We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Dr. Joseph Pamplany On 05-Feb-2021
ദൈവത്തിന്‍റെ പ്രിയപുത്രനും പരിശു ദ്ധാത്മാവിനാല്‍ അഭിഷിക്തനായ മിശിഹായും പ്രവാചകനും രാജാവും പുരോഹിതനുമായി പ്രതിഷ്ഠിതനായ യേശു പരിശുദ്ധാത്മാവിനാല്‍ മരുഭൂമിയിലേക്കു നയിക്കപ്പെട്ടു. ലൂക്കാ യേശുവിന്‍റെ യോര്‍ദ്ദാനനുഭവവും മരുഭൂവനുഭവവും തമ്മില്‍ ബന്ധിപ്പിച്ച് അവതരിപ്പിക്കുന്നു. മരുഭൂമിയില്‍ യേശു ദൈവത്തിന്‍റെ പ്രിയപുത്രനും വിശ്വസ്ത കര്‍ത്തൃദാസനുമായി നിലനിന്നുകൊണ്ടു പിശാചിന്‍റെ പരീക്ഷകളെ വിജയിച്ച വിവരണമാണ് ലൂക്കാ 4:1-13. യേശുവിന്‍റെ മരുഭൂപരീക്ഷയുടെ വിവരണം സമാന്തര സുവിശേഷങ്ങളിലെല്ലാമുണ്ട് (മത്താ 4:1-11; മര്‍ക്കോ 1:12-13). വിശുദ്ധ മത്തായിയുടെയും ലൂക്കായുടെയും സുവിശേഷങ്ങള്‍ മൂന്നു പ്രതീക്ഷകളുടെ വിവരണം നല്കുന്നു.
ലൂക്കാ 4,1-13 ല്‍ വിവരിച്ചിട്ടുള്ളതുപോലെ ദൃശ്യമായി പിശാച് യേശുവിനെ സമീപിച്ചെന്നും അങ്ങോട്ടുമിങ്ങോട്ടുമൊക്കെ കൊണ്ടുപോയെന്നും കരുതേണ്ടതില്ല. ദൈവശാസ്ത്രപരമായ അര്‍ത്ഥം മുന്‍നിര്‍ത്തിയുള്ള ചിത്രീകരണമാണത്. അത് ഈ ഭാഗത്തിന്‍റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നു. നാടകീയതയും അതിശയോക്തിയും വിവരണത്തിന്‍റെ അന്തരാര്‍ത്ഥം ആവിഷ്കരിക്കുന്ന ഉപാധിയാണ്. അന്തരാര്‍ത്ഥത്തിനാണ് പ്രാധാന്യം കല്പിക്കേണ്ടത്.
4:1-2, ദൗത്യനിര്‍വഹണത്തിനു പരിശുദ്ധാത്മാവിനാല്‍ അഭിഷിക്തനായ യേശു പരിശുദ്ധാത്മപൂരിതനായി ജോര്‍ദ്ദാനില്‍നിന്നു മടങ്ങി. അവനെ പരിശുദ്ധാത്മാവ് നയിച്ചുകൊണ്ടിരുന്നു. ആത്മാവ് മരുഭൂമിയിലേക്കു (എറേമൊസ്) അവനെ ആനയിച്ചു. യേശു പിശാചിനാല്‍ പരീക്ഷിക്കപ്പെടാന്‍ പരിശുദ്ധാത്മാവ് അവനെ മരുഭൂമിയിലേക്കു നയിച്ചത് നമുക്ക് അതിശയകരമാണ്. മരുഭൂമിയിലെ പരീക്ഷ യേശുവിന്‍റെ പരസ്യശുശ്രൂഷാ ജീവിതത്തിന്‍റെയാകെ മുന്‍കൂറനുഭവമായി ലൂക്കായെപ്പോലെ കാണുമ്പോള്‍ പരിശുദ്ധാത്മാവ് അവനെ മരുഭൂമിയിലേക്ക് നയിച്ചതിന്‍റെ കഥാപരമായ പങ്കും പൊരുളും നമ്മെ അതിശയിപ്പിക്കും. സ്നാനം സ്വീകരിച്ചുകഴിഞ്ഞ് യേശു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ വന്നു വസിച്ച പരിശുദ്ധാത്മാവ് പരസ്യസേവനത്തിലുടനീളം അവനെ പരീക്ഷയിലൂടെ വിജയത്തിലേക്കു നയിച്ചുകൊണ്ടിരുന്നു.
ലൂക്കായുടെ വിവരണത്തില്‍ മരുഭൂമി ഒരേസമയം പൈശാചിക ശക്തികളുടെയും ദൈവ സാന്നിദ്ധ്യത്തിന്‍റെയും ദൈവാനുഭവത്തിന്‍റെയും വേദിയാണ്. ലൂക്കാ 8:29ലും 11:24ലും പരാമര്‍ശിക്കുന്ന "വിജനസ്ഥലവും" "വരണ്ടസ്ഥല"വുമൊക്കെ മരുഭൂമിയെ പിശാചിന്‍റെ വാസസ്ഥലമായി ചിത്രീകരിക്കുന്നു. മരുഭൂമി പൈശാചികപ്പരീക്ഷയുടെ സ്ഥാനമെന്ന് യേശുവിന്‍റെ അനുഭവം (ലൂക്കാ 4) സാക്ഷിക്കുന്നു. അതേസമയം ശാന്തമായ അന്തരീക്ഷത്തില്‍ ദൈവത്തെ കണ്ടെത്തുന്നിടവുമാണ് മരുഭൂമി (ലൂക്കാ 1:80; 3:2.5.16;7:24). മരുഭൂമിയില്‍ യേശു പരിശുദ്ധാത്മാവിന്‍റെ നടത്തിപ്പ് പ്രത്യേകം അനുഭവിച്ചു; അതേസമയം പിശാചിന്‍റെ പരീക്ഷയും. ഒരേസമയം പൈശാചിക പരീക്ഷയുടെയും ദൈവാനുഭവത്തിന്‍റെയും വേദിയായിരുന്നു ഇസ്രായേലിനു മരുഭൂമി. ഇസ്രായേലിന്‍റെ മരുഭൂവനുഭവത്തില്‍ യേശു ഭാഗഭാക്കായി. ഇക്കാര്യം അവന്‍ നിയമാവര്‍ത്തനപ്പുസ്തകത്തില്‍നിന്ന് ആവര്‍ത്തിച്ച് ഉദ്ധരിക്കുന്നതില്‍ത്തന്നെ സൂചിതമാണ്. മരുഭൂപരീക്ഷയില്‍ ഇസ്രായേല്‍ പരാജയപ്പെട്ടു. യേശു വിജയിച്ചു; പിശാചിനെ പരാജയപ്പെടുത്തി.
നാല്പതു ദിവസം മരുഭൂമിയില്‍ പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നവനായും (പെയിറാസ്മെനോസ്) പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്നവനായും യേശു കഴിഞ്ഞുകൂടി. ആ ദിവസങ്ങളില്‍ അവന്‍ ഒന്നും ഭക്ഷിച്ചില്ല. ദിവസങ്ങള്‍ തികഞ്ഞപ്പോള്‍ അവനു വിശന്നു... ബൈബിളില്‍ സര്‍വ്വസാധാരണമായൊരു സംഖ്യയാണ് 'നാല്പത്' (ഉദാ: സംഖ്യ 14:33;32:13). യേശുവിന്‍റെ കാലമായപ്പോഴേക്കും അത് ഇസ്രായേല്‍പാരമ്പര്യത്തില്‍ പ്രതീകാത്മകത നിറഞ്ഞ ഒരു സംഖ്യയായിക്കഴിഞ്ഞിരുന്നു. ഒന്നാമത്, അത് മരുഭൂമിയിലൂടെ നാല്പതുവര്‍ഷം അലഞ്ഞുനടന്ന ഇസ്രായേലിന്‍റെ ജീവിതാനുഭവം അനുസ്മരിപ്പിച്ചു. ദൈവവചനം കൈക്കൊള്ളാന്‍ മോശ നാല്പതുദിനരാത്രങ്ങള്‍ ഒന്നും ഭക്ഷിക്കുകയോ പാനം ചെയ്യുകയോ ചെയ്യാതെ സീനായ്മലയില്‍ കര്‍ത്താവിനോടുകൂടെ കഴിഞ്ഞുകൂടി (പുറ 34:28; നിയ 9:9). ഏലിയായും തന്‍റെ ശുശ്രൂഷയുടെ നിര്‍ണായകമായൊരു ഘട്ടത്തില്‍ മരുഭൂമിയില്‍ കഴിഞ്ഞുകൂടി (1 രാജ 19:8). ഇസഹാക്കിനെ ബലികഴിക്കാന്‍ അബ്രാഹം നാല്പതു ദിവസം ഒന്നും തിന്നാതെയും കുടിക്കാതെയും ഹോറെബ് മലയിലേക്കു യാത്ര ചെയ്തെന്നു റബ്ബിമാരുടെ പാരമ്പര്യം പറഞ്ഞിരുന്നു. ഈ പൂര്‍വമാതൃകകളെപ്പോലെ യേശുവും തന്‍റെ ആത്മബലിയില്‍ പൂര്‍ത്തിയാക്കാനുള്ള ശുശ്രൂഷയ്ക്ക് ഇറങ്ങുന്നതിന് ഒരുക്കമായി നാല്പതു ദിവസം ഉപവസിക്കുന്നു. ആ ദിവസങ്ങളില്‍ അവന്‍ ഒന്നും ഭക്ഷിച്ചില്ല എന്ന വിവരണം യേശു പരിശുദ്ധാത്മാവിന്‍റെ ശക്തി മാത്രം സ്വീകരിച്ച് ആ നാളുകളെ അഭിമുഖീകരിച്ചു എന്നു സ്ഥിരീകരിക്കുന്നു. ജീവന്‍ നല്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന ദൈവത്തിന്‍റെ മുമ്പില്‍ യേശു സ്വയം എളിമപ്പെട്ട് ദൈവശക്തിയില്‍ ഉയര്‍ന്നു നാല്പതുനാള്‍ ഭക്ഷണമില്ലാതെ കഴിഞ്ഞപ്പോള്‍ ശാരീരികമായി വിശപ്പും ക്ഷീണവുമുണ്ടായി. കായിക ബലത്താലല്ല പരിശുദ്ധാത്മാവിന്‍റെ ശക്തിയിലാണ് യേശു പിശാചിനെ പരാജയപ്പെടുത്തി ദൈവരാജ്യം സ്ഥാപിക്കുന്നത്.
സംഖ്യകളുടെ പ്രതീകാത്മകതയുടെ കൂട്ടുപിടിച്ചു സഭാപിതാക്കന്മാര്‍ യേശുവിന്‍റെ മരുഭൂപ്പരീക്ഷയുടെ നാല്പതു നാളിനെ വ്യാഖ്യാനിച്ചിട്ടുണ്ട്. പ്രപഞ്ചത്തെ സൂചിപ്പിക്കുന്ന സംഖ്യയാണ് നാല്. പ്രപഞ്ചത്തെയാകെ ഉള്‍ക്കൊള്ളുന്ന നാലു കോണുകളെ കല്പനകളുടെ സംഖ്യയായ പത്തുകൊണ്ടു ഗുണിക്കുമ്പോള്‍ കിട്ടുന്ന സംഖ്യയാണ് നാല്പത്. ഈ സംഖ്യ ലോകത്തിന്‍റെയാകെ ചരിത്രമുള്‍ക്കൊള്ളുന്ന പ്രതീകാത്മക പ്രസ്താവനയാണ്. യേശു ഇസ്രായേലിന്‍റെ പുറപ്പാടും, ലോകചരിത്രത്തിന്‍റെ ചുറ്റുവഴികളാകെയും പുനര്‍ജീവിക്കുന്നു. നാല്പതു നാളുകളിലെ യേശുവിന്‍റെ ഉപവാസം ചരിത്രനാടകത്തെയാകെ ആശ്ലേഷിക്കുകയും, തന്നിലേക്ക് ആവാഹിക്കുകയും അന്ത്യത്തിലേക്കു സംവഹിക്കുകയും ചെയ്യുന്നു (Pope Benedict XVI, Jesus of Nazareth - 1,30).
4:3-4: ഒന്നാം പരീക്ഷ: നാല്പതു ദിവസം ഒന്നും ഭക്ഷിക്കാതെ മരുഭൂമിയില്‍ കഴിഞ്ഞുകൂടിയപ്പോള്‍ യേശുവിനു വിശന്നു. അപ്പോള്‍ പിശാച് യേശുവിനോടു കല്പിച്ചു: "നീ ദൈവപുത്രനാണെങ്കില്‍ ഈ കല്ല് അപ്പമായിത്തീരാന്‍ കല്പിക്കുക." ഈ ചിത്രീകരണത്തിന് യേശുവിനെ ആദാമിനോടു ബന്ധപ്പെടുത്തുന്ന വംശാവലിയോടു തൊട്ടുകിടക്കുന്ന പരീക്ഷാവിവരണത്തില്‍ പ്രത്യേക ധ്വനിയുണ്ട്. ദൈവത്തിന്‍റെ ആദാം വിശപ്പും ദാഹവുമൊന്നും അറിയാതെ ജീവിച്ചുപോന്നപ്പോള്‍ ദൈവത്താല്‍ നിരോധിക്കപ്പെട്ട ഫലം തിന്നാന്‍ പിശാച് പ്രേരിപ്പിച്ചു. ആദാം വശംവദനായി. ദൈവത്തിന്‍റെ കല്പനയും അവിടുത്തോടുള്ള ബന്ധവും വിസ്മരിച്ച്, പിശാചു കല്പിച്ച ഫലം തിന്നു. പക്ഷേ ദൈവത്തിന്‍റെ ആദാമിന്‍റെ പുത്രന്‍ പിശാചു പ്രേരിപ്പിച്ച "ഭക്ഷണപ്പരീക്ഷ"യില്‍ വിജയിച്ചു.
"കല്ലുകള്‍" എന്നു ബഹുവചനമാണ് മത്താ 4:3ല്‍. എന്നാല്‍, ലൂക്കാ 4:3ല്‍ "ഈ കല്ല്" എന്ന് ഏകവചനമാണ്. യേശു മാത്രമേ വിശക്കുന്നവനായി രംഗത്തുള്ളൂ: യേശുവിനു മാത്രമായി കല്ല് അപ്പമാക്കുക എന്നു പിശാചു പറയുന്നു. ദൈവപുത്രസ്ഥാനവും അധികാരവും സ്വന്തം കാര്യത്തിനു പ്രയോഗിക്കാനുള്ള വെല്ലുവിളിയാണ് പിശാചിന്‍റേത്. സ്വയം രക്ഷിക്കാനുള്ള വെല്ലുവിളി കുരിശിലും യേശു അഭിമുഖീകരിച്ചു (23:35-39). പിശാച് പറയുന്നത് അനുസരിച്ചാല്‍ ദൈവപുത്രന്‍ എന്ന സ്ഥാനത്തുനിന്ന് പിശാചിന്‍റെ ദാസന്‍ എന്ന നിലയിലേക്ക് യേശു പതിക്കുമായിരുന്നു. ദൈവികപദ്ധതിയില്‍നിന്ന് യേശുവിനെ വ്യതിചലിപ്പിക്കാനായിരുന്നു പിശാചിന്‍റെ പ്രയത്നം. യേശുവാകട്ടെ, തന്‍റെ ദൈവപുത്രത്വം സ്പഷ്ടമാക്കാനുള്ള അവസരമാക്കി പരീക്ഷയെ ദൈവഹിതം മാത്രം നിറവേറ്റുന്ന പ്രിയപുത്രനായിത്തന്നെ യേശു പ്രതികരിച്ചു (23:35-39). അപ്പം ആവശ്യമുള്ള മനുഷ്യനെക്കുറിച്ചു ദൈവഹിതമെന്തെന്നു പറയുന്ന വേദഭാഗം (നിയമ 8:3) ഉദ്ധരിച്ച് യേശു പിശാചിനു മറുപടി നല്കി: "മനുഷ്യന്‍ ജീവിക്കുന്നത് അപ്പം കൊണ്ടു മാത്രമല്ല."യേശു ഒന്നും ഭക്ഷിക്കാതെ നാല്പതു ദിവസം മരുഭൂമിയില്‍ വസിച്ചും വിശപ്പനുഭവിച്ചും പ്രവചനം പൂര്‍ത്തിയാക്കി. മനുഷ്യന്‍ ദൈവത്തിന്‍റെ വചനംകൊണ്ടു ജീവിക്കണമെന്നു പഠിപ്പിച്ചു. അപ്പത്തെപ്പോലും ഭക്ഷ്യയോഗ്യമാക്കുന്നതു ദൈവത്തിന്‍റെ വാക്കാണെന്ന് മന്നായുടെ കഥ പറഞ്ഞുതരുന്നുണ്ട് (പുറ 16). തന്‍റെ വചനമാണ് ആകാശത്തുനിന്നു കര്‍ത്താവ് മരുഭൂമിയില്‍ ഇസ്രായേല്‍ക്കാര്‍ക്കു നല്കിയ യഥാര്‍ത്ഥ മന്നാ. ലൂക്കാ "വിവരണ"ത്തില്‍ "ദൈവവാക്കിന്" (തിരുഗ്രന്ഥത്തിന്) ഏറെ പ്രാധാന്യം നല്കുന്നുണ്ടല്ലോ. ഏതാണ് "ഈ കല്ല്?" യേശുവിന്‍റെ മരുഭൂപ്പരീക്ഷ അവന്‍റെ ശുശ്രൂഷ മുഴുവന്‍റെയും, പ്രത്യേകിച്ചു പീഡാനുഭവത്തിന്‍റെ, മുന്‍കുറിയും സംക്ഷേപവും എന്ന നിലയ്ക്കും, ലൂക്കായുടെ വിവരണമനുസരിച്ചും, "ഈ കല്ല്" യേശുവാണ് (ലൂക്കാ 2,34; 20:17-18, അപ്പ 4:11). വീടുപണിക്കാര്‍ തള്ളിക്കളഞ്ഞ കല്ല്. ദൈവം മൂലക്കല്ലാക്കിയ കല്ല്. ഇസ്രായേലില്‍ പലരുടെയും വീഴ്ചയ്ക്കും ഉയര്‍ച്ചയ്ക്കും കാരണമായ കല്ല്. അത് യേശുവാണെന്നു മരുഭൂപരീക്ഷയെപ്പറ്റി (8:14; സങ്കീ 118:23-23) അധികരിച്ചു ഗുപ്തമായി ചൂണ്ടിക്കാട്ടി (ലൂക്കാ 3:34). (1 കോറി 1:33ഉം കാണുക). പിന്നീട് അതേ തിരുഗ്രന്ഥഭാഗങ്ങളുദ്ധരിച്ചു സ്ഥിരീകരിക്കുകയും ചെയ്യുന്നു (ലൂക്കാ 20:17-18, അപ്പ 4:11). യേശു പരസ്യ ശുശ്രൂഷയ്ക്കിറങ്ങാന്‍ അവസാന ഒരുക്കം നടത്തുമ്പോള്‍ "ഈ കല്ല്" അപ്പമാക്കാന്‍ പിശാച് അവനോടു നിര്‍ദ്ദേശിക്കുന്നു. "മനുഷ്യന്‍ അപ്പം കൊണ്ടു മാത്രമല്ല ജീവിക്കുന്നതെന്ന്" തിരുഗ്രന്ഥം (നിയ 8:3) ഉദ്ധരിച്ച് യേശു മറുപടി പറയുന്നു. ഈ മറുപടിക്കു പശ്ചാത്തലമായി കര്‍ത്താവിന്‍റെ പുത്രനായ, അവിടുത്തെ ആദ്യജാതനായ, ഇസ്രായേല്‍ (പുറ 4:22) സീനായ് മരുഭൂമിയില്‍ അപ്പംകൊണ്ടുമാത്രം
ജീവിക്കാന്‍ പരിശ്രമിച്ച് അപ്പം തന്നെ പുഴുത്തു ചീത്തയായ ചരിത്രമുണ്ട് (പുറ 16: 17-20). യേശു തന്‍റെ പിന്നാലെ വരുന്നവര്‍ക്കു മരുഭൂമിയില്‍ (എറേമൊസ്: ലൂക്കാ 9:12) വചനം നല്കിയശേഷം ദൈവവചനമനുസരിച്ചു മാത്രം പ്രവര്‍ത്തിക്കുന്ന പുത്രനാണെന്നു തെളിവു നല്‍കിയിട്ട് യേശു മരുഭൂമിയിലെ ആദ്യത്തെ പരീക്ഷയില്‍ത്തന്നെ പിശാചിനെ പരാജയപ്പെടുത്തി. യൂദാസില്‍ സാത്താന്‍ പ്രവേശിച്ചപ്പോള്‍, ഒപ്പം ദൈവത്തിന്‍റെ രക്ഷാകരമായ, സമയവുമായപ്പോള്‍ (കയിറൊസ്: ലൂക്കാ 22:14), യേശു "ഈ കല്ല്" അപ്പമാക്കി ശിഷ്യര്‍ക്കു ഭക്ഷിക്കാന്‍ നല്കി (ലൂക്കാ 22:3-6, 14-19). അതിന്‍റെ മുന്‍കുറിയായി യേശു ഗലീലിയില്‍ മരുഭൂമിയില്‍ ആയിരങ്ങള്‍ക്കു വചനം കൊടുത്തശേഷം അപ്പം വര്‍ദ്ധിപ്പിച്ചു നല്കി തൃപ്തിപ്പെടുത്തി (ലൂക്കാ 9:10-17). ദൈവത്തിന്‍റെ സമയമായപ്പോള്‍ അപ്പത്തില്‍ യേശു താന്‍ പുനഃസ്ഥാപിച്ച ഇസ്രായേലിനുള്ള അപ്പമായി തന്നെത്തന്നെ നല്കി; തന്‍റെ ഓര്‍മ്മയ്ക്കായുള്ള അപ്പം മുറിച്ചുകൊടുത്തു കൊണ്ടിരിക്കാന്‍ അപ്പസ്തോലസംഘത്തോടു കല്പിക്കുകയും ചെയ്തു (ലൂക്കാ 22:10-17). ഈ അപ്പത്തില്‍ തന്നെ കാണാന്‍ ഉത്ഥാനാനന്തരവും താന്‍ കൂടെനടന്നു സംസാരിച്ചുകൊണ്ടിരിക്കുന്ന വചനത്താല്‍ ഹൃദയം ജ്വലിക്കുന്ന ശിഷ്യരുടെ കണ്ണു തുറക്കപ്പെടുമെന്നു യേശു ഉറപ്പുനല്കി (ലൂക്കാ 24:13-35).
4:5-8: രണ്ടാം പരീക്ഷ: ലൂക്കായുടെ വിവരണത്തില്‍ രണ്ടാം പരീക്ഷയുടെ വേദി കൃത്യമായി പറഞ്ഞിട്ടില്ല. ഉയരത്തിലേക്ക് ആന യിച്ചു എന്നു സൂചിപ്പിക്കുന്ന ഒരു ക്രിയയാണ് (അനഗഗോ) ഉപയോഗിച്ചിട്ടുള്ളത്. ("ഉയര്‍ന്ന മല"യാണ് മത്താ 4,8ല്‍). ലൂക്കായുടെ വിവരണത്തില്‍ മല പ്രാര്‍ത്ഥനയ്ക്കും വെളിപാടിനുമുള്ള സ്ഥാനമാണ്. പരീക്ഷയ്ക്കുള്ളതല്ല. പിശാച് യേശുവിനെ ഉയരത്തിലേക്കു കൊണ്ടുപോയി. ക്ഷണനേരംകൊണ്ട് ഒരു ദര്‍ശനത്തിലെന്നപോലെ സകല രാജ്യങ്ങളും കാണാന്‍ സാധിക്കുന്ന ഒരു മലയോ ഉയര്‍ന്ന പ്രദേശമോ സങ്കല്പിക്കാന്‍ സാധിക്കുകയില്ല. എന്നാല്‍, ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം 6-7 വാക്യങ്ങളിലുണ്ട്.
പിശാച് യേശുവിനോട് പറയുന്നു. ലോകത്തിലുള്ള സകലത്തിലും അധികാരവും മഹത്ത്വവും തനിക്കു നല്കപ്പെട്ടിരിക്കുന്നു എന്ന്. പിശാചിന് വലിയ അധികാരമുണ്ട് (യോഹ 12:31; 14:30; 16,11; എഫേ 2:2; വെളി 13:2). താന്‍ ലോകത്തിന്‍റെ അധികാരവും മഹത്ത്വവും നേടിയെടുക്കാന്‍ വന്നവനല്ലെന്ന് പിറന്നപ്പോള്‍ത്തന്നെ സത്രത്തില്‍പ്പോലും ഇടംകിട്ടാത്തതിനാല്‍ കാലിത്തൊഴുത്തില്‍ കിടന്ന് യേശു ലോകത്തിനു കാണിച്ചുകൊടുത്തിട്ടുള്ളതാണ്. ലോകത്തിന്മേലെല്ലാം അധികാരവും മഹത്ത്വവും തനിക്കു നല്കാനുംമാത്രം പിശാചിനില്ലെന്നും യേശുവിനറിയാം. ദൈവത്തിനാണ് അധികാരവും മഹത്ത്വവും എന്നും അവനറിയാം. ഇല്ലാത്ത അധികാരാവകാശങ്ങള്‍ പിശാച് അവകാശപ്പെടുകയാണ്, തന്നെ കുമ്പിട്ടാരാധിച്ച് തന്‍റെ അധീശത്വം അംഗീകരിക്കാന്‍ പിശാച് യേശുവിനെ പ്രലോഭിപ്പിക്കുന്നു. ദൈവത്തിന്‍റെ അധികാരവും മഹത്ത്വവും യേശു ഉപേക്ഷിക്കണം എന്നാണ് പിശാച് ആഗ്രഹിക്കുന്നത്. ചുരുക്കത്തില്‍, ബഹുജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് യേശു ഒരു രാഷ്ട്രീയ മിശിഹാ, ലൗകിക മിശിഹാ, ആയി മാറണമെന്നാണ് പിശാച് പറയുന്നത്.
ഏതു പിശാചിന്‍റെയും കൂട്ടുപിടിച്ചും അതിനെ ആരാധിച്ചും രാഷ്ട്രീയാധികാരവും അതിന്‍റെ മഹത്ത്വവും നേടിയെടുക്കാന്‍ വന്നവനല്ല താനെന്ന് യേശു വ്യക്തമാക്കും. യേശുക്രിസ്തുവിന്‍റെ രാജ്യം ഭൂമിയിലെ സകല രാജ്യങ്ങളെയും ഉള്‍ക്കൊള്ളുന്നതാണെങ്കിലും അവയില്‍നിന്നു വ്യത്യസ്തമാണ്. അവയുടെ മിന്നിമറയുന്ന മഹത്ത്വമല്ല ക്രിസ്തുവിന്‍റെ രാജ്യത്തിന്‍റേത്. അതിന്‍റെ മഹത്ത്വം അതിന്‍റെ സുവിശേഷം പ്രഘോഷിക്കപ്പെടുന്നതു സ്വീകരിക്കുന്ന ശിഷ്യരിലൂടെ പ്രകാശിതമാകുന്നതാണ്. യേശു ദൈവരാജ്യം സുവിശേഷിച്ചും (ലൂക്കാ 4:43) ദൈവകരം കൊണ്ടു പിശാചുക്കളെ ബഹിഷ്കരിച്ചും (ലൂക്കാ 11:20) അതിന്‍റെ മഹത്ത്വം പ്രകാശിപ്പിക്കും. വിശ്വാസംവഴി പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവിനെ മാത്രം ആരാധിക്കുന്നതിലാണ്, അവിടുത്തെ അധികാരത്തിനുമാത്രം അധീനപ്പെടുത്തുന്നതിലാണ്, ക്രിസ്തുവിന്‍റെ രാജ്യത്തിന്‍റെ മഹത്ത്വപ്രകാശനം പൂര്‍ണമാകുന്നത് (അപ്പ 24:14; 26:18). "നിന്‍റെ ദൈവമായ കര്‍ത്താവിനെ മാത്രം ആരാധിക്കണം; അവനെ മാത്രമേ ആരാധിക്കാവൂ" എന്ന ദൈവവചനം (നിയമ 6:13) ഉദ്ധരിച്ച് ഇവിടെയും യേശു വിജയം നേടുന്നു. സര്‍വജനതകളുടെയുംമേല്‍ പിതാവായ ദൈവത്തിന്‍റെ സാര്‍വ്വത്രിക വാഴ്ച (ദൈവഭരണം) പുനഃസ്ഥാപിക്കുകയാണ് ദൈവദാസനെന്ന നിലയില്‍ യേശുവിന്‍റെ ദൗത്യം. നിയമനവേളയില്‍ പ്രഖ്യാപിക്കപ്പെട്ടതുപോലെ, ദൈവം പ്രസാദിച്ചിരിക്കുന്ന ദൈവദാസനെന്ന നിലയിലുള്ള തന്‍റെ അനന്യതയോടു വിശ്വസ്തത പുലര്‍ത്തേണ്ടതുണ്ടെന്ന് യേശുവിന് അറിയാമായിരുന്നു.
യേശു പരീക്ഷിക്കപ്പെടുന്നത് (പെയിറാസ് മെനൊസ്) അവന്‍റെ ശിഷ്യര്‍ അഭിമുഖീകരിക്കാനിരിക്കുന്ന പരീക്ഷയുടെ (പെയിറാസ്മൊസ്) മുന്‍കുറിയും ആരംഭവുമാണ്. "നിന്‍റെ ദൈവമായ കര്‍ത്താവിനെ മാത്രം ആരാധിക്കണം; അവനെ മാത്രമേ ആരാധിക്കാവൂ" എന്ന് യേശു ഉദ്ധരിച്ച ദൈവവചനം (ലൂക്കാ 4:8) അവര്‍ അനുസരിക്കും. യേശു തന്‍റെ ശുശ്രൂഷ ജറുസലേമില്‍ പൂര്‍ത്തിയാക്കി സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടപ്പോള്‍ അവര്‍ അവനെ ആരാധിച്ച് പ്രസ്തുതകല്പന നിറവേറ്റുന്നു (ലൂക്കാ 24:52; അപ്പ 24:14).
4:9-12: മൂന്നാം പരീക്ഷ: ലൂക്കാ മൂന്നാം പരീക്ഷ ജറുസലേമില്‍ ക്രമീകരിച്ചതിനു വ്യക്തമായ പ്ലാനുണ്ടെന്നു നാം മുകളില്‍ കണ്ടു. അത്, പരസ്യശുശ്രൂഷയുടെ പരിപൂര്‍ത്തിയില്‍ യേശുവിനു ജറുസലേമില്‍ നേരിടാനുള്ള വലിയ പരീക്ഷയെ മുന്‍കൂട്ടി സൂചിപ്പിക്കുന്നു. പിശാച് യേശുവിനെ ജറുസലേമിലേക്ക് ആനയിച്ച് ദേവാലയഗോപുരത്തിന്‍റെ ശൃംഗത്തില്‍ നിര്‍ത്തിക്കൊണ്ടാണ് പരീക്ഷിക്കുന്നത്. ജറുസലേമില്‍ പൂര്‍ത്തിയാകുന്നതായാണല്ലോ യേശുവിന്‍റെ വഴി ലൂക്കാ സുവിശേഷകന്‍ അവതരിപ്പിക്കുന്നത്. ജറുസലേമില്‍ യേശുവിനു ധാരാളം പരീക്ഷകള്‍ നേരിടേണ്ടതുണ്ട്. അവിടെയാണ് യൂദാസിനെ സാത്താന്‍ തന്‍റെ പിടിയലമര്‍ത്തുന്നത് (22:3). ജറുസലേം മൂലം ഭൂമി മുഴുവന്‍ അന്ധകാരത്തിന്‍റെ ആധിപത്യത്തിലാകും (22:53;23:44).
മൂന്നാം പരീക്ഷ പുത്രനായ യേശുവിനും അവന്‍റെ ദൗത്യത്തിനും വലിയ ഭീഷണിയുയര്‍ത്തുന്ന ഒന്നാണ്. ഇവിടെ പിശാചിന്‍റെ സമീപനത്തില്‍ത്തന്നെ വലിയ മാറ്റം കാണുന്നു. ഏറ്റവും ശ്രദ്ധേയമായ കാര്യം, പിശാച് സങ്കീ 91:11-12 ഉദ്ധരിച്ചുകൊണ്ടാണ് യേശുവിനെ പരീക്ഷിക്കുന്നത്. അതും, ദേവാലയഗോപുരത്തില്‍! സങ്കീര്‍ത്തനാലാപനത്തിന്‍റെ ആലയമാണല്ലോ ദേവാലയം. മാത്രമല്ല, ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് അവിടുന്നു സംരക്ഷണം വാഗ്ദാനം ചെയ്യുന്ന സങ്കീര്‍ത്തനഭാഗമാണ് പിശാച് ഉദ്ധരിക്കുന്നത്. അവനതു ചെയ്യുന്നത് ദൈവവിശ്വാസി ദൈവത്തില്‍നിന്നുള്ള സംരക്ഷണത്തിന്‍റെ ഏറ്റവും ഉറച്ച സങ്കേതസ്ഥാനമായി ആശ്രയിക്കുന്ന ദേവാലയത്തിന്‍റെ ഗോപുരത്തില്‍ത്തന്നെ! അവിടെ ഏറ്റവും കൃത്യമായി തിരുഗ്രന്ഥമുദ്ധരിക്കാന്‍തക്ക പാണ്ഡിത്യമുള്ളയാളായി പിശാച് യേശുവിനെ പരീക്ഷിക്കുന്നു.
മനുഷ്യനായ യേശുവിന്‍റെ ദൈവപുത്രത്വം തെളിയിക്കാന്‍ സാത്താന്‍ ആവര്‍ത്തിക്കുന്ന ഈ വെല്ലുവിളിയില്‍ അവന്‍ യേശുവിന്‍റെ യഥാര്‍ത്ഥ ദൈവവിശ്വാസവും, ദൈവത്തെത്തന്നെയും പരീക്ഷിക്കുന്നു. തന്നില്‍ വിശ്വസിക്കുന്ന, തന്നില്‍ പൂര്‍ണമായി ആശ്രയിക്കുന്ന, വിശ്വാസിയെ സംരക്ഷിക്കുന്നവനാണ് ദൈവമെന്നു തെളിയിക്കാനുള്ള പരീക്ഷണം നടത്താനാണ് പിശാച് യേശുവിനോട് നിര്‍ദ്ദേശിക്കുന്നത്. അതില്‍ ദൈവത്തിന്‍റെ വിശ്വസ്തതയും പരീക്ഷിക്കപ്പെടും. യേശുവിനെ സംബന്ധിച്ച,് താന്‍ ദൈവപുത്രനാണെന്നും ദൈവം വാഗ്ദാനങ്ങളില്‍ വിശ്വസ്തനാണെന്നും തെളിയിക്കാന്‍ ദൈവത്തെ ധിക്കരിച്ചും പരീക്ഷിച്ചും കാര്യങ്ങള്‍ ചെയ്യേണ്ടതില്ല. ദൈവത്തെ അനുസരിക്കുക മാത്രമാണു വേണ്ടത്. "നിന്‍റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുത്" എന്നു ദൈവവചനമുണ്ട് (നിയ 6:16) യേശു ദൈവത്തെ അനുസരിച്ചു മാത്രമേ പ്രവര്‍ത്തിക്കൂ. അവിടുത്തെ മാത്രമേ അനുസരിക്കൂ. ഇക്കാര്യം ഉറപ്പിക്കാന്‍ അവന്‍ ദൈവവാക്ക് ഉദ്ധരിച്ചു: "നിന്‍റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുത്" (നിയ 6:16).
ദേവാലയത്തിന്‍റെ ഉന്നതിയില്‍ എന്നും ആയിരിക്കാനുള്ളവനാണല്ലോ യേശു. ശുശ്രൂഷയുടെ അവസാനം ഉയരങ്ങളിലേക്ക് യേശു എടുക്കപ്പെടും (ലൂക്കാ 24:51). ഈ വസ്തുതയും വൈരുദ്ധ്യാത്മകമായി മൂന്നാം പരീക്ഷ സൂചിപ്പിക്കുന്നു.
4:13: "നിശ്ചിത കാലംവരെ പിശാച് അവനെ വിട്ടുപോയി": നിശ്ചിതകാലം (കയ്റൊസ്) രക്ഷാകരമായ ദൈവിക ഇടപെടലിന്‍റെ സമയമാണ്(കാലമാണ്). യേശുവിന്‍റെ പെസഹായുടെ - കടന്നുപോക്കിന്‍റെ - കാലം (കയിറൊസ്) അടുത്തപ്പോള്‍ (22:14,1) യൂദാസില്‍ സാത്താന്‍ പ്രവേശിച്ചു. നിശ്ചിതകാലം വന്നുചേര്‍ന്നു. അത് യേശുവിന്‍റെ സഹന മരണോത്ഥാനത്തിന്‍റെ കാലമാണ്. പക്ഷേ, അതുവരെ പിശാച് മാറിനിന്നെന്നല്ല. യേശുവിന്‍റെ ജീവിതത്തിലുടനീളം പിശാചിനോട് എതിരിടേണ്ടതുണ്ടായിരുന്നു (ഉദാ. ലൂക്കാ 10:18; 11:14-23). യേശുവിന്‍റെ പീഡാനുഭവം സാത്താനുമായുള്ള യുദ്ധത്തിന്‍റെ മൂര്‍ദ്ധന്യമായിരുന്നു. സാത്താന്‍ സര്‍വസന്നാഹങ്ങളോടും കൂടെ യേശുവിനോടു യുദ്ധം ചെയ്യുന്ന സമയം.
വിചിന്തനം: "കല്ല് അപ്പമാക്കുക" - പ്രകൃതിയിലുള്ള കല്ലും മണ്ണും മരവും എല്ലാമെല്ലാം മനുഷ്യനു തിന്നാവുന്നതാക്കിക്കിട്ടാനുള്ള മനുഷ്യന്‍റെ അടങ്ങാത്ത ആര്‍ത്തി പ്രകൃതിയുടെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണല്ലോ. ഭാവി തലമുറയ്ക്കുവേണ്ടി കല്ലു കല്ലായും മണ്ണു മണ്ണായും മരം മരമായും അവശേഷിപ്പിക്കേണ്ടേ? വരും തലമുറകള്‍ക്കുവേണ്ടിയുള്ളത് കവര്‍ന്നെടുക്കാന്‍ ഈ തലമുറയ്ക്ക് എന്തവകാശം? ആര് അധികാരം നല്‍കി? ഗാന്ധിജി പറഞ്ഞത് ഓര്‍ക്കുക: എല്ലാവരുടെയും ആവശ്യത്തിനുള്ള വകകള്‍ ഈ ഭൂമിയില്‍ ദൈവം ക്രമീകരിച്ചിട്ടുണ്ട്. പക്ഷേ, ആരുടെയും അത്യാര്‍ത്തിക്കു വകയില്ല. നമ്മുടെ അത്യാര്‍ത്തിയാണ് ഭൂമിയിലെ സകല പ്രശ്നങ്ങള്‍ക്കും മൂലകാരണം.
ദൈവത്തെ മാറ്റി നിര്‍ത്തി ആധുനിക ശാസ്ത്ര-സാങ്കേതിക വിദ്യകൊണ്ടു കല്ലുകളെല്ലാം അപ്പമാക്കിത്തരാമെന്നു മനുഷ്യകുലത്തെ വ്യാമോഹിപ്പിക്കുന്നവര്‍ ഭൂമിയില്‍ ഉണ്ടായിരുന്ന അപ്പവും കല്ലുകളാക്കിത്തീര്‍ത്ത ചിത്രമാണ് ഇപ്പോള്‍ ലോകത്തു തെളിഞ്ഞു വരുന്നത്. എന്നിട്ട്, "ഈ കല്ല് അപ്പമാക്കുക" എന്ന നിര്‍ദ്ദേശം ഇന്നും യേശുവിനോട്, സഭയോട്, ആവര്‍ത്തിക്കപ്പെടുന്നു. നീ ദൈവത്തിന്‍റെ വചനം പറയാതെ, ദൈവഹിതത്തെ (ദൈവ ഭരണത്തെ)പ്പറ്റി പറയാതെ, ലോകത്തിലെ മനുഷ്യരുടെ പട്ടിണി മാറ്റാന്‍ പ്രവര്‍ത്തിക്കുക. ഇപ്പോളിതാ ആഫ്രിക്കയില്‍ ലക്ഷക്കണക്കിനാളുകള്‍ വെള്ളമില്ലാഞ്ഞു നാടുപേക്ഷിച്ചോടുന്നു. അവര്‍ക്കു വെള്ളം കൊടുക്ക്. ബൈബിള്‍ വചനം ഉരുവിട്ടുകൊണ്ടിരുന്നാല്‍ ഭക്ഷണം കിട്ടുമോ? ജലം ലഭിക്കുമോ? മനുഷ്യന്‍ ദൈവത്തെയും ദൈവവചനത്തേയും അവഗണിച്ച്, ഭൗതിക ശാസ്ത്രത്തിന്‍റെ പരീക്ഷണശാലയ്ക്കു വിധേയപ്പെടാത്ത ദൈവത്തെ നിഷേധിച്ച്, പ്രകൃതിയില്‍ സംസാരിക്കപ്പെടുന്ന ദൈവവചനം ശ്രവിക്കാതെ, ഭക്ഷണവും ജലവും എല്ലാവര്‍ക്കും എത്തിക്കാന്‍ ശ്രമിച്ചതിന്‍റെ പരിണിതഫലമല്ലേ ഇന്നും മനുഷ്യക്കൂട്ടങ്ങള്‍ പട്ടിണി കിടക്കുകയും ഭൂമി വരളുകയും ചെയ്യുന്നത്? ദൈവവചനമനുസരിച്ചു ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്താല്‍ എല്ലാവര്‍ക്കും തൃപ്തിയുണ്ടാകുകയും, ഭക്ഷണം മിച്ചം വരികയും ചെയ്യും.
യേശുവിന്‍റെ മരുഭൂപരീക്ഷയ്ക്കു രക്ഷാകരമായ മാനവുമുണ്ടെന്ന് ഒന്നാം പരീക്ഷയുടെ വ്യാഖ്യാനത്തില്‍ത്തന്നെ കണ്ടതാണ്. അത് രണ്ടും മൂന്നും പരീക്ഷകളിലും കൂടുതല്‍ മിഴിവാര്‍ന്നു. യേശുവിന്‍റെ ഈലോകശുശ്രൂഷയില്‍ അവനില്‍ നിറവേറിയ രക്ഷാകര സംഭവങ്ങളുടെ ഒരു വിഷ്കംഭമാണ് മരുഭൂപരീക്ഷ. യേശു ഈലോകശുശ്രൂഷയിലുടനീളം പിശാചിന്‍റെ പരീക്ഷകളിലൂടെയാണ് അവയുടെ മൂര്‍ദ്ധന്യവും പാതാളവും, മനുഷ്യവംശത്തിനും പ്രപഞ്ചത്തിനും രക്ഷയുടെ വഴിയുമായി കുരിശിലേറിയത്. അവന്‍ പരീക്ഷകളുടെ നരകകവാടത്തിനുള്ളില്‍ ഇറങ്ങുകയും അവിടെനിന്നും കയറുകയും ചെയ്തത്, പരീക്ഷകളുടെ മേഖലകളില്‍ കൈനീട്ടി മനുഷ്യരെ സഹായിക്കാനാണ്. ഈ വസ്തുത ഹെബ്രായ ലേഖനകര്‍ത്താവ് വ്യാഖ്യാനിച്ചുതരുന്നുണ്ടല്ലോ: "അവന്‍ പീഡസഹിക്കുകയും പരീക്ഷിക്കപ്പെടുകയും ചെയ്തതുകൊണ്ട് പരീക്ഷിക്കപ്പെടുന്നവരെ സഹായിക്കാന്‍ അവനു കഴിയുമല്ലോ" (ഹെബ്രാ 2:18). "നമ്മുടെ ബലഹീനതകളില്‍ നമ്മോടൊത്തു സഹതപിക്കാന്‍ കഴിയാത്ത ഒരു പ്രധാനപുരോഹിതനല്ല നമുക്കുള്ളത്. പിന്നെയോ, ഒരിക്കലും പാപം ചെയ്തിട്ടില്ലെങ്കിലും എല്ലാം കാര്യങ്ങളിലും നമ്മെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവന്‍" (ഹെബ്രാ 4:15). പരീക്ഷകളാകുന്ന സഹനങ്ങളെ പരിശുദ്ധാത്മനിറവാലും പിതാവിലുള്ള വിശ്വാസത്താലും നേരിട്ടു വിജയിച്ച യേശു മനുഷ്യന്‍റെ മാനം വാനോളമുയര്‍ത്തി. ജോബിന്‍റെ ചരിത്രത്തിന്‍റെ പുത്തന്‍ പതിപ്പ് യേശു പ്രകാശനം ചെയ്തു.
ദേവാലയത്തിന്‍റെ (ആത്മീയതയുടെ) അത്യുന്നതങ്ങളില്‍ ആയിരിക്കുമ്പോഴും പൈശാചിക പരീക്ഷകള്‍ മനുഷ്യനെ വേട്ടയാടാം.
The Gospel of Luke The Test of the Desert (4: 1-13) Rev. Dr. Joseph Pamplany gospel of luke luke catholic malayalam Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206