x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. മര്‍ക്കോസിന്‍റെ സുവിശേഷം, അത്തിമരത്തെ ശപിക്കുന്നു (11:12-14)

Authored by : Dr. Jacob Chanikuzhi On 04-Feb-2021

ഈ സുവിശേഷത്തിലെ പീഡാനുഭവവിവരണത്തിലെ ഏക അത്ഭുതമാണിത്. മര്‍ക്കോസ് ഉപയോഗിക്കുന്ന സാന്‍ഡ്വിച്ച്  രചനാസങ്കേതത്തിന്‍റെ മറ്റൊരുദാഹരണമാണ് ഈ വിവരണം (മറ്റുദാഹരണങ്ങള്‍: 3:20 -25; 5:21-46; 6:7-31). ഈശോ അത്തിവൃക്ഷത്തെ ശപിക്കുന്ന സംഭവം വിവരിക്കുന്ന (11:12-14) മര്‍ക്കോസ് പിന്നീട് ദേവാലയശുദ്ധീകരണസംഭവം (15:19) വിവരിച്ചതിനുശേഷമാണ് അത്തിവൃക്ഷം ഉണങ്ങുന്നതും ആ സംഭവം അടിസ്ഥാനമാക്കിയുള്ള യേശുവിന്‍റെ പ്രബോധനവും (20-25) വിവരിക്കുന്നത്.

11:12-14 അത്തിമരത്തിന്‍റെ സ്വഭാവമനുസരിച്ച് അതില്‍ ഇലകളുണ്ടെങ്കില്‍ കായ്കളുമുണ്ടാകും. അത്തിപ്പഴങ്ങളുടെ കാലമല്ലാതിരുന്നിട്ടും ഒരത്തിമരം ഇലചൂടിനില്‍ക്കുന്നതു കണ്ടപ്പോള്‍ സ്വഭാവികമായും അതില്‍ ഫലങ്ങളുമുണ്ടാകും എന്നു വിചാരിച്ചു യേശു അടത്തുചെല്ലുന്നു. എന്നാല്‍ അതില്‍ ഫലങ്ങളില്ലായിരുന്നു. ഫലസമൃദ്ധിയുടെ കാപട്യലക്ഷണം കാട്ടിയതാണ് അത്തിമരത്തിന്‍റെ കുറ്റം. ദൈവം നട്ടുവളര്‍ത്തിയ അത്തിമരമാണ് ഇസ്രായേല്‍. ദൈവം അതില്‍ ഫലമന്വേഷിക്കുന്നു  (ജറെ 8:13; ഹോസി 9:10; മിക്ക 7:1; നാഹും 3:12; സക്ക 10:2).

അത്തിമരത്തിലെന്നതുപോലെ ഇസ്രായേലില്‍ ആരാധനാനുഷ്ഠാനങ്ങളുടെയും വിവിധതരം ബലികളുടെയും ഇലകള്‍ ഇടതൂര്‍ന്നു നില്പുണ്ടായിരുന്നു. എന്നാല്‍ നീതിയുടെ ഫലങ്ങള്‍ മാത്രം അതില്‍ കണ്ടില്ല എന്ന വിമര്‍ശനമാണ് ഈ സംഭവത്തിലൂടെ യേശു നല്കുന്നത്. എന്തിനെയെങ്കിലും യേശു നശിപ്പിക്കുന്ന ഏക അത്ഭുതമാണിത്. കാപട്യത്തിന്‍റെ പ്രതീകമായ അത്തിമരത്തെയാണ് യേശു നശിപ്പിക്കുന്നതെന്നത് കാപട്യം എത്രമാത്രം അവിടുന്നു വെറുക്കുന്നുവെന്നതിന്‍റെ സൂചനയാണ്.

നമ്മുടെ സത്പ്രവര്‍ത്തികള്‍ക്കുവേണ്ടിയല്ലാതെ മറ്റെന്തിനുവേണ്ടിയാണ് കര്‍ത്താവ് കൂടുതല്‍ വിശക്കുന്നത്? നമ്മുടെ വിശ്വസ്തമായ പ്രതികരണത്തിനു വേണ്ടിയല്ലാതെ മറ്റെന്തിനുവേണ്ടിയാണു കര്‍ത്താവു കൂടുതല്‍ ദാഹിക്കുന്നത്? (അഗസ്റ്റിന്‍).

വിചിന്തനം: ഫലത്തിനു പകരമാവില്ലല്ലോ ഇലച്ചില്‍: അത്തിയില്‍ ഇലയുണ്ടാവുന്നതു നല്ല കാര്യമാണ്. അതില്‍ ഇല കണ്ടിട്ടാണല്ലോ യേശു അടുത്തെത്തിയതുതന്നെ. പക്ഷേ, നല്ല ഇലച്ചില്‍ ഉണ്ടായിട്ടു മാത്രം കാര്യമില്ല. യേശുവിന്‍റെ കാലത്തെ യഹൂദമതത്തിന്‍റെ പ്രശ്നം അത് ഇല നിറഞ്ഞു നില്ക്കുന്ന അത്തിമരം പോലെയായിരുന്നുവെന്നതാണ്. പിഴവില്ലാത്ത ബലിയര്‍പ്പണം. അച്ചിട്ടമായിച്ചെയ്യുന്ന അനുഷ്ഠാനങ്ങള്‍, അടുത്തടുത്തുള്ള ഉപവാസം, ഉച്ചസ്വരത്തില്‍ നടത്തുന്ന ദീര്‍ഘമായ പ്രാര്‍ത്ഥനകള്‍, നടക്കുന്നവഴിയ്ക്കു നടത്തുന്ന ധര്‍മ്മദാനം, ഗൗരവമായ വചനപഠനം, കടല്‍കടന്നു നടത്തുന്ന പ്രേഷിതപ്രവര്‍ത്തനം, കൃത്യമായ സാബത്താചരണം... ഇതെല്ലാം യഹൂദമതത്തിന്‍റെ തഴച്ചുവളരലിന്‍റെയും ഫലസമൃദ്ധിയുടെയും അടയാളമായി സാമുദായികാചാര്യന്മാരും പുരോഹിതപ്രമുഖന്മാരും കണക്കുകൂട്ടി. എന്നാല്‍ യേശുവിന്‍റെ ദൃഷ്ടിയില്‍ ഇവയത്രയും ഇലകളായിരുന്നു. യേശു ആഗ്രഹിച്ചതും അന്വേഷിച്ചതും ഫലത്തിനുവേണ്ടിയായിരുന്നു, നീതിയുടെ ഫലം. നീതിയുടെ ഫലം പുറപ്പെടുവിക്കണമെന്ന് തന്‍റെ ഉപദേശങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും ശകാരങ്ങളിലൂടെയും ഒടുവില്‍ അത്തിമരത്തെ ഉണക്കുന്ന അത്ഭുതത്തിലൂടെയും അവിടുന്ന് ആഹ്വാനം ചെയ്യുന്നു. ഫലം പുറപ്പെടുവിച്ചില്ലെങ്കില്‍ നാം ഉണങ്ങിപ്പോവുകതന്നെ ചെയ്യും (യോഹ 15:6).

ദൈവത്തിന്‍റെ പ്രിയപ്പെട്ട അത്തിമരമാണു നാമോരോരുത്തരും. ആത്മീയ ഫലങ്ങള്‍ നാം പുറപ്പെടുവിക്കണം (ഗലാ 5:22-23). യേശുവിനോടു ചേര്‍ന്നു നില്ക്കുന്നവര്‍ക്കേ, സമൃദ്ധമായ ഫലം പുറപ്പെടുവിക്കാനാകൂ (യോഹ 15:5-8). ഫലശൂന്യതയുടെ നഗ്നത തീവ്രമായ ആചാരനുഷ്ഠാനങ്ങളുടെ ഇലച്ചില്‍കൊണ്ട് മറയ്ക്കാനാണോ നാം ശ്രമിക്കുന്നത്? നാം ക്രിസ്ത്യാനികളെപ്പോലെ കാണപ്പെടുന്നു, വിളിക്കപ്പെടുന്നു, സംസാരിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥ ക്രിസ്ത്യാനികളായിട്ടാണോ നാം ജീവിക്കുന്നത്? ഒരിക്കല്‍ ദൈവം ഫലം അന്വേഷിച്ചുവരും. അന്ന് നമ്മുടെ ഇലച്ചില്‍ കാട്ടി അവനെ കളിപ്പിക്കാന്‍ നമുക്കാവില്ല. ഫലത്തിനു പകരമാവില്ല ഇലച്ചിലൊരിക്കലും.

The Gospel of Mark curses the fig tree (11: 12-14) catholic malayalam the gospel of mark Dr. Jacob Chanikuzhi Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message