x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. മര്‍ക്കോസിന്‍റെ സുവിശേഷം, ശിഷ്യര്‍ക്കുള്ള ഇളവിന്‍റെ പേരില്‍ (2:18-22)

Authored by : Dr. Jacob Chanikuzhi On 04-Feb-2021

പ്രാര്‍ത്ഥന, ഉപവാസം, ദാനധര്‍മ്മം എന്നിവ യഹൂദരുടെ പ്രധാനപ്പെട്ട മൂന്ന് ഭക്തകൃത്യങ്ങളായിരുന്നു (തോബി 12:8-9). വര്‍ഷത്തിലൊരിക്കല്‍ - പാപപ്പരിഹാരദിനത്തില്‍ - ഉപവസിക്കണമെന്നാണ് മോശയുടെ നിയമത്തില്‍ നിഷ്കര്‍ഷിച്ചിരുന്നത് (ലേവ്യ 16:1-36). പ്രത്യേക അവസരങ്ങളില്‍ ഉപവാസം പ്രഖ്യാപിക്കുന്നരീതിയും പഴയനിയമകാലത്തുണ്ടായിരുന്നു (നെഹെ 9:1; സഖ 8:19; ജോയേ 2:12-13). എന്നാല്‍ വിശുദ്ധഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്ന ഒരു ഉപവാസംകൊണ്ട് ഫരിസേയര്‍ തൃപ്തരായിരുന്നില്ല. അവര്‍ ആഴ്ചയില്‍ രണ്ടുതവണ ഉപവസിക്കുമായിരുന്നു (ലൂക്കാ 18:12), തിങ്കളാഴ്ചയും ബുധനാഴ്ചയും. ഫരിസേയരുടെ ശിഷ്യര്‍ എന്നാല്‍ ഫരിസേയരുടെ ജീവിതരീതി അനുവര്‍ത്തിച്ചിരുന്നവര്‍ എന്നേ അര്‍ത്ഥമുള്ളൂ. യോഹന്നാന്‍ തടവിലായിരുന്നതുകൊണ്ടാവാം അദ്ദേഹത്തിന്‍റെ ശിഷ്യര്‍ ഉപവസിച്ചത്. ഈശോയുടെ ചോദ്യകര്‍ത്താക്കള്‍ ആരാണെന്ന് കൃത്യമായി പറഞ്ഞിട്ടില്ലെങ്കിലും യേശുവിനെ ഭക്ഷണവുമായി ബന്ധപ്പെട്ട് കുറ്റം പറഞ്ഞ (2:16) നിയമജ്ഞര്‍ തന്നെയായിരിക്കാം അവര്‍. "നിന്‍റെ ശിഷ്യന്മാര്‍ ഉപവസിക്കാതിരിക്കുന്നതെന്തുകൊണ്ട്" എന്നതാണ് ചോദ്യത്തിന്‍റെ മര്‍മ്മം. ശിഷ്യന്മാരുടെ പ്രവര്‍ത്തികള്‍ക്ക് ഗുരു ഉത്തരവാദി ആണെന്നതിനാല്‍ ഇത് ഈശോയ്ക്ക്തന്നെ എതിരായ ആരോപണമാണ്.                                                                                                                                     
പഴയനിയമത്തില്‍ ദൈവമാണ് മണവാളന്‍ (ഹോസി 2:14-20; ഏശ 54:4-8; ജറെ 2:2), ഇസ്രായേല്‍ മണവാട്ടി. തന്നെത്തന്നെ യേശു മണവാളനായി ചിത്രീകരിക്കുന്നത് ഈ പശ്ചാത്തലത്തില്‍ അര്‍ത്ഥ ഗര്‍ഭമാണ്. വിവാഹാഘോഷങ്ങളില്‍ പങ്കെടുക്കുന്ന മണവാളന്‍റെ തോഴര്‍ക്ക് ആഴ്ചതോറുമുള്ള ഉപവാസത്തില്‍നിന്ന് ഒഴിവു നല്‍കിയിരുന്നു. ആ ഒഴിവിന് തന്‍റെ ശിഷ്യര്‍ അര്‍ഹരാണെന്നാണ് യേശു നല്‍കുന്ന വിശദീകരണം. എന്നാല്‍ അതോടൊപ്പംതന്നെ ശിഷ്യരുടെ ആഹ്ലാദാഘോഷങ്ങള്‍ക്കുമേല്‍ ദുഖത്തിന്‍റെ കരിനിഴല്‍ വീഴാനിരിക്കുന്നതിനെക്കുറിച്ചും യേശു മുന്നറിയിപ്പുനല്‍കുന്നുണ്ട്: മണവാളന്‍ അകറ്റപ്പെടുന്ന ദിവസംവരും (വാ. 20). തന്‍റെ മരണത്തെക്കുറിച്ച് യേശു നടത്തുന്ന ആദ്യപരാമര്‍ശമാണിത്. തന്‍റെ പരസ്യജീവിതാരംഭത്തില്‍ തന്നെ മരണത്തെക്കുറിച്ചുള്ള ചിന്തകള്‍ യേശുവിനുണ്ടായിരുന്നുവെന്ന് ഈ പരാമര്‍ശം വ്യക്തമാക്കുന്നു. യേശുവിന്‍റെ പരസ്യജീവിതത്തിന്‍റെ കാലഘട്ടം വിവാഹാഘോഷാവസരംപോലെ സന്തോഷിക്കാനുള്ള കാലഘട്ടമാണ്. സന്തോഷിക്കാനുള്ള കാരണങ്ങളാണ് ഇതിനുമുമ്പുള്ള വിവരണങ്ങളില്‍ നാം കണ്ടത്: സാത്താന്‍റെയും തിന്മയുടെയും രോഗത്തിന്‍റെയും പാപത്തിന്‍റെയുംമേലുള്ള ദൈവത്തിന്‍റെ വിജയം. പാപികളോടും അവഗണിക്കപ്പെട്ടവരോടുമുള്ള ദൈവത്തിന്‍റെ കരുണയും സ്നേഹവും. എന്നാല്‍ യേശുവിന്‍റെ മരണത്തിനും രണ്ടാംവരവിനും ഇടയ്ക്കുള്ള കാലഘട്ടത്തില്‍ ഉപവാസത്തിന് പ്രസക്തിയുണ്ടാകും.                                                        
മാംസം ഒഴിവാക്കുന്നതില്‍ മാത്രം നിന്‍റെ ഉപവാസം ഒതുക്കിനിര്‍ത്താ തിരിക്കാന്‍ ശ്രദ്ധിക്കുക; തിന്മയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നതാണ് യഥാര്‍ത്ഥ ഉപവാസം. അന്യായമായ എല്ലാ കരാറുകളും കീറിയെറിയുക; അയല്‍ക്കാര്‍ക്കു മാപ്പുകൊടുക്കുക; അവരുടെ തെറ്റുകള്‍ ക്ഷമിക്കുക (ബേസില്‍).                                                           
മിതമായി വീഞ്ഞുകുടിക്കുന്നതാണ് അമിതമായി വെള്ളം കുടിക്കുന്നതിനെക്കാള്‍ നല്ലത്. അമിതമായി വെള്ളം ഉപയോഗിക്കുന്നവര്‍ സുഖിമാന്മാര്‍തന്നെയാണ്. ഭക്ഷണം കഴിക്കുന്നതോ വീഞ്ഞുകുടിക്കുന്നതോ അല്ല, അമിതമായി ഭക്ഷിക്കുന്നതും അമിതമായി കുടിക്കുന്നതുമാണ് കുറ്റകരമായിട്ടുള്ളത് (പല്ലാഡിയുസ്).                                                          
മിശിഹ വാഗ്ദാനം ചെയ്യപ്പെട്ടതുമുതല്‍ നീതിമാന്മാരായ അനേകം ആത്മാക്കള്‍ കണ്ണീരോടും വിലാപത്തോടുംകൂടെ മിശിഹായുടെ ആഗമനം പ്രതീക്ഷിച്ചിരുന്നു. മിശിഹായുടെ സ്വര്‍ഗ്ഗാരോഹണത്തിനു ശേഷം അവന്‍റെ വിശുദ്ധര്‍ അവന്‍റെ രണ്ടാമത്തെ ആഗമനവും പ്രതീക്ഷിച്ചിരിക്കുന്നു. ഇതിനു രണ്ടിനും ഇടയ്ക്കുള്ള കാലഘട്ടം, മനുഷ്യനായി അവന്‍ മനുഷ്യരോടൊത്തു വസിച്ച കാലഘട്ടം ആഹ്ലാദിക്കേണ്ട ഘട്ടമാണ് (വന്ദ്യ ബീഡ്).                                                                                                                                         
ശിഷ്യന്മാരുടെ ഉപവാസലംഘനത്തിന് മറ്റൊരു കാരണവും യേശു നല്‍കുന്നുണ്ട്. യേശുവിന്‍റെ ആഗമനത്തിന്‍റെയും അവിടുന്ന് ഉദ്ഘാടനം ചെയ്ത ദൈവരാജ്യത്തിന്‍റെയും പശ്ചാത്തലത്തില്‍, മിശിഹായുടെ ആഗമനത്തെ ത്വരിതപ്പെടുത്തുന്നതിനുള്ള ഉപാധി എന്നനിലയില്‍ യഹൂദര്‍ അനുഷ്ഠിച്ചിരുന്ന ഉപവാസം അപ്രസക്തമാണ്. രണ്ട് സുഭാഷിതങ്ങളിലൂടെയാണ് (proverbs) അവിടുന്ന് അത് വിശദീകരിക്കുന്നത്. രണ്ടും - വസ്ത്രവും വീഞ്ഞും - വിവാഹവുമായി ബന്ധപ്പെട്ട പ്രതീകങ്ങളാണ്. 1. പഴയ വസ്ത്രത്തില്‍ പുതിയ കഷണം ആരും തുന്നിപ്പിടിപ്പിക്കാറില്ല. അലക്കാത്ത പുതിയ തുണിക്കഷണം "ചുരുങ്ങു"മെന്നതിനാല്‍ പഴയതിനോട് തുന്നിച്ചേര്‍ക്കാനാവില്ല. പഴയവസ്ത്രത്തില്‍ പുതിയ തുണിക്കഷണങ്ങള്‍ പിടിപ്പിച്ച് അതിനെ മോടിപിടിപ്പിക്കാന്‍ നാം ശ്രമിക്കാറില്ല. നരച്ച് നിറംമങ്ങി പിഞ്ഞിക്കീറിത്തുടങ്ങിയ പഴയവസ്ത്രം ഉപേക്ഷിക്കാനേ പറ്റൂ. അതിന്‍റെ കാലാവധി കഴിഞ്ഞിരിക്കുന്നു. യഹൂദമതമാണ് പഴയവസ്ത്രം. യേശു പ്രഖ്യാപിച്ച പുതിയനിയമ ജീവിതശൈലിയുടെ പുതിയ തുണിയില്‍ നിന്ന്കുറച്ചു കഷണങ്ങള്‍ അതില്‍ തുന്നിച്ചേര്‍ത്തതു കൊണ്ട് പ്രയോജനമില്ല. യഹൂദമതാനുഷ്ഠാനങ്ങളില്‍ ചില പരിഷ്കാരങ്ങള്‍ നടത്തി അത് ഉപയോഗപ്രദമാക്കാനുള്ള പരിശ്രമങ്ങള്‍ നിരര്‍ത്ഥകമാണെന്നാണ് യേശു വിവക്ഷിക്കുന്നത്. പഴയനിയമ ജീവിതശൈലിയുടെ കാലം കഴിഞ്ഞുപോയി. പുതിയനിയമ ജീവിതശൈലിയുടെ പുതുവസ്ത്രം ധരിക്കേണ്ട കാലമായി എന്ന് യേശു പഠിപ്പിക്കുന്നു.                                                                                                                                                                                  
രണ്ടാമത്തെ സുഭാഷിതം പുതിയവീഞ്ഞിന്‍റെയും പഴയതോല്‍ക്കുടങ്ങളുടെയും ഉപമയാണ്. മുന്തിരിനീര് വീഞ്ഞാകുന്ന പ്രക്രിയയില്‍ അത് പൊന്താറുണ്ട് (ferment). അത് സൂക്ഷിക്കുന്ന തുകലിന്‍റെ ഭരണികളും അതോടൊപ്പം വികസിച്ചുകൊടുക്കും. എന്നാല്‍ പരമാവധി വികസിച്ചു കഴിഞ്ഞ പഴയതുകല്‍കുടങ്ങളില്‍ പുതിയവീഞ്ഞ് ഒഴിച്ചുവച്ചാല്‍, പഴയതുകല്‍കുടങ്ങള്‍ക്ക് ഇനിയും വികസിക്കാനാകാത്തതുകൊണ്ട് പുളിക്കുന്ന മുന്തിരിച്ചാറിന്‍റെ സമ്മര്‍ദ്ദം താങ്ങാന്‍ അതിനുകഴിയാതെ വരുകയും തല്‍ഫലമായി അത് പൊട്ടി, വീഞ്ഞ് നഷ്ടപ്പെടുകയും ചെയ്യും. യഹൂദമതം ഇലാസ്തികത (അയവ്) നഷ്ടപ്പെട്ട പഴയ തുകല്‍കുടത്തിന് സമാനമാണ്. അനുഷ്ഠാനങ്ങളും ആചാരങ്ങളും പാരമ്പര്യങ്ങളും ഇനിയും ഒട്ടും അയയാനും വികസിക്കാനും സാധിക്കാത്തതരത്തില്‍ യഹൂദമതത്തെ കടുപ്പമുള്ളതാക്കി മാറ്റിയിരിക്കുന്നു. സുവിശേഷത്തിന്‍റെ പുതിയവീഞ്ഞ് ഉള്‍ക്കൊള്ളാന്‍ അതിനു കഴിയില്ല. സുവിശേഷമെന്ന വീഞ്ഞിനൊപ്പം വികസിക്കാന്‍ ഇനിയും യഹൂദമതത്തിനു സാധിക്കുമെന്നു വിചാരിക്കുന്നതു മൗഢ്യമാണ്. ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും കടുംപിടുത്തക്കാര്‍ക്ക് യേശു വിഭാവനം ചെയ്ത സുവിശേഷത്തിന്‍റെ സ്വാതന്ത്ര്യം ഉള്‍ക്കൊള്ളാനോ അംഗീകരിക്കാനോ ആകില്ല. ക്രൈസ്തവമതമെന്ന പുതിയ തോല്‍ക്കുടത്തിനുമാത്രമേ സുവിശേഷത്തിന്‍റെ പുതിയവീഞ്ഞിനെ സൂക്ഷിച്ച് സംരക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. യേശുവിന്‍റെ പ്രബോധനങ്ങളും ജീവിതശൈലിയും മനോഭാവങ്ങളും ഒന്നും ഫരിസേയര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ലെന്നതു തന്നെയാണ് ഇതിന്‍റെ ഏറ്റവും വലിയ തെളിവ്.                                                                                                                                     
വീഞ്ഞ് നമുക്ക് ആന്തരീക ഉന്മേഷം നല്‍കുന്നു; പുതുവസ്ത്രം നമ്മെ ബാഹ്യമായി മോടിപിടിപ്പിക്കുന്നു. രണ്ടും ആത്മീയ ജീവിതവുമായി ബന്ധപ്പെട്ടകാര്യങ്ങള്‍തന്നെ. ബാഹ്യമായി നാം ചെയ്യുന്ന സത്പ്രവര്‍ത്തികള്‍ പുതുവസ്ത്രം ധരിക്കുമ്പോഴെന്നപോലെ ലോകദൃഷ്ടിയില്‍ നമ്മെ തിളക്കമുള്ളവരായി എടുത്തുകാണിക്കുന്നു. വിശ്വാസം, ശരണം, സ്നേഹം എന്നിവയ്ക്കുള്ള തീക്ഷ്ണതയുടെ വീഞ്ഞ് ദൈവദൃഷ്ടിയില്‍ നമ്മുടെ ആത്മാവിനെ പുതുചൈതന്യം ഉള്ളതാക്കിത്തീര്‍ക്കും (വന്ദ്യ ബീഡ്).                                                                                                             
പുതിയനിയമത്തില്‍, യേശു ശിഷ്യര്‍ക്ക് പുതിയരൂപത്തിലുള്ള പ്രാര്‍ത്ഥന നല്‍കി... പണ്ടുണ്ടായിരുന്നവ ഒന്നുകില്‍ ഇല്ലാതാക്കി, പരിഛേദനം തുടങ്ങിയവ; അല്ലെങ്കില്‍ പൂര്‍ണ്ണമാക്കി, ബാക്കിനിയമങ്ങള്‍ പോലെ; അതുമല്ലെങ്കില്‍ പൂര്‍ത്തിയാക്കി, വാഗ്ദാനങ്ങള്‍പോലെ... സുവിശേഷത്തിന്‍റെ ആഗമനത്തോടെ പഴയകാലത്തെ പൂര്‍ണമായും തുടച്ചുനീക്കി (തെര്‍തുല്യന്‍).

The Gospel of Mark in the name of forgiveness for the disciples (2: 18-22) Dr. Jacob Chanikuzhi catholic malayalam the gospel of mark Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message