We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Dr. Joseph Pamplany On 06-Feb-2021
സോളമനു പിശാചുബാധയുണ്ടായ കഥ യഹൂദരുടെ പാരമ്പര്യത്തിലുണ്ട് (cfr. L. Ginzbarg, The Legends of the Bible) ദേവാലയനിര്‍മ്മാണകാലത്ത് ബലിപീഠം നിര്‍മ്മിക്കാനാകാതെ ശില്പികള്‍ കുഴങ്ങി. ഇരുമ്പായുധങ്ങള്‍ ബലിപീഠത്തില്‍ സ്പര്‍ശിക്കരുതെന്നായിരുന്നു നിയമം. ബലിപീഠമുണ്ടാക്കാന്‍ മോശയുടെ കാലത്തുണ്ടായിരുന്ന ഒരു കല്ലുളി മാത്രമായിരുന്നു മാര്‍ഗ്ഗം. എന്നാല്‍ ഈ ഉളി പിശാചുക്കളുടെ തലവനായ അസ്മോദേവൂസിന്‍റെ കൈവശമായിരുന്നു. സോളമന്‍ തന്‍റെ ബുദ്ധിശക്തിയാല്‍ രാജപിശാചിനെ ബന്ധിച്ച് കൊട്ടാരത്തിലെത്തിച്ച് ഉളി കൈക്കലാക്കി; ബലിപീഠവും ദേവാലയവും നിര്‍മ്മിച്ചു. എന്നാല്‍ രാജപിശാചിന്‍റെ ദ്രവ്യസമ്പാദനത്തിനുള്ള അപാരകഴിവുകള്‍ മനസ്സിലാക്കിയ സോളമന്‍ അവനെ കൊട്ടാരത്തില്‍ താമസിപ്പിച്ചു. അവന്‍ സോളമനെ സമ്പത്തുകൊണ്ടുമൂടി. മദ്യവും മദിരാക്ഷിയും സോളമന് ആവേശമായി മാറി. സാവകാശം സോളമന്‍ സര്‍വ്വനാശത്തിന്‍റെ വഴിയിലായി; ആഭ്യന്തരകലാപത്തിലൂടെ രാജ്യം പിളര്‍ന്നു.
അതീവജ്ഞാനിയും ദൈവത്തിന്‍റെ സ്നേഹഭാജനവുമായിരുന്ന സോളമന്‍ ദ്രവ്യാഗ്രഹത്തില്‍ ഇടറിവീണതുപോലെ ചരിത്രത്തിന്‍റെ നാള്‍വഴിയില്‍ ഒരുപാടു സമര്‍ത്ഥന്മാര്‍ ഇടറിവീണ പാറക്കല്ലാണ് സമ്പത്ത്. ആധ്യാത്മികരെ ഭൗതികരാക്കാനും മാലാഖയെ പിശാചാക്കാനും നന്മയെ തിന്മയാക്കാനും സമ്പത്തിനുള്ള അപാരസിദ്ധിയെക്കുറിച്ചാണ് ഈ സുവിശേഷഭാഗം പ്രതിപാദിക്കുന്നത്. മനുഷ്യനില്‍ നന്മയായുള്ള സകലതിനെയും നിര്‍വീര്യമാക്കാന്‍ സമ്പത്തിനുള്ളിടത്തോളം കഴിവ് മറ്റൊന്നിനുമില്ല. അതുകൊണ്ടാണ് ദ്രവ്യാഗ്രഹത്തെ സകലപാപങ്ങളുടെയും മാതാവായി വി.പൗലോസ് വിശേഷിപ്പിക്കുന്നത്. ലൂക്കായുടെ സുവിശേഷം പതിനാറാമധ്യായം സമ്പത്തിന്‍റെ ശരിയായ വിനിയോഗത്തെക്കുറിച്ചുള്ള മാര്‍ഗ്ഗനിര്‍ദ്ദേശമാണ്. അവിശ്വസ്തനായ കാര്യസ്ഥന്‍റെ ഉപമയും (16:1-9) ധനവാന്‍റെയും ലാസറിന്‍റെയും ഉപമയും (16:19-31) ഈ ആശയത്തെ വ്യക്തമാക്കുന്നതാണ്. ഈ ഉപമകള്‍ക്കിടയിലുള്ള പ്രബോധനം (16:10-18) ഈ രണ്ട് ഉപമകളുടെയും അര്‍ത്ഥം വിശദമാക്കുന്നുണ്ട്.
മാമ്മോന്‍ ചിരിക്കുന്ന കാലം
ദൈവത്തെയും ധനത്തെയും രണ്ട് യജമാനന്മാരായി അവതരിപ്പിച്ചുകൊണ്ട് രണ്ടുപേരെയും ഒരുപോലെ സേവിക്കാനാവില്ല എന്ന സത്യമാണ് സുവിശേഷകന്‍ പഠിപ്പിക്കുന്നത്. ഒരു ഭൃത്യന്‍ ഒരേ സമയം രണ്ട് യജമാനന്മാരുടെ കീഴില്‍ ജോലി (Part - time Job) ചെയ്യാനാകില്ല. കാരണം അടിമപ്പണി പൂര്‍ണ്ണമായ സമര്‍പ്പണം ആവശ്യപ്പെടുന്നുണ്ട്. ഒരുവന് തന്‍റെ സമയം വിഭജിച്ചു നല്‍കാം. സ്ഥലവും വിഭജിച്ചുനല്‍കാം. എന്നാല്‍ തന്നെത്തന്നെ വിഭജിക്കാനാകില്ല. അങ്ങനെ ചെയ്യുന്നവര്‍ മാതൃരാജ്യത്തെ വഞ്ചിക്കുന്ന ചാരപ്പണിക്കു തുല്യമായ ഹീനതയാണു ചെയ്യുന്നത്. അഗ്നിയും മഞ്ഞുകട്ടയും പോലെ ഇരുളും വെളിച്ചവുംപോലെ വിരുദ്ധ സത്യങ്ങളായാണ് ദൈവത്തെയും മാമ്മോനെയും സുവിശേഷകന്‍ അവതരിപ്പിക്കുന്നത്. അതിനാല്‍ രണ്ടിനെയും ഒരുപോലെ സേവിക്കാം എന്നത് കേവലം വ്യര്‍ത്ഥമായ മോഹം മാത്രമാണ്.
മാമ്മോന്‍ എന്ന പദത്തിന് "ആശ്രയിക്കാവുന്നത്", "ഉറപ്പുനൽക്കുന്നത്" എന്നൊക്കെയാണ് അര്‍ത്ഥം. ഈ അര്‍ത്ഥതലങ്ങള്‍ ദൈവവുമായി ബന്ധപ്പെട്ടവയാകയാല്‍ മാമ്മോനെ സേവിക്കുന്നതില്‍ വ്യക്തമായ വിഗ്രഹാരാധനയുടെ സൂചനയുണ്ട്. ദ്രവ്യാഗ്രഹം വിഗ്രഹാരാധനയായി മാറുമ്പോള്‍ മറ്റെല്ലാം മൂല്യരഹിതമാകുന്നു. പണത്തെയും അതിര്‍ത്തിക്കല്ലുകളെയും ചൊല്ലിയുള്ള തര്‍ക്കങ്ങളില്‍ സഹോദരഹത്യ നടക്കുന്നത് സഹോദരനെക്കാള്‍ മൂല്യം പണത്തിനാണെന്ന് ചിന്തിക്കുമ്പോഴാണ്. വൃദ്ധമാതാപിതാക്കളെ ചികിത്സിക്കുന്നതും പരിചരിക്കുന്നതും വൃഥാദ്രവ്യനഷ്ടമെന്നു ചിന്തിക്കുന്ന മക്കളുടെ മൂല്യശ്രേണിയില്‍ പണത്തിനാണ് പ്രാമുഖ്യം. ദേവാലയത്തിന് ദശാംശം നല്‍കുന്നത് ദ്രവ്യനഷ്ടമായി കരുതുന്നവന്‍റെ മൂല്യബോധവും ദ്രവ്യാധിഷ്ഠിതമാണ്. ധനവാന്‍റെ പാപവും ഇതുതന്നെയായിരുന്നു.
സമ്പത്തിന്‍റെ ആധിക്യം ദൈവത്തെ ഗളഹസ്തം ചെയ്യുന്നു. സമ്പത്തും ആത്മീയതയും തമ്മിലുള്ള വിപരീതാനുപാതം ഗ്രഹിക്കാന്‍ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും എന്നതുപോലെ സഭയ്ക്കും കഴിയണം. ദാരിദ്ര്യം വ്രതമായി സ്വീകരിച്ചവര്‍ പോലും നടത്തുന്ന ചില സ്ഥാപനങ്ങളെങ്കിലും ദ്രവ്യാഗ്രഹത്തിന്‍റെ വഴിയിലാണ് എന്ന ആക്ഷേപമുയരാറുണ്ട്. കോടികള്‍ വരുമാനമുണ്ടാക്കുന്ന സ്ഥാപനങ്ങള്‍ സുവിശേഷത്തിനു വിരുദ്ധമാണ്. ദൈവത്തെയും മാമ്മോനേയും ഒരുമിച്ചു ശുശ്രൂഷിക്കാമെന്ന മോഹം ചില അജപാലകരെയെങ്കിലും ബാധിച്ചിട്ടുണ്ടോ എന്ന ആത്മശോധന നല്ലതാണ്. ജറുസലേം ദേവാലയം പണിയാന്‍ പിശാചിന്‍റെ സഹായം തേടിയ സോളമന്‍റെ കഥ അഭിനവ അജപാലകര്‍ക്കും ദിശാസൂചിയാണ്. മാമ്മോന്‍ ചിരിക്കുന്നകാലത്ത് അജപാലന ശുശ്രൂഷ അത്യന്തം ശ്രമകരമാണ്.
വിഘടിത വ്യക്തിത്വം (split personality) എന്നൊരു സങ്കല്പം മനശ്ശാസ്ത്രത്തിലുണ്ട്. വിരുദ്ധാദര്‍ശങ്ങളെ ഒരുപോലെ അനുധാവനം ചെയ്യുന്ന മനോവൈകല്യത്തെയാണ് ഇപ്രകാരം വിശേഷിപ്പിക്കുന്നത്. ദൈവത്തെയും മാമ്മോനെയും ഒരുപോലെ പിഞ്ചെല്ലുന്നവരില്‍ ഈ വൈകല്യ സാധ്യത ഏറെയാണ്. ഏലീഷാ പ്രവാചകന്‍റെ ഭൃത്യനായ ഗഹസിയുടെ ദ്രവ്യാഗ്രഹം 2രാജാ 5:20-25ല്‍ വിവരിക്കുന്നുണ്ട്. ആത്മീയരില്‍ ദ്രവ്യാഗ്രഹം തീര്‍ക്കുന്ന ദുരന്തത്തിനുള്ള സ്പഷ്ടമായ ദൃഷ്ടാന്തമാണിത്. നാമാന്‍റെ കുഷ്ഠരോഗം ഏറ്റുവാങ്ങേണ്ടി വന്ന ഗഹസി ദ്രവ്യംകൊണ്ടു നശിക്കുന്നവരുടെ പ്രതീകമാണ്. ലോത്ത്, ഏസാവ്, യൂദാസ്, അനനിയാസ്, സപ്പീറാ... ദ്രവ്യാഗ്രഹത്താല്‍ നശിച്ചവരുടെ നാള്‍വഴികൂടിയാണ് ബൈബിള്‍. ഉപമയിലെ ധനവാനും ദൈവത്തെയും മാമ്മോനെയും ഒരുപോലെ സേവിച്ചവനായിരുന്നു.
സമ്പത്തിന്‍റെ ശരിയായ വിനിയോഗത്തിനുള്ള മനോഭാവങ്ങള്‍
ആത്മീയതയില്‍ സമ്പത്തിന്‍റെ വിപരീതഫലങ്ങള്‍ ശക്തമാണെങ്കിലും സമ്പത്തില്ലാതെ ജീവിതം അസാധ്യമാകയാല്‍ സമ്പത്തിന്‍റെ വിനിയോഗം ശരിയാക്കുക എന്നതാണ് ഏറ്റവും കരണീയമായത്. അതിനുള്ള മാര്‍ഗ്ഗങ്ങള്‍ സുവിശേഷകന്‍ പറഞ്ഞുതരുന്നുണ്ട്.
(1) ചെറിയകാര്യങ്ങളില്‍ വിശ്വസ്തരാകുക (വാ.10): മനുഷ്യന്‍ വലുതിനെ മോഹിക്കുന്നവനാണ്. വലിയവീട്, വലിയകാറ്, ഉയര്‍ന്നസ്ഥാനം, വിശാലമായ പുരയിടം, നീളമുള്ള മാല, വലിപ്പം നല്‍കുന്ന സംതൃപ്തിയെക്കുറിച്ചുള്ള ചിന്ത സകല മേഖലകളെയും ബാധിച്ചിട്ടുള്ള യാഥാര്‍ത്ഥ്യമാണ്. വലിപ്പം വര്‍ദ്ധിക്കുന്തോറും ധനം കൂടുതല്‍ക്കൂടുതല്‍ അനിവാര്യമാകുന്നു. എന്നാല്‍ ക്രിസ്തു "ചെറിയവരുടെയും ചെറിയകാര്യങ്ങളുടെയുo" സുവിശേഷമാണ് അവതരിപ്പിക്കുന്നത്. ചെറുതായിരിക്കുന്നതിന്‍റെ ലാളിത്യം ധനമോഹത്തെ പുറത്തുനിര്‍ത്താന്‍ സഹായകമാണ്. ചെറിയവനായ ലാസറിനെ അവഗണിച്ചുവെന്നത് ധനവാന്‍ ചെയ്ത വലിയ കുറ്റമായിട്ടാണ് ക്രിസ്തു ചൂണ്ടിക്കാട്ടുന്നത്.
(2) ചെറുതായവയെല്ലാം നിസ്സാരമെന്നു കരുതരുത് (വാ.11-12). ഒരു കപ്പ് വെള്ളം ചെറിയകാര്യമാണ്. എന്നാല്‍ ദാഹാര്‍ത്തനായി മരിക്കുന്നവന്‍റെ മുന്നില്‍ അതിനുജീവന്‍റെ വിലയുണ്ട്. ദിശതെറ്റി അലയുന്ന കപ്പലിന് തീരത്തുനിന്നുള്ള ഒരുതുണ്ടു വെളിച്ചം ജീവന്‍റെ തീരത്തേക്കുള്ള പുനരാഗമനാവസരമാണു നല്‍കുന്നത്. യഥാസമയം ലഭിച്ച ചെറിയ സഹായങ്ങള്‍പോലും പതിറ്റാണ്ടുകള്‍ക്കുശേഷവും നാം ഓര്‍ത്തു വയ്ക്കുന്നത് അവ ചെറുതല്ലാത്തതുകൊണ്ടാണ്. അപമാനിതനും അവഗണിക്കപ്പെട്ടവനുംവേണ്ടിപ്പറഞ്ഞ ഒരുവാക്കിന് ചിലപ്പോള്‍ ജീവനേക്കാളും വിലയുണ്ടാകാറില്ലേ. അതുകൊണ്ട് ചെറിയവയെ നിസ്സാരവല്‍ക്കരിക്കരുത്. ധാരാളിത്തത്തില്‍ നിന്നുള്ളവയല്ല യഥാര്‍ത്ഥ ധനം.
(3) മനുഷ്യന് ഉത്കൃഷ്ടമായത് ദൈവതിരുമുമ്പില്‍ നികൃഷ്ടമാണ് (വാ.15) എന്നു തിരിച്ചറിയണം. ധനവാനും ലാസറും തമ്മിലുള്ള വ്യത്യാസവും ഇതാണ്. മാന്യതയ്ക്ക് ലോകം കല്പിച്ച മാനദണ്ഡങ്ങളും ദൈവം നിശ്ചയിച്ച മാനദണ്ഡങ്ങളും വ്യത്യസ്തമാണ്. ലോകം ബാഹ്യമായവയെ ആധാരമാക്കുമ്പോള്‍ ദൈവം ഹൃദയമെന്ന ആന്തരികതയെ അവലംബമാക്കുന്നു. ആന്തരികതയുടെ അലങ്കാരത്തിനു സമ്പത്തുവേണ്ടാ. എന്നാല്‍ ബാഹ്യമായവയെ അലങ്കരിക്കാന്‍ സമ്പത്ത് ഒരിക്കലും തികയില്ല. ആന്തരികതയ്ക്കു പ്രാധാന്യം കൈവരിക്കുമ്പോള്‍ സമ്പത്ത് അപ്രസക്തമാകുന്നു എന്നാണ് ഇവിടെ വിവക്ഷിക്കുന്നത്.
(4) ദ്രവ്യാഗ്രഹത്തെ ന്യായീകരിക്കാന്‍ വചനത്തില്‍ വെള്ളം ചേര്‍ക്കരുത് (വാ. 17). ആധുനിക ധ്യാനകേന്ദ്രങ്ങളില്‍ പലതും സമ്പത്തിന്‍റെയും ഐശ്വര്യത്തിന്‍റെയും സുവിശേഷപ്രഘോഷണത്തില്‍ വ്യാപൃതരാണ്. നല്‍കുന്ന സംഭാവനയ്ക്ക് ആയിരം ഇരട്ടി പ്രതിഫലം ആറുമാസത്തിനുള്ളില്‍ ലഭിക്കുമെന്ന വാഗ്ദാനം ചെയ്യുന്ന ധ്യാനഗുരുക്കന്മാരുമുണ്ട്. ദ്രവ്യം ദൈവത്തെയും വചനത്തെയും വിഴുങ്ങാതിരിക്കണമെങ്കില്‍ ഏറെ കരുതല്‍ വേണം. ഐശ്വര്യത്തിന്‍റെയല്ല കുരിശിന്‍റെ സുവിശേഷത്തിനാണ് നാം ഊന്നല്‍ നല്‍കേണ്ടത്.
അനുബന്ധചിന്തകള്‍
The Gospel of Luke The Time of Mammon Laughter (Luke 16: 19-31) gospel of luke catholic malayalam Rev. Dr. Joseph Pamplany Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206