We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Jacob Chanikuzhi On 04-Feb-2021
ദേവാലയ ശുദ്ധീകരണമെന്നാണ് ഈ സംഭവം പൊതുവേ അറിയപ്പെടുന്നതെങ്കിലും ആ പേര് അതിനാല്‍ തന്നെ ദേവാലയത്തിലെ യേശുവിന്‍റെ പ്രവൃത്തിയുടെ വ്യാഖ്യാനമായതിനാല്‍ അനുചിതമാണെന്ന് പല പണ്ഡിതരും അഭിപ്രായപ്പെടുന്നു. യേശുവിന്‍റെ ദേവാലയകൃത്യം അഥവാ ദേവാലയ പ്രവൃത്തി എന്ന മുന്‍വിധിയില്ലാത്ത പേരാണ് ഈ ഭാഗത്തിനു പലരും നിര്‍ദ്ദേശിക്കുന്നത്. നാലു സുവിശേഷങ്ങളിലും പ്രതിപാദിക്കുന്നതുകൊണ്ടും യഹൂദര്‍ക്ക് രോഷവും ശിഷ്യര്‍ക്ക് അമ്പരപ്പുമുണ്ടാകുന്ന ഇത്തരമൊരു കഥ ആദിമസഭ എഴുതിയുണ്ടാക്കാന്‍ സാധ്യതയില്ലാത്തതിനാലും ഇതു ചരിത്രപരമായി സംഭവിച്ചതുതന്നെയാണെന്നു കരുതുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇത്തരമൊരു പ്രവൃത്തി ചെയ്തിട്ടും ദേവാലയമേല്‍ നോട്ടക്കാരില്‍നിന്നോ വിശ്വാസികളില്‍നിന്നോ ഒരെതിര്‍പ്പുമുണ്ടായില്ല എന്നതില്‍നിന്ന് അതിബൃഹത്തായ ദേവാലയവളപ്പില്‍ യേശു ചെയ്ത പ്രവൃത്തി കാര്യമായ ചലനമുണ്ടാക്കിയില്ലെന്നും യേശുവിന്‍റേത് ദേവാലയാക്രമണമെന്നതിനേക്കാള്‍ ദേവാലയ നാശത്തെ സൂചിപ്പിക്കുന്ന പ്രതീകാത്മകമായ പ്രവൃത്തി മാത്രമായിരുന്നെന്നും സൂചിപ്പിക്കുന്നു. പ്രതീകാത്മകമായ പ്രവൃത്തിയിലൂടെ തങ്ങളുടെ സന്ദേശം ജനമധ്യത്തി ലെത്തിക്കുന്ന പഴയ വചനപ്രവാചകരുടെ ശൈലിയിലുള്ള ഒരു പ്രതീകാത്മക പ്രവൃത്തിയാണ് യേശുവിന്‍റെ ദേവാലയ കൃത്യം.
യോഹന്നാന്‍റെ സുവിശേഷത്തില്‍ യേശുവിന്‍റെ പരസ്യജീവിതാരംഭത്തിലും സമാന്തരസുവിശേഷങ്ങളില്‍ പരസ്യജീവിതാവസാനത്തിലുമാണ് ദേവാലയകൃത്യം വിവരിച്ചിരിക്കുന്നത്. ഈ രണ്ടുതവണ സംഭവിച്ചുവെന്നു കരുതുന്നതിനേക്കാള്‍ ഒരേ സംഭവംതന്നെ സുവിശേഷകന്‍ തങ്ങളുടെ ദൈവശാസ്ത്രപദ്ധതികള്‍ക്കനുസൃതമായി രണ്ടു സ്ഥലങ്ങളില്‍ അവതരിപ്പിച്ചിരിക്കുന്നുവെന്ന് കരുതുന്നതാണ് ഉചിതം. സമാന്തര സുവിശേഷങ്ങളിലും നാലാം സുവിശേഷത്തിലും "ദേവാലയകൃത്യം" യേശുവിന്‍റെ മരണത്തോടു ബന്ധപ്പെടുത്തിയിട്ടുള്ളതിനാല്‍ (മത്താ 21:23-27; മര്‍ക്കോ 11:18; ലൂക്കാ 19:47; യോഹ 2:17) ഇത് യേശുവിന്‍റെ പരസ്യജീവിതാവസാനത്തില്‍ സംഭവിച്ചതാകാനാണ് കൂടുതല്‍ സാദ്ധ്യത.
11:15, കച്ചവടക്കാര്‍ ദേവാലയത്തില്‍ ക്യത്യമായി എവിടെയാണ് ക്രയവിക്രയം ചെയ്തിരുന്നതെന്നു വ്യക്തമല്ല; വിജാതീയരുടെ മണ്ഡപത്തിലായിരുന്നുവെന്നും റോയല്‍ പോര്‍ട്ടിക്കോയിലായിരുന്നുവെന്നും ഭിന്നാഭിപ്രായമുണ്ട്. ദേവാലയത്തിന്‍റെ ഭാഗമായി മര്‍ക്കോസു കണക്കാക്കുന്ന സ്ഥലത്താണ് കച്ചവടം നടന്നിരുന്നതെന്നു നാം മനസിലാക്കണം. വീഞ്ഞ്, എണ്ണ, ഉപ്പ്, മാവ്, ആടുകള്‍, പ്രാവുകള്‍, കാളകള്‍ എന്നിങ്ങനെ ബലിയര്‍പ്പണത്തിന് ആവശ്യമായ വസ്തുക്കളായിരുന്നിരിക്കണം കച്ചവടം ചെയ്തിരുന്നത്. കളങ്കമില്ലാത്ത വസ്തുക്കളായിരുന്നു ബലിയര്‍പ്പിക്കേണ്ടിയിരുന്നത് (ലേവ്യ 22:17-28) അതുകൊണ്ട് ഭക്തജനങ്ങള്‍ കൊണ്ടുവന്നിരുന്ന ബലിവസ്തുക്കള്‍ പുരോഹിതന്‍മാര്‍ കര്‍ക്കശമായ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. വീട്ടില്‍നിന്നു കൊണ്ടുവരുന്ന പ്രാവുകളും, ആടുകളുംമറ്റും ദേവാലയത്തില്‍ പരിശോധിച്ചു കഴിയുമ്പോള്‍ ബലിയര്‍പ്പണത്തിന് അനുയോജ്യമല്ലെന്നു കണ്ടെത്തിയാല്‍ കഷ്ടപ്പെട്ട് അവയെ കൊണ്ടുവന്നത് വൃഥാവിലാകും. അതുകൊണ്ട് മുന്‍കൂട്ടിത്തന്നെ പരിശോധിച്ചു ബലിയര്‍പ്പണത്തിനുയോജ്യമെന്നു കണ്ടെത്തിയ പക്ഷിമൃഗങ്ങളെ ദേവാലയത്തില്‍ നിന്നുതന്നെ വാങ്ങാന്‍ സാധിക്കുന്നത് വിശ്വാസികള്‍ക്ക് വളരെ ഉപകാരപ്രദമായ സംവിധാനമായിരുന്നു. നാണയമാറ്റക്കാര്‍: അരഷെക്കല്‍ ദേവാലയനികുതിയായി നല്കാന്‍ പ്രായപൂര്‍ത്തിയായ എല്ലാ യഹൂദരും കടപ്പെട്ടിരുന്നു (പുറ 30:13-16). ഇസ്രായേല്‍ ജനത്തിന്‍റെ മുഴുവന്‍ പാപരിഹാരത്തിനായി ജറുസലെം ദേവാലയത്തില്‍ ദിവസേന രണ്ടുനേരം അര്‍പ്പിച്ചിരുന്ന തമിദ് ബലിയുടെ ചെലവിലേയ്ക്കാണ് ദേവാലയനികുതിയായി കിട്ടിയിരുന്ന പണം ഉപയോഗിച്ചിരുന്നത്. റോമാസാമ്രാജ്യത്തിലെ വിവിധരാജ്യങ്ങളിലെ നാണയങ്ങളില്‍ ചക്രവര്‍ത്തിമാരുടെയോ, രാജാക്കന്മാരുടെയോ, വിജാതീയ ദേവന്മാരുടെയോ രൂപങ്ങളുണ്ടായിരുന്നതിനാല്‍ അവ ദേവാലയഭണ്ഡാരത്തില്‍ നിക്ഷേപിക്കുന്നത് നിഷിദ്ധമായിരുന്നു (പുറ 20:4). മാത്രമല്ല അവ പലതും ഗുണമേന്മയുള്ള ലോഹങ്ങളാല്‍ ഉണ്ടാക്കപ്പെട്ടവയുമല്ല, അതുകൊണ്ട് ടയിറില്‍ ഉപയോഗിച്ചിരുന്ന നാണയങ്ങളാണ് ദേവാലയ നികുതിയടയ്ക്കാന്‍ ഉപയോഗിക്കേണ്ടതെന്ന് റബ്ബിമാര്‍ നിഷ്കര്‍ഷിച്ചിരുന്നു. മേല്‍ത്തരം വെള്ളികൊണ്ടുണ്ടാക്കിയതായിരുന്നു ടയിറിലെ നാണയങ്ങള്‍. വിവിധതലങ്ങളിലെ യഹൂദര്‍ കൊണ്ടുവന്നിരുന്ന നാണയങ്ങളെടുത്ത് പകരം ടിറിയന്‍ നാണയങ്ങള്‍ നല്കുന്നതിനായിരുന്നു നാണയമാറ്റക്കാര്‍ മേശയിട്ടിരുന്നിരുന്നത്.
11:16, മര്‍ക്കോസില്‍ മാത്രം കാണുന്ന വാക്യമാണിത്. വിശ്വാസികള്‍ കൊണ്ടുവരുന്ന ബലിവസ്തുക്കള്‍ വലിയ പാത്രങ്ങളിലാക്കി പുരോഹിതര്‍ ബലിപീഠത്തിലേയ്ക്കു കൊണ്ടുവന്നിരുന്നു. പാത്രങ്ങള്‍ എന്ന് തര്‍ജ്ജിമ ചെയ്തിരിക്കുന്ന സേനോസ് എന്ന വാക്ക് "എന്തെങ്കിലും" എന്നും തര്‍ജ്ജിമ ചെയ്യാവുന്നതാണ്. ആവിധത്തില്‍ നോക്കുമ്പോള്‍ കച്ചവടക്കാരില്‍നിന്നും ജനങ്ങള്‍ വാങ്ങിയ വസ്തുക്കള്‍പ്പോലും ദേവാലയത്തിലൂടെ ചുമന്നുകൊണ്ടുപോകാന്‍ യേശു അനുവദിച്ചില്ല എന്ന അര്‍ത്ഥം വരുന്നു. 15-16 വാക്യങ്ങളില്‍ യേശു ചെയ്യുന്ന പ്രവൃത്തികള്‍ ഫലത്തില്‍ ദേവാലയത്തിലെ ബലിയര്‍പ്പണത്തെത്തന്നെ തടയുന്ന, ഇല്ലാതാക്കുന്ന പ്രവൃത്തിയാണ്. ബലിയര്‍പ്പണം ഇല്ലാതാകുന്നത് ദേവാലയം ഇല്ലാതാകുമ്പോഴാണ്. അതുകൊണ്ട് യേശുവിന്‍റെ പ്രവൃത്തി ദേവാലയത്തിന്‍റെ തകര്‍ച്ചയെത്തന്നെയാണു സൂചിപ്പിക്കുന്നത്.
11:17, പഴയനിയമത്തിലെ രണ്ടുഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് (ഏശ 56:7; ജറ 7:11) തന്‍റെ പ്രവൃത്തിയുടെ വിശദീകരണം യേശുനല്കുന്നു. ഏശയ്യ 56 അനുസരിച്ച് വിജാതീയര്‍ ജറുസലെം ദേവാലയത്തില്‍ ആരാധനക്കെത്തുക മാത്രമല്ല അവിടെ പുരോഹിതശുശ്രൂഷ ചെയ്യുകയും ചെയ്യും. ദേവാലയത്തിന്‍റെ ഈ യുഗാന്ത്യസ്വഭാവത്തിനു വിരുദ്ധമായി, വിജാതീയര്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ളയിടംപോലുമില്ലാതാക്കി (വിജാതീയമണ്ഡപത്തില്‍ മാത്രമാണല്ലോ, വിജാതിയര്‍ക്ക് പ്രവേശനമുണ്ടായിരുന്നത്). ദൈവികപദ്ധതിയ്ക്കു വിരുദ്ധമായി അധഃപതിച്ചതാണ് ദേവാലയനാശത്തിന് ഒരു കാരണമെന്ന് ഏശയ്യ 56:7 ഉദ്ധരിച്ചുകൊണ്ട് യേശു വ്യക്തമാക്കുന്നു. തന്‍റെ പ്രവൃത്തി ദേവാലയത്തിന്‍റെ നാശത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ജറെ 7:11 ഉദ്ധരിക്കുന്നതിലൂടെ യേശു വീണ്ടും വ്യക്തമാക്കുന്നു. ദേവാലയനാശത്തെക്കുറിച്ചു പ്രവചിക്കുമ്പോഴാണ് ജറെമിയ പ്രവാചകന്‍ ദേവാലയം കച്ചവടക്കാരുടെ ഗുഹമായി മാറിയിരിക്കുന്നുവെന്നു കുറ്റപ്പെടുത്തുന്നത്. കള്ളന്മാര്‍ എല്ലാ തിന്മകളും ചെയ്തതിനുശേഷം തങ്ങളുടെ ഗുഹയില്‍ സുരക്ഷിതത്വം കണ്ടെത്തുന്നതുപോലെ എല്ലാ അനീതികളും തിന്മകളും ചെയ്തതിനുശേഷം ദേവാലയത്തിലെത്തി കാഴ്ചകളും ബലികളും സമര്‍പ്പിക്കുമ്പോള്‍ അതുവഴി തങ്ങള്‍ സുരക്ഷിതരാകുമെന്നു കരുതുന്നവര്‍ കാപട്യക്കാരുടെ ഗുഹയായി ദേവാലയത്തെ അധഃപതിപ്പിക്കുകയാണ്. അതിനുള്ള ശിക്ഷയായി ദേവാലയം തന്നെ തകര്‍ക്കപ്പെടുമെന്ന് പ്രതീകാത്മകമായി യേശു പ്രവചിക്കുകയാണ് ദേവാലയശുദ്ധീകരണത്തിലൂടെ.
11:18-19 യേശുവിന്‍റെ വാക്കുകളും പ്രവൃത്തികളും ദേവാലയത്തിന്‍റെ ഭരണനടത്തിപ്പുകാരായ പ്രധാനപുരോഹിതന്മാര്‍ക്കും നിയമജ്ഞര്‍ക്കും തങ്ങളുടെ അധികാരാവകാശങ്ങളിന്മേലുള്ള കടന്നുകയറ്റവും തങ്ങളുടെ വരുമാനമാര്‍ഗ്ഗങ്ങളുടെ നിര്‍മാര്‍ജ്ജനവുമായി അനുഭവപ്പെട്ടിരിക്കണം. അവര്‍ യേശുവിനെ നശിപ്പിക്കാന്‍ മാര്‍ഗ്ഗം അന്വേഷിക്കുന്നു. മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍, യേശുവിനെ കൊല്ലാനുള്ള ഏറ്റവും പ്രധാന പ്രകോപനമായി നിലകൊള്ളുന്നത് യേശുവിന്‍റെ ദേവാലയശുദ്ധീകരണമാണ്. എന്നാല്‍ യേശുവിന്‍റെ ജനസമ്മിതിമൂലം യേശുവിനെതിരേ നേരിട്ട് എന്തെങ്കിലും ചെയ്യാന്‍ അവര്‍ ഭയപ്പെട്ടു.
വിചിന്തനം: കച്ചവടക്കാരുടെ ഗുഹ: കവര്‍ച്ചക്കാര്‍ ഏറ്റവുമധികം സുരക്ഷിതത്വം അനുഭവിക്കുന്ന സ്ഥലമാണ് അവരുടെ ഒളിത്താവളമായ ഗുഹ. എല്ലാ കൊള്ളരുതായ്മകളും ചെയ്തശേഷം അവര്‍ ഓടിയെത്തുന്നത് തങ്ങളുടെ ഗുഹയിലേക്കാണ്. അവിടെയെത്തിക്കഴിഞ്ഞാല്‍ പിന്നെ തങ്ങള്‍ക്ക് ഒന്നും ഭയപ്പെടാനില്ലെന്ന് അവര്‍ വിചാരിക്കുന്നു. അധാര്‍മ്മികമായ പ്രവൃത്തികള്‍ ചെയ്തു ജീവിച്ചിട്ട് ദേവാലയത്തില്‍ വന്ന് ക്യത്യമായ അനുഷ്ഠാനക്രമങ്ങളോടെ ബലിയര്‍പ്പണം നടത്തിയാല്‍ പിന്നെ ഒന്നും പേടിക്കാനില്ല എന്നു കരുതുന്നവര്‍ ദേവാലയത്തെ കവര്‍ച്ചക്കാരുടെ ഗുഹപോലെ, തെറ്റുചെയ്തിട്ട് രക്ഷപെടാനുള്ള താവളംപോലെ ആധഃപതിപ്പിക്കുകയാണു ചെയ്യുന്നതെന്നാണ് യേശു കുറ്റപ്പെടുത്തുന്നത്.ദേവാലയകര്‍മ്മങ്ങളിലൂടെ ദൈവകോപം ഒഴിവാക്കാമെന്ന മിഥ്യാബോധം യേശു ഇവിടെ തട്ടിമറിക്കുന്നു. എത്ര വലിയ ബലിയര്‍പ്പണവും ഒരു തരി ജീവിത നവീകരണത്തിനു പകരമാവില്ലെന്ന് യേശു ശക്തമായി പഠിപ്പിക്കുകയാണിവിടെ.
ആത്മീയതയുടെ വിപണി: ജറുസലെം ദേവാലയത്തിലെ കച്ചവടത്തിനുനേരേ യേശു ഉയര്‍ത്തിയ ചാട്ടവാര്‍ ആത്മീയതയെ വില്പനച്ചരക്കാക്കുന്നവര്‍ക്കെതിരേ ഇന്നും ഉയര്‍ന്നുനില്ക്കുന്നില്ലേ എന്നു നാം ചിന്തിക്കണം. തിരുനാളുകള്‍, കണ്‍വെന്‍ഷനുകള്‍, ധ്യാനങ്ങള്‍, നൊവേനകള്‍ എന്നിവയ്ക്ക് വിപുലമായ പരസ്യം നല്കി ജനങ്ങളെ ആകര്‍ഷിക്കുകയും ഇവയുടെ വിജയം നേര്‍ച്ചയെണ്ണി നിശ്ചയിക്കുകയും ചെയ്യുന്ന ജീര്‍ണ്ണതയ്ക്ക് നാം അന്ത്യം കുറിക്കണമെന്ന് യേശു ആഗ്രഹിക്കുന്നില്ലേ?
പൗരോഹിത്യാധിപത്യത്തിന്‍ കീഴില്‍ നടന്ന അപചയങ്ങളെ വെള്ളപൂശാന്‍ നില്‍ക്കാതെ, അതിനെ ശക്തവും വ്യക്തവുമായ ഭാഷയില്‍ എതിര്‍ത്ത പ്രവാചകശബ്ദമായിരുന്നു യേശു. യേശുവിന്‍റെ സന്ദേശം ഉള്‍കൊണ്ട് തങ്ങളുടെ തെറ്റുതിരുത്താനല്ല, തെറ്റുചൂണ്ടിക്കാണിച്ചവനെ ഇല്ലായ്മചെയ്യാനാണ് ജറുസലെമിലെ പുരോഹിതവൃന്ദം ശ്രമിച്ചത്. അവനെ നശിപ്പിച്ചതുവഴി അവര്‍ തങ്ങളുടെ ദേവാലയത്തിന്‍റെയും നഗരത്തിന്‍റെയും നാശത്തിനു തന്നെ വഴിതെളിക്കുകയും ചെയ്തു. സംവിധാനങ്ങളിലെ തെറ്റുകളും തിന്മകളും തിരുത്തുകയും ഒഴിവാക്കുകയുമൊക്കെ ചെയ്യുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായതിനാല്‍ വിമര്‍ശകരെ നശിപ്പിക്കുക എന്ന എളുപ്പമുള്ള കാര്യം ചെയ്യുക എന്നത് അധികാരികള്‍ക്കുണ്ടാകുന്ന നിരന്തരമായ പ്രലോഭനമാണ്.
വിനയാന്വിതനായി, സമാധാനരാജാവായി ജറുസലെമിലേയ്ക്കു പ്രവേശിച്ച യേശു തന്‍റെ കൊട്ടാരമായ ജറുസലെം ദേവാലയത്തിലെത്തിയപ്പോള്‍ എന്താണു ചെയ്തതെന്നു ശ്രദ്ധിക്കേണ്ടതാണ്. അവിടുന്ന് ഉടനെതന്നെ യുദ്ധവീരനായ രാജാവായി മാറുന്നു. തന്‍റെ കൊട്ടാരത്തില്‍ അനുചിതമായി കണ്ട സകലതിനെയും അവിടുന്നു പുറത്താക്കുന്നു. സമാധാന രാജാവ് എന്നാല്‍ തിന്മയുമായി സന്ധിയാവുന്നവന്‍ എന്നല്ല അര്‍ത്ഥം. തിന്മയ്ക്കു കീഴടങ്ങുമ്പോഴല്ല, തിന്മയെ കീഴ്പ്പെടുത്തുമ്പോഴാണ് യഥാര്‍ത്ഥ സമാധാനം ഉളവാകുന്നത്. ജറുസലെം ദേവാലയം പ്രാര്‍ത്ഥനാലയമാകണമെന്നതായിരുന്നു ദേവാലയത്തെക്കുറിച്ചുള്ള ദൈവത്തിന്‍റെ പ്രധാനോദ്ദേശ്യം. എന്നാല്‍ അത് കവര്‍ച്ചക്കാരുടെ ഗുഹയായി-ജനത്തെ ചൂഷണം ചെയ്യുകയും ഞെരുക്കുകയും ചെയ്യുന്ന തിന്മനിറഞ്ഞ സംവിധാനങ്ങളെ നേരിട്ടോ അല്ലാതെയോ പിന്താങ്ങുന്ന ശക്തവും തകര്‍ക്കാനാവാത്തതുമായ ഒരു സ്ഥാപനമായി അധഃപതിച്ചു. രാഷ്ട്രത്തിന്‍റെയും സഭയുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സംവിധാനങ്ങള്‍ ജനങ്ങളുടെ ക്ഷേമം/രക്ഷ എന്ന അവയുടെ അടിസ്ഥാനോദ്ദേശ്യത്തില്‍നിന്ന് വ്യതിചലിച്ച് ജനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്ന് ജനദ്രോഹപരമായി മാറുമ്പോഴൊക്കെ യേശുവിന്‍റെ സ്ഥാനത്തു നിന്ന് അവന്‍റെ ദേവാലയപ്രവൃത്തി നാം ആവര്‍ത്തിക്കണമെന്ന് അവന്‍ ആഗ്രഹിക്കുന്നുണ്ടാകും.
the-gospel-of-mark-the-church-duty's Dr. Jacob Chanikuzhi catholic malayalam gospel of mark Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206