We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Jacob Chanikuzhi On 05-Feb-2021
ആദിമസഭയുടെ പ്രഘോഷണത്തിലെ ഒരു പ്രധാനഘടകമായിരുന്നു യേശുവിന്‍റെ സംസ്കാരം (1 കൊറി 15:3-4). യേശുവിന്‍റെ മരണത്തിന്‍റെയും ഉത്ഥാനത്തിന്‍റെയും കണ്ണിയാണ് അവിടുത്തെ കബറടക്കം. യേശുവിന്‍റെ സംസ്കാരം അവിടുന്ന് യഥാര്‍ത്ഥത്തില്‍ മരിച്ചുവെന്ന സത്യത്തിന് അടിവരയിടുന്നു.
15:42, വെള്ളിയാഴ്ച വൈകുന്നേരം സൂര്യാസ്തമയത്തോടെ സാബത്ത് ആരംഭിക്കും. വെള്ളിയാഴ്ച സൂര്യാസ്തമയംവരെയുള്ള സമയം സാബത്തിനുവേണ്ടിയിട്ടുള്ള ഒരുക്കങ്ങള്‍ നടത്തുന്ന ഒരുക്ക ദിവസമാണ്. വിജാതീയരായ ക്രിസ്ത്യാനികളെ ഉദ്ദേശിച്ചാണ് മര്‍ക്കോസ് ഇങ്ങനെയുള്ള വിശദവിവരങ്ങള്‍ നല്കുന്നത്.
15:43, മരത്തില്‍ തൂക്കപ്പെട്ടവരുടെ ശരീരം സൂര്യാസ്തമയത്തിനു മുമ്പു നീക്കം ചെയ്യണമെന്ന് നിയമാ 21:23 നിഷ്കര്‍ഷിക്കുന്നു. മരിച്ചവരെ അടക്കുന്നത് ഒരു ഭക്തകൃത്യമായതിനാലാണ് അരിമത്തിയാക്കാരന്‍ ജോസഫ് യേശുവിനെ സംസ്കരിക്കാന്‍ തുനിഞ്ഞതെന്നു കരുതാവുന്നതാണ്. വൈകുന്നേരം എന്നതുകൊണ്ട് മര്‍ക്കോസ് ഉദ്ദേശിക്കുന്നത് വൈകുന്നേരത്തോടടുത്ത സമയമാണ്. സമയക്കുറവ് ജോസഫിനെ കര്‍മ്മനിരതനാക്കുന്നു (നിയ 21:23). അരിമെത്തയ എന്ന സ്ഥലം കൃത്യമായി നിര്‍ണ്ണയിക്കുക ദുഷ്കരമാണ്. മൊത്തായിം, സോഫി (1 സാമു1:1) എന്നതില്‍ നിന്നാകാം അരിമെത്തെയാ എന്ന വാക്കിന്‍റെ ഉത്ഭവം. യേശുവിനെ വിധിച്ച സാന്‍ഹെദ്രിനിലെ അംഗമായിരുന്നു ജോസഫ്. ദൈവരാജ്യം പ്രതീക്ഷിച്ചിരുന്നവന്‍ എന്നതില്‍നിന്ന് അദ്ദേഹം ഒരു ഭക്തനായ യഹൂദനാണെന്നു വ്യക്തമാകുന്നു. ഒരുപക്ഷേ സാന്‍ഹെദ്രിന്‍ നടപടികളോട് അദ്ദേഹത്തിന് യോജിപ്പുണ്ടായിരുന്നിരിക്കില്ല (ലൂക്കാ 23:51). യേശുവിന്‍റെ മൃതശരീരം സംസ്കരിക്കാന്‍ തയ്യാറായ ജോസഫിന്‍റെ ധൈര്യത്തെ മര്‍ക്കോസ് എടുത്തുപറയുന്നു. ആലോചനസംഘത്തിലെ മറ്റംഗങ്ങള്‍ തന്നെ ജോസഫിനെ എതിര്‍ക്കാന്‍ സാദ്ധ്യതയുണ്ടായിരുന്നിരിക്കാം. രാജ്യദ്രോഹക്കുറ്റത്തിന്‍റെ പേരില്‍ ക്രൂശിക്കപ്പെട്ട ഒരാളുടെ അടുപ്പക്കാരനായി അറിയപ്പെടുന്നത് ജോസഫിന്‍റെ സത്കീര്‍ത്തിയ്ക്കു മാത്രമല്ല ജീവനുതന്നെയും ഭീഷണി ഉയര്‍ത്തുന്ന കാര്യമായിരുന്നു. അതുകൊണ്ടാണ് യേശുവിന്‍റെ മൃതശരീരം എറ്റെടുക്കുന്ന പ്രവൃത്തി ഒരു ഭക്തകൃത്യം എന്നതിനേക്കാള്‍ ധൈര്യപൂര്‍വ്വകമായ കാര്യമായി മര്‍ക്കോസ് അവതരിപ്പിക്കുന്നത്. യാഥാസ്ഥിതിക സമൂഹത്തിലെ ഉന്നതാധികാരികളുടെ പക്കല്‍ സാധാരണക്കാര്‍ അധികാരികളെ പരിചയമുള്ള സമൂഹത്തിലെ പ്രമാണിമാരോടൊത്താണ് പോകുന്നത്. യേശുവിന്‍റെ സാധാരണക്കാരായ ശിഷ്യര്‍ക്ക് (അവര്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ കൂടി) യേശുവിന്‍റെ ശരീരം വിട്ടുകിട്ടുക തീര്‍ത്തും ആയാസമായിരുന്നിരിക്കണം. സാന്‍ഹെദ്രിന്‍ അംഗമെന്ന നിലയില്‍ അരിമെത്തയാക്കാരന്‍ ജോസഫിന്‍റെ ഇടപെടല്‍ ഈ അര്‍ത്ഥത്തില്‍ വളരെ പ്രയോജനകരമായി. ജോസഫിന്‍റെ ധൈര്യപൂര്‍വ്വകമായ നിലപാട് യേശുവിനുവേണ്ടി ധൈര്യസമേതം നിലകൊള്ളാനുള്ള ഒരു ആഹ്വാനമാണ്. ശക്തരായ അധികാരികളുടെ സമ്മര്‍ദ്ദത്തിനും ഭീഷണിയ്ക്കും മുമ്പില്‍ യേശുവിനോടുള്ള വിശ്വസ്തത അടിയറവു വയ്ക്കാതിരിക്കാന്‍ മര്‍ക്കോസു ഇതിലൂടെ തന്‍റെ വായനക്കാരായ റോമന്‍ ക്രിസ്ത്യാനികളെ ഉദ്ബോധിപ്പിക്കുന്നു.
15:44-45, ക്രൂശിക്കല്‍ വഴി മനുഷ്യശരീരത്തിലെ പ്രധാനപ്പെട്ട ആന്തരാവയവങ്ങള്‍ക്കൊന്നും മാരകമായ മുറിവേല്കുകയില്ലെന്നതിനാല്‍ ക്രൂശിക്കപ്പെട്ട വ്യക്തികള്‍ ഉടനടി മരിക്കാറില്ല. ചിലര്‍ ദിവസങ്ങളോളം കുരിശില്‍ തൂങ്ങിക്കിടക്കാറുണ്ട്. അതുകൊണ്ടാണ് യേശുവിന്‍റെ മരണവാര്‍ത്ത പീലാത്തോസിനെ വിസ്മയിപ്പിച്ചത്. എങ്കിലും യേശുവിന്‍റെ മരണത്തിന് ഔദ്യോഗിക സ്ഥിരീകരണം പീലാത്തോസിന് ആവശ്യമായിരുന്നു. അതുകൊണ്ടാണ് യേശുവിന്‍റെ വധശിക്ഷനടപ്പാക്കുന്നതിന് ഔദ്യോഗികമായി ചുമതലപ്പെട്ടിരുന്ന ശതാധിപനെ വിളിച്ചു അദ്ദേഹം അന്വേഷിക്കുന്നത്. യേശു മരിച്ചുവെന്ന് റോമന്‍ ശതാധിപന്‍ റോമന്‍ ഗവണ്ണര്‍ക്ക് ഔദ്യോഗികമായ സ്ഥിരീകരണം നല്കി. യേശു മരിച്ചില്ലെന്നും കുരിശില്‍ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നുവെന്നുമുള്ള വാദങ്ങളുടെ മുനയൊടിക്കുന്നതാണ് ഈ സുവിശേഷഭാഗം.
രാജ്യദ്രോഹക്കുറ്റത്തിനു ക്രൂശിക്കപ്പെട്ടയൊരാളുടെ മൃതദേഹം അടുത്ത ബന്ധുക്കള്‍ക്കു മാത്രമേ വിട്ടുകൊടുക്കാറുള്ളൂ. ജറുസലെം നഗരത്തിനു ചുറ്റുമുള്ള പ്രദേശം വിശാലമായ സെമിത്തേരിയായാണ് അറിയപ്പെട്ടിരുന്നത്. ചുണ്ണാമ്പുകല്ലില്‍ ഗുഹപോലെ വെട്ടിയുണ്ടാക്കിയതായിരുന്നു യേശുവിന്‍റെ കല്ലറ. വൃത്താകൃതിയിലുള്ള ഒരു കല്ല് ഉരുട്ടിക്കൊണ്ടാണ് ഗുഹാമുഖം അടയ്ക്കുന്നത്. സാധാരണഗതിയില്‍ മൃതശരീരങ്ങള്‍ ഒരു വര്‍ഷത്തോളം അഴുകാനായി ആ കല്ലറയില്‍ സൂക്ഷിക്കും. തുടര്‍ന്ന് അസ്ഥികള്‍ ശേഖരിച്ച് അസ്ഥികള്‍ സൂക്ഷിക്കുന്ന സ്ഥലത്ത് നിക്ഷേപിക്കും. ഇതായിരുന്നു യഹൂദരുടെ പതിവ്.
15:47, ഈ രണ്ടു സ്ത്രീകളും യേശുവിന്‍റെ മരണത്തിന്‍റെ സാക്ഷികളായിരുന്നു (15:40). ഇപ്പോള്‍ അവര്‍ യേശുവിനെ സംസ്കരിച്ച സ്ഥലവും കണ്ടു. യേശുവിനെ സംസ്കരിച്ച സ്ഥലം ഈ സ്ത്രീകള്‍ കണ്ടുവെന്ന പ്രസ്താവന വളരെ പ്രധാനപ്പെട്ടതാണ്. കാരണം ഞായറാഴ്ച രാവിലെ ഇവരിലൊരാളായ മഗ്ദലേനമറിയം സലോമിയുമായി യേശുവിന്‍റെ കല്ലറയിലേയ്ക്കുതന്നെയാണു പോയതെന്നും അവര്‍ക്ക് കല്ലറ മാറിപ്പോയിട്ടില്ലെന്നും ഈ വാക്യം വായനക്കാര്‍ക്ക് ഉറപ്പുനല്കുന്നു.
വിചിന്തനം: യേശുവിന്‍റെ സാബത്തു വിശ്രമം: യഹൂദരെ സംബന്ധിച്ചിടത്തോളം ശനിയാഴ്ച വളരെ പ്രധാനപ്പെട്ട ദിവസമാണ്, കാരണം അത് സാബത്തു ദിവസമാണ്, വിശ്രമിക്കേണ്ട ദിനം. ദുഃഖവെള്ളിയ്ക്കു ശേഷമുള്ള ശനി ക്രൈസ്തവരെ സംബന്ധിച്ച് "വലിയ ശനി" യാണ്. കാരണം, അത് അവരുടെ നാഥനായ ഈശോ തന്‍റെ മരണശേഷം കല്ലറയില്‍ വിശ്രമിച്ച ദിനമാണ്. ആറുദിവസത്തെ സൃഷ്ടികര്‍മ്മത്തിനുശേഷം ഏഴാം ദിവസം ദൈവം വിശ്രമിച്ചതുപോലെ തന്‍റെ രക്ഷാകര കര്‍മ്മത്തിനുശേഷം, മനുഷ്യവംശത്തിന്‍റെ പുനഃസൃഷ്ടിയ്ക്കുശേഷം, യേശുവും വിശ്രമിച്ചു.
"പാതാളങ്ങളിലിറങ്ങി" എന്ന പ്രയോഗംകൊണ്ടാണ് ദുഃഖ ശനിയുടെ രഹസ്യത്തെ ശിഷ്യന്മാരുടെ വിശ്വാസപ്രമാണം അനാവരണം ചെയ്യുന്നത്.പഴയനിയമ കാഴ്ചപ്പാടനുസരിച്ച് നീതിമാന്മാരും അല്ലാത്തവരുമായ എല്ലാവരും മരണശേഷം എത്തുന്ന സ്ഥലമാണ് പാതാളം. അതുകൊണ്ട് അവിടെ ശിഷ്ടര്‍ക്കും ദുഷ്ടര്‍ക്കും തമ്മില്‍ വ്യത്യാസമില്ലെന്ന് അര്‍ത്ഥമില്ല. നീതിമാന്മാര്‍ പാതാളത്തില്‍ അബ്രാഹത്തിന്‍റെ മടിയില്‍ ആശ്വസിക്കുമ്പോള്‍, ദുഷ്ടര്‍ അവിടെ പീഡനങ്ങള്‍ക്കിരയാകുന്നു (ലൂക്കാ 16:23).
യേശു പാതാളങ്ങളിലിറങ്ങി എന്നു പ്രഖ്യാപിക്കുന്നതുവഴി രണ്ടു കാര്യങ്ങളാണ് സഭ പഠിപ്പിക്കുന്നത്: ഒന്ന്, യേശു യഥാര്‍ത്ഥത്തില്‍ മരിക്കുകയും (അവന്‍ കുരിശിലും കല്ലറയിലും മയങ്ങിക്കിടക്കുകയായിരുന്നില്ല) എല്ലാ മരിച്ചവരെയുംപോലെ അവന്‍റെ ശരീരം കല്ലറയില്‍ കിടന്നപ്പോള്‍ അവന്‍റെ ആത്മാവ് പാതാളത്തിലെത്തുകയും ചെയ്തു. എങ്കിലും ഒരു വ്യത്യാസമുണ്ട്. യേശു പാതാളത്തിലെത്തിയത് മരിച്ച മറ്റു മനുഷ്യരെപ്പോലെയല്ല, മരിച്ചവരുടെയും രക്ഷകനായിട്ടാണ്. മിശിഹായെ പ്രതീക്ഷിച്ചു പാതാളത്തില്‍ കഴിഞ്ഞിരുന്ന എല്ലാ നീതിമാന്മാരുടെയും വിമോചകനായിട്ടാണ് അവിടുന്ന് പാതാളത്തിലെത്തിയത്. മരിച്ചവര്‍ ദൈവപുത്രന്‍റെ ശബ്ദം കേള്‍ക്കുകയും അതു കേള്‍ക്കുന്നവര്‍ ജീവിക്കുകയും ചെയ്യുമെന്ന് (യോഹ 5:25) യേശു വാഗ്ദാനം ചെയ്തിരുന്നല്ലോ. തന്‍റെ വാഗ്ദാനമനുസരിച്ച് യേശു അവരെയെല്ലാം ഉയിര്‍പ്പിച്ചു. അതിനര്‍ത്ഥം യേശുവിന്‍റെ ഉയിര്‍പ്പിനുമുമ്പുതന്നെ നീതിമാന്മാരെ അവന്‍ ഉയിര്‍പ്പിച്ചുവെന്നാണ്. മരിച്ചവരുടെ ഉയിര്‍പ്പ് യേശുവിന്‍റെ മരണത്തിന്‍റെ രക്ഷാകരഫലമാണ് എന്ന സത്യമാണ് ഇതു നമ്മെ പഠിപ്പിക്കുന്നത്. തന്‍റെ മരണത്തിലൂടെയാണ്, ഉയിര്‍പ്പിലൂടെയല്ല യേശു മനുഷ്യവംശത്തെ വീണ്ടെടുത്തത് എന്നു ചുരുക്കം. ഇതേ സത്യം തന്നെയാണ് മത്തായി 27:52ഉം അനാവരണം ചെയ്യുന്നത്: (യേശു മരിച്ചപ്പോള്‍) "നിദ്ര പ്രാപിച്ച പല വിശുദ്ധന്മാരുടെയും ശരീരങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടു."
യേശു പാതാളങ്ങളിലിറങ്ങി എന്നതിന്‍റെ രണ്ടാമത്തെ അര്‍ത്ഥം യേശുവിന്‍റെ മരണത്തിന്‍റെ ഫലങ്ങള്‍ സ്ഥലകാലങ്ങള്‍ക്ക് അതീതമാണ് എന്നാണ്. യേശുവിന്‍റെ ജനനത്തിനുമുമ്പേ മരിച്ചവരും യേശുവിന്‍റെ മരണത്തിനുശേഷം ജനിക്കാനിരിക്കുന്നവരും എന്നുവേണ്ട എല്ലാക്കാലത്തെയും എല്ലാ മനുഷ്യരെയും പുല്കുന്നതാണ് യേശുവിന്‍റെ മരണത്തിന്‍റെ രക്ഷാകരഫലങ്ങള്‍. അതുകൊണ്ടാണ്, മരണമടഞ്ഞവരോടുപോലും സുവിശേഷം പ്രസംഗിക്കപ്പെട്ടു (1 പത്രോസ് 4:6) എന്ന് പത്രോസ് പ്രഖ്യാപിച്ചത്.
The Gospel of Mark of Jesus Funeral (15: 42-47) Dr. Jacob Chanikuzhi catholic malayalam gospel of mark Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206