x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. മര്‍ക്കോസിന്‍റെ സുവിശേഷം, അപ്പം വര്‍ദ്ധിപ്പിക്കുന്നു (6:30-44)

Authored by : Dr. Jacob Chanikuzhi On 04-Feb-2021

ആറാം അധ്യായത്തില്‍ 7-13 വാക്യങ്ങളില്‍ സുവിശേഷകന്‍ വിവരിച്ച ശിഷ്യന്മാരുടെ പ്രേഷിതയാത്രയുടെ പരിസമാപ്തികുറിക്കുന്ന വാചകമാണിത് (വാ.30). 12 പേരുടെ സംഘത്തെ (the twelve) "അപ്പസ്തോലന്മാര്‍" (അയയ്ക്കപ്പെട്ടവര്‍) എന്ന് മര്‍ക്കോസ് വിളക്കുന്ന ഒരേയൊരു സന്ദര്‍ഭമാണിത്. "മിഷണറിമാര്" എന്ന വിശാലമായ അര്‍ത്ഥത്തിലാണ് "അപ്പസ്തോലന്മാര്" എന്ന പദം മര്‍ക്കോസ് ഉപയോഗിച്ചിരിക്കുന്നത് (അപ്പ 14:14). തങ്ങളെ അയച്ചവന്‍റെ അടുത്തേയ്ക്ക് അവര്‍ തിരിച്ചുവന്ന് വിവരം ധരിപ്പിക്കുക എന്നത് ഔദ്യോഗിക സന്ദേശവാഹകരുടെ ഉത്തരവാദിത്തമായിരുന്നു. ശിഷ്യന്മാര്‍ തിരിച്ചുവന്ന് യേശുവിനെ തങ്ങള്‍ പഠിപ്പിച്ചതും പ്രവര്‍ത്തിച്ചതും ധരിപ്പിക്കുന്നത് അപ്പസ്തോലിക പ്രബോധനത്തിന്‍റെ ഉറവിടം യേശുവാണെന്നു  വ്യക്തമാക്കുന്നു.

6:31-7:37, ശിഷ്യര്‍ക്ക് യേശു സ്വയം വെളിപ്പെടുത്തുന്നു: അത്ഭുതപ്രവര്‍ത്തകനും സൗഖ്യദായകനും ഗുരുവുമായ യേശുവിനെയാണ് ഈ ഭാഗത്തു നാം കാണുന്നത്. തന്‍റെ യഥാര്‍ത്ഥ വ്യക്തിത്വം കൂടുതല്‍ വ്യക്തമാക്കുന്നതിനും ശിഷ്യന്മാരില്‍ തന്നോടുള്ള പ്രതിബദ്ധത ജനിപ്പിക്കുന്നതിനുമാണ് ഈശോ ശ്രമിക്കുന്നത്. യേശു ശിഷ്യരെ തുടര്‍ന്നും പരിശീലിപ്പിക്കുന്നതിന്‍റെ ഭാഗമാണിത്. ഒരേ പ്രവൃത്തികള്‍ രണ്ടുതവണ ആവര്‍ത്തിക്കുന്നത് ഇവിടെ നാം കാണുന്നു. കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള ശിഷ്യരുടെ കഴിവുകുറവുമൂലമാണ് ഈശോയ്ക്ക് ചില കാര്യങ്ങള്‍ ആവര്‍ത്തിച്ചു പ്രവര്‍ത്തിക്കുകയും പഠിപ്പിക്കുകയും ചെയ്യേണ്ടിവരുന്നത്.

6:31-44, അയ്യായിരം പേരെ തീറ്റിപ്പോറ്റുന്നു: യേശു അത്ഭുതകരമായി ജനക്കൂട്ടത്തെ തീറ്റിപ്പോറ്റുന്ന സംഭവം പഴയ രണ്ടു സംഭവങ്ങളെ അനുസ്മരിപ്പിക്കുകയും ഭാവിയിലെ രണ്ടു സംഭവങ്ങള്‍ക്കായി നമ്മെ മുന്‍കൂട്ടി ഒരുക്കുകയും ചെയ്യുന്നു. മരുഭൂമിയില്‍ മന്നാവര്‍ഷിക്കുന്നതും (പുറ 16) എലീഷാ പ്രവാചകന്‍ 100 പേരുടെ സംഘത്തെ അത്ഭുതകരമായി തൃപ്തരാക്കുന്നതുമാണ് പഴയസംഭവങ്ങള്‍. അന്ത്യഅത്താഴവും (14:22) മെശയാനിക വിരുന്നുമാണ് വരാനിരിക്കുന്ന സംഭവങ്ങള്‍. ദൈവരാജ്യത്തിലെ ജീവിതത്തെ മിശിഹായോടൊപ്പമുള്ള വിരുന്നായി ഈ സംഭവങ്ങളെല്ലാം ചിത്രീകരിക്കുന്നു.

ക്ഷീണിതനായ ഈശോയുടെ മനുഷ്യത്വവും പരിക്ഷീണിതരെ തീറ്റിപ്പോറ്റുന്ന അവിടുത്തെ ദിവ്യത്വവും ഒന്നുപോലെ അനാവരണം ചെയ്യുന്ന അത്ഭുതമാണിത്. യേശു തുടര്‍ന്ന് രണ്ടുതവണ ഈ അത്ഭുതത്തെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട് (6:52; 8:17-21). ഈ അത്ഭുതത്തില്‍നിന്ന് അവര്‍ പഠിക്കേണ്ടിയിരുന്ന പാഠം അവര്‍ പഠിച്ചില്ല  അന്തിപ്പാസിന്‍റെ കൊട്ടാരത്തില്‍ തിരഞ്ഞെടുക്കപ്പെട്ട  പ്രമാണികള്‍ക്കുമാത്രമായി ഒരുക്കിയ വലിയ വിരു ന്നും എല്ലാവര്‍ക്കും ഗലീലിക്കടല്‍ തീരത്ത് യേശു നല്‍കിയ ലളിതമായ ഭക്ഷണവും നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. കൊട്ടാരത്തിലെ വിരുന്ന് ഒരു നീതിമാന്‍റെ കൊലയില്‍ കലാശിച്ചെങ്കില്‍ കടല്‍ത്തീരത്തെ വിരുന്ന് യേശുവെന്ന നീതിമാന്‍റെ ആത്മദാനത്തിന്‍റെ മുന്നാവിഷ്കാരമായിരുന്നു.

6:31, ജോലിചെയ്തു തളര്‍ന്ന യേശുവിന്‍റേയും ശിഷ്യന്മാരുടേയും മാനുഷിക മുഖം നാമിവിടെ കാണുന്നു. അതോടൊപ്പം, യേശു തന്‍റെ ശുശ്രൂഷകര്‍ക്കു വിശ്രമം നല്‍കുന്ന ഹൃദയാവര്‍ജ്ജകമായ ചിത്രവും. മറ്റുള്ളവരുടെ ആവശ്യങ്ങളും അവകാശങ്ങളും പരിഗണിക്കുമ്പോള്‍ വിശ്രമിക്കാനുള്ള അവരുടെ അവകാശവും വിശ്രമത്തിന്‍റെ ആവശ്യവും നാം പരിഗണിക്കണം. വിശ്രമം യേശുവിന്‍റെ തീക്ഷ്ണതനിറഞ്ഞ പ്രേഷിതരെ സംബന്ധിച്ചും പ്രധാനപ്പെട്ടതുതന്നെ. കൂടുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് വിശ്രമം കൂടിയേ തീരൂ.

6:32-34, യേശുവും ശിഷ്യരും ഏതു കടവിലേക്കാണു തുഴയുന്നതെന്നു കരയില്‍ നിന്നവര്‍ മനസ്സിലാക്കി. ജനം കരവഴി ഓടി യേശുവിനും ശിഷ്യര്‍ക്കും മുമ്പുതന്നെ കടവിലെത്തി അവര്‍ക്കായി കാത്തുനിന്നു. യേശുവിന്‍റെ മാനുഷികഗുണങ്ങള്‍ വീണ്ടും ഇവിടെ തെളിയുകയാണ്: യേശുവിനും ശിഷ്യര്‍ക്കും വേണ്ടിയിരുന്നത് വിശ്രമം; എന്നാല്‍ ജനക്കൂട്ടം അത് അനുവദിക്കുന്നില്ല. യേശു അതില്‍ കോപാകുലനാകുന്നില്ല. പകരം അവിടുത്തേയ്ക്കുണ്ടാകുന്നത് അനുകമ്പയുടെ ആര്‍ദ്രവികാരം മാത്രം. ജനത്തിന്‍റെ ആവശ്യത്തിന് അവിടുന്ന് വഴങ്ങുന്നു, തന്‍റെ ക്ഷീണം മറന്നുതന്നെ. ഇടയനില്ലാത്ത ആടുകളെപോലെയാണ് തന്‍റെ മുമ്പിലെത്തിയ ജനക്കൂട്ടത്തെ യേശു കണ്ടത്. വാസ്തവത്തില്‍ ഇസ്രായേലില്‍ നേതാക്കള്‍ക്കു യാതൊരു കുറവുമുണ്ടായിരുന്നില്ല. പുരോഹിതരും, നിയമജ്ഞരും, റബ്ബിമാരും ഇസ്രായേലില്‍ ധാരാളമുണ്ടായിരുന്നു. എന്നാല്‍ അവര്‍ അന്ധരെ നയിക്കുന്ന അന്ധരെപ്പോലെ അപകടകാരികളായിരുന്നുവെന്നു മാത്രം.

ഇടയനില്ലാത്ത ജനങ്ങള്‍ക്ക് ഇടയനായി അവിടുന്നു മാറുന്നു. ഇസ്രായേല്‍ ജനം ഇടയനില്ലാത്ത ആടുകളെപ്പോലെയാകാതിരിക്കേണ്ടതിന് അവര്‍ക്കായി ഇടയനെ നല്‍കണമെന്ന മോശയുടെ പ്രാര്‍ത്ഥന (സംഖ്യ 27:17) ഇവിടെ ഫലമണിയുകയാണ്. യേശുവാണ് ദൈവം നല്‍കിയ ഇടയന്‍ (യോഹ 10:11). തങ്ങളുടെ ജനത്തിന് ഇടയനായി വര്‍ത്തിക്കാത്തതിന്‍റെ പേരില്‍ പ്രവാചകന്മാര്‍ ഇസ്രായേലിലെ രാജാക്കന്മാരെ കുറ്റപ്പെടുത്തിയിരുന്നു (1രാജാ 22:17). കൂലിക്കാരായ ഇസ്രായേലിലെ ഇടയന്മാര്‍ക്ക് പകരം ദൈവംതന്നെ നേരിട്ട് തന്‍റെ ആടുകള്‍ക്ക് ഇടയനായി വരുന്ന ഒരു സുവര്‍ണ്ണകാലം എസെക്കിയേല്‍ പ്രവാചകന്‍ പ്രവചിച്ചിരുന്നു(എസെ 34:5-6). എസെക്കിയേലിന്‍റെ ആ പ്രവചനം യേശുവില്‍ പൂര്‍ത്തിയായി.

യേശു തന്‍റെ ഇടയദൗത്യം നിര്‍വ്വഹിക്കുന്നത് ജനത്തെ പഠിപ്പിച്ചുകൊണ്ടാണ്. ജനം ആഗ്രഹിച്ചത് ഒരു പക്ഷേ രോഗശാന്തിയും മറ്റും ആയിരിക്കണം എങ്കിലും അവരുടെ അടിസ്ഥാന ആവശ്യം പ്രബോധനമാണെന്ന് ഇടയന്‍ തിരിച്ചറിയുന്നു (നിയ 8:3; മത്താ 4:4).

6:35-36, ഈശോയുടെ അടുത്തെത്താനുള്ള വ്യഗ്രതയില്‍, കഴിക്കാനെന്തെങ്കിലും കൂടെയെടുക്കുന്ന കാര്യം ജനം മറന്നു. അവിടുത്തെ പ്രബോധനത്തില്‍ ലയിച്ചിരുന്നപ്പോള്‍ അവര്‍ തങ്ങളുടെ വിശപ്പും ദാഹവുംപോലും അറിഞ്ഞതുമില്ല. ശിഷ്യന്മാരാണ് അവരുടെ ആവശ്യങ്ങള്‍ യേശുവിനെ അറിയിക്കുന്നത്.

6:37, ജനക്കൂട്ടത്തിനു ഭക്ഷണംകൊടുക്കാന്‍ യേശു ശിഷ്യരോട് നിര്‍ദ്ദേശിക്കുന്നത് തങ്ങളുടെ അപര്യാപ്തത ശിഷ്യര്‍ തിരിച്ചറിയുന്നതിനു വേണ്ടിയാണ്. തങ്ങളുടെ അപര്യാപ്തതയുടെ വെളിച്ചത്തില്‍ യേശുവിന്‍റെ കഴിവ് അവിടെ കൂടുതല്‍ ആഴത്തില്‍ പതിയും. ജനത്തിനു ഭക്ഷണം നല്‍കാന്‍ 200 ദനാറയ്ക്കുള്ള അപ്പമെങ്കിലും വേണ്ടിവരും. ശിഷ്യരെ സംബന്ധിച്ചിടത്തോളം അവരുടെ കഴിവിന് തുലോം അതീതമായ തുകയാണിത്. എല്ലാവര്‍ക്കും അപ്പംകൊടുക്കുക എന്നത് നടപ്പില്ലാത്തകാര്യമാണെന്നാണ് ശിഷ്യര്‍ യേശുവിനെ ധരിപ്പിക്കുന്നത്.

6:38, ജനത്തിന്‍റെ ഭീമമായ ആവശ്യം നിറവേറ്റാന്‍ ശിഷ്യരുടെ കയ്യിലുള്ള തുച്ഛമായ വിഭവങ്ങള്‍ യേശു ആവശ്യപ്പെട്ടു. ശിഷ്യരുടെ കയ്യിലുള്ള വിഭവങ്ങള്‍ എത്ര നിസ്സാരമാണെങ്കിലും അതു തള്ളിക്കളയുകയല്ല, ഉപയോഗിക്കുകയാണ് യേശു ചെയ്യുന്നത്. ജനത്തിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള കഴിവ് ശിഷ്യര്‍ക്ക് പരിമിതമായിരിക്കാം. എന്നാലും  പരിമിതമായ ആ കഴിവുകളുപയോഗിച്ചാണ് യേശു അത്ഭുതം പ്രവര്‍ത്തിക്കുന്നത്.

6:39-40, മര്‍ക്കോസുമാത്രമാണ് അവിടുത്തെ പച്ചപ്പുല്ലിനെ പരാമര്‍ശിക്കുന്നത്. നൂറും അമ്പതും കൂട്ടങ്ങളായുള്ള ജനക്കൂട്ടത്തിന്‍റെ ഇരിപ്പ് ഒരു സദ്യയുടെ സൂചന നല്‍കുന്നു. മെസിയാനിക വിരുന്നിന്‍റെ ഒരു മുന്നാസ്വാദനമാണിത്. "പച്ചപിടിച്ച പുല്‍ത്തകിടിയില്‍ അവിടുന്നെന്നെ കിടത്തുന്നു" (സങ്കീ 23:2) എന്ന സങ്കീര്‍ത്തനവചനം വായനക്കാരന്‍ ഇവിടെ ഓര്‍മ്മിക്കാതിരിക്കില്ല.

6:41, സ്വര്‍ഗ്ഗത്തിലേക്ക് യേശു നോക്കുന്നത് തനിക്ക് ലഭിച്ച വിഭവങ്ങള്‍ അവ എത്ര പരിമിതമാണെങ്കിലും, അവയ്ക്കു ദൈവത്തിനു നന്ദിപറയുന്നതിനുവേണ്ടിയാണ്. അതോടൊപ്പം അതു ദൈവത്തില്‍നിന്ന് ലഭിച്ചവയാണെന്നതിന്‍റെ പ്രഖ്യാപനവും കൂടിയാണത്. ഭക്ഷണത്തിനുമുമ്പ് ദൈവത്തെ സ്തുതിക്കുക (എവുളോഗേസന്‍ = സ്തുതിച്ചു) യഹൂദരുടെ പതിവായിരുന്നു. ഈശോ ഭക്ഷണം ആശിര്‍വദിച്ചു എന്ന് എവുളോഗേസന്‍ എന്ന വാക്കിന് അര്‍ത്ഥമില്ല. സ്വര്‍ഗ്ഗത്തിലേക്കു നോക്കി, വാഴ്ത്തി, മുറിച്ച് എന്നീ വാക്കുകള്‍ അന്ത്യത്താഴത്തില്‍ സമയത്തെ വി. കുര്‍ബ്ബാന സ്ഥാപന വിവരണവുമായി (മര്‍ക്കോ 14:22) സമാനത പുലര്‍ത്തുന്നു. വി. കുര്‍ബ്ബാനയുടെ ഒരു മുന്നാസ്വാദനമായിട്ടാണ് സുവിശേഷകന്‍ അപ്പം വര്‍ദ്ധിപ്പിക്കല്‍ സംഭവത്തെ മനസ്സിലാക്കിയതെന്നു വ്യക്തം. ജനങ്ങള്‍ക്കു വിളമ്പാനായി ശിഷ്യരെ ഏല്പിച്ചതില്‍നിന്നും യേശു ഇന്നും തന്‍റെ ജനത്തെ ശുശ്രൂഷിക്കുന്നത് ശിഷ്യരിലൂടെയാണെന്നും, ശിഷ്യരിലൂടെ ജനത്തിനു കൈവരുന്ന എല്ലാ നന്മകളുടേയും ഉറവിടം യേശുതന്നെയാണെന്നും വ്യക്തമാക്കുന്നു. വിതരണക്കാരുടെ/വിളമ്പുകാരുടെ ഭാഗം മാത്രമാണ് ശിഷ്യര്‍ക്ക് ചെയ്യാനുള്ളന്നത്. ഒരു പക്ഷേ ആദ്യകാല അപ്പം മുറിക്കല്‍ ശുശ്രൂഷകളില്‍ മത്സ്യവും ഉപയോഗിച്ചിരുന്നതിന്‍റെ സൂചനയാകാം രണ്ടു മത്സ്യങ്ങള്‍ നല്‍കുന്നത്. 4 എസ്ര 6:52; 2 ബാറു വെളി 29:4 എന്നീ ഭാഗങ്ങളില്‍ മെസിയാനിക വിരുന്നിലെ വിഭവങ്ങളാണ് മത്സ്യങ്ങളും.

6:42,  മിച്ചംവന്ന കഷണങ്ങള്‍, യേശു നല്കിയ ഭക്ഷണത്തിന്‍റെ സമൃദ്ധിയെ സൂചിപ്പിക്കുന്നു. കഷണങ്ങള്‍ (ക്ലാസ്മാത്ത  എന്ന പദം ഡിഡാക്കെയില്‍) വി. കുര്‍ബ്ബാനയുടെ പശ്ചാത്തലത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. അപ്പം വര്‍ദ്ധിപ്പിക്കല്‍ സംഭവവും വി. കുര്‍ബ്ബാനയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന മറ്റൊരു ഘടകമാണിത്. 12 അപ്പസ്തോലന്മാരുടെ കയ്യിലുള്ള ഓരോ കുട്ടയെയാകാം 12 കുട്ടകള്‍  സൂചിപ്പിക്കുന്നത്. യേശുവിന്‍റെ ശക്തിയുടെ സാക്ഷ്യം ഓരോ അപ്പസ്തോലനും കൈവശമായി കിട്ടിയിരിക്കുന്നു. വന്ധ്യകളും സന്താനസൗഭാഗ്യമില്ലാത്തവരുമായ സ്ത്രീകളെപ്പോലെയുള്ള ആ അപ്പക്കഷണങ്ങള്‍ അവന്‍റെ അനുഗ്രഹത്താല്‍, വര്‍ദ്ധിച്ചു പെരുകുവിന്‍ എന്ന ആദ്യാനുഗ്രഹത്താലെന്നതുപോലെ  (ഉല്‍പ 1:28) സന്താനപുഷ്ടിയുള്ളവരായാലും അനേകകഷ്ടതകള്‍ അവരില്‍നിന്നു നശിക്കുകയും ചെയ്തു (എഫ്രേം).

6:30-44, അല്പം വിശ്രമിക്കാം: വിശ്രമിക്കുക, ജോലി ചെയ്തു ക്ഷീണിക്കുക എന്നതൊക്കെ ഈ ലോകത്തിലെ മനുഷ്യത്വത്തിന്‍റെ പരിമിതികളുടെ ഭാഗമാണ്. ഈ പരിമിതികള്‍ അതിന്‍റെ പാരമ്യത്തില്‍ അനുഭവിച്ചവരായിരുന്നു യേശുവും അവന്‍റെ ശിഷ്യരും. തന്‍റെ ശിഷ്യരെ വിശ്രമിക്കാനയയ്ക്കുന്നതിലൂടെ വിശ്രമം മനുഷ്യജീവിതത്തിന് ആവശ്യമുള്ള കാര്യം തന്നെയാണെന്ന് യേശു പഠിപ്പിക്കുന്നു. ശരീരത്തിന്‍റേയും മനസ്സിന്‍റേയും ആത്മാവിന്‍റെയും ആരോഗ്യം നോക്കാതെ അദ്ധ്വാനിക്കുന്നത് ദൈവരാജ്യത്തിനുവേണ്ടി അദ്ധ്വാനിക്കാനുള്ള നമ്മുടെ ആഗ്രഹത്തെയും കഴിവിനെയും തുലോം പരിമിതപ്പെടുത്തും. ശുശ്രൂഷയുടെ ആരംഭദശയില്‍ തീക്ഷ്ണതകൊണ്ടെരിഞ്ഞ് രാപകലില്ലാതെ അദ്ധ്വാനിച്ച് തീരാരോഗികളായി ശിഷ്ടകാലം കഴിച്ചുകൂട്ടാനല്ല, ആവശ്യമായ വിശ്രമത്തിനും വിനോദത്തിനും സമയം കണ്ടെത്തി കൂടുതല്‍ കാര്യക്ഷമമായി ജീവിതകാലം മുഴുവന്‍ ദൈവരാജ്യത്തിനുവേണ്ടി അദ്ധ്വാനനിരതരാകാനാണ് നാം ശ്രമിക്കേണ്ടത്.

ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കുമായി സ്വന്തം കുടുംബത്തില്‍ നിന്നകന്നുകഴിയുന്ന വിശ്വാസികളെയും യേശു ഉത്ബോധിപ്പിക്കുന്നത് സ്വന്തം കുടുംബാംഗങ്ങളുമായും സമൂഹാംഗങ്ങളുമായും ചിലവിടാന്‍ അവര്‍ കുറെ സമയം കണ്ടെത്തണമെന്നാണ്. കരയ്ക്കെത്തിയപ്പോള്‍ യേശു വീണ്ടും ജനക്കൂട്ടത്താല്‍ ചുറ്റപ്പെട്ടെങ്കിലും വഞ്ചിയില്‍ ഒരുമിച്ചുനടത്തിയ ആ യാത്രയുടെ സമയമെങ്കിലും യേശുവും ശിഷ്യരും മാത്രമായി ചിലവിട്ട സുന്ദരമുഹൂര്‍ത്തങ്ങളായിരുന്നല്ലോ.

നിങ്ങള്‍തന്നെ അവര്‍ക്ക് ഭക്ഷിക്കാന്‍ കൊടുക്കുവിന്‍: യാത്രയ്ക്കു വടിയല്ലാതെ മറ്റൊന്നും - അപ്പമോ, സഞ്ചിയോ, അരപ്പട്ടയില്‍ പണമോ - കരുതരുത് എന്ന് ഈ അദ്ധ്യായത്തിന്‍റെ ആരംഭത്തില്‍ ശിഷ്യരോട് നിര്‍ദ്ദേശിച്ച യേശു ഇപ്പോള്‍ അവരോട് ഇത്രയും വലിയ ജനക്കൂട്ടത്തിന് ഭക്ഷണം കൊടുക്കാന്‍ ആവശ്യപ്പെടുന്നത് അര്‍ത്ഥശൂന്യമാണെന്ന് തോന്നിയേക്കാം. കൂടെ ഒന്നും കൊണ്ടുപോകരുത് എന്ന് യേശു ആവശ്യപ്പെട്ടത് ദൈവത്തില്‍ പൂര്‍ണ്ണമായി ആശ്രയിക്കണമെന്ന് ശിഷ്യരെ പഠിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു. അപ്രകാരം ദൈവത്തില്‍ ആശ്രയിക്കുന്നവര്‍ക്ക് എത്രമാത്രം വലിയകാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് ശിഷ്യര്‍ക്കു നേരിട്ടു ബോധ്യപ്പെടുത്തികൊടുക്കുകയാണ് അപ്പം വര്‍ദ്ധിപ്പിക്കുന്ന സംഭവത്തിലൂടെ. നിങ്ങളുടെ കൈവശം എത്ര അപ്പം ഉണ്ട് എന്ന ചോദ്യത്തിലൂടെ തങ്ങളുടെ നിസ്സാരതയെയും നിസ്സഹായതയെയും കഴിവുകുറവിനെയുംകുറിച്ചുള്ള ബോദ്ധ്യത്തിലേക്ക് ശിഷ്യരെ യേശു ആനയിക്കുന്നു. സ്വന്തം നിസ്സഹായാവസ്ഥയെക്കുറിച്ച് ബോദ്ധ്യമുള്ളവര്‍ക്കുമാത്രമേ പൂര്‍ണ്ണമായും ദൈവത്തെ ആശ്രയിക്കാനാവുകയുള്ളൂ. അവര്‍ കൊണ്ടുവന്ന അഞ്ചപ്പവും രണ്ടുമീനും സ്വീകരിക്കുന്നതിലൂടെ ശിഷ്യരുടെ കഴിവുകളും വിഭവങ്ങളും എത്ര ശുഷ്കമാണെങ്കിലും ജനക്കൂട്ടത്തെ അത്ഭുതകരമായി തീറ്റിപ്പോറ്റാന്‍ കര്‍ത്താവിന് അത് ആവശ്യമുണ്ടെന്ന് വ്യക്തമാക്കുന്നു. യേശുവിനെ ഭരമേല്പിച്ച ആ വിഭവങ്ങള്‍ യേശുവില്‍നിന്നു വീണ്ടും സ്വീകരിച്ചപ്പോള്‍ അവര്‍ ആ അത്ഭുതം കണ്ടു - നിങ്ങള്‍തന്നെ അവര്‍ക്ക് ഭക്ഷിക്കാന്‍ കൊടുക്കുവിന്‍ എന്ന യേശുവിന്‍റെ കല്പന പാലിക്കാന്‍ അവന്‍ തന്നെ  തങ്ങളെ പ്രാപ്തരാക്കുന്ന അത്ഭുതം! കര്‍ത്താവിനെ ആശ്രയിക്കുന്ന ശിഷ്യരുടെ കരങ്ങള്‍ മനുഷ്യരുടെ ആവശ്യങ്ങള്‍ക്കു മുന്നില്‍ ഒരിക്കലും ഒഴിഞ്ഞിരിക്കില്ല എന്ന വാഗ്ദാനവും ഉറപ്പുമായിരുന്നു ആ അത്ഭുതം.

the gospel of mark increases the number of bread Dr. Jacob Chanikuzhi catholic malayalam Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message