We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Jacob Chanikuzhi On 04-Feb-2021
അത്ഭുതകഥ (miracle story) യുടെയും pronouncement story യുടെ യും പ്രത്യേകതകള്‍ കൂടിച്ചേര്‍ന്നതാണ് ഈ സംഭവം. നാലുപേര്‍ തളര്‍വാതരോഗിയെ എടുത്തുകൊണ്ടുവരുന്നത് രോഗത്തിന്‍റെ ഗുരുതരാവസ്ഥയെ കാണിക്കുന്നു. 2. മേല്‍ക്കൂര പൊളിക്കുന്നത് രോഗശാന്തിക്കപേക്ഷിക്കുന്നതിനെ സൂചിപ്പിക്കുന്നു. 3. പാപമോചനവാക്കുകളും കിടക്കയുമെടുത്ത് പോകാനുള്ള കല്പനയുമാണ് സൗഖ്യദായകന്‍റെ പ്രവര്‍ത്തി. 4. കിടക്കയുമെടുത്ത് പോകുന്നത് രോഗം പൂര്‍ണ്ണമായി സുഖപ്പെട്ടു എന്നതിന്‍റെ പ്രകടനമാണ്. പാപമോചനം കൊടുക്കാനുള്ള യേശുവിന്‍റെ അധികാരത്തെക്കുറിച്ചുള്ള സംശയം യേശു നല്‍കുന്ന സൗഖ്യംമൂലം ദൂരീകരിക്കപ്പെടുന്നു.
കഫര്‍ണാമില്‍ യേശു താമസിക്കുന്ന പത്രോസിന്‍റെ വീട് ഇപ്പോള്‍ യേശുവിന്‍റെ വീടായി അറിയപ്പെട്ടു കഴിഞ്ഞു. ആളുകള്‍ ഓടിക്കൂടുന്നതും വാതില്‍ക്കല്‍പോലും നില്‍ക്കാന്‍ കഴിയാത്തവിധം ജനങ്ങള്‍ എത്തിച്ചേര്‍ന്നതുമെല്ലാം യേശുവിന്‍റെ ജനകീയത എത്രമാത്രമെന്നു സൂചിപ്പിക്കുന്നു. യേശുവിന്‍റെ വര്‍ദ്ധിച്ച ജനസമ്മിതി ഇതിനകംതന്നെ സംക്ഷിപ്തവിവരണങ്ങളില്‍ മര്‍ക്കോസു സൂചിപ്പിച്ചിട്ടുള്ളതാണ് (1:27-28, 32-34, 45). കഥാനായകന്‍റെ ജനസമ്മിതിയെ പര്‍വ്വതീകരിച്ചുകാണിക്കുന്ന പതിവ് അക്കാലത്തെ ജീവചരിത്രവിവരണങ്ങളില്‍ സാധാരണമായിരുന്നു. പഠിപ്പിക്കുന്നതിനുവേണ്ടിയാണ് തന്‍റെ ജനസ്വാധീനം യേശു ഉപയോഗിച്ചത്. എന്താണ് യേശു പഠിപ്പിച്ചതെന്ന് ഇവിടെയും മര്‍ക്കോസ് രേഖപ്പെടുത്തുന്നില്ല.
തളര്‍വാതരോഗിയെ എടുത്തുകൊണ്ടു വന്നവര്‍ക്ക് ഉള്ളില്‍ കടക്കാന്‍ ആരും മാറികൊടുത്തില്ല. യേശുവിന്‍റെ കീര്‍ത്തിയും തന്മൂലം അവന്‍റെ ചുറ്റുംകൂടിയ ജനക്കൂട്ടവും യേശുവിന്‍റെ അടുത്തെത്തുന്നതിന് തളര്‍വാത രോഗിക്ക് ഒരു തടസ്സമായി മാറി. ഒരുപക്ഷേ അവരുടെ മുന്നിലും ഉണ്ടായിരുന്നത് അതു പോലെതന്നെയുള്ള രോഗികള്‍ ആയിരുന്നിരിക്കാം. ആ നാലുപേര്‍ക്ക് തളര്‍വാതരോഗിയോടുള്ള പ്രതിബദ്ധത ശ്രദ്ധേയമാണ്. അവന് സൗഖ്യം ലഭിക്കണമെന്ന് അവര്‍ തീവ്രമായി ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് ജനക്കൂട്ടത്തെക്കണ്ട് നിരാശരായി അവര്‍ തിരിച്ചുപോകാതിരുന്നത്. "ഇന്നേതായാലും ഒന്നും നടക്കില്ല, വേറൊരു ദിവസമാകട്ടെ" എന്ന് അവര്‍ ചിന്തിച്ചില്ല. സാധിക്കുന്ന ആദ്യനിമിഷം തന്നെ തങ്ങളുടെ രോഗിയെ യേശുവിന്‍റെ അടുത്തെത്തിക്കാന്‍ അവര്‍ ആഗ്രഹിച്ചു. അതിന് അവര്‍ ഒരു പുതിയവഴി, അത് എത്ര വിചിത്രമാണെങ്കിലും, കണ്ടെത്തി എന്നതാണ് പ്രസക്തമായ കാര്യം.
വളരെ സാഹസികമായി ആ മനുഷ്യനെ യേശുവിന്‍റെ അടുത്തെത്തിക്കാന്‍ അവരെ പ്രേരിപ്പിച്ചത് യേശുവിലുള്ള അവരുടെ ഉറച്ചവിശ്വാസമാണ്. മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ വിശ്വാസം എപ്പോഴും പ്രതിസന്ധികളെ തരണംചെയ്യുന്ന വിശ്വാസമാണ്. വിശ്വാസി തന്‍റെ മുമ്പിലുള്ള തടസ്സങ്ങളെ ധൈര്യമായി മറികടക്കുന്നു (5:21-24, 35-43; 10:46-52).
അവരുടെ വിചിത്രമായ പരിശ്രമത്തെ യേശു ഭര്‍ത്സിക്കുകയല്ല, അതിനു പിന്നിലുള്ള വിശ്വാസത്തെ യേശു പരിഗണിക്കുകയാണ് ചെയ്യുന്നത്. "അവരുടെ" വിശ്വാസം കണ്ട് എന്നത് ആ നാലുപേരുടെ വിശ്വാസത്തെയായിരിക്കാം പരാമര്‍ശിക്കുന്നത്. മറ്റുള്ളവരെ സൗഖ്യത്തിലേക്കും രക്ഷയിലേക്കും നയിക്കാനുള്ള പരിശ്രമങ്ങളും പ്രാര്‍ത്ഥനകളും നിരര്‍ത്ഥകമല്ലെന്നും ഈ ഭാഗം നമ്മെ പഠിപ്പിക്കുന്നു.
തളര്‍വാതരോഗിയെ "മകനെ" എന്ന് യേശു വിളിക്കുന്നത്, അവന്‍റെ രോഗാവസ്ഥയും നിസ്സഹായാവസ്ഥയും അവനെ ഗര്‍ഹണീയനാക്കുന്നില്ലെന്നു സൂചിപ്പിക്കുന്നു. "നിന്‍റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു" എന്ന യേശുവിന്‍റെ പ്രഖ്യാപനം പാപംമൂലമാണ് രോഗം ഉണ്ടാകുന്നതെന്ന വ്യാഖ്യാനത്തിന് ഇടയാക്കിയിട്ടുണ്ട്. എന്നാല്‍ പാപവും രോഗവും തമ്മിലുള്ള കാര്യകാരണബന്ധത്തെ യേശു നിരാകരിച്ചിട്ടുള്ളതാണ് (യോഹ 9:3). പാപംമൂലം രോഗങ്ങളുണ്ടാകാം. എന്നാല്‍ ഒരുവനുണ്ടാകുന്ന എല്ലാ രോഗങ്ങളും അവന്‍റെയോ അവന്‍റെ പൂര്‍വ്വികരുടെയോ പാപത്തിന്‍റെ ഫലമാണ് എന്നത് പുതിയ നിയമാരൂപിക്ക് നിരക്കുന്ന ചിന്തയല്ല.
നിയമജ്ഞരില്‍നിന്നാണ് യേശു ആദ്യത്തെ എതിര്‍പ്പ് നേരിടുന്നത്. യഹൂദരുടെ ഇടയിലെ ദൈവശാസ്ത്രജ്ഞരും ബൈബിള്‍ പണ്ഡിതരുമൊക്കെയായിരുന്നു നിയമജ്ഞര്‍. . എഴുത്തുകാരെന്നാണ് ഈ വാക്കിന്‍റെ അര്‍ത്ഥം. അച്ചടി കണ്ടുപിടിച്ചിട്ടില്ലാതിരുന്ന കാലഘട്ടത്തില്‍ പഴയനിയമത്തിന്‍റെ പകര്‍പ്പുകള്‍ ഉണ്ടാക്കിയിരുന്നത് കൈകൊണ്ട് പകര്‍ത്തിയെഴുതിക്കൊണ്ടാണ്. വിദ്യാസമ്പന്നരായ വ്യക്തികളാണ് ഇപ്രകാരം കൈയെഴുത്തുപകര്‍പ്പുകള്‍ ഉണ്ടാക്കിയിരുന്നത്. വിശുദ്ധഗ്രന്ഥം പകര്‍ത്തിയെഴുതുന്നതിലൂടെ അവര്‍ അതില്‍ അറിവുള്ളവരായിമാറി. നിയമവ്യാഖ്യാനത്തിനും അവര്‍ പ്രവീണരായിത്തീര്‍ന്നു. ഇസ്രായേലില്‍ പൊതുജീവിതത്തിന്‍റെ നിയമവും വിശുദ്ധ ഗ്രന്ഥംതന്നെയായിരുന്നതിനാല്‍ അവര്‍ ഏറെക്കുറെ ഇന്നത്തെ അഭിഭാഷകരെപ്പോലെയായിരുന്നു.
"നിന്‍റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു" എന്ന പ്രസ്താവം ദൈവദൂഷണമായിട്ടാണ് അവിടെയുണ്ടായിരുന്ന നിയമജ്ഞര്‍ മനസ്സിലാക്കിയത്. കാരണം ദൈവത്തിനുമാത്രമേ പാപങ്ങള്‍ മോചിക്കാന്‍ അധികാരമുള്ളൂ (പുറ 34:6-7; സങ്കീ 51:1-3; 85:2; ഏശ 43:25). ഇസ്രായേലില്‍ പുരോഹിതന്മാര്‍ക്ക് പാപമോചനാധികാരം ഉണ്ടായിരുന്നില്ല. മിശിഹായ്ക്ക്പോലും പാപംമോചിക്കാന്‍ അധികാരമുണ്ടെന്ന് അവര്‍ വിചാരിച്ചിരുന്നില്ല. യേശുവിന്‍റെ പ്രഖ്യാപനം ദൈവത്തിന്‍റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമായാണ് നിയമജ്ഞര്‍ക്ക് തോന്നിയത്.
എന്നാല്‍ അവരുടെ ഉള്ളിലെ വിചാരം യേശു വെളിപ്പെടുത്തുന്നു. ദൈവത്തിനു മാത്രമാണ് മനുഷ്യന്‍റെ ഉള്ളിലെ ചിന്തകള്‍ അറിയാവുന്നത് (1 സാമു 16:7; 1 രാജാ 8:39). നിയമജ്ഞരുടെ രഹസ്യചിന്തകള്‍ വെളിപ്പെടുത്തികൊണ്ടും തളര്‍വാതരോഗിയുടെ പാപാവസ്ഥ മനസ്സിലാക്കിക്കൊണ്ടും യേശു തന്‍റെ ദൈവത്വം സൂചിപ്പിക്കുകയാണ്. ഏതാണെളുപ്പമെന്ന യേശുവിന്‍റെ ചോദ്യം നിയമജ്ഞരെ ആശയക്കുഴപ്പത്തിലാക്കുന്നു. ഒരുതരത്തില്‍ ചിന്തിച്ചാല്‍ തളര്‍വാതരോഗിയോട് എഴുന്നേറ്റു നടക്കുക എന്നുപറയുന്നതാണ് ദുഷ്കരം. കാരണം അത് പറയുന്നയാളുടെ വാക്കുകള്‍ക്ക് ശക്തിയുണ്ടോയെന്ന് അപ്പോള്‍ തന്നെ വെളിപ്പെടും. പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നത് ആ നിലക്ക് എളുപ്പമാണ്. കാരണം പാപം ക്ഷമിക്കപ്പെട്ടിട്ടില്ല എന്ന് ആര്‍ക്കും തെളിയിക്കാന്‍ സാധിക്കുകയില്ലല്ലോ. പക്ഷേ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതാണ് എളുപ്പമെന്ന് അഭിപ്രായപ്പെടാനും നിയമജ്ഞര്‍ക്ക് കഴിയുകയില്ല. കാരണം പാപമോചനം എളുപ്പമുള്ള കാര്യമാണ് എന്നു പറയുന്നത് ദൈവകൃപയെ നിസ്സാരമാക്കുന്ന പ്രസ്താവനയാണ്.
പ്രായോഗിക പരിഗണനയില്‍ കൂടുതല്‍ പ്രയാസകരമായ കാര്യം യേശു ചെയ്യുന്നു: തളര്‍വാതരോഗിയെ സുഖപ്പെടുത്തുന്നു. തന്‍റെ പാപമോചനാധികാരത്തിന്‍റെ അടയാളമായിട്ടാണ് യേശു തളര്‍വാത രോഗിയെ സുഖപ്പെടുത്തുന്നത്. തളര്‍വാതരോഗിയോട് എഴുന്നേറ്റു നടക്കാന്‍ യേശു കല്പിച്ചപ്പോള്‍ അയാള്‍ എഴുന്നേറ്റു നടന്നുവെങ്കില്‍ അതേ യേശുതന്നെ നിന്‍റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നു പ്രഖ്യാപിച്ചപ്പോള്‍ അതും സംഭവിച്ചിട്ടുണ്ട് എന്നാണ് യേശു വ്യക്തമാക്കുന്നത്. യേശുവിന്‍റെ വാക്കുകള്‍ക്ക് ശാരീരികസൗഖ്യം നല്‍കാന്‍ കെല്‍പുണ്ടെങ്കില്‍ അതേ വാക്കുകള്‍ക്ക് ആത്മീയസൗഖ്യം നല്‍കാനും കെല്‍പുണ്ടെന്നു സാരം. കൂടുതല്‍ ദുഷ്കരം എന്നു കരുതുന്നതുചെയ്യാന്‍ യേശുവിനുപറ്റുമെങ്കില്‍ അതിനേക്കാള്‍ എളുപ്പമായത് അവന് ചെയ്യാന്‍പറ്റുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. യേശു നല്‍കിയ ആത്മീയസൗഖ്യത്തിന്‍റെ (പാപമോചനത്തിന്‍റെ) അടയാളമായിരുന്നു തളര്‍വാതരോഗിക്ക് ലഭിച്ച ശാരീരികസൗഖ്യം. യേശുവിന്‍റെ വാക്കുകേട്ട ക്ഷണത്തില്‍തന്നെ ആ തളര്‍വാതരോഗി എഴുന്നേറ്റ് കിടക്കയുമെടുത്ത് നടന്നു എന്നത് അവനുടനെതന്നെ പൂര്‍ണ്ണമായും സുഖപ്പെട്ടു എന്നതിന്‍റെ സൂചനയാണ്. "കിടക്കയുമെടുത്ത് നടക്കുക": താന്‍ സുഖപ്പെടുത്തിയ ആള്‍ക്ക് യേശു ഒരു നിയോഗവും/ഉത്തരവാദിത്വവും നല്‍കുന്നു (യോഹ 5:8; 8:11). മറ്റുള്ളവരുടെ ചുമലിലേറി വന്നവര്‍ സ്വന്തം ജീവിതത്തിന്‍റെ ഉത്തരവാദിത്വം ചുമലിലേറ്റാന്‍ പര്യാപ്തനായി വീട്ടിലേക്കു മടങ്ങുന്നു.
എല്ലാവരുടെയും "വിസ്മയം" രോഗശാന്തി കഥകളിലെല്ലാം നാം കാണുന്ന ഘടകമാണ്. വിസ്മയഭരിതരായ ജനക്കൂട്ടം ദൈവത്തെ മഹത്വപ്പെടുത്തിയത് (വാ.12) യേശുവിന്‍റെ അത്ഭുതത്തിന്‍റെപിന്നില്‍ ദൈവികശക്തിയാണെന്ന സത്യം അവര്‍ അംഗീകരിച്ചു എന്നതിന്‍റെ അടയാളമാണ്. യേശു ദൈവദൂഷകനാണെന്ന നിയമജ്ഞരുടെ അനുമാനത്തിനുള്ള (വാ. 7) ജനത്തിന്‍റെ മറുപടിയാണിത്.
വിചിന്തനം: ആരോഗ്യമുള്ളവര്‍ക്ക്മാത്രം ചെയ്യാന്‍ കഴിയുന്ന കാര്യം യേശു തളര്‍വാതരോഗിയോട് കല്പിക്കുന്നു. ആ കല്പനയുടെ അര്‍ത്ഥം അത് നിറവേറ്റാനുള്ള ആരോഗ്യം അവിടുന്നവന് നല്‍കിയിരിക്കുന്നുവെന്നാണ്. താന്‍ കല്പിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ശക്തിനല്‍കിക്കൊണ്ടാണ് അവിടുന്ന് കല്പിക്കുന്നത്.
the-gospel-of-mark-Forgiveness of sins (2: 1-12) Dr. Jacob Chanikuzhi catholic malayalam the gospel of mark Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206