള്‍ക്കൊരുമിച്ചു പെസഹാ ആചരിക്കുന്നതിനുപകരം യേശുവും ശിഷ്യന്മാരും ഒരുമിച്ച് പെസഹാ അചരിക്കുന്നത് അവര്‍ ഒരു കുടുംബമായി രൂപപ്പെട്ടുകഴിഞ്ഞുവെന്നതിന്‍റെ തെളിവാണ്. നഗരത്തില്‍ വലിയ മാളികമുറി യേശുവിനും ശിഷ്യന്മാര്‍ക്കും പെസഹാ ഒരുക്കാന്‍വേണ്ടി ലഭിച്ചുവെങ്കില്‍ യേശുവിന് ജറുസലേം നഗരത്തില്‍ സമ്പന്നരായ സുഹൃത്തുക്കള്‍/ ശിഷ്യര്‍ ഉണ്ടായിരുന്നിരിക്കണം. യേശു പറഞ്ഞതുപോലെതന്നെ സംഭവിച്ചിട്ടും ശിഷ്യര്‍ക്ക് അത്ഭുതം തോന്നാതിരുന്നത് അതു മുന്‍കൂട്ടിയുള്ള ക്രമീകരണമാണെന്ന് അവര്‍ മനസ്സിലാക്കിയിരുന്നതുകൊണ്ടാകണം.
14:17, നിസാന്‍മാസം 15-ാം തീയതി ആരംഭിക്കുന്ന സന്ധ്യയാണിത്.
14:18, യഹൂദര്‍ നിന്നുകൊണ്ടാണ് ആദ്യ പെസഹാ ഭക്ഷിച്ചത് (പുറ 12:11). എന്നാല്‍ യേശുവിന്‍റെ കാലത്ത് ഇരുന്നുകൊണ്ടാണ് അവര്‍ പെസഹാ ഭക്ഷിച്ചിരുന്നത്. ഭക്ഷണത്തിനിടയില്‍ യേശു പറയുന്ന ആദ്യവചനം, തന്നെ ഒറ്റിക്കൊടുക്കാനുള്ള യൂദാസിന്‍റെ തീരുമാനത്തെക്കുറിച്ചുള്ള യേശുവിന്‍റെ മുന്നറിവിനെയും ദൈവേഷ്ടത്തിനു സ്വയം സമര്‍പ്പിക്കാനുള്ള അവിടുത്തെ സന്നദ്ധതയെയും വ്യക്തമാക്കുന്നു.
"എന്നോടൊപ്പം ഭക്ഷണം കഴിക്കുന്നവന്‍": ഇത് സങ്കീര്‍ത്തനം 41:9 നെ അനുസ്മരിപ്പിക്കുന്നു. ഒരുമിച്ച് ഭക്ഷണം കഴിച്ചിട്ട് ഒറ്റുന്നത് ഏറ്റവും ഹീനകരമായ കൃത്യമാണ്. കാരണം, പരസ്പരമുള്ള സ്നേഹത്തിന്‍റെയും വിശ്വസ്തതയുടെയും അടയാളമാണ് ഒരുമിച്ചു ഭക്ഷണം കഴിക്കുക എന്നത്. യേശുവിനെ ഒറ്റാനിരിക്കുന്നവന്‍ തങ്ങളിലൊരുവനാണെന്ന കാര്യം ആദ്യമായാണ് ശിഷ്യര്‍ മനസ്സിലാക്കുന്നത്.
പീഡാനുഭവവിവരണം പുരോഗമിക്കുമ്പോള്‍ നാം കാണുന്ന പല വിശദാംശങ്ങളും നീതിമാന്‍റെ സഹനത്തെക്കുറിച്ചുള്ള സങ്കീര്‍ത്തനഭാഗങ്ങളുമായി അടുത്ത ബന്ധമുള്ളവയാണ്. കൊല്ലാനുള്ള ഗൂഢാലോചന(14:1; =സങ്കീ 10:7-8); ഒരുമിച്ചു ഭക്ഷണം കഴിച്ചിട്ട് വഞ്ചിക്കുന്നത് (14:18; =സങ്കീ41:9); അഗാധമായ ദുഃഖം (14:34; =സങ്കീ 42:5;43:5); പാപികള്‍ക്ക് ഏല്പിക്കപ്പെടുന്നത് (14:41;=സങ്കീ 140:8); വധിക്കുന്നതിന് സാക്ഷ്യം അന്വേഷിക്കുന്നു (14:55 =സങ്കീ 37:32); കള്ളസാക്ഷികള്‍ (14:57=സങ്കീ 27:12; 35:11); കുറ്റമാരോപിക്കുന്നവരുടെ മുമ്പിലെ നിശബ്ദത (14:61=സങ്കീ 35:13); വസ്ത്രം വീതിക്കുന്നത് (15:24=സങ്കീ 22:18); തലകുലുക്കുന്നു, പരിഹസിക്കുന്നു (15:29; =സങ്കീ 22:7); നിന്നെത്തന്നെ രക്ഷിക്കുക (15:30-33 =സങ്കീ 22:8); ഉപേക്ഷിക്കപ്പെട്ടവന്‍റെ വിലാപം (15:34=സങ്കീ 22:1); കുടിക്കാന്‍ വിനാഗിരി കൊടുക്കുന്നത് (15:36;=സങ്കീ 69:21); ദൂരെമാറിനിന്നു നോക്കി (15:40;=സങ്കീ 38:11).
14:19-20, അതു ഞാനല്ലല്ലോ എന്ന ചോദ്യം അല്ല എന്ന ഉത്തരം പ്രതീക്ഷിക്കുന്ന ചോദ്യമാണ്. സ്വന്തം നിഷ്കളങ്കതയാണ് ഇതിലൂടെ ശിഷ്യര്‍ പ്രഖ്യാപിക്കുന്നത്. യേശുവിന്‍റെ ഉത്തരം ഒറ്റുകാരനെ അവിടുത്തേയ്ക്കു കൃത്യമായി അറിയാമെന്നതിന്‍റെ തെളിവാണ്. എന്നാല്‍ ഒറ്റുക്കാരന്‍റെ പേര് അവിടുന്നു പറയുന്നുമില്ല. ഇക്കാര്യങ്ങള്‍ യൂദാസിനെ മനസ്തപിക്കാന്‍ പ്രേരിപ്പിക്കേണ്ടതായിരുന്നു. പാത്രം (ട്രൂബ്ലിയോണ്‍) എന്നത് അത്തിപ്പഴം, ഈത്തപ്പഴം, ബദാം, വിനാഗിരി, എന്നിവയുടെ ചാറുകളുടെ മിശ്രിതമടങ്ങിയ കോപ്പയാണ്. എന്നോടൊപ്പം പാത്രത്തില്‍ കൈമുക്കുന്നവന്‍ എന്നത് ഒറ്റുകാരന്‍ യേശുവിന്‍റെ അടുത്തിരുന്നവരില്‍ ഒരുവനാണെന്നു സൂചിപ്പിക്കുന്നു. യേശുവിന്‍റെ തൊട്ടടുത്തിരിക്കുന്ന മൂന്നോ നാലോ പേര്‍ക്കാണല്ലോ യേശു മുക്കുന്ന അതേ പാത്രത്തില്‍ത്തന്നെ മുക്കാന്‍ കഴിയുക.
14:21, തന്നെ ഒറ്റിക്കൊടുക്കുന്നത് പഴയനിയമത്തില്‍ വെളിപ്പെടുത്തപ്പെടിട്ടുള്ളതും തന്നെക്കുറിച്ചുള്ളതുമായ ദൈവികപദ്ധതിയുടെ ഭാഗമാണ്.എങ്കിലും ഒറ്റുന്നവന് അതിന്‍റെ പൂര്‍ണ്ണഉത്തരവാദിത്വമുണ്ട്. അവന്‍ അതിന് വലിയ വില കൊടുക്കേണ്ടിവരും.
വിചിന്തനം: പാപത്തിന്‍റെ പുളിപ്പ്: പെസഹാത്തിരുന്നാളിനുമുമ്പുതന്നെ പുളിപ്പും പുളിപ്പുചേര്‍ത്ത ഭക്ഷണസാധനങ്ങളുമെല്ലാം പൂര്‍ണ്ണമായി നീക്കംചെയ്യുക എന്നത് ഇസ്രായേല്‍ ഭവനങ്ങളില്‍ കൃത്യമായി നടത്തുന്ന കാര്യമാണ്. പുറപ്പാട് 12:19-ല്‍ നിഷ്കര്‍ഷിക്കപ്പെട്ടിരിക്കുന്ന കാര്യമാണിത്. ബൈബിളില്‍ പുളിപ്പ് ശ്ലാഘനീയമായ പ്രവര്‍ത്തിയുടെ മാതൃകയായി (മത്താ 13:33) അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും നിഷേധാത്മകാര്‍ത്ഥത്തിലാണ് അതു കൂടുതല്‍ ഉപയോഗിച്ചിരിക്കുന്നത് (മര്‍ക്കോ 8:15). പുളിമാവ് തിന്മയുടേയും ദുഃസ്വാധീനത്തിന്‍റെയുമൊക്കെ പ്രതീകമായി ബൈബിള്‍ ചിത്രീകരിച്ചിരിക്കുന്നു. പുളിപ്പ് മാവിനെ വീര്‍പ്പിക്കുന്നതുപോലെ ചില തിന്മകള്‍ മനുഷ്യന്‍റെ അഹംഭാവത്തെ ഊതിവീര്‍പ്പിക്കുന്നു; ഊതിവീര്‍പ്പിക്കപ്പെട്ട അഹങ്കാരമാണല്ലോ പലതിന്മകളുടെയും മൂലകാരണം. നമ്മുടെ പുളിപ്പില്ലാത്ത അപ്പം യേശുവാണ്. "നിങ്ങളില്‍ ആര്‍ക്ക് എന്നില്‍ കുറ്റമാരോപിക്കാന്‍ കഴിയും" (യോഹ 8:46) എന്ന യേശുവിന്‍റെ ചോദ്യം അത് ഉറപ്പിക്കുന്നു. നമ്മുടെ ഉള്ളിലേക്കു നോക്കാനും ഹൃദയത്തിലുള്ള പാപത്തിന്‍റെ പുളിപ്പ് നിര്‍മ്മാര്‍ജ്ജനം ചെയ്യാനുമുള്ള ക്ഷണമാണ് പെസഹാക്കാലം നമുക്ക് നല്കുന്നത്.
*അനുഗ്രഹമാകുന്ന അനുസ്മരണം: പെസഹാഭക്ഷണത്തെക്കുറിച്ച് പിന്നീടുണ്ടായ നിബന്ധനകള്‍ പഴയകാലഘട്ടത്തെ അനുസ്മരിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളവയായിരുന്നു. തീയില്‍ച്ചുട്ട ആട്ടിന്‍കുട്ടി പെസഹാക്കുഞ്ഞാടിനെ അനുസ്മരിപ്പിച്ചു; പുളിപ്പില്ലാത്ത അപ്പം ഈജിപ്തില്‍നിന്ന് എത്ര ധൃതിപിടിച്ചാണ് പുറപ്പെട്ടതെന്ന കാര്യം ഓര്‍മ്മിപ്പിക്കാനുള്ളതായിരുന്നു. മൂന്നുകഷണം റൊട്ടി മൂന്നു പൂര്‍വ്വപിതാക്കന്മാരായ അബ്രാഹം, ഇസഹാക്ക്, യാക്കോബ് എന്നിവരെയും നാലുകപ്പ് വീഞ്ഞ് മാതാമഹികളായ സാറാ, റബേക്കാ, റാഹേല്‍, ലെയ എന്നിവരെയും സൂചിപ്പിക്കുന്നു. ഈജിപ്തിലെ അടിമത്തത്തിന്‍ കീഴിലുണ്ടായ കയ്പുനിറഞ്ഞ അനുഭവങ്ങളുടെ പ്രതീകമായിരുന്നു കയ്പ്പുള്ള ഇലകള്‍; പച്ചിലകള്‍ മുക്കിക്കഴിക്കാന്‍ ഉപയോഗിച്ച ഉപ്പുവെള്ളം ഈജിപ്തില്‍ പൊഴിച്ച കണ്ണീരിനെ ദ്യോതിപ്പിക്കുന്നതായിരുന്നു; പഴങ്ങളും അണ്ടിപ്പരിപ്പുകളും ഉപയോഗിച്ചു കുഴമ്പുരൂപത്തിലാക്കിയ മിശ്രിതം ഇഷ്ടികകള്‍ ഉറപ്പിക്കാന്‍ ഈജിപ്തില്‍വച്ചുപയോഗിച്ച സിമന്‍റിന്‍റെ പ്രതീകമായിരുന്നു. ഈ ആഹാരപദാര്‍ത്ഥങ്ങളൊക്കെ ഈജിപ്തിലെ കഷ്ടതകളെ കൃത്യമായി അനുസ്മരിപ്പിക്കുകയും അതുവഴി ഇന്നനുഭവിക്കുന്ന ദൈവിക നന്മകളെ കൂടുതല്‍ വിലമതിക്കാന്‍ അവരെ സഹായിക്കുകയും ചെയ്തു. ദൈവം നമ്മുടെ ജീവിതത്തില്‍ ചൊരിഞ്ഞിട്ടുള്ള നന്മകളെ വ്യക്തമായി ഓര്‍ക്കുകയും അമൂല്യമെന്ന് വിലമതിക്കുകയും ചെയ്യുമ്പോഴാണ് വി. കുര്‍ബ്ബാന യഥാര്‍ത്ഥത്തില്‍ നന്ദിപ്രകാശനമായി (യൂക്കരിസ്റ്റ് എന്നാല്‍ നന്ദിപ്രകാശനം എന്നാണല്ലോ അര്‍ത്ഥം) മാറുന്നത്.
*ആവേശം തരുന്ന പ്രതീക്ഷ: പഴയതിന്‍റെ ഓര്‍മ്മ മാത്രമല്ല വി. കുര്‍ബ്ബാന. കാരണം, ഒരു വാഗ്ദാനത്തോടുകൂടിയാണ് യേശു തന്‍റെ അന്ത്യത്താഴം അവസാനിപ്പിക്കുന്നത്: ദൈവരാജ്യത്തില്‍ ഇതു നവമായി പാനം ചെയ്യുന്ന ദിവസംവരെ മുന്തിരിയുടെ ഫലത്തില്‍നിന്ന് ഇനി ഞാന്‍ കുടിക്കുകയില്ല (14:25). ദൈവരാജ്യത്തില്‍ മിശിഹായോടൊപ്പം ആസ്വദിക്കാനിരിക്കുന്ന നിത്യവിരുന്നിന്‍റെ മുന്നാസ്വാദനമെന്ന രീതിയില്‍ വി. കുര്‍ബ്ബാന സന്തോഷപൂര്‍വ്വകമായ ആഘോഷമാണ്.
The Gospel of Mark the Passover Celebration (14: 12-21) catholic malayalam Dr. Jacob Chanikuzhi Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206