x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. മര്‍ക്കോസിന്‍റെ സുവിശേഷം, പിശാചുബാധിതനെ സുഖപ്പെടുത്തുന്നു (5:1-20)

Authored by : Dr. Jacob Chanikuzhi On 04-Feb-2021

കടലിനെ ശാന്തമാക്കുന്നത് പ്രകൃതിയിലുള്ള പൈശാചിക ശക്തിയുടെ മേലുള്ള യേശുവിന്‍റെ വിജയം ചിത്രീകരിക്കുന്നതാണെങ്കില്‍ മനുഷ്യരിലുള്ള പൈശാചിക ശക്തിയുടെമേലുള്ള യേശുവിന്‍റെ അധികാരത്തെയാണ് തുടര്‍ന്നു വരുന്ന സംഭവം ചിത്രീകരിക്കുന്നത്.

5:1, മര്‍ക്കോസും ലൂക്കായും ഗരസേനരുടെ നാട് എന്നു പറയുമ്പോള്‍ മത്തായി ഗദറായരുടെ നാട് എന്നാണ് ഈ സ്ഥലത്തെ വിളിക്കുന്നത്. ദെക്കാപ്പോളീസിലെ പത്തു പട്ടണങ്ങളിലൊന്നായ ഗര്‍ഗേസ (ഒരിജന്‍റെ അഭിപ്രായത്തില്‍ ഓടിച്ചുവിടുന്നവന്‍റെ ഭവനം എന്നാണ് ഗെര്‍ഗേസ എന്ന വാക്കിന്‍റെ അര്‍ത്ഥം. യേശുവിനോടുള്ള നാട്ടുകാരുടെ പ്രതികരണത്തെയാവാം ഇത് സൂചിപ്പിക്കുന്നതെന്ന് ഒരിജന്‍ അഭിപ്രായപ്പെടുന്നുണ്ട്) എന്നുകൂടി വിളിക്കപ്പെടുന്ന ഗരസ ഗലീലിക്കടലിനു 30 മൈല്‍ തെക്കുകിഴക്കു സ്ഥിതിചെയ്യുന്ന ഒരു ചെറിയ പട്ടണമാണ്. ഗദേരയാകട്ടെ ഗലീലിത്തടാകത്തിനു ആറു മൈല്‍ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന കുറെക്കൂടി വലിയ പട്ടണമാണ്. ഗരസയ്ക്കും ഗലീലിയാക്കടലിനുമിടക്കുള്ള ഒരു പ്രദേശമായിരിക്കണം മര്‍ക്കോസ് ഉദ്ദേശിക്കുന്നത്. ഇതൊരു വിജാതീയ പ്രദേശമാണ് യഹൂദ വിജാതീയ വേര്‍തിരിവുകള്‍ യേശു കാര്യമാക്കിയില്ല എന്നാണ് ഈ പ്രദേശത്തെ യേശുസാന്നിദ്ധ്യം വ്യക്തമാക്കുന്നത്. യഹൂദലോകത്തെ വിജാതീയ ലോകത്തുനിന്നു വേര്‍തിരിക്കുന്ന ഗലീലിക്കടല്‍ ഇനി യേശു അടുക്കലടുക്കല്‍ കടക്കുന്നതു നമുക്കു കാണാനാകും. വിജാതീയരുടെ അശുദ്ധമായ നാട്, അശുദ്ധാത്മാവ്, അശുദ്ധസ്ഥലമായ ശവകുടീരങ്ങള്‍, അശുദ്ധമൃഗമായ പന്നികള്‍...  ഈ അശുദ്ധിയുടെ നടുവിലേക്കുള്ള യേശുവിന്‍റെ കടന്നുവരവ് ഒരു യഹൂദന് ഉള്‍ക്കൊള്ളാവുന്നതിലധികമാണ്. പിശാചുക്കള്‍ക്ക് ഏറെ പ്രിയപ്പെട്ട താമസസ്ഥലമാണ് ശവകുടീരങ്ങള്‍. പിശാചുബാധയും നാശവും/മരണവും തമ്മിലുള്ള ബന്ധം ഇവിടെ വ്യക്തമാണ്. എല്ലാ മാനുഷിക ബന്ധങ്ങളില്‍നിന്നും അകന്നാണ് അവന്‍ ജീവിക്കുന്നത്. മനുഷ്യരുടെ ഭാഷപോലും അവന്‍ സംസാരിക്കുന്നില്ല, പകരം അലറിവിളിക്കലിന്‍റെ ശബ്ദം മാത്രമാണ് അവനില്‍നിന്നു പുറത്തുവരുന്നത്. മനുഷ്യത്വത്തിന്‍റെ എല്ലാ അംശവും ആ മനുഷ്യനില്‍നിന്നു പറിച്ചു മാറ്റപ്പെട്ടിരുന്നെന്നു വ്യക്തം. പിശാചുബാധിതന്‍റെ അമാനുഷികമായ ശക്തി അവനെ പിശാചുബാധിച്ചതിന്‍റെ അടയാളമാണ്.

യേശുവിന്‍റെ അധികാരത്തെ പിശാചുക്കള്‍ അംഗീകരിക്കുന്നതിന്‍റെ തെളിവാണ്, യേശുവിന്‍റെ മുന്നില്‍ അവന്‍ മുട്ടുകുത്തുന്നതും മഹോന്നതനായ ദൈവത്തിന്‍റെ പുത്രാ (ഉല്‍പ 14:18-24;  സംഖ്യ 24:16; ഏശ 14:14;  ദാനി 3:26) എന്നു വിളിച്ചുകൊണ്ട് യേശുവിന്‍റെ ദൈവത്വം ഏറ്റു പറയുന്നതും, പീഡിപ്പിക്കരുതേ എന്നപേക്ഷിക്കുന്നതും. നിത്യശിക്ഷയുടെ സ്ഥലത്തേക്ക് യേശു തങ്ങളെ പറഞ്ഞുവിടുമെന്നാണ് അവരുടെ പേടി. ദൈവത്തിനുമാത്രം ചെയ്യാന്‍ കഴിയുന്ന കാര്യമാണിത് (വെളി 20:1-3).

യേശുവിന്‍റെ പേരു വിളിച്ചുകൊണ്ട് അവന്‍റെമേല്‍ ശക്തി പ്രാപിക്കാനുള്ള അശുദ്ധാത്മാവിന്‍റെ ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണ് യേശുവിന്‍റെ "നിന്‍റെ പേരെന്താണ് എന്ന ചോദ്യം.

5:9 ലെഗിയോണ്‍ എന്ന ഉത്തരം അവനെ ആവേശിച്ചിരിക്കുന്നത് ഒന്നല്ല, അനേകം അശുദ്ധാത്മാക്കളാണെന്നു വ്യക്തമാക്കുന്നു. ആറായിരം റോമന്‍ പട്ടാളക്കാരുടെ വ്യൂഹത്തിനു പറയുന്ന പേരാണ് ലീജിയന്‍. ആ മനുഷ്യന്‍റെ മേലുള്ള പൈശാചിക ശക്തിയുടെ ആധിക്യവും അവന്‍ സഹിച്ചിരുന്ന ബന്ധനത്തിന്‍റെ ഉഗ്രതയും അവന്‍റെ ദയനീയാവസ്ഥയുമെല്ലാം ഇതു സൂചിപ്പിക്കുന്നു.

റോമന്‍ പട്ടാളത്തിന്‍റെ അധിനിവേശം എത്ര ശക്തമായിരുന്നുവെന്നും അതിനു കീഴില്‍ പലസ്തീനാക്കാരുടെ സ്ഥിതി എത്ര ദയനീയമായിരുന്നുവെന്നും പരോക്ഷമായി ഇതു സൂചിപ്പിക്കുന്നുണ്ട് എന്നു കരുതുന്നതില്‍ തെറ്റില്ല. മനുഷ്യനെ ഞെരുക്കുന്ന എല്ലാ സംവിധാനാത്മകതിന്മകളില്‍ നിന്നുമുള്ള വിമോചനം ദൈവഭരണം സ്ഥാപിതമാകുന്നതിന്‍റെ അടയാളമാണെന്നും ഈ ഭാഗം പഠിപ്പിക്കുന്നു. യേശു വിജാതീയ ദേശത്തേക്കു കാലുകുത്തിയപ്പോഴേക്കും ലെഗിയോന്‍ അവനെ പ്രണമിക്കുന്നത് ദൈവത്തിന്‍റെ രാജകീയാധികാരത്തിന്‍റെ മുന്നില്‍ സാമ്രാജ്യശക്തി തലകുനിക്കുന്നതിന്‍റെ പ്രകടനമായിക്കാണാം.

5:10 അശുദ്ധാത്മാക്കള്‍ക്ക് വസിക്കാന്‍ ഇടം ആവശ്യമാണെന്ന് അവരുടെ അപേക്ഷ സൂചിപ്പിക്കുന്നു (ലൂക്ക 11:24). ആ പ്രദേശത്തു തന്നെ വസിക്കണമെന്നാണ് അശുദ്ധാത്മാക്കളുടെ ആഗ്രഹം.

5:11 മേയുന്ന പന്നിക്കൂട്ടത്തിന്‍റെ സാന്നിദ്ധ്യം അതൊരു വിജാതീയ ദേശമാണെന്നതിന്‍റെ സൂചനയാണ്. അശുദ്ധമായമൃഗമായതിനാല്‍ (ലേവ്യ 11:7-8) ഭക്ഷണത്തിനുവേണ്ടി യഹൂദര്‍ പന്നികളെ വളര്‍ത്തുമായിരുന്നില്ല എന്നു വേണം കരുതാന്‍. അശുദ്ധാത്മാക്കളുടെ വ്യൂഹത്തിന് പന്നികളുടെമേല്‍ പ്രവേശിക്കാന്‍പോലും ദൈവത്തിന്‍റെ അനുവാദം ആവശ്യമായിരുന്നു. അങ്ങനെയെങ്കില്‍ ദൈവത്തിന്‍റെ കുഞ്ഞാടുകളുടെമേല്‍ അവയ്ക്ക് എന്ത് അധികാരമാണുള്ളത്? (തെര്‍ത്തുല്യന്‍).

5:13, പന്നിയില്‍ പ്രവേശിക്കാന്‍ യേശു അശുദ്ധാത്മാക്കള്‍ക്ക് അനുവാദം നല്കിയത് അവ എത്രമാത്രം വിനാശകാരികളാണെന്നു നമുക്കു കാണിച്ചു തരാനാകണം. പന്നികള്‍ക്ക് അവമൂലം സംഭവിച്ച നാശംതന്നെയാണ് ആത്യന്തികമായി പിശാചു ബാധിതര്‍ക്കും സംഭവിക്കാനിരിക്കുന്നത്. ഇവിടെ പക്ഷേ പന്നികള്‍ മാത്രമല്ല അവരില്‍ പ്രവേശിച്ചിരുന്ന അശുദ്ധാത്മാക്കളും പന്നികളോടൊപ്പം നാശമടഞ്ഞു എന്നുവേണം അനുമാനിക്കാന്‍. പന്നികളോട് അശുദ്ധാത്മാക്കള്‍ ചെയ്തതുതന്നെ ദൈവം തടഞ്ഞില്ലായിരുന്നെങ്കില്‍ മനുഷ്യരോട് അവ ചെയ്യുമായിരുന്നു (ക്രിസോസ്റ്റോം).

5:15, ഈ വാക്യം പിശാചുബാധിതന്‍ അനുഭവിച്ച വിമോചനം സുവ്യക്തമാക്കുന്നുണ്ട്. മുമ്പ് സുബോധമില്ലാതിരുന്നതുകൊണ്ട് അവന് സ്വസ്ഥമായിരിക്കാന്‍ സാധിക്കില്ലായിരുന്നു. വസ്ത്രവും ധരിച്ചിരുന്നില്ല (ലൂക്ക 8:27). എന്നാല്‍ ഇപ്പോള്‍ അവന്‍ (1) വസ്ത്രം ധരിച്ചു (2) സുബോധത്തോടെ (3) ഇരിക്കുന്നു.

5:17, തങ്ങളുടെ പ്രദേശം വിട്ടുപോകാന്‍ അവര്‍ യേശുവിനോട് അപേക്ഷിച്ചത് പന്നികള്‍ക്കു സംഭവിച്ചതുകണ്ട് ഭയപ്പെട്ടിട്ടാകണം. അവന്‍റെ തുടര്‍ന്നുള്ള സാന്നിധ്യം തങ്ങള്‍ക്കു കൂടുതല്‍ സാമ്പത്തിക നഷ്ടം വരുത്തിയെങ്കിലോ എന്ന് അവര്‍ ഭയപ്പെട്ടു കാണണം. എന്നാല്‍ അതിനെക്കാള്‍ കൂടുതലായി, പിശാചുക്കളെ യേശു പുറത്താക്കുന്നത് പിശാചുക്കളുടെ തലവനെക്കൊണ്ടാണെന്നും മറ്റും (3:22) അവര്‍ കരുതിയിട്ടുണ്ടാകാം. അങ്ങനെയെങ്കില്‍ യേശു സാത്താനുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നയാളാണെന്ന ചിന്ത കൊണ്ടായിരിക്കണം യേശുവിനോടും പ്രദേശം വിട്ടുപോകാന്‍ ഗരസേനര്‍ ആവശ്യപ്പെടുന്നത്.

യേശുവിന്‍റെ അത്ഭുതം അവിടുത്തേയ്ക്കെതിരേ തിരിഞ്ഞടിക്കുന്ന സംഭവം ഇതാദ്യമാണ്. ഇവിടെയും അത്തിവൃക്ഷത്തെ ശപിക്കുന്ന സംഭവത്തിലുമാണ് (മര്‍ക്കോ 11) യേശുവിന്‍റെ ശക്തി എന്തിന്‍റെയെങ്കിലും നാശത്തിനു കാരണമാകുന്നത്. 

5:18, അവനോടുകൂടി പോകുന്നതിനുള്ള പിശാചുബാധിതന്‍റെ ആഗ്രഹം സൗഖ്യത്തിന്‍റെ ആഴം വെളിപ്പെടുത്തുന്നു. യേശു തന്‍റെ ശിഷ്യരെ എന്തിനുവേണ്ടി തിരഞ്ഞെടുത്തുവോ (3:14) അതേ കാര്യത്തിനുവേണ്ടിത്തന്നെയാണ് അവനും അപേക്ഷിക്കുന്നത്. യേശുസംഘത്തിന്‍റെ ശുശ്രൂഷയില്‍ ഒരു ശിഷ്യനെപ്പോലെ പങ്കെടുക്കാന്‍ അവന്‍ ആഗ്രഹിക്കുകയാണ്. ഈ ആഗ്രഹം അവന്‍റെ സൗഖ്യത്തിന്‍റെ വ്യക്തമായ തെളിവാണ്.

5:19, യേശുവിന്‍റെ മറുപടി നമ്മില്‍ വിസ്മയമുളവാക്കും. കാരണം, സാധാരണഗതിയില്‍ തന്‍റെ അത്ഭുതങ്ങള്‍ പരസ്യപ്പെടുത്തരുതെന്നാണ് ഈശോ ആവശ്യപ്പെടുന്നത് (1:43; 5:43;7:36). എന്നാല്‍ ഇവിടെ കര്‍ത്താവിന്‍റെ കരുണ പരസ്യപ്പെടുത്താനാണ് അവന്‍ നിര്‍ദ്ദേശിക്കുന്നത്. എന്താണിതിനു കാരണം? യേശുവിനെ ആ പ്രദേശത്തെ ജനങ്ങള്‍ ബഹിഷ്ക്കരിച്ചു. ഈശോയ്ക്ക് ഇനി അവിടെ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. തനിക്കു പകരം വചനം പ്രഘോഷിക്കാന്‍ മുന്‍ പിശാചുബാധിതനെ യേശു നിയോഗിക്കുന്നത് അതുകൊണ്ടാവണം.

5:20, പത്തു ഗ്രീക്കു പട്ടണങ്ങളുണ്ടായിരുന്ന പ്രദേശമാണ് ദെക്കാപ്പൊളിസ്. അവയില്‍ ഒന്നായിരുന്നു ഗെര്‍ഗേസ. യേശുവിന്‍റെ കല്പന അനുസരിച്ച് സൗഖ്യമാക്കപ്പെട്ട പിശാചുബാധിതന്‍ സ്വന്തം പ്രദേശത്ത് യേശുവിനെ പ്രഘോഷിക്കുന്നു.

വിചിന്തനം: ലെഗിയോന്‍ ആവേശിച്ചിരുന്ന ഭീകരനായ പിശാചുബാധിതനെപ്പോലെയുള്ളവരെ ഒരുപക്ഷേ നാം കണ്ടിട്ടേയുണ്ടാവുകയില്ല. എന്നാല്‍, അതിശയകരമെന്നു പറയട്ടെ, അവന് പല കാര്യങ്ങളിലും നമ്മോടുതന്നെയാണു സാമ്യം. അശുദ്ധമായവ ആവേശിച്ചിരിക്കുന്നവരെല്ലാം അശുദ്ധാത്മാവിന്‍റെ ബന്ധനത്തില്‍ കഴിയുന്നവരല്ലേ? അഹങ്കാരം, പക, നിരാശ, അത്യാഗ്രഹം, ജഡികാസക്തി... സൂക്ഷിച്ചു നോക്കിയാല്‍ നമ്മെ അടിപ്പെടുത്തിയിരിക്കുന്ന പിശാചുക്കള്‍ ഒന്നല്ല, ഒട്ടനവധിയാണ്. ഋണാത്മക ചിന്തകളും വികാരങ്ങളും മനോഭാവങ്ങളും സമീപനങ്ങളുമൊക്കെ പുലര്‍ത്തുമ്പോള്‍ നാം ഈ അശുദ്ധാത്മാവു ബാധിച്ച മനുഷ്യനു തുല്യരാകുന്നു. അവന്‍ ശവകുടീരങ്ങള്‍ക്കിടയിലാണ് കഴിഞ്ഞത്. പ്രതീക്ഷകളില്ലാതെ നിരാശയില്‍ മുഴുകി മറ്റുള്ളവരില്‍നിന്ന് ഒഴിഞ്ഞുമാറി നാം ജീവിക്കുമ്പോള്‍ നാമും കൊഴിഞ്ഞസ്വപ്നങ്ങളുടെ ശവകുടീരങ്ങള്‍ക്കിടയില്‍ കഴിയുന്നവരെപ്പോലെയാകും. ആ പിശാചു ബാധിതന്‍റെ ഒരു പ്രധാന പ്രത്യേകത അവനെ ഒരുതരത്തിലും ആര്‍ക്കും നിയന്ത്രിക്കാന്‍ സാധിച്ചിരുന്നില്ല എന്നതാണ്. തിന്മയായ വികാരവിചാരങ്ങള്‍ നമ്മുടെ നിയന്ത്രണം ഏറ്റെടുക്കുമ്പോള്‍ പിന്നെ കുടുംബത്തിന്‍റെയും മതത്തിന്‍റെയും സമൂഹത്തിന്‍റെയും സന്മാര്‍ഗ്ഗത്തിന്‍റെയും പൗരബോധത്തിന്‍റെയും വിലങ്ങുകളുടെ ചങ്ങലകള്‍ പൊട്ടിക്കുക വെറും സാധാരണ സംഭവമായി മാറും. പിശാചുബാധിതന്‍ അലറിവിളിച്ചിരുന്നു. അലറിയില്ലെങ്കിലും അകമേ വലിയ അമര്‍ഷവും പ്രതിഷേധവും കൊലവിളിയും നിറഞ്ഞ അസ്വസ്ഥമായ ഹൃദയമല്ലേ പലര്‍ക്കും? പിശാചു ബാധിതന്‍ തന്നെത്തന്നെ മുറിപ്പെടുത്തിയിരുന്നുവെന്നത് ശ്രദ്ധേയമാണ്. നമ്മുടെ നിഷേധാത്മക ചിന്തകളും മറ്റും ആത്യന്തികമായി നമ്മെത്തന്നെയാണല്ലോ നശിപ്പിക്കുന്നത്. യേശുവിനെക്കണ്ട് ഓടിയടുത്തു വരുകയും എന്നാല്‍ തന്‍റെ കാര്യത്തില്‍ ഇടപെടരുതെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നതില്‍ ഒരു വൈരുദ്ധ്യം ഒളിഞ്ഞിരിപ്പില്ലേ? തീര്‍ച്ചയായും. അതു നമ്മുടെയുള്ളിലുള്ള പരസ്പരം പോരടിക്കുന്ന രണ്ടു ശക്തികളുടെ ആവിഷ്കരണമാണ്. ദൈവത്തോട് ഓടിയടുക്കാനും ചേര്‍ന്നിരിക്കാനുമുള്ള ആവേശം ഉള്ളില്‍ നിറയുമ്പോള്‍തന്നെ ദൈവത്തെ നമ്മുടെ ജീവിതത്തിലെ ചില മേഖലകളില്‍നിന്ന് ഒഴിച്ചുമാറ്റാനുള്ള പ്രവണതയും നമ്മുടെയുള്ളില്‍ നാം കാണുന്നുണ്ടല്ലോ. സൗഖ്യം പ്രാപിച്ചതോടെ അവന്‍ വസ്ത്രം ധരിച്ച് സുബോധത്തോടെയിരുന്നു. മുമ്പ് അവന്‍ വസ്ത്രം ധരിക്കില്ലായിരുന്നു. ലജ്ജ എന്തെന്ന് അവനറിഞ്ഞിരുന്നില്ല. ശരിയാണ്. ഏതെങ്കിലുമൊക്കെ അശുദ്ധി കീഴടക്കിയാല്‍ പിന്നെ എന്തു ക്രൂരതയും ചെയ്യാനും എത്ര ലജ്ജാകരമായ പ്രവര്‍ത്തികളില്‍ മുഴുകാനും ആര്‍ക്കും വിഷമമുണ്ടാകില്ല.

ഗരസേനര്‍ ദൈവത്തെക്കാളുപരി സഹോദരങ്ങളെക്കാളുമുപരി അവരുടെ പന്നികളെ സ്നേഹിച്ചു. സ്വാര്‍ത്ഥസുഖത്തിന്‍റെ പന്നിക്കൂട്ടങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ ദൈവത്തെ ബഹിഷ്ക്കരിക്കുന്നവരും സഹോദരങ്ങളുടെ ദുര്‍വിധിയ്ക്കുനേരെ കണ്ണടയ്ക്കുന്നവരുമാണോ നമ്മള്‍?

The Gospel of Mark heals the demon-possessed (5: 1-20) the gospel of mark catholic malayalam Dr. Jacob Chanikuzhi Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message