We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Jacob Chanikuzhi On 04-Feb-2021
കടല്‍ത്തീരത്തുനിന്നു മലമുകളിലേക്കു പൊടുന്നനെ രംഗംമാറുന്നു. ഇത് ഒരു പുതിയ സംഭവം അവതരിപ്പിക്കുന്നതിന്‍റെ പശ്ചാത്തല സജ്ജീകരണത്തിന്‍റെ ഭാഗമാണ്. പന്ത്രണ്ടുപേരെ തിരഞ്ഞെടുക്കുന്നതാണ് ഈ സംഭവം. യേശുവിനെ ശത്രുക്കള്‍ കൊല്ലാന്‍ തയ്യാറെടുക്കുന്നതും (3:6) യേശുവിന്‍റെ പ്രവര്‍ത്തനമേഖലയുടെ വ്യാപ്തിയും (3:7-10) പുതിയൊരു സംഘത്തെ നിയമിക്കേണ്ടത് ആവശ്യകമാക്കിത്തീര്‍ത്തു.
മലമുകള്‍ ദൈവസാന്നിധ്യത്തിന്‍റെയും ദൈവിക വെളിപാടിന്‍റെയും സ്ഥലമാണ്. ദൈവം മോശയെ മലമുകളിലേക്ക് വിളിക്കുന്നതിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ (പുറ 19:3-6; നിയ 32:48-34:9) യേശു തനിക്കിഷ്ടമുള്ളവരെ തന്‍റെ അടുത്തേക്ക് വിളിക്കുന്നു. "ഇഷ്ടമുള്ളവരെ" അടുത്തേക്കു വിളിച്ചു എന്നത് വിളിക്കപ്പെടുന്നതിന്‍റെ മാനദണ്ഡം വ്യക്തമാക്കുന്നു. വിളിയുടെ മാനദണ്ഡം വിദ്യാഭ്യാസ യോഗ്യതയോ സാംസ്കാരികൗന്നിത്യമോ സാമ്പത്തിക പശ്ചത്തലമോ ധാര്‍മ്മിക നിലവാരമോ ഒന്നുമല്ല, യേശുവിന്‍റെ ഇഷ്ടം ഒന്നുമാത്രമാണ്. അതിനര്‍ത്ഥം വിളിക്കപ്പെടാത്തവരെ അവനിഷ്ടമല്ല എന്നുമല്ല. ചിലരെ ചില പ്രത്യേക ദൗത്യത്തിനായി അവന്‍ ഇഷ്ടപ്പെടുന്നു എന്നാണ് നാം മനസ്സിലാക്കേണ്ടത്.
യേശു ഇഷ്ടപ്പെട്ടു വിളിച്ചവര്‍ അവന്‍റെ സമീപത്തേക്ക് ചെന്നുവെന്നത് ശിഷ്യത്വത്തില്‍ പരമപ്രധാനമായ "പ്രതികരണ"ത്തെ സൂചിപ്പിക്കുന്നു. യേശുവിന്‍റെ വിളിയോട് സഹകരിച്ച് പ്രത്യുത്തരിക്കുന്നവനാണ് യഥാര്‍ത്ഥ ശിഷ്യന്‍.
14-15 വാക്യങ്ങളില്‍ എന്തിനുവേണ്ടിയിട്ടാണ് യേശു ശിഷ്യരെ വിളിച്ചത് എന്നു വ്യക്തമാക്കുന്നു: "തന്നോടുകൂടെ ആയിരിക്കാനും... അധികാരം നല്‍കുന്നതിനുമായി". ഈ വാചകത്തിലെ ക്രമം വളരെ പ്രധാനപ്പെട്ടതാണ്. ശിഷ്യര്‍ ആദ്യം ചെയ്യേണ്ടത് യേശുവിന്‍റെകൂടെ ആയിരിക്കുക എന്നതാണ്. യേശുവിന്‍റെകൂടെ ആയിരിക്കുന്നത് അവിടുത്തെ മനസ്സറിഞ്ഞ്, ഹൃദയസ്പന്ദനങ്ങള്‍ സ്വന്തമാക്കി അവിടുത്തെപ്പോലെ ആകുന്നതിനാണ്. അപ്പോഴാണ് യേശുവിന്‍റെ യഥാര്‍ത്ഥ സ്ഥാനപതികളായി ജനമധ്യത്തിലേയ്ക്കിറങ്ങാന്‍ ശിഷ്യര്‍ക്ക് സാധിക്കുക. കൂടെയായിരിക്കാനുള്ള വിളി യേശുവിനോടൊപ്പം അപമാനവും സഹനവും മരണവും മഹത്വവും പങ്കുപറ്റാനുള്ള വിളിയുമാണ്.
രണ്ടാമതായി, പ്രസംഗിക്കാനയക്കുക എന്നതാണ് യേശുവിന്‍റെ ഉദ്ദേശ്യം. അടുത്തറിഞ്ഞ യേശുവിനെവേണം ശിഷ്യര്‍ പ്രസംഗിക്കാന്‍. അപ്പോഴെ അത് അനുഭവസാക്ഷ്യമാകൂ. പിതാവിന്‍റെ മടിയിലിരുന്ന് അവിടുത്തെ ഗാഢമായി മനസ്സിലാക്കിയ യേശുവാണ് പിതാവിനെ വെളിപ്പെടുത്തിത്തന്നത് (യോഹ 1:18). അതുപോലെതന്നെയാവണം ശിഷ്യന്മാരുടെ പ്രസംഗവും. മൂന്നാമതായി, പിശാചുക്കളെ ബഹിഷ്കരിക്കാന്‍ അധികാരപ്പെടുത്തുന്നതിനുവേണ്ടി യേശു ശിഷ്യരെ തിരഞ്ഞെടുത്തു. ശിഷ്യര്‍ക്ക് അവിടുന്ന് നല്‍കിയ വലിയ അത്ഭുതപ്രവര്‍ത്തന ശക്തിയുടെ അടയാളമാണ് പിശാചുക്കളെ ബഹിഷ്കരിക്കാനുള്ള അധികാരം. പിശാചുക്കളെ ബഹിഷ്കരിക്കാന്‍പോലും കഴിവുള്ളവര്‍ക്ക് മറ്റെന്തുതന്നെ സാധിക്കുകയില്ല.
പന്ത്രണ്ടുപേരെയാണ് യേശു പ്രത്യേകമായി തിരഞ്ഞെടുത്തത് എന്നത് പഴയനിയമ ഇസ്രായേലിന്‍റെ തുടര്‍ച്ചയാണ് പുതിയനിയമ സമൂഹം എന്നു സൂചിപ്പിക്കുന്നു. പന്ത്രണ്ടു ഗോത്രപിതാക്കന്മാരുടെ സന്തതിപരമ്പരകളായിരുന്നല്ലോ ഇസ്രായേല്‍ജനം. പുതിയ നിയമ ഇസ്രായേലിന്‍റെ കേന്ദ്രസ്ഥാനത്തേക്കും യേശു പന്ത്രണ്ടുപേരുടെ ഒരു സംഘത്തെ നിയമിക്കുന്നു.
ശിമയോന് യേശു നല്‍കിയ പുതിയ പേരാണ് പത്രോസ്. പുതിയ പേരു നല്‍കുന്നത് പുതിയ സ്വഭാവത്തെ / വ്യക്തിത്വത്തെ സൂചിപ്പിക്കുന്നു. യേശുവിലായിരിക്കുന്നവന്‍ ഒരു പുതിയ സൃഷ്ടിയാണ്. പത്രോസ് എന്ന വാക്കിന്‍റെ അര്‍ത്ഥം പാറ എന്നാണ്. വാസ്തവത്തില്‍ പത്രോസിന്‍റെ സ്വഭാവം ഉറച്ചപാറയില്‍നിന്നും തികച്ചും വിഭിന്നമായ ഒന്നായിരുന്നു വെന്ന് നാം സുവിശേഷങ്ങളില്‍ കാണുന്നു. ചഞ്ചലചിത്തനായ (15:66-72) എന്തിനും ചാടിപ്പുറപ്പെടുന്ന (യോഹ 18:10) ഒരു വ്യക്തിയായിരുന്നു പത്രോസ്. എന്നാല്‍ പിന്നീട് കുരിശുമരണത്തിനുപോലും ഇളക്കാന്‍ സാധിക്കാത്ത അചഞ്ചലമായ വിശ്വാസത്തിന്‍റെയും വിശ്വസ്തതയുടെയും ഉടമയായി പത്രോസുമാറി. പെത്രാ എന്ന വാക്കിന്‍റെ അര്‍ത്ഥം പാറക്കഷണം ആണെന്ന വാദത്തില്‍ പണ്ഡിതന്മാര്‍ കഴമ്പൊന്നും കാണുന്നില്ല.
ബൊവനെര്‍ഗസ് എന്ന അരമായ പദത്തിന്‍റെ അര്‍ത്ഥം ഇടിമുഴക്കത്തിന്‍റെ പുത്രന്മാര്‍ എന്നാണെന്ന് സുവിശേഷകന്‍ വിശദീകരിക്കുന്നത് സുവിശേഷത്തിന്‍റെ വായനക്കാര്‍ അരമായഭാഷ പരിചയമില്ലാത്തവരാണെന്ന വസ്തുതയിലേക്കു വിരല്‍ ചൂണ്ടുന്നു. സെബദിയുടെ പുത്രന്മാരുടെ "എടുത്തുചാട്ട പ്രകൃതിയെ" സൂചിപ്പിക്കുന്നതാകാം ഈ പുതിയ പേര്. സമരിയാക്കാരുടെമേല്‍ അഗ്നിയിറക്കി അവരെ നശിപ്പിക്കട്ടെയെന്ന് ആവേശത്തോടെ ചോദിച്ചവരാണല്ലോ അവര്‍ (ലൂക്കാ 9:54).
യാക്കോബിനെയും സഹോദരന്‍ യോഹന്നാനെയും ഇടിമുഴക്കത്തിന്‍റെ പുത്രന്മാരെന്ന് അവന്‍ വിളിച്ചു. കാരണം, പഴയനിയമത്തില്‍ അബ്രാമിനെ അബ്രാഹമെന്നും സാറായിയെ സാറായെന്നും യാക്കോബിനെ ഇസ്രായേലെന്നും പേരുമാറ്റിയവന്‍ തന്നെയാണ് താനെന്നു വ്യക്തമാക്കാനായിരുന്നു അത് (ക്രിസോസ്റ്റോം).
അന്ത്രയോസ് എന്ന വാക്കിന്‍റെ അര്‍ത്ഥം ധൈര്യശാലി എന്നാണ്. പീലിപ്പോസ് എന്നാല്‍ കുതിരയെ സ്നേഹിക്കുന്നവന്‍. അന്ത്രയോസിനെയും പീലിപ്പോസിനെയും ഒരുമിച്ച് പലയവസരങ്ങളിലും നാം കാണുന്നുണ്ട്. അന്ത്രയോസും പീലിപ്പോസും ഒരേ നാട്ടുകാരായിരുന്നു, ബെത്സയിദ (യോഹ 1:44). യേശു അപ്പം വര്‍ദ്ധിപ്പിക്കുന്ന സംഭവത്തില്‍ പീലിപ്പോസും അന്ത്രയോസുമാണ് യേശുവുമായി സംഭാഷിക്കുന്നത് (യോഹ 6:5-9); ഗ്രീക്കുകാര്‍ യേശുവിനെതേടുന്ന സംഭവത്തിലും പീലിപ്പോസും അന്ത്രയോസും മധ്യസ്ഥരുടെ വേഷം അണിയുന്നു (യോഹ 12:21-22).
ബെര്‍ത്തലോമിയ എന്നത് യഥാര്‍ത്ഥ പേരാവാന്‍ വഴിയില്ല. തലോമിയുടെ (ടോളമി) മകന്‍ എന്നേ ഈ വാക്കിന് അര്‍ത്ഥമുള്ളൂ. യോഹന്നാ ന്‍റെ സുവിശേഷത്തില്‍ കാണുന്ന നഥാനിയേല്‍ (1:45) ആണ് ബെര്‍ത്ത ലോമിയോ എന്ന് സഭാപിതാക്കന്മാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. യേശു ആദ്യം വിളിച്ച ശിഷ്യരില്‍ ഒരുവനായിരുന്ന നഥാനിയേലിന്‍റെ പേര് (യോഹ 1:45-51) പന്ത്രണ്ടുപേരുടെ പട്ടികയില്‍ കാണാത്തതുകൊണ്ടാണ് ബെര്‍ത്തലോമിയോ നഥാനിയേല്‍ തന്നെയാണെന്ന് കരുതാന്‍ കാരണം. അപ്പസ്തോലനായ ഒരാളുടെ യഥാര്‍ത്ഥ പേരുപോലും സുവിശേഷത്തില്‍ കാണുന്നില്ല എന്നത് അപ്പസ്തോലന്മാരെ വലുതാക്കിക്കാണിക്കുകയായിരുന്നില്ല പ്രത്യുത യേശുവിനെപ്പറ്റി സാക്ഷ്യപ്പെടുത്തുകയായിരുന്നു സുവിശേഷങ്ങളുടെ ലക്ഷ്യമെന്നു വ്യക്തമാക്കുന്നു. അവന്‍ വലുതാവുകയും ഞാന്‍ ചെറുതാവുകയും ചെയ്യണമെന്ന സ്നാപകന്‍റെ ചൈതന്യം സുവിശേഷകരും അപ്പസ്തോലന്മാരുമെല്ലാം സ്വായത്തമാക്കിയിരുന്നു വെന്നു വ്യക്തം.
മത്തായി എന്നാല്‍ ദൈവദാനമെന്നര്‍ത്ഥം. ശിഷ്യത്വം ദൈവത്തിന്‍റെ ദാനമാണല്ലോ. മത്തായിയുടെ യഥാര്‍ത്ഥനാമം ലേവി എന്നായിരുന്നു.
തോമസ് എന്ന പദം തോമാ എന്ന അരമായ പദത്തിന്‍റെ വിവര്‍ത്തനമാണ്. ഇരട്ട എന്നാണ് ഈ വാക്കിന്‍റെ അര്‍ത്ഥം. ഇരട്ട, ഗ്രീക്കില്‍ ദിദിമോസ് (Didymos) ആണ്. മുഖഭാവത്തില്‍ യേശുവിനെപ്പോലെയിരു ന്നതുകൊണ്ടാണ് ഈ പേര് കൈവന്നതെന്നു കരുതുന്നവരുണ്ട്.
അല്‍ഫേയൂസ് എന്ന ഗ്രീക്കുപദത്തിന്‍റെ അരമായ രൂപമാണ് ഹല്‍പെ. ഈ യാക്കോബ് ഈശോയുടെ സഹോദരനായ യാക്കോബോ (ഗലാ 1:19; 1 കോറി 15:7) ചെറിയ യാക്കോബോ (മര്‍ക്കോ 15:40) അല്ല. തദേവൂസ് എന്ന പേര് ലൂക്കാ സുവിശേഷകന്‍ നല്കുന്ന പന്ത്രണ്ടുപേരുടെ പട്ടികയില്‍ കാണുന്നില്ല (ലൂക്കാ 6:14-16). പകരം യാക്കോബിന്‍റെ മകന്‍ യൂദാസ് എന്ന പേരാണ് നല്‍കിയിരിക്കുന്നത്. യൂദാ തദേവൂസ് എന്നാണ് ഈ ശിഷ്യന്‍ അറിയപ്പെടുന്നത്. യേശുവിന്‍റെ സഹോദരനായ യൂദാ, പക്ഷേ ലേഖനമെഴുതിയ യൂദാസാണെന്നു പണ്ഡിതര്‍ കരുതുന്നില്ല. ശിമയോന്‍ നാമധാരികള്‍ രണ്ടുപേരുണ്ടായിരുന്നതിനാലാകാം കാനാന്‍കാരനായ ശിമയോന്‍ എന്നു വ്യക്തമാക്കിയിരിക്കുന്നത്. ഖാനാന എന്ന അരമായ പദത്തിന് തീവ്രവാദി/തീക്ഷ്ണമതി എന്നാണര്‍ത്ഥം. അദ്ദേഹം റോമന്‍ ഭരണത്തെ എതിര്‍ത്തിരുന്ന ഒരു രാഷ്ട്രീയ തീവ്രവാദിയായിരുന്നോ അതോ യഹൂദനിയമങ്ങള്‍ തീക്ഷ്ണമായി പാലിച്ചിരുന്ന കടുത്ത യാഥാസ്ഥിതിക മതതീവ്രവാദിയായിരുന്നോ എന്നു വ്യക്തമല്ല. ഒരു യഹൂദനെ സംബന്ധിച്ചിടത്തോളം മതതീവ്രവാദവും രാഷ്ട്രീയ തീവ്രവാദവും പരസ്പരപൂരകങ്ങളായ കാര്യങ്ങളായിരുന്നു.
പന്ത്രണ്ടുപേരുടെ പട്ടികയില്‍ എല്ലായിടത്തും ഒറ്റുകാരനായ യൂദാസിന്‍റെ പേരാണ് അവസാനം. പക്ഷേ യേശുവിന്‍റെ പരസ്യജീവിത കാലത്ത് പന്ത്രണ്ടംഗസംഘത്തിലെ പ്രമുഖനായിരുന്നു യൂദാസ്. സംഘത്തിന്‍റെ പണം സൂക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടവനായിരുന്നു യൂദാസ് എന്നതില്‍നിന്നും അദ്ദേഹം വിദ്യാസമ്പന്നനായിരുന്നുവെന്ന് അനുമാനിക്കാം. യേശു അവനെ വിശ്വസ്തനായി കരുതിയിരുന്നുവെന്നും ഇതു സൂചിപ്പിക്കുന്നു.
യേശുവിനെ കൊല്ലാന്‍ ഫരിസേയരും ഹേറോദേസ് പക്ഷക്കാരും ഗൂഢാലോചന നടത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് (3:6) യേശു പന്ത്രണ്ടുപേരെ തിരഞ്ഞെടുക്കുന്ന സംഭവം വിവരിച്ചിരിക്കുന്നത്. തന്‍റെ മരണശേഷം തന്‍റെ ദൗത്യം തുടരാനുള്ളവരെ യേശു തിരഞ്ഞെടുത്ത് ഒരുക്കുകയാണ്. യേശു തിരഞ്ഞെടുത്തവരില്‍ മൂന്നു ജോഡികള്‍ക്ക് ഒരേ പേരാണെന്നത് ശ്രദ്ധേയമാണ്: ശിമയോന്‍, യാക്കോബ്, യൂദാസ്. ഈ പേരുകളെല്ലാം പൂര്‍വ്വപിതാക്കന്മാരുടെ പേരുകളാണല്ലോ. ഭക്തരായ യഹൂദന്മാര്‍ തങ്ങളുടെ കുട്ടികള്‍ക്ക് ഇസ്രായേലിന്‍റെ പൂര്‍വ്വപിതാക്കന്മാരുടെ പേരാണ് നല്‍കിയിരുന്നത്. ഈ ശിഷ്യന്മാര്‍ പരമ്പരാഗത കുടുംബങ്ങളില്‍, ഭക്തരായ മാതാപിതാക്കളില്‍നിന്ന് ജനിച്ചവരാണ് എന്നാകാം ഇത് സൂചിപ്പിക്കുന്നത്. ശിഷ്യസമൂഹത്തില്‍ പണ്ഡിതരോ പുരോഹിതരോ ഉണ്ടായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. ദൈവരാജ്യത്തിന്‍റെ നിര്‍മ്മിതിക്കുവേണ്ടി സാധാരണക്കാരായ അത്മായരെയാണ് യേശു തിരഞ്ഞെടുത്തത്. ദൈവരാജ്യസംസ്ഥാപനം മനുഷ്യന്‍റെ പ്രവര്‍ത്തിയല്ല ദൈവത്തിന്‍റെ പ്രവര്‍ത്തനമാണ് എന്ന് ഈ തിരഞ്ഞെടുപ്പ് വ്യക്തമാക്കുന്നു.
വിചിന്തനം: ദൈവ വിളിയ്ക്കുകാരണമായ പല ഘടകങ്ങളും പലരും ചൂണ്ടിക്കാണിക്കാറുണ്ട്. കുടുംബസാഹചര്യം, കുടുംബാംഗങ്ങളോ ബന്ധുജനങ്ങളോ ആയ സമര്‍പ്പിതരുടെ സ്വാധീനം, ഇടവകദേവാലയ ത്തിലെ പ്രവര്‍ത്തനങ്ങളിലെ ഭാഗഭാഗിത്വം, ഇടവക വികാരിമാരുടെ സ്വാധീനം എന്നിങ്ങനെയുള്ള ഉദാഹരണങ്ങള്‍ അനവധി. എന്നാല്‍, ഇതേ സാഹചര്യത്തില്‍ ജീവിച്ച എല്ലാവരും സമര്‍പ്പിതജീവിതം തിരഞ്ഞെടുത്തിട്ടില്ലായെന്നത്, ഇവയൊന്നും ദൈവവിളിയുടെ പിന്നിലെ ഏറ്റവും പ്രധാന കാരണമല്ലയെന്നു വ്യക്തമാക്കുന്നു. ഉദാ. പള്ളിയുടെയടുത്ത് വീടുള്ള പലരും സമര്‍പ്പിതജീവിതം തിരഞ്ഞെടുത്തേക്കാം. എന്നാല്‍ പള്ളിയുടെ അടുത്തുവീടുള്ള എല്ലാവരും സമര്‍പ്പിതരാകുന്നില്ലയെന്നതു വാസ്തവമാണല്ലോ.
ഇന്നും തന്‍റെ ശിഷ്യഗണത്തില്‍നിന്ന് യേശു ഇക്കാര്യങ്ങള്‍ തന്നെ പ്രതീക്ഷിക്കുന്നു. അവര്‍ തങ്ങള്‍ വ്യക്തിപരമായി മനസ്സിലാക്കിയ യേശുവിനെ പ്രഘോഷിക്കേണ്ടവരും (3:14-15) തങ്ങളുടെ സഹോദരങ്ങളുടെ ഹൃദയത്തില്‍നിന്ന് സകലവിധ തിന്മകളെയും ബഹിഷ്കരിക്കേണ്ടവരുമാണ്. വിശുദ്ധകുമ്പസാരത്തില്‍ സംഭവിക്കുന്നതും മനുഷ്യരെ ബന്ധിച്ചിരിക്കുന്ന തിന്മയുടെ ശക്തികളുടെ ഉച്ചാടനം തന്നെയാണ്. വ്യക്തികളില്‍നിന്ന് മാത്രമല്ല സമൂഹങ്ങളെയും ആവേശിച്ചിരിക്കുന്ന തിന്മയുടെ - അഴിമതി, കൈക്കൂലി, സ്വജനപക്ഷപാതം, സ്ത്രീധനം, ബാലവേല, സ്ത്രീപീഡനം, മദ്യപാനം, മയക്കുമരുന്ന് എന്നിങ്ങനെയുള്ള ബാധകളില്‍നിന്ന് വിമോചിപ്പിക്കേണ്ടത് ക്രിസ്തുശിഷ്യന്‍റെ ദൗത്യമാണ്. പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും സംയോജിപ്പിക്കാനുള്ള വിളിയാണ് ശിഷ്യത്വത്തിന്‍റെത്. അവ അവിഭാജ്യമാണ്.
ശിഷ്യസമൂഹത്തില്‍ ഒരുപക്ഷേ പരസ്പരം യോജിച്ചുനില്‍ക്കാന്‍ സാധിക്കാത്തവര്‍പോലും ഉണ്ടായിരുന്നു. ഉദാഹരണത്തിന് യഹൂദരില്‍ നിന്നു ചുങ്കം പിരിച്ചിരുന്ന മത്തായിയും റോമന്‍ഭരണത്തെ നഖശിഖാന്തം എതിര്‍ത്തിരുന്ന കാനാന്‍കാരനായ ശിമയോനും. എന്നാല്‍ യേശുവിനോടുള്ള അവരുടെ പ്രതിബദ്ധതയും വിശ്വസ്തതയും തങ്ങളുടെ നിക്ഷിപ്തതാല്പര്യങ്ങളെ മറികടന്ന് ഒറ്റക്കെട്ടായി മുന്നേറാന്‍ അവര്‍ക്ക് ശക്തി നല്‍കി.
എട്ടുത്തുചാട്ടക്കാരനായ ശിമയോന്‍, സ്ഥാനമോഹികളായ സെബദീ പുത്രന്മാര്‍, എന്നിവര്‍ യേശുവിന്‍റെ സംഘത്തില്‍പ്പെട്ടിരുന്നവരാണ്. ഗ്രീക്ക് നാമധാരികളായ അന്ത്രയോസ്, ഫിലിപ്പ്, ശേമിക നാമധാരികളായ ശിമയോന്‍, മത്തായി എന്നിവര്‍ യഥാക്രമം യവനവത്കരിക്കപ്പെട്ടവരെയും യാഥാസ്ഥിതിക യഹൂദരെയും സൂചിപ്പിക്കുന്നു. യേശുവിന്‍റെ ശിഷ്യത്വം എത്രമാത്രം വൈവിധ്യമാര്‍ന്നതാണെന്നതാണ് ഇത് വ്യക്തമാക്കുന്നത്. യൂദാസിന്‍റെ കഥ ശിഷ്യത്വം എത്ര ലോലമാണെന്നും.
Gospel of Mark the selection of the twelve (3: 13-19) Dr. Jacob Chanikuzhi catholic malayalam the gospel of mark Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206