x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. ലൂക്കായുടെ സുവിശേഷം, ക്രിസ്തു പാപികളുടെ രക്ഷകന്‍ (7:38-49)

Authored by : Rev. Dr. Joseph Pamplany On 05-Feb-2021

പാപികളുടെ സ്നേഹിതനായാണ് ലൂക്കാ ക്രിസ്തുവിനെ അവതരിപ്പിക്കുന്നത്. സമൂഹം ഭ്രഷ്ടു കല്പിച്ചിരുന്ന പരസ്യ പാപികളുടെയും മാറാരോഗികളുടെയും സംരക്ഷകനും സ്നേഹിതനും രക്ഷകനുമായി യേശുവിനെ അവതരിപ്പിക്കുന്നതിലൂടെ യേശുവിലൂടെ കൈവരുന്ന സാര്‍വ്വത്രിക രക്ഷയെയാണ് ലൂക്കാ അവതരിപ്പിക്കുന്നത്. ഈ ആശയം ആഴത്തില്‍ വ്യക്തമാക്കുന്ന ലൂക്കാ 7:38-49 വരെ വാക്യങ്ങള്‍ ആശയ പൂര്‍ത്തീകരണത്തിനായി ചുവടെ വ്യാഖ്യാനിക്കുന്നു:   

                                                                                                                                               
പാപിനിക്കുപൊറുതി (7:38-49)                                                                                                                                         
   ലൂക്കാ 7:24-35 ല്‍ വിവരിക്കുന്ന ആശയങ്ങളുടെ തുടര്‍ച്ചയാണ് പാപിനിയുടെ കാലുകഴുകല്‍ സംഭവവും തുടര്‍ന്നുള്ള രക്ഷയും. തിരഞ്ഞെടുക്കപ്പെട്ടവര്‍ എന്ന ഔദ്ധത്യവുമായി കഴിഞ്ഞിരുന്ന യഹൂദര്‍ രക്ഷയുടെ വഴിയിലെ സുനിശ്ചിത കഥാപാത്രങ്ങളായി തങ്ങളെത്തന്നെ പ്രതിഷ്ഠിച്ചു. ദൈവം മനുഷ്യജീവിതത്തില്‍ ഇടപ്പെടുന്ന വഴികളെക്കുറിച്ച് അവരുടേതായ ധാരണകള്‍ അവര്‍ പുലര്‍ത്തിയിരുന്നു യേശുവിന്‍റെ കാലത്ത് പ്രചാരത്തിലിരുന്ന അപ്രമാണിക (apocrypha) ഗ്രന്ഥങ്ങളില്‍ രക്ഷയെക്കുറിച്ചുള്ള യഹൂദസങ്കല്പങ്ങള്‍ വിവരിക്കുന്നുണ്ട്. (1) ദൈവം നേരിട്ടുവന്ന് രാജ്യം സ്ഥാപിച്ച് ഭരണം നടത്തും; (2) ദാവീദിനെയും യൂദാസ് മക്കബേയൂസിനെയും പോലൊരു രാജാവിനെ ദൈവം അയയ്ക്കും; (3) യുഗാന്ത്യം ഉടന്‍ സംഭവിക്കുകയും തിരഞ്ഞെടുത്ത ജനതയ്ക്കായി അവിടുന്ന് പറുദീസാ തുറന്നു കൊടുക്കുകയും മറ്റെല്ലാവരും പുറന്തള്ളപ്പെടുകയും ചെയ്യും. രക്ഷയെക്കുറിച്ചുള്ള യഹൂദസങ്കല്പങ്ങള്‍ വ്യത്യസ്തങ്ങളാണെങ്കിലും തിരഞ്ഞെടുക്കപ്പെട്ടവരുടെ രക്ഷയെക്കുറിച്ചുള്ള സുനിശ്ചിതത്വം എല്ലാ ചിന്താഗതികളിലും പൊതുവായിക്കാണാം. സ്നാപകയോഹന്നാന്‍റെയും യേശുവിന്‍റെയും ശൈലികള്‍ വ്യത്യസ്തമായിരുന്നിട്ടും അവ യഹൂദര്‍ക്കു സ്വീകാര്യമായില്ല. കാരണം, തിരഞ്ഞെടുക്കപ്പെട്ടവരുടെ പ്രധാന്യം വ്യക്തമാകുന്ന രക്ഷാവീക്ഷണമായിരുന്നില്ല അവരുടേത്. ദൈവികരക്ഷയ്ക്ക് തങ്ങളുടേതായ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും അത് അനുസരിച്ച്മാത്രം കാത്തിരിക്കുകയും ചെയ്യുന്ന യഹൂദരുടെ ബാലിശതയെ ചന്തസ്ഥലത്തിരുന്നു കലഹിക്കുന്ന കുട്ടികളോട് യേശു താരതമ്യം ചെയ്യുന്നത് ഈ പശ്ചാത്തലത്തിലാണ് (ലൂക്കാ 7:32). മനുഷ്യരക്ഷയ്ക്കായി ദൈവം ഒരുക്കുന്ന പദ്ധതിയില്‍ മാനസാന്തരപ്പെടാന്‍ മനസ്സുള്ള സകലര്‍ക്കും സ്ഥാനമുണ്ടെന്ന് യേശു സ്ഥാപിക്കുന്നതാണ് വിചിന്തനത്തിനാധാരമായ വചനഭാഗം.                                                
ആത്മീയതയുടെ ശിമയോന്‍ "കോപ്ലക്സ്"                                                                                                                          
തങ്ങളെപ്പറ്റിയുള്ള ദൈവഹിതം നിരസിച്ചവരായി 7:30 ല്‍ വിവരിക്കുന്ന ഫരിസേയരില്‍ ഒരുവനായിട്ടാണ് അതിഥേയനെ ലൂക്കാ അവതരിപ്പിക്കുന്നത്. ധനികരുടെ വീടുകളില്‍ വലിയ വിരുന്നു സല്‍ക്കാരം നടക്കുമ്പോള്‍ പട്ടണത്തിലെ പതിതരും പാവപ്പെട്ടവരും ധനികരുടെ വീടിനുചുറ്റും തടിച്ചുകൂടുക പതിവായിരുന്നു. മിച്ചം വരുന്നവയുടെ ഓഹരിയ്ക്കായി അവര്‍ കാത്തിരിക്കും. പതിവ് ലംഘിച്ച് അവരില്‍ ഒരുവള്‍ വിരുന്നുശാലയില്‍ എത്തിയതാണ് ശിമയോനെ അസ്വസ്ഥനാക്കുന്നത്. യേശുപ്രവാചകനല്ല എന്നതിന്‍റെ തെളിവായി ഈ സംഭവത്തെ വ്യഖ്യാനിക്കാനാണ് അവന്‍ ശ്രമിക്കുന്നത്. അവന്‍റെ നിഗമനങ്ങള്‍ രണ്ടും ശരിയാണ്: (1) ഇവള്‍ പാപിനിയാണ്, (2) യേശു പ്രവാചകനാണെങ്കില്‍ ഇവള്‍ പാപിനിയാണെന്ന് അറിയുമായിരുന്നു. പക്ഷേ ഈ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ ശിമയോന്‍ എത്തിച്ചേര്‍ന്ന ചിന്തകളാണ് തെറ്റിപ്പോയത്; പാപിനിയാണെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ യേശു അവളെ അകറ്റിനിര്‍ത്തുമായിരുന്നു എന്നവള്‍ കരുതി.                                                                 
പാപിയുമായി സമ്പര്‍ക്കമില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നവരുമായി മാത്രം സമ്പര്‍ക്കം പുലര്‍ത്തുന്ന ദൈവത്തെക്കുറിച്ചുള്ള സങ്കല്പം ആത്മീയരുടെ നിത്യപ്രലോഭനങ്ങളില്‍ ഒന്നാണ് (Complex). ശിമയോന്‍ കോപ്ലക്സ് എന്ന് വിളിക്കാവുന്ന ഈ ആത്മീയരോഗത്തിന്‍റെ ആദ്യലക്ഷണം മറ്റുള്ളവര്‍ പാപികളാണ് എന്ന അറിവാണ് (7:39). പാപികള്‍ അകറ്റിനിര്‍ത്തപ്പെടേണ്ടവരാണെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ട്. രണ്ടാമത്തെ ലക്ഷണമാകട്ടെ തന്‍റെ വീഴ്ചകളെക്കുറിച്ചുള്ള നിസ്സംഗതാ മനോഭാവമാണ്. കാലുകഴുകാന്‍ ഗുരുവിന് വെള്ളം കൊടുക്കാതിരുന്നതിനെക്കുറിച്ചോ മറ്റ് ആതിഥ്യ മര്യാദകള്‍ അനുഷ്ഠിക്കുന്നതില്‍ വന്ന വീഴ്ചകളെക്കുറിച്ചോ (7:44) അവന്‍ ചിന്തിക്കുന്നതേയില്ല. (യഹൂദരീതിയനുസരിച്ച് അതിഥിയെ സ്വീകരിക്കുന്നതിനായി പാദം കഴുകുകയും (ഉല്‍പ 18:4; 19:2; ന്യായ 19:21; 1സാമു 25:41;) ആശംസയുടെ ചുംബനം നല്‍കുകയും (2 സാമു 15:5; ലൂക്കാ 15:20; 22:47-48); തൈലം പൂശുകയും (സങ്കീ 23:5; 133:2 മര്‍ക്കോ 14:3) ചെയ്തിരുന്നു). മൂന്നാമത്തെ ലക്ഷണം അപരന്‍റെ നന്മയില്‍പോലും നിയമത്തിന്‍റെ തലനാരിഴകീറി തിന്മകാണാനുള്ള വ്യഗ്രതയാണ്. സ്ത്രീകള്‍ പരസ്യമായി പുരുഷപാദം സ്പര്‍ശിക്കുന്നതും മുടിയഴിക്കുന്നതും നിയമദ്യഷ്ടിയില്‍ തെറ്റാണെന്ന് അയാള്‍ വിലയിരുത്തി. പക്ഷേ അവളുടെ പശ്ചാത്താപ കണ്ണുനീര്‍ കാണാന്‍ അയാള്‍ക്കു കഴിഞ്ഞില്ല. അവളുടെ കണ്ണീര്‍ചാലില്‍ പോലും വിഷയാസക്തി കാണാനാണ് അയാള്‍ ശ്രമിച്ചത്. 

                                                                                         
പാപിനിയും വിശുദ്ധയും                                                                                                                                                     
കടന്നുവന്നവളില്‍ കണ്ടുനിന്നവരെല്ലാം ഗണികയെ (അഭിസാരികയെ) കണ്ടെത്തിയപ്പോള്‍ യേശുവാകട്ടെ കണ്ണുനീരില്‍ കഴുകിത്തെളിയുന്ന അവളിലെ വിശുദ്ധയെയാണ് കണ്ടെത്തിയത്. ചുങ്കക്കാരനും ദ്രവ്യാഗ്രഹിയുമായ സക്കേവൂസില്‍ അബ്രാഹത്തിന്‍റെ മകനെ കണ്ടെത്താന്‍ (ലൂക്ക 19:9), സമരിയായിലെ സിക്കാറില്‍ കണ്ടെത്തിയ കുലടയില്‍ തന്‍റെ ആദ്യ അപ്പസ്തോലയെ കണ്ടെത്താന്‍ (യോഹ 4:27.) കല്ലെറിഞ്ഞു കൊല്ലേണ്ടവളില്‍ ദൈവത്തിന്‍റെ മകളെ കാണാന്‍ (യോഹ 8:11) യേശുവിനല്ലാതെ മറ്റാര്‍ക്കാണ് കഴിയുക. ദൈവത്തിന്‍റെ കണ്ണുകൊണ്ടുനോക്കിയപ്പോള്‍ സകലസൃഷ്ടിയും നല്ലതാണെന്ന് ദൈവം കണ്ടു (ഉല്‍പ 1:4). "നോക്കുന്നവന്‍റെ കണ്ണിലാണ് പാപം" എന്ന ചൊല്ലിന്‍റെ അന്തരാര്‍ത്ഥം ആഴമുള്ളതാണ്.                                                       
തന്‍റെ പാപത്തിന് പരിഹാരമുണ്ട് എന്നും ആ പരിഹാരം രക്ഷകനായ ഈശോ മിശിഹായാണെന്നും തിരിച്ചറിയുന്നതാണ് രക്ഷ. സ്നേഹത്തിന്‍റെ സുഗന്ധക്കൂട്ടുമൊരുക്കി യേശുവിന്‍റെ പാദക്ഷാളനത്തിന് എത്തിയവളുടെ കണ്ണീരിനെ പ്രായശ്ചിത്തമായി ഗുരു അംഗീകരിച്ചു. തന്‍റെ പരസ്യപ്രകടനങ്ങളിലെ സാമൂഹിക അനൗചിത്യങ്ങളെക്കുറിച്ച് അവള്‍ ചിന്തിക്കുന്നേയില്ല. ആരെല്ലാം തെറ്റിദ്ധരിച്ചാലും ഗുരു തന്നെ മനസ്സിലാക്കുമെന്ന് അവള്‍ക്കുറപ്പുണ്ടായിരുന്നു. ആ വിശ്വാസത്തെ ദൈവസ്നേഹമായി വ്യാഖ്യാനിച്ച് രക്ഷ നല്‍കാന്‍ യേശു തയ്യാറായി.                                                                                                                                                
വിശ്വാസം - പാപമോചനം - സമാധാനം                                                                                                                              
  അധികം ക്ഷമിക്കപ്പെട്ടവന്‍ അധികം സ്നേഹിക്കുന്ന സാമാന്യ നീതിയല്ല വചനഭാഗത്തിന്‍റെ അന്തസ്സത്ത. മറിച്ച് താന്‍ അധികം ക്ഷമിക്കപ്പെടേണ്ടവളാണെന്ന പാപിനിയുടെ തിരിച്ചറിവാണ് അവള്‍ക്കു രക്ഷയായത്. പാപബോധത്തിന്‍റെ ആഴമാണ് രക്ഷയുടെ അടിസ്ഥാനം. സൗജന്യദാനമായി ദൈവം നല്‍കുന്ന രക്ഷയെ സ്വന്തമാക്കാന്‍ പാപബോധം ആവശ്യമാണ്. വിശ്വാസം പാപബോധത്തിലേക്കും പാപബോധം രക്ഷയുടെ സമാധാനത്തിലേക്കും നയിക്കുന്നു. അതിനാലാണ് യേശു പറഞ്ഞത് നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. സമാധാനത്തില്‍ പോവുക (7:50).     

                                                                                                                                           
ക്ഷമിക്കുന്നവന്‍ ദൈവമാണ്                                                                                                                                          
   യേശു പാപം ക്ഷമിച്ചപ്പോള്‍ അവന്‍ ദൈവത്തിന്‍റെ പ്രവൃത്തിചെയ്തു എന്ന് ഫരിസേയര്‍ ആക്ഷേപിക്കുന്നു. അവരുടെ ആക്ഷേപത്തിലൂടെ ദൈവികമായ അര്‍ത്ഥതലങ്ങളിലേക്ക് വചനം നമ്മെ ക്ഷണിക്കുന്നു. ക്ഷമിക്കുന്നവന്‍ ദൈവത്തെപ്പോലെ പ്രവര്‍ത്തിക്കുന്നു. ക്ഷമിക്കുന്നവര്‍ സ്വയം ദൈവികരായിത്തീരുകയാണ്. ദൈവികതയുടെ അംശമില്ലാത്തവന് ക്ഷമിക്കാനാവില്ല. വിദ്വേഷത്തിന്‍റെ, പ്രതികാരത്തിന്‍റെ, ശിക്ഷാവിധിയുടെ സ്വരം ലോകത്തിന്‍റേതാണ്. ക്ഷമയും തത്ഫലമായുള്ള സമാധാനവുമാണ് ദൈവികതയുടെ ലക്ഷണം.

The Gospel of Luke Christ the Savior of Sinners (7: 38-49) gospel of luke luke catholic malayalam Rev. Dr. Joseph Pamplany Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message