We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Jacob Chanikuzhi On 04-Feb-2021
ഈ സുവിശേഷത്തിലെ ഒന്നാംവാക്യം തലക്കെട്ടായി കണക്കാക്കിയാല്‍ സുവിശേഷം ആരംഭിക്കുന്നത് രണ്ടാംവാക്യത്തിലാണ് പഴയ നിയമം ഉദ്ധരിച്ചുകൊണ്ടാണ് മര്‍ക്കോസ് സുവിശേഷം ആരംഭിക്കുന്നതുതന്നെ. സുവിശേഷകന്‍ ഉദ്ധരിക്കുന്ന ഏക പഴയനിയമഭാഗവുമാണിത്. യേശുവിനെക്കുറിച്ചു മനസ്സിലാക്കണമെങ്കില്‍ മിശിഹായെക്കുറിച്ചുള്ള പഴയനിയമഭാഗങ്ങള്‍ ഗ്രഹിക്കേണ്ടതാവശ്യമാണെന്നാണ് ഇതിനര്‍ത്ഥം. മിശിഹായുടെ മുന്നോടിയെക്കുറിച്ചുള്ള പഴയനിയമ പ്രവചനം യോഹന്നാനില്‍ പൂര്‍ത്തിയായിരിക്കുന്നുവെന്ന് വ്യക്തമാക്കുകയാണ് ഈ ഉദ്ധരണിയുടെ ഉദ്ദേശ്യം. "എഴുതപ്പെട്ടിരിക്കുന്നതു പോലെ": പഴയനിയമ ഗ്രന്ഥങ്ങള്‍ അനുവാചകര്‍ക്ക് പരിചിതമായിരുന്നുവെന്ന് ഇതു സൂചിപ്പിക്കുന്നു. കുട്ടികളെ വായിക്കാന്‍ പഠിപ്പിക്കണമെന്നും പൂര്‍വ്വികരുടെ നിയമങ്ങളും പ്രവര്‍ത്തനങ്ങളും അവര്‍ അറിഞ്ഞിരിക്കണമെന്നും യഹൂദരുടെ നിയമപുസ്തകം അനുശാസിച്ചിരുന്നു. ഏശയ്യായുടെ പുസ്തകവും സങ്കീര്‍ത്തനങ്ങളുമായിരുന്നു ആദിമ ക്രൈസ്തവര്‍ക്ക് ഏറ്റവും പ്രിയങ്കരമായിരുന്ന പുസ്തകങ്ങള്‍.
ഏശയ്യാ പ്രവാചകനെയാണ് സുവിശേഷകന്‍ ഉദ്ധരിച്ചിരിക്കുന്നതെങ്കിലും ഉദ്ധരണി അതേപടി ഏശയ്യായുടെ ഗ്രന്ഥത്തില്‍ നാം കാണുന്നില്ല "ഇതാ നിനക്ക്... വഴിയൊരുക്കും" എന്ന ഭാഗം മലാ 3:1 ല്‍ നിന്നും തുടര്‍ന്നുള്ള ഭാഗം ഏശ 40:3-ല്‍ നിന്നുമാണ് എടുത്തിട്ടുള്ളത്. മരുഭൂമി യാത്രയില്‍ ഇസ്രായേലിന് മുമ്പേപോയ ദൂതനെയും (പുറ 23:20) മലാക്കി പ്രവചനഭാഗം അനുസ്മരിപ്പിക്കുന്നു. ഏശ 40:3; മലാ 3:1; പുറ 23:20 എന്നീ പഴയനിയമഭാഗങ്ങളുടെ സമുച്ചയമാണ് മര്‍ക്കോസിന്‍റെ ഉദ്ധരണിയില്‍ കാണുന്നത്. ഉദ്ധരണിയുടെ ഏറിയഭാഗവും ഏശയ്യാ യില്‍നിന്ന് എടുത്തതുകൊണ്ടാവാം ഏശയ്യായുടെ പേര് നല്‍കിയി രിക്കുന്നത്.
"മരുഭൂമി": ജറുസലെമിന് കിഴക്ക് ചാവുകടല്‍വരെയുള്ള വിശാലവും വിജനവും ഫലശൂന്യവുമായ കരയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. ഭാവാര്‍ത്ഥത്തില്‍ മരുഭൂമി ദൈവപരിപാലനയുടെയും ദൈവമനുഷ്യ ബന്ധത്തിന്‍റെയും അരങ്ങാണ് (ജറെ 2:2-3; ഹോസി 2:14-15; സങ്കീ 78:12-53; 105:39-45). എന്നാല്‍ നിഷേധാര്‍ത്ഥത്തില്‍ അത് പരീക്ഷയുടെയും മറുതലിപ്പിന്‍റെയും വേദിയാണ് (പുറ 16; സംഖ്യ 11: സങ്കീ 78:17-22). മരുഭൂമിക്ക് രക്ഷാകരചരിത്രത്തില്‍ വലിയ പ്രാധാന്യമുണ്ട് രക്ഷ മരുഭൂമിയുമായി ബന്ധപ്പെട്ടിരിക്കുന്നു. മോശയും ഏലിയായും ദാവീദുമൊക്കെ മരുഭൂമിയിലേക്ക് പലായനം ചെയ്തവരാണ് (പുറ 2:15; 1 സാമു 23:14; 1 രാജാ 19:3-4). യേശു മരുഭൂമിയില്‍നിന്ന് വന്നാണ് ദൈവരാജ്യത്തിന്‍റെ സുവിശേഷം പ്രസംഗിക്കുന്നത്. പലതവണ മരുഭൂമിയിലേക്ക് അവിടുന്ന് പിന്‍വാങ്ങുകയും ചെയ്യുന്നു (മര്‍ക്കോ 1:35,45; 6:31-32,35; 8:4).
"വഴിയൊരുക്കുക": തന്‍റെ പ്രസംഗത്തിലൂടെ അനുതാപികളുടെ ഒരു സമൂഹത്തെ സൃഷ്ടിച്ചുകൊണ്ട് യോഹന്നാന്‍ യേശുവിന് വഴിയൊരുക്കി. അനുതപിച്ചുകൊണ്ട് കര്‍ത്താവിന്‍റെ രണ്ടാംവരവിന് നാമും വഴിയൊരുക്കേണ്ടിയിരിക്കുന്നു. നടപടി 9:2ല്‍ ക്രിസ്ത്യാനികളെ "മാര്‍ഗ്ഗ"ത്തില്‍ പ്പെട്ടവരായി വിശേഷിപ്പിച്ചിരിക്കുന്നു. മര്‍ക്കോസില്‍ "വഴി" ശിഷ്യത്വത്തിന്‍റെ "മാര്‍ഗ്ഗം" കൂടിയാണ്. യോഹന്നാന്‍റെ പ്രസംഗം ശ്രോതാക്കളില്‍ വിമോചനപ്രതീക്ഷകള്‍ പ്രോജ്വലിപ്പിച്ചു; ആന്തരികപരിവര്‍ത്തനത്തിന് അവരെ തയ്യാറാക്കി. അനുതാപം (Metanoia മെത്തനോയിയ) എന്നാല്‍ മനംമാറ്റം എന്നര്‍ത്ഥം. ദൈവത്തിലേക്കു തിരിച്ചുവരിക (ഹീബ്രുവില്‍ ഷൂബ് എന്നാല്‍ തിരിച്ചുവരവ് എന്നര്‍ത്ഥം) എന്ന പഴയനിയമ പ്രവാചകാഹ്വാനത്തിന്‍റെ ആവര്‍ത്തനമാണിത്. തങ്ങളുടെ അനുതാപത്തിന്‍റെയും ദൈവത്തില്‍നിന്നുള്ള പാപമോചനത്തിനായുള്ള ദാഹത്തിന്‍റെയും അടയാളമായിരുന്നു അവര്‍ സ്വീകരിച്ച മാമ്മോദീസ. വാസ്തവത്തില്‍ യഹൂദര്‍ മറ്റുള്ളവരില്‍നിന്ന് സ്നാനം സ്വീകരിക്കുന്ന പതിവുണ്ടായിരുന്നില്ല. ക്ഷാളനകര്‍മ്മങ്ങള്‍ അവര്‍ സ്വയം ചെയ്യുകയായിരുന്നു പതിവ്. എന്നാല്‍ തന്നെ സമീപിച്ചവര്‍ക്ക് യോഹന്നാന്‍ നേരിട്ട് സ്നാനം നല്‍കാന്‍ ആരംഭിച്ചു. അതിനാലാണ് സ്നാനം നല്‍കുന്ന യോഹന്നാന്‍ എന്ന അര്‍ത്ഥത്തില്‍ സ്നാപകയോഹന്നാന്‍ എന്നദ്ദേഹം അറിയപ്പെട്ടത്. ഹെര്‍മോണ്‍ മലയില്‍നിന്നുത്ഭവിച്ച് ഗലീലാക്കടലിലെത്തി അവിടെനിന്ന് ഭൂമിയിലെ ഏറ്റവും താഴ്ന്ന സ്ഥലമായ ചാവുകടലിലേക്ക് (സമുദ്രനിരപ്പില്‍നിന്നും 2750 അടി താഴ്ച്ച) ഒഴുകുന്ന 120 മൈല്‍ നീളമുള്ള നദിയാണ് ജോര്‍ദ്ദാന്‍.
യേശുവിന്‍റെ സാധാരണ വസ്ത്രങ്ങളും ഭക്ഷണവുമൊക്കെ എന്തായിരുന്നുവെന്ന് സുവിശേഷകരാരും രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ സ്നാപകന്‍റെ വേഷവും ആഹാരവും എന്തായിരുന്നുവെന്ന് മര്‍ക്കോസ് വ്യക്തമാക്കുന്നു. സ്നാപകന്‍ ഒരു പ്രവാചകനാണെന്നു സൂചിപ്പിക്കുകയാണു സുവിശേഷകന്‍. കാരണം തോല്‍വസ്ത്രവും അരപ്പട്ടയും ഇസ്രായേലിലെ പ്രവാചകരുടെ വേഷമായിരുന്നു (സഖ 13:4). വളരെ പ്രത്യേകമായി സ്നാപകനെ ഏലിയാപ്രവാചകന്‍റെ വേഷവിധാനങ്ങളോടെയാണ് മര്‍ക്കോസ് അവതരിപ്പിക്കുന്നത് (2 രാജാ 1:8). ആഡംബരത്തിന്‍റെ ആട്ടിന്‍തോലുകൊണ്ടുള്ള വസ്ത്രം സ്നാപകന്‍ വെറുത്തു; ലാളിത്യത്തിന്‍റെ ഒട്ടകരോമംകൊണ്ടുള്ള വസ്ത്രം ധരിച്ചു (അലക്സാണ്ഡ്രിയായിലെ ക്ലമെന്‍റ്).
സ്നാപകന് ഭക്തയായ മാതാവും പുരോഹിതനായ പിതാവുമാണുണ്ടായിരുന്നത്. അമ്മയുടെ സ്നേഹമോ അപ്പന്‍റെ സമ്പത്തോ സ്വഭവനം ഉപേക്ഷിക്കുന്നതിന് സ്നാപകന് തടസ്സമായില്ല (വി. ജെറോം).
സ്വര്‍ണ്ണനൂലുകൊണ്ടു നെയ്ത മഹാപുരോഹിതവസ്ത്രത്തേക്കാള്‍ ഒട്ടകരോമംകൊണ്ടുള്ള വസ്ത്രത്തെ സ്നാപകന്‍ വിലമതിച്ചു. മഹാ പുരോഹിതസ്ഥാനത്തേയ്ക്കുള്ള തന്‍റെ പരമ്പരാഗത അവകാശം ഉപേക്ഷിച്ചുകൊണ്ട് അതിനെക്കാള്‍ മഹത്തായ മഹാപുരോഹിതന്‍റെ മുന്നോടിയാണ് താനെന്നു സ്നാപകന്‍ വ്യക്തമാക്കി (വന്ദ്യ ബീഡ്).
തന്‍റെ ആത്മാവിന് ചിറകുമുളയ്ക്കാന്‍ അവന്‍ വെട്ടുക്കിളികള്‍ ഭക്ഷിച്ചു. തേന്‍പോലെ പ്രയോജനകരമായ വാക്കുകളായിരുന്നു അവന്‍റേത്. ഒട്ടകരോമംകൊണ്ടുള്ള വസ്ത്രംധരിച്ച് അവന്‍ വിശുദ്ധ ജീവിതത്തിന് മാതൃകയായി. പാമ്പ് ഇടുങ്ങിയ വഴിയിലൂടെ ഞെരുങ്ങി മുന്നോട്ടിഴഞ്ഞ് അതിന്‍റെ പടം പൊഴിക്കുന്നു. പടം പൊഴിയുന്നതോടെ ശരീരത്തില്‍ അത് ചെറുപ്പമായിത്തീരുന്നു. അതുകൊണ്ട് ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുക... ഉപവാസത്തിലൂടെ നിങ്ങളെത്തന്നെ ഞെരുക്കുക... പഴയമനുഷ്യനെ അതിന്‍റെ ചെയ്തികളോടെ ഉരിഞ്ഞു കളയുക (ജറുസലെമിലെ വിശുദ്ധ സിറിള്‍). വെട്ടുക്കിളിയും കാട്ടുതേനും മരുഭൂമിയില്‍ ലഭിക്കുന്നതും ശുദ്ധവുമായ (ലേവ്യ 11:20-23. CD 12:14 ഖുമ്രാനിലെ എസീനികളും വെട്ടുക്കിളികളെ ഭക്ഷിച്ചിരുന്നു) ആഹാരമാണ്. അദ്ദേഹത്തിന്‍റെ ഭക്ഷണവും സ്നാപകന്‍ പ്രവാചകന്‍ തന്നെ എന്നു വ്യക്തമാക്കുന്നു (ദാനി 1:8). സ്നാപകന്‍റെ വേഷവും ഭക്ഷണവും അധിവാസസ്ഥലവും സന്ദേശവും ജീവിതരീതിയുമെല്ലാം അദ്ദേഹമൊരു ദൈവമനുഷ്യനാണെന്ന ബോധ്യം ജനങ്ങളിലുദിപ്പിച്ചു. അതുകൊണ്ട് അവരെല്ലായിടത്തുനിന്നും അദ്ദേഹത്തിന്‍റെ അടുത്തെത്തി. "പാപങ്ങള്‍ ഏറ്റുപറഞ്ഞ്:" രഹസ്യവും പരസ്യവുമായ പാപങ്ങള്‍ ഏറ്റുപറയുക എന്നത് യഹൂദരുടെ അംഗീകൃതമായ പ്രാര്‍ത്ഥനാ രീതിയാ യിരുന്നു (ലേവ്യ 5:5; സങ്കീ 32:5; 38:18; 51:3-5; ദാനി 9:4-19; ബാറൂ 2:6-10). പാപങ്ങള്‍ ഏറ്റുപറയുകയും അനുതപിക്കുകയും ചെയ്യുന്നവര്‍ ദൈവത്തോട് എളുപ്പം രമ്യതപ്പെടുന്നുവെന്ന് ജൊസേഫൂസ് ( War 5:415) സാക്ഷിക്കുന്നു.
"കൂടുതല്‍ ശക്തനായവന്‍ " എന്നാണ് യോഹന്നാന്‍ യേശുവിനെ പരിചയപ്പെടുത്തുന്നത്. അഞ്ചാമത്തെ അദ്ധ്യായത്തില്‍ "കൂടുതല്‍ ശക്തനായവന്" എന്നപേര് തന്നെത്തന്നെ വിശേഷിപ്പിക്കാന്‍ യേശു ഉപയോഗിക്കുന്നതായി നാം കാണുന്നു. "പിന്നാലെ വരുന്നത്" ശിഷ്യ രാണ്, ഗുരുവിന്‍റെ. തന്മൂലം യേശു സ്നാപകന്‍റെ ശിഷ്യനായിരുന്നുവെന്ന് വിചാരിക്കാവുന്നതാണ്. ശുശ്രൂഷയുടെ കാലക്രമത്തിലും സ്നാപകന്‍റെ പിന്നാലെ വന്നവനാണ് യേശു. ശുശ്രൂഷയുടെ കാര്യത്തില്‍ തന്‍റെ ഇളയവനായ യേശുവിനെ, പക്ഷേ, കൂടുതല്‍ ശക്തനായവനായി യോഹന്നാന്‍ അംഗീകരിക്കുന്നു. താനും യേശുവും തമ്മില്‍ രണ്ടു കാര്യങ്ങളിലാണ് യോഹന്നാന്‍ താരതമ്യം നടത്തുന്നത്: വ്യക്തിമാഹാത്മ്യവും ശുശ്രൂഷയും വ്യക്തിമാഹാത്മ്യത്തിന്‍റെ കാര്യത്തില്‍ യജമാനനും അടിമയും തമ്മിലുള്ള അന്തരത്തിലും വിദൂരമാണ് യേശുവും താനും തമ്മിലുള്ള വ്യത്യാസം എന്നു യോഹന്നാന്‍ പറഞ്ഞുവയ്ക്കുന്നു. യഹൂദരുടെ രീതിയനുസരിച്ച്, യഹൂദരായ അടിമകളെകൊണ്ട് യജമാനന്മാര്‍ തങ്ങളുടെ ചെരുപ്പിന്‍റെ വാര്‍ അഴിപ്പിച്ചിരുന്നില്ല. കാരണം, ഒരു യഹൂദനെകൊണ്ട് ചെയ്യിക്കാന്‍ പാടില്ലാത്തത്ര താഴ്ന്ന പ്രവര്‍ത്തിയായാണ് യഹൂദര്‍ അതിനെ പരിഗണിച്ചിരുന്നത്. ബാബിലോണിയന്‍ താല്‍മുദില്‍ റബ്ബി ജോഷ്വാ ബെന്‍ ലേവി പറയുന്നതിപ്രകാരമാണ്: "ഗുരുവിന്‍റെ ചെരുപ്പഴിക്കുന്നതൊഴികെ, ഒരടിമ തന്‍റെ യജമാനന് ചെയ്തുകൊടുക്കുന്ന എല്ലാ ശുശ്രൂഷകളും തന്‍റെ ഗുരുവിന് ശിഷ്യന്‍ ചെയ്തുകൊടുക്കേണ്ടതാണ്".
താന്‍ ജലംകൊണ്ടു സ്നാനം നല്‍കുന്നവനാണെങ്കില്‍ യേശു പരിശുദ്ധാത്മാവിനെക്കൊണ്ട് സ്നാനം നല്‍കുന്നവനാണെന്നതാണ് തങ്ങളുടെ ശുശ്രൂഷയുടെ വൈജാത്യമായി സ്നാപകന്‍ ചൂണ്ടിക്കാണിക്കുന്നത്.
വിചിന്തനം: മൂപ്പിളമതര്‍ക്കങ്ങളില്‍ ഇളയവരെ അംഗീകരിക്കാതിരിക്കുകയും കൊച്ചാക്കുകയും ചെയ്യുന്നവരുടെയിടയില്‍, തന്നേക്കാള്‍ ഇളയവനായ, തന്‍റെ ശിഷ്യനായ യേശുവിനെ തന്നെക്കാള്‍ ശക്തനായി പരസ്യമായി പ്രഖ്യാപിക്കുന്ന യോഹന്നാന്‍ ഒരു വെല്ലുവിളിതന്നെ. അദ്ദേഹത്തിന്‍റെ ലളിതമായ ജീവിതവും വിനയാന്വിതമായ മനോഭാവങ്ങളും ജനങ്ങള്‍ക്കദ്ദേഹത്തെ സ്വീകാര്യനാക്കി. ജനഹൃദയങ്ങളിലേക്ക് യേശുവിലേക്ക് വഴിവെട്ടാന്‍ സ്നാപകന്‍ ആദ്യം തന്‍റെതന്നെ ജീവിതം വെട്ടി ശരിയാക്കി.
the gospel of mark public life john the Baptist catholic malayalam Dr. Jacob Chanikuzhi Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206