We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Jacob Chanikuzhi On 04-Feb-2021
യേശു ജനക്കൂട്ടത്തെ പഠിപ്പിക്കുന്ന പല അവസരങ്ങളെക്കുറിച്ചും മര്‍ക്കോസ് സുവിശേഷകന്‍ പരാമര്‍ശിക്കുന്നുണ്ടെങ്കിലും എന്തൊക്കെയായിരുന്നു യേശുവിന്‍റെ പ്രബോധനമെന്ന് മര്‍ക്കോസ് വിശദമായി പ്രതിപാദിച്ചിട്ടില്ല. എന്നാല്‍ 4:1-34 വരെയുള്ള ഭാഗത്ത് ഇതാദ്യമായി യേശുവിന്‍റെ പ്രബോധനങ്ങള്‍ മര്‍ക്കോസ് ദീര്‍ഘമായി പ്രതിപാദിക്കുന്നു (മറ്റ് അവസരങ്ങളില്‍ ചിലത് 7:1-23; 13:1-37 ആണ്). യേശു ഉപമകളിലൂടെയാണ് ജനക്കൂട്ടത്തെ പഠിപ്പിച്ചിരുന്നത് പരാബൊളെ (parabole) എന്നതാണ് ഇതിന്‍റെ ഗ്രീക്കുവാക്ക്. രണ്ടു വസ്തുക്കളെ "വശത്തോടുവശം" (para) "വച്ച്" (ballein = to place, to throw) താരതമ്യം ചെയ്യുന്നതിനെയാണ് ഈ വാക്കു സൂചിപ്പിക്കുന്നത്. ഹീബ്രുവിലെ മഷാല്‍ എന്ന വാക്കിന്‍റെ ഗ്രീക്കു പരിഭാഷയാണ് പരാബൊളെ. ചൊല്ലുകള്‍, കടങ്കഥകള്‍, ഉപമകള്‍, കഥകള്‍ എന്നിങ്ങനെ ഒരു വലിയ വിഭാഗം സാഹിത്യരൂപങ്ങളെ സൂചിപ്പിക്കുന്ന പദമാണ് മഷാല്‍.
യേശുവിന്‍റെ കാലത്ത് മറ്റു റബ്ബിമാരും ഉപമകള്‍ ഉപയോഗിച്ചിരുന്നു. ചുറ്റുപാടും നടക്കുന്ന സാധാരണകാര്യങ്ങളില്‍നിന്ന് ശ്രദ്ധാര്‍ഹമായ സന്ദേശങ്ങള്‍ നല്‍കുന്നവയായിരുന്നു യേശുവിന്‍റെ ഉപമകള്‍.
വിതക്കാരന്‍റെ ഉപമ എന്നാണ് ഇത് അറിയപ്പെടുന്നതെങ്കിലും അയാള്‍ ഒരിക്കല്‍ മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളൂ (4:3). നാലുതരം നിലങ്ങള്‍ക്കാണ് ഈ ഉപമയില്‍ പ്രാമുഖ്യമെന്ന് വിചാരിക്കുന്നവര്‍ ഇതിനെ "നിലങ്ങളുടെ ഉപമ" എന്നും വിശേഷിപ്പിക്കുന്നുണ്ട്. ഉപമയുടെ ആരംഭത്തിലുള്ള "കേള്‍ക്കുവിന്‍" എന്ന ആഹ്വാനം ഉപമയുടെ അവസാനവും മുഴങ്ങുന്നു: "കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ." ഈ ഉപമ ശ്രദ്ധാപൂര്‍വ്വം, ഗൗരവത്തോടെ കേള്‍ക്കണം എന്നാണ് ഇതിനര്‍ത്ഥം. പഴയനിയമപ്രവാചകരും ഇതുപോലുള്ള ആഹ്വാനങ്ങള്‍ മുഴക്കിയിട്ടുണ്ട്, പ്രത്യേകിച്ച് മറുതലിക്കുന്ന മനുഷ്യരോട് (ജറെ 5:21; എസെ 12:2). വെളിപാടിന്‍റെ പുസ്തകത്തിലും ഈ ആഹ്വാനം സഭകള്‍ക്കുള്ള ലേഖനങ്ങളില്‍ മുഴങ്ങിക്കേള്‍ക്കാം (വെളി. 2:7,11,17,29; 3:6,13,22; 13:9). ഉപമയുടെ ആദ്യാവസാനങ്ങള്‍ കുറിക്കുന്ന ഒരു ജാക്കറ്റുപോലെ "കേള്‍ക്കുക" എന്ന വാക്ക് പ്രവര്‍ത്തിക്കുന്നു. ഒരേ വാക്കുകളോ സമാനപ്രയോഗങ്ങളോ ഉപയോഗിച്ചു ഒരു രചനാഭാഗത്തിന്‍റെ ആദ്യാവസാനങ്ങള്‍ സൂചിപ്പിക്കുന്നതിനെ ഇന്‍ക്ലൂസിയോ (inclusio) എന്നാണു പറയുക.
വിതക്കാരന്‍ യേശുവിന്‍റെയും വിത അവന്‍റെ പ്രഘോഷണത്തിന്‍റെയും വിത്ത് ദൈവവചനത്തിന്‍റെയും പ്രതീകമാണെന്ന് വിശ്വാസികളായ വായനക്കാര്‍ക്ക് എളുപ്പം പിടികിട്ടും.
എല്ലായിടത്തും നിറഞ്ഞുനില്‍ക്കുന്നവന്‍ എങ്ങോട്ടാണു പുറപ്പെടുക? അവന്‍ മനുഷ്യശരീരത്തിലേക്കു പുറപ്പെട്ടു, മനുഷ്യചരിത്രത്തിലേക്കു കടന്നുവന്നുവെന്നാണര്‍ത്ഥം (ക്രിസോസ്റ്റോം).
വിതക്കാരന്‍ വിതച്ചത് വഴിയരികിലും പാറപ്പുറത്തും മുള്ളുകള്‍ക്കിടയിലും വീണു. യേശുവിന്‍റെ കാലത്ത് പലസ്തീനായില്‍ വിത്ത് വിതച്ചിരുന്നത് വയല്‍ ഉഴുതതിനുശേഷമാണോ അതിനു മുന്‍പാണോ എന്നതിനെക്കുറിച്ചു വ്യത്യസ്താഭിപ്രായങ്ങളാണുള്ളത്. എങ്ങിനെയാണെങ്കിലും അതു ഉപമയുടെ സന്ദേശത്തെ ബാധിക്കുന്നതല്ല. പാറപ്പുറമെന്നത് മണ്ണുകൊണ്ട് മൂടിക്കിടക്കുന്ന പാറപ്പുറമാണ്. ആ പാറപ്പുറം വിതക്കാരന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അതുപോലെ മുള്‍ച്ചെടി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മുള്‍ച്ചെടികളുടെ വിത്തുകള്‍ കിടന്നിരുന്ന സ്ഥലമെന്നാകാം. വളര്‍ന്നു നില്‍ക്കുന്ന മുള്‍ച്ചെടികള്‍ക്കിടയില്‍ ആരും വിതക്കില്ലല്ലോ. എന്നാല്‍ വയലില്‍ കളകളുടേയും മുള്‍ച്ചെടികളുടേയുമൊക്കെ വിത്തുകിടക്കുക സ്വാഭാവികമാണ്. വിതച്ചപ്പോള്‍ കുറേ വിത്തുകള്‍ മുള്‍ച്ചെടികളുടെ വിത്തുകള്‍ക്കിടയിലും വീണു.
വിതയില്‍ ഇതെല്ലാം സ്വാഭാവികമായി സംഭവിക്കുന്നതു തന്നെയാണെങ്കിലും ആ വിതക്കാരന്‍ തീരെ ശ്രദ്ധയില്ലാത്തവനാണെന്ന് ചിലപ്പോള്‍ തോന്നാം. അയാളുടെ ധാരാളിത്തം ഒരു കാര്യം വ്യക്തമായി പഠിപ്പിക്കുന്നു: ദൈവത്തിന്‍റെ അതിരില്ലാത്ത ഔദാര്യം! ദൈവരാജ്യത്തിലേക്ക് ദൈവത്തിന്‍റെ ക്ഷണം എല്ലായിടത്തുമുള്ള എല്ലാമനുഷ്യര്‍ക്കും ദൈവം ഔദാര്യപൂര്‍വ്വം നല്‍കുന്നു. വിതക്കാരന്‍ എല്ലായിടത്തും വിതയ്ക്കുന്നു; എല്ലായിടത്തും ഒരേ വിത്തുതന്നെ വിതയ്ക്കുന്നു. അതുപോലെതന്നെ ദൈവവും ആരോടും അവരുടെ സ്ഥലകാലങ്ങള്‍ക്കോ, ജീവിതസാഹചര്യങ്ങള്‍ മുന്‍നിര്‍ത്തിയോ വിവേചനം കാണിക്കുന്നില്ല. തന്‍റെ രാജ്യത്തിലേക്കുള്ള ക്ഷണം അവിടുന്ന് എല്ലാവര്‍ക്കും ഒരുപോലെ നല്‍കുന്നു.
വിവേചനം കൂടാതെ എല്ലായിടത്തും വിത്തു വിതക്കുന്ന വിതക്കാരനെപ്പോലെ തന്‍റെ ദാനങ്ങള്‍ ദൈവം എല്ലാവര്‍ക്കും നല്‍കുന്നു. ഇക്കാര്യത്തില്‍ ധനികനെന്നോ, ദരിദ്രനെന്നോ, ജ്ഞാനിയെന്നോ, ഭോഷനെന്നോ, മടിയനെന്നോ, ഉത്സാഹിയെന്നോ, ധീരനെന്നോ, ഭീരുവെന്നോ ദൈവം വിവേചിക്കുന്നില്ല. തന്‍റെ ഭാഗത്തുനിന്ന് ചെയ്യാനുള്ളതൊക്കെ ദൈവം ചെയ്യുന്നു, അതിന്‍റെ പരിണിതഫലം അറിഞ്ഞുകൊണ്ടുതന്നെ. എന്തു കൊണ്ടാണ് ഇത്രമാത്രം വിത്ത് നഷ്ടപ്പെടുന്നത്? വിതക്കാരന്‍റെ കുറ്റംകൊണ്ടല്ല, വിത്തു സ്വീകരിച്ച മണ്ണിന്‍റെ കുഴപ്പംകൊണ്ടാണത്. ഒരിക്കലും നിറുത്താതെ വിതച്ചുകൊണ്ടിരിക്കുക എന്നതാണ് ദൈവത്തിന്‍റെ രീതി. മുള്ളുകള്‍ക്കിടയിലും പാറപ്പുറത്തും വഴിയരികിലും വിതക്കുന്നതിന് എന്തു യുക്തിയാണുള്ളതെന്ന് ചോദിച്ചേക്കാം. വിത്തിന്‍റേയും മണ്ണിന്‍റേയും കാര്യത്തില്‍ ഒരുപക്ഷേ അത് യുക്തിരഹിതമായിരിക്കാം. എന്നാല്‍ മനുഷ്യഹൃദയങ്ങളെ പരിഗണിക്കുമ്പോള്‍ അതില്‍ യുക്തിയുണ്ട്. ഏതുതരം ഹൃദയത്തിലും മാറ്റം സംഭവിക്കാം. അത് അസംഭവ്യമായിരുന്നെങ്കി ല്‍ ദൈവം വിത്തു വിതയ്ക്കില്ലായിരുന്നു. അഥവാ ഹൃദയത്തിനു മാറ്റം ഉണ്ടായില്ലെങ്കില്‍തന്നെ അതു വിതക്കാരന്‍റെ കുറ്റമല്ല; ദൈവം തനിക്ക് ചെയ്യാനുള്ളത് ചെയ്തു (ക്രിസോസ്റ്റോം).
മനുഷ്യഹൃദയങ്ങളുടെ പ്രതികരണമാണ് ഓരോ നിലവും സൂചിപ്പിക്കുന്നത്. വഴിയരികിലെ വിത്തിന് മുളയ്ക്കാന്‍പൊലും അവസരം ലഭിക്കുന്നില്ല. പുതിയ മുളകള്‍ കരിഞ്ഞുപോകുന്നുണ്ടെങ്കില്‍ അത് വെയിലിന്‍റെ കുറ്റമാണെന്ന് കര്‍ത്താവ് പറയുന്നില്ല; പിന്നെയൊ, വേരില്ലാത്തതുകൊണ്ടാണ് (ക്രിസോസ്റ്റോം).
ചെടിയെ മുള്‍ച്ചെടികള്‍ ഞെരുക്കുന്നത് മുള്‍ച്ചെടിയുടെ കുഴപ്പമല്ല. അവയെ വളരാന്‍ അനുവദിക്കുന്നവരുടെ കുഴപ്പമാണ്. നിനക്ക് ആഗ്രഹമുണ്ടെങ്കില്‍ അവയുടെ വളര്‍ച്ച തടയാന്‍ കഴിയുമായിരുന്നു. അതുകൊണ്ടാണ് "ലോക"ത്തെയും "ധന"ത്തെയും പഴിക്കാതെ ലോകത്തോടുള്ള വ്യഗ്രതയും ധനത്തോടുള്ള "ആകര്‍ഷണ"വുമാണ് വചനത്തിന് വിനയായിത്തീര്‍ന്നത് എന്ന് യേശു പഠിപ്പിക്കുന്നത്. സൃഷ്ടവസ്തുക്കളെ നാം പഴിക്കേണ്ട; നമ്മുടെതന്നെ ദുഷിച്ച മനസ്സാണ് പ്രശ്നകാരണം (ക്രിസോസ്റ്റം).
വിത്തു നശിക്കാന്‍ ഒരൊറ്റ വഴിയല്ല, ഒരുപാടുവഴികളുണ്ട്. വഴിവക്ക് പരുക്കന്‍ മനസ്സിനേയും, നിസംഗതയേയും, ശ്രദ്ധക്കുറവിനേയും സൂചിപ്പിക്കുന്നു. പാറപ്പുറം ബലഹീനതയേയാണ് പരാമര്‍ശിക്കുന്നത് (ക്രിസോ സ്റ്റോം).
പാറപ്പുറത്തെ വിത്തിന് ആഴത്തില്‍ വേരോടാന്‍ അവസരം ലഭിക്കുന്നില്ല, മുള്‍ച്ചെടിക്കിടയിലെ വിത്തിന് ഫലം പുറപ്പെടുവിയ്ക്കാനും അവസരം ലഭിക്കുന്നില്ല.
ആദ്യത്തേതിനു വേരില്ല, രണ്ടാമത്തേതിന് ആഴത്തിലുള്ള വേരില്ല, മൂന്നാമത്തേതിന് വേരുണ്ടെങ്കിലും ഫലമുണ്ടാകുന്നില്ല. വിത്തിനു മുളയ്ക്കാനും വളരാനും ഫലംപുറപ്പെടുവിക്കാനും സാധിക്കുന്ന ഹൃദയമാണ് വിതക്കാരന്‍റെ സ്വപ്നത്തിലെ നല്ലനിലം. മുപ്പതും അറുപതും നൂറും മേനി ഫലം അതിസമൃദ്ധമായ വിളവിനെയാണു സൂചിപ്പിക്കുന്നത.് നഷ്ടത്തെ തുലോം നിസ്സാരമാക്കുന്നതായിരുന്നു വിളവിന്‍റെ അതിസമൃദ്ധി.
The Gospel of Mark The Parable of the Sower catholic malayalam the gospel of mark Dr. Jacob Chanikuzhi Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206