We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Jacob Chanikuzhi On 04-Feb-2021
ചരിത്രവസ്തുതകളും ഏശയ്യാ പ്രവാചകന്‍റെ ഗ്രന്ഥത്തിലെ സഹന ദാസനെക്കുറിച്ചുള്ള വിവരണങ്ങളും വിലാപസങ്കീര്‍ത്തനങ്ങളില്‍ നിന്നുള്ള ബിംബങ്ങളുമൊക്കെ ഉപയോഗിച്ചു സൃഷ്ടിച്ചിരിക്കുന്ന വിവരണമാണ് പീലാത്തോസിന്‍റെ മുമ്പിലുള്ള വിചാരണയുടേത്.
15:1, സാന്‍ഹെദ്രിന്‍ സംഘത്തിന്‍റെ രണ്ടാമത്തെ ഔദ്യോഗിക സമ്മേളനമാണിതെന്ന സൂചനയാണ് ഈ വാക്യം നല്കുന്നത്. സാന്‍ ഹെദ്രിനിലെ ഏതാണ്ട് എല്ലാ അംഗങ്ങളും തന്നെ ഈ സമ്മേളനത്തില്‍ ഹാജരായിരുന്നു. ആദ്യത്തെ സാന്‍ഹെദ്രിന്‍ സമ്മേളനത്തില്‍ (14:53-65) ദൈവദൂഷണക്കുറ്റമാണ് ആരോപിച്ചതെങ്കില്‍ രണ്ടാമത്തെ സമ്മേളനത്തില്‍ രാജ്യദ്രോഹക്കുറ്റമാണ് ആരോപിച്ചതെന്നു കരുതണം. 15:1 ല്‍ ഇതു വ്യക്തമല്ലെങ്കിലും 15:2 ലെ പീലാത്തോസിന്‍റെ ചോദ്യത്തില്‍നിന്ന് ഇതു വ്യക്തമാണ്. ദൈവദൂഷണക്കുറ്റത്തിന്‍റെ പേരില്‍ റോമന്‍ ഭരണാധികാരിയായ പീലാത്തോസ് യേശുവിന് വധശിക്ഷ നല്‍കാന്‍ സാധ്യതയില്ലാത്തതുകൊണ്ടാകാം പീലാത്തോസിന്‍റെ ദൃഷ്ടിയില്‍ ഗൗരവകരമായ രാജ്യദ്രോഹക്കുറ്റം യേശുവിന്‍റെമേല്‍ സാന്‍ഹെദ്രിന്‍ ആരോപിച്ചത്. യേശു തന്‍റെ പരസ്യജീവിതകാലത്ത് എന്താകാനാണോ വിസമ്മതിച്ചത് (യോഹ 6:15) അതിന്‍റെ പേരില്‍ത്തന്നെയാണ് കുറ്റാരോപിതനാകുന്നതെന്നത് വലിയ വിരാധാഭാസമാണ്. രാവിലെ കൂടിയ സാന്‍ഹെദ്രിന്‍ സമ്മേളനത്തിനുശേഷം യേശുവിനെ പീലാത്തോസിനെ ഏല്‍പ്പിക്കാനാണ് തീരുമാനിച്ചത്. യേശുവിനെ അപകടകാരിയായ ഒരു കുറ്റവാളിയായി അവതരിപ്പിക്കാനാണ് ബന്ധിച്ചുകൊണ്ട് പോകുന്നത്.
എ.ഡി. 26 മുതല്‍ 36 വരെ യൂദായിലെ പ്രൊക്കുറേറ്റര്‍ ആയിരുന്നു പീലാത്തോസ്. നീതി നിര്‍വ്വഹിക്കാന്‍ താല്പര്യമുള്ളവനായും ജനഹിതത്തെ മാനിക്കുന്നവനുമായാണു സുവിശേഷകന്‍ പീലാത്തോസിനെ ചിത്രീകരിക്കുന്നതെങ്കിലും ചരിത്രരേഖകളില്‍ ക്രൂരനും മര്‍ക്കടമുഷ്ടിക്കാരനുമായാണ് പീലാത്തോസ് കാണപ്പെടുന്നത്. യഹൂദമതനിയമങ്ങള്‍ക്കു നിരക്കാത്ത കൊടിക്കൂറകളുമായി റോമന്‍പട്ടാളക്കാര്‍ ജറുസലെമില്‍ പ്രവേശിച്ചപ്പോള്‍ അതിനെതിരേ യഹൂദര്‍ പീലാത്തോസിന്‍റെ കേസറിയായിലെ കൊട്ടാരത്തിനുമുമ്പില്‍ അഞ്ചുദിവസം പ്രതിഷേധമിരുന്നു. കൊല്ലുമെന്നുള്ള പട്ടാളഭീഷണിക്കു മുന്നിലും ജനം പിന്തിരിഞ്ഞില്ല. ജനം മരിക്കാന്‍ തയ്യാറായിട്ടാണിരിക്കുന്നതെന്നു ബോദ്ധ്യമായപ്പോഴാണ് പീലാത്തോസ് പ്രകോപനപരമായ കൊടിക്കൂറകള്‍ പിന്‍വലിക്കാന്‍ തയ്യാറായത്. മറ്റൊരവസരത്തില്‍ ജറുസലെം ദേവാലയത്തിലെ പണം ബലപ്രയോഗത്തിലൂടെ കൈവശപ്പെടുത്തിയ പീലാത്തോസിനെതിരേ കലാപം നടത്തിയ യഹൂദരെ അടിച്ചുകൊല്ലാന്‍ ഗദകളുമായി റോമന്‍ സൈന്യത്തെ വേഷപ്രച്ഛന്നരായി കലാപകാരികള്‍ക്കിടയിലേക്ക് പീലാത്തോസ് നിയോഗിച്ചു. പട്ടാളക്കാരുടെ അടിയേറ്റും, രക്ഷപെടാനുള്ള ജനക്കൂട്ടത്തിന്‍റെ പരിശ്രമത്തിനിടയില്‍വീണ് ചവിട്ടിയരയ്ക്കപ്പെട്ടും നിരവധി യഹൂദരാണ് അന്ന് മരിച്ചത്. ഈ ചരിത്ര വസ്തുതകള്‍ വച്ചുനോക്കുമ്പോള്‍ യേശുവിനെ വധിക്കുന്നതിന് പീലാത്തോസിന് അല്പം പോലും മനശ്ചാഞ്ചല്യം ഉണ്ടായിക്കാണാന്‍ വഴിയില്ല. യേശുവിനോട് അനുകമ്പയേക്കാള്‍ അവജ്ഞയായിരിക്കണം പീലാത്തോസിനു തോന്നിയിട്ടുണ്ടാവുക. പീലാത്തോസിന്‍റെ ആസ്ഥാനം കേസറിയാ മരീറ്റീമാ ആയിരുന്നെങ്കിലും പെസഹാത്തിരുനാള്‍ കാലത്ത് അദ്ദേഹം ജറുസലേമില്‍ വരുമായിരുന്നു. ജനങ്ങള്‍ കലാപം ഉണ്ടാക്കുന്നത് തടയുക എന്നതായിരുന്നു ഈ സന്ദര്‍ശനത്തിന്‍റെ ഉദ്ദേശ്യം. ജറുസലേമില്‍ വരുമ്പോള്‍ പട്ടണത്തിന്‍റെ വടക്കുപടിഞ്ഞാറുള്ള ഹേറോദേസിന്‍റെ കൊട്ടാരത്തിലോ, ദേവാലയത്തിന്‍റെ വടക്കുപടിഞ്ഞാറുള്ള അന്തോണിയോ കൊട്ടാരത്തിലോ ആണ് പീലാത്തോസ് താമസിച്ചിരുന്നത്.
15:2, റോമന്‍ നിയമമനുസരിച്ച് പീലാത്തോസിന് യേശുവിന്‍റെമേല്‍ പൂര്‍ണ്ണമായ അധികാരം ഉണ്ടായിരുന്നു. യേശുവിന്‍റേതുപോലുള്ള വിചാരണകള്‍ സാധാരണഗതിയില്‍ പരസ്യമായാണ് നടത്തിയിരുന്നത്. ആദ്യം വാദികള്‍ പ്രതിയ്ക്കെതിരായി ആരോപണങ്ങള്‍ ഉന്നയിക്കും. പിന്നെ ന്യായാധിപന്‍ പ്രതിക്കു ബോധിപ്പിക്കാനുള്ളത് ശ്രവിക്കും. തുടര്‍ന്ന് സാക്ഷികളുടെ മൊഴികള്‍ പരിശോധിക്കും. അതിനുശേഷം ന്യായാധിപന്‍ തന്‍റെ നിയമോപദേശകരുടെ അഭിപ്രായമാരാഞ്ഞതിനുശേഷം വിധി പ്രസ്താവിക്കും. ഉടനെ തന്നെ ശിക്ഷനടപ്പാക്കുകയും ചെയ്യും. "നീ യഹൂദരുടെ രാജാവാണോ" എന്ന പീലാത്തോസിന്‍റെ ചോദ്യം യഹൂദര്‍ യേശുവിനെതിരേ ഉന്നയിച്ച ആരോപണം എന്തായിരുന്നുവെന്നു വ്യക്തമാക്കുന്നു. മിശിഹായെ ഒരു രാജാവായാണ് ഇസ്രായേല്‍ ജനം പ്രതീക്ഷിച്ചിരുന്നത്. അതുകൊണ്ട് താന്‍ മിശിഹായാണെന്ന യേശുവിന്‍റെ പ്രഖ്യാപനം താന്‍ രാജാവാണെന്ന പ്രഖ്യാപനത്തിനു തുല്യമാണെന്ന് യഹൂദര്‍ പീലാത്തോസിനെ ബോദ്ധ്യപ്പെടുത്തിയിട്ടുണ്ടാവണം. രാജാവാണെന്ന് അവകാശപ്പെടുന്നത് സീസറിന്‍റെ അധികാരത്തെ ചോദ്യം ചെയ്യുന്ന ഗൗര വമായ രാജ്യദ്രോഹക്കുറ്റമാണ്. "നീ തന്നെ പറയുന്നു" വെന്നത് സമ്മതം പ്രകടിപ്പിക്കുന്ന പ്രയോഗമാണ് (ലൂക്കാ 22:70-71). താന്‍ രാജാവാണെന്ന് യേശു സമ്മതിക്കുന്നു. എന്നാല്‍ അത് പീലാത്തോസ് ഭയക്കുന്ന തരത്തിലുള്ള രാജാവല്ല (മത്താ 27:2). പീലാത്തോസ് യേശുവിന്‍റെ രാജത്വത്തെക്കുറിച്ച് ദീര്‍ഘമായി അന്വേഷിച്ചതിനുശേഷം യേശു നിരപരാധിയാണെന്നു പ്രഖ്യാപിക്കുന്നതായി യോഹന്നാനില്‍ നാം കാണുന്നു (യോഹ 18:34-38).
15:3-5, പ്രധാനപുരോഹിതന്മാര്‍, സാന്‍ഹെദ്രിനുവേണ്ടി, യേശുവിനുമേല്‍ ആരോപിച്ച കുറ്റങ്ങളില്‍ ചിലത് ലൂക്കാ രേഖപ്പെടുത്തുന്നുണ്ട് (ലൂക്കാ 23:2). താന്‍ ആരാണെന്ന് പീലാത്തോസിനോട് യേശു പറയേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. യേശു ആരാണെന്ന് - യൂദന്മാരുടെ രാജാവ് - പീലാത്തോസുതന്നെ കുരിശിന്‍റെ മുകളില്‍ എഴുതിവയ്ക്കാനിരിക്കുകയാണല്ലോ. പുരോഹിതരുടെ നിരന്തരമായുള്ള കുറ്റാരോപണങ്ങളും യേശുവിന്‍റെ നിശബ്ദതയും (ഏശ 53:7; സങ്കീ 38:13-15) തമ്മിലുള്ള വൈരുദ്ധ്യം വായനക്കാരന്‍ ശ്രദ്ധിക്കാതിരിക്കുകയില്ല. പീലാത്തോസ് ഈശോയെ ഹേറോദേസ് അന്തിപ്പാസിന്‍റെയടുത്തയച്ചുവെന്ന് ലൂക്കാമാത്രമാണ് രേഖപ്പെടുത്തുന്നത് (ലൂക്കാ 23:6-12). പ്രതി തനിക്കെതിരേയുള്ള ആരോപണത്തെ ഖണ്ഡിക്കുന്നില്ലെങ്കില്‍ അയാളെ അതിനാല്‍ത്തന്നെ കുറ്റവാളിയായി വിധിക്കാന്‍ റോമന്‍ നിയമം വ്യവസ്ഥചെയ്തിരുന്നുവെന്ന് ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നുണ്ട്. തന്‍റെ മൗനം, തന്നെ കുറ്റവാളിയായി വിധിക്കുന്നതിനു കാരണമാകുമെന്നറിഞ്ഞിട്ടും യേശു മൗനം പാലിച്ചതാകാം പീലാത്തോസിനെ വിസ്മയിപ്പിച്ചത്. ബറാബ്ബാസിനെയാണോ യേശുവിനെയാണോ വിട്ടുതരേണ്ടതെന്ന് ജനക്കൂട്ടത്തോട് ആരായുന്നത് യേശുവിനെ കുറ്റവാളിയായി പീലാത്തോസ് അംഗീകരിച്ചുവെന്നതിന്‍റെ സൂചനയാണ്.
15:6, തിരുനാളുകളോടനുബന്ധിച്ചു രാഷ്ട്രീയത്തടവുകാര്‍ക്ക് പൊതു മാപ്പുനല്‍കുന്ന സമ്പ്രദായം നിലവിലുണ്ടായിരുന്നുവെന്ന് ഈ വാക്യം സൂചിപ്പിക്കുന്നു. എന്നാല്‍ പുതിയ നിയമത്തിനുവെളിയില്‍ ഇതിനു തെളിവുകളൊന്നുമില്ല. അന്യായമായി ഭരണം കയ്യാളുന്നവര്‍ തങ്ങളുടെ എതിരാളികളെ തടവിലാക്കുക സ്വാഭാവികമാണല്ലോ. അധിനിവേശക്കാരായ റോമാക്കാരോട് യഹൂദര്‍ക്കുള്ള വെറുപ്പുകുറയ്ക്കുന്നതിനും പരസ്പരബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുംവേണ്ടിയാണ് പീലാത്തോസ് ജനം ആവശ്യപ്പെടുന്ന തടവുകാരനെ വിട്ടയയ്ക്കുന്ന പതിവ് തുടര്‍ന്നിരുന്നത്.
15:7, ബറാബ്ബാസ് എന്ന വാക്കിന്‍റെ അര്‍ത്ഥം അപ്പന്‍റെ മകന്‍ എന്നാണ്. അയാള്‍ ഒരു വിപ്ലവകാരിയും വിപ്ലവത്തിനിടയില്‍ കൊലപാതകം നടത്തിയിട്ടുള്ളയാളുമാണ്. റോമാക്കാര്‍ ഏറ്റവുമധികം ഭയപ്പെടേണ്ടിയിരുന്ന വിഭാഗത്തില്‍പ്പെട്ടയാള്‍. എന്നാല്‍, യഹൂദര്‍ ബറാബ്ബാസിനെ ഒരു സ്വാതന്ത്ര്യ സമര പോരാളിയായിട്ടായിരിക്കണം വീക്ഷിച്ചിരുന്നത്.
15:8, ഒരു ജനക്കൂട്ടം തന്നെയാണ് പതിവുള്ള ആനുകൂല്യത്തിന് അപേക്ഷിക്കാനായി പീലാത്തോസിന്‍റെ അടുത്തെത്തുന്നത്. അവര്‍ യേശുവിന്‍റെ വിചാരണയെക്കുറിച്ച് അറിഞ്ഞുവന്നതാണെന്നതിന്‍റെ സൂചനയൊന്നും ഈ വാക്യത്തിലില്ല.
15:9-10, യഹൂദരുടെ രാജാവ് എന്ന പീലാത്തോസിന്‍റെ പ്രയോഗം യേശുവിനെ പുച്ഛിച്ചുകൊണ്ടുള്ളതാണ്. റോമിനോടുള്ള വിശ്വസ്തത കൊണ്ടൊന്നുമല്ല പുരോഹിതന്മാര്‍ യേശുവിനെ തനിക്കേല്പിച്ചുതന്നതെന്നും പീലാത്തോസ് മനസ്സിലാക്കിയിരുന്നു. നിരപരാധിയെന്നു താന്‍ കരുതുന്നയാളെ മോചിപ്പിക്കാന്‍ ജനക്കൂട്ടം ആവശ്യപ്പെട്ടാല്‍ അതിലൂടെ പുരോഹിതരെ നിരാശപ്പെടുത്താമെന്ന് പീലാത്തോസ് കണക്കൂകൂട്ടി. ബറാബ്ബാസിനെപ്പോലുള്ള കൊടും കുറ്റവാളിയെ തടവില്‍ സൂക്ഷിക്കാനും അതുവഴി സാധിക്കും. യേശുവിനു ജനങ്ങളുടെയിടയില്‍ കൂടുതല്‍ സ്വാധീനമുണ്ടെന്ന് പീലാത്തോസ് കരുതിയിരിക്കണം.
15:11, ജനക്കൂട്ടത്തില്‍ കുറേപ്പേര്‍ ജറുസലേം നിവാസികളും ബാക്കിയുള്ളവര്‍ മറ്റു സ്ഥലങ്ങളില്‍നിന്നു തിരുനാളിനെത്തിയവരുമായിരിക്കണം. ജനക്കൂട്ടം പ്രധാനപുരോഹിതരുടെ പ്രേരണയ്ക്കു വഴങ്ങാന്‍ പലകാരണങ്ങളുണ്ട്. ഒന്നാമതായി ബറാബ്ബാസ് യഹൂദരുടെ സ്വാതന്ത്ര്യത്തിനുവേണ്ടി വിപ്ലവം നടത്തി പിടിക്കപ്പെട്ട് തടവില്‍ക്കഴിയുന്നയാളാണ്; യേശു അങ്ങനെയുള്ള നീക്കങ്ങളൊന്നും നടത്തിയിട്ടില്ല. രണ്ടാമതായി വിദേശഭരണാധികാരിയായ പീലാത്തോസിനേക്കാള്‍ ജനം അനുസരിക്കാന്‍ സാദ്ധ്യത തങ്ങളുടെതന്നെ നേതാക്കളുടെ വാക്കുകളാണ്.
15:12-14, തങ്ങളുടെ തീരുമാനം യുക്തിസഹമായ പുനഃപരിശോധനയ്ക്കു വിധേയമാക്കണമെന്ന പീലാത്തോസിന്‍റെ അഭ്യര്‍ത്ഥന ജനം കണക്കിലെടുത്തില്ല. യേശുവിനെ കുരിശില്‍ തറയ്ക്കണമെന്നത് ഭ്രാന്തമായ ഒരു ആവേശമായി അവരെ ഗ്രസിച്ചു കഴിഞ്ഞിരുന്നു.
15:15, പീലാത്തോസിന് യഹൂദരുമായി അത്ര നല്ല ബന്ധമല്ല ഉണ്ടായിരുന്നത് (ലൂക്കാ 13:1-2). അതുകൊണ്ട് ഇത് ജനപിന്തുണ തിരികെ പിടിക്കുന്നതിനുള്ള ഒരവസരമായി അദ്ദേഹം കരുതി. തന്‍റെ നീതിബോധം കാറ്റില്‍പ്പറത്തി, ജനങ്ങളെ തൃപ്തിപ്പെടുത്താന്‍വേണ്ടി ബറാബ്ബാസിനെ അയാള്‍ മോചിപ്പിച്ചു. യേശുവിനെ ക്രൂരമായ ചമ്മട്ടിയടിക്ക് വിധേയനാക്കിയാല്‍ ജനം തൃപ്തിപ്പെട്ടു കൊള്ളുമെന്ന് അദ്ദേഹം വിചാരിച്ചുകാണും. യോഹന്നാന്‍റെ സുവിശേഷത്തില്‍ യേശുവിനെ ചമ്മട്ടികൊണ്ടടിപ്പിച്ചശേഷം വിട്ടയക്കാന്‍ പീലാത്തോസ് പരിശ്രമിക്കുന്നതായി നാം കാണുന്നു (യോഹ 19:1-7). വസ്ത്രങ്ങള്‍ ഉരിഞ്ഞ് കൈകള്‍ രണ്ടും തലയ്ക്കുമുകളില്‍ ഒരു തൂണില്‍ കെട്ടിയിട്ടായിരിക്കണം യേശുവിനെ ചമ്മട്ടികൊണ്ടടിച്ചത്. അസ്ഥിക്കഷണങ്ങളോ, ഇരുമ്പുകഷണങ്ങളോ പതിപ്പിച്ചിട്ടുള്ള തുകല്‍ച്ചാട്ട കൊണ്ടടിക്കുമ്പോള്‍ ശരീരത്തില്‍നിന്നു മാംസക്കഷണങ്ങള്‍ ചിതറിത്തെറിക്കുമായിരുന്നു. ചമ്മട്ടിയടിക്കുശേഷം പീലാത്തോസ് യേശുവിനെ ക്രൂശിക്കാന്‍ ഏല്പിച്ചുകൊടുത്തു. കുരിശില്‍ത്തറച്ച് കൊല്ലുന്നത് റോമന്‍ ശിക്ഷാരീതിയായിരുന്നു. റോമന്‍ പടയാളികളായിരുന്നു ശിക്ഷ നടപ്പാക്കിയിരുന്നത്. യേശുവിന്‍റെ കുരിശുമരണത്തിന്‍റെ നിയമപരമായ ഉത്തരവാദി റോമന്‍ ഗവര്‍ണ്ണറായിരുന്ന പന്തിയോസ് പീലാത്തോസാണ്. സുവിശേഷങ്ങളിലെ വിവരണമനുസരിച്ച് യേശുവിന്‍റെ മരണത്തിന്‍റെ പ്രധാന ഉത്തരവാദികള്‍ യഹൂദമതനേതാക്കളാണ്. പീലാത്തോസ് അവരുടെ നിര്‍ബന്ധ ബുദ്ധിയ്ക്കു വഴങ്ങിക്കൊടുക്കുക മാത്രമാണു ചെയ്യുന്നത്. യേശുവിന്‍റെ മരണത്തില്‍ റോമക്കാര്‍ക്കുള്ളപങ്കിനോടൊപ്പം യഹൂദരുടെ വലിയ പങ്കിനെ ചൂണ്ടിക്കാണിക്കാനുള്ള ആദിമസഭയുടെ താത്പര്യത്തിന്‍റെ പ്രതിഫലനമാകാം സുവിശേഷങ്ങളില്‍ നാം കാണുന്നത്. ആദ്യകാലത്ത് റോമന്‍ അധികാരികളേക്കാള്‍ ശിഷ്യര്‍ക്ക് ഭീഷണിയായി മാറിയതും ശിഷ്യരെ പീഡനങ്ങള്‍ക്കു വിധേയരാക്കിയിരുന്നതും യഹൂദരായിരുന്നു. ഈ പശ്ചാത്തലമാകാം യേശുവിന്‍റെ പീഡകളിലും മരണത്തിലുമുള്ള യഹൂദരുടെ പങ്കിനെ അടിവരയിട്ടുകാണിക്കാന്‍ സുവിശേഷകരെ പ്രേരിപ്പിച്ചത്. ക്രിസ്തുശിഷ്യര്‍ യഹൂദരില്‍നിന്ന് ഇപ്പോള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ അവരുടെ ഗുരുവും കര്‍ത്താവുമായ മിശിഹാ യഹൂദരില്‍നിന്ന് അനുഭവിച്ച പീഡനങ്ങളില്‍നിന്നു വ്യത്യസ്തമല്ല എന്ന് സുവിശേഷകന്‍ ഇതിലൂടെ പഠിപ്പിക്കുന്നു.
തനിക്കു ലഭിച്ച അനവധിയായ കൃപകള്‍ക്കുപകരമായി സീയോന്‍ പുത്രി അവന്‍റെമേല്‍ തിന്മകള്‍ വര്‍ഷിച്ചു; പിതാവിന്‍റെ പുത്രനെ അവര്‍ തുപ്പല്‍കൊണ്ട് മലിനമാക്കി (എസെ 16:9 = മര്‍ക്കോ 14:65). പിതാവ് അവളുടെ ശിരസ്സില്‍ മഹത്വത്തിന്‍റെ കിരീടം വച്ചു; അവള്‍ പുത്രന്‍റെ തലയില്‍ മുള്‍ക്കിരീടം ചാര്‍ത്തി (എസെ 16:10.13 = മര്‍ക്കോ 15:17). പിതാവ് അവള്‍ക്ക് മുന്തിയ വീഞ്ഞുനല്‍കി; അവള്‍ പുത്രന് വിനാഗിരിയാണ് നല്‍കിയത് (യോഹ 19:29). അവളുടെ പാദങ്ങളില്‍ ചെരിപ്പുകളണിയിച്ചവനെ അവള്‍ നഗ്നപാദനായി ഗാഗുല്‍ത്തായിലേക്കു നടത്തി (എസെ 16:10 = മര്‍ക്കോ 15:22) (എഫ്രേം).
മനുഷ്യര്‍ക്ക് അനശ്വരതയുടെ വസ്ത്രങ്ങള്‍ നല്‍കുന്നവന്‍റെ വസ്ത്രങ്ങള്‍ ഉരിഞ്ഞെടുക്കപ്പെട്ടു (സിപ്രിയന്‍).
സ്വര്‍ഗ്ഗീയഭക്ഷണം നല്‍കിയവന് മീറ കലര്‍ത്തിയ വീഞ്ഞുകൊടുത്തു; രക്ഷയുടെ കാസ നല്‍കിയവനെ വിനാഗിരി കുടിപ്പിച്ചു. നിഷ്കളങ്കനും നീതിമാനുമായവനെ, അല്ല, നിഷ്കളങ്കതയും നീതിയും തന്നെയായവന്‍ കുറ്റവാളികളോടു കൂടി എണ്ണപ്പെട്ടു. സത്യം കള്ളസാക്ഷ്യങ്ങള്‍കൊണ്ടു മൂടി. ജനത്തിന്‍റെ ക്രൂരത കാണിക്കാന്‍ സൂര്യന്‍ തന്‍റെ മിഴിപൂട്ടി, പ്രകാശം പിന്‍വലിക്കുകയും ചെയ്തു. പരിപൂര്‍ണ്ണക്ഷമ തന്നില്‍ വെളിപ്പെടുത്തേണ്ടതിന് അവസാനംവരെ അവന്‍ നിശബ്ദനായി സഹിച്ചു (സിപ്രിയന്‍).
The Gospel of Mark Judaism and the Roman Trial (15: 1-15) catholic malayalam gospel of mark Dr. Jacob Chanikuzhi Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206