x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. ലൂക്കായുടെ സുവിശേഷം, ജറീക്കോയിലെ വഴിയും സിക്കമൂര്‍മരവും (ലൂക്കാ 18:35-19:10)

Authored by : Rev. Dr. Joseph Pamplany On 06-Feb-2021

യേശുവിനെ കാണാനാഗ്രഹിച്ച രണ്ടുപേര്‍ക്ക് അതിനുള്ള അവസരം ഒരുക്കപ്പെടുന്നതിന്‍റെ വ്യത്യസ്തവിവരണങ്ങളാണ് ഈ വചനഭാഗത്തെ പ്രമേയം. രണ്ടുപേരുടെയും പ്രശ്നം ശാരീരികവൈകല്യങ്ങളായിരുന്നു. ഒരുവന്‍ അന്ധനും  അപരന്‍ കുള്ളനുമായിരുന്നു. രണ്ടുപേരും ജറീക്കോ നിവാസികളായിരുന്നു. അന്ധന്‍ ഭിക്ഷാടകനായിരുന്നെങ്കില്‍ സക്കേവൂസ് ധനികനായിരുന്നു. എന്നാല്‍ വിവരണത്തിനൊടുവില്‍ സക്കേവൂസും നിസ്വനായി മാറുന്നുണ്ട്. രണ്ടുപേരും കടന്നുപോകുന്നവനായ കര്‍ത്താവിനെയാണ് (18:36;19:4) കണ്ടുമുട്ടുന്നത്. "കടന്നുപോകുന്ന കര്‍ത്താവ്" എന്ന പദപ്രയോഗം അര്‍ത്ഥവത്താണ്. ഈജിപ്തിലൂടെ സംഹാരദൂതന്‍ കടന്നുപോയ പെസഹായുടെ (കടന്നുപോകല്‍) ഓര്‍മ്മ ഉണര്‍ത്തുന്നതാണ് ഈ സൂചന. വിശ്വാസിക്ക് രക്ഷയും അവിശ്വാസിക്കു വിനാശവുമായാണ് സംഹാരദൂതന്‍ കടന്നുപോയത്. എന്നാല്‍ പുതിയനിയമത്തില്‍ കടന്നുപോകുന്ന കര്‍ത്താവ് രക്ഷ നല്‍കുന്നത് വിശ്വാസിക്കുമാത്രമല്ല (18:35-43); അവിശ്വാസിയെ വിളിച്ചിറക്കി അവിടുന്ന് അവനെ രക്ഷയിലേക്ക് ആനയിക്കുന്നു (19:1-10).

വൈകല്യങ്ങള്‍ അനുഗ്രഹമാകുമ്പോള്‍

അന്ധതയെ വൈകല്യങ്ങളുടെ മാതാവായി വിശേഷിപ്പിക്കാവുന്നതാണ്. പ്രകാശവും നിറങ്ങളും നിലാവും അന്യമാക്കുന്ന അന്ധത തികച്ചും സങ്കടകരമാണ്. സക്കേവൂസിന്‍റെ കുള്ളന്‍ പ്രകൃതിയും അപരിഹാര്യമായ വൈകല്യമാണ്. കോംപ്ലാന്‍ കുടിച്ചാല്‍ കുട്ടിക്ക് പരസ്യത്തില്‍ മാത്രമേ പൊക്കം വയ്ക്കാറുള്ളൂ, ജീവിതത്തില്‍ കുള്ളന്‍ കുള്ളന്‍തന്നെയാണ്.

എന്നാല്‍, യഥാര്‍ത്ഥവൈകല്യം തങ്ങളുടെ അംഗവൈകല്യമല്ല എന്ന് തിരിച്ചറിയുന്നിടത്താണ് സുവിശേഷകന്‍ കഥയുടെ മര്‍മ്മം ഒളിപ്പിച്ചിരിക്കുന്നത്. യേശുവിനെ കാണാനാകുന്നില്ല, അവനില്‍ വിശ്വസിക്കാനാകുന്നില്ല എന്നതായിരുന്നു അവരുടെ യഥാര്‍ത്ഥ വൈകല്യം. മനുഷ്യന് ഒരേയൊരു വൈകല്യമേ അടിസ്ഥാനപരമായുള്ളൂ; തന്‍റെ ഉടയവനായ ദൈവത്തെ തിരിച്ചറിയാനോ അവിടുത്തെ സ്നേഹം അനുഭവിക്കാനോ കഴിയാത്ത അവസ്ഥയാണ് ഈ വൈകല്യം.

മോശ വിക്കനായതിനെക്കുറിച്ച് യഹൂദ പാരമ്പര്യത്തില്‍ ഒരു കഥയുണ്ട്. ഫറവോയുടെ കൊട്ടാരത്തിലായിരിക്കവേ ബാലനായ മോശ ഫറവോയുടെ കിരീടമെടുത്ത് ഒരുനാള്‍  തലയില്‍വച്ചു. രാജസഭ ഇതുകൊണ്ട് ഇളകിവശായി. രാജാവിനു ഭീഷണിയാകുന്ന ഹെബ്രായബാലനെ കൊല്ലണമെന്ന് സകലരും വാദിച്ചു. ബാലാം എന്ന പണ്ഡിതന്‍ പറഞ്ഞു: ഇവന്‍ ബോധപൂര്‍വ്വം ചെയ്തതാണോ എന്ന് പരീക്ഷിച്ചറിഞ്ഞശേഷം കൊല്ലാം. പരീക്ഷണമിതായിരുന്നു: ഒരു രത്നവും തീക്കട്ടയും കുട്ടിക്കു മുന്നില്‍ വയ്ക്കും. രത്നമാണ് കുട്ടിയെടുക്കുന്നതെങ്കില്‍ അവനെ കൊല്ലും; തീക്കട്ടയാണെടുക്കുന്നതെങ്കില്‍ അവനെ ശിക്ഷിക്കില്ല. രത്നമെടുക്കാനാഞ്ഞ കുട്ടിയുടെ കൈ മാലാഖ തീക്കട്ടയിലേക്കു നീക്കി. അതെടുത്തു വായിലിട്ട മോശ വധശിക്ഷയില്‍ നിന്നു രക്ഷപ്പെട്ടു. പക്ഷേ, വിക്കനായി മാറി. കുറവുകള്‍ക്കെല്ലാം പിന്നില്‍ ദൈവത്തിനു മാത്രമറിയാവുന്ന രക്ഷയുടെ കഥകളുണ്ട്. അവയെ ഓര്‍ത്തു നിരാശപ്പെടേണ്ടതില്ല. സര്‍വ്വപരിപാലകനായവനെ തിരിച്ചറിയാനും സ്നേഹിക്കാനുമുള്ള നിമിത്തങ്ങളായി കുറവുകളെ മനസ്സിലാക്കണം. താന്‍ വിക്കനാണെന്ന സത്യം മോശയെ എളിമയും ദൈവാശ്രയബോധവുമുള്ളവനുമാക്കി. സഹോദരങ്ങളോടു കൂട്ടുചേര്‍ന്നാണ് പ്രവര്‍ത്തിക്കേണ്ടത് എന്ന തിരിച്ചറിവും മോശയ്ക്കു ലഭിച്ചത് തന്‍റെ വൈകല്യത്തില്‍ നിന്നാണ്. ജറീക്കോയിലെ അന്ധന്‍റെയും സക്കേവൂസിന്‍റെയും വൈകല്യങ്ങള്‍ ദൈവാനുഭവത്തിനുള്ള നിമിത്തങ്ങളായിരുന്നു. കുറവുകളുടെ മുറിവുകള്‍ കൃപയുടെ പ്രകാശം കാണാനുള്ള വാതായനങ്ങളാണ് എന്ന തിരിച്ചറിവാണ് രക്ഷാകരമായ ആത്മീയത.

നിലവിളിയും നിഗൂഢതയും

അന്ധന്‍ രക്ഷയ്ക്കുവേണ്ടി നിലവിളിച്ചു പ്രാര്‍ത്ഥിക്കുമ്പോള്‍ (18:39) സക്കേവൂസ് മരങ്ങള്‍ക്കിടയില്‍ മറഞ്ഞിരിക്കുകയായിരുന്നു (19:4). ആദിപാപത്തിനുശേഷം മരങ്ങള്‍ക്കിടയിലൊളിച്ച ആദിമാതാപിതാക്കളെ അനുസ്മരിപ്പിക്കുന്നതാണ് സക്കേവൂസിന്‍റെ ഇരിപ്പ്. അന്ധന്‍റെ വൈകല്യം ശാരീരികതലത്തില്‍ മാത്രം ഒതുങ്ങുന്നതായിരുന്നെങ്കില്‍ സക്കേവൂസിന്‍റെ വൈകല്യം ആന്തരികതലത്തേയും ബാധിച്ചിരുന്നു. സക്കേവൂസ് യേശുവിനെ കാണാന്‍ ആഗ്രഹിച്ചിരുന്നു (19:3). വിചാരണവേളയില്‍, ഹേറോദേസിനെക്കുറിച്ചും സമാനമായ പരാമര്‍ശം ലൂക്കാ നടത്തുന്നുണ്ട് (23:9). മാനസാന്തരത്തിനുള്ള ആദ്യചുവട് വയ്ക്കാന്‍ മനുഷ്യന്‍ സന്നദ്ധനാകണം എന്നു ദൈവം ആഗ്രഹിക്കുന്നു. അന്ധന്‍റെ നിലവിളിയും സക്കേവൂസിന്‍റെ ആഗ്രഹവും രക്ഷയിലേക്കുള്ള ആദ്യചുവടുകള്‍ ആയിപരിഗണിക്കാം. ധൂര്‍ത്തപുത്രന്‍ പന്നിക്കുഴിയില്‍ നിന്നെഴുന്നേറ്റുവരുന്നതുപോലെ ദൈവം മനുഷ്യന്‍റെ മാനസാന്തരത്തിന്‍റെ ആദ്യചുവടിനായി കാത്തിരിക്കുകയാണ്. ആത്മരക്ഷക്ക് സ്വന്തം തീരുമാനം അനിവാര്യമാണ്.

സക്കേവൂസ് എന്ന പേരിന് "നീതിമാന്" എന്നാണര്‍ത്ഥം. എന്നാല്‍ പേരിനെ പരിഹസിക്കുന്ന പ്രവൃത്തിയായിരുന്നു സക്കേവൂസിന്‍റേത്. അന്യായങ്ങളുടെ അറപ്പുരയായിരുന്നു സക്കേവൂസിന്‍റെ ഹൃദയവും ഭവനവും. സ്വാര്‍ത്ഥതയുടെ അറപ്പുരയിലെ കിളിവാതില്‍ ഒന്നു മെല്ലെത്തുറക്കാന്‍ തീരുമാനിച്ച നിമിഷം അവന്‍ രക്ഷയുടെ നറുനിലാവിലേക്കു നീക്കിനിര്‍ത്തപ്പെട്ടു.

വിശ്വാസവും അബ്രാഹത്തിന്‍റെ സന്തതികളും

അന്ധന്‍റെ നിലവിളിക്ക് യേശു ഉത്തരം കൊടുക്കുന്നു. തന്‍റെ പക്കലെത്തുന്ന എല്ലാനിലവിളികള്‍ക്കും ദൈവം ഉത്തരം നല്‍കുന്നുണ്ട്. അന്ധനോടുള്ള യേശുവിന്‍റെ ഉത്തരം "നിന്‍റെ വിശ്വാസംപോലെ സംഭവിക്കട്ടെ" എന്നതായിരുന്നു. എല്ലാ പ്രാര്‍ത്ഥനകളോടും ദൈവം പ്രതികരിക്കുന്നത് സമാനമായിട്ടാണ്. വിശ്വസിച്ചവര്‍ അനുഗ്രഹം പ്രാപിക്കുകയും വിശ്വസിക്കാത്തവന്‍ നിരാശരാകുകയും ചെയ്യുന്നു. പ്രാര്‍ത്ഥിക്കുന്നവ ലഭിക്കും എന്ന വിശ്വാസം അസ്തമിച്ചുകൊണ്ടിരിക്കുന്നതിനാല്‍ പ്രാര്‍ത്ഥനതന്നെ ശുഷ്കമാകുന്നു. നടപടി 12:12-15ല്‍ ഈ ആശയം വ്യക്തമാക്കുന്ന ഒരുസംഭവമുണ്ട്. പത്രോസ് കാരാഗൃഹത്തിലായപ്പോള്‍ സഭമുഴുവന്‍ മര്‍ക്കോസിന്‍റെ ഭവനത്തില്‍ സമ്മേളിച്ച് പത്രോസിന്‍റെ മോചനത്തിനായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. പ്രാര്‍ത്ഥന കേട്ട ദൈവം പത്രോസിനെ മോചിപ്പിച്ചു തിരിച്ചുകൊണ്ടുവന്നു. വാതില്‍ക്കല്‍ പത്രോസ് മുട്ടുന്നതായി അറിയിച്ച വേലക്കാരിയോട് പ്രാര്‍ത്ഥനക്കാര്‍ പറഞ്ഞു: "നിനക്കു ഭ്രാന്താണ്". പ്രാര്‍ത്ഥിച്ചിരുന്നവരിലാരും പത്രോസ് രക്ഷപെടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. വിശ്വാസംപോലെ സംഭവിക്കട്ടെ എന്ന ദൈവകല്പന ഫലദായകമാകാത്തതിനു കാരണം വിശ്വാസത്തിന്‍റെ അപര്യാപ്തതയാണ്.

സക്കേവൂസിനോടുള്ള മറുപടിയാകട്ടെ വിശ്വാസികളുടെ പിതാവായ അബ്രാഹത്തെ സാക്ഷിനിര്‍ത്തിക്കൊണ്ടുള്ളതായിരുന്നു. ഇവനും അബ്രാഹത്തിന്‍റെ മകനാണ് (19:10). ഒരുവന്‍ അബ്രാഹത്തിന്‍റെ മകനായി കരുതപ്പെടണമെങ്കില്‍ നാലു വ്യവസ്ഥകള്‍ റബ്ബിമാര്‍ നിഷ്കര്‍ഷിച്ചിരുന്നു: ഒന്നാമതായി, അബ്രാഹത്തെപ്പോലെ പ്രതീക്ഷകൈവിടാതെ ദൈവകല്പനകള്‍ കണിശമായി പാലിക്കണം. രണ്ടാമതായി, അബ്രാഹം സഹോദരനായ ലോത്തിന് നിരുപാധികം ഭൂമിവിട്ടുനല്‍കുന്നതുപോലെ തനിക്ക് അവകാശപ്പെട്ടവപോലും ദൈവസ്നേഹത്തെപ്രതി സഹോദരനു വിട്ടുനല്‍കുമ്പോള്‍ (ഉല്‍പ. 3) ഒരുവന്‍ അബ്രാഹത്തിന്‍റെ മകനാകുന്നു. മൂന്നാമതായി, മകനെ ബലി നല്‍കാന്‍ സന്നദ്ധനായ അബ്രാഹത്തെപ്പോലെ പ്രിയപ്പെട്ടവയെ ദൈവസ്നേഹത്തെപ്രതി ഉപേക്ഷിക്കാനുള്ള സന്നദ്ധത ഒരുവനെ അബ്രാഹത്തിന്‍റെ സന്തതിയാക്കുന്നു. നാലാമതായി, ഒരുവന്‍റെ യഥാര്‍ത്ഥ സമ്പത്ത് ദൈവമാണെന്ന തിരിച്ചറിവും ദൈവത്തെ മറന്ന് ചില്ലിക്കാശുപോലും സമ്പാദിക്കില്ല എന്ന നിര്‍ബന്ധബുദ്ധിയും ഒരുവനെ അബ്രാഹത്തിന്‍റെ സന്തതിയാക്കുന്നു. ഈ നാല് അര്‍ത്ഥത്തിലും സക്കേവൂസ് അബ്രാഹത്തിന്‍റെ സന്തതിയായി മാറിക്കഴിഞ്ഞിരുന്നു.

The Gospel of Luke The Road to Jericho and the Sycamore Tree (Luke 18: 35-19: 10) catholic malayalam gospel of luke luke Rev. Dr. Joseph Pamplany Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message