We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Dr. Joseph Pamplany On 06-Feb-2021
സുവിശേഷങ്ങളുടെ സുവിശേഷം എന്ന പേരില്‍ അറിയപ്പെടുന്ന ലൂക്കായുടെ സുവിശേഷത്തി ന്‍റെ 15-ാം അധ്യായം പാപികളോടുള്ള ക്രിസ്തുവിന്‍റെ വ്യവസ്ഥയില്ലാത്ത സ്നേഹം വിളിച്ചോതുന്നുണ്ട്.
ദൈനംദിന ജീവിതത്തിലെ നഷ്ടമാകലും പുനസമാഗമവും പശ്ചാത്തലമാക്കി ദൈവരാജ്യത്തിലെ പുനസമാഗമത്തെക്കുറിച്ച് ക്രിസ്തു പഠിപ്പിക്കുന്നതാണ് ധൂര്‍ത്ത പുത്രന്‍റെ ഉപമ. ഇത് ഒറ്റപ്പെട്ട കഥയല്ല. അവസാനത്തവരും അവഗണിക്കപ്പെട്ടവരും അന്യവത്കരിക്കപ്പട്ടവരും (the last, lest and the lost) എന്നും ക്രിസ്തുവിന്‍റെ സ്നേഹഭാജനങ്ങളായിരുന്നു. ലൂക്കായുടെ സുവിശേഷം 15:1-32 ല്‍ നഷ്ടമാകലും (apollumi) കണ്ടെത്തലും (heurisko) മൂന്ന് ഉപമകളിലൂടെ അവതരിപ്പിക്കുകയാണ്. അവയുടെ പൊതുഘടന ചുവടെ ചിത്രീകരിക്കുന്നു.
- ആടുകളിലൊന്ന് നഷ്ടമാകുന്നു (വാ. 4)
- കണ്ടു കിട്ടുവോളം അന്വേഷിക്കുന്നു (വാ. 4)
- കണ്ടെത്തുന്നു (വാ.5)
- കണ്ടെത്തിയതിന്‍റെ ആനന്ദം പങ്കുവയ്ക്കുന്നു (വാ.6)
- നാണയങ്ങളിലൊന്ന് നഷ്ടമാകുന്നു (വാ. 8)
- കണ്ടു കിട്ടുവോളം അന്വേഷിക്കുന്നു (വാ. 8)
- കണ്ടെത്തുന്നു (വാ. 9)
- കണ്ടെത്തിയതിന്‍റെ ആനന്ദം പങ്കുവയ്ക്കുന്നു (വാ. 9)
- പുത്രന്മാരില്‍ ഒരുവനെ "നഷ്ടമാകുന്നു" (വാ. 11-17)
- നഷ്ടമായവനുവേണ്ടി കാത്തിരിക്കുന്നു
- നഷ്ടമായവനെ കണ്ടെത്തുന്നു (വാ. 24)
- കണ്ടെത്തിയതിന്‍റെ ആനന്ദം പങ്കിടുന്നു (25-ളള)
ആദ്യ രണ്ട് ഉപമകളുടെ ഘടന തന്നെയാണ് ധൂര്‍ത്ത പുത്രന്‍റെ ഉപമയ്ക്കുമുള്ളത്. എന്നാല്‍ കണ്ടുകിട്ടുവോളം അന്വേഷിച്ചു നടക്കുന്ന പിതാവിനെ ഈ ഉപമയില്‍ കാണുന്നില്ല. പകരം അവന്‍റെ തിരിച്ചു വരവിനായി വഴിക്കണ്ണുമായി കാത്തിരിക്കുന്ന പിതാവിനെയാണ് ക്രിസ്തു അവതരിപ്പിക്കുന്നത്. തിരികെ വരാനുള്ള തീരുമാനമെടുക്കാന്‍ കഴിവില്ലാത്ത നാണയത്തെയും ആടിനെയും തേടിപ്പോകുന്നവന്‍ തീരുമാനത്തിനു സ്വാതന്ത്ര്യമുള്ള പുത്രന്‍റെ തിരിച്ചു വരവിനായി കാത്തിരിക്കുകയാണ്. മാനസാന്തരം വൈയക്തിക തിരിച്ചറിവിനാല്‍ പ്രേരിതമായുള്ള തിരിച്ചു നടത്തമാണ്. സ്വയം തിരിച്ചറിയാത്തവനെ പരപ്രേരണയാല്‍ മാത്രം മാനസാന്തരപ്പെടുത്താന്‍ ആവില്ല എന്ന് ക്രിസ്തുവിന് അറിയാം. തീരുമാനത്തിന് പരപ്രേരണ സഹായകമാകാം. പക്ഷേ ഒരുവനുവേണ്ടി തീരുമാനമെടുക്കാന്‍ അവനല്ലാതെ ദൈവത്തിനുപോലുമാവില്ല എന്നതാണ് സത്യം. നിന്‍റെ അനുവാദം കൂടാതെ നിന്നെ സൃഷ്ടിച്ചവന് നിന്‍റെ അനുവാദം കൂടാതെ നിന്നെ രക്ഷിക്കാനാവില്ല എന്ന് ആഗസ്തീനോസ് പുണ്യവാന്‍ പറഞ്ഞതിന്‍റെ പൊരുളും മറ്റൊന്നല്ല.
പുത്രത്വവും സാഹോദര്യവും
ഈ ഉപമ പരമ്പരാഗതമായി ധൂര്‍ത്ത പുത്രന്‍റെ ഉപമ എന്ന പേരിലാണ് അറിയപ്പെടുന്നത്. എന്നാല്‍ ഉപമയുടെ ആദ്യഭാഗത്തെ മാത്രമേ ഈ പേര് ഊന്നിപ്പറയുന്നുള്ളൂ. കോപിഷ്ഠനായ ഒരു ജ്യേഷ്ഠന്‍റെയും, രണ്ടു മക്കളെയും നെഞ്ചോടു ചേര്‍ക്കാന്‍ മോഹിക്കുന്ന ഒരു പിതാവിന്‍റെയും കൂടി കഥയാണിത്. "ധൂര്‍ത്തപുത്രനും മൂത്തപുത്രനും കാത്തിരിക്കുന്ന പിതാവും" എന്ന ശീര്‍ഷകമാവും ഈ കഥയുടെ അന്തസ്സത്തയെ സ്പഷ്ടമായി വെളിപ്പെടുത്തുന്നത്.
മക്കളിരുവരെയും "പുത്രന്മാരായാണ്" ക്രിസ്തു അവതരിപ്പിക്കുന്നത്, സഹോദരന്മാരായല്ല. പിതാവിനോടുള്ള ബന്ധമാണ് പുത്രത്വം. അതു സഹജമാണ്. എന്നാല്‍ പുത്രന്മാര്‍ സഹോദരന്മാരാകുന്നത് നീണ്ട പ്രക്രിയയിലൂടെയാണ്. പിതാവിനോടുള്ള ബന്ധവും പരസ്പരബന്ധവും അറിയുന്നതിന് ആനുപാതികമായാണ് സാഹോദര്യം രൂപം കൊള്ളുന്നത്. ഒരേ അപ്പന്‍റെ മക്കളായിട്ടും സഹോദരന്മാരായി വളരാന്‍ കഴിയാത്ത എത്രയോ സഹജന്മാരുണ്ട്. ജന്മം കൊണ്ടു ലഭിച്ച പുത്രത്വത്തെ കര്‍മ്മം കൊണ്ട് സാക്ഷാത്കരിക്കുമ്പോഴാണ് സാഹോദര്യം രൂപം കൊള്ളുന്നത്. കായേനും ആബേലും, ഇസ്മായേലും ഇസഹാക്കും, ഏസാവും യാക്കോബും, ജോസഫും ജ്യേഷ്ഠന്മാരും എല്ലാം സാഹോദര്യത്തിലേക്കു വളരാന്‍ കഴിയാഞ്ഞ സഹജന്മാരായിരുന്നു. ഈ ബൈബിള്‍ പാരമ്പര്യത്തിന്‍റെ ചുവടുപിടിച്ചാണ് ധൂര്‍ത്തപുത്രന്‍റെ കഥയും അവതരിപ്പിക്കുന്നത്. പഴയനിയമ വിവരണങ്ങളിലെല്ലാം നാട്ടുനടപ്പിനു വിരുദ്ധമായി ഇളയവന്‍റെ പക്ഷം ചേരുന്ന ദൈവത്തെയാണ് നാം കണ്ടുമുട്ടുന്നത്. ആബേലും ഇസഹാക്കും യാക്കോബും ജോസഫുമൊക്കെ ദൈവപ്രീതി നേടിയ ഇളയവരായിരുന്നു. ഈ ഉപമയിലും പിതാവിന്‍റെ പ്രീതി അന്തിമമായി ഇളയവന്‍ നേടി എന്ന വ്യംഗ്യാര്‍ത്ഥം യേശു സമര്‍ത്ഥമായി അവതരിപ്പിക്കുന്നുണ്ട്.
ഉപമയുടെ ആദ്യഭാഗത്ത് ഇളയവനും രണ്ടാം ഭാഗത്ത് മൂത്തവനും പിതാവിനോട് സംസാരിക്കുന്നു. ഇവര്‍ രണ്ടുപേരും തമ്മില്‍ സംസാരിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.
ഒന്നാം ഭാഗം (15:11-24)
- ഇളയ പുത്രന്‍റെ അഭ്യര്‍ത്ഥന (വാ. 12)
- ഇളയവന്‍റെ ആത്മഗതം (വാ. 17-19)
- ഇളയവന്‍റെ ഏറ്റുപറച്ചില്‍ (വാ. 21)
- പിതാവിന്‍റെ പ്രതികരണം (വാ. 22-24)
രണ്ടാം ഭാഗം (15:25-32)
- മൂത്തപുത്രന്‍ വേലക്കാരനുമായുള്ള സംഭാഷണം (വാ. 27)
- മൂത്തപുത്രന്‍ പിതാവിനോട് കയര്‍ക്കുന്നു (വാ. 29-30)
- പിതാവിന്‍റെ പ്രതികരണം (വാ. 31-32)
സ്വന്തം തെറ്റ് തിരിച്ചറിഞ്ഞ് ഏറ്റു പറയുന്ന ഇളയവന്‍ രക്ഷ പ്രാപിക്കുമ്പോള്‍ സ്വന്തം നന്മയില്‍ ഊറ്റം കൊള്ളുന്ന മൂത്തപുത്രന്‍ നിരാശനാകുന്നു.
ഭവനത്തില്‍നിന്ന് പന്നിക്കുഴിയിലേക്ക്
സ്വത്തില്‍ തന്‍റെ ഓഹരി ചോദിക്കുന്ന ഇളയവന്‍ പിതാവുമായുള്ള ബന്ധം മുറിക്കുകയാണ്. യഹൂദാചാരപ്രകാരം പിതാവിന്‍റെ കാലശേഷം മാത്രമേ പുത്രന് സ്വത്തില്‍ അവകാശമുള്ളൂ (പ്രഭാ 33:20-21, 24). പിതാവിന് സ്വമനസ്സാ നേരത്തേ സ്വത്തു ഭാഗം വയ്ക്കാന്‍ നിയമം അനുശാസിച്ചിരുന്നു (B.Bat. 8.7). പിതാവിനോട് കലഹിച്ച് വീതം വാങ്ങുന്ന ധൂര്‍ത്തപുത്രന്‍ പിതാവിനെ മൃതനായിട്ടാണ് പരിഗണിക്കുന്നത് എന്നതാണ് സത്യം. മൂത്തപുത്രന് ഇരട്ടി ഓഹരി ലഭിക്കാന്‍ അവകാശമുണ്ടായിരുന്നു (നിയമ 21:17). വിരലിലെ മോതിരവും മേലങ്കിയുമൊക്കെ മൂത്തവന്‍റെ അവകാശങ്ങളാണ്, തിരിച്ചെത്തിയവന് അവയെല്ലാം പിതാവ് നല്‍കുന്നതും നാട്ടുനടപ്പിനു വിരുദ്ധമായിരുന്നു.
വീതം ലഭിച്ച ഇളയവന്‍ "ധൂര്‍ത്തനായി" (asothos) ജീവിച്ചു എന്നാണ് സുവിശേഷകന്‍ പറയുന്നത്. ഈ പദം പുതിയ നിയമത്തില്‍ മൂന്നു തവണയാണ് ഉപയോഗിച്ചിരിക്കുന്നത്.
- എഫേ 5:18 - മദ്യപാനത്തെ സൂചിപ്പിക്കുന്നു
- തീത്തോ 1:6 - കലഹ സ്വഭാവത്തെ സൂചിപ്പിക്കുന്നു
- 1 പത്രോ 4:3 - വിഗ്രഹാരാധനയെ സൂചിപ്പിക്കുന്നു
മദ്യപാനവും കലഹവും വിഗ്രഹാരാധയും ഒന്നു ചേരുമ്പോഴാണ് ഒരുവന്‍റെ ജീവിതം സമ്പൂര്‍ണ്ണമായി നഷ്ടപ്പെടുന്നതും ധൂര്‍ത്തനാകുന്നതും എന്നതാണ് ക്രിസ്തു നല്‍കുന്ന സൂചന. പിതാവിനെ മറന്നവന്‍ സ്വന്തം നിലവാരം മറക്കേണ്ടി വന്നു. അവന് യഹൂദനു നിഷിദ്ധമായ പന്നികളുമായി (ലേവ്യ 11:7; നിയ 14:8) ഒത്തു കഴിയേണ്ടി വന്നു. പന്നികളുടെ പരിചരണം യഹൂദന് ഹറാമായിരുന്നു (m. B.Oam. 7.7). പിതാവുമായുള്ള ബന്ധം നഷ്ടമായവന്‍ നാശത്തില്‍നിന്ന് നാശത്തിലേക്ക് കൂപ്പുകുത്തുന്നു.
സുബോധം പിതാവിലേക്കുള്ള വഴി
പരാജയത്തിന്‍റെ പന്നിക്കുഴിയിലും ദൈവം കാത്തിരിപ്പുണ്ടായിരുന്നു. അവിടുത്തെ സാന്നിധ്യം അവനില്‍ സുബോധമായി മാറി. സദാ കൂടെയുള്ള ദൈവത്തിന്‍റെ സാന്നിധ്യവും സ്വരവും നമുക്ക് തിരിച്ചറിയാനാവുന്നത് പലപ്പോഴും പരാജയത്തിന്‍റെ പടുകുഴിയില്‍ വച്ചായിരിക്കാം. അതിനാല്‍ വീണതിനെയോര്‍ത്തല്ല വീഴ്ചയിലും കേള്‍ക്കാതെപോയ ദൈവസ്വരത്തെ ഓര്‍ത്താണ് നാം വ്യസനിക്കേണ്ടത്. ധൂര്‍ത്തപുത്രന്‍റെ മാനസാന്തരത്തില്‍ മൂന്നു തലങ്ങളുണ്ട്: സുബോധമുണ്ടാകുന്നു, തിന്മയുടെ കുഴിയില്‍ നിന്ന് എഴുന്നേല്‍ക്കുന്നു, പിതാവിന്‍റെ ഭവനത്തിലേക്കു ചെന്ന് ഏറ്റു പറയുന്നു. ഇവയില്‍ ആദ്യത്തെ തലം ദൈവം തരുന്ന പ്രചോദനമാണ്. അവിടുന്ന് സകല പാപികള്‍ക്കും നിരന്തരം നല്‍കുന്ന പ്രചോദനം കേട്ട് പാപമുപേക്ഷിച്ച് എഴുന്നേല്‍ക്കാനും തെറ്റ് ഏറ്റുപറഞ്ഞ് അനുരഞ്ജനപ്പെടാനും മനുഷ്യന്‍ തയ്യാറാകണം. മാനസാന്തരം ദൈവികമാണെങ്കിലും അതില്‍ മനുഷ്യന്‍റെ പങ്ക് വലുതാണ്.
വഴിനോക്കിയിരിക്കുന്ന പിതാവിനോളം ഹൃദയസ്പര്‍ശിയായ ഒരു ദൈവചിത്രം ബൈബിളിലുടനീളം പരതിയാലും കാണാനാവില്ല. ദൂരെവച്ചു തന്നെ കണ്ടെത്തി ഓടിയണഞ്ഞ് വാരിപ്പുണരുന്ന പിതാവ് ദൈവസ്നേഹത്തിന്‍റെ സമ്പൂര്‍ണ്ണതയാണ്. ശിക്ഷകനും ശപിക്കുന്നവനും തലമുറകളെ തകര്‍ക്കുന്നവനുമായി ദൈവത്തെ ചിത്രീകരിക്കുന്ന ആത്മീയര്‍ മനസ്സിരുത്തി വായിക്കേണ്ടതാണ് ധൂര്‍ത്ത പുത്രന്‍റെ കഥ.
രക്ഷക്കു തടസ്സമാകുന്ന നന്മകള്‍
ഒരുപാട് നന്മകള്‍ സ്വന്തമായി ഉണ്ടായിട്ടും രക്ഷയില്‍ നിന്ന് വിദൂരസ്ഥരായി കഴിയുന്നവരുടെ പ്രതിനിധിയാണ് മൂത്തപുത്രന്‍. അവന്‍ പകലന്തിയോളം പണിയെടുക്കുന്നവനാണ്, ധൂര്‍ത്തടിക്കാത്തവനാണ്, അനുസരണയുള്ളവനാണ്, വേശ്യാസംസര്‍ഗ്ഗമില്ലാത്തവനാണ്, മദ്യപിക്കാത്തവനാണ്. എണ്ണിയാല്‍ ഒടുങ്ങാത്ത നന്മകള്‍ക്ക് ഉടമയാണ്. എന്നിട്ടും പാഴായിപ്പോകുന്ന ജീവിതം. സ്വന്തം നന്മകളുടെ തടവറ തിന്മയുടെ പന്നിക്കുഴികളേക്കാള്‍ ഭീകരമാകുന്ന അവസ്ഥയുണ്ടാകാം. സ്വന്തം നന്മകൊണ്ട് സ്വര്‍ഗ്ഗം സ്വന്തമാക്കാമെന്നു കരുതുന്ന സകലരുടെയും പ്രതിനിധിയാണവന്‍. നമ്മിലെ നന്മകളത്രയും പാഴാക്കുന്ന ദൈവമില്ലാത്ത അവസ്ഥയാണത്. കരയാനായി കുറവുകളൊന്നും കാണാത്തവന് രക്ഷ എന്നും മരീചികയായിരിക്കും. മറ്റുള്ളവരുടെ കുറവു മാത്രം കാണുന്ന കണ്ണുമായി ദൈവത്തെ തേടുന്നതിന്‍റെ നിരര്‍ത്ഥകതയാണ് ക്രിസ്തു വെളിപ്പെടുത്തുന്നത്. യഹൂദജനതയ്ക്കു പറ്റിയതും ഇന്നും അനേകം ആത്മീയര്‍ക്കു പറ്റിക്കൊണ്ടിരിക്കുന്നതുമായ അബദ്ധമാണിത്. രക്ഷക്കു തടസ്സം പാപമല്ല മറിച്ച് തന്നില്‍ പാപമില്ല എന്ന ചിന്തയാണ്.
The Gospel of Luke The Parable of the Prodigal Son (15: 11-32) Rev. Dr. Joseph Pamplany catholic malayalam gospel of luke Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206