x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. ലൂക്കായുടെ സുവിശേഷം, ആകുലപ്പെടേണ്ട (ലൂക്കാ 12:22-34)

Authored by : Rev. Dr. Joseph Pamplany On 05-Feb-2021

ടവറ പ്രേഷിതത്വവുമായി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയപ്പോള്‍ പരിചയപ്പെട്ട ഒരു കഥാപാത്രം കേരളത്തിലെ അറിയപ്പെടുന്ന മോഷ്ടാവാണ്. മോഷണത്തിലെന്നപോലെ സംസാരചാതുരിയിലും അഗ്രഗണ്യനായ അവന്‍ ഞങ്ങളോടു പറഞ്ഞു: "ഞാന്‍ മോഷ്ടിക്കുന്നത് ദൈവവചനം ആധാരമാക്കിയാണ്." അമ്പരന്നുനിന്നപ്പോള്‍ അവന്‍ തുടര്‍ന്നു വിശദീകരിച്ചു. "നിന്‍റെ നിക്ഷേപം എവിടെയോ അവിടെയാണ് നിന്‍റെ ഹൃദയം എന്നു ക്രിസ്തു പറഞ്ഞിട്ടുണ്ടല്ലോ. ഇതാണ് എന്‍റെ മോഷണശൈലിയുടെ തത്വം. അതായത് ബസ്സിലും ട്രെയിനിലുമിരുന്ന് യാത്രക്കിടയില്‍ മയങ്ങുന്നവരെ ഞാന്‍ ശ്രദ്ധിച്ചിരിക്കും. മയക്കത്തില്‍ നിന്നു ഞെട്ടിയുണരുന്ന പ്രസ്തുത വ്യക്തി ഉടന്‍ ശ്രദ്ധിക്കുന്നതെവിടെ എന്നു ഞാന്‍ നോക്കിയിരിക്കും. ഉണര്‍ന്നവന്‍ ഉടന്‍ പോക്കറ്റിലേക്കാണ് നോക്കുന്നതെങ്കില്‍ അവിടെയാണ് അവന്‍റെ വിലപിടിപ്പുള്ളവ സൂക്ഷിച്ചിരിക്കുന്നത് എന്നു വ്യക്തം. പെട്ടിയിലേക്കോ ബാഗിലേക്കോ ആണ് ആദ്യം നോക്കുന്നതെങ്കില്‍ അവിടെയാണ് അവന്‍റെ നിക്ഷേപം എന്നു വ്യക്തം. അടുത്ത മയക്കത്തിലേക്ക് യാത്രക്കാരന്‍ ചായുന്നതോടെ നിക്ഷേപവുമായി ഞാന്‍ മുങ്ങും." വചനത്തില്‍ പതിരില്ലാത്തതിനാല്‍ ഇതുവരെയും തന്‍റെ തൊണ്ടിമുതല്‍ നിരാശപ്പെടുത്തിയിട്ടില്ല എന്നതായിരുന്നു അവന്‍റെ സാക്ഷ്യം. നേട്ടങ്ങള്‍ക്കു വേണ്ടിയുള്ള വ്യഗ്രതയും നേടിയവ നഷ്ടപ്പെടുമോ എന്ന വ്യഗ്രതയും ചേരുമ്പോള്‍ ജീവിതം മുഴുവന്‍ വ്യഗ്രതയാകുന്നു എന്ന സത്യമാണ് ഈ സുവിശേഷ ഭാഗത്ത് ഈശോ പങ്കുവയ്ക്കുന്നത്.

ആകാംക്ഷാ രോഗം (Anxiety neurosis) എന്നത് ആധുനിക ലോകത്തെ ഏറ്റവും വലിയ പ്രശ്നമാണ്. പരീക്ഷയ്ക്കൊരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ മുതല്‍ ഓപ്പറേഷനു നീങ്ങുന്ന രോഗികള്‍വരെ ഉത്കണ്ഠാ രോഗത്തിന് അടിമകളാണ്. ദരിദ്രന്‍ അത്താഴത്തെക്കുറിച്ച് ആശങ്കപ്പെടുമ്പോള്‍ മുതലാളി ഓഹരിവിപണിയുടെ തകര്‍ച്ചയെക്കുറിച്ച് ആശങ്കപ്പെടുന്നു. മാറാരോഗി അടുത്ത സൂര്യോദയം കാണാനാകുമോ എന്ന ആശങ്കയില്‍ കഴിയുമ്പോള്‍ ആരോഗ്യമുള്ളവര്‍ ആറുകട്ട (Six Pack) മസിലുകള്‍ സ്വപ്നം കാണുന്നു. കല്യാണം എന്നു നടക്കും, നടന്നാല്‍തന്നെ ശരിയാകുമോ? മക്കളുണ്ടാകുമോ ഉണ്ടായാല്‍തന്നെ രോഗികളായിരിക്കുമോ? ജീവിതപങ്കാളിക്ക് എന്തെങ്കിലും രോഗബാധ ഉണ്ടായിരിക്കുമോ?  ഇനി ഉണ്ടാകുമോ? ക്യാന്‍സര്‍, ഹൃദ്രോഗം മുതലായ മാറാരോഗങ്ങള്‍ വരുമോ? എന്‍റെ ആയുസ്സ് എത്രയാണ്? തുടങ്ങി ആശങ്കപ്പെടാന്‍ എത്രയോ കാരണങ്ങളുണ്ട്.

ആകുലപ്പെടാതിരിക്കാന്‍ മതിയായ കാരണങ്ങളുണ്ട്

ഉത്കണ്ഠാരോഗത്തെ അഭിമുഖീകരിക്കാനുള്ള വഴിയാണ് ക്രിസ്തു ലൂക്കാ 12:22-34 ല്‍ പങ്കുവയ്ക്കുന്നത്. ഭോഷനായ ധനികന്‍റെ ഉപമയ്ക്കുശേഷമാണ് (12:13-21) ഈ വചനങ്ങള്‍ അവിടുന്ന് അരുളിചെയ്യുന്നത് എന്നത് ശ്രദ്ധേയമാണ്. അപ്രതീക്ഷിതമായി അളവറ്റ സമ്പത്തുകിട്ടിയ ഒരുവന്‍ സകല ആകുലതയും നീങ്ങി ജീവിതം ആസ്വദിക്കാന്‍  തീരുമാനമെടുക്കുമ്പോള്‍ അവന്‍റെ ആയുസ്സ് അസ്തമിക്കുന്നതിന്‍റെ കഥയായിരുന്നു ഭോഷനായ ധനികന്‍റെ ഉപമ. ആകുലതയെ അകറ്റാന്‍ സമ്പത്തിനോ ആരോഗ്യത്തിനോ അധികാരത്തിനോ ഭൗതികമായതൊന്നിനും കഴിയില്ല. ദൈവപരിപാലനയില്‍ വിശ്വസിക്കുന്നവനില്‍നിന്ന് മാത്രമേ ആകുലത അകലുന്നുള്ളൂ. ആകുലപ്പെടാതിരിക്കാന്‍ മൂന്നു കാരണങ്ങളാണ് ക്രിസ്തു ഈ വചനഭാഗത്ത് വ്യക്തമാക്കുന്നത്:

(1) ആകുലതയ്ക്കു കാരണമാകുന്ന ഭക്ഷണത്തെയും വസ്ത്രത്തെയുംകാള്‍ വിലപ്പെട്ടത് ജീവനാണ്; അതാകട്ടെ മനുഷ്യന്‍റെ നിയന്ത്രണത്തിലല്ല ദൈവനിയന്ത്രണത്തിലാണ് (വാ. 23-24മ). ഒരിക്കല്‍ ഒരു പണ്ഡിതന്‍ ആനപാപ്പാനോടു ചോദിച്ചത്രേ: "നിന്‍റെ അപ്പനെയും വല്യപ്പനെയും ആന കുത്തിക്കൊന്നിട്ടും നീ എന്തു കൊണ്ടാണ് ഇപ്പോഴും പടുവിഡ്ഢിയെപ്പോലെ പാപ്പാന്‍ പണി ചെയ്യുന്നത്?" പാപ്പാന്‍ തിരിച്ചു ചോദിച്ചു: "സാറിന്‍റെ അപ്പനും വല്യപ്പനും കട്ടിലില്‍ കിടന്ന് മാന്യമായി മരിച്ചെന്നല്ലേ സാറു പറഞ്ഞത്. എന്നിട്ടും സാറ് ഇപ്പോഴും കട്ടിലില്‍ കിടന്നുറങ്ങുന്നത് പടുവിഡ്ഢിത്തമല്ലേ?" ജീവിതത്തിന്‍റെ അടിസ്ഥാന സത്യങ്ങളൊന്നും മനുഷ്യനിയന്ത്രണത്തിലല്ലാത്തതിനാല്‍ സ്വന്തം കഴിവില്‍ മാത്രം ആശ്രയിക്കുന്നവന്‍റെ ആകുലത ഒരിക്കലും ഒടുങ്ങുന്നില്ല. ലോകോത്തര നിരീശ്വരവാദികളില്‍ മഹാഭൂരിപക്ഷവും ആത്മഹത്യചെയ്തതിന്‍റെ കാരണവും മറ്റൊന്നല്ല.

(2) ഈ സ്ഥൂല പ്രപഞ്ചമത്രെയും ദൈവപരിപാലനയില്‍ ശാന്തമായി അനുദിനം മുന്നേറുന്നു എന്നതില്‍നിന്നും ദൈവപരിപാലന എന്നത് വിശ്വാസയോഗ്യമായ യാഥാര്‍ത്ഥ്യമാണെന്നു ഗ്രഹിക്കാം (വാ. 24യ-25). സൂര്യന്‍റെ ഉദയാസ്തമയങ്ങളും ഭൂമിയുടെ ഭ്രമണവും രാപ്പകലുകളുടെ ഗമനനിര്‍ഗ്ഗമനങ്ങളും ഒരു ശാസ്ത്രജ്ഞന്‍റെയും കണ്ടെത്തലുകളുടെ ഫലമോ നിയന്ത്രണവിധേയമോ അല്ല. കാക്കയുടെ തീറ്റയും വയലിലെ പുല്ലിന്‍റെ സൗന്ദര്യവും മുതല്‍ അനന്തമജ്ഞാതമായ ഈ ലോകഗോളത്തിന്‍റെ പ്രയാണംവരെയും സുഗമമായി നടത്തുന്ന ദൈവം എന്‍റെ കാര്യം നോക്കാനും പര്യാപ്തനാണ് എന്ന വിശ്വാസത്തിന്‍റെ തിരിച്ചറിവ് മനുഷ്യനെ ഉത്കണ്ഠാരഹിതനാക്കുന്നു. ഈ സൃഷ്ട പ്രപഞ്ചത്തിന്‍റെ ജീവതാളം ദൈവപരിപാലനയുടെ കരുത്തുറ്റ സാക്ഷ്യമാണ്.

(3) മറ്റേതൊരു ശക്തിയെക്കാളും പരിപാലനാ വൈഭവമുള്ളത് ദൈവത്തിനാണ് എന്നതിനാല്‍ ദൈവത്തിലാശ്രയിക്കുന്നതാണ് ഏറ്റവും വലിയ യുക്തി (വാ. 26-27). ഭൂമിയിലെ ഏറ്റവും ശക്തനും ബുദ്ധിമാനും സുന്ദരനുമായ രാജാവ് സോളമനായിരുന്നു (1 രാജാ 10:4-6). എന്നാല്‍ അവന്‍ പോലും ദൈവപരിപാലനയില്‍ വളര്‍ന്ന വയലിലെ ലില്ലിച്ചെടികളോടു താരതമ്യം ചെയ്താല്‍ നിസ്സാരനാണ്. പുല്ലിന്‍റെ നിസ്സാരതയും ക്ഷണികതയും പോലും (സങ്കീ 90:5-6; 102:10-11; 103:15) സോളമനെക്കാള്‍ മഹത്തരമാണത്രേ! "കര്‍ത്താവു ഭവനം പണിയുന്നില്ലെങ്കില്‍ പണിക്കാരുടെ അധ്വാനം വ്യര്‍ത്ഥം" (സങ്കീ 127:1) എന്ന വചനത്തിന്‍റെ പൊരുളും മറ്റൊന്നല്ല. ശക്തനായ ഗോലിയാത്തിനെ നേരിടാന്‍ ദാവീദ് ആശ്രയിച്ചത് ദൈവശക്തിയിലായിരുന്നു. വിജയം അവന്‍റെ പക്ഷത്തായിരുന്നു. സ്വന്തം ശക്തിയില്‍ ആശ്രയിച്ച ഫറവോയുടെ സൈന്യവും കുതിരകളും ചെങ്കടലില്‍ മുങ്ങിമരിച്ചു. ദൈവശക്തിയുടെ അതുല്യതയിലുള്ള വിശ്വാസം ദൈവപരിപാലനയ്ക്ക് ആവശ്യമാണ്.

പരിപാലന അനുഭവിക്കാനുള്ള തടസ്സങ്ങള്‍ (വാ. 29-34)

തുടര്‍ന്നുള്ള വചനങ്ങളില്‍ ദൈവപരിപാലന അനുഭവിക്കുന്നതിനുള്ള തടസ്സങ്ങളെക്കുറിച്ചാണ് ഈശോ സംസാരിക്കുന്നത്. പ്രപഞ്ചമൊക്കെ നിറഞ്ഞുനില്‍ക്കുന്ന ദൈവപരിപാലന അനുഭവിക്കാനും അതുവഴി ശാന്തരാകാനും മനുഷ്യനു കഴിയാത്തതിനുള്ള കാരണങ്ങള്‍ ഈശോ വ്യക്തമാക്കിത്തരുന്നുണ്ട്.

  1. അല്പ വിശ്വാസികളാകുന്നതാണ് അടിസ്ഥാന കാരണം (വാ. 28യ). എന്‍റെ കാര്യം ഞാന്‍ നോക്കിയില്ലെങ്കില്‍ ആരുനോക്കും; എല്ലാറ്റിലും എന്‍റെ കണ്ണും കരവും പതിഞ്ഞില്ലെങ്കില്‍ ഒന്നും ശരിയാകില്ല എന്ന ചിന്താഗതിയാണിത്. ബസ്സ് കയറിയിട്ടും ഭാരമുള്ള കെട്ടു ചുമന്നുനിന്ന അമ്മച്ചി അതു താഴെ വയ്ക്കാന്‍ കൂട്ടാക്കിയില്ല. ആരെയും വിശ്വാസമില്ലാഞ്ഞിട്ടായിരുന്നു. ബസു വഴിയിലെ കുഴിയില്‍ ചാടിയപ്പോള്‍ പെടലി ഉളുക്കി പെട്ടി താഴെപ്പോയി. അല്പവിശ്വാസം എന്നത് വിശ്വാസത്തിന്‍റെ കേന്ദ്രമായി തന്നെത്തന്നെ പ്രതിഷ്ഠിക്കുന്ന അവസ്ഥയാണ്.                                                                                                                              
  2. ഈ ലോകത്തിന്‍റെ ചിന്തവെടിഞ്ഞ് ദൈവമകനാണ്/മകളാണ് എന്ന ചിന്ത സ്വീകരിക്കണം (വാ. 30). മറ്റൊരു ഭാഷയില്‍, ലൗകിക മോഹങ്ങള്‍ക്ക് വശംവദരായി ജീവിക്കുന്നവര്‍ക്ക് ദൈവപരിപാലന അറിയാനാകില്ല. കഴുതയുടെ താടിയെല്ലുകൊണ്ട് പതിനായിരം ഫിലിസ്ത്യരെ കൊല്ലാന്‍ കരുത്തുണ്ടായിരുന്ന സാംസന് സ്വന്തം ജഢമോഹങ്ങളെ ജയിക്കാന്‍ കരുത്തില്ലായിരുന്നു. അത് അവനു വിനാശകരമായിത്തീര്‍ന്നു. പാപമാര്‍ഗ്ഗം ഉപേക്ഷിക്കുന്നവനേ ദൈവപരിപാലന വെളിപ്പെടുന്നുള്ളൂ.                       
  3. എല്ലാറ്റിലും ഉപരിയായി ദൈവരാജ്യം അന്വേഷിക്കുന്നവര്‍ക്കു മാത്രമേ ദൈവ പരിപാലന വെളിപ്പെടുകയുള്ളൂ (വാ. 31). ദൈവരാജ്യം അന്വേഷിക്കുക എന്നതിന് പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണഹൃദയത്തോടും സര്‍വ്വശക്തിയോടും കൂടി ദൈവത്തെ ആശ്രയിക്കുക എന്നാണര്‍ത്ഥം. ദുശ്ശാസനന്‍ വസ്ത്രാക്ഷേപം നടത്തിയപ്പോള്‍ ഒരു കൈകൊണ്ടു വസ്ത്രം തടഞ്ഞും മറുകൈ ഈശ്വരനിലേക്കുയര്‍ത്തിയും നിലവിളിച്ചപ്പോള്‍ പാഞ്ചാലിക്ക് രക്ഷകിട്ടിയില്ല. എന്നാല്‍ ഇരുകൈയും ഈശ്വരനിലേക്കുയര്‍ത്തി വിളിച്ച് സമ്പൂര്‍ണ്ണ സമര്‍പ്പണം നടത്തിയപ്പോള്‍ അവള്‍ രക്ഷിക്കപ്പെട്ടു എന്നെഴുതുന്ന വ്യാസമുനിയുടെ ദര്‍ശനവും ഇതു തന്നെയാണ്. സമ്പൂര്‍ണ്ണ സമര്‍പ്പണത്തിലേ ദൈവപരിപാലന വെളിപ്പെടുകയുള്ളൂ. അതിനായി സ്വന്തം ആശ്രയമാര്‍ഗ്ഗങ്ങളായി കരുതുന്ന സമ്പത്തും മറ്റു ഭൗതിക സുരക്ഷിതത്വങ്ങളും ഉപേക്ഷിച്ച് ദൈവത്തില്‍ ആശ്രയിക്കണം (വാ. 33).                                         
  4. സ്വര്‍ഗ്ഗത്തിലെ നിക്ഷേപത്തെക്കുറിച്ചു ചിന്തവേണം (വാ. 33-34). ദൈവപരിപാലന എന്നത് ഈ ഭൂമിയിലെ ജീവിതം സുഖകരമാക്കാനുള്ള വഴിയായി മാത്രം കരുതരുത്. മനുഷ്യന്‍റെ പരമലക്ഷ്യമായ സ്വര്‍ഗ്ഗത്തിലേക്കു കൈപിടിച്ചുനടത്തുന്നതാണ് ദൈവപരിപാലന. തന്മൂലം സ്വര്‍ഗ്ഗപ്രാപ്തിക്കായി ഈ ഭൂമിയില്‍ അനുഭവപ്പെടുന്ന സഹനങ്ങളെ ദൈവപരിപാലനയുടെ ഭാഗമായി മനസ്സിലാക്കണം. തേനും പാലുമൊഴുകുന്ന കാനാന്‍ദേശത്ത് എത്താന്‍ 40 കൊല്ലം മരുഭൂമിയില്‍ അലയണം എന്ന സത്യം ഉള്‍ക്കൊള്ളാന്‍ ഇസ്രായേല്‍ ജനത്തിന് ഏറെ പാടുപെടേണ്ടി വന്നു. ഒരു വേദനയും പാഴായിപ്പോകുന്നില്ല, ഓരോ തുള്ളി കണ്ണീരും സ്വര്‍ഗ്ഗത്തില്‍ പ്രതിഫലം തരുന്നതിനായി ദൈവം കുപ്പിയില്‍ ശേഖരിച്ചിട്ടുണ്ട് എന്ന തിരിച്ചറിവ് ദൈവപരിപാലനതന്നെയാണ്. എവിടെ കുരിശുണ്ടോ അവിടെ ക്രൂശിതനുമുണ്ട് നിശ്ശബ്ദനായി, അദൃശ്യനായി...

 

The Gospel of Luke Do Not Worry (Luke 12: 22-34) gospel of luke luke catholic malayalam Rev. Dr. Joseph Pamplany Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message