We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Dr. Joseph Pamplany On 05-Feb-2021
പ്രവാചകര്‍ സ്വന്തം നാട്ടില്‍ അവഗണിക്കപ്പെടുന്നതിന്‍റെ കാരണം അസൂയയാണ്. തങ്ങളില്‍ ഒരുവന്‍ തങ്ങളെക്കാളും വലിയവനായി എന്നസത്യം അംഗീകരിക്കാനുളള വൈമുഖ്യമാണ് സ്വന്തം നാട് പ്രവാചകരുടെ എതിര്‍ചേരിയിലാകാന്‍ കാരണം. ഏറെനാളായി തങ്ങളിലൊരുവനായി നടന്ന നസ്രത്തിലെ തച്ചന്‍റെ മകന്‍ പെട്ടെന്നൊരുനാള്‍ താന്‍ മിശിഹായാണെന്ന് പറഞ്ഞതിന്‍റെ ഞെട്ടലും രോഷവും പ്രകടിപ്പിക്കുന്ന കഫര്‍ണാമുകാരെയാണ് സുവിശേഷം പരിചയപ്പെടുത്തുന്നത്. നാളിതുവരെ ശാന്തനായി ജീവിച്ച യേശു തന്‍റെ അസ്ഥിത്വവും ദൗത്യവും പ്രഖ്യാപിക്കുന്ന രംഗമാണ് ലൂക്കാ സുവിശേഷകന്‍ അവതരിപ്പിക്കുന്നത്.
പതിവുകള്‍ തെറ്റിക്കാത്ത ക്രിസ്തു
യേശു പതിവുപോലെ നസ്രത്തിലെ സിനഗോഗില്‍ എത്തി എന്നാണു സുവിശേഷകന്‍ പറയുന്നത്. സിനഗോഗിലെ നടപടികളെക്കുറിച്ചും സിനഗോഗ് അധികാരികളെക്കുറിച്ചും സാബത്താചരണ രീതികളെക്കുറിച്ചും യേശുവിന് തികച്ചും വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടായിരുന്നു എന്നത് സത്യമാണ്. സാബത്തില്‍ സാധുക്കളെ സഹായിക്കുന്നതിന് നിയമത്തെ ക്രിസ്തു തടസ്സമായി കണ്ടിരുന്നില്ല. അതിന്‍റെ പേരില്‍ യഹൂദ നേതൃത്വവും യേശുവും തമ്മില്‍ പലവട്ടം ഏറ്റുമുട്ടുന്നുമുണ്ട്. എന്നിട്ടും സാബത്തില്‍ പതിവുപോലെ യേശു സിനഗോഗില്‍ എത്തുന്നതായാണ് സുവിശേഷകന്‍ പറയുന്നത്. യേശുവിന്‍റെ വിപ്ലവം വൈര നിര്യാതനമായിരുന്നില്ല.
ഒരു പ്രസ്ഥാനത്തെയോ സംവിധാനത്തെയോ തിരുത്താനുളള ശരിയായ വഴിയാണ് യേശു കാണിച്ചുതരുന്നത്. നാം അംഗമായിരിക്കുന്ന പ്രസ്ഥാനത്തില്‍ ശരിയല്ലാത്തതും നമുക്കു സ്വീകാര്യമല്ലാത്തതുമായ കാര്യങ്ങള്‍ കാണുമ്പോള്‍ അതില്‍നിന്ന് അകന്നുനിന്ന് ആക്രമിക്കുന്നത് നിരുത്തരവാദപരമാണ്. അത് ശത്രുക്കളെ സഹായിക്കാന്‍ മാത്രമേ ഉപകരിക്കുകയുളളൂ. കത്തോലിക്കാസഭയില്‍ മധ്യകാലത്തു നടന്ന അരുതായ്മകളെ തിരുത്താന്‍ ലൂഥര്‍ സ്വീകരിച്ചത് ഈ മാര്‍ഗ്ഗമാണ്. അതില്‍നിന്നു മുതലെടുത്തത് സഭയുടെ ശത്രുകളായിരുന്ന യൂറോപ്യന്‍ രാഷ്ട്രീയ നേതൃത്വമായിരുന്നു. പലപ്പോഴും ഇടവകയിലോ അജപാലകരിലോ പോരായ്മ കാണുമ്പോള്‍ സഭയുടെ കൊടിയ വിമര്‍ശകരായി രൂപപ്പെടുന്നവരുണ്ട്. കൂദാശജീവിതത്തില്‍നിന്നുതന്നെ അകന്നുപോകുന്ന ഇത്തരക്കാര്‍ സഭയുടെ ശത്രുക്കളുടെ കൈകളിലെ ഉപകരണങ്ങളായി മാറുന്നതിന് എത്രയോ ദൃഷ്ടാന്തങ്ങളുണ്ട്. സിനഗോഗിലെ നടപടി ക്രമങ്ങളോടുള്ള വിയോജിപ്പിനെ ദൈവത്തോടുള്ള വിയോജിപ്പായി രൂപപ്പെടുത്തരുത് എന്ന സത്യമാണ് ഈശോ തന്‍റെ മാതൃകയിലൂടെ വെളിപ്പെടുത്തുന്നത്.
മനുഷ്യജീവിതത്തില്‍ പതിവുകള്‍ക്കു പ്രാധാന്യമുണ്ട്. പതിവുകള്‍ നന്മയായാലും തിന്മയായാലും ശീലമായി മാറുന്നു. പതിവായി മദ്യപിക്കുന്നവര്‍, പതിവായി മോഷ്ടിക്കുന്നവര്‍. തുടങ്ങിയ പരാമര്‍ശങ്ങള്‍ നമുക്കു പരിചിതമാണല്ലോ.
ആത്മീയജീവിതത്തില്‍ ചില പതിവുകള്‍ക്ക് പ്രാധാന്യമുണ്ട്. പതിവായി കുടുംബപ്രാര്‍ത്ഥന ചൊല്ലുന്നത്, പതിവായി (ഞായറാഴ്ച) കുര്‍ബ്ബാനയില്‍ സംബന്ധിക്കുന്നത്, പതിവായി ദശാംശം നല്‍കുന്നത്, നിശ്ചിത ദിവസങ്ങളിലെ നോമ്പും ഉപവാസവും പതിവായി പാലിക്കുന്നത്, പതിവായി മതബോധനം നടത്തുന്നത്, പതിവായി കുമ്പസാരിച്ചു വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്നത്, പതിവായി വാര്‍ഡു പ്രാര്‍ത്ഥനകളില്‍ പങ്കുചേരുന്നത്... പതിവുകള്‍ ലംഘിക്കപ്പെടുമ്പോള്‍ ആത്മീയതയുടെ ഊടുംപാവും നഷ്ടപ്പെടുന്നു. ആത്മീയതയുടെ കെട്ടുറപ്പ് കൈമോശം വരുന്നു. പതിവുകളെ കേവലം ആവര്‍ത്തന വിരസപ്രക്രിയയായി കരുതാതെ അവയെ ആത്മീയതയുടെ അനിവാര്യമായ ചട്ടക്കൂടായി മനസ്സിലാക്കണം.
വചനം വായിക്കുന്ന ക്രിസ്തു
സിനഗോഗിലെ സാബത്താചരണത്തില്‍ പങ്കെടുക്കുന്നവരില്‍ വചന പാരായണത്തിനു താല്പര്യമുള്ളവരെ അതിന് അനുവദിക്കുമായിരുന്നു. വായിക്കുവാനുള്ള താല്പര്യം യേശു പ്രകടമാക്കിയതിനാലാണ് വചനഗ്രന്ഥം അവനു നല്‍കപ്പെട്ടത്. സിനഗോഗില്‍ വചന വായനയ്ക്കായി എഴുന്നേറ്റു നില്‍ക്കേണ്ടതുണ്ട്. എന്നാല്‍ വചനവ്യാഖ്യാനം ഇരുന്നുകൊണ്ടാണ് നിര്‍വ്വഹിക്കേണ്ടത്. യേശു പുസ്തകം തുറന്നപ്പോള്‍ ഏശയ്യായുടെ പ്രവചനഭാഗം "കണ്ടു" എന്നാണ് സുവിശേഷകന്‍ പറയുന്നത്. ഇത് ആകസ്മികമായി കണ്ടതല്ല മറിച്ച് ബോധപൂര്‍വ്വം അന്വേഷിച്ചു കണ്ടെത്തിയതാണ് എന്ന് ക്രിയാരൂപം (എവുറെന്‍=കണ്ടുപിടിച്ചു) വ്യക്തമാക്കുന്നുണ്ട്. യേശു വായിക്കുന്നത് ഏശയ്യായുടെ പ്രവചനത്തിലെ തുടര്‍ച്ചയായ വചനഭാഗമല്ല എന്നതും ശ്രദ്ധേയമാണ്. ഏശ 61:1 ഉം 58:2 ഉം ചേര്‍ത്താണ് യേശു വായിക്കുന്നത്. വായനാഭാഗം യേശു ബോധപൂര്‍വ്വം തെരഞ്ഞെടുത്തതാണെന്നു വ്യക്തമാണ്. ബാബിലോണ്‍ പ്രവാസം കഴിഞ്ഞു മടങ്ങിയെത്തിയ യഹൂദരെ ആത്മവീര്യവും പ്രത്യാശയുമുള്ളവരാക്കാന്‍ മൂന്നാം ഏശയ്യാ നടത്തുന്ന പ്രവചനമാണ് ഈ വചനഭാഗം. പ്രവാസികള്‍ക്കു വിമോചനം വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും വീണ്ടും അവര്‍ പേര്‍ഷ്യന്‍, ഈജിപ്ഷ്യന്‍ അടിമത്തങ്ങള്‍ക്കു വിധേയമായി എന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. തന്മൂലം ഏശയ്യാ പ്രവചിച്ച യഥാര്‍ത്ഥ വിമോചനം ഇനിയും സമാഗതമായില്ല എന്നതിനെക്കുറിച്ച് യഹൂദര്‍ക്ക് ബോധ്യമുണ്ടായിരുന്നു. ഈ ചരിത്ര പശ്ചാത്തലത്തിലാണ് പ്രസ്തുത പ്രവചനം നിറവേറി എന്ന് യേശു വ്യക്തമാക്കുന്നത്.
ദരിദ്രരും ബന്ധിതരും അന്ധരും
ഏശയ്യായുടെ പ്രവചനത്തെ തന്‍റെ ദൗത്യത്തിന്‍റെ നയപ്രഖ്യാപനമായാണ് യേശു അവതരിപ്പിക്കുന്നത്. ദരിദ്രരോടുള്ള സുവിശേഷ പ്രഖ്യാപനമായാണ് യേശു തന്‍റെ ദൗത്യത്തെ അവതരിപ്പിക്കുന്നത്. ദരിദ്രര്‍ എന്നതിലൂടെ സാമ്പത്തികവും ശാരീരികവും മാനസികവും ആത്മീയവുമായ പരാധീനതകള്‍ അനുഭവിക്കുന്ന സകലരെയും ലൂക്കാ വിവക്ഷിക്കുന്നുണ്ട്. എല്ലാത്തരത്തിലുമുള്ള വേദനകളും അവഗണനകളും അനുഭവിക്കുന്നവര്‍ ലൂക്കായുടെ ദൃഷ്ടിയില്‍ ദരിദ്രരാണ്. അവരുടെ വിമോചനം എന്നതിലൂടെ മനുഷ്യന്‍റെ സമഗ്രവിമോചനമാണ് യേശുവിന്‍റെ യഥാര്‍ത്ഥ ലക്ഷ്യം എന്ന് സുവിശേഷകന്‍ വ്യക്തമാക്കുകയാണ്.
മനുഷ്യന്‍ എന്നത് ഒരു സാമ്പത്തിക ജീവിയാണ് (economic being) എന്ന മാര്‍ക്സിയന്‍ വീക്ഷണം സുവിശേഷത്തിനും യേശുവിനും അന്യമാണ്. സാമ്പത്തിക മേഖലയിലെ പ്രശ്നം പരിഹരിച്ചാല്‍ മനുഷ്യകുലത്തിന്‍റെ സകല പ്രശ്നവും തീര്‍ന്നു എന്നു തെറ്റിദ്ധരിക്കുന്നവരാണ് യേശുവിനെയും സുവിശേഷത്തെയും മാര്‍ക്സിയന്‍ കുപ്പായമണിയിക്കാന്‍ ശ്രമിക്കുന്നത്. ഫ്രാന്‍സീസ് മാര്‍പാപ്പായുടെ "സുവിശേഷത്തിന്‍റെ സന്തോഷം" എന്ന പ്രബോധനരേഖയെ ആധാരമാക്കി സഭ ഇടതുപക്ഷത്തേക്കു ചായുന്നു എന്ന് വാദിക്കുന്ന ഇടതുപക്ഷചിന്തകരെ കേരളത്തിലും കണ്ടുമുട്ടുന്നുണ്ട്. എന്നാല്‍ മാര്‍ക്സിയന്‍ സാമ്പത്തിക മനുഷ്യവീക്ഷണവും ക്രിസ്തുവിന്‍റെ സമഗ്ര മനുഷ്യവീക്ഷണവും തമ്മില്‍ അടിസ്ഥാന വ്യത്യാസങ്ങളുണ്ട്. ദാരിദ്ര്യവും രോഗവും പാപവും വിമോചനവിരുദ്ധ യാഥാര്‍ത്ഥ്യങ്ങളായാണ് സുവിശേഷകന്‍ മനസ്സിലാക്കുന്നത്. "ബന്ധിതര്‍ക്കു മോചനം" എന്ന പ്രസ്താവനയിലെ മോചനത്തെ സൂചിപ്പിക്കുവാന്‍ പാപമോചനത്തെ സൂചിപ്പിക്കുന്ന "അഫിയേമി" എന്ന പദമാണ് സുവിശേഷകന്‍ ഉപയോഗിക്കുന്നത്. കുമ്പസാരത്തിലെ പാപമോചനത്തെ സൂചിപ്പിക്കുന്ന പദമാണിത് (യോഹ 20:23) തന്മൂലം മനുഷ്യന്‍റെ ആത്മാവിനെയും ആത്മീയതയെയും പാപമോചനത്തെയും ഗൗരവമായെടുക്കാത്ത ഒരു വിമോചനപ്രസ്ഥാനങ്ങളുമായും യേശുവിന്‍റെ സുവിശേഷത്തിന് ഒത്തുപോകാനാവില്ല. അവന്‍ അണിയുന്ന ചുവന്ന മേലങ്കികണ്ട് ആരും അവനെ ഇടതുപക്ഷക്കാരനായി തെറ്റിദ്ധരിക്കേണ്ടതില്ല. അവന്‍ ഇടതുപക്ഷത്തോ വലതുപക്ഷത്തോ അല്ല മനുഷ്യപക്ഷത്താണ് നിലയുറപ്പിച്ചത്. അവന്‍റെ വിപ്ലവമാര്‍ഗ്ഗം കുരിശിന്‍റേതാണ്. അവന്‍റെ ലക്ഷ്യമാകട്ടെ ദൈവരാജ്യവും.
ഇന്ന് ഈ തിരുവെഴുത്ത് നിറവേറി
യേശുവില്‍ തിരുവെഴുത്തുകള്‍ നിറവേറുന്നു എന്നത് സുവിശേഷങ്ങളുടെ ഇഷ്ടപ്രമേയമാണ്. തിരുവെഴുത്തുകള്‍ എല്ലാം അവനെക്കുറിച്ചായിരുന്നു. അവനില്‍ നിറവേറാത്തതൊന്നും തിരുവെഴുത്തുകളല്ല എന്ന സത്യവും നാം വിസ്മരിക്കാന്‍ പാടില്ല.
സഭയില്‍ ഇന്നത്തെ പ്രശ്നവും ഇതുതന്നെയാണ്. തിരുവെഴുത്തുകള്‍ വെറും എഴുത്തുകളായി മാത്രം നിലകൊളളുന്നു. അവ നിറവേറ്റണ്ടവര്‍ അലസരാകുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പാ ഏറ്റവും നിശിതമായ ഭാഷയില്‍ വിമര്‍ശിക്കുന്നത് തിരുവെഴുത്തുകളും വിശ്വാസജീവിതവും തമ്മിലുളള അന്തരത്തെയാണ്. ദരിദ്രന്‍റെ സദ്വാര്‍ത്തയാകേണ്ട സഭ സമ്പന്നരുടെ പാദസേവകയായാല്‍ തിരുവെഴുത്ത് നിറവേറാതെ പോകും. തിരുവെഴുത്തുകള്‍ യേശുവില്‍ മാത്രം നിറവേറേണ്ടതല്ല. യേശുവിന്‍റെ തുടര്‍ച്ചയായ തിരുസഭയിലും ഓരോ വിശ്വാസിയിലും തിരുവെഴുത്തുകള്‍ നിറവേറപ്പെടേണ്ടതുണ്ട്. തിരുവെഴുത്തുകള്‍കൊണ്ട് ആരുടെയും ദാരിദ്രം മാറുന്നില്ല. മറിച്ച് തിരുവെഴുത്തുകളെ നിറവേറ്റുന്ന വ്യക്തി സാന്നിധ്യമാണു വേണ്ടത്. തിരുവെഴുത്തുകള്‍ക്ക് ഇന്ന് തെല്ലും പഞ്ഞമില്ല. എന്നാല്‍ അവ നിറവേറ്റുന്ന വ്യക്തികള്‍ക്കു വംശനാശം സംഭവിച്ചുകൊണ്ടിരിക്കുകയാണ്.
നെല്‍സന്‍ മണ്ടേലയെ ലോകം ആദരവോടെ യാത്രയാക്കിയിട്ട് നാളുകള്‍ ഏറെയായില്ല. വര്‍ണ്ണ വിവേചനം തെറ്റാണ്, മനുഷ്യര്‍ സഹോദരരാണ് എന്ന തിരുവെഴുത്തുകള്‍കൊണ്ട് കറുത്തവര്‍ഗ്ഗക്കാര്‍ക്ക് പ്രയോജനമില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. സ്വന്തം ജീവിതം കൊണ്ടു പ്രസ്തുത തിരുവെഴുത്തിനെ നിറവേറ്റാന്‍ അദ്ദേഹം തീരുമാനിച്ചു. ഗാന്ധിയും മദര്‍ തെരേസയും ഡാമിയനുമൊക്കെ തിരുവെഴുത്തുകള്‍ നിറവേറ്റിയവരാണ്; സ്വന്തം ജീവിതം വിലയായി കൊടുത്തുകൊണ്ട്. സഭയെ ക്രിസ്തു സ്ഥാപിച്ചത് തിരുവെഴുത്തുകളെ പുരാവസ്തുക്കളായി സൂക്ഷിക്കാനല്ല മറിച്ച് ജീവിതം കൊണ്ടു നിറവേറ്റാനാണ്. ഓരോ വിശ്വാസിയിലും തിരുവെഴുത്തുകള്‍ നിറവേറ്റാന്‍ യത്നിക്കണം. ഇപ്രകാരമുളള യത്നങ്ങള്‍ എതിര്‍പ്പും ശത്രുതയും ക്ഷണിച്ചു വരുത്തും. അതാണ് തുടര്‍ന്നുളള വചനഭാഗത്ത് യേശു നേരിടുന്ന സംഘര്‍ഷം. പ്രവചിക്കുന്നവനെ ജനം സ്വീകരിക്കും. എന്നാല്‍ ജീവിതം വിലകൊടുത്തു പ്രവചനം നിറവേറ്റുന്നവനെ ആദ്യം ജനം വെറുക്കും എന്നാല്‍ പിന്നീട് ആരാധിക്കും.
The Gospel of Luke the Fulfiller of Prophecy (Luke 4: 16-22) Rev. Dr. Joseph Pamplany gospel of luke luke catholic malayalam Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206