We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Jacob Chanikuzhi On 04-Feb-2021
സമൂഹത്തിലെ പാപികളും അധഃകൃതരുമായ വിഭാഗം ആദിമ സഭയില്‍ അംഗത്വം സ്വീകരിച്ചതിനെ ന്യായീകരിക്കുന്ന ഒരു സംഭവമാണ് ചുങ്കക്കാരനായ ലേവിയെ യേശു തന്‍റെ ശിഷ്യനായി സ്വീകരിക്കുന്ന ഈ ഭാഗം. തളര്‍വാതരോഗിയെ സുഖപ്പെടുത്തിക്കൊണ്ട് പാപങ്ങള്‍ ക്ഷമിക്കാനുള്ള തന്‍റെ അധികാരം വ്യക്തമാക്കിയ യേശു, പാപികളെ തേടിയിറങ്ങുന്ന ചിത്രമാണ് ലേവിയെ വിളിക്കുന്ന കഥ വരച്ചുകാട്ടുന്നത്. യഹൂദരുടെ രാജ്യത്ത് അധിനിവേശം നടത്തി അവരെ ചൂഷണം ചെയ്തു കൊണ്ടിരുന്ന റോമാക്കാര്‍ക്കുവേണ്ടി കരംപിരിച്ചിരുന്ന വ്യക്തി എന്ന നിലയില്‍ ചുങ്കക്കാരെ യഹൂദര്‍ കുറച്ചൊന്നുമല്ല വെറുത്തിരുന്നത്. ചുങ്കക്കാര്‍ തങ്ങളുടെ മേലധികാരികള്‍ക്ക് ഒരു നിശ്ചിത തുക കരമായി കൊടുക്കുന്നതിനുള്ള കരാറില്‍ ആദ്യം ഏര്‍പ്പെടും. പിന്നീട് ആ തുക അവര്‍ പിരിച്ചെടുക്കും. കൊടുക്കാമെന്ന് സമ്മതിച്ച തുകയേക്കാള്‍ എത്രയധികം പിരിച്ചെടുക്കുന്നുവോ അത്രയുമായിരുന്നു അവരുടെ ലാഭം. ലാഭം വര്‍ദ്ധിപ്പിക്കുന്നതിനായി അവര്‍ നിഷ്ഠൂരമായ മാര്‍ഗ്ഗങ്ങളുപയോഗിച്ചും നികുതി പിരിച്ചെടുത്തിരുന്നു. ഇപ്രകാരമുള്ള ചുങ്കക്കാരെ കരടികള്‍ എന്നാണ് യഹൂദര്‍ വിളിച്ചിരുന്നത്. റോമന്‍ - ഗ്രീക്ക് ഗ്രന്ഥങ്ങളില്‍ ധര്‍മ്മക്കാര്‍, കള്ളന്മാര്‍, കൊള്ളക്കാര്‍ എന്നിവര്‍ക്കൊപ്പമാണ് ചുങ്കക്കാരെയും പരിഗണിച്ചിരുന്നത്. മിഷ്ന (mishna) ചുങ്കക്കാരെ കള്ളന്‍മാര്‍ക്കും കൊലപാതകികള്‍ക്കും സമന്മാരായി കണ്ടു. പുതിയനിയമത്തില്‍ ചുങ്കക്കാരെ പാപികളോടും വിജാതീയരോടുമാണ് തുലനം ചെയ്തിരിക്കുന്നത് (മത്താ 9:10; 5:46).
ഗലീലി റോമിന്‍റെ നേരിട്ടുള്ള ഭരണത്തിലല്ലായിരുന്നതിനാല്‍ റോമന്‍ മേല്ക്കോയ്മ അംഗീകരിച്ചിരുന്ന ഹേറോദേസ് അന്തിപ്പാസിന്‍റെ ഉദ്യോഗസ്ഥനായിരുന്നു ലേവി. പണസമ്പാദനത്തിനായി സ്വസഹോദരങ്ങളായ യഹൂദരെയും സ്വന്തം രാജ്യത്തെയുംപോലും തള്ളിപ്പറയാന്‍ തയ്യാറായ, പണത്തിനടിമയായ ഒരു മനുഷ്യനായിരുന്നു ലേവി. എന്നാല്‍ യേശുവിന്‍റെ വിളിയുടെ മുന്നില്‍ സമ്പത്തിനോടുള്ള അവന്‍റെ ബന്ധനങ്ങള്‍ തകര്‍ന്നുവീണു. അത്യാഗ്രഹത്തിന്‍റെ പടുകുഴിയില്‍നിന്ന് അവന്‍ "എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു"(2:14). മീന്‍പിടുത്തം ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ച ആദ്യശിഷ്യര്‍ക്ക് തിരിച്ചുചെന്ന് മീന്‍പിടുത്തം പുനരാരംഭിക്കുന്നതിനുള്ള സാധ്യതയുണ്ടായിരുന്നു. എന്നാല്‍ ചുങ്കംപിരിവെന്ന "ഗവണ്‍മെന്‍റ് ഉദ്യോഗം" ഒരിക്കല്‍ ഉപേക്ഷിച്ചാല്‍ അത് ലേവിക്ക് പിന്നീട് തിരിച്ചുകിട്ടുമായിരുന്നില്ല. ആ നിലയ്ക്ക് ഇത്രയും ധീരമായ ഒരു തീരുമാനം കൈക്കൊള്ളാന്‍ സമ്പത്തിനടിപ്പെട്ട ലേവിക്ക് സാധിച്ചുവെന്നത് യേശുവിന്‍റെ ആജ്ഞാസ്വരം എത്രയോ അധികാരപൂര്‍ണ്ണമാണെന്നും ഫലപ്രദമാണെന്നും സൂചിപ്പിക്കുന്നു.
അനുഗമിക്കുക എന്നത് പാദങ്ങളുടെ പ്രവര്‍ത്തി എന്നതിനെക്കാള്‍ ഹൃദയത്തിന്‍റെ പ്രവര്‍ത്തനമാണ്; ഒരു ജീവിതരീതിയാണത്. ബാഹ്യമായി ഒരു വാക്കുകൊണ്ടു മത്തായിയെ വിളിച്ച കര്‍ത്താവ് അതോടൊപ്പം അപ്രതിരോധ്യമായ ഒരാന്തരീക പ്രചോദനം ദാനമായി അവനു നല്‍കി. തന്മൂലം ലേവിക്ക് യേശുവിനെ അനുഗമിക്കാനായി .
"അവന്‍ ലേവിയുടെ ഭവനത്തില്‍ ഭക്ഷണത്തിന് ഇരിക്കുമ്പോള്‍": ഇരിക്കുക എന്ന വാക്കിന്‍റെ മൂലാര്‍ത്ഥം കൈകുത്തിയിരിക്കുക എന്നാണ് (recline). യഹൂദര്‍ ഭക്ഷണം കഴിക്കുമ്പോള്‍ സാധാരണ ഇരിക്കുകയാണ് പതിവ്. എന്നാല്‍ വിശേഷാവസരങ്ങളില്‍ റോമാക്കാരെയും ഗ്രീക്കുകാരെയുംപോലെ അവരും ഇടതുകൈമുട്ടില്‍ ചാഞ്ഞിരുന്ന് ഭക്ഷണം കഴിച്ചിരുന്നു. യേശുവിന്‍റെ സാന്നിധ്യം വിളരെ വിശേഷപ്പെട്ടതായി ലേവി കണക്കാക്കിയതുകൊണ്ടാണ് ചാരിയിരുന്ന് ഭക്ഷണം കഴിക്കുന്നതിനുള്ള സജീകരണം ലേവി ചെയ്തത്.
ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുക എന്നത് അക്കാലത്ത് പലസ്തീനയില്‍ വളരെ പ്രധാനപ്പെട്ട ഒരു സംഗതിയായിരുന്നു. ഒരാളെ ഭക്ഷണത്തിന് ക്ഷണിക്കുക എന്നത് ക്ഷണിക്കപ്പെട്ടയാളോടുള്ള ബഹുമാനവും സ്നേഹവുമാണ് ദ്യോതിപ്പിച്ചിരുന്നത്. ക്ഷണം സ്വീകരിക്കുന്നതിലൂടെ തന്‍റെ സൗഹൃദവും വിശ്വസ്തതയും അതിഥിയും വാഗ്ദാനം ചെയ്യുന്നു. ചുരുക്കത്തില്‍ ഭക്ഷണമേശയില്‍ ഒരുമിച്ചിരിക്കുന്നത് സാമൂഹ്യജീവിതത്തില്‍ ഉറച്ച സൗഹൃദത്തോടെ ഒറ്റക്കെട്ടായി മുന്നോട്ടുപോകുന്നതിനുള്ള ദൃഢനിശ്ചയത്തിന്‍റെ പ്രകാശനമായിരുന്നു. ചുങ്കക്കാരനായ ലേവിയോടൊപ്പം യേശു ഭക്ഷണത്തിനിരുന്നത് അവന്‍റെ കറപിടിച്ച ജീവിതം യേശു ക്ഷമിച്ചതിന്‍റെ അടയാളമായിരുന്നു. അതായത് തളര്‍വാതരോഗിയോട് "നിന്‍റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു" എന്നു യേശു വാക്കാല്‍ പറഞ്ഞെങ്കില്‍ അതേ പാപമോചനംതന്നെ യേശു ഒരു പ്രവര്‍ത്തിയാല്‍ നല്‍കുകയാണ് ലേവിയോടൊപ്പം ഭക്ഷണം കഴിച്ചുകൊണ്ട്. നമ്മുടെ ആഘോഷങ്ങളും വിരുന്നുകളും മുറിവുണക്കുന്നതിനും കൂട്ടായ്മ വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള വേദികളാവണം.
എന്നാല്‍ യേശുവിന്‍റെ "വിവേചനം ഇല്ലാത്ത" ഈ സമീപനം എതിര്‍പ്പു ക്ഷണിച്ചുവരുത്തുന്നു. ഇത്തവണയും എതിരാളികള്‍ നിയമജ്ഞര്‍തന്നെ. ഒരുപക്ഷേ യേശു ലേവിയോടൊപ്പം വിരുന്നാസ്വദിക്കുന്നത് നിയമജ്ഞര്‍ പുറമെനിന്നു കാണുകയോ മനസ്സിലാക്കുകയോ ചെയ്തിട്ടുണ്ടാകാം. അവര്‍ ചോദ്യം ഉന്നയിക്കുന്നത് യേശുവിന്‍റെ ശിഷ്യരോടാണ്: നിങ്ങളുടെ ഗുരു "ചുങ്കക്കാരുടെയും പാപികളുടെയും കൂടെ ഭക്ഷിക്കുന്നതെന്ത്?" (വാ. 16). പാപികളെന്നാല്‍ ഫരിസേയരുടെ നിയമാനുഷ്ഠാനങ്ങള്‍ അച്ചിട്ടമായി പാലിക്കാത്തവര്‍ എന്നേ മനസ്സിലാക്കേണ്ടതുള്ളൂ. ഫരിസേയരുടെ പല അനുഷ്ഠാനങ്ങളും സാധാരണ മനുഷ്യര്‍ക്ക് പാലിക്കാന്‍ സാധിക്കുമായിരുന്നില്ല.
"ആരോഗ്യവാന്‍മാര്‍ക്കല്ല ... ആവശ്യം" (വാ. 17) എന്നത് അന്നു നിലവിലിരുന്ന ഒരു ചൊല്ലായിരുന്നു. "നീതിമാന്മാരെ വിളിക്കാനല്ല" എന്നതുകൊണ്ട് സ്വയം നീതിമാന്മാരെന്നു കരുതുന്നവരെയാണു ഇവിടെ ഉദ്ദേശിക്കുന്നത്. തങ്ങളെത്തന്നെ നീതിമാന്മാരായി പരഗണിക്കുന്നവര്‍ക്ക് നീതീകരിക്കുന്നവനായ ദൈവത്തെ ആവശ്യമില്ലല്ലോ. പാപികളെന്ന് സ്വയം അംഗീകരിക്കുന്നവരാണ് തങ്ങളുടെ പാപബന്ധനങ്ങളില്‍നിന്ന് വിമോചിപ്പിക്കണമേ എന്ന യാചനയോടെ ദൈവത്തെ തേടുന്നവര്‍. അത്തരക്കാരെ വിമോചിപ്പിക്കാനും രക്ഷിക്കാനും ദൈവരാജ്യത്തിലേയ്ക്കു വിളിക്കാനുമാണ് താന്‍ വന്നിരിക്കുന്ന് എന്നതാണ് യേശുവിന്‍റെ പ്രസ്താവനയുടെ അര്‍ത്ഥം. സൗഖ്യം വരുന്നത് അത്യുന്നതനില്‍ നിന്നാണെന്ന പ്രഭാഷകവചനത്തിന്‍റെ പശ്ചാത്തലത്തില്‍ (പ്രഭാ 38:2) തന്നെത്തന്നെ യേശു വൈദ്യനായി അവതരിപ്പിക്കുന്നത് അര്‍ത്ഥഗര്‍ഭമാണ്.
15-ാം വാക്യത്തില്‍ "ലേവിയുടെ ഭവനത്തില്" എന്നതിന് "അവന്‍റെ ഭവനത്തില്‍" എന്നാണ് പുരാതന കൈയെഴുത്തുപ്രതികളില്‍ കാണുന്നത്. അവന്‍റെ ഭവനം എന്നത് യേശുവിന്‍റെ ഭവനം എന്നും വ്യാഖ്യാനിക്കാം. അതിനര്‍ത്ഥം, ലേവിക്ക് യേശു തന്‍റെ വീട്ടില്‍ (പത്രോസിന്‍റെ വീട്ടില്‍) വിരുന്നു നല്‍കി എന്നാകും. ഈ വ്യാഖ്യാനം സ്വീകരിക്കുന്നവര്‍ താഴെപ്പറയുന്ന കാരണങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്:
മര്‍ക്കോസും (2:15-17) Q വും (ലൂക്കാ 7:34; മത്താ 11:19) ലൂക്കായും (15:1-2; 19:1-10) ഒന്നുപോലെ പരാമര്‍ശിക്കുന്നതുകൊണ്ട് ചുങ്കക്കാരോടും പാപികളോടുമൊപ്പം യേശു ഭക്ഷണം കഴിച്ചിരുന്നു എന്നത് ഒരു ചരിത്രവസ്തുത തന്നെയാണെന്ന് നാം അനുമാനിക്കണം. യേശുവിന്‍റെ "വിലയിടിക്കുന്ന" ഇത്തരം കൂട്ടായ്മകള്‍ സുവിശേഷകര്‍ സ്വയം എഴുതിയ കഥകളാണെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. ദൈവത്തിന്‍റെ അത്യധികമായ കരുണയുടെയും ക്ഷമയുടെയും ആവിഷ്കാരവും മുന്നാസ്വാദനവുമായിരുന്നു ഈ വിരുന്നുകളെല്ലാം - ദൈവ ഭരണത്തിന്‍റെ പൊട്ടിവിടരലുകള്‍.
പാപികളോട് ഇടപെടുന്നതിന്‍റെ പേരില്‍ യേശുവിനെ കുറ്റപ്പെടുത്തുന്നത്, രോഗിയുടെമേല്‍ കുനിഞ്ഞ്, ദുര്‍ഗന്ധം സഹിച്ച് രോഗിയെ സുഖപ്പെടുത്താന്‍ ശ്രമിക്കുന്നതിന്‍റെ പേരില്‍ വൈദ്യനെ കുറ്റപ്പെടുത്തുന്നതിന് തുല്യമാണ് . .
സ്വയം നീതിമാന്മാരാണെന്നു കരുതുന്നവര്‍, തങ്ങള്‍ സുഖമുള്ളവരാണെന്നു പറഞ്ഞ് വൈദ്യനെ കാണാന്‍ വിസമ്മതിക്കുന്ന മാനസിക രോഗികള്‍ക്ക് തുല്യരാണ്. അവരുടെ വലിയ ശക്തിപോലും അവരുടെ അസുഖത്തിന്‍റെ അടയാളമാണ് (അഗസ്റ്റിന്‍).
The Gospel of Mark for eating with sinners (2: 13-17) Dr. Jacob Chanikuzhi catholic malayalam the gospel Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206