x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. ലൂക്കായുടെ സുവിശേഷം, വിധവയുടെ മകനെ ഉയിര്‍പ്പിക്കുന്നു (7:11-17)

Authored by : Rev. Dr. Joseph Pamplany On 05-Feb-2021

   ലൂക്കായുടെ സുവിശേഷത്തില്‍ മാത്രം കാണുന്ന വിവരണമാണിത്. നസറത്തില്‍നിന്ന് ഏകദേശം 10 കി.മീ. തെക്കുകിഴക്ക് നായിന്‍ എന്ന ചെറിയ പട്ടണം. സുവിശേഷത്തില്‍ ഇവിടെ മാത്രമേ ആ പട്ടണത്തെ പരാമര്‍ശിക്കുന്നുള്ളൂ. ഗുരുതരമായ രോഗത്തില്‍ നിന്നു മനുഷ്യരെ വിടുവിക്കാന്‍ മാത്രമല്ല (7:1-10). മരിച്ചവരെ ഉയിര്‍പ്പിക്കാനും യേശുവിന് അധികാരവും ശക്തിയുമുണ്ട് എന്നതിനു തെളിവാണ് "നായിനിയിലെ വിധവയുടെ മകനെ ഉയിര്‍പ്പിച്ചത്" (7:7,11-17,22). ഇത്, യേശു തന്‍റെ അധികാരവും ശക്തിയും അനുകമ്പാപൂര്‍വം വിനിയോഗിക്കുന്നു എന്നു വ്യക്തമാക്കുന്ന കഥയാണ്. യേശുവിനു മരണത്തിനുമേലുള്ള ശക്തി ലൂക്കാ വീണ്ടും വിവരിക്കുന്നുണ്ട് (8:40-42, 49-56).

യേശുവിന്‍റെ ഇവിടുത്തെ അത്ഭുതപ്രവര്‍ത്തനം ലൂക്കാ സാമാന്യം വിശദമായി വിവരിച്ചിട്ടുണ്ട്. നായിനിലെ വിധവയുടെ മകനെ ഉയിര്‍പ്പിക്കാന്‍ യേശുവിനു പ്രേരകമായത് അശരണരോടുള്ള അവന്‍റെ കരുണയും അനുകമ്പയുമാണ് (7:16). മരണമടഞ്ഞത് "വിധവയുടെ ഏകപുത്രനായിരുന്നു" (7:12): അവന്‍റെ മരണം മൂലം അവള്‍ തീര്‍ത്തും അനാഥയായി. ഭര്‍ത്താവും ഏകമകനും നഷ്ടപ്പെട്ടവള്‍. കുടുംബം പോറ്റിപ്പുലര്‍ത്തിയിരുന്ന അത്താണിയാണ് മരിച്ചത്. അവളുടെ ഏക ആശ്രയവും ഇല്ലാതായി. അനാഥയും അഗതിയുമായ ആ മാതാവില്‍ കര്‍ത്താവിന് "അനുകമ്പ തോന്നി" അനുകമ്പയുള്ള കര്‍ത്താവാണ് യേശു. അവന്‍ അവളെ കണ്ടു മനസലിഞ്ഞ്  അവള്‍ക്കു വേണ്ടി അത്ഭുതം പ്രവര്‍ത്തിക്കുന്നു. ഒരു സുരക്ഷയും ഇല്ലാത്തവരായാണല്ലോ ബൈബിള്‍ അനാഥരെയും വിധവകളെയും അവതരിപ്പിക്കുന്നത് (നിയമ 24:17; 27:19; ഏശ 1:23; ജോഷ്വാ 24:13). "ഏകപുത്രന്‍" (7:13) എന്ന പദം ലൂക്കാ പലപ്രാവശ്യം വ്യത്യസ്തങ്ങളായ ആശയതലങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട് (8:42;9:38). ആ പദം ഈ കഥയില്‍ വിധവയ്ക്ക് വേറേ ആശ്രയമൊന്നും ഇല്ലായിരുന്നു എന്ന ആശയത്തിന് ഊന്നല്‍ നല്കുന്നു. യേശു ഇവിടെ ആദ്യം ശ്രദ്ധിക്കുന്നത് മരിച്ച വ്യക്തിയെയല്ല, അവന്‍റെ വിധവയും നിരാലംബയുമായ അമ്മയെയാണ്. "കരയാതെ" (7:14) എന്നു പറഞ്ഞ് അവളെ ആശ്വസിപ്പിക്കുന്നു. "കരയാതെ" എന്ന ആശ്വാസവാക്ക് പുനര്‍ജ്ജീവനച്ചടങ്ങിനുള്ള ഒരുക്കമാണ്.

   "മുന്നോട്ടു വന്നു ശവമഞ്ചം തൊട്ടു.. ഞാന്‍ നിന്നോടു പറയുന്നു: യുവാവേ എഴുന്നേല്ക്കുക" ഈ വിവരണം യേശു മരിച്ചവനെ ഉയിര്‍പ്പിച്ച വഴി വിവരിക്കുന്നു. ശവമഞ്ചത്തെ തൊടുന്നത് അശുദ്ധിവരുത്തും (സംഖ്യ 19:11,16; പ്രഭാ 34:30). യേശു തൊട്ടു. മരണം അശുദ്ധി വരുത്തുന്നില്ല എന്നും മരിച്ചവന്‍ അശുദ്ധനല്ല എന്നും യേശു പഠിപ്പിച്ചു. ആചാരശുദ്ധിയുടെ നിയമം യേശു തിരുത്തി. മരിച്ചവനെ യേശു തന്‍റെ സ്പര്‍ശനത്താലും വചനത്താലും ജീവിപ്പിക്കുന്നു. സ്പര്‍ശനത്തില്‍ ദൈവശക്തി പ്രവഹിക്കുന്നു. അതു ദൈവകരത്തിന്‍റെ സ്പര്‍ശനമാണ്. യേശു അവനെ അമ്മയ്ക്ക് ഏല്പിച്ചുകൊടുത്തു. പ്രവാചകന്മാരായ ഏലിയായും ഏലിഷായും മരിച്ചവരെ പുനര്‍ജ്ജീവിപ്പിച്ചിട്ടുണ്ട് (1 രാജ 1:17-24; 2 രാജ 14:18-37). ഏലിയാ സറെപ്തായില്‍ ഒരു വിധവയുടെ പുത്രനെ ഉയിര്‍പ്പിച്ച സംഭവത്തോടു കൂടുതല്‍ സാദൃശ്യമുണ്ട് യേശു നായിനിലെ വിധവയുടെ മകനെ ഉയിര്‍പ്പിച്ച വിവരണത്തിന്. ഏലിയാ സറെപ്താ പട്ടണത്തില്‍ എത്തുന്നതുപോലെയാണ് യേശു നായിന്‍ പട്ടണത്തില്‍ എത്തുന്നത് (1 രാജാ 17:10; ലൂക്കാ 7:11). രണ്ടു പേരും നഗരകവാടത്തില്‍ വച്ചാണ് വിധവയെ കാണുന്നതും (1 രാജ 17:10; ലൂക്കാ 7:12). രണ്ടു സംഭവങ്ങളിലും വിധവയുടെ പുത്രന്മാരെയാണ് ഉയിര്‍പ്പിക്കുന്നത്. ഏലിയാ മരിച്ചവന്‍റെമേല്‍ മൂന്നു പ്രാവശ്യം  കമഴ്ന്ന് കിടന്നു. യേശു ശവമഞ്ചം തൊട്ടു. മരിച്ചവന്‍ എഴുന്നേറ്റിരുന്നു സംസാരിക്കാന്‍ തുടങ്ങി. "യേശു അവനെ അമ്മയ്ക്ക് ഏല്പിച്ചുകൊടുത്തു" എന്ന വാക്യം 1 രാജ 17:23ന്‍റെ പകര്‍പ്പാണ്. യേശു മരിച്ചവനെ പുനര്‍ജ്ജീവിപ്പിച്ച് അമ്മയ്ക്ക് ഏല്പിച്ചുകൊടുത്തു. അതുപോലെ യേശുവിന്‍റെ അപ്പസ്തോലന്മാരും മറ്റു സാക്ഷികളും ചെയ്യുന്നു. തബീത്തയെ അപ്പസ്തോലനായ ശിമയോന്‍ ഉയിര്‍പ്പിച്ചു വീട്ടുകാര്‍ക്കു നല്കി (അപ്പ 9:41).

"എല്ലാവരും ഭയപ്പെട്ടു... ഉയിര്‍ത്തിരിക്കുന്നു." അവനെപ്പറ്റിയുള്ള വാര്‍ത്ത യൂദയാ മുഴുവനിലും പരിസരപ്രദേശങ്ങളിലും പരന്നു. യേശു നായിനിലെ വിധവയുടെ മകനെ ഉയിര്‍പ്പിച്ചതിന്‍റെ പ്രതികരണം വളരെ പ്രധാനമാണ് (7:16-17). ലൂക്കായുടെ വിവരണഗതിയില്‍ യേശുവിനെ വെളിപ്പെടുത്തുന്നതില്‍ നിര്‍ണായകവുമാണ്. "എല്ലാവരും ഭയപ്പെട്ടു" (7:12). "എല്ലാവരും" എന്ന പദം യഹൂദരെയും വിജാതീയരെയും ഉള്‍ക്കൊള്ളുന്നു. "ഭയപ്പെട്ടു" എന്ന വര്‍ണന ദൈവസാന്നിദ്ധ്യം സൂചിപ്പിക്കുന്നു (ലൂക്കാ 1:12; 5:26). യേശു മരിച്ചവനെ പുനര്‍ജ്ജീവിപ്പിച്ചപ്പോള്‍ "എല്ലാവരും" ദൈവത്തിന്‍റെ മുമ്പില്‍ നില്ക്കുന്നതുപോലുള്ള അനുഭവമുണ്ടായി. "എല്ലാവരും ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ടു പറഞ്ഞു: ഒരു വലിയ പ്രവാചകന്‍ നമ്മുടെ ഇടയില്‍ ഉയര്‍ത്തിരിക്കുന്നു, ദൈവം തന്‍റെ ജനത്തെ സന്ദര്‍ശിച്ചു കഴിഞ്ഞു," ദൈവം "വലിയ പ്രവാചകനെ" അയച്ചതിനും തന്‍റെ ജനത്തെ സന്ദര്‍ശിച്ചതിനും, അതായത്, രക്ഷ പ്രവര്‍ത്തിച്ചു തുടങ്ങിയതിനും, ദൈവത്തെ മഹത്വപ്പെടുത്തുന്നു. ഈ പ്രതികരണം ലൂക്കാ 2:20ലും 5:25-26 ലും വിവരിച്ചിട്ടുള്ള പ്രതികരണങ്ങള്‍ അനുവാചകരുടെ ഓര്‍മയില്‍ കൊണ്ടുവരുന്നു.

നായിനിലെ വിധവയുടെ മകനെ പുനര്‍ജീവിപ്പിച്ച യേശു "വലിയ പ്രവാചകനാണ്". മുമ്പ് മരിച്ചവരെ പുനര്‍ജ്ജീവിപ്പിച്ച ഏലിയായും ഏലിഷായും പ്രവാചകന്മാരായിരുന്നു. സറെപ്തായിലെ വിധവയുടെ മകനെ പുനര്‍ജ്ജീവിപ്പിച്ച ഏലിയ ദൈവത്തിന്‍റെ പ്രവാചകനും പ്രതിപുരുഷനുമായിരുന്നു (1 രാജ 17:24). അവരേക്കാള്‍ ഉന്നതനാണ് വാഗ്ദാനപൂര്‍ത്തീകരണത്തിന്‍റെ കാലത്തു വിധവയുടെ മകനെ പുനര്‍ജ്ജീവിപ്പിച്ച യേശു. ഏലിയാ മരിച്ചവന്‍റെമേല്‍ മൂന്നു പ്രാവശ്യം കമിഴ്ന്നുകിടന്ന് "എന്‍റെ ദൈവമേ, ഇവന്‍റെ ജീവന്‍ തിരിച്ചുകൊടുക്കണമേ" എന്നു കര്‍ത്താവിനോട് അപേക്ഷിച്ചിട്ടാണ് മരിച്ചവനു ജീവന്‍ തിരിച്ചുകിട്ടിയത്. യേശുവാകട്ടെ, ശവമഞ്ചത്തില്‍ മാത്രം തൊട്ട്, എഴുന്നേല്ക്കാന്‍ കല്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. മരിച്ചവന്‍ എഴുന്നേല്ക്കുന്നു. യേശു "വലിയ പ്രവാചകനാണ്," അവന്‍ "വലിയവനായിരിക്കും" എന്ന് ദൂതന്‍ മറിയത്തോടു പറഞ്ഞിരുന്നല്ലോ (1:35). അവന്‍ നമ്മുടെ ഇടയില്‍ ഉയര്‍ത്തിട്ടുള്ള "വലിയ പ്രവാചക"നാണ് (24). "ഉയര്‍ത്തിട്ടുണ്ട്" എന്ന പദം യേശുവിന്‍റെ ഉയിര്‍പ്പിനെ ധ്വനിപ്പിക്കുന്നതുമാണ്. താന്‍ പ്രവാചകനാണെന്ന് യേശു വെളിപ്പെടുത്തുന്നുണ്ട് (4:24 (16-30); 13:33). യേശു പ്രവാചകനായി പ്രവര്‍ത്തിക്കുന്നുവെങ്കിലും സ്വസമുദായം അവനെ പ്രവാചകനായി അംഗീകരിച്ചിട്ടില്ല (9:22,46; 13:32-34). പക്ഷേ, പ്രവാചകനായ യേശുവിനെ അഭിഷേചിച്ച പരിശുദ്ധാത്മാവിന്‍റെ ശക്തിതന്നെ അപ്പസ്തോലന്മാരിലും പ്രവര്‍ത്തിക്കുന്നു (അപ്പ 10:37-38). യേശുവിന്‍റെ സ്പര്‍ശനത്തിലും വാക്കിലും ദൈവശക്തി പ്രവര്‍ത്തിക്കുന്നു. യേശു യുഗാന്തപ്രവാചകനാണ് (ലൂക്കാ 7:16-23;9,8-9). അടുത്ത രംഗം യേശുതന്നെയാണ് "വരാനിരിക്കുന്നവന്‍" എന്നു തീര്‍ച്ചപ്പെടുത്താന്‍ സ്നാപകന്‍റെ ശിഷ്യന്മാര്‍ യേശുവിന്‍റെ പക്കല്‍ വരുന്നതാണ്. അവരോട് "മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നു" എന്ന അടയാളം ചൂണ്ടിക്കാട്ടാനുള്ള തെളിവാണ് നായിനിലെ വിധവയുടെ മകനെ യേശു ഉയിര്‍പ്പിച്ച സംഭവം.

യുഗാന്ത്യപ്രവാചകനായ യേശുവില്‍ "ദൈവം തന്‍റെ ജനത്തെ സന്ദര്‍ശിച്ചുകഴിഞ്ഞു" മരിച്ചവരെ ഉയിര്‍പ്പിച്ച ഏലിയായും ഏലിഷായും ദൈവത്തിന്‍റെ പ്രവാചകന്മാരും പ്രതിപുരുഷന്മാരും മാത്രം. യുഗാന്തപ്രവാചകനായ യേശുവില്‍ ദൈവം തന്‍റെ ജനത്തെ സന്ദര്‍ശിക്കുകയാണ്. യേശുവില്‍ ദൈവം തന്‍റെ ജനത്തെ സന്ദര്‍ശിക്കുന്നത് സഖറിയ മുമ്പേ പ്രവചിച്ചിട്ടുണ്ടല്ലോ (ലൂക്കാ 1:68). യേശുവിന്‍റെ പ്രവൃത്തിയില്‍ ദൈവം സന്നിഹിതനത്രേ. ദൈവം തന്‍റെ ജനത്തെ രക്ഷിക്കാന്‍ വീരപ്രവൃത്തികള്‍ ചെയ്യുന്നതാണ് "ദൈവം തന്‍റെ ജനത്തെ സന്ദര്‍ശിക്കുന്നത്" (പുറ 4:31; റൂത്ത് 1:6). അത്തരമൊരു പ്രവൃത്തിയാണ് യേശു മരിച്ചവനെ പുനര്‍ജ്ജീവിപ്പിച്ചത്. തന്‍റെ ജനത്തെ രക്ഷിക്കാന്‍ സന്നിഹിതനായിരിക്കുന്നതിന്‍റെ ഒരു പ്രവൃത്തി യേശുവിലൂടെ ചെയ്തതാണ്. പക്ഷേ ആവിധം ജറുസലേം യേശുവിനെ തിരിച്ചറിഞ്ഞില്ല (19:41-44; അപ്പ 15:14). നായീനില്‍ "എല്ലാവരും" തിരിച്ചറിഞ്ഞ് ദൈവത്തെ മഹത്വപ്പെടുത്തി. മരിച്ചവനെ പുനര്‍ജ്ജീവിപ്പിക്കുന്ന അത്ഭുതപ്രവര്‍ത്തകനെന്ന് ഉപരിപ്ലവമായി മാത്രമല്ല അവര്‍ യേശുവിനെ കണ്ടറിഞ്ഞത്. തന്‍റെ ജനത്തെ രക്ഷിക്കാന്‍ ദൈവം തങ്ങളെ സന്ദര്‍ശിച്ചിട്ടുണ്ട് എന്നതിന്‍റെ അടയാളമായാണ് യേശു മരിച്ചവരെ ഉയിര്‍പ്പിച്ചത്.

The Gospel of Luke raises the widow's son (7: 11-17) Rev. Dr. Joseph Pamplany gospel of luke luke catholic malayalam Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message