We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Jacob Chanikuzhi On 04-Feb-2021
ഈ സുവിശേഷത്തിന്‍റെ കേന്ദ്രപ്രമേയമാണ് യേശു ആരാണെന്നത്. അതുകൊണ്ടുതന്നെ ഞാനാരാണെന്നാണ് നിങ്ങള്‍ പറയുന്നത് എന്ന യേശുവിന്‍റെ ചോദ്യം മര്‍മ്മ പ്രധാനമാണ്. സുവിശേഷത്തിന്‍റെ ആരംഭത്തില്‍ യേശുവിനെ ആധികാരികമായി പഠിപ്പിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ദൈവപുത്രനായാണ് മര്‍ക്കോസ് അവതരിപ്പിച്ചത്. എന്നാല്‍ അവന്‍ നിരന്തരം എതിര്‍ക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും തിരസ്കരിക്കപ്പെടുകയും ചെയ്തു. അവന്‍റെതന്നെ കുടുംബാംഗങ്ങളാലും (3:21), നാട്ടുകാരാലും (6:1-6) ശിഷ്യന്മാരാലു (8:14-21) മാണ് അവന്‍ തിരസ്കരിക്കപ്പെട്ടതെന്നത് അതിന്‍റെ ആഴം വര്‍ദ്ധിപ്പിക്കുന്നു. 8:27-10,45 വരെയുള്ള യാത്രാവിവരണത്തില്‍ യേശു യഥാര്‍ത്ഥത്തില്‍ ആരാണെന്നും അവനെ അനുഗമിക്കുക എന്നാല്‍ എന്താണെന്നുമാണ് മര്‍ക്കോസ് വിശദീകരിക്കുന്നത്. യേശുവിന്‍റെ സഹനവും മരണവുമാണ് അവന്‍ ആരാണെന്നു തിരിച്ചറിയാനുള്ള വഴി : യേശു സഹനദാസനായ മിശിഹായാണ,് മനുഷ്യപുത്രനാണ്. അവന്‍റെ ശിഷ്യരാവുക എന്നാല്‍ അവന്‍റെ പീഡകളിലും ഭരണത്തിലും ഉയിര്‍പ്പിലും ഭാഗഭാക്കാകുക എന്നാണര്‍ത്ഥം. ഈ യാത്രാ വിവരണത്തിന്‍റെ ആരംഭത്തിലും അവസാനത്തിലും യേശു അന്ധര്‍ക്കു കാഴ്ചനല്‍കുന്ന ഓരോ സംഭവങ്ങള്‍ കാണാം. ഈ വിവരണം വഴിയായി വായനക്കാരനും യേശു ആരാണെന്ന് കൂടുതല്‍ വ്യക്തമായി കാണാന്‍ സാധിക്കുമെന്ന് ഇതു സൂചിപ്പിക്കുന്നു.
ശിഷ്യരുടെ അന്ധത യേശു സുഖപ്പെടുത്തുമെന്ന സൂചനയാണ് അന്ധനു കാഴ്ച നല്‍കുന്ന സംഭവത്തില്‍ (8:22-26) നമുക്കു ലഭിച്ചത്. ശിഷ്യ സമൂഹത്തിന് കാഴ്ച ലഭിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നതിന്‍റെ തെളിവാണ് പത്രോസിന്‍റെ വിശ്വാസപ്രഖ്യാപനം. ഈ രണ്ടു സംഭവങ്ങള്‍ തമ്മിലുള്ള ബന്ധം അരക്കിട്ടുറപ്പിക്കുന്നതാണ് ഇവയുടെ സമാനമായ ഘടനയും
യേശു ആരാണെന്നതിനെക്കുറിച്ചു സുവിശേഷകന്‍ ഇതുവരെയും നല്‍കിയ സൂചനകള്‍ നിര്‍ണ്ണായക വഴിത്തിരിവിലെത്തുകയാണ് പത്രോസിന്‍റെ വിശ്വാസപ്രഖ്യാപനത്തില്‍. യേശു ആരാണെന്ന് അശുദ്ധാത്മാക്കള്‍ ഇതിനകം പലതവണ ഏറ്റുപറഞ്ഞിട്ടുണ്ട് (3:12). എന്നാല്‍ യഥാര്‍ത്ഥത്തില്‍ യേശു ആരാണെന്നതിനെക്കുറിച്ച് ശരിയായ ഒരു പ്രഖ്യാപനം ഒരു മനുഷ്യന്‍ നടത്തുന്നത് ഇതാദ്യമാണ്.
8:27-28, ബേത്സയ്ദായില്‍നിന്നും ഏകദേശം 25 മൈല്‍ വടക്കുമാറി സ്ഥിതിചെയ്യുന്ന പട്ടണമാണ് കേസറിയാഫിലിപ്പി. പാനിയും എന്നായിരുന്നു ഈ സ്ഥലത്തിന്‍റെ ആദ്യത്തെ പേര്. പാന്‍ദേവന് പ്രതിഷ്ഠിച്ചിരുന്ന ഒരു സ്ഥലം ഇവിടെയുണ്ടായിരുന്നതുകൊണ്ടാണ് പാനിയും എന്ന പേരില്‍ ഈ സ്ഥലം അറിയപ്പെട്ടിരുന്നത്. ഹേറോദേസ് ഫിലിപ്പ് ഈ നഗരം മോടിപിടിപ്പിക്കുകയും സീസറിന്‍റെയും തന്‍റെയും പേര് ചേര്‍ത്ത് അതിനെ കേസറിയാഫിലിപ്പി എന്ന് പുനഃനാമകരണം ചെയ്യുകയും ചെയ്തു. "ഞാന്‍ ആരെന്നാണ് ആളുകള്‍ പറയുന്നതെന്ന," ചോദ്യം (27) -ാം വാക്യത്തിലെ ചോദ്യത്തിനുള്ള ഒരുക്കമാണ്. ഇങ്ങനെയൊരു ചോദ്യം ഇതുവരെയും യേശു ഉന്നയിച്ചിട്ടില്ല. ഒരിക്കലും തന്നെക്കുറിച്ചോ തന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചോ ഈശോ പ്രസംഗിക്കുന്നതും മര്‍ക്കോസില്‍ നാം കാണുന്നില്ല. ദൈവരാജ്യം അതിന്‍റെ സവിശേഷതകള്‍, അതിന്‍റെ നിയമങ്ങള്‍, അതിലെ അംഗങ്ങളുടെ ജീവിതരീതി എന്നിവയൊക്കെയായിരുന്നു യേശുവിന്‍റെ പ്രമേയങ്ങള്‍. യേശു സ്നാപകയോഹന്നാനാണെന്ന് പറഞ്ഞിരുന്നത് ഹേറോദേസ് അന്തിപ്പാസും (6:16) അവന്‍റെ പക്ഷക്കാരുമായിരുന്നു. യേശുചെയ്ത അത്ഭുതങ്ങളാകാം അവനെ ഏലിയായായി കണക്കാക്കാന്‍ കാരണം. ഏലിയാപ്രവാചകന്‍ അത്ഭുതങ്ങള്‍ ചെയ്തിരുന്നല്ലോ. യേശുവിന്‍റെ പ്രബോധനശൈലിയും ജീവിതരീതിയും കണ്ട ഒരു വിഭാഗം അവന്‍ ഒരു പ്രവാചകനാണെന്ന് വിശ്വസിച്ചിരുന്നു. എന്നാല്‍ ആരും തന്നെ യേശുവിനെ മിശിഹായായി അംഗീകരിച്ചിരുന്നില്ല എന്നുകൂടിയാണ് ഈ ഉത്തരങ്ങള്‍ വെളിവാക്കുന്നത്.
8:29, ജനക്കൂട്ടത്തില്‍നിന്നു വിഭിന്നമായി, തന്‍റെ ശിഷ്യന്മാര്‍ തന്നെക്കുറിച്ചു എന്തുകരുതുന്നുവെന്ന് യേശു ചോദിക്കുമ്പോള്‍ ശിഷ്യന്മാരുടെയെല്ലാം വക്താവായിട്ടാണ് പത്രോസ് മറുപടിപറയുന്നത്. മര്‍ക്കോസില്‍ ഇദം പ്രഥമമായിട്ടാണ് പത്രോസ് ശിഷ്യഗണത്തിന്‍റെ വക്താവായി സംസാരിക്കുന്നത്. മറ്റു ശിഷ്യന്മാരാരും പത്രോസിന്‍റെ പ്രസ്താവനയെ നിരാകരിക്കുകയോ, വ്യത്യാസപ്പെടുത്തുകയോ ചെയ്യുന്നില്ല. പത്രോസിന്‍റെ അഭിപ്രായത്തോട് അവരും യോജിക്കുന്നു.
മസിയാ എന്ന ഹീബ്രുവാക്കിന്‍റെ ഗ്രീക്കു പരിഭാഷയായ ക്രിസ് തോസ് എന്നവാക്കിന്‍റെ മലയാള പരിഭാഷയാണ് ക്രിസ്തു. അഭിഷിക്തന്‍ എന്നാണ് ഈ വാക്കിന്‍റെ അര്‍ത്ഥം. അഭിഷേകം ചെയ്യപ്പെട്ട പുരോഹിതര്‍, രാജാക്കന്മാര്‍, പ്രവാചകന്മാര്‍ എന്നിവരെ കുറിക്കാന്‍ ആദ്യകാലത്ത് ഈ പദം ഉപയോഗിച്ചിരുന്നു. പിന്നീട്, ഇസ്രായേലിനെ വിദേശാധിപത്യത്തില്‍നിന്നു മോചിപ്പിച്ച്, ലോകവ്യാപകമായി സാമ്രാജ്യം സ്ഥാപിച്ച് ദാവീദിന്‍റെ സിംഹാസനത്തിലിരിക്കുന്ന ദാവീദ്വംശജനായ രാജാവിനെ സൂചിപ്പിക്കാനായി ഈ പദം ഉപയോഗിച്ചു തുടങ്ങി (സങ്കീ 110:1; ദാനി 9:25-26). മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ വളരെ വിരളമായേ യേശു ഈ പദം ഉപയോഗിക്കുന്നുള്ളൂ (9:41; 12:35; 13:21). തന്നെ ഒരിക്കലും "ക്രിസ്തു" എന്ന് അവിടുന്നു വിളിക്കുന്നുമില്ല. ഒരുപക്ഷേ ഈ പദത്തിന്‍റെ രാഷ്ട്രീയാധികാരസൂചനകളും ക്രിസ്തു എന്ന പദവുമായി ബന്ധപ്പെട്ട ജനത്തിന്‍റെ തെറ്റിദ്ധാരണകളും ഒഴിവാക്കുന്നതിനുമാകാമത്. എന്നാല്‍, മറ്റുള്ളവര്‍ യേശുവിനെ ക്രിസ്തുവെന്ന് വിളിക്കുമ്പോള്‍ യേശു അത് അംഗീകരിക്കുന്നതായി കാണാം (14:6-62). ക്രിസ്തു എന്ന പേര് യേശുവിനു നല്‍കുമ്പോള്‍ ഇസ്രായേലിന്‍റെ ദീര്‍ഘമായ ചരിത്രത്തില്‍ പ്രത്യക്ഷപ്പെട്ട രാജാക്കന്മാരുടെയും പുരോഹിതരുടെയും പ്രവാചകരുടെയും പൂര്‍ണ്ണതയാണ് യേശുവെന്ന സത്യം നാം അംഗീകരിക്കുന്നു. നീ ക്രിസ്തുവാണെന്ന പത്രോസിന്‍റെ പ്രഖ്യാപനം മര്‍ക്കോസിന്‍റെ സുവിശേഷത്തിലെ വലിയ വഴിത്തിരിവാണ്. പത്രോസിന്‍റെ പ്രഖ്യാപനത്തോടെ, ഇനി യേശുവിന്‍റെ പീഡാസഹനത്തെയും കുരിശുമരണത്തെയും ഉത്ഥാനത്തെയും കുറിച്ച് മര്‍ക്കോസ് വിവരിക്കാന്‍ ആരംഭിക്കുകയാണ്. അതായത്. യേശു, ക്രിസ്തുവാണെന്ന് പത്രോസു പറഞ്ഞതു ശരിതന്നെ. എന്നാല്‍ അവന്‍ എങ്ങനെയുള്ള മിശിഹായാണെന്നും അവനെ അനുഗമിക്കുക എന്നാല്‍ എന്താണ് അര്‍ത്ഥമെന്നും ഇനിയും പത്രോസിനും മറ്റു ശിഷ്യര്‍ക്കും മനസ്സിലായിട്ടില്ല. അതുകൊണ്ട് ഇനിയുള്ള 3 ഭാഗങ്ങളിലായി തന്‍റെ സഹനവും മരണവും തന്‍റെ മിശിഹാത്വത്തിന്‍റെ അവിഭാജ്യഭാഗമാണെന്ന് യേശു വെളിപ്പെടുത്തുകയാണ്.
8:30, പത്രോസിന്‍റെ പ്രഖ്യാപനത്തെ യേശു ശ്ലാഘിക്കുമെന്നു നാം പ്രതീക്ഷിക്കും. എന്നാല്‍ പിശാചുക്കളെ ശാസിക്കുന്ന "എപ്പിതിമാവോ" എന്ന വാക്കുപയോഗിച്ചു പത്രോസിനെ യേശു നിശബ്ദനാക്കുകയാണ് ചെയ്യുന്നത്. യേശുവിന്‍റെ മിശിഹാത്വത്തിന്‍റെ യഥാര്‍ത്ഥസ്വഭാവം ഇനിയും ശിഷ്യര്‍ക്ക് പൂര്‍ണ്ണമായി മനസ്സിലായിട്ടില്ല. അതുകൊണ്ടാണ് താന്‍ മിശിഹായാണെന്ന കാര്യം ആരോടും പറയരുതെന്ന് യേശു നിഷ്കര്‍ഷിക്കുന്നത്. മിശിഹായെക്കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകള്‍ ജനമനസ്സുകളില്‍ തെറ്റിദ്ധാരണയുണ്ടാക്കും. ആദ്യം മിശിഹായെ വ്യക്തമായി മനസ്സിലാക്കണം. എന്നിട്ടുവേണം അവിടുത്തെ പ്രഘോഷിക്കാന്‍.
The Gospel of Mark and Peter's Confession of Faith (8: 27-30) the gospel of mark catholic malayalam Dr. Jacob Chanikuzhi Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206