We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Jacob Chanikuzhi On 04-Feb-2021
മര്‍ക്കോസ് സുവിശേഷകന്‍ ഉപയോഗിക്കുന്ന ഒരു രചനാ സങ്കേതമാണ് സാന്‍വിച്ച് (sandwich technique). ഒരു സംഭവത്തിന്‍റെ വിവരണത്തിനിടയ്ക്ക് മറ്റൊരു സംഭവം വിവരിക്കുന്ന രീതിയാണിത്. അതായത് ഒരു സംഭവത്തിന്‍റെ വിവരണം ഇടയ്ക്ക് നിറുത്തിയിട്ട് മറ്റൊരു സംഭവം വിവരിക്കുകയും തുടര്‍ന്ന് ആദ്യ വിവരണത്തിന്‍റെ ബാക്കിഭാഗം വിവരിക്കുകയും ചെയ്യുന്നു. ഈ രചനാസങ്കേതം ഉപയോഗിച്ചിരിക്കുന്ന ഭാഗമാണ് 3:20-35. 3:20-21ല്‍ യേശുവിനെ അവന്‍റെ കുടുബാംഗങ്ങള്‍ തെറ്റിദ്ധരിക്കുന്ന വിവരണത്തിന്‍റെ ആദ്യഭാഗം നാം കാണുന്നു. തുടര്‍ന്ന് നാം കാണുന്നത് യഹൂദമത നേതൃത്വം യേശുവിനെ തെറ്റിദ്ധരിക്കുന്ന ഭാഗമാണ് (22-30) എന്നാല്‍ 31-ാം വാക്യം മുതല്‍ യേശുവിനെ കുടുബാംഗങ്ങള്‍ തെറ്റിദ്ധരിക്കുന്ന ബാക്കിഭാഗമാണ് നാം കാണുന്നത്. ഈ രചനാസങ്കേതം മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ പലയിടത്തും നാം കാണുന്നുണ്ട്. ഉദാ 5:21-43; 6:7-32; 11,12-25; 14,1-11; 14:54-72.
ഈ രണ്ടു കഥകളും പരസ്പരം വ്യാഖ്യാനിക്കാനുള്ള ഉപാധികളായി മാറുന്നു. അതായത് ഒന്നാമത്തെ കഥ രണ്ടാമത്തെ കഥയുടെ അര്‍ത്ഥമെന്തെന്നു വ്യക്തമാക്കുന്നു. അതുപോലെ രണ്ടാമത്തെത് ഒന്നാമത്തെതിന്‍റെയും. യേശുവിനെക്കുറിച്ച് യേശുവിന്‍റെ കുടുബാംഗങ്ങള്‍ക്കിടയില്‍ തന്നെയുള്ള അഭിപ്രായവ്യത്യാസം മുതലെടുത്ത് യേശുവിനെതിരെ അതീവഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് ജനക്കൂട്ടത്തെ യേശുവിനെതിരെ തിരിക്കാനുള്ള മതനേതൃത്വത്തിന്‍റെ ശ്രമമാണ് നാമിവിടെ കാണുന്നത്.
യേശുവിന്‍റെ ജനപ്രീതിയെ പരാമര്‍ശിച്ചുകൊണ്ടാണ് ഈ രംഗം ആരംഭിക്കുന്നത്. അല്പംപോലും വിശ്രമിക്കാന്‍ സാധിക്കാത്ത തരത്തില്‍ ജനങ്ങള്‍ യേശുവിന്‍റെ സഹായം തേടിയെത്തിക്കൊണ്ടിരുന്നു. യേശുവിനെക്കുറിച്ച് ജനങ്ങള്‍ക്ക് അത്രമാത്രം മതിപ്പായിരുന്നുവെന്നാണല്ലോ അതിന്‍റെ അര്‍ത്ഥം. എന്നാല്‍ ഈ ജനവികാരത്തിന് കടക വിരുദ്ധമായ പ്രതികരണമാണ് യേശുവിന് തന്‍റെ കുടുബാംഗങ്ങളില്‍ നിന്ന് ലഭിച്ചത്. അവര്‍ക്ക് യേശുവിനെക്കുറിച്ച് യാതൊരുമതിപ്പും ഉണ്ടായിരുന്നില്ല എന്നു മാത്രമല്ല അവനെക്കുറിച്ച് മടുപ്പിക്കുന്ന കിംവദന്തികളാണ് അവര്‍ കേട്ടുകൊണ്ടിരുന്നത്. "സ്വന്തക്കാരെ"ന്ന വാക്കിന് കുടുബാംഗങ്ങള്‍ എന്നാണര്‍ത്ഥം. യേശുവിന് സുബോധം നഷ്ടപ്പെട്ടു എന്ന വാര്‍ത്തയാണ് അവര്‍ കേട്ടത്. അവര്‍ അത് വിശ്വസിച്ചു. സുബോധം നഷ്ടപ്പെട്ട വ്യക്തികളെ വിളിച്ചുകൊണ്ടുപോകാന്‍ പറ്റില്ലല്ലോ. അതു കൊണ്ട് "പിടിച്ചു കൊണ്ടുപോകണ"മെന്ന് അവര്‍ കരുതി. ബലമായി പിടിച്ചുകൊണ്ടുപോകുക എന്നര്‍ത്ഥമുള്ള ക്രത്തേസായി എന്ന ഗ്രീക്കു വാക്കാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. പിടിച്ചുകൊണ്ടുപോകാന്‍ തയ്യാറായി അവര്‍ നസ്രത്തില്‍നിന്ന് പുറപ്പെട്ടു. പക്ഷെ അവര്‍ യേശുവിന്‍റെ അടുത്ത് എത്തുന്നതിനുമുമ്പുതന്നെ വേറൊരു സംഘം യേശുവിന്‍റെ അടുത്ത് എത്തിക്കഴിഞ്ഞു - ജറുസലെമില്‍നിന്നുവന്ന നിയമജ്ഞര്‍. നിയമജ്ഞര്‍ യഹൂദരുടെ ഇടയിലെ ദൈവശാസ്ത്രജ്ഞരാണ്. ജറുസലെം യഹൂദമതത്തിന്‍റെ തലസ്ഥാനവും. ജറുസലെമില്‍നിന്നു വന്ന നിയമജ്ഞര്‍, യേശുവിന്‍റെ അത്ഭുതപ്രവൃത്തികളെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ഔദ്യോഗികസംഘമാണ്. അവര്‍ അന്വേഷണം നടത്തി എത്തിയ നിഗമനം "അവനെ ബേല്‍സെബൂല്‍ ആവേശിച്ചിരിക്കുന്നു, പിശാചുക്കളുടെ തലവനെക്കൊണ്ടാണ് അവന്‍ പിശാചുക്കളെ പുറത്താക്കുന്നത്" എന്നായിരുന്നു.
ബേല്‍സെബൂല്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം അവ്യക്തമാണ്. സോളമന്‍റെ നിയമം 3:1-6 (Testament of Solomon) ബേല്‍സെബൂല്‍ അശുദ്ധാത്മാക്കളുടെ തലവനാണ്. സാത്താന്‍ എന്ന വാക്കിന് കുറ്റം വിധിക്കുന്നവന്‍, എതിരാളി എന്നാണര്‍ത്ഥം (ജോബ് 1-2). ദുരാത്മാക്കളുടെ മേല്‍ അധികാരം ദൈവത്തിനും സാത്താനുമാണല്ലോ. ദൈവത്തിന്‍റെ ശക്തികൊണ്ടാണ് യേശു പിശാചുക്കളെ പുറത്താക്കുന്നത് എന്ന് സമ്മതിക്കാന്‍ ഈ അന്വേഷണസംഘം ഒരുക്കമായിരുന്നില്ല. അതുകൊണ്ട് സാത്താന്‍റെ ശക്തി ഉപയോഗിച്ചാണ് യേശു പിശാചുക്കളെ പുറത്താക്കുന്നത് എന്ന് അവര്‍ പ്രഖ്യാപിച്ചു.
നിയമജ്ഞരുടെ ആരോപണത്തെ യേശു ചോദ്യംചെയ്യുന്നു - സാത്താന്‍ എങ്ങനെയാണ് സാത്താനെ പുറത്താക്കാന്‍ കഴിയുക ? തുടര്‍ന്ന് മൂന്ന് ഉപമകളിലൂടെ അവരുടെ ആരോപണത്തെ യേശു ഖണ്ഡിക്കുന്നു - അന്തച്ഛിദ്രമുള്ള ഭവനം, രാജ്യം, സാത്താന്‍റെ സാമ്രാജ്യം. അന്തച്ഛിദ്രമുള്ള ഭവനവും രാജ്യവും നിലനില്‍ക്കുകയില്ലല്ലോ. അന്തച്ഛിദ്രമുള്ള രാജ്യത്തെയും ഭവനത്തെയുംക്കുറിച്ചുള്ള യേശുവിന്‍റെ വാക്കുകള്‍ ശ്രോതാക്കളുടെ മനസ്സില്‍ ഹേറോദേസിന്‍റെ കുടുംബത്തെയും രാജ്യത്തെയും ഓര്‍മ്മിപ്പിച്ചിട്ടുണ്ടാവണം. ഭാര്യമാരെയും മക്കളെയുംപോലും കൊല്ലാന്‍ മടിക്കാതിരുന്ന ഹേറോദേസിന്‍റെ മരണത്തോടെ അദ്ദേഹത്തിന്‍റെ രാജ്യവും വിഭജിതമായി. ഹേറോദേസ് അന്തിപ്പാസ് തന്‍റെ ഭാര്യയെ വിവാഹമോചനം ചെയ്തത് അമ്മായി അപ്പനായ നബെത്തയാ രാജാവുമായുള്ള യുദ്ധത്തിനും തുടര്‍ന്ന് അന്തിപ്പാസിന്‍റെ നാടുകടത്തലിനും കാരണമായി. റോമുമായുള്ള യുദ്ധത്തില്‍ എ.ഡി 70 ല്‍ യഹൂദര്‍ പരാജയപ്പെട്ടതിന്‍റെ ഒരു കാരണം പാളയത്തിലെ പടയായിരുന്നല്ലോ. സാത്താന്‍ തന്‍റെതന്നെ ആജ്ഞാനുവര്‍ത്തികളായ അശുദ്ധാത്മാക്കള്‍ക്കെതിരായി തിരിഞ്ഞാല്‍ അത് സാത്താന്‍റെ സാമ്രാജ്യത്തിന്‍റെ നാശത്തിനെ വഴിതെളിക്കൂ. അപ്രകാരമൊരു കാര്യം ചെയ്യാന്‍ സാത്താന്‍ തയ്യാറാകുകയില്ലല്ലോ. നിയമജ്ഞരുടെ നിഗമനത്തിന്‍റെ യുക്തിഭദ്രതയെയാണ് യേശു ഇവിടെ ചോദ്യംചെയ്യുന്നത്. തുടര്‍ന്ന് താനെങ്ങനെയാണ് പിശാചുക്കളെ പുറത്താക്കുന്നത് എന്ന് യേശു വിശദീകരിക്കുന്നു, ശക്തനായവന്‍റെ ഉപമയിലൂടെ.
"ശക്തനായ ഒരുവന്‍റെ ഭവനത്തില്‍ പ്രവേശിച്ച് വസ്തുക്കള്‍ കവര്‍ച്ച ചെയ്യണമെങ്കില്‍ ആദ്യമേ അവനെ ബന്ധിക്കണം. അതിനുശേഷമേ കവര്‍ച്ച നടത്താന്‍കഴിയൂ"(3:27). ശക്തനായ സാത്താനെ ബന്ധിച്ചിട്ടാണ് അവന്‍റെ കവര്‍ച്ച വസ്തുക്കളായ മനുഷ്യരെ യേശു മോചിപ്പിച്ചത്. എന്നെക്കാള്‍ ശക്തനായവന്‍ എന്‍റെ പിന്നാലെ വരുന്നു (1:7) എന്ന യോഹന്നാന്‍റെ വചനം ഓര്‍ക്കുക. പിശാചിനെ തോല്പിക്കാനും അവന്‍റെ സാമ്രാജ്യത്തെ തകര്‍ക്കുവാനുമുള്ള യേശുവിന്‍റെ വലിയ ശക്തിയാണ് പിശാചുക്കളെ പുറത്താക്കുന്ന സംഭവങ്ങളില്‍ അനാവൃതമാകുന്നത്. "ശക്തനില്‍നിന്ന് അടിമകളെ വിടുവിക്കുകയും സ്വേച്ഛാധിപതിയില്‍നിന്ന് ഇരയെ രക്ഷിക്കുകയും ചെയ്യുന്ന" (ഏശ 49:25) ദൈവത്തിന്‍റെ ദാസനായി യേശു പ്രവര്‍ത്തിക്കുന്നു. പരിശുദ്ധാത്മാവിനെതിരേയുള്ള പാപം: ഒരു ആമേന്‍ ചൊല്ലോടുകൂടിയാണ് (amen saying) ഈ പാപം പരാമര്‍ശിച്ചിരിക്കുന്നത്. സുവിശേഷത്തില്‍ യേശു മാത്രമാണ് ആമേന്‍ ചൊല്ല് ഉപയോഗിക്കുന്നത്. ഇതിന്‍റെ മറ്റുദാഹരണങ്ങള്‍ 8:12; 9:1,41; 10:15,29; 11:23; 13:30; 14:25,30 എന്നിവയാണ്. മുന്നറിയിപ്പുകളുടെയോ വാഗ്ദാനങ്ങളുടെയോ പശ്ചാത്തലത്തിലാണ് യേശു ഇവ ഉപയോഗിക്കുന്നത്. നിത്യപാപം എന്നു വിശേഷിപ്പിക്കപ്പെടുന്ന പാപം എന്താണെന്നതിനെക്കുറിച്ച് പല വിശദീകരണങ്ങളുമുണ്ട്. ദൈവാത്മാവിന്‍റെ ശക്തിയാല്‍ യേശുചെയ്ത കാര്യങ്ങള്‍ പിശാചിന്‍റെ ശക്തിയാലാണെന്ന് പറയുന്ന ഹൃദയ കാഠിന്യമാണ് ഈ പാപമെന്നാണ് ഒന്നാമത്തെ വിശദീകരണം. യേശുവിന്‍റെ ഉത്ഥാനത്തിനുശേഷമാണല്ലോ യേശുവിന്‍റെ ദൈവത്വം ശിഷ്യര്‍ക്കുപോലും പൂര്‍ണ്ണമായി മനസ്സിലായത്. അവരെ ഈ അറിവിലേക്കു നയിച്ചത് പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനമായിരുന്നു. പൂര്‍ണ്ണമായ അറിവിലേക്കു നയിക്കുന്ന പരിശുദ്ധാത്മാവിന്‍റെ പ്രചോദനത്തെ തള്ളിക്കളയുന്നതാണ് നിത്യപാപമെന്നാണ് രണ്ടാമത്തെ വിശദീകരണം. എന്നാല്‍ കുറച്ചുകൂടി തൃപ്തികരമായ വിശദീകരണം മൂന്നാമത്തെതാണ്. ഏതുപാപവും ക്ഷമിക്കപ്പെടുന്നതിന് പശ്ചാത്താപം ആവശ്യമാണ്. പശ്ചാത്തപിച്ച് ദൈവകാരുണ്യം സ്വീകരിക്കാനുള്ള കൃപ നല്‍കുന്നത് പരിശുദ്ധാത്മാവും. ഈ കൃപ നിരസിക്കുന്നതാണ് പരിശുദ്ധാത്മാവിനെതിരെയുള്ള പാപം. പശ്ചാത്തപിക്കാത്ത ആളുടെ പാപങ്ങള്‍ നിത്യപാപങ്ങളായി അവശേഷിക്കുന്നു. 28-30 വാക്യങ്ങളിലെ ഊന്നല്‍ ക്ഷമിക്കപ്പെടുകയില്ലാത്ത പാപം ഉണ്ടെന്നു പഠിപ്പിക്കുന്നതിലല്ല പ്രത്യുത എല്ലാ മനുഷ്യരുടെയും എല്ലാപാപങ്ങളും ക്ഷമിക്കപ്പെടും എന്ന സത്യം പഠിപ്പിക്കുന്നതിലാണ്. ദൈവം "പശ്ചാത്തപിക്കുന്നവരുടെ ദൈവ"മാകയാല്‍ (മനാസെയുടെ പ്രാര്‍ത്ഥന, 13) എത്ര വലിയ ദുഷ്ടര്‍ക്കും ദൈവകാരുണ്യത്തിനായി പ്രാര്‍ത്ഥിക്കാന്‍ പറ്റും. മിഷ്ന ആബോത്ത് 3:11 അനുസരിച്ച് അഞ്ചുവിഭാഗം ആളുകള്‍ക്ക് വരാനിരി ക്കുന്ന രാജ്യത്തില്‍ പ്രവേശനം ഉണ്ടായിരിക്കില്ല: 1. വിശുദ്ധ വസ്തുക്കളെ സാധാരണ വസ്തുക്കളെപ്പോലെ കൈകാര്യം ചെയ്യുന്നവര്‍ 2. വിശുദ്ധ സമയങ്ങളെ അശുദ്ധമാക്കുന്നവര്‍ 3. അയല്‍ക്കാരെ പരസ്യമായി അപമാനിക്കു ന്നവര്‍ 4. അബ്രാഹവുമായുള്ള ദൈവത്തിന്‍റെ ഉടമ്പടിയുടെ അടയാളം തന്നില്‍നിന്ന് നീക്കം ചെയ്യുന്നവര്‍ 5. നിയമപുസ്തകത്തില്‍, ദൈവപ്രമാണങ്ങള്‍ക്കു വിരുദ്ധമായ കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുക്കുന്നവര്‍. ഇതിന്‍റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ യേശുവില്‍ പ്രവര്‍ത്തിക്കുന്ന പരിശുദ്ധാത്മാവിനെ അശുദ്ധാത്മാവായി വീക്ഷിക്കുന്നതാണ് നിത്യപാപമെന്നു കരുതാനാവും.
gospel-of-mark-jesus-and-beelzebul catholic malayalam the gospel of mark Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206