We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Jacob Chanikuzhi On 04-Feb-2021
ഗലീലിയിലെ നസ്രത്തില്‍നിന്ന് വന്നവന്" എന്നു മാത്രമാണ് ഏകദേശം 30 വര്‍ഷം നീണ്ടുനിന്ന യേശുവിന്‍റെ രഹസ്യജീവിതത്തെക്കുറിച്ച് സുവിശേഷകന്‍ രേഖപ്പെടുത്തുന്നത്. ഒരു മനുഷ്യജീവിതത്തിന്‍റെ ഏറ്റവും സുന്ദരമായ യൗവ്വനത്തിന്‍റെ ഏതാണ്ട് അവസാനഘട്ടംവരെ യേശു ആരാലും അറിയപ്പെടാതെ മരപ്പണിചെയ്ത് (6:3) ജീവിച്ചുവെന്നത് മനസ്സിലാക്കാന്‍ ഒരുപക്ഷേ ബുദ്ധിമുട്ടുള്ള കാര്യമാണ്. ദൈവപുത്രന് ഈ നല്ലകാലത്ത് മറ്റെന്തെല്ലാം ചെയ്യാമായിരുന്നു. പക്ഷെ ദൈവം തന്‍റെ പുത്രന്‍റെ ഭൗമികകാലഘട്ടത്തിന്‍റെ ഏതാണ്ട് 87% സമയവും അവനില്‍ നിന്നാവശ്യപ്പെട്ടത് ഒരു സാധാരണജീവിതമായിരുന്നു - നമ്മില്‍ ബഹഭൂരി പക്ഷത്തെയുംപോലെ. തുടര്‍ന്ന് പരസ്യജീവിത കാലഘട്ടത്തില്‍ അവനില്‍ നിന്നാവശ്യപ്പെട്ടത് ഒരു സഹനജീവിതം - നമുക്കെല്ലാവര്‍ക്കുംവേണ്ടി.
"ഗലീലിയിലെ നസ്രത്ത്": ഗലീലി എന്ന വാക്കിന് "വൃത്തം" എന്ന് അര്‍ത്ഥം കല്പിക്കാറുണ്ട്. ഗലീലിയുടെ വടക്കും പടിഞ്ഞാറും ഫിനീഷ്യയും സിറിയയും തെക്കുവശത്ത് സമറിയായും കിഴക്ക് ഗലീലിത്തടാകവും ജോര്‍ദ്ദാന്‍ നദിയുമാണുള്ളത്. യേശുവിന്‍റെ കാലത്ത് ഗലീലിയിലുണ്ടായിരുന്ന 2 പ്രധാന പട്ടണങ്ങളായിരുന്നു സെഫോറിസും തിബേരിയാസും. "നസ്രത്ത്": ലോവര്‍ ഗലീലിയില്‍ ജെസ്രേല്‍ താഴ്വരയ്ക്ക് വടക്കു സ്ഥിതി ചെയ്തിരുന്ന ചെറുഗ്രാമം. അഞ്ഞൂറോളം ആയിരുന്നു ഇവിടുത്തെ അക്കാലത്തെ ജനസംഖ്യ. നസ്രത്തിന് പതിനഞ്ചുമേല്‍ കിഴക്കായിരുന്നു ഗലീലിതടാകം; 20 മൈല്‍ പടിഞ്ഞാറ് മെഡിറ്ററേനിയന്‍ കടലും. നസ്രത്ത് - ദൈവം തന്‍റെ പുത്രനുവേണ്ടി ഭൂമിയില്‍ കണ്ടെത്തിയ സ്ഥലം. ഉന്നതകുലജാതരും സമ്പന്നരുമായ യഹൂദരെല്ലാംതന്നെ യൂദയായിലും സാധിക്കുമെങ്കില്‍ ജറുസലെം നഗരത്തിലുമാണ് ജീവിച്ചിരുന്നത്. വിജാതീയര്‍ ധാരാളമായി അധിവസിച്ചിരുന്നതുമൂലം "വിജാതീയരുടെ ഗലീലി" എന്നറിയപ്പെട്ടിരുന്ന ഗലീലിയില്‍ താമസിച്ചിരുന്ന യഹൂദരെ രണ്ടാംകിടക്കാരായാണ് യൂദയായിലെ യഹൂദര്‍ കരുതിയിരുന്നത് (യോഹ 7:52). ഗലീലിയിലെതന്നെ ഒരു ചെറുഗ്രാമമായിരുന്നു നസ്രത്ത്. പഴയനിയമത്തില്‍ അനേകം സ്ഥലനാമങ്ങളുണ്ടെങ്കിലും ഒരിക്കല്‍പോലും നസ്രത്ത് പരാമര്‍ശിക്കപ്പെട്ടിട്ടില്ല എന്നത് അതിന്‍റെ അപ്രാധാന്യത്തിന്‍റെ സൂചനയാകാം.
യേശുവിന്‍റെ ഔന്നത്യത്തെക്കുറിച്ചുള്ള യോഹന്നാന്‍റെ വാക്കുകള്‍ക്കുശേഷം (1:7-8) യേശു യോഹന്നാനില്‍നിന്ന് സ്നാനം സ്വീകരിക്കുന്നത് വൈരുദ്ധ്യമാണെന്നു തോന്നാം. സുവിശേഷകര്‍ക്കും ഇത് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടായിരുന്നുവെന്ന് അവരുടെ വിവരണങ്ങള്‍ സൂചിപ്പിക്കുന്നു: മത്തായി ഈ സംഭവത്തിന് വിശദീകരണം നല്‍കാന്‍ ശ്രമിക്കുന്നു (മത്താ 3:13-15); സ്നാപകയോഹന്നാന്‍ യേശുവിന് ജ്ഞാനസ്നാനം നല്‍കിയെന്ന് നാലാം സുവിശേഷകന്‍ കൃത്യമായി പറയുന്നുമില്ല (യോഹ 1:32-34).
യോഹന്നാനില്‍ നിന്ന് മാമോദ്ദീസാ സ്വീകരിച്ചു എന്നത് യേശു യോഹന്നാന്‍റെ ആദ്യകാലശിഷ്യനായിരുന്നു എന്ന സിദ്ധാന്തത്തെ പിന്‍താങ്ങുന്ന കാര്യമാണ്. യോഹന്നാന്‍ പ്രസംഗിച്ചത് "പാപമോച നത്തിനുള്ള അനുതാപത്തിന്‍റെ ജ്ഞാനസ്നാന" മായിരുന്നുവല്ലോ. പാപഹീനനായ യേശു (2 കോറി 5:21) ആ സ്നാനം സ്വീകരിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല എങ്കിലും താന്‍ രക്ഷിക്കാന്‍വന്ന പാപികളായ മനുഷ്യരുമായി തന്നെതന്നെ താദാത്മ്യപ്പെടുത്തുന്നതിനുവേണ്ടി യേശു സ്നാനം സ്വീകരിച്ചു. യേശു മാമോദ്ദീസ സ്വീകരിച്ചവേളയില്‍ സ്വര്‍ഗ്ഗം തുറക്കപ്പെട്ടു. "അതുവരെ പാതാളം മാത്രമായിരുന്നു മനുഷ്യനായി തുറ ന്നുകിടന്നത്" (ഹിപ്പോളിറ്റസ്). സ്വര്‍ഗ്ഗം "പിളര്‍ന്ന്" തുറക്കുന്നതായി അവന്‍ കാണുന്നു. ഇവിടെ "പിളര്‍ന്നു"വെന്നതിന് ഉപയോഗിച്ചിരിക്കുന്ന പദം സ്കിസ്സോമെനൂസ് (skizomenous) എന്ന പദമാണ്. ഏശ 64:1 ല്‍ ഇതേ പദംതന്നെ ഉപയോഗിച്ചിരിക്കുന്നു. ദൈവമേ ആകാശം പിളര്‍ന്ന് ഇറങ്ങിവരണമേ എന്നാണ് അവിടെ പ്രവാചകന്‍ പ്രാര്‍ത്ഥിക്കുന്നത്. ആ പ്രാര്‍ത്ഥനയ്ക്കുള്ള ഉത്തരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ദൈവത്തെയും മനുഷ്യനെയും വേര്‍തിരിച്ചിരുന്ന ആകാശം യേശുവിന്‍റെ വരവോടെ പിളര്‍ന്നു. നിലച്ചുപോയ ദൈവ മനുഷ്യ സമ്പര്‍ക്കം വീണ്ടും ആരംഭിച്ചു. ദൈവം തന്നെത്തന്നെ പൂര്‍ണ്ണമായി മനുഷ്യന് വെളിപ്പെടുത്താന്‍ തുടങ്ങുന്നു - ഈശോയില്‍. യേശുവിന്‍റെ മരണസമയത്ത് ദേവാലയവിരി കീറുന്നതിന്‍റെ മുന്നോടിയുമാണിത് (15:38).
പരിശുദ്ധാത്മാവ് പ്രാവിനെപ്പോലെ തന്‍റെമേല്‍ ഇറങ്ങിവരുന്നത് യേശു കാണുന്നു. ഈ കാഴ്ച സ്നാപകനും കണ്ടുവെന്ന് നാലാം സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു (യോഹ 1:32) എന്നാല്‍ മറ്റാര്‍ക്കും ഈ ദൃശ്യം ലഭിച്ചില്ല. പരിശുദ്ധാത്മാവ് യേശുവിന്‍റെമേല്‍ ഇറങ്ങി വന്നുവെന്ന് പറഞ്ഞിരിക്കുന്നതില്‍നിന്ന് അതുവരെ യേശുവില്‍ പരിശുദ്ധാത്മാവ് ഉണ്ടായിരുന്നില്ല എന്നര്‍ത്ഥമില്ല. പരസ്യശുശ്രൂഷയ്ക്കായി യേശുവിനെ പരിശുദ്ധാത്മാവ് പ്രത്യേകം ശക്തിപ്പെടുത്തുന്നു വെന്നാണ് ഇതിനര്‍ത്ഥം. പരിശുദ്ധാത്മാവിന്‍റെ ആവാസം യേശു ദൈവത്തിന്‍റെ സഹന ദാസനാ ണെന്നും ലോകരക്ഷകനാണെന്നുമുള്ള സത്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു (ഏശ 42:1; 63:11).
ശരീരത്തിനകത്ത് കയ്പ/കക്ക്/കട്ട് ഇല്ലാത്ത ഏറ്റവും നിഷ്കളങ്ക ജീവിയായ പ്രാവ് പരിശുദ്ധാത്മാവിന്‍റെ സ്വഭാവം വ്യക്തമാക്കുന്നു (തെര്‍ത്തുല്യന്‍). പ്രളയത്തില്‍നിന്നുള്ള വിമോചനം അറിയിച്ചു കൊണ്ടെത്തിയ പ്രാവ് നോഹിന്‍റെ കുടുംബത്തെ പേടകത്തിനു പുറത്തേക്കു നയിച്ചെങ്കില്‍ എല്ലാതിന്മയില്‍നിന്നുമുള്ള മനുഷ്യവംശം മുഴുവന്‍റെ മോചനത്തെയാണ് പരിശുദ്ധാത്മാവ് പ്രാവിന്‍രൂപത്തില്‍ വരുന്നത് സൂചിപ്പിക്കുന്നത് (ക്രിസോസ്റ്റോം).
സ്വര്‍ഗ്ഗത്തില്‍നിന്നുള്ള സ്വരം ദൈവപിതാവിന്‍റെതാണ്. യേശു തന്‍റെ പ്രിയപുത്രനാണെന്ന് ദൈവം തന്നെ നേരിട്ട് സാക്ഷ്യപ്പെടുത്തുന്നു. ഗ്രന്ഥത്തിന്‍റെ ആരംഭത്തില്‍ (1:1) സുവിശേഷകന്‍ വായനക്കാരനു പറഞ്ഞുകൊടുത്ത രഹസ്യം ഇപ്പോള്‍ ദൈവംതന്നെ പ്രഖ്യാപിക്കുകയാണ്. സങ്കീ 2:7; ഉല്‍പ 22:2; 16:22 എന്നീ ഭാഗങ്ങള്‍ വായനക്കാരനെ ഓര്‍മ്മിപ്പിക്കുന്നതാണ് പിതാവിന്‍റെ സാക്ഷ്യം. പിതാവും പുത്രനും പരിശുദ്ധാത്മാവുമാകുന്ന പരിശുദ്ധത്രിത്വത്തിന്‍റെ വെളിപാട് മര്‍ക്കോസില്‍ നാം ആദ്യം കാണുന്നത് യേശുവിന്‍റെ ജ്ഞാനസ്നാനവേളയിലാണ്.
മാമോദ്ദീസാ നല്‍കിയ യോഹന്നാനല്ലേ മാമോദ്ദീസാ സ്വീകരിച്ച യേശുവിനെക്കാള്‍ വലിയവനെന്ന് സംശയിക്കുന്നവര്‍ക്കായി ദൈവം തന്നെ ആരാണ് തന്‍റെ ഏകപുത്രനെന്ന് വെളിപ്പെടുത്തുന്നു - മാമോദ്ദീസാ നല്‍കിയവനല്ല, മാമോദ്ദീസാ സ്വീകരിച്ചവന്‍ (അത്ഭുതപ്രവര്‍ത്തകനായ ഗ്രിഗരി).
സങ്കീ 2:7 ല്‍ "ദൈവപുത്രന്" എന്ന സംജ്ഞ ദാവീദിന്‍റെ സിംഹാസനത്തിലെ രാജാവിനെ സൂചിപ്പിക്കുന്നതാണ്. ഏശ 44:2ല്‍ ഇത് ഇസ്രായേല്‍ ജനത്തെ മുഴുവന്‍ സൂചിപ്പിക്കുന്നു. രക്ഷകൊണ്ടുവരുന്നവന് ദൈവം ആത്മാവിനെ നല്‍കുന്നതിനെക്കുറിച്ച് ഏശ 63:11 പരാമര്‍ശിക്കുന്നു.
1:12, "ഉടനെ" (euthus, യൂത്തുസ്) എന്ന പദപ്രയോഗം മര്‍ക്കോസിന്‍റെ പ്രത്യേകതയാണ്. 42 തവണയാണ് അദ്ദേഹം ഈ പദം ഉപയോഗിക്കുന്നത്. മറ്റു മൂന്നുസുവിശേഷകര്‍ ആകെക്കൂടിപോലും ഇത്രയും തവണ ഈ പദം ഉപയോഗിക്കുന്നില്ല. ഒന്നിനുപുറകെ ഒന്നായി പെട്ടെന്നു പെട്ടെന്നു നടക്കുന്ന സംഭവങ്ങള്‍ വിവരിച്ചുകൊണ്ടാണ് യേശുവിന്‍റെ കഥ മര്‍ക്കോസ് അവതരിപ്പിക്കുന്നത്. യൂത്തുസ് എന്ന പദം അതിനായി സുവിശേഷകനെ സഹായിക്കുന്നു. പ്രബോധകനായ യേശുവിനെക്കാള്‍ പ്രവര്‍ത്തനനിരതനായ യേശുവാണ് മര്‍ക്കോസിലെ നായകന്‍.
പരിശുദ്ധാത്മാവ് പെട്ടെന്നു യേശുവിനെ മരുഭൂമിയിലേക്ക് "പായിച്ചു" പരിശുദ്ധാത്മാവ് ശക്തമായി യേശുവില്‍ പ്രവര്‍ത്തിച്ചു എന്നാണ് അര്‍ത്ഥമാക്കുന്നത്. വളരെ ഹ്രസ്വമായാണ് മരുഭൂമിയിലെ പരീക്ഷയുടെ രംഗം മര്‍ക്കോസ് വിവരിക്കുന്നത്. മത്തായിയും ലൂക്കായും വിവരിക്കുന്നതുപോലെ മൂന്നു പരീക്ഷകള്‍ നാം കാണുന്നില്ല. പകരം 40 ദിവസവും തുടര്‍ച്ചയായി പരീക്ഷിക്കപ്പെട്ട പ്രതീതിയാണ് മര്‍ക്കോസ് നല്‍കുന്നത്. ഇസ്രായേല്‍ മരുഭൂമിയില്‍ 40 വര്‍ഷം പരീക്ഷിക്കപ്പെട്ടല്ലോ. മോശയും (നിയ 9:18) ഏലിയായും (1 രാജാ 19:8) 40 ദിവസം മരുഭൂമിയില്‍ ഉപവസിച്ചതിനെയും ഇത് അനുസ്മരിപ്പിക്കുന്നു. ഒരാളുടെ തനിസ്വഭാവം വെളിപ്പെടുന്ന അവസരമാണ് പരീക്ഷകള്‍. സഹനങ്ങളില്‍ ദൈവത്തോട് വിശ്വസ്തത പുലര്‍ത്തുന്ന നീതിമാനാണ് ദൈവത്തിന്‍റെ പുത്രന്‍ (ജ്ഞാനം 2:12-20; 5:1-23). സാത്താന്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം എതിരാളി (adversary) എന്നാണ്. നേരെ വിപരീതമായി പരിശുദ്ധാത്മാവ് നമ്മുടെ വക്കാലത്തുകാരനാണ് (advovate). പരീക്ഷിക്കപ്പെടുന്നത് സ്വത്ത്വം വെളിവാക്കുന്നതിനുള്ള അവസരമാണ്. ബൈബിളിന്‍റെ ആരംഭത്തില്‍ത്തന്നെ ഏദന്‍ തോട്ടത്തില്‍ ആദിമാതാപിതാക്കള്‍ പിശാചിനാല്‍ പ്രലോഭിക്കപ്പെടുകയും അതിലവര്‍ വീണുപോകുകയും ചെയ്യുന്നു. ഏദന്‍ തോട്ടത്തില്‍ ഏറ്റവും അനുകൂലവും അനുഗ്രഹീതവുമായ സാഹചര്യത്തില്‍ കഴിഞ്ഞിരുന്ന ആദവും ഹവ്വയും പ്രലോഭനത്തിനടിപ്പെട്ട് പാപംചെയ്യുന്നു. എന്നാല്‍ രണ്ടാം ആദമായ യേശു മരുഭൂമിയിലെ പ്രതികൂല സാഹചര്യങ്ങളില്‍, ഏകനായി പ്രലോഭനത്തെ നേരിട്ട് വിജയിക്കുന്നു. ചുറ്റുപാടുമുണ്ടായിരുന്ന വന്യമൃഗങ്ങള്‍ പ്രലോഭനസാഹചര്യത്തിന്‍റെ ബീഭത്സത വ്യക്തമാക്കുന്നു. എന്നാല്‍ പാപരഹിതനായിരുന്ന ആദവുമായി വന്യമൃഗങ്ങള്‍ സൗഹൃദത്തില്‍ കഴിഞ്ഞിരുന്നതുപോലെ ഇവിടെ പാപരഹിതനായ ദൈവപുത്രനെയും പാപംമൂലം മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള അകല്‍ച്ചയും ശത്രുതയും ബാധിക്കുന്നില്ല. മാലാഖമാര്‍ അവനെ പരിചരിച്ചു എന്നത് ദൈവപരിപാലന മനുഷ്യന് ഒരിടത്തും അന്യമോ അകലയോ അല്ല എന്ന് വ്യക്തമാക്കുന്നു.
പറുദീസയായി മാറ്റപ്പെട്ട മരുഭൂമി ഏശയ്യായുടെ ഗ്രന്ഥത്തില്‍ ദൈവമൊരുക്കുന്ന പുതിയ പുറപ്പാടിന്‍റെയും രക്ഷയുടെയും ഭാഗമാണ്. മരുഭൂമിയില്‍ മാലാഖമാര്‍ യേശുവിന് വിരുന്നൊരുക്കുന്നു എന്നത് ദിയാക്കൊണെയോ എന്ന പദം തീന്‍മേശയിലെ ശുശ്രൂഷയാണ് സാധാരണ വിവക്ഷിക്കുന്നത്). ഈ പ്രവാചകസ്വപ്നത്തിന്‍റെ നിറവേറ്റലാണ് സൂചിപ്പിക്കുന്നത്.
യേശു ഒറ്റയ്ക്കായിരുന്നപ്പോള്‍ അവനെ പരീക്ഷിച്ച പിശാച്, നാം ഒറ്റയ്ക്കായിരിക്കുമ്പോഴാണ് നമ്മെ ഏറ്റവും അധികം ആക്രമിക്കുന്നത്. ഹവ്വ ഭര്‍ത്താവില്‍നിന്ന് അകലെയായിരിക്കുമ്പോഴാണല്ലോ സത്താന്‍ അവളെ നേരിടുന്നത് (ക്രിസോസ്റ്റോം).
1:14 മുന്നോടിയായ സ്നാപകന്‍റെ അറസ്റ്റ് (പാരാദിദോമി) യേശുവിന്‍റെ അറസ്റ്റിന്‍റെയും കാരാഗൃഹവാസത്തിന്‍റെയും നിഴലാട്ടമാണ് (9:31; 10:33; 14:21,41 എന്നീ വാക്യങ്ങള്‍ പാരാദിദോമി എന്ന വാക്കുതന്നെയാണ് യേശുവിനെ പിടികൂടുന്നതിനെ സൂചിപ്പിക്കാനും ഉപയോഗിക്കുന്നത്. ഈ ക്രിയാധാതുവിന്‍റെ (verb) വിവിധ രൂപങ്ങള്‍ പൗലോസിന്‍റെ ലേഖനങ്ങളിലും (റോമ 4:25; 8:32; ഗലാ 1:4; 2:20) യേശുവിന്‍റെ സഹനത്തെയും മരണത്തെയും കുറിക്കുന്ന പദമാണ്. സ്നാപകന്‍റെ തടവ് യേശുവിനെ ഭയാക്രാന്തനാക്കിയില്ല പകരം യേശു തന്‍റെ ശുശ്രൂഷ ഗലീലിയില്‍ ധൈര്യസമേതം ആരംഭിക്കുകയാണ് ചെയ്യുന്നത്. മരുഭൂമിയില്‍ തിന്മയുടെ ശക്തിയെ തകര്‍ത്ത യേശുവിന് ആ പൈശാചിക ശക്തിയുടെ ലൗകിക ആവിഷ്കാരങ്ങളെയും തെല്ലും ഭയമില്ല. യോഹന്നാനെ തടവിലാക്കിയ ഹേറോദ് അന്തിപ്പാസിനെ ഭയക്കാതെ അദ്ദേഹത്തിന്‍റെ ഭരണസീമയില്‍പ്പെട്ട ഗലീലിയില്‍ യേശു പ്രസംഗിക്കുന്നു. "ദൈവത്തിന്‍റെ സുവിശേഷം" പ്രസംഗിച്ചുകൊണ്ടാണ് യേശു രംഗപ്രവേശം ചെയ്യുന്നത്. ദൈവത്തിന്‍റെ സുവിശേഷം എന്നാല്‍ ദൈവത്തെക്കുറിച്ചുള്ള സദ്വാര്‍ത്ത എന്നും ദൈവത്തില്‍നിന്നുള്ള സദ്വാര്‍ത്ത എന്നും വ്യാഖ്യാനിക്കാം. "സമയം സമാഗതമായി" : മിശിഹായെക്കുറിച്ച് ദൈവം നല്‍കിയിരിക്കുന്ന വാഗ്ദാനങ്ങള്‍ നിറവേറുന്ന സമയം വന്നിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ എന്താണ് കരണീയമെന്ന് യേശു തുടര്‍ന്ന് വ്യക്തമാക്കുന്നു: അനുതപിക്കുക, സുവിശേഷത്തില്‍ വിശ്വസിക്കുക.
"ദൈവരാജ്യം" എന്നാല്‍ ദൈവത്തിന്‍റെ ഭരണം എന്നാണ് മനസ്സിലാക്കേണ്ടത്. യേശുവിന്‍റെ പ്രസംഗങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും കാതല്‍ ദൈവരാജ്യമായിരുന്നു. ദൈവരാജ്യം ആഗതമായിരിക്കുന്നു എന്നതിന്‍റെ പ്രത്യക്ഷമായ അടയാളങ്ങളായിരുന്നു യേശുവിന്‍റെ പരസ്യ ശുശ്രൂഷയിലൂടെ പ്രത്യേകമായി അവിടുത്തെ അത്ഭുതങ്ങളിലൂടെ തെളിഞ്ഞത്. എന്നാല്‍ ഈ ദൈവഭരണത്തിന്‍റെ സമ്പൂര്‍ണത കൈവരുന്നത് മനുഷ്യപുത്രന്‍റെ രണ്ടാമത്തെ ആഗമനത്തോടെയാണ് (8:38-9:2; 13:24-27; 14:62). ദൈവത്തിന്‍റെ രാജത്വം പഴയനിയമത്തിലെ വളരെ ശക്തമായ പ്രമേയമാണ് (പുറ 15:11-13,18; സങ്കീ 2; 72; 89; 110).
"അനുതപിക്കുക": ഇവിടെ ഉപയോഗിച്ചിരിക്കുന്ന മെറ്റനോയിയ (metanoia) എന്ന ഗ്രീക്കു പദത്തിന് മാനസാന്തരം എന്നാണര്‍ത്ഥം. ദൈവവിരുദ്ധമായ സകലത്തില്‍നിന്നും ദൈവത്തിലേയ്ക്കുള്ള മനസ്സിന്‍റെ അന്തരം അഥവാ മാറ്റമാണ് മാനസാന്തരം. ദൈവമല്ലാത്ത എല്ലാത്തില്‍ നിന്നും പിന്‍തിരിയുകയും ദൈവത്തിലേക്ക് തിരിയുകയും ചെയ്യുക. ചെയ്ത തെറ്റിനെയോര്‍ത്തുള്ള വിലാപത്തേക്കാള്‍ ഉപരി, ഇനിതെറ്റു ചെയ്യാതിരിക്കാനുള്ള മനസ്സിന്‍റെ നിശ്ചയമാണ് മാനസാന്തരത്തെ സ്ഥായിയാക്കുന്നത്.
"സുവിശേഷത്തില്‍ വിശ്വസിക്കുക": ദൈവരാജ്യത്തെക്കുറിച്ചുള്ള യേശുവിന്‍റെ പ്രസംഗത്തെയാണ് സുവിശേഷം എന്നതുകൊണ്ട് ഇവിടെ അര്‍ത്ഥമാക്കിയിരിക്കുന്നത്. ആദിമസഭയുടെ പ്രസംഗത്തിന്‍റെ രത്ന ചുരുക്കം നമുക്കിവിടെ കാണാം (അപ്പ 11:17-18; 20:21; ഹെബ്രാ 6:1). ബൈബിളില്‍ വിശ്വാസം (pistis പിസ്തിസ്) എന്നത് ബുദ്ധിപരമായ ബോദ്ധ്യത്തില്‍ ഒതുങ്ങുന്നില്ല. അത് ദൈവത്തിലുള്ള ആശ്രയത്വവും സമ്പൂര്‍ണ്ണസമര്‍പ്പണവുംകൂടി ഉള്‍ക്കൊള്ളുന്നതാണ്.
14-15 ല്‍ നാം കാണുന്നത് യേശുവിന്‍റെ സന്ദേശത്തിന്‍റെ രത്നച്ചുരുക്കമാണ്. ഇതുപോലുള്ള സംക്ഷിപ്ത വിവരണങ്ങള്‍ മര്‍ക്കോസ് പലയിടത്തും നല്‍കുന്നുണ്ട് (1:28,39,45; 2:1-2; 3:6; 4:1-2, 33-34; 6:1,6,7,12-13). യേശുകഥയിലെ പല സംഭവങ്ങളുടെയും സംക്ഷിപ്തമാണ് ഇവിടെ നല്‍കുന്നത്.
വിചിന്തനം: തന്‍റെ പുത്രനുവേണ്ടി ദൈവം തെരഞ്ഞടുത്ത നസ്രത്ത് എന്ന ഗ്രാമം നമ്മില്‍ പലരുടെയും സ്വന്തഗ്രാമങ്ങളില്‍നിന്ന് വ്യത്യസ്തമല്ല. ഏതെങ്കിലും വലിയ പട്ടണങ്ങളില്‍, സമ്പന്നരായ മാതാപിതാക്കളില്‍നിന്ന് ജനിച്ച് ഉന്നത വിദ്യാഭ്യാസംനേടി ഉന്നതസ്ഥാനങ്ങള്‍ അലങ്കരിക്കാന്‍ സാധിക്കാത്തതിന്‍റെ ബുദ്ധിമുട്ട് മനസ്സില്‍ പേറുന്നവര്‍ക്ക് ആശ്വാസവും ആത്മവിശ്വാസവും പ്രതീക്ഷയും നല്‍കുന്ന കാര്യമാണ് യേശുവും എളിയ ജീവിതസാഹചര്യങ്ങള്‍ പങ്കുപറ്റിയവനാണെന്ന സത്യം. ഒരു സാധാരണക്കാരനായി തൊഴില്‍ചെയ്തു ജീവിച്ചുകൊണ്ട് നമ്മുടെ സാധാരണജീവിതത്തെ അവിടുന്ന് രക്ഷാകരമാക്കിമാറ്റി.
യേശുവിന്‍റെ ജ്ഞാനസ്നാനാവസരത്തിലെന്നപോലെ നമ്മുടെ മാമോദീസാ വേളയിലും "നീ എന്‍റെ പ്രിയപുത്രനാണ്/പ്രിയപുത്രിയാണ്" എന്ന് ദൈവം പ്രഖ്യാപിക്കുന്നു. മക്കളെല്ലാം അവരുടെ മാതാപിതാക്കള്‍ക്ക് പ്രിയപ്പെട്ടവര്‍ തന്നെയാണല്ലോ. എന്നാല്‍ യേശു പിതാവിനെ പ്രസാദിപ്പിച്ചതുപോലെ നാമും സ്വര്‍ഗ്ഗസ്ഥനായ പിതാവിനെയും നമ്മുടെ മാതാപിതാക്കന്മാരെയും പ്രസാദിപ്പിക്കുന്നതരത്തിലാണോ ജീവിക്കുന്നത് എന്ന ചോദ്യം പ്രസക്തമാണ്.
നാം ജീവിക്കുന്ന ഇടം തന്നെയാണ് നാം പരീക്ഷിക്കപ്പെടുന്ന മരുഭൂമി. യേശുവിന് ചുറ്റുമുണ്ടായിരുന്ന വന്യമൃഗങ്ങള്‍ മനുഷ്യരൂപംപൂണ്ട് ഭയപ്പെടുത്തിക്കൊണ്ട് നമ്മെ വലയംചെയ്തിരിക്കുന്നു എന്ന തോന്നല്‍ അസ്ഥാനത്താവണമെന്നില്ല. എന്നാല്‍ നമ്മെ വേട്ടയാടുന്ന വന്യമൃഗങ്ങള്‍ നമ്മുടെ ഉള്ളിലാണ് കൂടുതല്‍ ഉള്ളത് എന്ന് നമുക്കു തിരിച്ചറിയാം - നമ്മുടെ പാപച്ചായ്ച്ചിലുകള്‍.
the-gospel-of-mark-beginning-of-the-ministry-of-jesus- Dr. Jacob Chanikuzhi catholic malayalam Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206