We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Jacob Chanikuzhi On 04-Feb-2021
മര്‍ക്കോസ് ഉപയോഗിക്കുന്ന രചനാസങ്കേതമായ "സാന്‍ഡ്വിച്ച് ടെക്നിക്കി"ന്‍റെ ഉത്തമോദാഹരണമാണ് ഈ രണ്ട് സംഭവങ്ങള്‍. ഒരു കഥയ്ക്കകത്ത് മറ്റൊരുകഥ തിരുകുന്ന രചനാ സങ്കേതമാണിത്. ഇവിടെ ജായ്റോസിന്‍റെ മകളെ ഉയിര്‍പ്പിക്കുന്ന വിവരണം ആരംഭിച്ചതിനുശേഷം രക്തസ്രാവക്കാരിയെ സുഖപ്പെടുത്തുന്ന സംഭവം വിവരിച്ചിരിക്കുന്നു. ആ സംഭവത്തിനുശേഷം ആദ്യവിവരണത്തിന്‍റെ ബാക്കി നല്കിയിരിക്കുന്നു. ഇരു സംഭവങ്ങളും പരസ്പരം വ്യാഖ്യാനിക്കുകയോ വ്യാഖ്യാനിക്കാനുള്ള സൂചനകള്‍ നല്കുകയോ ചെയ്യും എന്നതാണ് ഈ സങ്കേതത്തിന്‍റെ പ്രയോജനം.
5:22-24: ജായ്റോസ് എന്ന വാക്കിനു "അവന്‍ (ദൈവം) പ്രകാശിപ്പിക്കും" എന്നാണര്‍ത്ഥം (സംഖ്യ 32:41; ന്യായ 10:3-5). സിനഗോഗിന്‍റെ സാമൂഹികവും ഭൗതികവുമായ കാര്യങ്ങളുടെ നടത്തിപ്പിനു ചുമതലപ്പെട്ടയാളുകളായിരുന്നു ജായ്റോസ്. സമ്പന്നനും പ്രമുഖനുമായ ഒരു യഹൂദനായിരുന്നിട്ടും യേശുവിന്‍റെ കാലില്‍ വീഴുന്നതും യാചിക്കുന്നതും യേശുവിലുള്ള വിശ്വാസവും അയാളുടെ ദുഃഖത്തിന്‍റെ തീവ്രതയുമാണ് വ്യക്തമാക്കുന്നത്. ദുഃഖത്തിന്‍റെ കാരണം അയാളുടെ കൊച്ചുമകള്‍ മരിക്കാറായി കിടക്കുന്നു എന്നതാണ്. യേശുവന്ന് അവളുടെമേല്‍ കൈകള്‍വച്ച് രോഗം മാറ്റണമെന്നാണ് അയാളുടെ യാചന. സൗഖ്യശുശ്രൂഷകളില്‍ അന്ന് പൊതുവെ നിലനിന്ന രീതിയാണ് രോഗികളുടെമേല്‍ കൈകള്‍ വയ്ക്കുക എന്നത്. ശക്തനായ സൗഖ്യദായകന്‍റെ സ്പര്‍ശനത്തിലൂടെ അത്ഭുതശക്തി രോഗിയിലേക്കു പ്രവഹിക്കുമെന്ന വിശ്വാസമാണ് ഇതിനു പിന്നിലുണ്ടായിരുന്നത്. സുഖപ്പെടുത്തുകയും ജീവിപ്പിക്കുകയും ചെയ്യണമെന്നതിന് യഥാക്രമം രക്ഷ, ഉത്ഥാനശേഷമുള്ള ജീവിതം എന്നിവയെ സൂചിപ്പിക്കുന്ന വാക്കുകളാണ് ജായ്റോസ് ഉപയോഗിക്കുന്നത്. ജായ്റോസിന്‍റെ മകളെ യേശു ഉയിര്‍പ്പിക്കുന്നത് യേശുവില്‍ വിശ്വസിക്കുന്നവരുടെയെല്ലാം ഉയിര്‍പ്പിനെ കുറിക്കുന്ന സംഭവമായിട്ടാണ് ആദിമസഭ മനസ്സിലാക്കിയതെന്നു സാരം.
ജായ്റോസിന്‍റെ അഭ്യര്‍ത്ഥന ഒരേ സമയം അവന്‍റെ വിശ്വാസത്തെയും വിശ്വാസക്കുറവിനെയും കുറിക്കുന്നതാണ്. യേശുവിന് തന്‍റെ കൊച്ചുമകളെ സുഖപ്പെടുത്താന്‍ സാധിക്കുമെന്ന് അയാള്‍ വിശ്വസിക്കുന്നുണ്ട്. എന്നാല്‍ അതിന് യേശു അവളുടെമേല്‍ കൈവയ്ക്കണമെന്ന് അയാള്‍ വിചാരിക്കുന്നു. "നീ ഒരു വാക്ക് അരുള്‍ചെയ്താല്‍ മതി, എന്‍റെ ഭ്യത്യന്‍ സുഖം പ്രാപിക്കും എന്നുള്ള" ശക്തമായ വിശ്വാസം ജായ്റോസിനില്ലെന്നു പറയാം. യേശു അവന്‍റെ വിശ്വാസത്തെ പരിഗണിച്ച് അവനോടൊപ്പം പോയി. ഒരു പ്രമാണിയുടെ വീട്ടില്‍ യേശു ചെയ്തേക്കാവുന്ന അത്ഭുതം കാണാന്‍ കൗതുകത്തോടെ ഒരു വലിയ ജനക്കൂട്ടവും അവന്‍റെ ഒപ്പം പോയി.
ഈ യാത്രയ്ക്കിടയിലാണ് രക്തസ്രാവക്കാരിസ്ത്രീയെ സുഖപ്പെടുത്തുന്ന സംഭവം നടക്കുന്നത്. രക്തസ്രാവക്കാരി ലേവ്യ 15:25-30 അനുസരിച്ച് അശുദ്ധയാണ്. അവള്‍ തൊടുന്നതെന്തും അശുദ്ധമായിത്തീരുകയും ചെയ്യും. അവളുടെ ദൈന്യതയുടെ ആഴം 26-ാം വാക്യം വരച്ചു കാട്ടുന്നു. "വളരെ കഷ്ടപ്പെട്ടു," "പല വൈദ്യന്മാരുടെ അടുത്തുപോയി." "കൈവശമുള്ളതെല്ലാം ചിലവഴിച്ചു," "സ്ഥിതി കൂടുതല്‍ മോശമായി." നല്ല സാമ്പത്തികസ്ഥിതി ഉണ്ടായിരുന്നവരാണ് അക്കാലത്ത് വൈദ്യന്മാരുടെയടുത്തു പോയിരുന്നത് എന്നതിനാല്‍, പല വൈദ്യന്മാരുടെയും അടുത്ത് ചികിത്സതേടിയ ഈ സ്ത്രീ സമ്പന്നയായിരുന്നിരിക്കണം. എന്നാല്‍ യേശുവിന്‍റെ അടുത്തെത്തുമ്പോള്‍ അവള്‍ ശാരീരികമായി രോഗിണിയും, അനുഷ്ഠാനപരമായി അശുദ്ധയും സാമ്പത്തികപരമായി ഏതാണ്ട് പാപ്പരുമായിരുന്നു.
5:27, എല്ലാവരുടെയും നടുവില്‍വച്ച് യേശുവിന്‍റെ മുന്നില്‍ചെന്ന് ഉണര്‍ത്തിക്കാന്‍ പറ്റിയ രോഗവിവരമല്ലാത്തതിനാലാവാം അവള്‍ യേശുവിന്‍റെപിന്നില്‍ചെന്ന് അവന്‍റെ വസ്ത്രത്തില്‍ സ്പര്‍ശിക്കുന്നത്. മാത്രവുമല്ല, ജനക്കൂട്ടത്തെയും അവള്‍ ഭയപ്പെട്ടിട്ടുണ്ടാകണം. കാരണം ജനക്കൂട്ടത്തിനിടെ തിക്കിത്തിരക്കി യേശുവിന്‍റെ അടുത്ത് എത്തിയപ്പോഴേക്കും പലരെയും അവള്‍ തന്‍റെ സ്പര്‍ശനംമൂലം അശുദ്ധയാക്കിയിട്ടുണ്ടാകുമല്ലോ.
5:28, വസ്ത്രത്തിലുള്ള സ്പര്‍ശനം കൊണ്ടുതന്നെ സുഖം പ്രാപിക്കാന്‍ മാത്രം രോഗസൗഖ്യശക്തി നിറഞ്ഞു തുളുമ്പി നില്‍ക്കുന്ന വ്യക്തിയായിട്ടാണ് അവള്‍ യേശുവിനെ കണ്ടത്. യഹൂദര്‍ നാലറ്റത്തും തൊങ്ങലുകളുള്ള ഷോളുകള്‍ ധരിച്ചിരുന്നു. പ്രത്യേകിച്ച് പ്രാര്‍ത്ഥനാവേളകളില്‍. യേശുവും അത്തരം ഒരു ഷോള്‍ ധരിച്ചിരുന്നിരിക്കണം. അതിന്‍റെ വിളുമ്പിലാണ് അവള്‍ സ്പര്‍ശിച്ചത്. യേശു തന്‍റെ വീട്ടില്‍ വന്ന് കുട്ടിയുടെമേല്‍ കൈകള്‍ വയ്ക്കണമെന്ന് ജായ്റോസ് വിചാരിച്ചെങ്കില്‍ താന്‍ ചെന്ന് അവന്‍റെ വസ്ത്രത്തില്‍ സ്പര്‍ശിച്ചാല്‍ മതിയെന്നാണ് ഈ സ്ത്രീ വിചാരിച്ചത്.
5:29, യേശു പ്രത്യേകിച്ചൊന്നും ചെയ്യുകയോ, പറയുകയോ ചെയ്യാതെതന്നെ അവള്‍ ഉടനടി പൂര്‍ണ്ണസൗഖ്യം പ്രാപിക്കുന്നു. അവളെ അതുവരെ ചികിത്സിച്ച് അവളുടെ സ്ഥിതി വഷളാക്കിയ ഭിഷഗ്വരന്മാരും യേശുവും തമ്മിലുള്ള വ്യത്യാസം ഇവിടെ സ്പഷ്ടമാണ്.
5:30:32, ആരാണ് തന്‍റെ വസ്ത്രത്തില്‍ സ്പര്‍ശിച്ചത് എന്ന യേശുവിന്‍റെ ചോദ്യം അനുചിതമാണെന്ന് ശിഷ്യന്മാര്‍ കരുതി. മാത്രവുമല്ല ജായ്റോസിന്‍റെ വീട്ടിലേയ്ക്ക് അതിവേഗം പോകുന്നതിനിടയ്ക്ക് ഇങ്ങനെയുള്ള ചോദ്യം ചോദിക്കാന്‍ തിരിഞ്ഞു നില്ക്കുന്നത് വെറുതെ സമയം പാഴാക്കലാണെന്നും ഈശോയുടെ ശിഷ്യന്മാര്‍ കരുതിയിട്ടുണ്ടാവണം. കുട്ടിയ്ക്ക് എന്തെങ്കിലും സംഭവിക്കുന്നതിനുമുമ്പ് യേശു ജായ്റോസിന്‍റെ വീട്ടിലെത്തണമെന്ന് ശിഷ്യന്മാരും ആഗ്രഹിച്ചിട്ടുണ്ടാവണം. എന്നാല്‍ യേശു ചുറ്റും നോക്കുകയാണ്. തിക്കിത്തിരക്കുന്ന ജനക്കൂട്ടത്തിനിടയില്‍ വിശ്വാസം സ്പുരിക്കുന്ന മുഖമാണ് യേശു അന്വേഷിക്കുന്നത്. തിരക്കിനിടയിലെ തട്ടലിനും മുട്ടലിനുമിടയില്‍ വിശ്വാസത്തോടെയുള്ള ഒരു ചെറു സ്പര്‍ശം തിരിച്ചറിഞ്ഞവനാണല്ലോ അവന്‍. ആയിരങ്ങള്‍ കൂടുന്ന പ്രാര്‍ത്ഥനാകേന്ദ്രങ്ങളിലെയും തിരുന്നാളാഘോഷങ്ങളിലെയും വലിയ ബഹളങ്ങള്‍ക്കിടയിലും വിശ്വാസത്തോടെയുള്ള ഒരു നോട്ടം, ഒരു നെടുനിശ്വാസം, ശബ്ദമില്ലാതെയുള്ള ഒരു വിളി, ഒരേങ്ങല്‍ അതു തിരിച്ചറിയുന്നവനാണ് കര്‍ത്താവ്.
5:33, തന്‍റെ സൗഖ്യപ്രാപ്തി സ്വശരീരത്തില്‍ അവള്‍ അനുഭവിച്ചപ്പോള്‍ തന്‍റെമുന്നില്‍ നില്ക്കുന്നവന്‍റെ ശക്തിയും മഹത്വവും അവള്‍ നേരിട്ടറിയുകയായിരുന്നു. അത് അവളെ പരിഭ്രാന്തയാക്കിയിരിക്കണം. ഒപ്പം അവനറിയില്ലെന്നു കരുതി ചെയ്തത് അവനറിഞ്ഞതിലുള്ള വിസ്മയവും ആശങ്കയും. എന്നാല്‍ എല്ലാത്തിലുമുപരി ദൈവസന്നിധിയിലെത്തിയ പാപിയായ മനുഷ്യന്‍റെ പ്രതികരണമാണ് "ഭയവും വിറയലും" (പുറ 15:16; സങ്കീ 2:11; മര്‍ക്കോ 4:41; 5:15). മനുഷ്യവൈദഗ്ദ്ധ്യത്തിനു 12 വര്‍ഷംകൊണ്ടു സാധിക്കാതിരുന്ന കാര്യം വിശ്വാസം വഴി ഒറ്റനിമിഷംകൊണ്ടു സാധിക്കുന്നു (പീറ്റര്‍ ക്രിസോലോഗുസ്).
5:34, യേശു അവളെ ശകാരിക്കുന്നില്ല അവളോടുള്ള അവന്‍റെ പ്രതികരണം ദയാമസൃണമായിരുന്നു. "മകളെ" എന്നാണു യേശു അവളെ അഭിസംബോധന ചെയ്യുന്നത്. അവളുടെ വിശ്വാസം അവളെ യേശുവിന്‍റെ കുടുംബത്തിലെ അംഗമാക്കി (ഏശ 53:10; മര്‍ക്കോ 3:35; 7:26) "സമാധാനത്തില്‍ പോവുക" (ഷാലോം) എന്നത് "ഗുഡ്ബൈ" എന്നതിന്‍റെ ഹീബ്രു രൂപമാണ് (ന്യായ 18:6; 1 സാമു 1:17). സമഗ്രമായ സന്തോഷവും ജീവിതസൗഭാഗ്യവും ഉണ്ടായിരിക്കട്ടെ എന്ന അനുഗ്രഹവും പ്രാര്‍ത്ഥനയുമാണത്. "വ്യാധിയില്‍നിന്നു വിമുക്തയായിരിക്കുക" എന്നു പറയുന്നതിലൂടെ അവള്‍ക്കു ലഭിച്ചിരിക്കുന്ന സൗഖ്യം താല്കാലികമല്ല പൂര്‍ണ്ണമായ സൗഖ്യമാണ് എന്ന് യേശു അവള്‍ക്ക് ഉറപ്പു നല്കുന്നു.
5:35, ഗുരു താമസിച്ചു പോയേക്കുമോ എന്ന ശിഷ്യരുടെ ഭയപ്പാട് ശരിവച്ചുകൊണ്ട്, കുട്ടിയുടെ മരണവാര്‍ത്തയറിയിച്ചുകൊണ്ട് ജായ്റോസിന്‍റെ വീട്ടില്‍നിന്നു ദൂതന്മാരെത്തി. കുട്ടിയെ മരണത്തില്‍ രക്ഷിക്കാന്‍ പോയിട്ട് അതിന്‍റെ മരണസമയത്ത് അടുത്തുനിന്നാശ്വസിപ്പിക്കാന്‍ പോലും സാധിച്ചില്ലല്ലോയെന്ന് ജായ്റോസു വേദനയോടെ ചിന്തിച്ചിട്ടുണ്ടാവണം. "ഗുരുവിനെ ഇനിയും എന്തിനു ബുദ്ധിമുട്ടിക്കുന്നു" എന്ന സന്ദേശവാഹകരുടെ ചോദ്യം അവര്‍ യേശുവിനെ ഒരു റബ്ബിയോ സാധാരണ അത്ഭുതപ്രവര്‍ത്തകനോ മാത്രമായിട്ടാണ് മനസ്സിലാക്കിയതെന്നു വ്യക്തമാക്കുന്നു. അങ്ങനെയുള്ളൊരു റബ്ബിക്ക് ജീവിച്ചിരിക്കുന്നവരെ സഹായിക്കാന്‍ സാധിക്കുമായിരിക്കും. പക്ഷേ മരിച്ചു കഴിഞ്ഞവരുടെ കാര്യത്തില്‍ ഒന്നും ചെയ്യാനാവില്ല എന്നവര്‍ വിചാരിച്ചു. ജായ്റോസിന്‍റെ ഭവനത്തില്‍നിന്നു വന്ന സന്ദേശവാഹകര്‍ യേശുവിനെ ഒഴിവാക്കാന്‍ ജായ്റോസിനെ ഉപദേശിക്കുന്നതിലൂടെ യേശുവിന്‍റെ അത്ഭുതത്തിനു വിലങ്ങുതടി സൃഷ്ടിക്കുകയാണ്.
5:36, "ഭയപ്പെടേണ്ട, വിശ്വസിക്കുക മാത്രം ചെയ്യുക" എന്നു പറഞ്ഞ് യേശു ജായ്റോസിനെ കലര്‍പ്പില്ലാത്ത വിശ്വാസത്തിലേക്കു നയിക്കുന്നു. ഇത്രയും സമയം യേശുവിലുള്ള ജായ്റോസിന്‍റെ വിശ്വാസത്തിന് യുക്തിയുടെ പിന്‍ബലമുണ്ടായിരുന്നു. കുട്ടി മരിച്ചതോടെ ആ വിശ്വാസത്തിന് യുക്തിയുടെയും അനുഭവത്തിന്‍റെയുമൊക്കെ പിന്‍ബലം നഷ്ടപ്പെട്ടു. എങ്കിലും യേശുവില്‍ തുടര്‍ന്നും വിശ്വസിക്കാന്‍ ജായ്റോസു തയ്യാറാകുന്നതുകൊണ്ടാണ് യേശുവിനെ തന്‍റെ ഭവനത്തിലേക്ക് അദ്ദേഹം കൂട്ടിക്കൊണ്ടുപോയത്.
5:37, തന്‍റെ കൂടെവന്ന ജനസമൂഹത്തെ യേശു പിരിച്ചുവിടുന്നു. അതെന്തുകൊണ്ടാണെന്ന് ഇപ്പോള്‍ നമുക്ക് വ്യക്തമല്ല. അത്ഭുതം പ്രതീക്ഷിച്ചതുകൊണ്ടാണ് ജനം യേശുവിനെ തിക്കിഞെരുക്കികൂടെ പോയ്ക്കൊണ്ടിരുന്നത്. കുട്ടി മരിച്ചുവെന്നു കേട്ടതോടെ അത്ഭുതം കാണാമെന്ന പ്രതീക്ഷ അവര്‍ക്കും നഷ്ടപ്പെട്ടിരിക്കണം. മരിച്ച കുട്ടിയെ അടക്കുക എന്ന ഭക്തകൃത്യത്തില്‍ പങ്കെടുക്കാനായിരിക്കും യേശു പോകുന്നതെന്നു അവര്‍ വിചാരിച്ചു കാണും. ഇപ്പോള്‍ തന്‍റെ ശിഷ്യരില്‍തന്നെ 3 പേരെ പത്രോസ്, യാക്കോബ്, യോഹന്നാന്‍ മാത്രമേ യേശു കൂടെകൂട്ടുന്നുള്ളൂ (നിയമ 17:62; മര്‍ക്കോ 9:2; 14:33).
5:38, ഒരു കൂട്ടം ജനത്തെ പിരിച്ചുവിട്ടുവെങ്കിലും ജായ്റോസിന്‍റെ വീട്ടിലെത്തിയപ്പോള്‍ മറ്റൊരു ജനക്കൂട്ടമാണ് അവരെ കാത്തിരുന്നത് അവിടുത്തെ കരച്ചിലും അലമുറയിടലുമെല്ലാം കുട്ടി മരിച്ചുവെന്ന സത്യത്തെ ഊട്ടിയുറപ്പിക്കുന്നതാണ്. കൂലിക്കെത്തുന്ന വിലാപകാരികള്‍ ശോകഗാനങ്ങള്‍ പാടാനും കരയാനും കുഴലൂതാനുമൊക്കെ തുടങ്ങിക്കഴിഞ്ഞിരുന്നു (ജറെ 9:17; ആമോ 5:16). എത്ര ദരിദ്രനായ ഭര്‍ത്താവാണെങ്കിലും ഭാര്യ മരിച്ചുകഴിയുമ്പോള്‍ കുറഞ്ഞത് രണ്ടു കുഴലൂത്തുകാരെയും ഒരു വിലാപക്കാരിയെയും കൂലിയ്ക്കെടുക്കണമെന്നായിരുന്നു യഹൂദരുടെ സാമൂഹ്യനിയമങ്ങള്‍ ക്രോഡീകരിച്ചിട്ടുള്ള പുസ്തകമായ മിഷ്നായിലെ നിര്‍ദ്ദേശം (മിഷ്ന, കെത്തുബോത്ത് 4:4). തങ്ങളുടെ കുഞ്ഞിനോടുള്ള സ്നേഹവാത്സല്യങ്ങളെപ്രതി മാതാപിതാക്കള്‍ ചിലരൊക്കെ സഹിക്കുന്ന വേദനകളെയും ഉത്കണ്ഠകളെയുംകുറിച്ച് ആലോചിക്കുക. ഇവിടെ ജായ്റോസു വേദനയില്‍ വിഷമിച്ചിരിക്കുകയാണ്. എന്നാല്‍ അവന്‍റെ മകളോ മരണത്തിന്‍റെ നിശബ്ദതയിലേക്കു താണുകൊണ്ടിരിക്കുന്നു. കഷ്ടം. എന്തുകൊണ്ടാണ് മക്കള്‍ മാതാപിതാക്കളെ ഓര്‍ക്കാത്തതും അവരുടെ വേദനകളോടു നിസംഗത പാലിക്കുന്നതും. എന്തുകൊണ്ടാണ് തങ്ങളുടെ മാതാപിതാക്കളുടെ അടുത്തേക്ക് അവര്‍ തിരിച്ചുപോകാത്തത്?
5:39-40, കുട്ടി മരിച്ചിട്ടില്ല ഉറങ്ങുകയാണ് എന്ന യേശുവിന്‍റെ പ്രസ്താവനയെ അവിടെ ഉണ്ടായിരുന്നവര്‍ പരിഹസിച്ചത് കുട്ടി മരിച്ചു കഴിഞ്ഞുവെന്നത് എല്ലാവരും അംഗീകരിച്ചു കഴിഞ്ഞ കാര്യമാണെന്നു സൂചിപ്പിക്കുന്നു. യേശു മുമ്പുചെയ്തതുപോലെ (വാ. 37) ഇവിടെയും ജനക്കൂട്ടത്തെ ഒഴിവാക്കുന്നു. തുടര്‍ന്ന് തന്‍റെ 3 ശിഷ്യരെയും കുട്ടിയുടെ മാതാപിതാക്കളെയും മാത്രംകൂട്ടി കുട്ടിയുടെയടുത്തെത്തുന്നു.
5:41-42, ഒരമ്മ രാവിലെ തന്‍റെ കുഞ്ഞിനെ ഉറക്കത്തില്‍ നിന്നെഴുന്നേല്‍പ്പിക്കുന്നതുപോലെ യേശു ആ കുട്ടിയെ വിളിക്കുന്നു "ബാലികേ എഴുന്നേല്‍ക്കൂ" ഉടനെ അവള്‍ എഴുന്നേറ്റു നടന്നു. തലീത്ത എന്ന അറമായ വാക്കിന് ആട്ടിന്‍കുട്ടി എന്നാണര്‍ത്ഥം. ഇടയന്‍ ആടിനെ വിളിച്ചു. മരണത്തിന്‍റെ താഴ്വരയില്‍നിന്നുകൊണ്ട് അതു വിളികേട്ട് അടുത്തേയ്ക്കു വന്നു. എഴുന്നേറ്റു നടന്നുവെന്നത് കുട്ടിക്ക് ജീവന്‍ കിട്ടിയിരിക്കുന്നുവെന്നതിന്‍റെ തെളിവാണ്. അവള്‍ക്കു 12 വയസു പ്രായമുണ്ടായിരുന്നു. രക്തസ്രാവക്കാരി 12 വര്‍ഷമായി രോഗബാധിതയായിരുന്നു. പഴയനിയമത്തില്‍ ഏലിയാ പ്രവാചകനും (1 രാജാ 17:19-20) എലീഷാ പ്രവാചകനും (2 രാജാ 4:32) കുട്ടികളെ ഉയിര്‍പ്പിക്കുന്നുണ്ട്. പക്ഷേ അവര്‍ക്ക് അതിന് ദീര്‍ഘസമയം പ്രാര്‍ത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യേണ്ടിവന്നു.
5:43, ഈ വിവരം ആരും അറിയരുതെന്ന യേശുവന്‍റെ കര്‍ശനമായ ആജ്ഞയുടെ വെളിച്ചത്തില്‍ നോക്കുമ്പോള്‍ എന്തുകൊണ്ടാണ് യേശു രണ്ടു ജനക്കൂട്ടങ്ങളെയും (37:40) ഒഴിവാക്കിയതെന്നു വ്യക്തമാകുന്നു. ഇത്ര വലിയൊരു സംഭവം വലിയ ഒരു ജനക്കൂട്ടത്തിനു മുന്നില്‍വച്ചു നടത്തി പേരെടുക്കാന്‍ അവിടുന്നാഗ്രഹിച്ചില്ല (നാമായിരുന്നെങ്കില്‍ ആളെ കൂട്ടാന്‍ തത്രപ്പെടുമായിരുന്നില്ലേ?!) അവന്‍റെ സാധാരണ അത്ഭുതങ്ങള്‍തന്നെ ജനക്കൂട്ടത്തെ വിസ്മയഭരിതരാക്കിയിരുന്നു. അങ്ങനെയെങ്കില്‍ ഇത്രയും വലിയൊരത്ഭുതം അവരെ എത്രകണ്ട് ആവേശഭരിതരാക്കുമായിരുന്നു? മര്‍ക്കോസിന്‍റെ സുവിശേഷത്തിലെ മിശിഹാരഹസ്യത്തിന്‍റെ മറ്റൊരു ഉദാഹരണമാണ് ഈ സംഭവത്തില്‍ യേശു നിഷ്കര്‍ഷിക്കുന്ന രഹസ്യാത്മകത.
ഭക്ഷണം കൊടുക്കാനുള്ള യേശുവിന്‍റെ നിര്‍ദ്ദേശം ആ കുട്ടിക്ക് ജീവന്‍ ലഭിച്ചുവെന്നതിന്‍റെ മറ്റൊരു തെളിവാണ്. അതോടൊപ്പം യേശുവിന്‍റെ ആര്‍ദ്രതയും കരുതലും എത്രയെന്ന് അതു സൂചിപ്പിക്കുന്നു. ജീവന്‍ നല്കുക എന്ന അതിപ്രധാനമായ കാര്യം മാത്രമല്ല, ഭക്ഷണം നല്‍കുക എന്ന അതിസാധാരണമായ കാര്യവും ഒന്നുപോലെ അവന്‍ നിര്‍വ്വഹിക്കുന്നു. നമ്മുടെ ഗൗരവമായ പ്രശ്നങ്ങള്‍ മാത്രമല്ല നിസ്സാരകാര്യങ്ങളും അവനു ഗൗരവമുള്ളവതന്നെ.
വിചിന്തനം: ധനവാനും പ്രമാണിയുമായ ജായ്റോസിന്‍റെ കുട്ടിയെ സഹായിക്കാന്‍ പോകുന്ന തിരക്കിനിടയിലും പേരില്ലാത്ത, സമൂഹത്തില്‍ വലിയ വിലയൊന്നുമില്ലാതിരുന്ന ഒരു സ്ത്രീയെ, അതും അടുത്തുവരാന്‍ ഇപ്പോള്‍ അശുദ്ധയും നിസ്വയും ആരുമില്ലാത്തവളുമായി (ജായ്റോസിന്‍റെ കുട്ടിയ്ക്കുവേണ്ടി യേശുവിന്‍റെ അവളുടെ സമ്പന്നനായ പിതാവുണ്ടായിരുന്നല്ലോ). യേശു സമയം കണ്ടെത്തുന്നു. ജനക്കൂട്ടത്തിനിടയില്‍വച്ച് പരസ്യമായി സ്നേഹപൂര്‍വ്വം സംസാരിക്കാന്‍ യേശു തയ്യാറായി. അതുവഴി സൗഖ്യത്തിന്‍റെ ഓര്‍മ്മ മാത്രമല്ല ആ കരുണാപൂര്‍വ്വകമായ സംസാരത്തിന്‍റെയും, മകളെ എന്നുള്ള വിളിയുടെയും, അനുഗ്രഹവചസ്സുകളുടെയും രോഗശാന്തിയുടെ ഉറപ്പിന്‍റെയും വാക്കുകള്‍ വിലപ്പെട്ട ഓര്‍മ്മയായി അവിടുന്ന് അവള്‍ക്കു സമ്മാനിക്കുന്നു. പല കാര്യങ്ങള്‍കൊണ്ടും നമ്മെ അഭിമുഖീകരിക്കാന്‍ ധൈര്യമില്ലാതെ, എന്നാല്‍ പിന്നില്‍നിന്നു വസ്ത്രത്തില്‍ വലിച്ചു നമ്മുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിക്കുന്നവര്‍ ജനക്കൂട്ടത്തിലല്ല, നമ്മുടെ കുടുംബത്തില്‍ത്തന്നെയുണ്ടാകാം. അവര്‍ക്കുവേണ്ടി കണ്ടെത്തുന്ന അല്പസമയം, സ്നേഹപൂര്‍വ്വമുള്ള ഒരു വിളി, കൈമാറുന്ന ഒരു ഉറപ്പ് അവരുടെ ദീര്‍ഘനാളായ മുറിവുകള്‍ ഉണക്കില്ലേ? കുടുംബത്തിലും സമൂഹത്തിലും തലയുയര്‍ത്തി നടക്കാന്‍ അവരെ കരുത്തുറ്റവരാക്കില്ലേ?
രക്തസ്രാവം ആ സ്ത്രീയെ അശുദ്ധയാക്കി. തന്മൂലം അവള്‍ക്ക് സിനഗോഗുകളിലോ പൊതുസമൂഹത്തിലോ പ്രത്യക്ഷപ്പെടാനാവാതെ വന്നു. കുടുംബാംഗങ്ങളില്‍ നിന്നും ദാമ്പത്യബന്ധത്തില്‍ നിന്നുമെല്ലാം ഒഴിഞ്ഞു നില്‍ക്കേണ്ടിവന്നു. പാപമാണു നമ്മുടെ രക്തസ്രാവം. പാപം നമ്മെ അശുദ്ധരാക്കുന്നു, ദൈവത്തില്‍നിന്നും, ദേവാലയത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും, എന്തിന് കുടുംബാംഗങ്ങളില്‍ നിന്നുപോലും നമ്മെ ഒറ്റപ്പെടുത്തുന്നു, അപമാനിതരാക്കുന്നു; നമ്മുടെ സമ്പത്തെല്ലാം - അഭിമാനം, സന്തോഷം, ആരോഗ്യം, പണം, കുടുംബബന്ധങ്ങള്‍ - നശിപ്പിക്കുന്നു. സഹായിക്കാമെന്നേല്‍ക്കുന്നവരെല്ലാം നമ്മുടെ സ്ഥിതി കൂടുതല്‍ വഷളാക്കുന്നു. കാലങ്ങളായുള്ള രക്തസ്രാവംപോലെ അതു നമ്മുടെ ജീവിതത്തെത്തന്നെ ഊറ്റിക്കളയുന്നു. ഒരു സ്പര്‍ശനം മാത്രമേ നമ്മെ സുഖപ്പെടുത്തു, യേശുവിന്‍റെ ഒരു വലിയ പ്രത്യേകത നമ്മുടെ പ്രശ്നങ്ങള്‍ അവനെ സ്പര്‍ശിക്കുന്നുവെന്നതാണ്. പരിശുദ്ധനായ അവനെ സ്പര്‍ശിക്കാന്‍ നാം ആദ്യം ശുദ്ധരാകേണ്ടതുപോലുമില്ല. വാസ്തവത്തില്‍, ആ സ്ത്രീയെപ്പോലെ അവനെ സ്പര്‍ശിക്കുന്നതുവഴിയാണ് നാം ശുദ്ധരാകുന്നത്.
12 വയസ്സായിരുന്നു ആ ബാലികയ്ക്ക്. യഹൂദസമൂഹത്തില്‍ ഒരു പെണ്‍കുട്ടിക്ക് നിയമാനുസൃതമായി വിവാഹ ബന്ധത്തിലേര്‍പ്പെടാനുള്ള കുറഞ്ഞ പ്രായമായിരുന്നു പന്ത്രണ്ട്. ഒരു പെണ്‍കുട്ടി സ്ത്രീയായി ജീവിതം ആരംഭിക്കുന്ന പ്രായം. ജീവിതത്തിന്‍റെ പൂമുഖപ്പടിയില്‍ത്തന്നെ കൈമോശം വരുന്ന ദയനീയമായ ചിത്രമാണു നാമിവിടെ കാണുന്നത്. ജീവിതം തുടങ്ങേണ്ട സമയത്ത് ശവമായി മാറിയവള്‍. ശവത്തെ സ്പര്‍ശിക്കുന്നത് ഒരുവനെ ഏറ്റവുമധികം അശുദ്ധനാക്കുന്ന കാര്യങ്ങളിലൊന്നായിരുന്നു. എങ്കിലും ആ പെണ്‍കുട്ടിയെ സ്പര്‍ശിക്കുന്നതിന് സമൂഹത്തിന്‍റെ ശുദ്ധിയശുദ്ധിവിചാരങ്ങള്‍ യേശുവിന് ഒരു വിലങ്ങുതടിയായില്ല ജീവന്‍ നല്കുന്നതിന് വിഘാതമായ യാതൊന്നിനെയും അവന്‍ വകവെച്ചില്ല. ആ കുട്ടി ഉറങ്ങുകയാണെന്നവന്‍ പറഞ്ഞത് മരണത്തെ ഉറക്കമാക്കി പകര്‍ത്തുവാനുള്ള തന്‍റെ ദൈവികമായ കഴിവിന്‍റെ അടിസ്ഥാനത്തിലായിരുന്നു. യേശുവിന്‍റെ മരണത്തോടെ മരണത്തിന്‍റെ ഭീകരത നീങ്ങി. ആശ്വാസം നല്കുന്ന, ക്ലേശത്തില്‍നിന്നു വിടുതല്‍ നല്കുന്ന ഒരു സുഖശയനമായതുമാറി. നിത്യജീവന്‍റെ പുത്തന്‍ പ്രഭാതത്തിലേക്കുണരാനുള്ള സുഖനിദ്ര.
the-gospel-of-mark-bleeding-woman-and-child-of-jayrose Dr. Jacob Chanikuzhi catholic malayalam Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206