x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. ലൂക്കായുടെ സുവിശേഷം, മത്സരിക്കാത്തവര്‍ പ്രഥമസ്ഥാനം നേടുമ്പോള്‍ (ലൂക്കാ 14:7-14)

Authored by : Rev. Dr. Joseph Pamplany On 06-Feb-2021

പാപങ്ങളുടെ പട്ടികയ്ക്കു പരിധിയില്ലാത്തതാണ്. എന്നാല്‍ ഏറ്റവും അടിസ്ഥാനപാപമേത് എന്നചോദ്യത്തിന് "സ്വയം പൂജ" എന്ന് ഉത്തരം പറയാനാകും. സകലതിന്‍റെയും മൂല്യവും മാനദണ്ഡവുമായി സ്വയം പ്രതിഷ്ഠിക്കാനുള്ള മനുഷ്യന്‍റെ വ്യഗ്രത അവനെ സകലമേഖലകളിലും മത്സരാര്‍ത്ഥിയാക്കുന്നു. ബസിലും ട്രെയിനിലും ഏറ്റവും അനുയോജ്യമായ ഇരിപ്പിടത്തിനുവേണ്ടിയുള്ള ഉന്തുംതള്ളും അധികാരക്കസേരകള്‍ക്കുവേണ്ടിയുള്ള കിടമത്സരവും മുതല്‍ രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങള്‍വരെ സ്വയം പൂജയുടെ ഭാഗമാണ്. അപരനെ ഉന്തിയും തള്ളിയും പിന്നിലാക്കി പ്രധാനപീഠം കൈപ്പിടിയിലൊതുക്കാനുള്ള വ്യഗ്രതയുടെ സ്വയംപൂജയില്‍ ഒരേസമയം ദൈവനിഷേധവും സഹോദരധ്വംസനവുമുണ്ട്. സ്വയം പൂജയുടെ ദുര്‍മ്മോഹക്കടലിനു നടുവില്‍ നന്മയുടെ തുരുത്തുകളത്രയും മുങ്ങിപ്പോകുന്നു. കിടമത്സരങ്ങളുടെ കൊടുങ്കാറ്റില്‍ കരുതലിന്‍റെ മണ്‍ചിരാതുകള്‍ കരിന്തിരികത്തി കെട്ടുപോകുന്നു. ഈ തിന്മയുടെ ഭീകരത വ്യക്തമാക്കുന്നതാണ് സുവിശേഷ ഭാഗം.

ലൂക്കാ 14:1-24 നെ "വിരുന്നുമേശ വിവരണം" എന്നു വിളിക്കുന്ന വ്യാഖ്യാതാക്കളുണ്ട്. അതിഥികളോടും ആതിഥേയരോടും വിരുന്നിനിടയില്‍ സാബത്തിനെക്കുറിച്ച് യേശു നടത്തുന്ന ചര്‍ച്ചയാണ് 14:1-6ലെ പ്രമേയം. വിരുന്നുശാലയിലെ കിടമത്സരത്തെ ആധാരമാക്കിയുള്ള ഉപദേശമാണ് 14:7-11ലെ പ്രതിപാദ്യമെങ്കില്‍ വിരുന്നില്‍ ക്ഷണിക്കേണ്ട യഥാര്‍ത്ഥ അതിഥികളുടെ പട്ടികയാണ് 14:12-14ലെ ഇതിവൃത്തം. 14:15-24ല്‍ വിരുന്നുമേശ വിവരണത്തിന്‍റെ പൂര്‍ത്തീകരണം എന്നോണം മഹാവിരുന്നിന്‍റെ ഉപമയാണ് വിവരിക്കുന്നത്. 14:7-11നെ സുഭാഷിതങ്ങള്‍ 25:6-7ന്‍റെ ആഖ്യാനമായി കരുതുന്നതില്‍ കാര്യമുണ്ട്.

"രാജസന്നിധിയില്‍ മുന്‍നിരയില്‍ കയറിനില്‍ക്കുകയോ സമുന്നതരോടൊപ്പം സ്ഥാനം പിടിക്കുകയോ അരുത്. എന്തെന്നാല്‍ രാജസന്നിധിയില്‍ വച്ച് പിറകോട്ടു മാറ്റിനിര്‍ത്തപ്പെടുന്നതിനേക്കാള്‍ അഭികാമ്യം മുന്‍പോട്ടു കയറിവരിക എന്നു ക്ഷണിക്കപ്പെടുന്നതാണ്" (സുഭാ 25:5-6).

മത്സരാര്‍ത്ഥിയായ മനുഷ്യന്‍

മനുഷ്യന്‍ എന്നതിന് ആധുനികയുഗത്തിലെ അനുയോജ്യമായ പര്യായം മത്സരാര്‍ത്ഥി എന്നതാണ്. നഴ്സറി പ്രവേശനം മുതല്‍ ഐ.എ. എസ്. വരെ മത്സരപരീക്ഷകളാണ്. സൗന്ദര്യവും ആകാരവടിവും മാത്രമല്ല ശരീരത്തിന്‍റെ ഭാഗങ്ങള്‍ തിരിച്ചും ഇപ്പോള്‍ മത്സരങ്ങളുണ്ട്. പുഞ്ചിരിമത്സരവും കരച്ചില്‍ മത്സരവുമുണ്ട്. നിരത്തില്‍ വാഹനങ്ങള്‍ മത്സരിച്ചോടുമ്പോള്‍ ബഹുരാഷ്ട്ര കുത്തകകള്‍ വിപണിപിടിക്കാന്‍ മത്സരിക്കുന്നു. കലയും കായികവും മൂല്യമുള്ളതായി പരിഗണിക്കപ്പെടുന്നത് മത്സരക്കളത്തില്‍ വിജയിക്കുമ്പോള്‍ മാത്രമാണ്. മത്സരത്തിന്‍റെ അര്‍ത്ഥതലങ്ങളില്‍ അപകടത്തിന്‍റെ നിഴല്‍ വീണുകിടക്കുന്നതു കാണാതെ പോകരുത്. ഒന്നാമതായി, മത്സരക്കളത്തില്‍ ഒരുവനും എതിരാളികളും മാത്രമടങ്ങുന്ന വര്‍ഗ്ഗസമരമാണ് അരങ്ങേറുന്നത്. സാഹോദര്യവും സഹവര്‍ത്തിത്വവും അസാധ്യമാണെന്ന ചിന്തയെ രൂഢമൂലമാക്കാന്‍ മത്സരത്തിനു കഴിയും. രണ്ടാമതായി, വിജയിക്കാത്തതെല്ലാം വിലയില്ലാത്തതായി അവഗണിക്കപ്പെടുന്നു എന്ന ദുരന്തം മത്സരത്തിനുണ്ട്. നൂറില്‍ തൊണ്ണൂറ്റൊമ്പതു മാര്‍ക്കുവാങ്ങിയവന്‍ നൂറുമാര്‍ക്കും വാങ്ങിയവന്‍റെ മുന്നില്‍ പരാജിതനാണ്. വിജയിക്കാത്തതിന് നിലനിലയ്ക്കാനവകാശമില്ല എന്ന ഡാര്‍വിന്‍ ചിന്താഗതിയ്ക്കാണ് ഇവിടെ പ്രധാന്യം. തോല്‍വികള്‍ ആത്മഹത്യയിലേക്കു നയിക്കുന്നതിന്‍റെ കഥകള്‍ നാം ഏറെ കേള്‍ക്കുന്നതാണല്ലോ. മൂന്നാമതായി മത്സരം ദുര്‍ബ്ബലന്‍റെ ഗദ്ഗദങ്ങള്‍ക്ക് പുല്ലുവിലപോലും കല്‍പിക്കുന്നില്ല. ഒറ്റക്കാലനെയും ഓട്ടക്കാരനേയും ഒരേകളത്തില്‍ മത്സരിപ്പിക്കാനേ നിയമമുള്ളൂ. ഇംഗ്ലീഷ് മീഡിയത്തില്‍ എന്‍ട്രന്‍സിന് പ്രത്യേകപരിശീലനം നേടിയ വരേണ്യവര്‍ഗ്ഗത്തിലെ കുട്ടിയും മാനംകാണാവുന്ന സ്ക്കൂളിലെ അധ്യാപകനില്ലാത്ത ക്ലാസ്സില്‍ ഉച്ചക്കഞ്ഞിക്കുവേണ്ടിമാത്രം കാത്തിരുന്ന കുട്ടിയെയും ഒരേ പ്രവേശനപരീക്ഷകൊണ്ട് അളക്കാന്‍ ശ്രമിക്കുന്നതിലെ അന്യായം മത്സരങ്ങളുടെ ലോകത്ത് അപ്രസക്തമാണ്.

വിരുന്നുശാലയില്‍ യേശു കണ്ട മത്സരം മനുഷ്യന്‍റെ സഹജവാസനയുടെ ഭാഗം തന്നെയായിരുന്നു. വിരുന്നുശാലയിലെ പ്രമുഖസ്ഥാനം യഹൂദരുടെ അഭിമാനവിഷയമായിരുന്നു. ഹസ്മോണിയന്‍ രാജാവായ ജാനേവൂസിന്‍റെ വിരുന്നിനിടയില്‍ റബ്ബി ശിമയോന്‍ ബെന്‍ഷേത്താ രാജാവിനും രാജ്ഞിക്കുമിടയില്‍ കയറി ഇരുന്ന് തന്‍റെ പ്രാമാണ്യം തെളിയിച്ച ചരിത്രം യഹൂദര്‍ക്ക് പരിചിതമായിരുന്നു (com. H.Bib.1909, p.207). ഇരിക്കുന്ന കസേരയുടെ സ്ഥാനവും വലിപ്പവും വഹിക്കുന്ന പദവിയുടെ ഔന്നത്യവും സഞ്ചരിക്കുന്ന കാറിന്‍റെ പത്രാസും ഇട്ടിരിക്കുന്ന കോട്ടിന്‍റെ ബ്രാന്‍റുമാണ് തന്‍റെ മഹത്വം നിര്‍ണ്ണയിക്കുന്നത് എന്ന് മനുഷ്യന്‍ തെറ്റിദ്ധരിക്കുന്നത് തീര്‍ച്ചയായും വ്യക്തിത്വവൈകല്യമാണ്. ആന്തരികതയുടെ ആഴവും ഔന്നത്യവുമാണ് വ്യക്തിത്വത്തിന്‍റെ മഹത്വത്തിന്‍റെ മാനദണ്ഡം എന്നസത്യം മറക്കുമ്പോള്‍ മനുഷ്യന്‍ ബാഹ്യമായതില്‍ അതീവശ്രദ്ധാലുക്കളാകുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഉള്ളുപൊള്ളയായ വ്യക്തിത്വങ്ങള്‍ പൊങ്ങച്ചത്തിന്‍റെ ചങ്ങാടങ്ങളില്‍ എപ്പോഴും ഉയര്‍ന്നു നില്‍ക്കും.

എളിമയെന്ന പരമപുണ്യം

വിരുന്നുശാലയില്‍ എല്ലാവര്‍ക്കും ഇരിപ്പിടവും ആവശ്യത്തിന് ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. തന്മൂലം അവരുടെ മത്സരം ഭക്ഷണത്തിനുവേണ്ടിയല്ല സ്ഥാനത്തിനുവേണ്ടിയാണ്. കിടമത്സരത്തിന്‍റെ അഭിനവസംസ്കാരത്തിന് യേശു നിര്‍ദ്ദേശിക്കുന്ന പ്രതിസംസ്കാരം എളിമയുടെ ആദിപാഠങ്ങളാണ്. "സ്വയം താഴ്ത്തുന്നവനാണ്" ഉയര്‍ത്തപ്പെടുന്നത് (വാ.11) എന്ന ക്രിസ്തുവചനത്തിന്‍റെ പൊരുള്‍ വ്യാഖ്യാനങ്ങള്‍ക്ക് അതീതമാണ്. അപരനെ പരമപ്രധാനിയായി കരുതുന്ന സംസ്കാരമാണ് എളിമയുടെ പ്രതിസംസ്കാരം. മത്സരക്കളത്തില്‍ അപരന്‍ എതിരാളിയും തോല്പിക്കപ്പെടേണ്ടവനുമെങ്കില്‍ എളിമയുടെ സംസ്കാരത്തില്‍ അപരന്‍ സഹോദരനും ആദരണീയനുമാണ്. മത്സരാര്‍ത്ഥികളെല്ലാം തോല്‍ക്കുകയും മത്സരിക്കാത്തവര്‍ പ്രഥമസ്ഥാനം നേടുകയും ചെയ്യുന്ന വൈരുദ്ധ്യാത്മകതയെക്കുറിച്ചാണ് ക്രിസ്തു പറയുന്നത്. പൗരോഹിത്യം സ്വീകരിക്കാന്‍പോലും യോഗ്യനല്ലെന്നു പറഞ്ഞു വഴിമാറിനടന്ന ഫ്രാന്‍സീസ് അസ്സീസിയും ഇന്ദ്രപ്രസ്ഥത്തിലെ അധികാരക്കസേരകളില്‍നിന്ന് സ്വയം അകന്നുനടന്ന ഗാന്ധിയും കല്‍ക്കട്ടയിലെ തെരുവുകളില്‍ നിസ്വരായവര്‍ക്കുവേണ്ടി അലഞ്ഞ മദര്‍തെരേസയും ആരോടും മത്സരിക്കാതെ സ്വയം എളിമപ്പെടുത്തി ജീവിച്ചതിലൂടെ ഉയര്‍ത്തപ്പെട്ടവരല്ലേ.

എളിമയ്ക്ക് രണ്ടുതലങ്ങളുണ്ട്. ചിന്തയിലെ എളിമയും പ്രവൃത്തിയിലെ എളിമയും. പലരുടെയും എളിമ പ്രവൃത്തിയില്‍ മാത്രമേ ഉള്ളൂ. ചിലസന്ദര്‍ഭങ്ങളിലും ചിലരുടെ മുന്നിലും എളിമ ബോധപൂര്‍വ്വം അഭിനയിച്ചു പ്രവര്‍ത്തിക്കുന്നവരുണ്ട്. എന്നാല്‍ സ്വന്തം ചിന്തയില്‍ എളിമ അഭ്യസിക്കുംവരെ എളിമപ്രവൃത്തികളത്രയും കപടമാകാം. ചിന്തയിലെ എളിമ സത്താപരവും അതില്ലാത്ത എളിമപ്രവൃത്തി കാപട്യവുമാണ്.

ആതിഥ്യമര്യാദകള്‍ (വാ. 12-14)

ഭക്ഷണമേശയിലെ പെരുമാറ്റത്തെ വ്യക്തിത്വത്തിന്‍റെ പ്രകാശനമായി കരുതുന്ന പാരമ്പര്യം സകല സംസ്കാരങ്ങളിലുമുണ്ട്. ഭക്ഷണമേശയിലെ മര്യാദകള്‍ ഒരുദേശത്തിന്‍റെ സംസ്കാരവുമായി ബന്ധപ്പെട്ടതാണ്. ചൈനക്കാരന്‍റെ ചോപ്സ്റ്റിക്കുകളും, സായിപ്പിന്‍റെ സ്പൂണുംഫോര്‍ക്കും മലയാളിയുടെ പ്ലാവിലക്കുമ്പിളും ഒക്കെ ഒരുദേശത്തിന്‍റെ സംസ്കാരവുമായി ബന്ധപ്പെട്ടതാണ്. കഴിക്കുന്ന ആഹാരത്തില്‍ മാത്രമല്ല കഴിക്കുന്ന രീതിയിലും കഴിക്കാന്‍ ഇരിക്കുന്ന രീതിയിലും ഊണ്‍മേശയിലെ വസ്ത്രധാരണരീതിയിലും സാംസ്കാരികതയാണ് പ്രതിഫലിക്കുന്നത്. വലിയവന്‍റെ വിരുന്നുമേശയിലേക്കുള്ള ക്ഷണംതന്നെ വലിയൊരു അംഗീകാരമാണ്. രാഷ്ട്രപതിയുടെ വിരുന്നിനുള്ള ക്ഷണം, ബക്കിംഗ്ഹാം കൊട്ടാരത്തിലെ വിരുന്നിനുള്ള ക്ഷണം,.... തുടങ്ങിയവയൊക്കെ അചിന്ത്യമായ ആദരങ്ങളാണ്. വലിയവരെ തങ്ങളുടെ വിരുന്നിനെത്തിക്കുന്നതും ആദരവായി കരുതപ്പെട്ടിരുന്നു. ബോളിവുഡ് താരങ്ങള്‍ക്ക് പത്തുകോടി വരെ പ്രതിഫലം നല്‍കി വിരുന്നിനെത്തിക്കുന്ന സമ്പന്നരുടെ കഥ നാം വായിക്കാറുണ്ടല്ലോ. ഒരുനേരത്തെ ഭക്ഷണത്തിനപ്പുറം ഒരുപാടുകാര്യങ്ങള്‍ വിരുന്നില്‍ അടങ്ങിയിട്ടുണ്ട് എന്നു വ്യക്തമാക്കാനാണ് ഇത്രയും പറഞ്ഞത്.

വിരുന്നുമേശകളെ മഹത്വത്തിന്‍റെ പ്രകടനവേദികളായി കരുതിയിരുന്നവരോട് സ്വന്തം വിരുന്നുമേശകളെ സ്വര്‍ഗ്ഗീയ വിരുന്നുമേശയിലേക്കുള്ള ചവിട്ടുപടികളായി പ്രയോജനപ്പെടുത്താനുള്ള ആഹ്വാനമാണ് ക്രിസ്തു നല്‍കുന്നത്. വിരുന്നുമേശകളെ നിത്യതയുടെ വാതായനമാക്കാനുള്ള അനന്തസാധ്യതയാണ് ക്രിസ്തു വെളിപ്പെടുത്തുന്നത്. അതിനായി വരുത്തേണ്ട അടിസ്ഥാന ചിന്താന്തരങ്ങളെ സുവിശേഷകന്‍ സപ്ഷടമാക്കുന്നുണ്ട്.

ഒന്നാമതായി പകരം തരാന്‍ ശേഷിയുള്ളവരെ (നാലു വിഭാഗക്കാരെയാണ് വിവക്ഷിക്കുന്നത്: സുഹൃത്തുക്കള്‍, ബന്ധുക്കള്‍, സഹോദരങ്ങള്‍, സ്വാധീനമുള്ള അയല്‍ക്കാര്‍) വിരുന്നിനു വിളിക്കരുത്. ചെയ്യുന്നതിനെല്ലാം ഈ ഭൂമിയില്‍ തന്നെ പ്രതിഫലം ലഭിക്കണമെന്ന നിര്‍ബന്ധബുദ്ധി സ്വര്‍ഗ്ഗത്തിനു വിരുദ്ധമാണ്. തിരിച്ചുകിട്ടാത്ത കടങ്ങളും നിന്ദിക്കപ്പെട്ട നന്മകളും തിരസ്കരിക്കപ്പെട്ട സ്നേഹവും കിട്ടാതെപോയ പ്രതിനന്ദികളും സ്നേഹവും സ്വര്‍ഗ്ഗത്തിലേക്കുള്ള കരുതലുകളാണ്. പ്രതിനന്ദിയും പ്രതിസ്നേഹവും തേടികലഹിക്കുന്നവര്‍ സ്വര്‍ഗ്ഗവിചാരം നഷ്ടമായ നിരീശ്വരരാണ്.

രണ്ടാമതായി, പകരം തരാന്‍ കഴിവില്ലാത്തവരെ (ഇവിടെയും നാലുവിഭാഗങ്ങളെയാണ് വിവക്ഷിക്കുന്നത്: ദരിദ്രര്‍, വികലാംഗര്‍, മുടന്തര്‍, കുരുടര്‍) വിരുന്നിനു വിളിക്കണം. സ്വര്‍ഗ്ഗത്തെക്കുറിച്ചുള്ള ചിന്ത ഒരുവന്‍റെ കാഴ്ചപ്പാടിലുണ്ടാക്കുന്ന അടിസ്ഥാനമാറ്റമാണ് ഇവിടെ പ്രതിപാദിക്കുന്നത്. ലോകദൃഷ്ടിയില്‍ വിലകുറഞ്ഞവരും വിലകുറഞ്ഞവയും  ദൈവദൃഷ്ടിയില്‍ അമൂല്യരാകുന്ന ദൈവരാജ്യത്തിന്‍റെ അഭൗമികാനുഭവമാണ് ഇവിടെ പ്രതിപാദിക്കുന്നത്.

The Gospel of Luke when the unrighteous take first place (Luke 14: 7-14) gospel of luke luke catholic malayalam Rev. Dr. Joseph Pamplany Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message