We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Jacob Chanikuzhi On 04-Feb-2021
യേശുവിനെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള മറ്റൊരു വെല്ലുവിളിയാണ് വിവാഹബന്ധത്തെക്കുറിച്ചുള്ള യേശുവിന്‍റെ പ്രബോധനം. ഭാര്യാഭര്‍ത്താക്കന്മാര്‍ ഒരു ശരീരമാകയാല്‍ ഭാര്യാഭര്‍തൃബന്ധം ഇല്ലാതാക്കാനാവില്ലെന്നും വിവാഹമോചനവും പുനര്‍വിവാഹവും അനുവദനീയമല്ലെന്നുമാണ് യേശുവിന്‍റെ നിലപാട്.
10:1, ജോര്‍ദ്ദാന്‍ കടന്ന്, ചാവുകടലിന്‍റെ തെക്കും കിഴക്കുമായി കിടന്നിരുന്ന പെരെയാ പ്രദേശത്തേയ്ക്കാണ് യേശു പോയത്. ഫരിസേയര്‍ യേശുവിനെ നശിപ്പിക്കാന്‍ വഴിനോക്കിയിരിക്കുകയാണെന്ന് വായനക്കാര്‍ക്കറിയാം. പൂര്‍വ്വികരുടെ പാരമ്പര്യങ്ങളോടുള്ള യേശുവിന്‍റെ നിലപാടാണ് എപ്പോഴും ഫരിസേയര്‍ തര്‍ക്കവിഷയമാക്കിയിരുന്നത് (2:1-3:6; 7:1-23). പൂര്‍വ്വികരുടെ പാരമ്പര്യങ്ങളെ ദൈവവചനത്തിന്‍റെ വെളിച്ചത്തില്‍ വിലയിരുത്തുകയും വിമര്‍ശിക്കുകയും ചെയ്യുക എന്നതായിരുന്നു യേശുവിന്‍റെ നിലപാട്. ഇവിടെ ഫരിസേയര്‍ ചോദിക്കുന്നത് വിവാഹമോചനം നേടാന്‍ സാധുവായ കാരണങ്ങളെന്തൊക്കെയാണെന്നല്ല (മത്താ 19:3) പ്രസ്തുത വിവാഹമോചനംതന്നെ നിയമാനുസൃതമാണോയെന്നാണ്. വിവാഹമോചനം നിയമാനുസൃതമാണെന്ന് ഫരിസേയര്‍ എല്ലാവരും വിശ്വസിച്ചിരുന്നു. നിയമ 24:1-4 ആയിരുന്നു ഈ വിശ്വാസത്തിന്‍റെ ആധാരം. എന്നാല്‍ ഭാര്യയില്‍ അസ്വീകാര്യമായെന്തെങ്കിലും കണ്ടാല്‍ ഭര്‍ത്താവ് അവള്‍ക്ക് ഉപേക്ഷാപത്രം കൊടുത്തു പറഞ്ഞു വിടുന്നതിനെക്കുറിച്ചാണ് നിയമ 24:1-4 പ്രതിപാദിക്കുന്നത്. വിവാഹമോചനം നേടാന്‍ പര്യാപ്തമായ കാരണങ്ങളെന്തൊക്കെയാണെന്ന് പ്രസ്തുത ഭാഗം വ്യക്തമാക്കുന്നില്ല. അതുകൊണ്ട് വിവാഹമോചനം നേടാന്‍ നിയമാനുസൃതമായ കാരണങ്ങളെന്തൊക്കെയാണെന്നതിന്‍റെ കാര്യത്തില്‍ ഫരിസേയരുടെയിടയില്‍ ഭിന്നാഭിപ്രായങ്ങളാണുണ്ടായിരുന്നത്. പ്രധാനമായും രണ്ട് നിലപാടുകളാണ് അക്കാലത്ത് നിലവിലുണ്ടായിരുന്നത്. റബ്ബി ഷമ്മായിയുടെ ശിഷ്യന്മാരുടെ അഭിപ്രായത്തില്‍, വ്യഭിചാരക്കുറ്റത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ ഭാര്യയെ ഉപേക്ഷിക്കാന്‍ ഭര്‍ത്താവിന് അവകാശമുണ്ടായിരുന്നുള്ളൂ. എന്നാല്‍ റബ്ബി ഹില്ലേലിന്‍റെ അനുയായികളുടെ അഭിപ്രായത്തില്‍ ഭര്‍ത്താവിന് അപ്രീതികരമായതെന്തെങ്കിലും ഭാര്യ ചെയ്താല്‍ അത് വിവാഹമോചനം നേടാന്‍ സാധുവായ കാരണമായിരുന്നു.
യേശുവിന്‍റെ കാലത്ത് വിവാഹമോചനത്തിന് സങ്കീര്‍ണ്ണമായ നടപടിക്രമങ്ങളൊന്നുമുണ്ടായിരുന്നില്ല. "ഇന്ന് എന്‍റെ ഭാര്യയെ ഞാന്‍ വിവാഹമോചനം ചെയ്യുകയും സ്വതന്ത്രയാക്കുകയും ചെയ്യുന്നു" എന്ന് എഴുതിയ കടലാസ് ഭര്‍ത്താവ് ഭാര്യയ്ക്കു കൈമാറിയാല്‍ മാത്രം മതിയായിരുന്നു. വിവാഹമോചനം നിയമാനുസൃതമാണെന്നും നിയമാ 24,1-4 ആണ് അതിന്‍റെ അടിസ്ഥാനമെന്നും ഫരിസേയര്‍ക്കുതന്നെ അറിയാമെന്നിരിക്കേ (10,34) വിവാഹമോചനം നിയമാനുസൃതമാണോ എന്ന് അവര്‍ യേശുവിനോട് ചോദിക്കുന്നത് എന്തിനാണ്? അറിയാനുള്ള ആഗ്രഹത്തിന്‍റെ പേരിലല്ല, യേശുവിനെ അപകടപ്പെടുത്താനുള്ള ആവേശത്തിന്‍റെ പേരിലാണ് അവര്‍ ഈ ചോദ്യം ഉന്നയിക്കുന്നത്.
യേശു പെരെയായില്‍ എത്തിയപ്പോഴാണ് അവര്‍ ഈ ചോദ്യം ഉന്നയിച്ചത് എന്നത് ശ്രദ്ധേയമാണ്. വിവാഹമോചനം നേടിയ ഹെറോദേസ് അന്തിപ്പാസിന്‍റെ ഭരണാധികാരത്തില്‍പ്പെട്ട പ്രദേശമാണ് പെരെയാ. അന്തിപ്പാസിന്‍റെ വിവാഹമോചനത്തെ എതിര്‍ത്തതിന്‍റെ പേരിലാണ് (6:18) സ്നാപകയോഹന്നാന് ജീവന്‍ നഷ്ടപ്പെട്ടത്. രാജാവിന്‍റെ വിവാഹമോചനത്തെ ഏതെങ്കിലും പ്രവാചകന്‍ എതിര്‍ത്താല്‍ രാജകൊട്ടാരം വെറുതെയിരിക്കില്ലെന്നമുന്നറിയിപ്പായിരുന്നു യോഹന്നാന്‍റെ ശിരച്ഛേദനം. യേശു വിവാഹ മോചനത്തിന് എതിരാണെന്ന് ഫരിസേയര്‍ മനസ്സിലാക്കിയിട്ടുണ്ടാകും. അങ്ങനെയെങ്കില്‍ വിവാഹമോചനത്തിനെതിരായ തന്‍റെ നിലപാട് പരസ്യമായി പ്രഖ്യാപിക്കാന്‍ യേശുവിനെ നിര്‍ബന്ധിക്കുന്നതുവഴി യേശുവിനെ അന്തിപ്പാസിന്‍റെ ശത്രുതക്കു പാത്രമാക്കാന്‍ ശ്രമിക്കുകയായിരുന്നു ഫരിസേയര്‍.
10:3, ഫരിസേയരുടെയിടയിലുണ്ടായിരുന്ന ദൈവശാസ്ത്ര വാദപ്രതിവാദങ്ങളില്‍ ഇടപെടുന്നതിനേക്കാള്‍ യേശു ദൈവവചനത്തിലേയ്ക്ക് തന്‍റെ ചോദ്യകര്‍ത്താക്കളെ ക്ഷണിക്കുന്നു. ഫരിസേയരുടെയിടയിലെ എല്ലാ വിഭാഗക്കാരും അംഗീകരിക്കുന്ന ആധികാരികമായ ദൈവവചനത്തെ ആധാരമാക്കി സംസാരിക്കാനാണ് യേശു ഇഷ്ടപ്പെട്ടത്.
10:4-5, വിവാഹമോചനം നടത്താന്‍ മോശ നല്കിയ അനുവാദത്തെ ദൈവേഷ്ടമായാണ് ഫരിസേയര്‍ പരിഗണിച്ചത്. വാസ്തവത്തില്‍ മനുഷ്യന്‍റെ പാപാവസ്ഥയും ഹൃദയകാഠിന്യവും സൃഷ്ടിച്ചേക്കാവുന്ന അതീവഗുരുതരമായ പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരമാണെന്ന നിലയില്‍ മോശ നല്കിയ അനുവാദമാണ് വിവാഹമോചനം. ഭാര്യയോട് ഇഷ്ടക്കേടു തോന്നി അവളെ നിരന്തരം ക്രൂരമായി മര്‍ദ്ദിക്കുകയും മുറിവേല്പ്പിക്കുകയും ചെയ്യുന്ന ഭര്‍ത്താവിന് ഇഷ്ടമില്ലാത്ത ഭാര്യയെ വിവാഹമോചനം നല്കി പറഞ്ഞയക്കാന്‍ അനുവാദം നല്കുന്നതിലൂടെ, ജീവിതകാലം മുഴുവന്‍ അനുഭവിക്കേണ്ടി വരുന്ന നരകയാതനയില്‍നിന്നു സ്ത്രീയെ മോചിപ്പിക്കുക എന്നതായിരിക്കാം മോശ ഉദ്ദേശിച്ചത്. 6-8, എന്നാല്‍ നിയമത്തിന്‍റെ പൂര്‍ത്തീകരണമായ മിശിഹാ വിവാഹത്തെ സംബന്ധിച്ച ദൈവത്തിന്‍റെ കാഴ്ചപ്പാട് വിശദീകരിക്കുന്നു. അതിന് മോശയുടെ തന്നെ ആദ്യഗ്രന്ഥമായ സൃഷ്ടിയുടെ പുസ്തകത്തിലെ (ലൂക്ക 1:27; 2:24) വിവാഹത്തെക്കുറിച്ചുള്ള വീക്ഷണമാണ് യേശു ഉദ്ധരിക്കുന്നത്. ദൈവത്തിന്‍റെ പദ്ധതിയില്‍ പുരുഷനും സ്ത്രീയും തമ്മില്‍ "ഏകശരീര"മായിത്തീരുന്ന അനന്യമായ ഒരു ബന്ധമാണ് വിവാഹത്തിലൂടെ സൃഷ്ടിക്കപ്പെടുന്നത്. "ഏകശരീരമാകുക" എന്ന "ശേമിക" പ്രയോഗത്തിന്‍റെ അര്‍ത്ഥം "ഒന്നാവുക" എന്നാണ്. ദൈവികപദ്ധതിയനുസരിച്ച് അവര്‍ "ഒന്നാ"യതിനാല്‍ അവരെ വേര്‍തിരിക്കുന്ന വിവാഹമോചനം അനുവദനീയമല്ല. ഒരു വ്യക്തിയെ രണ്ടായി വെട്ടിമുറിക്കുന്നതിനു തുല്യമാണു വിവാഹമോചനം. വിവാഹത്തോടെ ശാരീരികമായി ദമ്പതികള്‍ ഒന്നായിത്തീരുന്നതിനാല്‍ മരണംവഴിയുള്ള ശാരീരികമായ വേര്‍പാടിലൂടെ മാത്രമേ ഈ ബന്ധത്തിനും മാറ്റം സംഭവിക്കുന്നുള്ളൂ. വിവാഹബന്ധത്തിന്‍റെ അവിഭാജ്യതയെ ഇപ്രപകാരം പ്രഖ്യാപിച്ചുകൊണ്ട് വിവാഹത്തെക്കുറിച്ച് ഉല്പത്തിപ്പുസ്തകത്തില്‍
വെളിപ്പെടുത്തപ്പെട്ട ദൈവത്തിന്‍റെ യഥാര്‍ത്ഥ പദ്ധതി യേശു പുനഃസ്ഥാപിക്കുന്നു.
വഴിപിഴച്ച ഒരു തലമുറയുടെ ഹൃദയകാഠിന്യത്തിന് ഒത്താശചെയ്തു കൊടുക്കുന്ന പാരമ്പര്യങ്ങളിലൂടെ ഫരിസേയര്‍ ദൈവികപദ്ധതിയെ തകിടം മറിക്കുന്നു എന്നതാണ് യേശുവിന്‍റെ വിമര്‍ശനം. പാപകലുഷിതമായ ലോകത്തിന്‍റെ ഇന്നത്തെ അവസ്ഥയുടെ വെളിച്ചത്തിലല്ല നന്മതിന്മകളെക്കുറിച്ചുള്ള ദൈവേഷ്ടം നിര്‍ണ്ണയിക്കേണ്ടത് എന്നും ഇതിലൂടെ യേശു പഠിപ്പിക്കുന്നു.
ആദത്തിന് എത്ര ഭാര്യമാരെ വേണമെങ്കിലും ദൈവത്തിനു സൃഷ്ടിച്ചു കൊടുക്കാമായിരുന്നു. പക്ഷേ ദൈവം ഒരു സ്ത്രീയെ മാത്രമേ അവനായി രൂപകല്പന ചെയ്തുള്ളൂ (തെര്‍ത്തുല്യന്‍).
ഭാര്യയും ഭര്‍ത്താവും വിവാഹമോചനം നടത്തി പുനര്‍വിവാഹം ചെയ്യുന്നതിലൂടെ നാലു വ്യഭിചാരികള്‍ സൃഷ്ടിക്കപ്പെടുന്നു (അഗസ്റ്റിന്‍).
10:9, ദൈവവചനത്തെ (ഉല്പ 1:27; 2:24) ആധാരമാക്കി യേശു നടത്തുന്ന വിധിതീര്‍പ്പാണിത്: ദൈവികപദ്ധതിയനുസരിച്ച് വിവാഹം വേര്‍പെടുത്താനാവാത്ത ബന്ധമാണ്. അതുകൊണ്ട് വിവാഹമോചനം പാടില്ല. "മനുഷ്യന്" എന്നതുകൊണ്ട്, വിവാഹക്കോടതിയിലെ ന്യായാധിപന്‍ എന്നല്ല, "ഭര്‍ത്താവ്" എന്നാണുദ്ദേശിക്കുന്നത്. കാരണം, യേശുവിന്‍റെ കാലത്ത് വിവാഹബന്ധം ഭര്‍ത്താക്കന്മാര്‍ക്കുതന്നെ വേര്‍പെടുത്താന്‍ പറ്റുമായിരുന്നു; മൂന്നാമതൊരാളുടെ ഇടപെടല്‍ അതിന് ആവശ്യമായിരുന്നില്ല.
10:10-12, വിവാഹമോചനം അനുവദനീയമല്ലെന്ന യേശുവിന്‍റെ നിലപാട് ശിഷ്യരില്‍ അത്ഭുതം ജനിപ്പിച്ചിട്ടുണ്ടാകണം. അതുകൊണ്ടാവണം അവര്‍ സ്വകാര്യമായി യേശുവിനോട് ഇക്കാര്യം വീണ്ടും ചോദിക്കുന്നത്. ഭര്‍ത്താവിനോ, ഭാര്യയ്ക്കോ വിവാഹബന്ധം വേര്‍പെടുത്താന്‍ അവകാശമില്ലെന്ന് യേശു ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു. യഹൂദനിയമമനുസരിച്ച് വിവാഹമോചനം നടത്താനുള്ള അവകാശം ഭര്‍ത്താക്കന്മാര്‍ക്ക് മാത്രമാണുണ്ടായിരുന്നത് (ഹേറോദേസ് ഫിലിപ്പിനെ വിവാഹം ചെയ്ത ഹേറോദിയായുടെ നടപടി ഒരു അപവാദമായിരുന്നിരിക്കണം). എന്നാല്‍ റോമന്‍നിയമമനുസരിച്ച് സ്ത്രീകള്‍ക്കും വിവാഹമോചനം നടത്താന്‍ അവകാശമുണ്ടായിരുന്നു. അതുകൊണ്ടാവണം റോമിലെ വിജാതീയ ക്രിസ്ത്യാനികള്‍ക്ക് എഴുതിയ മര്‍ക്കോസ് 12-ാം വാക്യം കൂട്ടിച്ചേര്‍ത്തത്. യേശുവിന്‍റെ പ്രബോധനങ്ങള്‍ സ്ഥലകാലങ്ങള്‍ക്കനുസൃതമായി വ്യാഖ്യാനിക്കുന്നതിന്‍റെ ഒരുദാഹരണമാണിത്. പുനര്‍വിവാഹം ചെയ്യുന്നയാള്‍ വ്യഭിചാരം ചെയ്യുന്നു എന്നു പറയുന്നതിന്‍റെ കാരണം അയാളുടെ ആദ്യവിവാഹബന്ധം നിലനില്ക്കുന്നതുകൊണ്ടാണ്.
വിചിന്തനം: കഠിനഹൃദയര്‍ തച്ചുടക്കുന്ന ദൈവികപദ്ധതി: വിവാഹമോചനം നിയമാനുസൃതമാണോയെന്ന ഫരിസേയരുടെ ചോദ്യം തന്നെ അര്‍ത്ഥരഹിതമാണ്. കാരണം, യേശുവിന്‍റെ മറുചോദ്യത്തിനുള്ള അവരുടെ ഉത്തരം വ്യക്തമാക്കുന്നതുപോലെ, വിവാഹമോചനം അനുവദനീയമാണ് എന്ന് ഫരിസേയരെല്ലാം വിശ്വസിച്ചിരുന്നു. മാത്രമല്ല, അതിനു ഉപോത്ബലകമായ ദൈവവചനഭാഗവും (നിയമാ 24:1-4) അവര്‍ക്ക് മനഃപാഠമായിരുന്നു. എന്നാല്‍ വിവാഹമോചനത്തിനുള്ള സാധുവായ കാരണങ്ങളെക്കുറിച്ചു മാത്രമായിരുന്നു അവര്‍ക്ക് സംശയമുണ്ടായിരുന്നത്. അവരുടെ ചിന്താരീതിയില്‍നിന്നു വ്യത്യസ്തമായി, വിവാഹമോചനം ആദിമുതലുള്ള ദൈവികപദ്ധതിക്കു വിരുദ്ധമായ കാര്യമാണെന്ന് യേശു പ്രഖ്യാപിക്കുന്നു. മോശ നല്കിയ ഇളവ് മനുഷ്യന്‍റെ ഹൃദയകാഠിന്യം മൂലമാണെന്നും യേശു വ്യക്തമാക്കി.
വിവാഹത്തിലൂടെ സ്ത്രീയും പുരുഷനും ഒരു ശരീരമായിത്തീരുന്നതിനാല്‍ വിവാഹമോചനം ഒരു ശരീരത്തെ രണ്ടായി വെട്ടിമുറിക്കുന്നതിനു തുല്യമാണെന്ന് യേശു ചൂണ്ടിക്കാണിക്കുന്നു. യേശുവിന്‍റെ ഈ നിലപാട് കടുകട്ടിയായിത്തോന്നാം. പക്ഷേ, ശിഷ്യത്വത്തിന് ആവശ്യമായ ജീവിതശൈലിയുടെ ഭാഗമാണത്. ദൈവരാജ്യത്തിനുവേണ്ടി വിവാഹം തന്നെ ഒഴിവാക്കുന്നവരും വിവാഹമോചനം ഒഴിവാക്കുന്നവരും യേശു വിഭാവനം ചെയ്ത പുതിയ സമൂഹത്തിലെ അംഗങ്ങളാണ്.
നമ്മുടെ ഹൃദയകാഠിന്യമല്ല നന്മതിന്മകളുടെ അളവുകോല്‍. മനുഷ്യഹൃദയം കഠിനമായതുകൊണ്ട് ചില തിന്മകള്‍ ചില അളവുവരെ അനുവദിക്കാമെന്ന കാഴ്ചപ്പാട് ശരിയല്ല. ഹൃദയത്തിന്‍റെ കടുപ്പംനോക്കിയിട്ടല്ല നന്മതിന്മകള്‍ നിര്‍ണ്ണയിക്കേണ്ടത്. യേശുവിന്‍റെ ശിഷ്യത്വം കഠിനഹൃദയര്‍ക്കുള്ളതല്ല, മാംസളമായ ഹൃദയത്തിന്‍റെ (എസെ 36:26) ഉടമകള്‍ക്കുള്ളതാണ്.
*വിവാഹമോചനം ഒരു കുടുംബത്തിന്‍റെ ദുരന്തമാണ്. ദമ്പതികളെയും അവരുടെ കുഞ്ഞുങ്ങളെയും അതു കശക്കിയെറിയുന്നു. വിവാഹമോചനത്തിന്‍റെ വക്കിലെത്തുമ്പോഴേയ്ക്കും ദമ്പതികള്‍ ഒരുപക്ഷേ പരസ്പരം അടുക്കാനാവാത്തവിധം പരമാവധി അകന്നുകഴിഞ്ഞിട്ടുണ്ടാകും. ഈ അകല്‍ച്ചയുടെ ആദ്യഘട്ടത്തില്‍ത്തന്നെ പരസ്പരം സ്നേഹിക്കാനും ബഹുമാനിക്കാനും അംഗീകരിക്കാനും വിട്ടുവീഴ്ചകാണിക്കാനുമൊക്കെ ദമ്പതികളെ സഹായിക്കാന്‍ കുടുംബപ്രേഷിതരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്കാകണം. എല്ലാ രംഗങ്ങളിലും വിദഗ്ദ്ധപരിശീലനം നല്കുന്ന ഈ കാലഘട്ടത്തില്‍ വ്യക്തിബന്ധങ്ങള്‍ വളര്‍ത്താനുള്ള പരിശീലനം തുലോം കുറവാണെന്നു നാം സമ്മതിക്കേണ്ടിയിരിക്കുന്നു. ഒരുമിച്ചു ജീവിക്കുക എന്ന അതിപ്രധാനമായ കല ശാസ്ത്രീയമായി പഠിപ്പിക്കാനും പഠിക്കാനുമുള്ള സംവിധാനങ്ങള്‍ കാലഘട്ടത്തിന്‍റെ ആവശ്യമാണ്.
the-gospel-of-mark-about-marriage Dr. Jacob Chanikuzhi catholic malayalam the gospel of mark Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206