We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Dr. Joseph Pamplany On 05-Feb-2021
രാജ്യസ്നേഹികളായി റോമിനെതിരേ സ്വാതന്ത്ര്യസമരം നയിക്കുന്ന "സെലട്ടു" വിഭാഗക്കാരെ കൊന്നൊടുക്കുന്നത് പീലാത്തോസിനു മാത്രമല്ല സകല റോമന്‍ ഭരണാധിപന്മാര്‍ക്കും ഹരമായിരുന്നു. അതിരില്ലാത്ത സ്വാതന്ത്ര്യ മോഹങ്ങളെ കനിവില്ലാത്ത കുരുതികൊണ്ടാണ് അധികാരികള്‍ നേരിട്ടത്. ദൈവത്തിന്‍റെ സ്വന്തം നാടായ പലസ്തീനായുടെ മോചനത്തിനുവേണ്ടി പൊരുതിയ ധീരദേശാഭിമാനികളെ ഭരണകൂടം അരുംകൊല ചെയ്തതിനെക്കുറിച്ച് ശ്രോതാക്കള്‍ യേശുവിനോടു പരാതിപ്പെടുന്നതും അതിന് യേശുനല്‍കുന്ന മറുപടിയുമാണ് ഈ ഭാഗത്തിന്‍റെ സുവിശേഷ പ്രമേയം. മൂല്യങ്ങളുടെ മൂല്യമായി വാഴ്ത്തപ്പെടുന്ന രാജ്യസ്നേഹത്തിന്‍റെ പേരിലുള്ള നിലപാടുകള്‍ക്കുള്ള തിരിച്ചടി എന്തുകൊണ്ട് എന്നതാണ് ശ്രോതാക്കളുടെ ചോദ്യം. മറ്റൊരുഭാഷയില്‍ ചോദിച്ചാല്‍ എന്തുകൊണ്ട് തിന്മയുടെ ശക്തികള്‍ വിജയിക്കാനും നന്മ പരാജയപ്പെടാനും ദൈവം അനുവദിക്കുന്നു.
ഈ ജീവിതസമസ്യക്ക് ഉത്തരം പറയുന്നതിനു പകരം മറ്റൊരു സമസ്യ അവതരിപ്പിക്കാനാണ് യേശു ഒരുമ്പെടുന്നത്. സീലോഹായില്‍ ഗോപുരം വീണുമരിച്ച 18 പേരെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ദുരന്തങ്ങളില്‍ ജീവിതം കൈവിട്ടുപോകുന്ന മറ്റൊരു സങ്കടക്കാഴ്ചയിലേക്കാണ് യേശു ശ്രോതാക്കളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. ചുരുക്കത്തില്‍, തിന്മ വിജയിക്കുന്നത് എന്തുകൊണ്ട്? നിരപരാധികള്‍ ദുരന്തങ്ങള്‍ക്കിരയാകുന്നത് എന്തുകൊണ്ട്? എന്നീ രണ്ട് അടിസ്ഥാന സമസ്യകള്‍ ക്കുള്ള ഉത്തരമാണ് സുവിശേഷകന്‍ തേടുന്നത്.
ദൈവനീതി നീതിപൂര്‍വ്വകമാണ്
സര്‍വ്വപരിപാലകനായ ദൈവത്തിന്‍റെ കരുതലിലെ ഭംഗമായി മേല്‍പ്പറഞ്ഞ സമസ്യകളെ വ്യാഖ്യാനിക്കാനാകുമോ. താല്‍മൂദുകളിലെ ഒരു കഥ ഉദാഹരിക്കാം. ഏലിയാ പ്രവാചകന്‍ യഹൂദറബ്ബിയുമായി ദീര്‍ഘയാത്രയ്ക്കുപോയ കഥയാണിത്. ആദ്യത്തെ രാത്രിയില്‍ അവര്‍ തങ്ങിയ ദരിദ്രരായ വീട്ടുകാര്‍ ആതിഥ്യമര്യാദയില്‍ അഗ്രഗണ്യരായിരുന്നു. തങ്ങള്‍ക്കായി സര്‍വ്വതും മാറ്റിവച്ചു ശുശ്രൂഷിച്ച ആ വീട്ടുകാരുടെ ഏക ആദായമാര്‍ഗ്ഗമായിരുന്ന പശു പിറ്റേന്നു രാവിലെ ചത്തുപോയി. രണ്ടാം ദിനം രാത്രിയില്‍ പ്രവാചകനും റബ്ബിയും അന്തിയുറങ്ങിയ സമ്പന്നരായ വീട്ടുകാര്‍ സ്വാര്‍ത്ഥരും ദുഷ്ടരുമായിരുന്നു. ഭവനത്തില്‍ ഇടംകൊടുക്കാതെ അതിഥികളെ അവര്‍ കാലിത്തൊഴുത്തിലേക്കയച്ചു. അത്താഴപട്ടിണികിടന്ന പ്രവാചകന്‍ പിറ്റേന്ന് എഴുന്നേറ്റു പ്രതിനന്ദിയായി വീട്ടുകാര്‍ക്ക് തങ്ങളുടെ പഴയമതില് പുനര്‍നിര്‍മ്മിച്ചുനല്‍കി. നല്ലവര്‍ക്കു നാശവും ദുഷ്ടനു പ്രതിഫലവും നല്‍കിയ ദൈവത്തെപ്രതി പ്രവാചകനെ റബ്ബി ചോദ്യംചെയ്തു. ഏലിയാ പറഞ്ഞു: ദൈവനീതിയുടെ നിഗൂഢതയാണത്. ആദ്യ വീട്ടുകാരന്‍റെ ഭാര്യ മരിക്കേണ്ട ദിവസമായിരുന്നു ഇന്നലെ. എന്നാല്‍ അവരുടെ ആതിഥ്യ മര്യാദമൂലം ഭാര്യക്കുപകരം പശുവിന്‍റെ ജീവനെടുത്ത് ദൈവം അവരെ അനുഗ്രഹിച്ചു. രണ്ടാമത്തെ വീട്ടുകാരുടെ മതിലിനടിയില്‍ നിധി ഒളിഞ്ഞിരിപ്പുണ്ട്. മതിലുപണിയാന്‍ ഭൂമികുഴിച്ചാല്‍ അത് അവര്‍ക്ക് ലഭിക്കും. അതൊഴിവാക്കാനാണ് മതിലുനിര്‍മ്മിച്ചു നല്‍കാന്‍ ദൈവം പറഞ്ഞത്. ദൈവം ചെയ്യുന്നതു നീതിയാണോ എന്ന ചിന്ത അപ്രസക്തമാണ്. ദൈവം ചെയ്യുന്നതെന്തോ അതാണു നീതി. ദൈവനീതിയെ അളക്കാന്‍ നാം ഉപയോഗിക്കുന്ന മാനുഷികമായ അളവുകോലുകളാണ് മാറ്റേണ്ടത് എന്ന സന്ദേശമാണ് താല്‍മൂദുകഥ വ്യക്തമാക്കുന്നത്.
ദൈവപരിപാലനയിലെ അനിശ്ചിതത്വങ്ങളെക്കുറിച്ചുള്ള നിഗമനങ്ങള്‍ക്ക് ആധ്യാത്മികതയില്‍ സ്ഥാനമില്ല. സംഭവിക്കുന്ന സകലതും ദൈവനീതിയുടെ നിറവേറലാണ്. ഓരോ സംഭവങ്ങളുടേയും ന്യായാന്യായങ്ങള്‍ നിരത്തി ദൈവത്തെ വിചാരണ ചെയ്യാന്‍ മനുഷ്യന് അവകാശമില്ല. മറിച്ച് പ്രസ്തുത സംഭവങ്ങളെ സ്വന്തം ജീവിതത്തിന്‍റെ തിരുത്തലിനും മാനസാന്തരത്തിനുമുള്ള അവസരമായി വ്യാഖ്യാനിക്കുന്നതാണ് ശരിയായ ആധ്യാത്മികത എന്ന സത്യമാണ് യേശു പഠിപ്പിക്കുന്നത്.
പീലാത്തോസ് വധിച്ചവര്‍
ലൂക്കാ 13:1 ല്‍ പരാമര്‍ശിക്കുന്ന "വധിക്കപ്പെട്ടവര്" ആരാണ് എന്നതിനെക്കുറിച്ച് അഭിപ്രായാന്തരങ്ങളുണ്ട്. ഘാതകന്‍ പീലാത്തോസ് ആയതിനാല്‍ വധത്തിനുകാരണം രാഷ്ട്രീയപരമാണെന്ന് അനുമാനിക്കാം. പീലാത്തോസിന്‍റെ ശിക്ഷാവിധിക്ക് അര്‍ഹരായവരെക്കുറിച്ചുള്ള വിവിധ അനുമാനങ്ങള്‍ നിലവിലുണ്ട്: (1) അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 5:37 ല്‍ പരാമര്‍ശിക്കുന്ന യൂദാസിന്‍റെയും അനുയായികളുടെയും വധമാണ് പരാമര്‍ശ വിഷയം എന്നതാണ് ഒരു മതം. സ്വയം മിശിഹായായി പ്രഖ്യാപിച്ച യൂദാസിനെയും കൂട്ടുകാരെയും റോമന്‍ സൈന്യം വധിച്ചിരുന്നു. അഉ 10ാം ആണ്ടിനോടടുത്തായിരുന്നു ഈ സംഭവം.
(2) ഗരീസിം മലയില്‍ ദേവാലയത്തിലെ വിശുദ്ധപാത്രങ്ങള്‍ കാണാനായി ഒരു നേതാവിന്‍റെ കീഴില്‍ തടിച്ചുകൂടിയ സമരിയാക്കാരെ പീലാത്തോസ് കൂട്ടക്കൊല ചെയ്തു (Ant 18. 8587). AD 30ാം ആണ്ടിനോടടുത്തുനടന്ന ചരിത്രസംഭവമായിരിക്കാം ലൂക്കാ 13:1 ലെ വിവക്ഷിതം എന്നു കരുതുന്നവരുണ്ട്.
(3) വിശുദ്ധ നഗരമായ ജറുസലേമില്‍ സീസറിന്‍റെ പ്രതിമകള്‍ പീലാത്തോസിന്‍റെ നേതൃത്വത്തില്‍ സ്ഥാപിച്ചപ്പോള്‍ യഹൂദര്‍ കലാപമുണ്ടാക്കി (JW 2, 169174; Ant 18,5559). AD 26 ല്‍ നടന്ന ഈ കലാപത്തില്‍ ജീവഹാനിസംഭവിച്ചിരുന്നോ എന്നതിനു തെളിവ് ലഭ്യമല്ലെങ്കിലും ഈ സംഭവമാണ് സുവിശേഷകന്‍ അനുസ്മരിക്കുന്നത് എന്ന് അനുമാനിക്കുന്നവരുണ്ട്.
(4) ജറുസലേം ദേവാലയത്തിലെ നേര്‍ച്ചവരവ് ഉപയോഗിച്ചുകൊണ്ട് നഗരത്തില്‍ കുടിവെള്ളമെത്തിക്കാനുള്ള ഒരു പദ്ധതി പീലാത്തോസ് ആവിഷ്ക്കരിച്ചു. ദേവാലയത്തിലെ കാണിക്ക വിജാതീയനായ പീലാത്തോസ് കൈക്കലാക്കിയതില്‍ യഹൂദ ജനം അത്യധികം കുപിതരായി. പീലാത്തോസിന്‍റെ സൈന്യത്തോട് ഏറ്റുമുട്ടിയവരില്‍ അനേകര്‍ മരിച്ചു വീണു (JW 2, 17517; Ant 18, 6062). ഈ കൂട്ടക്കൊലയായിരിക്കാം യേശുവിന്‍റെ ശ്രോതാക്കള്‍ പരാമര്‍ശിക്കുന്നത്.
മേല്‍ പ്രസ്താവിച്ച വ്യത്യസ്ത സംഭവങ്ങളില്‍ ഏതിനെക്കുറിച്ചാണ് ലൂക്കാ 13:1 ലെ ശ്രോതാക്കള്‍ യേശുവിനോട് പരാമര്‍ശിക്കുന്നത് എന്ന നിഗമനത്തിലെത്തുക ദുഃഷ്കരമാണ്. റോമന്‍ ആധിപത്യത്തെ എതിര്‍ക്കുന്ന തീവ്രവാദി ഗ്രൂപ്പില്‍പ്പെട്ട (Zealots) ഏതാനും പേരുടെ വധശിക്ഷയാണ് പരാമര്‍ശനത്തിനാധാരം എന്ന് അനുമാനിക്കാം.
സീലോഹായിലെ ദുരന്തം
സീലോഹാകുളത്തിനു സമീപം തെക്കുകിഴക്കേ മതിലില്‍ സ്ഥാപിതമായിരുന്ന ഗോപുരമാണ് സീലോഹായിലെ ഗോപുരം എന്ന പേരില്‍ അറിയപ്പെടുന്നത് (JW 5, 145; യോഹ 9:7,11). സീലോഹ, ജലസംഭരണി യഹൂദ വിപ്ലവകാലത്തെ ഒരു പ്രധാന സംഘര്‍ഷ ഭൂമിയായിരുന്നു. ജലസംഭരണി കീഴടക്കാനും അതുവഴി വിജയം ഉറപ്പിക്കാനും യഹൂദരും റോമന്‍ സൈന്യവും ഒരുപോലെ പരിശ്രമിച്ചിരുന്നു. മേല്‍വിവരിച്ച കലാപങ്ങളിലൊന്നിനോട് അനുബന്ധിച്ചു നടന്ന സംഘര്‍ഷത്തിനിടയില്‍ ഗോപുരം തകര്‍ക്കപ്പെട്ടതാണെന്ന അഭിമതത്തിന് പണ്ഡിതരുടെ ഇടയില്‍ പ്രാമുഖ്യമുണ്ട്. 18 പേരുടെ മരണത്തിനിരയാക്കിയ ഈ ദുരന്തം പീലാത്തോസ് ആസൂത്രണം ചെയ്തതായിരിക്കാം.
അത്തിവൃക്ഷത്തിന്‍റെ ഉപമ
മുന്തിരിത്തോട്ടത്തിലെ ഇടവിളയായിട്ടാണ് അത്തിവൃക്ഷം കൃഷിചെയ്തിരുന്നത്. നട്ടാല്‍ മൂന്നാം വര്‍ഷം മുതല്‍ ആണ്ടില്‍ മൂന്നുവട്ടം വിളവെടുക്കാം എന്നതാണ് അത്തിമരത്തിന്‍റെ ആകര്‍ഷണീയത. മൂന്നുവര്‍ഷമായി യജമാനന്‍ വിളവന്വേഷിച്ചിരുന്നു എന്ന പരാമര്‍ശത്തില്‍ നിന്നും അത്തിമരം നട്ടിട്ട് ആറുവര്‍ഷമായി എന്ന് അനുമാനിക്കാം.
ഈ കഥയുടെ പിന്നാമ്പുറത്ത് വര്‍ത്തിക്കുന്നത് അഹിഖാറിന്‍റെ കഥയും ഏശയ്യാ 5:1-7 ലെ ഫലംതരാത്ത മുന്തിരിത്തോട്ടത്തിന്‍റെ കഥയുമാണെന്ന് കരുതുന്നവരുണ്ട്. നീരൊഴുക്കുള്ളനിലത്തു നിന്നിട്ടും ഫലംതരാത്ത ഒരു അത്തിമരം തന്നെ മറ്റൊരിടത്തേക്കു മാറ്റിനട്ടാല്‍ ഫലംതരും; ഇല്ലെങ്കില്‍ വെട്ടിക്കളഞ്ഞുകൊള്ളുക എന്നുപറയുന്ന നാടോടിക്കഥയാണ് ബി.സി. അഞ്ചാം നൂറ്റാണ്ടില്‍ നിന്നുള്ള അഹിഖാറിന്‍റെ കഥാശേഖരത്തിലുള്ളത്. നല്ലഫലം നല്‍കാത്ത ഇസ്രായേലിനെക്കുറിച്ചാണ് ഏശ 5:1-7 ലെ വിവരണം.
ഈ കഥകളെ അവലംബമാക്കുമ്പോഴും ക്രിസ്തുകേന്ദ്രീകൃതമായ ഒരു ആശയതലം ഉപമയ്ക്കു നല്‍കാന്‍ സുവിശേഷകന്‍ ശ്രദ്ധിക്കുന്നുണ്ട്. മൂന്നുവര്‍ഷമായി ഫലമന്വേഷിക്കുന്നു എന്നത് യേശുവിന്‍റെ മൂന്നുവര്‍ഷം നീണ്ട പരസ്യജീവിതത്തെ സൂചിപ്പിക്കുന്നതായി കരുതാം. ഈ വര്‍ഷം ഫലം പുറപ്പെടുവിക്കും എന്ന പ്രതീക്ഷയാകട്ടെ യേശുവിന്‍റെ രക്ഷാകരമായ കുരിശുമരണത്തെയാണ് സൂചിപ്പിക്കുന്നത്. അത്തിമരം പരമ്പരാഗതമായി ദൈവജനത്തിന്‍റെ പ്രതീകമാകയാല്‍ (ജറെ 8:13; 24:2-8) കൃഷിക്കാരന്‍ ക്രിസ്തുവിനെ പ്രതീകവല്‍ക്കരിക്കുന്നത് തികച്ചും അര്‍ത്ഥവത്താണ്. ഫലംതരുന്ന അത്തിമരം ഐശ്വര്യത്തെയും ഫലംതരാത്ത അത്തിവൃക്ഷം ശാപത്തെയും സൂചിപ്പിക്കുന്നതാണ് (ജോയേല്‍ 1:7,12). കൃഷിക്കാരന്‍ ഫലവൃക്ഷത്തിനു വേണ്ടതെല്ലാം നല്‍കിയിട്ടും ഫലം പുറപ്പെടുവിക്കാതെ നിലം പാഴാക്കുന്നത് വൃക്ഷത്തിന്‍റെ സത്താപരമായ പ്രശ്നമാണ്. ഫലംതരാത്ത അത്തിവൃക്ഷം ഒരുപാടു യാഥാര്‍ത്ഥ്യങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട്. ജീവിതപങ്കാളിയുടെ സ്നേഹവും കരുതലും ആവോളം സ്വീകരിച്ചിട്ടും തിരികെ നല്‍കാത്തവര്‍, പഠനത്തിനാവശ്യമായ സകലതും മാതാപിതാക്കള്‍ സംലഭ്യമാക്കിയിട്ടും പഠിക്കാത്ത മക്കള്‍, സ്നേഹത്തില്‍ കഴിയാന്‍ സകല സാഹചര്യങ്ങളുമുണ്ടായിട്ടും കലഹിക്കുന്ന അയല്‍ക്കാര്‍, ആത്മീയതയില്‍ വളരാനുള്ള സകലവഴികളും മുന്നിലുണ്ടായിട്ടും പ്രയോജനപ്പെടുത്താത്ത അഭിഷിക്തരും സമര്‍പ്പിതരും... നിലം പാഴാക്കുന്ന ജന്മങ്ങളുടെ കണക്കെടുത്താല്‍ അത് അന്തമില്ലാതെ നീളുമെന്ന് ഉറപ്പാണ്.
ഫലം പുറപ്പെടുവിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍
ഫലം പുറപ്പെടുവിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ക്കൂടി ഉപമയില്‍ ഈശോ നിര്‍ദ്ദേശിക്കുന്നുണ്ട്: ഒന്നാമതായി, ശുഭപ്രതീക്ഷയും ഭാവാത്മക ചിന്തയും നഷ്ടമാകാതെ ശ്രദ്ധിക്കണം. "അടുത്തവര്‍ഷം ഫലം പുറപ്പെടുവിക്കും" എന്ന ശുഭപ്രതീക്ഷ ജീവിതത്തെ മുന്നോട്ടുനയിക്കാനുതകുന്നതാണ്. ഇലക്ട്രിക്ബള്‍ബിനു ഫിലമെന്‍റുണ്ടാക്കാന്‍ എഡിസന്‍ 2000 വസ്തുക്കള്‍ പരീക്ഷിച്ചിട്ടും പരാജയപ്പെട്ടപ്പോള്‍ സഹായി പറഞ്ഞത്രേ: വെറുതെ എത്ര സമയവും പണവും പാഴാക്കി? എഡിസന്‍റെ മറുപടി ഇപ്രകാരമായിരുന്നു: "ഒന്നും പാഴായിട്ടില്ല, 2000 വസ്തുക്കള്‍ ഫിലമെന്‍റിനു പറ്റിയവയല്ല എന്നു നാം കണ്ടെത്തുകയായിരുന്നു." ഈ ഭാവാത്മക ചിന്തയാണ് എഡിസനെ വിജയത്തിലെത്തിച്ചത്. ആത്മീയതയുടെ ശരിയായ ലക്ഷണം നിരാശയുടെ നിഴല്‍ വീഴാത്ത ശുഭപ്രതീക്ഷയുടെ പ്രകാശവഴികളാണ്. തളര്‍ത്തുന്ന ചിന്തകളും പിന്‍വലിപ്പിക്കുന്ന വിമര്‍ശനങ്ങളും നിരാശപ്പെടുത്തുന്ന തടസ്സവാദങ്ങളും ഒഴിവാക്കിയാല്‍ വ്യക്തികളും കുടുംബങ്ങളും ഇടവകകളും സഭയും ഫലം പുറപ്പെടുവിച്ചു തുടങ്ങും.
രണ്ടാമതായി, അധ്വാനിക്കാനുള്ള മനസ്സുവേണം. "ചുവടുകിളച്ചു വളമിടാം" എന്ന പ്രസ്താവന അധ്വാനിക്കാനുള്ള സന്നദ്ധതയാണു വ്യക്തമാക്കുന്നത്. ആശയദാരിദ്ര്യമോ ചര്‍ച്ചകളുടെ കുറവോ അല്ല; അധ്വാനിക്കാനുള്ള മനസ്സില്ലായ്മയാണ് പലപ്പോഴും ഫലപ്രാപ്തിക്കു തടസ്സം സൃഷ്ടിക്കുന്നത്. അലസത സാത്താന്‍റെ പ്രിയപ്പെട്ട വയലാകയാല്‍ അവിടെ തിന്മമാത്രമേ വിരിയൂ. അലസതയുടെ സംസ്കാരം പരദൂഷണം, മദ്യപാനം, അശുദ്ധി... തുടങ്ങിയ തിന്മകള്‍ക്കു നിമിത്തമാകുന്നതിനു കാരണമിതാണ്. അധ്വാനത്തിന്‍റെ വിലയറിയാതെ വളരുന്ന പുതിയ തലമുറ തിന്മയുടെ ചെളിക്കുഴിയില്‍ ആണ്ടുപോകുന്നതിനുള്ള കാരണമിതാണ്. ഉത്തരവാദപ്പെട്ടവരുടെ കഠിനാധ്വാനത്തിന്‍റെ അഭാവംകൊണ്ട് വാടിക്കരിഞ്ഞ് ഫലംചൂടാതെപോയ എത്രയോ കുടുംബങ്ങളും സ്ഥാപനങ്ങളും സംവിധാനങ്ങളുമുണ്ട്?
മൂന്നാമതായി, അന്ത്യവിധി ഉണ്ട് എന്ന തിരിച്ചറിവ് മാനസാന്തരത്തിനും ഫലാഗമനത്തിനും അനിവാര്യമാണ്. സോദോം ഗോമോറായുടെ ആഘോഷങ്ങളില്‍നിന്നും ചാവുകടലിലേക്കുള്ള സമയദൈര്‍ഘ്യം ഒരു രാത്രിയുടെ യാമങ്ങള്‍ മാത്രമായിരുന്നു. തിന്മയുടേയും അലസതയുടേയും സംസ്കാരത്തിന് അറുതി വരുത്തിയില്ലെങ്കില്‍ അതിന് അപരിഹാര്യമായ വില നല്‍കേണ്ടിവരും എന്ന തിരിച്ചറിവ് ഫലപ്രാപ്തിക്ക് അനിവാര്യമാണ്. മനുഷ്യന്‍റെ സകലതിന്മയെയും അതിജീവിക്കുന്ന ദൈവത്തിന്‍റെ വിധി ആസന്നമാണ്. അന്ത്യവിധി, സ്വര്‍ഗ്ഗം, നരകം തുടങ്ങിയവയിലുള്ള വിശ്വാസം ശോഷിക്കുമ്പോഴാണ് തിന്മയുടെ ഇരുട്ടിന് കനംവയ്ക്കുന്നത്.
ഡോ. ജോസഫ് പാംപ്ലാനി
The Gospel of Luke Repentance and the Fig Tree (Luke 13: 1-9) catholic malayalam luke Rev. Dr. Joseph Pamplany Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206