We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Dr. Joseph Pamplany On 05-Feb-2021
"നല്ല സമറായന്" എന്നത് ഭൂമിയിലെ സകല നല്ല മനുഷ്യരെയും വിളിക്കാന്‍ ഉപയോഗിക്കുന്ന പേരായി പരിണമിച്ചിട്ടുണ്ട്. നാട്ടിലെ ജീവകാരുണ്യ സ്ഥാപനങ്ങളും സംഘടനകളും സഭാസമൂഹങ്ങളും "നല്ല സമറായന്‍" എന്ന അഭിധാനത്തില്‍ അറിയപ്പെ ടുന്നതില്‍ അഭിമാനിക്കുന്നുണ്ട്. "നല്ല സമറായാന്" എന്ന വിശേഷണം യഥാര്‍ത്ഥത്തില്‍ യേശുവിന്‍റെ അഭിധാനമായി മാറുന്നതിനാല്‍ ഈ പേരിന്‍റെ അര്‍ത്ഥവ്യാപ്തി അത്ഭുതാവഹമാണ്. യേശുവിന്‍റെ ഉപമകളില്‍ ലൂക്കായുടെ തൂലിക അനശ്വരമാക്കിയ അതുല്യ കഥാപാത്രമാണ് ലൂക്കാ 10:25-37 ലെ നല്ല സമറായന്‍. നല്ലവരെന്ന് നാട്ടുകാരെല്ലാം കരുതുന്ന മത പുരോഹിതനും ലേവായനും ലക്ഷ്യം തെറ്റിയ വഴിയിലാണ് സ്വതവേ മേച്ഛനും അധഃസ്ഥിതനുമായ സമറയാന്‍ നല്ലതു ചെയ്യുന്നത് എന്ന വിപ്ലവകരമായ ചിന്തയും ഈ കഥയെ ജനകീയമാക്കുന്നതില്‍ ഏറെ സഹായിക്കുന്നുണ്ട്.
നീതീകരിക്കുന്ന നിയമജ്ഞന്‍
രക്ഷയ്ക്കാവശ്യമായ വഴികളും നിയമങ്ങളും ഹൃദിസ്ഥമാക്കിയവരെന്ന മേനി യഹൂദ നിയമ ജ്ഞര്‍ക്ക് എന്നും കൂട്ടിനുണ്ടായിരുന്നു. പുതുതായി രംഗ പ്രവേശംചെയ്യുന്ന ഗുരുക്കന്മാരെ വാക്കില്‍ കുടുക്കിയും വാദത്തില്‍ വീഴ്ത്തിയും ഇവര്‍ തങ്ങളുടെ മേധാവിത്വം നിലനിര്‍ത്തിയിരുന്നു. നിയമജ്ഞരുടെ നിരീക്ഷണങ്ങളുടെയും പരീക്ഷണങ്ങളുടെയും കടമ്പകടക്കാതെ യഹൂദമതത്തിലെ ഔദ്യോഗിക പ്രബോധകരായ റബ്ബിമാരാകാന്‍ ആര്‍ക്കും കഴിയില്ല. 12-ാം വയസ്സില്‍ നിയമജ്ഞരെ മുട്ടുകുത്തിച്ച ബാലനാണ് (ലൂക്കാ 2: 46-47) തന്‍റെ മുന്നില്‍ നില്‍ക്കുന്ന റബ്ബിയെന്ന് ഈ നിയമജ്ഞന് അറിവുണ്ടായിരുന്നില്ല. അവന്‍ യേശുവിനെ "പരീക്ഷിക്കാനായാണ്" ചോദിച്ചത് എന്നു ലൂക്കാ പ്രത്യേകം പറയുന്നുണ്ട്. എന്നാല്‍ തന്‍റെ ഉത്തരത്തില്‍ യഹൂദ നിയമജ്ഞന്‍ പ്രതിനിധാനം ചെയ്യുന്ന മതസംവിധാനം കേവലം ഊതി വീര്‍പ്പിച്ച ബലൂണ്‍ മാത്രമാണെന്നും ആരെയും രക്ഷിക്കാന്‍ അതിനു കഴിയില്ലെന്നും യേശു സമര്‍ത്ഥിക്കുകയാണ്. നിയമം അറിയുകയും പറയുകയും ചെയ്യുന്ന യഹൂദ പുരോഹിതനും ലേവായനും രക്ഷയുടെ പാതയില്‍ മുഖം തിരിഞ്ഞുനടക്കുന്ന വരാണെന്ന പരിഹാസത്തിലൂടെ തന്നെ പരീക്ഷിക്കാന്‍ വന്നവന്‍റെ അസ്ഥിത്വത്തെത്തന്നെയാണ് യേശു ചോദ്യം ചെയ്യുന്നത്. 12-ാം വയസ്സില്‍ നടന്ന സംവാദത്തിന്‍റെ രണ്ടാംഭാഗമായി ഇതിനെ മനസ്സിലാക്കാം. ലൂക്കാ 10:21ല്‍ "ബുദ്ധിമാന്മാരില്‍നിന്നും വിവേകികളില്‍നിന്നും മറയ്ക്കപ്പെട്ട" .... എന്ന് യേശു വിശേഷിപ്പിക്കുന്നവരില്‍ ഈ നിയമജ്ഞനും പെടും.
നിയമജ്ഞന്‍ ഉന്നയിക്കുന്ന രണ്ടു ചോദ്യങ്ങളും ഏറെ പ്രസക്ത മാണ്. രക്ഷ പ്രാപിക്കാന്‍ എന്തു ചെയ്യണം എന്നതാണ് ആദ്യ ചോദ്യം. രണ്ടാം ചോദ്യമാകട്ടെ അയല്‍ക്കാരന്‍റെ അര്‍ത്ഥ നിര്‍വ്വചനത്തിനുവേണ്ടിയായിരുന്നു.
രക്ഷ പ്രാപിക്കാന്‍ എന്തു ചെയ്യണം?
ആത്മീയതയിലെ ഏറ്റവും അടിസ്ഥാനപരമായ ചോദ്യമാണിത്. സ്നാപകന്‍റെ പക്കല്‍ സ്നാനത്തിനു വന്നവരും (ലൂക്കാ 3:10-14), യേശുവിനെ അനുഗമിക്കാന്‍ വന്ന ധനികയുവാവും പത്രോസിന്‍റെ പ്രസംഗം കേട്ട ജനസമൂഹവും (അപ്പ 2:37), പൗലോസിന്‍റെയും സീലാസിന്‍റെയും മുന്നില്‍വന്ന തടവറയുടെ കാവല്‍ക്കാരനും (അപ്പ 16:30) ചോദിക്കുന്നത് ഇതേചോദ്യമാണ്. ലൂക്കായുടെ ഇഷ്ടവിഷയ ങ്ങളിലൊന്നാണ് ഈ ചോദ്യം എന്ന് ഈ ആവര്‍ത്തനം വ്യക്ത മാക്കുന്നുണ്ട്.
പഴയനിയമം രക്ഷ അവകാശമാക്കാനുള്ള വഴികളെക്കുറിച്ചു പരാമര്‍ശിക്കുന്നുണ്ട്. ഭൂമി അവകാശമാക്കുന്നതിനെയും (ഉല്‍പ 28:4; നിയ 1:8; 2:1-2) കര്‍ത്താവിനെ അവകാശമാക്കുന്നതിനെയും (സങ്കീ 15:5) നിത്യതയെ അവകാശമാക്കുന്നതിനെയും (സങ്കീ 36:18) പഴയനിയമം രക്ഷയുടെ തലങ്ങളായി കരുതുന്നുണ്ട്. ബാള്‍ട്ടിമോര്‍ വേദോപദേശത്തിന്‍റെ ചോദ്യാവലിയിലെ പ്രസിദ്ധമായ "നിന്നെ എന്തിനുവേണ്ടി ദൈവം സൃഷ്ടിച്ചു" എന്ന ചോദ്യത്തിന് "...... നിത്യരക്ഷ പ്രാപിക്കാന്" എന്നാണല്ലോ ഉത്തരം നല്‍കിയി രിക്കുന്നത്. മതങ്ങളെല്ലാം നിത്യരക്ഷ പ്രാപിക്കാനുള്ള വഴികളാണ് പറഞ്ഞുതരുന്നത്. മുക്തി, നിര്‍വ്വാണം, മോക്ഷം, പുനര്‍ജന്മം, സ്വര്‍ഗ്ഗം... തുടങ്ങി വിവിധ സംജ്ഞകളിലൂടെ മതങ്ങള്‍ അര്‍ത്ഥ മാക്കുന്നത് നിത്യരക്ഷയെക്കുറിച്ചാണ്.
എന്നാല്‍ ഇന്നത്തെ മതാത്മകതയിലും ആത്മീയതയിലും രക്ഷ ഭൗതീകവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്. പള്ളിയില്‍ പോകുന്നതും പ്രാര്‍ത്ഥിക്കുന്നതും ധ്യാനംകൂടുന്നതും നൊവേന ചൊല്ലുന്നതും ഉപവാസമെടുക്കുന്നതുമൊന്നും സ്വര്‍ഗ്ഗമെന്ന വലിയ ലക്ഷ്യത്തിനു വേണ്ടിയല്ല; മറിച്ച് ഭൗതികമായ ഉദ്ദിഷ്ടകാര്യങ്ങള്‍ക്കുവേണ്ടി മാത്രമാണ്. ഭൗതിക കാര്യങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കരുത് എന്നല്ല പ്രാര്‍ത്ഥനയും കേവലമായി ഭൗതികവല്‍ക്കരിക്കപ്പെടരുത് എന്നതാണ് വിവക്ഷിക്കുന്നത്. പണ്ടൊക്കെ ധ്യാനഗുരുക്കന്മാര്‍ തലയോടും കല്ലറയും സാക്ഷിനിര്‍ത്തി മരണത്തെയും വിധിയെയും നിത്യജീവനെയും നിത്യനരകത്തെയുംകുറിച്ച് കരളുലയുംവിധം പ്രസംഗിച്ചിരുന്നു. അവരുടെ കുലം കുറ്റിയറ്റുപോയി. അഭിനവ ആത്മീയര്‍ ഉദ്ദിഷ്ട കാര്യസാധ്യങ്ങളുടെ വഴിയും വാതായനവും തുറന്നപ്പോള്‍ സ്വര്‍ഗ്ഗത്തേക്കാള്‍ മൂല്യം കൈവന്നത് ഭൗമീക നേട്ടങ്ങളുടെ അത്ഭുതങ്ങള്‍ക്കും അടയാളങ്ങള്‍ക്കുമാണ്. ഇത് അപകടകരമായ രൂപാന്തരമാണ്. സ്വര്‍ഗ്ഗരാജ്യത്തെ ഭൗമിക രാജ്യമായി രൂപാന്തരപ്പെടുത്താനുള്ള വ്യഗ്രതയെ "എന്‍റെ രാജ്യം ഐഹികമല്ല" (യോഹ 18:37) എന്ന പ്രസ്താവനയിലൂടെ ക്രിസ്തു എന്നേയ്ക്കുമായി തിരുത്തുന്നുണ്ട്. യേശുവിനെ സമീപിക്കുന്ന ആരും ചോദിക്കേണ്ട അടിസ്ഥാനപരമായ ആദ്യചോദ്യം നിത്യജീവനെയും സ്വര്‍ഗ്ഗത്തെയുംകുറിച്ചായിരിക്കണം. അത് തേടുന്നവര്‍ക്ക് ബാക്കിയെല്ലാം തരുമെന്ന് യേശു വാഗ്ദാനം ചെയ്തിട്ടുണ്ട് (ലൂക്കാ 12:31). ലോകംമുഴുവന്‍ നേടിയിട്ടും ആത്മാവിനെ നഷ്ടപ്പെടുത്തുന്ന ഭോഷത്തം ആത്മീയതയില്‍ ജനകീയവത്കരിക്കപ്പെടരുത്.
നിത്യജീവന്‍റെ മാര്‍ഗ്ഗം ദൈവസ്നേഹത്തിന്‍റെ സൂര്യതേജസ്സും പരസ്നേഹത്തിന്‍റെ നറുനിലാവും വെളിച്ചംവീശുന്ന വഴിയാണെന്ന് നിയമഗ്രന്ഥത്തെ ആധാരമാക്കി (നിയ 6:5) നിയമജ്ഞന്‍ സമര്‍ത്ഥിക്കുന്നുണ്ട്. ദൈവത്തെയും മനുഷ്യനെയും സ്നേഹിക്കു ന്നിടത്തേ ശരിയായ ആത്മീയതയുള്ളൂ. മനുഷ്യനെ മറക്കുന്ന ദൈവസ്നേഹം മതതീവ്രവാദവും ദൈവത്തെ മറക്കുന്ന മനുഷ്യത്വം നിരീശ്വരവാദവുമാണ്.
ആരാണ് അയല്‍ക്കാരന്‍?
നന്മ അറിയുന്നതും നന്മ ചെയ്യുന്നതും തമ്മിലുള്ള അന്തരം നിയമജ്ഞനില്‍ പ്രകടമാണ്. അറിഞ്ഞ സത്യത്തെ ജീവിത ത്തിലേക്കു പരിവര്‍ത്തനപ്പെടുത്താനുള്ള ആര്‍ജ്ജവത്വമാണ് ആത്മീയത. ആദ്യചോദ്യത്തില്‍ യേശുവിനെ "പരീക്ഷിക്കാന്" ശ്രമിച്ച നിയമജ്ഞന്‍ രണ്ടാം ചോദ്യത്തില്‍ "സ്വയം നീതീകരി ക്കാനാണ്" ശ്രമിക്കുന്നത്. പരീക്ഷയില്‍ തോറ്റ നിയമജ്ഞന്‍ പ്രതിരോധത്തിലേക്ക് പിന്‍വാങ്ങി എന്നുവ്യക്തം.
"ആരാണ് അയല്‍ക്കാരന്‍?" എന്ന ചോദ്യത്തിന് യഹൂദ പശ്ചാത്തലത്തില്‍ കൃത്യമായ ഉത്തരമുണ്ട്. യഹൂദരല്ലാത്തവരെല്ലാം വിജാതീയരും പരദേശികളുമായി പരിഗണിക്കപ്പെടുന്ന മതസംഹി തയില്‍ ഈ ചോദ്യം അപ്രസക്തമാണ്. സ്നേഹിക്കപ്പെടേണ്ട അയല്‍ക്കാരന്‍ ആര് എന്നചോദ്യം ഏറെ സാമൂഹികമാനം ഉള്‍ക്കൊള്ളുന്നുണ്ട്. അയല്‍ക്കാര്‍ എന്നത് സമാന ചിന്താഗതി ക്കാരെ സൂചിപ്പിക്കാം. സ്വന്തം മതത്തില്‍പ്പെട്ടവരെയും പാര്‍ട്ടിയില്‍ പെട്ടവരെയും ഗ്രൂപ്പില്‍പെട്ടവരെയും അയല്‍ക്കാരായി കരുതാന്‍ വിഷമമില്ല.
അയല്‍ക്കാര്‍ എന്നത് ഏറ്റവും അടുത്തുള്ളവര്‍ എന്നാകാം. എന്നാല്‍ പാക്കിസ്ഥാനെ സ്നേഹിക്കപ്പെടേണ്ട അയല്‍ക്കാരനായി കരുതാന്‍ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം ചുരുക്കമാണ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാടിനെ നല്ല അയല്‍ക്കാരായി കരുതാന്‍ മലയാളിക്കും കഴിയുന്നില്ല. തെലുങ്കാനായ്ക്കു സീമാന്ധ്ര ഏറ്റവും അടുത്ത സംസ്ഥാനമായിട്ടും നല്ല അയല്‍ക്കാരല്ല. ട്രെയിനില്‍ തൊട്ടടുത്തിരിക്കുന്നവരേക്കാള്‍ അയല്‍ക്കാരായി അനുഭവപ്പെടുന്നത് ഭൂഖണ്ഡങ്ങള്‍ക്കപ്പുറത്തുനിന്ന് മൊബൈലില്‍ സംസാരിക്കുന്ന സ്നേഹിതനാണ്. ചുരുക്കത്തില്‍ അയല്‍ക്കാരന്‍റെ നിര്‍വ്വചനപരിപ്രേഷ്യം ഭൗതികമല്ല എന്നു വ്യക്തമാണ്. ഒരുവന്‍റെ മനസിന്‍റെ വലുപ്പമാണ് അയല്‍പക്കത്തിന്‍റെ വിസ്തൃതി നിര്‍ണ്ണയിക്കുന്നത്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ അയല്‍ക്കാരുടെ എണ്ണം ആത്മീയതയുടെ അളവുകോലാണ്.
അയല്‍ക്കാരന്‍റെ നിര്‍വ്വചനത്തെ മത-ഗോത്ര ബന്ധങ്ങളില്‍ ഒതുക്കാനുള്ള നിയമജ്ഞന്‍റെ നിലപാടിനെ തിരുത്താനാണ് യേശു നല്ല സമറായന്‍റെ ഉപമ പറഞ്ഞത്.
പാതയോരത്തെ പാതകം
ജറുസലേമില്‍നിന്ന് ജറീക്കോയിലേക്കുള്ള വഴി ഏകദേശം 25 കി.മീ. നീണ്ടതും കുത്തനെ ഇറക്കവുമായ ശിലാപാതയായിരുന്നു. ഈ വിജനപാതയില്‍ കൊള്ളക്കാരുടെ ആക്രമണം പതിവാകയാല്‍ യാത്രികര്‍ ആയുധധാരികളായി കൂട്ടത്തോടെയാണ് സഞ്ചരിച്ചി രുന്നത് എന്ന് ചരിത്രകാരനായ ജോസേഫൂസ് സാക്ഷ്യപ്പെടു ത്തുന്നുണ്ട് (JW 2.8.4125). ആയുധബലമോ സംഘബലമോ ഇല്ലാത്ത ദുര്‍ബ്ബലനാണ് ഇവിടെ ആക്രമിക്കപ്പെടുന്നത് എന്നത് ശ്രദ്ധേയമാണ്. എന്നും ആക്രമിക്കപ്പെടുന്നത് അസംഘടിതരും ആയുധബലം ഇല്ലാത്തവരുമാണ്. അസംഘടിത കര്‍ഷകന്‍ അവഗണിക്കപ്പെടുന്നതും സംഘടിത ഉദ്യോഗസ്ഥവര്‍ഗ്ഗം ശമ്പള വര്‍ദ്ധനവു നേടുന്നതും കുത്തകവ്യവസായങ്ങള്‍ ചെറുകിടക്കാരെ വിഴുങ്ങുന്നതും സൈന്യബലമുള്ള രാജ്യങ്ങള്‍ ചെറുരാജ്യങ്ങളെ വരുതിയിലാക്കുന്നതും സമാനമായ പാതകങ്ങളാണ്.
പാതയോരത്ത് പരിക്ഷീണനായി കിടന്ന ഈ പഥികനെ ആദ്യം സമീപിക്കുന്നത് പുരോഹിതനും ലേവായനുമാണ്. യഹൂദ മതത്തി ന്‍റെ വെണ്ണപ്പാളി പ്രതിനിധികളാണവര്‍ (creamylayar). അവര്‍ ആ വഴി "വരാന്‍ ഇടയായി" എന്നാണ് ലൂക്കാ മൂലഭാഷയില്‍ രേഖപ്പെടു ത്തുന്നത്. അതായത് അവര്‍ നിയതമായ ഒരു ലക്ഷ്യത്തോടെ തിരക്കിട്ടുപോകുകയായിരുന്നില്ല എന്നാണ് സുവിശേഷകന്‍ പറയുന്നത്. പുരോഹിതനും ലേവായനും ബലിയര്‍പ്പണത്തിനു ജറുസലേമിലേക്കു പോകുകയായിരുന്നതിനാല്‍ രക്തം തൊട്ട് അശുദ്ധരാകാതിരിക്കാനാണ് അവര്‍ അവനെ അവഗണിച്ചത് എന്ന പരമ്പരാഗത വ്യാഖ്യാനത്തിന് കാര്യമായ അടിസ്ഥാനങ്ങളൊന്നും ഇല്ല എന്നു സാരം. യഹൂദബലിയര്‍പ്പണത്തെയല്ല നിയമത്തിന്‍റെ ധാര്‍ഷ്ട്യംമൂലം കരുണയില്ലാത്തതായിത്തീര്‍ന്ന യഹൂദന്‍റെ മനസ്സിനെയും പ്രസ്തുത മതാത്മകതയുടെ കഥയില്ലായ്മയെ യുമാണ് സുവിശേഷകന്‍ ഇവിടെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. അവര്‍ "മറുവശത്തുകൂടി" കടന്നുപോയി. മറുവശം ദൈവവിരുദ്ധമായ വശമാണ്. നിസ്സഹായരുടെ എതിര്‍വശം ദൈവവിരുദ്ധമായ വശമാണ്.
എന്നാല്‍, തുടര്‍ന്നുവരുന്ന സമറായന്‍ കരുണയുടെ മനുഷ്യാവ താരമാണ്. അദ്ദേഹം "അതുവഴി വരാനിടയായി" എന്നല്ല യാത്രാമധ്യേ അവിടെയെത്തി എന്നാണ് സുവിശേഷകന്‍ പറയുന്നത്. നിയതമായ ലക്ഷ്യത്തോടെ ജാഗ്രത്തായി നടത്തിയ ഒരു യാത്രക്കിടയിലാണ് സമറായന്‍ ഈ പഥികനെ കാണുന്നത്. കഴുതപ്പുറത്തുള്ള വരവ് ദീര്‍ഘയാത്രയെ സൂചിപ്പിക്കുന്നു. ജാതിയില്‍ അധകൃതനും യഹൂദരുടെ വര്‍ഗ്ഗശത്രുവുമായ സമറായന്‍ (എസ്രാ 4:10,17; നെഹെ 4:2) ഒരു യഹൂദന് സഹായിയാകുന്നു എന്നതിലാണ് കഥയുടെ മര്‍മ്മം. സമറായന്‍ യഹൂദനോട് ഒന്നും സംസാരിക്കുന്നില്ല പ്രവര്‍ത്തിക്കുന്നതേയുള്ളൂ എന്നതാണ് ശ്രദ്ധേയം. വാക്കുകൊണ്ടല്ല പ്രവൃത്തികൊണ്ടാണ് നിസ്സഹായര്‍ക്ക് ആശ്രയമാകേണ്ടത് എന്നാണ് സുവിശേഷകന്‍ പറയുന്നത്. സമറായന്‍ 7 പ്രവൃത്തികള്‍ ചെയ്യുന്നുണ്ട്: മനസ്സലിഞ്ഞു, അടുത്തു ചെന്നു, എണ്ണയും വീഞ്ഞുമൊഴിച്ചു, മുറിവുവച്ചുകെട്ടി, കഴുതയുടെ പുറത്തുകയറ്റി, സത്രത്തില്‍ കൊണ്ടുചെന്നു, പരിചരിച്ചു. സ്വന്തം യാത്രയ്ക്കു കരുതിയ വീഞ്ഞും എണ്ണയും തുണിയും പണവുമാണ് അയാള്‍ ചെലവഴിക്കുന്നത്. മര്‍ദ്ദിതനെ തന്‍റെ കഴുതപ്പുറത്തിരുത്തി സ്വയം നടന്നുപോകാന്‍ അയാള്‍ തയ്യാറായി. സ്വന്തം സുഖവും സന്തോഷവും വെടിയാതെ ചെയ്യുന്ന സഹായങ്ങളൊന്നും ജീവകാരുണ്യപ്രവൃത്തിയല്ല. കോടീശ്വരന്മാരും താരരാജാക്കന്മാരും അഗതികളോടൊത്തുണ്ണുന്നത് ജീവകാരുണ്യമല്ല. പബ്ലിസിറ്റി സ്റ്റണ്ടാണ്. എന്നാല്‍ ഒരു നേരമെങ്കിലും അഗതികളെപ്രതി പട്ടിണി കിടന്നതിന്‍റെ വിശപ്പുമായി വരുന്നവന്‍ ജീവകാരുണികനാണ്.
കാരുണ്യത്തിന്‍റെ മാനുഷികാകാരം പൂണ്ട സമറായന് ക്രിസ്തു വിന്‍റെ മുഖവും മനസ്സുമുണ്ട്. അയല്‍ക്കാര്‍ ആരെന്ന് കണ്ടെത്തണ മെങ്കില്‍ ക്രിസ്തുവിനോളം വിശാലമായ മനസ്സും അവിടുത്തെ പ്പോലെ കടലോളം ആഴമുള്ള കരുണയും വേണം. മതത്തിന്‍റെ ആത്മാവ് കാരുണ്യമാണെന്ന് പഠിപ്പിക്കാനാണ് ഈശോ ഈ ഉപമ പറഞ്ഞത്. അതുകൊണ്ടുതന്നെയാണ് കത്തോലിക്കാസഭ പള്ളിയെ പ്പോലെ പരിപാവനമായി അഗതിമന്ദിരങ്ങളെയും കുഷ്ഠ രോഗ-എയ്ഡ്സ് രോഗ ചികിത്സാകേന്ദ്രങ്ങളെയും ആരംഭംമുതലേ കരുതിപ്പോന്നത്. സഭയുടെ നന്മയുടെ മുഖം അംബരചുംബികളായ മുഖവാരങ്ങളല്ല ഈ അഗതിമന്ദിരങ്ങളില്‍ ആശ്വാസമനുഭവി ക്കുന്നവരുടെ കൃതജ്ഞത നിറഞ്ഞ വദനങ്ങളാണ്.
Rev. Dr. Joseph Pamplany the-gospel-of-luke-you-must-be-a-good-neighbor-to-be-saved-luke catholic malayalam Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206