x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. യോഹന്നാന്‍റെ സുവിശേഷം, സുവിശേഷത്തിന്‍റെ ലക്ഷ്യം

Authored by : Rev. Msgr. Dr. Mathew Vellanickal On 08-Feb-2021

വി. യോഹന്നാന്‍റെ സുവിശേഷം

സുവിശേഷത്തിന്‍റെ ലക്ഷ്യം

സമാന്തരസുവിശേഷങ്ങളില്‍നിന്നും തികച്ചും വ്യത്യസ്തമായ ഒരു പ്രതിപാദനരീതിയാണ് വി. യോഹന്നാന്‍റെ സുവിശേഷത്തില്‍ കാണുന്നത്. സമാന്തരസുവിശേഷങ്ങള്‍ മിശിഹായുടെ ജീവിതത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുമ്പോള്‍ യോഹന്നാന്‍ശ്ലീഹാ മിശിഹായുടെ വ്യക്തിത്വത്തിന്‍റെ ആഴങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ്. പുതിയനിയമാവിഷ്കാരത്തിന്‍റെ പരമകാഷ്ഠയില്‍ എത്തിനില്‍ക്കുന്ന ഈ നാലാം സുവിശേഷം 'ആത്മീയസുവിശേഷം' 'അരൂപിയുടെ സുവിശേഷം' 'സ്നേഹത്തിന്‍റെ സുവിശേഷം' 'വിശ്വാസത്തിന്‍റെ സുവിശേഷം' 'ജീവന്‍റെ സുവിശേഷം' എന്നീ അപരനാമങ്ങളില്‍ അറിയപ്പെടുന്നു.

വ്യക്തമായ ലക്ഷ്യത്തോടെയാണ് യോഹന്നാന്‍ശ്ലീഹാ സുവിശേഷം എഴുതിയത്. 20:30-31 ല്‍ ഇത് വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്: "ഈ ഗ്രന്ഥത്തില്‍ എഴുതപ്പെടാത്ത മറ്റനേകം അടയാളങ്ങളും ഈശോ ശിഷ്യരുടെ സാന്നിദ്ധ്യത്തില്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ ഇവ തന്നെയും എഴുതപ്പെട്ടിരിക്കുന്നത് ഈശോ ദൈവപുത്രനായ മിശിഹായാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുക നിമിത്തം നിങ്ങള്‍ക്ക് അവന്‍റെ നാമത്തില്‍ ജീവന്‍ ഉണ്ടാകുന്നതിനും വേണ്ടിയാണ്". ഇവിടെ യോഹന്നാന്‍ശ്ലീഹാ തന്‍റെ സുവിശേഷത്തിന്‍റെ ഉള്ളടക്കത്തെ വിശേഷിപ്പിക്കുന്നത് 'അടയാളങ്ങള്‍' എന്നാണ്. ഈശോ പ്രവര്‍ത്തിച്ച അടയാളങ്ങളാണ് സുവിശേഷത്തിന്‍റെ ഉള്ളടക്കം. സുവിശേഷം എഴുതിയത് 'ഈശോ ദൈവപുത്രനായ മിശിഹായാണെന്ന് വിശ്വസിക്കുന്നതിനും അതുവഴി ജീവന്‍ ഉണ്ടാകുന്നതിനും വേണ്ടിയാണ്'.

'അടയാളങ്ങള്‍' എന്നതുകൊണ്ട് വിശുദ്ധഗ്രന്ഥവ്യാഖ്യാതാക്കളില്‍ ചിലര്‍ ഈശോ ചെയ്ത അത്ഭുതങ്ങളെ മാത്രം അര്‍ത്ഥമാക്കുമ്പോള്‍ മറ്റുചിലര്‍ സുവിശേഷത്തിന്‍റെ ഉള്ളടക്കം മുഴുവനും ഈ പദംകൊണ്ട് അര്‍ത്ഥമാക്കുന്നു. 'അടയാളങ്ങള്‍' അദൃശ്യമായ യാഥാര്‍ത്ഥ്യത്തെ ദൃശ്യമാക്കുന്നവയാണല്ലോ. യോഹന്നാന്‍ശ്ലീഹായുടെ മിശിഹാനുഭവം വിവരിക്കുന്ന ലേഖനഭാഗത്ത് ഇത് കൂടുതല്‍ വ്യക്തമാക്കുന്നു: "ആദിമുതല്‍ ഉണ്ടായിരുന്നതും ഞങ്ങള്‍ കേട്ടതും സ്വന്തം കണ്ണുകൊണ്ട് കണ്ടതും സൂക്ഷിച്ചുവീക്ഷിച്ചതും കൈകൊണ്ടു സ്പര്‍ശിച്ചതുമായ ജീവന്‍റെ വചനത്തെപ്പറ്റി ഞങ്ങള്‍ അറിയിക്കുന്നു. ജീവന്‍ വെളിപ്പെട്ടു; ഞങ്ങള്‍ അതു കണ്ടു;  അതിനു സാക്ഷ്യം നല്‍കുകയും ചെയ്യുന്നു. പിതാവിനോടുകൂടി ആയിരുന്നതും ഞങ്ങള്‍ക്കു വെളിപ്പെട്ടതുമായ നിത്യജീവന്‍ ഞങ്ങള്‍ നിങ്ങളോട് പ്രഘോഷിക്കുന്നു" (1 യോഹ 1:1-2).

'ജീവന്‍ വെളിപ്പെട്ടു; ഞങ്ങള്‍ അതു കണ്ടു'. ഈശോയാണ് ഈ ജീവന്‍. ദൈവത്തിന്‍റെ ജീവന്‍റെ അടയാളമാണ് ഈശോ: "ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവംതന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത്" (യോഹ 1:18). അദൃശ്യനായ ദൈവത്തെ ദൃശ്യമാക്കിയത് ഈശോയാണ്. അദൃശ്യനായ ദൈവത്തിലേക്ക് വിരല്‍ചൂണ്ടുന്ന അടയാളങ്ങളായ ഈശോയുടെ വാക്കുകള്‍ ശിഷ്യന്മാര്‍ കേട്ടു; അവിടുത്തെ പ്രവൃത്തികള്‍ അവര്‍ കണ്ടു; അത്ഭുതങ്ങള്‍ അവര്‍ സൂക്ഷിച്ചുവീക്ഷിച്ചു. ഈശോയുടെ ജീവിതത്തെ അവര്‍ സ്പര്‍ശിച്ചു. സ്വന്തം ജീവിതത്തില്‍ ഏറ്റുവാങ്ങിയ ഈ മിശിഹാനുഭവമാണ് 'വിശ്വസിക്കുവാനും ജീവന്‍ ഉണ്ടാകുന്നതിനുംവേണ്ടി' അവര്‍ പകര്‍ന്നു നല്‍കിയത്. ഈശോയുടെ വരവിന്‍റെ ലക്ഷ്യവും മറ്റൊന്നായിരുന്നില്ല: "ഞാന്‍ വന്നത് അവര്‍ക്കു ജീവനുണ്ടാകുവാനും  അത് സമൃദ്ധമായി ഉണ്ടാകുവാനുമാണ്" (10:10). വിശ്വാസം ഉണ്ടാകുന്നതിനുവേണ്ടി അടയാളങ്ങള്‍ എഴുതി; അതുവഴി ഒരു വ്യക്തി വിശ്വാസത്തിലേക്ക് കടന്നുവരുന്നു. ഈശോമിശിഹായിലുള്ള വിശ്വാസം ജീവന്‍ പ്രദാനം ചെയ്യുന്നു.

ഈശോ ദൈവപുത്രനായ മിശിഹായാണെന്ന യാഥാര്‍ത്ഥ്യമാണ് വിശ്വാസത്തിന്‍റെ വിഷയം. 'ദൈവപുത്രന്‍',  'മിശിഹാ' എന്നീ രണ്ട് സംജ്ഞകള്‍ യോഹന്നാന്‍ശ്ലീഹാ തെരഞ്ഞെടുത്തുപയോഗിച്ചത് പ്രത്യേക ലക്ഷ്യത്തോടുകൂടിയാണ്. ദൈവപിതാവിന്‍റെ ജീവനില്‍ പങ്കുചേരുന്നവനാണ് 'ദൈവപുത്രന്‍'. 'മിശിഹാ' എന്ന വാക്കിന്‍റെ അര്‍ത്ഥം 'അഭിഷിക്തന്‍' എന്നാണ്. ദൈവം അഭിഷേകം ചെയ്ത് അയച്ചവനാണ് ഈശോ. ദൈവം തന്‍റെ പുത്രനെ അഭിഷേകം ചെയ്ത് അയച്ചത് ദൈവികജീവന്‍ മനുഷ്യന് പകര്‍ന്നുകൊടുക്കുവാനാണ്. ഈശോ ദൈവപുത്രനായ മിശിഹായാണെന്ന് വിശ്വസിക്കുക എന്നുപറഞ്ഞാല്‍ ഈശോ ദൈവികജീവനില്‍ പങ്കുചേരുന്നവനും ഈ ജീവന്‍ മനുഷ്യര്‍ക്ക് നല്‍കാന്‍ ദൈവത്താല്‍ അഭിഷിക്തനായി അയയ്ക്കപ്പെട്ടവനുമാണെന്ന് വിശ്വസിക്കുകയാണ്. അങ്ങനെ വിശ്വസിക്കുക നിമിത്തം ഒരുവന് ജീവന്‍ ലഭിക്കുന്നു. വിശ്വാസം എന്നത് ഉപരിപ്ലവമായ ഒരു പ്രവൃത്തിയല്ല. അത് ആത്മസമര്‍പ്പണമാണ്; എന്ത് വിശ്വസിക്കുന്നവോ അത് സ്വന്തമാക്കുകയാണ്; ആരില്‍ വിശ്വസിക്കുന്നുവോ ആ വ്യക്തിയോടുള്ള താദാത്മ്യപ്പെടലാണ്. മിശിഹായില്‍ വിശ്വസിക്കുന്നവന്‍ മറ്റൊരു മിശിഹായായി മാറുന്നു.

ഈശോ പ്രദാനം ചെയ്യുന്ന ജീവന്‍ - ദൈവികജീവന്‍ - നിത്യജീവനാണ്. ഈ പ്രപഞ്ചത്തില്‍ സസ്യജീവന്‍, മൃഗജീവന്‍, മാനുഷികജീവന്‍, ദൈവികജീവന്‍ മുതലായ പലതരം ജീവനുണ്ട്. സസ്യജീവന്‍റെ പ്രവര്‍ത്തനം അതിന്‍റെ വളര്‍ച്ചയിലൂടെയാണ് തിരിച്ചറിയുന്നത്. മൃഗജീവന്‍റേത് ചലനത്തിലൂടെയും. മാനുഷികജീവനാകട്ടെ വിശേഷബുദ്ധിയും സ്വതന്ത്രമനസ്സുംകൊണ്ട് ധന്യമാണ്. എന്നാല്‍ ഇതില്‍നിന്നെല്ലാം വ്യത്യസ്തമായതാണ് ദൈവികജീവന്‍റെ പ്രവര്‍ത്തനം എന്ന് ഈശോ വ്യക്തമാക്കുന്നു: "ഏകസത്യദൈവമായ അവിടുത്തേയും അങ്ങ് അയച്ച ഈശോമിശിഹായെയും അറിയുക എന്നതാണ് നിത്യജീവന്‍" (യോഹ 17:3). ദൈവികജീവന്‍റെ പ്രവര്‍ത്തനം 'അറിയുക' എന്നതാണ്. ഏകസത്യദൈവമായ പിതാവിനെയും അവിടുന്ന് അയച്ച ദൈവപുത്രനായ ഈശോമിശിഹായെയുമാണ് അറിയേണ്ടത്.

വി. ഗ്രന്ഥപശ്ചാത്തലത്തില്‍ 'അറിയുക' എന്നതുകൊണ്ട് ബന്ധം സ്ഥാപിക്കുക, സ്നേഹിക്കുക, ഐക്യപ്പെടുക എന്നൊക്കെയാണ് അര്‍ത്ഥമാക്കുന്നത്. ദൈവികജീവന്‍റെ പ്രവര്‍ത്തനം അറിവിന്‍റെയും സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും പ്രവര്‍ത്തനമാണ്. സത്യദൈവത്തെ അറിയുക, സ്നേഹിക്കുക, അവിടുത്തോട് ബന്ധം സ്ഥാപിക്കുക. സത്യദൈവത്തെ അറിയാനുള്ള മാര്‍ഗ്ഗം ഈശോമിശിഹായാണ്. ഈശോയിലൂടെ മാത്രമേ ഈ ജീവനില്‍ പങ്കുചേരാന്‍ സാധിക്കുകയുള്ളു. ദൈവമനുഷ്യനായ ഈശോമിശിഹായെ അറിയുക എന്നതുകൊണ്ട് ദൈവത്തേയും മനുഷ്യനേയും സ്നേഹിക്കുക എന്നതാണ് അര്‍ത്ഥമാക്കുന്നത്. മനുഷ്യനെ അറിയാതെ, മനുഷ്യനുമായി ബന്ധം പുലര്‍ത്താതെ, മനുഷ്യനോട് ഐക്യപ്പെടാതെ ഈശോമിശിഹായെ അറിയുന്നു എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. ദൈവവും മനുഷ്യനുമായി ആരോഗ്യപരമായ ഒരു ബന്ധം സ്ഥാപിക്കുക - ഈ ബന്ധത്തിലുള്ള വളര്‍ച്ചയാണ് ദൈവികജീവനിലുള്ള വളര്‍ച്ച. അതുകൊണ്ട് നിത്യജീവന്‍ എന്നത് ദൈവത്തെയും മനുഷ്യനെയും ഈശോമിശിഹായില്‍ അറിയുകയും സ്നേഹിക്കുകയും അവരോട് ഐക്യപ്പെടുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ്. ദൈവംതന്നെയും ത്രിത്വമാണ്; സ്നേഹത്തിന്‍റെ കൂട്ടായ്മയില്‍ ഒന്നായ ദൈവം. ദൈവത്തെയും ദൈവം സ്വന്തമാക്കിയ മനുഷ്യനെയും സ്നേഹിക്കുക എന്നതാണ് ദൈവികജീവനിലുള്ള വളര്‍ച്ചയുടെ അളവുകോല്‍. ഈ വിധത്തില്‍ ഈശോയില്‍ വിശ്വസിച്ച് നിത്യജീവന്‍ പ്രാപിക്കുക എന്നതാണ് സുവിശേഷത്തിന്‍റെ ലക്ഷ്യം.

സംവാദപരമായ ലക്ഷ്യങ്ങള്‍

മേല്‍ പ്രസ്താവിച്ച ലക്ഷ്യങ്ങള്‍ക്കു പുറമേ സംവാദപരങ്ങളായ ചില ഉദ്ദേശ്യങ്ങളും സുവിശേഷകനുണ്ടായിരുന്നു.

യഹൂദര്‍ക്കെതിരേ

സുവിശേഷത്തില്‍ യഹൂദരെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ സുവിശേഷകന് അവരോട് ഒരു വിരുദ്ധമനോഭാവമുണ്ടായിരുന്നുവെന്ന് ചിന്തിക്കുവാനാണ് നമ്മെ പ്രേരിപ്പിക്കുക. സുവിശേഷത്തില്‍ യഹൂദമതത്തിന്‍റെ പദവി ചോദ്യം ചെയ്യപ്പെടുന്നുണ്ട്. അദ്ദേഹം ഈശോയെ മിശിഹാ ആയി അവതരിപ്പിക്കുകയും അവിടുത്തെ ആഗമനത്തില്‍ യഹൂദമതത്തിനുണ്ടായിരുന്ന ശ്രേഷ്ഠസ്ഥാനം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. ഈശോ തന്നെപ്പറ്റി നല്‍കിയ സാക്ഷ്യത്തിന്‍റെ വിശ്വസനീയത സ്ഥാപിക്കുവാന്‍ യഹൂദരുടെ നീതിന്യായതത്വങ്ങളെത്തന്നെയാണ് സുവിശേഷകന്‍ ആശ്രയിക്കുന്നത് (5:31; 8:17). 8:44-45; 54-55 എന്നീ ഭാഗങ്ങളില്‍ ഈ യഹൂദവിരുദ്ധ മനോഭാവം മൂര്‍ദ്ധന്യത്തിലെത്തുന്നു.

ഈ വസ്തുത 'യഹൂദര്‍' എന്ന സുവിശേഷപ്രയോഗത്തില്‍ വ്യക്തമാണ്. സമാന്തര സുവിശേഷങ്ങളില്‍ ആറോ ഏഴോ തവണവീതം ഇതു കാണുമ്പോള്‍, യോഹന്നാന്‍ശ്ലീഹായുടെ സുവിശേഷത്തില്‍ 71 തവണ ഇതു പ്രത്യക്ഷപ്പെടുന്നുണ്ട്. ഏതാനും സന്ദര്‍ഭങ്ങളൊഴിച്ചാല്‍, ഈശോയോടു ശത്രുത പുലര്‍ത്തിയിരുന്ന യഹൂദമതാധികാരികളെ, പ്രത്യേകിച്ച് ജറുസലേമിലുണ്ടായിരുന്നവരെ, സൂചിപ്പിക്കുവാനുപയോഗിച്ചിരിക്കുന്ന സാങ്കേതിക പദമാണിത്. ഇതിനു സാക്ഷ്യങ്ങള്‍ അനേകമുണ്ട്. സാധാരണ യഹൂദരെ 'യഹൂദരില്‍' നിന്ന് അദ്ദേഹം വേര്‍തിരിക്കുന്നു. ഉദാഹരണത്തിന്, സുഖം പ്രാപിച്ച കുരുടന്‍റെ യഹൂദമാതാപിതാക്കള്‍ 'യഹൂദരെ'- തെളിവെടുപ്പു നടത്തിയിരുന്ന ഫരിസേയരെ - ഭയന്നിരുന്നതായി പറയുന്നു (9:22). ചില സന്ദര്‍ഭങ്ങളില്‍ 'യഹൂദരും', പ്രധാന പുരോഹിതന്മാരും ഫരിസേയരും സൈന്യത്തെ പറഞ്ഞയയ്ക്കുന്നതായി പറഞ്ഞിരിക്കുന്നു (18:3); ഈ സൈന്യം യഹൂദരുടേതായിരുന്നു (18:12). 9:13-ല്‍ ചോദ്യമുന്നയിക്കുന്നവര്‍ ഫരിസേയരാണെങ്കില്‍ 9:18-ല്‍ അവര്‍ യഹൂദരാണെന്നു പറയുന്നു. 'യഹൂദര്‍ ഈശോയെ പീലാത്തോസിന്‍റെ പക്കലേക്കാനയിച്ചുവെന്നു യോഹന്നാന്‍ പറയുമ്പോള്‍ (18:28-31) മര്‍ക്കോസ് സുവിശേഷകന്‍ സാന്‍ഹെദ്രീന്‍ സംഘത്തിന്മേലാണ് ഇതിന്‍റെ ഉത്തരവാദിത്വം ആരോപിക്കുന്നത് (15:1).

ഈശോയുടെ പരസ്യജീവിതത്തെ പരാമര്‍ശിക്കുമ്പോള്‍ ഈ 'യഹൂദ' പ്രയോഗത്തിനു വലിയ പ്രസക്തിയില്ലെന്നു സ്പഷ്ടം. സമാന്തരസുവിശേഷങ്ങളില്‍ പ്രാധാന്യം നല്കിയിരിക്കുന്ന സദുക്കായര്‍, ഹേറോദേസ് കക്ഷികള്‍, തീക്ഷ്ണര്‍, നിയമജ്ഞര്‍ തുടങ്ങി പലരെയും ഈ സുവിശേഷത്തില്‍ കാണുന്നതേയില്ല. ചരിത്ര പശ്ചാത്തലത്തില്‍ വന്ന പരിവര്‍ത്തനമാണ് ഇതു സൂചിപ്പിക്കുക. ജറുസലേമിന്‍റെ പതനത്തെ അതിജീവിച്ച ഏക യഹൂദവിഭാഗം ഫരിസേയരായിരുന്നു. മിശിഹായെ തിരസ്കരിച്ചവരെന്ന നിലയിലാണ് ക്രിസ്ത്യാനികള്‍ അവരെ പ്രായേണ വീക്ഷിച്ചിരുന്നത്. തന്മൂലം ക്രൈസ്തവരും യഹൂദരും തമ്മില്‍ ആദിമസഭയിലുണ്ടായിരുന്ന വിയോജിപ്പാണു വി. യോഹന്നാന്‍റെ സുവിശേഷത്തില്‍ പ്രതിഫലിക്കുന്നതെന്ന് അനുമാനിക്കാം. സുവിശേഷകനെ സംബന്ധിച്ചിടത്തോളം സമകാലിക യഹൂദര്‍ ഈശോയെ തിരസ്കരിച്ച യഹൂദപ്രമാണികളുടെ ആദ്ധ്യാത്മിക പാരമ്പര്യം പുലര്‍ത്തുന്നവരാണ്. ഈ മനോഭാവമാണ് സുവിശേഷത്തിലുടനീളം കാണുന്ന യഹൂദ വൈരാഗ്യത്തിനടിസ്ഥാനം.

സ്നാപക ശിഷ്യന്‍മാരുമായുള്ള സംവാദം

സ്നാപകനെ ഈശോയെക്കാള്‍ ശ്രേഷ്ഠനായി ചിത്രീകരിച്ചിരുന്നവരെയും സുവിശേഷകന്‍ എതിര്‍ക്കുന്നു. ഇപ്രകാരം ഒരു വിഭാഗം നിലനിന്നിരുന്നുവെന്നതിന് നട 19:1-7 വരെയുള്ള ഭാഗം സാക്ഷ്യം നല്കുന്നുണ്ട്. സ്നാപകന്‍റെ മാമ്മോദീസാ സ്വീകരിച്ചവരും എന്നാല്‍ പരിശുദ്ധാത്മാവിനെപ്പറ്റി അറിയാതിരുന്നവരുമായ പന്ത്രണ്ടു ശിഷ്യന്മാര്‍ എഫേസൂസില്‍ ഉണ്ടായിരുന്നുവത്രേ. ഈ വിഭാഗം ഈശോയെയല്ല, തങ്ങളുടെ ഗുരുവിനെയാണു മിശിഹായായി ആദരിച്ചിരുന്നതുപോലും. അതുകൊണ്ടാവണം ഈശോയെയും സ്നാപകനെയും പറ്റി പരാമര്‍ശിക്കുമ്പോഴെല്ലാം സുവിശേഷകന്‍ ഈശോയെ സ്നാപകനോട് താരതമ്യം ചെയ്യുവാന്‍പോലും കഴിയാത്തവിധം ഉന്നതനായി ചിത്രീകരിക്കുന്നത്.

നോസ്റ്റിക്കുകള്‍ക്കെതിരെ

നോസ്റ്റിസിസത്തിനെതിരേ സുവിശേഷം തുറന്ന ആക്രമണം നടത്തുന്നില്ല. അക്കാലത്ത് നോസ്റ്റിസിസം ഒരു ചിന്താപദ്ധതിയുടെ നിലയിലേക്ക് ഉയര്‍ന്നിരുന്നില്ലാത്തതാവാം ഇതിനു കാരണം. പക്ഷേ, സിറിയയില്‍ ചില നോസ്റ്റിക് പ്രവണതകള്‍ ഉടലെടുത്തിരുന്നു. ചിലര്‍ ക്രൈസ്തവസത്യങ്ങളെ നോസ്റ്റിക്കുകള്‍ പുലര്‍ത്തിയിരുന്ന ദ്വൈതചിന്തയായി തെറ്റിദ്ധരിക്കുവാന്‍ തുടങ്ങി. ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ അനേകം മധ്യവര്‍ത്തികളെയും പണ്ഡിതാഭിഗമ്യമായ വിജ്ഞാനത്തിലൂടെയുള്ള മുക്തിയെയും അവര്‍ സങ്കല്പിച്ചിരുന്നു. ഇക്കൂട്ടരുടെ പദാവലിക്കു ക്രൈസ്തവമായ പുതിയ അര്‍ത്ഥം നല്‍കിക്കൊണ്ട് യോഹന്നാന്‍ശ്ലീഹാ അവരുടെ അണികളില്‍ പരോക്ഷമായി ആക്രമണം നടത്തിയിട്ടുണ്ട്. 'വചനം' മധ്യവര്‍ത്തികളെ ആശ്രയിക്കാതെതന്നെ മാംസം ധരിച്ചുവെന്ന പ്രസ്താവനയിലൂടെ (1:14) അവരുടെ പ്രപഞ്ചശാസ്ത്രത്തെയും, 'സ്നേഹ'ത്തിനു നല്‍കുന്ന പരമപ്രാധാന്യത്തിലൂടെ (13:34-35) അവരുടെ വിജ്ഞാനത്തെയും അസ്വീകാര്യമായി സുവിശേഷകന്‍ ചിത്രീകരിക്കുന്നു.

ഇതുവരെ വിവരിച്ച വിഭിന്നോദ്ദേശ്യലക്ഷ്യങ്ങള്‍ സുവിശേഷത്തില്‍ പലയിടത്തും ഒരുമിച്ചു പ്രകടമാണ്; അവയുടെ പ്രതിഫലനം സുവിശേഷത്തില്‍ ഓരോ ഭാഗത്തും ദൃശ്യവുമത്രേ. ഇതില്‍നിന്നു സുവിശേഷകന്‍ ഒരു തികഞ്ഞ പണ്ഡിതനും ക്രാന്തദര്‍ശിയും ആനുകാലിക പ്രവാചകനുമായിരുന്നുവെന്നു തെളിയുന്നു. തന്മൂലം സുവിശേഷപഠനത്തിനു സുദീര്‍ഘവും നിരന്തരവുമായ അനുദിനധ്യാനം കൂടിയേ തീരൂ.

സുവിശേഷത്തിന്‍റെ സാര്‍വ്വത്രികലക്ഷ്യം

വാസ്തവത്തില്‍ യോഹന്നാന്‍റെ സുവിശേഷലക്ഷ്യം സാര്‍വത്രികമാണെന്നതിനു സൂചനകളുണ്ട്. പ്രഥമതഃ വിശ്വാസികളായ ക്രൈസ്തവരെ പ്രതിയാണ് സുവിശേഷം എഴുതിയിട്ടുള്ളതെന്നു കരുതാം. 14-17 അദ്ധ്യായങ്ങളിലെ സംഭാഷണം തന്‍റെ സ്വന്തമായ, തന്നോടു ഗാഢമായ ഐക്യം പുലര്‍ത്തുന്ന ശിഷ്യസമൂഹത്തെ മുന്നില്‍ക്കണ്ടുകൊണ്ടുള്ളതാണ്. യുഗാന്ത സൗഭാഗ്യം യാഥാര്‍ത്ഥ്യമായതുപോലെയുള്ള പ്രതിപാദനം (Realized eschatology) ക്രൈസ്തവപ്രതീക്ഷയുടെ സജീവത്വം നിലനിര്‍ത്താനുള്ള ശ്രമമായിരിക്കണം. കാരണം മിശിഹായുടെ ദ്വിതീയാഗമനം പ്രതീക്ഷിച്ചിരുന്നതുപോലെ ഉടനെ സംഭവിക്കാതിരുന്നതിനാല്‍ അവരുടെ പ്രതീക്ഷ നിര്‍ജ്ജീവമായിപ്പോകുവാന്‍ ഇടയുണ്ടായിരുന്നു. കൂടാതെ സുവിശേഷത്തിലുടനീളം കാണുന്ന ആശയഗാംഭീര്യം അഗാധവിശ്വാസവും തികഞ്ഞ പാരമ്പര്യബോധവും ഉള്ളവര്‍ക്കേ - ക്രൈസ്തവവിശ്വാസികള്‍ക്കേ - ദഹിക്കുമായിരുന്നുള്ളു.

അതേസമയം യോഹന്നാന്‍ യഹൂദരെയും മുന്നില്‍ കണ്ടിരുന്നുവെന്നതില്‍ സംശയമില്ല. ഈശോയെ 'മിശിഹാ' ('മെസയാ' എന്ന പദത്തിന്‍റെ അറമായരൂപം) എന്നു വിളിക്കുന്നതിന്‍റെ സൂചന ഇതുതന്നെയാണ് (യോഹ 1:41; 4:25-26). പഴയനിയമത്തില്‍ ദൈവാഭിഷിക്തന്‍റെ (മെസയായുടെ) അപദാനങ്ങളായി വിവരിക്കപ്പെട്ടിട്ടുള്ളവ ഈശോയില്‍ നിറവേറിയിരിക്കുന്നുവെന്ന് സ്ഥാപിക്കുവാന്‍ സുവിശേഷകന്‍ തത്പരനാണ്. സ്നാപകന്‍ ഈശോയെ ദൈവത്തിന്‍റെ കുഞ്ഞാടായും (ഏശ 53; ലേവ്യ 14; പുറ 12) ദൈവത്തിന്‍റെ തെരഞ്ഞെടുക്കപ്പെട്ടവനായും (ഏശ 42) മണവാളനായും (ഹോസി 1-3) ദൈവാത്മാവ് ആവസിക്കുന്നവനായും (ഏശ 11) നിര്‍ദ്ദേശിക്കുന്നു. ശിഷ്യന്മാരുടെ സാക്ഷ്യവും പഴയനിയമശൈലിയിലാണ്.  ഈശോ, മിശിഹാ ആണെന്നും മോശയുടെ പ്രവചനപാത്രമാണെന്നും ഇസ്രായേലിന്‍റെ രാജാവാണെന്നും മറ്റും അവര്‍ ഏറ്റുപറയുന്നു (യോഹ 1:35-49). 'മനുഷ്യപുത്രന്‍' എന്ന പഴയനിയമ സംജ്ഞയാണ് ഈശോ സ്വയം സ്വീകരിച്ചത്. വിശുദ്ധ ലിഖിതത്തിന്‍റെ പൂര്‍ത്തീകരണത്തെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ അനേകമുണ്ട് (2:17; 12:15; 13:18; 19:36-37 തുടങ്ങിയവ). യഹൂദര്‍ക്ക് അനുയോജ്യമായ ഇത്രയേറെ ഘടകങ്ങള്‍ ഉള്‍പ്പെടുത്തി സുവിശേഷമെഴുതിയ യോഹന്നാന് ക്രൈസ്തവവിശ്വാസത്തിന്‍റെ പ്രസക്തി യഹൂദരെ ബോദ്ധ്യപ്പെടുത്തുവാന്‍ ഉദ്ദേശ്യമില്ലായിരുന്നെന്ന് കരുതാനാവില്ല.

സുവിശേഷകന്‍ വിജാതീയരെ വിസ്മരിച്ചിട്ടില്ല എന്നതും പരമാര്‍ത്ഥമാണ്. യോഹന്നാന്‍സുവിശേഷകന്‍റെ പദാവലി ഇതര പുതിയനിയമപുസ്തകങ്ങളില്‍നിന്ന് വിഭിന്നമാണ്. യഹൂദപശ്ചാത്തലത്തില്‍ മാത്രമല്ല സുവിശേഷം രൂപവത്കൃതമായത് എന്നതിനുള്ള തെളിവാണിതും: "യഹൂദര്‍ പരസ്പരം പറഞ്ഞു: നമുക്കു കണ്ടെത്താന്‍ കഴിയാത്തവിധം എവിടേക്കാണ് അവന്‍ പോവുക? ഗ്രീക്കുകാരുടെയിടയില്‍ ചിതറിപ്പാര്‍ക്കുന്നവരുടെ അടുക്കല്‍ പോയി ഗ്രീക്കുകാരെ പഠിപ്പിക്കാനായിരിക്കുമോ?" (യോഹ 7:35). വിജാതീയര്‍ (ഗ്രീക്കുകാര്‍) ഈശോയെ അന്വേഷിക്കുന്നതോടെയാണ് അവിടുത്തെ പരസ്യജീവിതം അവസാനിക്കുക (12:20-21). എല്ലാ വിഭാഗത്തില്‍പ്പെട്ടവരും ഈശോയിലേക്ക് വരുവാന്‍ തുടങ്ങിയതിന്‍റെ സൂചനയാണത്. "ഈ തൊഴുത്തില്‍പ്പെടാത്ത മറ്റാടുകളും എനിക്കുണ്ട്. അവയേയും ഞാന്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു... അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും"(യോഹ 10:16). ഈശോയുടെ മരണം യഹൂദരെപ്രതി മാത്രമല്ല; ചിന്നിച്ചിതറിക്കിടക്കുന്ന ദൈവമക്കളെയെല്ലാം പ്രതിയാണ് (11:52). ഇതില്‍നിന്നു 10:16 ലെ സൂചന വിജാതീയരെയും ബാധിക്കുന്നതാണെന്ന് അനുമാനിക്കാം. സുവിശേഷകന്‍ ജീവിച്ചിരുന്ന ലോകത്തിന്‍റെ വ്യാപക സാംസ്കാരികപശ്ചാത്തലത്തിന്‍റെ പ്രതിഫലനമാണു 'വചന'മെന്ന ആശയം. "നിയമം മോശവഴി നല്‍കപ്പെട്ടു; കൃപയും സത്യവുമാകട്ടെ, ഈശോമിശിഹാവഴി ഉണ്ടായി" (1:17). വിജാതീയര്‍ മോശയെ അഭയം പ്രാപിക്കുകയോ യഹൂദസമ്പ്രദായങ്ങള്‍ സ്വീകരിക്കുകയോ ചെയ്യേണ്ടതില്ലെന്നും പ്രത്യുത അവര്‍ക്കു മിശിഹായില്‍നിന്നു നേരിട്ടു കൃപാവരവും സത്യവും പ്രാപിക്കാമെന്നുമുള്ള ഉറപ്പാണ് ഈദൃശ പ്രസ്താവനകള്‍ ഉള്‍ക്കൊള്ളുക.

യോഹന്നാന്‍റെ സുവിശേഷം മനുഷ്യസമൂഹത്തെ മുഴുവന്‍ ഉദ്ദേശിച്ചുള്ളതാണെന്നു കരുതാം. "അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി തന്‍റെ ഏകജാതനെ നല്കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു" (3:16). ലോകത്തിന്‍റെ പ്രമാണി ബഹിഷ്കൃതനായിരിക്കുന്നു; ലോകം ദൈവത്തിന്‍റെ അവകാശമായിത്തീര്‍ന്നിരിക്കുന്നു (12:31-32). സമരിയാക്കാര്‍ ഈശോയെ സമീപിക്കുന്നു (4:39-42); വര്‍ഗ്ഗഭേദങ്ങള്‍ അപ്രത്യക്ഷമാവുന്നു. ഇനിമുതല്‍ ആരാധന ജറുസലേമിലോ ഗരീസിമിലോ ആയിരിക്കയില്ല. ആത്മാവിലും സത്യത്തിലുമായിരിക്കും പുതിയ ആരാധന (4:20-24).

സുവിശേഷം എഴുതിയത് ആര്?

വി. യോഹന്നാന്‍റെ സുവിശേഷം ആര് എഴുതി എന്നത് ബൈബിള്‍ വ്യാഖ്യാതാക്കള്‍ ചര്‍ച്ച ചെയ്യുന്ന ഒരു വിഷയമാണ്. യോഹന്നാന്‍ശ്ലീഹാ തന്നെയാണ് എഴുതിയത് എന്ന് സഭാപിതാക്കന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്.  വി. ഇരണേവൂസിന്‍റെയും ഒരിജന്‍റെയും അഭിപ്രായത്തില്‍, കര്‍ത്താവിന്‍റെ മാറില്‍ ചാരിക്കിടന്ന ശിഷ്യനായ യോഹന്നാന്‍ തന്നെയാണ് ഈ സുവിശേഷം എഴുതിയത്. വി. ആഗസ്തീനോസ് പറയുന്നു: "യോഹന്നാന്‍ കര്‍ത്താവിന്‍റെ മാറില്‍ ചാരിക്കിടന്ന് പാനം ചെയ്തത് പാനം ചെയ്യാന്‍ നമുക്കു തരുന്നു".

ഈശോയുടെ ജീവിതത്തില്‍ യോഹന്നാന് ഒരു പ്രത്യേക സ്ഥാനമുണ്ടായിരുന്നു. ഈശോയുടെ ജീവിതത്തിലെ ചില പ്രധാനസംഭവങ്ങള്‍ക്കു സാക്ഷികളാകുവാന്‍ പത്രോസിനേയും യക്കോബിനേയും യോഹന്നാനേയും അവിടുന്ന് അനുവദിച്ചു. ജായ്റോസിന്‍റെ മകളെ ഉയിര്‍പ്പിക്കുന്ന അവസരത്തിലും ഈശോയുടെ രൂപാന്തരീകരണ സമയത്തും ഗത്സെമനിയിലുമൊക്കെ ഈ മൂന്നു ശിഷ്യന്മാരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. ശിഷ്യപ്രമുഖനായ പത്രോസിനോടും യോഹന്നാന് ഒരു പ്രത്യേക ബന്ധമുണ്ടായിരുന്നു. പത്രോസിനോടുകൂടി യോഹന്നാനെ കാണുന്ന പല രംഗങ്ങള്‍ യോഹന്നാന്‍റെ സുവിശേഷത്തിലുണ്ട്. അന്ത്യത്താഴത്തില്‍ ഈശോയെ ഒറ്റിക്കൊടുക്കുന്നവന്‍ ആരെന്ന് അവിടുത്തോടു ചോദിക്കാന്‍ യോഹന്നാനെ പ്രേരിപ്പിക്കുന്നത് പത്രോസാണ് (13:24). ഈശോയുടെ പീഡാനുഭവവേളയില്‍ പത്രോസിനെ പ്രധാനാചാര്യന്‍റെ കൊട്ടാരത്തില്‍ പ്രവേശിക്കാന്‍ സഹായിക്കുന്നത് യോഹന്നാനാണ് (18:15-16). ഈശോയുടെ ശൂന്യമായ കല്ലറ കാണാന്‍ ഒരുമിച്ചോടുന്നത് പത്രോസും യോഹന്നാനുമാണ് (20:2-9). ഉത്ഥാനശേഷം ഈശോ കടല്‍ക്കരയില്‍ പ്രത്യക്ഷനാകുമ്പോഴും പത്രോസും യോഹന്നാനുമുണ്ടായിരുന്നു. അവിടെ ഈശോയെ തിരിച്ചറിയുന്നത് യോഹന്നാനാണ് (21:7). ഉത്ഥാനശേഷം ഈശോ തന്‍റെ ദൗത്യവാഹകരായി ശിഷ്യന്മാരെ നിയോഗിക്കുന്ന അവസരത്തിലും 'ഇവന്‍റെ കാര്യമെന്ത്?' എന്ന് ചോദിച്ചുകൊണ്ട് യോഹന്നാന്‍റെ കാര്യത്തില്‍ തല്പരനായ പത്രോസിനെ നാം കാണുന്നുണ്ട് (21:20-21).

ഈശോയോടും ശിഷ്യപ്രമുഖനായ പത്രോസിനോടും വൈയക്തികമായ ബന്ധം പുലത്തിയ യോഹന്നാന്‍ശ്ലീഹാ, അവിടുത്തെ മരണത്തിന് കുരിശിന്‍റെ ചുവട്ടില്‍നിന്ന്  സാക്ഷിയായ ഏക ശിഷ്യനാണ്. 'പടയാളികളിലൊരുവന്‍ ഈശോയുടെ പാര്‍ശ്വത്തില്‍ കുന്തംകൊണ്ട് കുത്തി. അവിടെ നിന്ന് രക്തവും വെള്ളവും പുറപ്പെട്ടു'. ഈ സംഭവത്തിനു ദൃക്സാക്ഷിയായി യോഹന്നാന്‍ശ്ലീഹാ തന്നെത്തന്നെ അവതരിപ്പിക്കുന്നു (19:35). ഈശോയുടെ കുരിശിനരികില്‍ ഒരു ശിഷ്യന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. 'ഈശോ സ്നേഹിച്ച ശിഷ്യന്‍' എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ഈ ശിഷ്യനാണ് ഈശോ തന്‍റെ അമ്മയെ നല്‍കിയത്.

യോഹന്നാന്‍ശ്ലീഹായുടെ സുവിശേഷത്തില്‍ 'യോഹന്നാന്‍' എന്ന പേര് അദ്ദേഹം ഉപയോഗിക്കുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു വസ്തുതയാണ്. ഇതൊരു സൂചനയാണ്. മറ്റൊരു പേരില്‍ അറിയപ്പെടാനാണ് അദ്ദേഹം ആഗ്രഹിച്ചത് - 'ഈശോ സ്നേഹിച്ച ശിഷ്യന്‍'. ഈ വിശേഷണം ഒരു അടയാളമാണ്. യോഹന്നാന്‍ശ്ലീഹായുടെ സുവിശേഷത്തിന്‍റെ പ്രത്യേകതയാണ് അത് കാണിക്കുന്നത്. മറ്റ് സുവിശേഷങ്ങളില്‍നിന്നും വ്യത്യസ്തമായി ദൈവത്തിന് മനുഷ്യനോടുള്ള സ്നേഹത്തിന് ഊന്നല്‍ കൊടുക്കുവാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ദൈവത്തിന് മനുഷ്യനോടുള്ള നിലയ്ക്കാത്ത, അനന്തമായ, അചഞ്ചലമായ, താഴേയ്ക്കിറങ്ങി വരുന്ന സ്നേഹം അതിന്‍റെ തീവ്രതയില്‍ വരച്ചുകാണിക്കുന്നത് യോഹന്നാന്‍ശ്ലീഹായാണ്.

മനുഷ്യനോടുള്ള ദൈവത്തിന്‍റെ സ്നേഹത്തിന്‍റെ വെളിപ്പെടുത്തലാണ് ഈശോ: "എന്തെന്നാല്‍ അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിനുവേണ്ടി തന്‍റെ ഏകജാതനെ നല്‍കുവാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു" (3:16). ഇവിടെ ഉപയോഗിച്ചിരിക്കുന്ന 'നല്‍കി' എന്ന ക്രിയ ബലിയെ സൂചിപ്പിക്കുന്നതാണ്. അബ്രാഹം തന്‍റെ പുത്രനെ നല്‍കി എന്നു പറയുമ്പോള്‍ ഇസഹാക്കിനെ ബലിയര്‍പ്പിക്കാന്‍ തയ്യാറായി എന്നാണ് വിവക്ഷ. ദൈവം ഇത്രമാത്രം സ്നേഹിച്ച ഓരോ മനുഷ്യന്‍റെയും പ്രതീകമാണ് 'ഈശോ സ്നേഹിച്ച ശിഷ്യന്‍'. ദൈവം ഇത്രമാത്രം സ്നേഹിച്ച ഓരോ മനുഷ്യവ്യക്തിയെയുമാണ് 'ഈശോ സ്നേഹിച്ച ശിഷ്യന്‍' എന്ന വിശേഷണത്തിലൂടെ ഇവിടെ പ്രതീകാത്മകമായി അവതരിപ്പിക്കുന്നത്.

മറ്റെല്ലാവരേയുംകാള്‍ ഈശോയുടെ സ്നേഹത്തോട് ക്രിയാത്മകമായി പ്രതികരിച്ചവനാണ് യോഹന്നാന്‍. അന്ത്യത്താഴവേളയില്‍ ഈശോയുടെ മാറില്‍ ചാരിക്കിടക്കുന്നത് യോഹന്നാനാണ്. ചാരിക്കിടക്കുന്നത് സ്നേഹത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും അടയാളമാണ്. ഈശോയുടെ സ്നേഹത്താല്‍ ആഴത്തില്‍ സ്പര്‍ശിക്കപ്പെടുകയും ആ സ്നേഹത്തിന് പരമാവധി പ്രത്യുത്തരം നല്‍കുകയും ചെയ്ത യോഹന്നാന്‍ തന്‍റെ  പേരിനേക്കാള്‍ 'ഈശോ സ്നേഹിച്ച ശിഷ്യന്‍' എന്ന വിശേഷണത്താല്‍ അറിയപ്പെടാനാണ് ആഗ്രഹിച്ചത്. അതുകൊണ്ടാണ് യോഹന്നാന്‍ അറിയിച്ച സുവിശേഷത്തില്‍ അദ്ദേഹത്തിന്‍റെ പേര് ഉപയോഗിക്കാത്തത്. ഈശോ സ്നേഹിച്ച "ഈ ശിഷ്യന്‍ തന്നെയാണ് ഈ കാര്യങ്ങള്‍ക്കു സാക്ഷ്യം നല്കുന്നതും ഇവ എഴുതിയതും" (21:24) എന്ന് സുവിശേഷത്തില്‍ന്നെ വ്യക്തമായി പറയുന്നുണ്ട്.

വി. യോഹന്നാന്‍റെ ഈ മിശിഹാനുഭവം പകര്‍ന്നു നല്കിയതാണ് 'യോഹന്നാന്‍ എഴുതിയ സുവിശേഷം'. ദൈവത്തെ സ്നേഹിക്കുന്നതിനെക്കുറിച്ചല്ല, ദൈവത്തിന്‍റെ സ്നേഹത്തെക്കുറിച്ചും ആ സ്നേഹം അനുഭവിച്ചറിഞ്ഞ സമൂഹത്തിലുണ്ടായിരിക്കേണ്ട പരസ്പരസ്നേഹത്തെക്കുറിച്ചുമാണ് യോഹന്നാന്‍ശ്ലീഹാ എഴുതുന്നത്: "ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍" (13:34). ഈശോയിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവസ്നേഹത്തെക്കുറിച്ചുള്ള ആഴമായ അവബോധവും അനുഭവവും, ആ സ്നേഹാനുഭവത്തിനു കൊടുത്ത പരമാവധി പ്രത്യത്തരവുമാണ് 'ഈശോ സ്നേഹിച്ച ശിഷ്യന്‍' എന്ന് സ്വയം വിശേഷിപ്പിക്കുവാനും ഈ സ്നേഹത്തിന്‍റെ സുവിശേഷം ലോകത്തിന് പകരുവാനും യോഹന്നാന് പ്രേരണയായത്

സുവിശേഷവും ചരിത്രാധിഷ്ഠിതപാരമ്പര്യവും

അടുത്തകാലം വരെ നാലാമത്തെ സുവിശേഷത്തിന്‍റെ ചരിത്രാധിഷ്ഠിതപാരമ്പര്യത്തെ പലരും ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അടുത്തകാലത്തു നടത്തിയ പുരാവസ്തുഗവേഷണങ്ങള്‍ സുവിശേഷത്തിലെ പല വിശദാംശങ്ങളുടെയും വിശ്വസനീയത തെളിയിച്ചിരിക്കുന്നു. നാലാമദ്ധ്യായത്തില്‍ പരാമര്‍ശിക്കപ്പെടുന്ന സമരിയാക്കാര്‍, അവരുടെ ദൈവശാസ്ത്രം, ഗരിസിംമലയില്‍ അവര്‍ നടത്തിയിരുന്ന ആരാധന, യാക്കോബിന്‍റെ കിണര്‍ എല്ലാം വളരെ കൃത്യമാണെന്നു തെളിയിക്കപ്പെട്ടു. അഞ്ചാമദ്ധ്യായം വിവരിക്കുന്ന ബേത്സദാക്കുളം, അതിന്‍റെ സ്ഥാനം, നിര്‍മ്മാണപ്രത്യേകതകള്‍ തുടങ്ങിയ വിശദാംശങ്ങള്‍ ഗവേഷണഫലങ്ങളോടു യോജിക്കുന്നു. സീലോഹാക്കുളം (9:7), ശീതകാലത്ത് അഭയസ്ഥാനമായി വര്‍ത്തിച്ചിരുന്ന സോളമന്‍റെ മണ്ഡപം (10:22-23), പീലാത്തോസിന്‍റെ അരമനയിലെ കല്‍ത്തളം (19:13) എന്നിവയും വളരെ കൃത്യമാണെന്നു വ്യക്തമായിട്ടുണ്ട്. എ.ഡി. 70-ല്‍ പലസ്തീനാ നശിപ്പിക്കപ്പെടുന്നതിനുമുമ്പുള്ള സ്ഥിതിഗതികളാണ് യോഹന്നാന്‍ശ്ലീഹാ ചിത്രീകരിച്ചിട്ടുള്ളത്. പെസഹാത്തിരുനാള്‍ (അദ്ധ്യായം 6), കൂടാരത്തിരുനാള്‍ (അദ്ധ്യായങ്ങള്‍ 7,9) എന്നിവയോടനുബന്ധിച്ച് അവതരിപ്പിച്ചിരിക്കുന്ന ദൈവശാസ്ത്രപ്രമേയങ്ങള്‍, ജറുസലേം ദൈവാലയം നശിപ്പിക്കപ്പെടുന്നതിനുമുമ്പ് പ്രസ്തുത തിരുനാളുകളോടനുബന്ധിച്ചുണ്ടായിരുന്ന ആഘോഷങ്ങളും തിരുലിഖിതവായനകളും സുവിശേഷകനു കൃത്യമായി അറിയാമായിരുന്നുവെന്നതിന് തെളിവുകളാണ്. ഇവയില്‍നിന്നെല്ലാം വി. യോഹന്നാന്‍ ഈശോയെ അവതരിപ്പിക്കുന്ന പശ്ചാത്തലം ചരിത്രാധിഷ്ഠിതമാണെന്നു വ്യക്തമാകുന്നു.

നാലാമത്തെ സുവിശേഷത്തിന്‍റെ ചരിത്രാടിസ്ഥാനത്തെ സംശയാസ്പദമാക്കിയിരുന്ന ഒരു മുഖ്യഘടകം സുവിശേഷകനിലെ ഈശോയുടെ പ്രത്യേക സംഭാഷണരീതിയാണ്. പ്രകാശം-അന്ധകാരം, സത്യം- അസത്യം തുടങ്ങിയ, സമാന്തരസുവിശേഷങ്ങളിലില്ലാത്ത, ദ്വന്ദ്വാത്മകപ്രയോഗങ്ങള്‍ ഈശോയുടെ സ്ഥലകാലങ്ങളില്‍നിന്നു വിഭിന്നമായ ചിന്താരീതിയെ പ്രതിഫലിപ്പിക്കുന്നു എന്ന നിലപാടായിരുന്നു പലര്‍ക്കുമുണ്ടായിരുന്നത്. രണ്ടാം നൂറ്റാണ്ടിലെ യവനലോകത്തിലായിരിക്കണം യോഹന്നാനിലെ ഈശോ ജീവിച്ചിരിക്കുക എന്ന ചിന്തയാണ് അവര്‍ക്കുണ്ടായിരുന്നത്. പക്ഷേ ഈ പ്രയോഗങ്ങള്‍ ഒന്നാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ പലസ്തീനായില്‍ പ്രയോഗത്തിലിരുന്ന വാക്കുകള്‍ തന്നെയാണെന്ന് ഇന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 1947 മുതല്‍ ഖുമ്റാനില്‍നിന്നും കണ്ടെടുക്കപ്പെട്ട 'ചാവുകടല്‍ ചുരുളുകള്‍' (ഉലമറ ടലമ ടരൃീഹഹെ) യോഹന്നാന്‍റെ ദ്വന്ദ്വാത്മകപ്രയോഗങ്ങള്‍ക്കും പ്രത്യേക പദാവലികള്‍ക്കും സദൃശമായ പ്രമേയങ്ങളും പദങ്ങളും ഉള്‍ക്കൊള്ളുന്നുണ്ട്. ഈ തുകല്‍ച്ചുരുളുകളുടെ ഉടമകളായ ഖുമ്റാന്‍ സമൂഹം ബി.സി. 168 മുതല്‍ എ.ഡി. 68 വരെയുള്ള കാലയളവിലാണ് നിലവിലുണ്ടായിരുന്നത്. തന്മൂലം യോഹന്നാന്‍റെ ഭാഷാപരമായ പ്രത്യേകതളും സുവിശേഷത്തിന്‍റെ ചരിത്രാധിഷ്ഠിത പാരമ്പര്യത്തെ സംശയാസ്പദമാക്കുന്നില്ല.

പൊതു വിവരങ്ങളില്‍ യോഹന്നാന്‍ശ്ലീഹാ ചില കാര്യങ്ങള്‍ സമാന്തരസുവിശേഷകന്മാരെക്കാള്‍ വസ്തുനിഷ്ഠമായി പ്രതിപാദിച്ചിരിക്കുന്നതു കാണാം. സമാന്തരസുവിശേഷങ്ങളിലെ വിവരണമനുസരിച്ച് ഈശോ ഒരിക്കല്‍ മാത്രമേ ജറുസലേമിലേക്കു പോയിട്ടുള്ളൂ. യോഹന്നാനാകട്ടെ അവിടുന്നു പലതവണ അവിടെ പോയതായി രേഖപ്പെടുത്തിയിരിക്കുന്നു. ജറുസലേം നിവാസികളില്‍ വിശ്വാ സമുളവാക്കുവാന്‍ ഈശോ പല തവണ ശ്രമിച്ചുവെന്ന ലൂക്കായുടെ പ്രസ്താവനയും (ലൂക്കാ 13:34), ജറുസലേമില്‍ ഈശോയ്ക്ക് പല പരിചയക്കാരുമുണ്ടായിരുന്നുവെന്ന മര്‍ക്കോസിന്‍റെ പ്രസ്താവനയും (മര്‍ക്കോ 14:13-14), യോഹന്നാന്‍റെ ഈ അവതരണം കൃത്യമായിട്ടുള്ളതെന്നു ചിന്തിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നു.

യോഹന്നാന്‍റെ ദൈവശാസ്ത്രം

  1. മിശിഹാവിജ്ഞാനീയം

യോഹന്നാന്‍റെ മിശിഹാവിജ്ഞാനീയം മനസ്സിലാക്കാന്‍ സാധിക്കണമെങ്കില്‍ യോഹന്നാന്‍റെ മിശിഹാദര്‍ശനത്തെ സ്വാധീനിച്ച മൂന്നു ഘടകങ്ങള്‍ കണക്കിലെടുക്കണം: 1. ചരിത്രവും വിശ്വാസവും തമ്മിലുള്ള ബന്ധം; 2. മാംസവും മഹത്ത്വവും അഥവാ മനുഷ്യത്വവും ദൈവത്വവും തമ്മിലുള്ള ബന്ധം; 3. വ്യക്തിയും ദൗത്യവും തമ്മിലുള്ള ബന്ധം.

ചരിത്രവും വിശ്വാസവും തമ്മിലുള്ള ബന്ധം

യോഹന്നാന്‍റെ മിശിഹാദര്‍ശനം ചരിത്രത്തില്‍ ജീവിച്ച ഈശോയെ അറിയുന്നവന്‍റെയും അതേസമയം ഉത്ഥിതനായ ഈശോയില്‍ വിശ്വസിക്കുന്നവന്‍റെയും ദര്‍ശനമായിരുന്നു. ഈ ദര്‍ശനത്തിന് നാലു ഘടകങ്ങള്‍ ഉണ്ടായിരുന്നിരിക്കണം. 1. ഈശോയോടൊത്ത് ജീവിച്ച ദൃക്സാക്ഷിയുടെ അനുഭവം: "അതു കണ്ടയാള്‍തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അവന്‍റെ സാക്ഷ്യം സത്യവുമാണ്. നിങ്ങളും വിശ്വസിക്കേണ്ടതിന് താന്‍ സത്യമാണു പറയുന്നതെന്ന് അവന്‍ അറിയുകയും ചെയ്യുന്നു" (19:35). 2. ദൈവനിവേശനം അഥവാ പരിശുദ്ധാത്മാവിന്‍റെ പ്രബോധനം: ഉത്ഥാനശേഷം ഈശോ പറഞ്ഞ കാര്യങ്ങളുടെ അര്‍ത്ഥം ഗ്രഹിക്കുവാന്‍ സഹായകമായ പ്രബോധനം ആശ്വാസപ്രദനായ പരിശുദ്ധാത്മാവ് നല്കുമെന്ന വാഗ്ദാനം ശിഷ്യര്‍ക്ക് ലഭിച്ചിരുന്നു (14:26). 3. സഭയുടെ പാരമ്പര്യം: ഈശോയില്‍ വിശ്വസിച്ചവരുടെ സമൂഹമാണല്ലോ സഭ. ശ്ലീഹന്മാരുടെ സുവിശേഷപ്രഘോഷണത്തിലൂടെ വിശ്വാസികളായിത്തീര്‍ന്ന സഭാസമൂഹത്തിന്‍റെ വിശ്വാസപാരമ്പര്യവും സുവിശേഷത്തിന്‍റെ മിശിഹാദര്‍ശനം രൂപപ്പെടുത്തുന്നതില്‍ സ്വാധീനിച്ചിട്ടുണ്ട്. 4. യോഹന്നാന്‍റെ പ്രത്യേക ശൈലി: ഈശോയുടെ വാക്കുകള്‍ യോഹന്നാന്‍ അവതരിപ്പിച്ചത് യോഹന്നാന്‍റെ സുവിശേഷത്തിന്‍റെ പ്രത്യേക ഭാഷയിലും ശൈലിയിലുമാണ്.

മാംസവും മഹത്ത്വവും           

യോഹന്നാന്‍റെ മിശിഹാദര്‍ശനം വ്യക്തമാക്കുന്ന വാക്കുകളാണ് ആമുഖത്തില്‍ നാം വായിക്കുന്നത്: "വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്‍റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു. കൃപയും സത്യവും നിറഞ്ഞതും പിതാവിന്‍റെ ഏകജാതന്‍റേതുമായ മഹത്വം" (1:14). ദൈവമായ വചനം പൂര്‍ണ്ണമനുഷ്യനായെങ്കില്‍ പിന്നെ അവന്‍റെ ദൈവികമഹത്വം എങ്ങനെ ദൃശ്യമാകും? ദൈവമഹത്ത്വം മനുഷ്യത്വത്തില്‍ മറയ്ക്കപ്പെട്ടിരിക്കുന്നതിനാല്‍ വിശ്വാസത്തിലൂടെ മാത്രമേ അതു ദര്‍ശിക്കാന്‍ കഴിയുകയുള്ളൂ. മനുഷ്യത്വത്തില്‍ ദൈവമഹത്ത്വം ദര്‍ശിക്കാന്‍ പരിശ്രമിക്കുമ്പോള്‍ മനുഷ്യത്വത്തിന് അടിമപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം.

വ്യക്തിയും ദൗത്യവും

ഈശോ ചെയ്യുന്ന കാര്യങ്ങള്‍ ഈശോയുടെ വ്യക്തിത്വവുമായി എങ്ങനെ ബന്ധപ്പെടുന്നു എന്ന് മനസ്സിലാക്കി മാത്രമേ യോഹന്നാന്‍റെ മിശിഹാദര്‍ശനം അറിയാന്‍ കഴിയൂ. പക്ഷേ ഇവിടെയും വ്യക്തിക്കോ ദൗത്യത്തിനോ പ്രാധാന്യം നല്‍കുന്നത് എന്നതിനെ ആശ്രയിച്ച് മിശിഹാദര്‍ശനം വ്യത്യസ്തമാകാം.

ഈശോ: മിശിഹായും ദൈവപുത്രനും

യോഹന്നാന്‍റെ സുവിശേഷത്തിന്‍റെ ലക്ഷ്യം ഈശോ മിശിഹായും ദൈവപുത്രനുമായി എല്ലാവരാലും അംഗീകരിക്കപ്പെടുക എന്നതാണ് (20:30-31). യോഹന്നാന്‍ശ്ലീഹാ സുവിശേഷം എഴുതിയത് പ്രധാനമായും ക്രൈസ്തവവിശ്വാസികള്‍ക്കുവേണ്ടിയാണ്. അതിനാല്‍ മിശിഹായും ദൈവപുത്രനും ഒരേ അര്‍ത്ഥത്തിലല്ല മനസ്സിലാക്കേണ്ടത്. യഹൂദരെ സംബന്ധിച്ചിടത്തോളം ഈശോ അവര്‍ പ്രതീക്ഷിച്ചിരുന്നതുപോലെ ദാവീദുഗോത്രജനായ മിശിഹാ തന്നെയാണ്. എന്നാല്‍ അതോടൊപ്പം അവിടുന്ന് ദൈവത്തിന്‍റെ അതുല്യപുത്രനും അതിനാല്‍ത്തന്നെ ദൈവികമിശിഹായുമാണ്.

യോഹന്നാന്‍റെ സുവിശേഷത്തില്‍ 20-ാം അദ്ധ്യായം 30-ാം വാക്യത്തിനു സമാനമായി വേറെ ഒരു പ്രസ്താവനയേ ഉള്ളൂ. അത് 11:27 ആണ്. അവിടെ മര്‍ത്താ ഈശോയെ 'ദൈവപുത്രനായ മിശിഹാ' എന്ന് ഏറ്റുപറയുന്നു. മര്‍ത്തായെ സംബന്ധിച്ചിടത്തോളം ഈ അഭിസംബോധനക്ക് യഹൂദവിശ്വാസപ്രകാരമുള്ള മിശിഹായെന്നേ അര്‍ത്ഥമുള്ളുവെന്നുവരാം. എങ്കിലും അതിനുശേഷം വരുന്ന അത്ഭുതകൃത്യം (ലാസറിന്‍റെ പുനരുജ്ജീവനം) തെളിയിക്കുന്നത് അതിനെക്കാള്‍ കൂടിയ ഒരര്‍ത്ഥം ഇതിനുണ്ട് എന്നാണ്. ജീവന്‍ നല്കാന്‍ കഴിവുള്ള ദൈവപുത്രനാണ് ഈശോ. യോഹ 20:30-31 ലും ഈ അര്‍ത്ഥത്തിലാവണം ഈശോ ദൈവപുത്രനും മിശിഹായുമായി പ്രഖ്യാപിക്കപ്പെടുന്നത്.

  1. സഭാവിജ്ഞാനീയം

വി. യോഹന്നാന്‍റെ സുവിശേഷത്തില്‍ 'സഭ', 'ദൈവജനം' 'മിശിഹായുടെ ശരീരം' തുടങ്ങിയ പദങ്ങള്‍ ഉപയോഗിച്ചിട്ടില്ല. അതുകൊണ്ട് സഭാവിജ്ഞാനീയമില്ലാത്ത ഒരു സുവിശേഷമായി ഈ സുവിശേഷത്തെ ചിലര്‍ ചിത്രീകരിക്കാറുണ്ട്. പരമ്പരാഗതമായ ചില സഭാത്മകപദങ്ങള്‍ ഉപയോഗിക്കാത്തതുകൊണ്ട് സഭാവിജ്ഞാനീയം യോഹന്നാന്‍റെ സുവിശേഷത്തിലില്ല എന്നു പറയുന്നതു ശരിയല്ല. സഭയെ സൂചിപ്പിക്കുന്ന 'മണവാട്ടി' (3:29) 'ദൈവരാജ്യം' (3:3,5), 'തൊഴുത്ത്' (10:16) തുടങ്ങിയ പദങ്ങള്‍ ഈ സുവിശേഷത്തില്‍ ഉപയോഗിക്കുന്നുണ്ട്. വ്യക്തിപരമായി മിശിഹായോടുള്ള ബന്ധത്തിന് യോഹന്നാന്‍ പ്രാധാന്യം നല്‍കുന്നു എന്നത് ശരിയാണ്. എന്നാല്‍ സഭാത്മകമല്ലാത്ത ഒരു വ്യക്തിബന്ധം മിശിഹായോടുണ്ടാവുക സാദ്ധ്യമല്ല. മിശിഹാ മുന്തിരിച്ചെടിയും ശിഷ്യര്‍ ശാഖകളുമായി അവതരിപ്പിക്കപ്പെടുന്നത് (15:1-17) മിശിഹായിലുള്ള സഭാത്മകജീവിതത്തെ സൂചിപ്പിക്കുന്നതാണ്. മിശിഹായുമായുള്ള അംഗങ്ങളുടെ ഐക്യം പരസ്പരസ്നേഹത്തില്‍ പ്രകടമാകുന്നു എന്നത് (15:12,17) ഈ സഭാത്മകമാനത്തെ വ്യക്തമാക്കുന്നു. തന്നില്‍ വിശ്വസിക്കുന്നവര്‍ ഒന്നായിരിക്കണമെന്നും, അത് പുറമേയുള്ളവര്‍ക്ക് സാക്ഷ്യമായിരിക്കണമെന്നും ഈശോ പ്രാര്‍ത്ഥിക്കുന്നത് (17:20-26) സുവിശേഷത്തിന്‍റെ സഭാത്മകസ്വഭാവം വ്യക്തമാക്കുന്നതാണ്.

യോഹന്നാന്‍ശ്ലീഹായുടെ ലേഖനങ്ങളും വെളിപാടുപുസ്തകവും അദ്ദേഹത്തിന്‍റെ സഭാത്മകമാനത്തെ അനുകൂലിക്കുന്നുണ്ട്. വ്യാജപ്രവാചകന്മാരെപ്പറ്റി പറയുമ്പോള്‍ "അവര്‍ നമ്മുടെ കൂട്ടത്തില്‍നിന്നും പുറത്തുപോയവരാണ്" എന്നു പറയുന്നു (1 യോഹ 2:19). വെളിപാടുപുസ്തകവും മിശിഹായുടെ മണവാട്ടിയായി സഭയെ അവതരിപ്പിക്കുന്നുണ്ട് (വെളി 19:6-8; 21:2). സഭയെ ദൈവം തങ്ങളുടെ മദ്ധ്യേ വസിക്കുന്ന ദൈവജനമായിട്ടും പഴയ ഇസ്രായേലിന്‍റെ തുടര്‍ച്ചയായിട്ടും വെളിപാടുപുസ്തകം അവതരിപ്പിക്കുന്നു (വെളി 21:3). വി. യോഹന്നാന്‍റെ ലിഖിതങ്ങളില്‍ സഭാവിജ്ഞാനീയമുണ്ട് എന്ന് ഇവയെല്ലാം സൂചിപ്പിക്കുന്നു.

സഭയിലെ ഹയരാര്‍ക്കിക്കല്‍ ശുശ്രൂഷയുടെ സൂചനകളും യോഹന്നാന്‍റെ സുവിശേഷത്തിലുണ്ട്. ഉത്ഥാനശേഷം ശിമയോന്‍പത്രോസിനെ തന്‍റെ അജഗണങ്ങളെ മേയിക്കുവാനുള്ള ഉത്തരവാദിത്വം ഏല്പിക്കുന്നു (21:15-17). തന്‍റെ ദൗത്യം തുടര്‍ന്നു നിര്‍വ്വഹിക്കുവാന്‍ ശിഷ്യന്മാരെ ഈശോ പ്രത്യേകം നിയോഗിക്കുന്നുണ്ട് (4:35-38; 13:20). ഉത്ഥിതനായ ഈശോ തന്‍റെ അരൂപിയെ നല്കി പാപമോചനദൗത്യം നിര്‍വ്വഹിക്കുവാനായി ശിഷ്യന്മാരെ ഭരമേല്പിക്കുന്നത് സഭയിലെ വിശുദ്ധീകരണശുശ്രൂഷയെ പ്രത്യേകം സൂചിപ്പിക്കുന്നതാണ് (20:22-23).

ദൈവരാജ്യത്തെപ്പറ്റി സമാന്തരസുവിശേഷങ്ങള്‍ പ്രതിപാദിക്കുന്നിടത്തോളം വി. യോഹന്നാന്‍റെ സുവിശേഷം പരാമര്‍ശിക്കുന്നില്ല. മൂന്നാമദ്ധ്യായത്തില്‍ രണ്ടുപ്രാവശ്യം (3:3,5) മാത്രമേ യോഹന്നാന്‍ 'ദൈവരാജ്യം' എന്ന പദം ഉപയോഗിക്കുന്നുള്ളൂ. അതുകൊണ്ട് ദൈവരാജ്യത്തിന്‍റെ കൂദാശയായ സഭയ്ക്ക് യോഹന്നാന്‍റെ സുവിശേഷത്തില്‍ പ്രാധാന്യമില്ല എന്നു ചിലര്‍ പറയാറുണ്ട്. പക്ഷേ, ഇത് ശരിയല്ല. 'ദൈവരാജ്യം' 'മിശിഹായുടെ വ്യക്തിത്വ'വുമായി താദാത്മ്യപ്പെടുന്ന ഒരു വളര്‍ച്ച പുതിയനിയമകാലഘട്ടത്തില്‍ സംഭവിക്കുന്നുണ്ട്. 'ദൈവരാജ്യം' എന്നത് 'ദൈവഭരണം' ആണ്. ദൈവഭരണം അതിന്‍റെ പൂര്‍ണ്ണതയില്‍ യാഥാര്‍ത്ഥ്യമായത് ഈശോയുടെ ജീവിതത്തിലാണ്. അതുകൊണ്ട് സമാന്തരസുവിശേഷങ്ങളിലെ 'ദൈവരാജ്യം' യോഹന്നാന്‍റെ സുവിശേഷത്തിലെ 'മിശിഹാ' ആയി രൂപാന്തരപ്പെട്ടു. ഈശോ രാജാവാണെന്ന പരാമര്‍ശം 15 പ്രാവശ്യം യോഹന്നാന്‍റെ സുവിശേഷത്തില്‍ കാണപ്പെടുന്നു. സമാന്തരസുവിശേഷത്തില്‍ ദൈവരാജ്യത്തെ ഉദാഹരിക്കുന്ന ഉപമകള്‍ യോഹന്നാന്‍റെ സുവിശേഷത്തില്‍ മിശിഹായെ സൂചിപ്പിക്കുന്ന പ്രതീകങ്ങളായി മാറുന്നുണ്ട്. ഉദാഹരണത്തിന് സമാന്തരസുവിശേഷങ്ങളില്‍ ദൈവരാജ്യം പുളിമാവിനു സദൃശമാണെങ്കില്‍ (മത്താ 13:33) യോഹന്നാന്‍റെ സുവിശേഷത്തില്‍ ഈശോ ജീവന്‍റെ അപ്പമാണ് (യോഹ 6:35-59). സമാന്തരസുവിശേഷങ്ങളിലെ കാണാതെപോയ ആടിനെ തേടിപ്പുറപ്പെട്ട് കണ്ടുപിടിക്കുന്ന ദൈവം (ലൂക്കാ 15:1-7) യോഹന്നാന്‍റെ സുവിശേഷത്തിലെ നല്ല ഇടയനായ മിശിഹായാണ് (യോഹ 10:1-18). സമാന്തരസുവിശേഷങ്ങളില്‍ ഫലം പുറപ്പെടുവിക്കുന്നവര്‍ക്ക് ഏല്പിച്ചുകൊടുക്കുന്ന മുന്തിരിത്തോപ്പ് (മത്താ 21:33-44) യോഹന്നാന്‍റെ സുവിശേഷത്തിലെ മുന്തിരിവള്ളിയായ ഈശോയാണ് (15:1-17). മിശിഹായില്‍ വിശ്വസിക്കുന്നവരുടെ സമൂഹമായിട്ടാണ് യോഹന്നാന്‍ശ്ലീഹാ സഭയെ അവതരിപ്പിക്കുന്നത്.

  1. കൂദാശകളുടെ ദൈവവിജ്ഞാനീയം

യോഹന്നാന്‍റെ സുവിശേഷം കൂദാശകളെപ്പറ്റി വ്യക്തമായ സൂചനകള്‍ നല്കുന്നുണ്ട്. മാമ്മോദീസാ, പരി. കുര്‍ബാന, കുമ്പസാരം എന്നീ കൂദാശകളെക്കുറിച്ചാണ് സുവിശേഷം പ്രത്യേകമായി പ്രതിപാദിക്കുന്നത്.

മാമ്മോദീസാ

മാമ്മോദീസായെ 'വീണ്ടുമുള്ള' അഥവാ 'ഉന്നതത്തില്‍നിന്നുള്ള' ജനനമെന്നും (3:3) ജലത്താലും അരൂപിയാലുമുള്ള ജനനമെന്നും (3:5) സുവിശേഷകന്‍ വിശേഷിപ്പിക്കുന്നു. 'ജനനം' എന്നു വിശേഷിപ്പിക്കുന്നതുകൊണ്ട് ഒരു പുതിയജീവിതത്തിനു തുടക്കം കുറിക്കുന്ന കൂദാശയാണ് മാമ്മോദീസാ എന്നത് വ്യക്തമാണ്. വിശ്വാസികളുടെ സമൂഹമായ സഭയിലേയ്ക്കുള്ള പ്രവേശനകൂദാശയായതുകൊണ്ട് സഭ ഈ പുതിയ ജീവിതത്തിലേക്കു പ്രവേശിച്ചവരുടെ സമൂഹമാണെന്ന് സുവിശേഷം വ്യക്തമാക്കുന്നു. ജനനത്തില്‍ മുന്‍കൈ എടുക്കുന്നത് ജനിക്കുന്ന ആളല്ല; ജനിപ്പിക്കുന്ന ആളാണ്. സഭയുടെ വിശ്വാസത്തിലേക്കു ഒരുവനെ ജനിപ്പിക്കുന്നത് പരിശുദ്ധാത്മാവാണ്. അതുകൊണ്ട് സഭാംഗങ്ങളുടെ വിശ്വാസം ദൈവത്തിന്‍റെ ദാനമാണ്. ദൈവത്തിന്‍റെ ആത്മാവാണ് സഭയുടെ വിശ്വാസത്തിലേക്ക് ഒരുവനെ പ്രവേശിപ്പിക്കുന്നതും വളര്‍ത്തുന്നതും. സഭയിലെ പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്തെ തിരിച്ചറിഞ്ഞ് സഭയുടെ വിശ്വാസജീവിതത്തോട് സഹകരിക്കുകയാണ് ക്രൈസ്തവര്‍ ചെയ്യേണ്ടത്.

മാമ്മോദീസായെക്കുറിച്ച് വ്യക്തമായ പഠനങ്ങള്‍ 3-ാം അദ്ധ്യായത്തില്‍ നല്കുമ്പോള്‍ പ്രതീകാത്മകമായി മറ്റു സുവിശേഷ ഭാഗങ്ങളില്‍ സൂചിപ്പിക്കുന്നുണ്ട്: മാമ്മോദീസായില്‍ ആരംഭിക്കുന്ന പരിശുദ്ധാത്മാവിലുള്ള ജീവിതത്തില്‍ നിരന്തരമായി വളരുന്നത് ജീവജലത്തിന്‍റെ ഉറവിടമായ മിശിഹായിലുള്ള ജീവിതത്തിലൂടെയാണ് (7:37-39). ഇങ്ങനെ അരൂപിയില്‍ ജീവിക്കുന്നവര്‍ നിത്യജീവന്‍ അവകാശമാക്കും (4:13-14).

മാമ്മോദീസായെ ദൈവരാജ്യപ്രവേശനമായിട്ടാണ് വി. യോഹന്നാന്‍ അവതരിപ്പിക്കുന്നത്. സഭ ദൈവരാജ്യത്തിന്‍റെ കൂദാശയാണെന്നും സഭയുടെ വിശ്വാസം ദൈവരാജ്യത്തിന്‍റെ സുവിശേഷത്തോടുള്ള ആഭിമുഖ്യമാണെന്നും ഇത് സൂചിപ്പിക്കുന്നു. സുവിശേഷം സ്വീകരിച്ച് അതിനനുസൃതമായി ജീവിക്കുന്നവരുടെ സമൂഹമാണ് സഭ. അതുകൊണ്ട് സഭയുടെ അംഗങ്ങള്‍ സുവിശേഷാത്മകമായ ജീവിതം നയിച്ചുകൊണ്ടാണ് തങ്ങളിലുള്ള പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്തോട് സഹകരിക്കേണ്ടത്.

പരി. കുര്‍ബാന

പരി. കുര്‍ബനയെക്കുറിച്ചുള്ള സുവിശേഷദര്‍ശനം വ്യക്തമായി അവതരിപ്പിക്കുന്നത് 6-ാമദ്ധ്യായം 35 മുതല്‍ 59 വരെയുള്ള വാക്യങ്ങളിലാണ്. ജീവന്‍റെ അപ്പത്തെക്കുറിച്ചുള്ള ദീര്‍ഘമായ പ്രഭാഷണമാണ് ഇവിടെ ജീവന്‍റെ അപ്പമായി അവതരിപ്പിക്കപ്പെടുന്നത്. ഈ പ്രഭാഷണത്തിന് രണ്ടു ഭാഗങ്ങളുണ്ട്. ഒന്ന്, 35-50 വാക്യങ്ങള്‍; രണ്ട്, 51-59 വാക്യങ്ങള്‍. ഒന്നാംഭാഗം കുര്‍ബാനയിലെ വചനശുശ്രൂഷയെ സൂചിപ്പിക്കുന്നുവെങ്കില്‍, രണ്ടാംഭാഗം കുര്‍ബാനയിലെ കൂദാശാശുശ്രൂഷയെയാണ് സൂചിപ്പിക്കുക. രണ്ടുംകൂടി ചേര്‍ന്നാണ് വിശ്വാസികള്‍ക്ക് ജീവന്‍റെ അപ്പമായിത്തീരുന്നത്. 'ജീവന്‍റെ അപ്പം' എന്നു വിശേഷിപ്പിക്കുന്നതുകൊണ്ട്, അരൂപിയില്‍ വളരുവാനുള്ള പോഷണമാണ് പരി. കുര്‍ബാന എന്നു മനസ്സിലാക്കാം: "അരൂപിയാണ് ജീവന്‍ നല്കുന്നത്" (6:63).

യോഹന്നാന്‍ പരി. കുര്‍ബാന എന്ന യാഥാര്‍ത്ഥ്യത്തോടൊപ്പം കുര്‍ബാനയുടെ ഫലങ്ങളും അവതരിപ്പിക്കുന്നുണ്ട്. പരി. കുര്‍ബാനയുടെ പ്രധാന ഫലങ്ങള്‍ നിത്യജീവന്‍, ദൈവവുമായുള്ള സഹവാസം, പുനരുത്ഥാനം എന്നിവയാണ് (6:51-59). ഇങ്ങനെ പരി. കുര്‍ബാന എന്ന കൂദാശയെക്കുറിച്ച് വ്യക്തമായി പഠിപ്പിക്കുന്നതോടൊപ്പം പ്രതീകങ്ങളിലൂടെ പരി. കുര്‍ബാനയെ സൂചിപ്പിക്കുന്ന ഭാഗങ്ങളും സുവിശേഷത്തിലുണ്ട്. വെള്ളം വീഞ്ഞാക്കുന്ന അത്ഭുതം (2:1-11), മുന്തിരിവള്ളിയും ശാഖകളും (15:1-17), പാര്‍ശ്വം പിളര്‍ക്കപ്പെടുന്ന സംഭവം (19:31-37) എന്നിവയെല്ലാം കൂദാശകളെ സൂചിപ്പിക്കുന്നവയാണ്. വെള്ളം വീഞ്ഞാക്കുന്ന അത്ഭുതം പരി. കുര്‍ബാനയിലൂടെ പഴയനിയമ വ്യവസ്ഥിതിയെ മാറ്റി പുതിയ നിയമവ്യവസ്ഥിതി നടപ്പില്‍ വരുത്തുന്ന ഈശോയെ അവതരിപ്പിക്കുന്നുവെങ്കില്‍, മുന്തിരിവള്ളിയും ശാഖകളും മിശിഹായുടെ ശരീരമായി സഭയെ കെട്ടിപ്പടുക്കുന്ന പരി. കുര്‍ബാനയെ സൂചിപ്പിക്കുന്നു. പാര്‍ശ്വം പിളര്‍ക്കപ്പെടുകയും രക്തവും വെള്ളവും പുറപ്പെടുകയും ചെയ്യപ്പെടുന്ന സംഭവം (19:31-37) മാമ്മോദീസായെയും പരി. കുര്‍ബാനയെയും സൂചിപ്പിക്കുന്നുണ്ട്. തന്‍റെ രക്ഷാകരപ്രവര്‍ത്തനത്തിന്‍റെ ഫലമായി പരിശുദ്ധാത്മാവിനെ നല്കുന്നവനായി ഈശോ പ്രവര്‍ത്തിക്കുന്നത് തന്‍റെ പാര്‍ശ്വത്തില്‍നിന്നും രൂപംകൊള്ളുന്ന സഭയിലൂടെയും സഭയുടെ കൂദാശകളിലൂടെയുമാണ്: പ്രത്യേകിച്ച് മാമ്മോദീസായും (വെള്ളം) പരി. കുര്‍ബാനയും (രക്തം).

  1. യുഗാന്തവിജ്ഞാനീയം

യോഹന്നാന്‍റെ സുവിശേഷത്തിന് യുഗാന്തവിജ്ഞാനീയത്തെ സംബന്ധിച്ചിടത്തോളം തനതായ ഒരു സമീപനമുണ്ട്. പ്രധാനമായും യുഗാന്തവിജ്ഞാനീയത്തിന്‍റെ രണ്ടു പ്രധാന വശങ്ങളാണ് യോഹന്നാന്‍ അവതരിപ്പിക്കുന്നത്: 1. ലംബമാനവും സമാന്തരമാനവും; 2. നിറവേറിയ മാനവും നിറവേറാനിരിക്കുന്ന മാനവും.

  1. ലംബമാനവും സമാന്തരമാനവും

സാധാരണ രീതിയില്‍ ദൈവത്തിന്‍റെ രക്ഷാകരപ്രവര്‍ത്തനത്തെ ബൈബിള്‍ അവതരിപ്പിക്കുന്നത് സമാന്തരമാനരീതിയിലാണ്. സൃഷ്ടിയുടെ നിമിഷംമുതല്‍ ദൈവം ചരിത്രത്തെ മുന്നോട്ടു നയിക്കുന്നു. പാപവും പാപത്തില്‍നിന്നുള്ള വീണ്ടെടുപ്പും ചരിത്രസംഭവങ്ങളിലൂടെയും വ്യക്തികളിലൂടെയും പ്രായോഗികമാക്കുന്നു. ചരിത്രത്തിന്‍റെ നിര്‍ണ്ണായക ഘട്ടത്തില്‍ ദൈവം തന്‍റെ പുത്രനിലൂടെ മനുഷ്യരക്ഷ സാധിക്കുന്നു. എന്നാല്‍ രക്ഷ ആവശ്യമുള്ള ഈ ലോകവും രക്ഷ നല്കുന്ന ദൈവത്തിന്‍റെ ലോകവും ഒരേസമയം പ്രവര്‍ത്തനനിരതമാകുകയും രക്ഷ ആവശ്യമുള്ള ലോകം രക്ഷ നല്കുന്ന ദൈവത്തിന്‍റെ ലോകത്താല്‍ എടുക്കപ്പെടുകയും ചെയ്യുന്ന സമാന്തരമാനവും ബൈബിളില്‍ കാണാവുന്നതാണ്. വി. യോഹന്നാന്‍റെ സുവിശേഷത്തില്‍ ഈ രണ്ടു മാനങ്ങളും ഉള്ളതായി കാണുന്നുണ്ട്. സഭയിലൂടെ മിശിഹാ തന്‍റെ രക്ഷാകരപ്രവര്‍ത്തനം പൂര്‍ത്തിയാക്കുന്നു എന്നത് യുഗാന്ത്യോന്മുഖതയുടെ സമാന്തരമാനത്തിന് ഉദാഹരണമാണ്. സഭയുടെ പ്രേഷിതസ്വഭാവവും യോഹന്നാന്‍റെ സുവിശേഷം എടുത്തുകാണിക്കുന്നുണ്ട് (4:35-38; 20:21). ലോകവുമായുള്ള സംഘര്‍ഷം (16:8), വചനം വഴി തന്നില്‍ വിശ്വസിക്കാനിരിക്കുന്നവര്‍ (യോഹ 17:20) എല്ലാം ഈ സമാന്തരമാനത്തെ എടുത്തുകാണിക്കുന്നവയാണ്.

എന്നാല്‍ യുഗാന്ത്യോന്മുഖതയുടെ ലംബമാനത്തിനും വി. യോഹന്നാന്‍റെ സുവിശേഷത്തില്‍ ഒരു ഊന്നല്‍  കാണുന്നുണ്ട്. "സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിവന്ന മനുഷ്യപുത്രനല്ലാതെ മറ്റാരും സ്വര്‍ഗ്ഗത്തില്‍ കയറിയിട്ടില്ല" (3:13); "വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു" (1:14); തന്‍റെ ജീവിതത്തിന്‍റെ മൂര്‍ദ്ധന്യാവസ്ഥ താന്‍ ഉയര്‍ത്തപ്പെടുന്ന നിമിഷമാണെന്നും അപ്പോള്‍ താന്‍ എല്ലാവരെയും തന്‍റെ പക്കലേക്കാകര്‍ഷിക്കും (12:32) എന്നെല്ലാം പറയുന്നത് ഈ ലംബമാനത്തെ സൂചിപ്പിക്കുന്നുണ്ട്; രണ്ടു ലോകങ്ങള്‍ തമ്മിലുള്ള വൈരുദ്ധ്യം യോഹന്നാന്‍ പലപ്പോഴും പ്രസ്താവിക്കുന്നുണ്ട്. "മുകളില്‍നിന്നുള്ളവരും താഴെനിന്നുള്ളവരും(3:31; 8:23), അരൂപിയില്‍നിന്നുള്ളവരും മാംസത്തില്‍നിന്നുള്ളവരും (3:6; 6:63) തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഈശോ നല്കുന്നത് യഥാര്‍ത്ഥ ദാനങ്ങള്‍ അഥവാ സ്വര്‍ഗ്ഗീയദാനങ്ങളാണ്: സാധാരണജലത്തില്‍നിന്നും വ്യത്യസ്തമായ ജീവജലം (4:10-14); നശ്വരമായ അപ്പമല്ല, അനശ്വരമായ ജീവന്‍റെ അപ്പം (6:27); ലോകത്തിലേക്കു വന്ന യഥാര്‍ത്ഥ വെളിച്ചം (3:19).

  1. നിറവേറിയതും (Realized) നിറവേറാനിരിക്കുന്നതുമായ (Futuristic) മാനങ്ങള്‍

യുഗാന്ത്യോന്മുഖതയുടെ നിറവേറിയ മാനങ്ങള്‍ യോഹന്നാന്‍റെ സുവിശേഷം പ്രത്യേകം എടുത്തുകാണിക്കുന്നുണ്ട്. ദൈവത്തിന്‍റെ മഹത്വത്തിലുള്ള വരവിനെക്കുറിച്ച് പഴയനിയമ പ്രതീക്ഷകള്‍ ഈശോയില്‍ യാഥാര്‍ത്ഥ്യമായി. "ഞങ്ങള്‍ അവന്‍റെ മഹത്വം ദര്‍ശിച്ചു" (1:14). ദൈവത്തിന്‍റെ അന്ത്യ ഇടപെടലാകുന്ന വിധി ഈശോയില്‍ സന്നിഹിതമായി: "ഇതാണു ശിക്ഷാവിധി: പ്രകാശം ലോകത്തിലേക്കു വന്നു" (3:19). വിശ്വസിക്കാന്‍ തയ്യാറാകാത്തവര്‍ ശിക്ഷയ്ക്കു വിധിക്കപ്പെട്ടുകഴിഞ്ഞു (3:18). മരണശേഷം സ്വന്തമാക്കാമെന്നു പ്രതീക്ഷിക്കുന്ന നിത്യജീവന്‍ (മര്‍ക്കോ 10:30) ഈശോയില്‍ വിശ്വസിക്കുന്നവര്‍ സ്വന്തമാക്കിക്കഴിഞ്ഞു: "പുത്രനില്‍ വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്" (3:36). "സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്‍റെ വചനം കേള്‍ക്കുകയും എന്ന അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന്നവന് നിത്യജീവനുണ്ട്. അവന്‍ മരണത്തില്‍നിന്നു ജീവനിലേക്കു കടന്നിരിക്കുന്നു" (5:24).

അതേസമയം, യുഗാന്ത്യോന്മുഖതയുടെ ഭാവിമാനങ്ങളും യോഹന്നാന്‍റെ സുവിശേഷം അവഗണിക്കുന്നില്ല. നിത്യജീവന്‍ ഈ ലോകത്തില്‍ തന്നെ വിശ്വാസത്തിലൂടെ സ്വന്തമാക്കാമെങ്കിലും, ശാരീരികമരണമുണ്ടാകും എന്നു വ്യക്തമാക്കുന്നുണ്ട്: "ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും" (11:25). ശാരീരികമരണത്തിന് നിത്യജീവനെ നശിപ്പിക്കാന്‍ സാധിക്കുകയില്ല. പക്ഷേ, മരണത്തിനു മുന്‍പില്ലാതിരുന്ന ഒരു പൂര്‍ണ്ണത മരണശേഷം നിത്യജീവന് ഉണ്ടാകും. പാപംമൂലം നിത്യജീവന്‍ നഷ്ടപ്പെടാനുള്ള സാദ്ധ്യത മരണശേഷം ഉണ്ടാവുകയില്ല. ശിഷ്യര്‍ ഈ ഭൂമിയില്‍ ഈശോയുടെ മഹത്വം ദര്‍ശിക്കുമെങ്കില്‍, അവര്‍ പിതാവിന്‍റെ സന്നിധിയില്‍ ഈശോയൊടൊത്ത് ഒന്നുചേരുമ്പോള്‍ അവര്‍ക്ക് ഈശോയുടെ ഒരു ഭാവിമഹത്ത്വത്തിന്‍റെ ദര്‍ശനമുണ്ടാകും (17:24). ഇങ്ങനെ നിറവേറിയതും നിറവേറാനിരിക്കുന്നതുമായ വര്‍ത്തമാന-ഭാവി മാനങ്ങളുള്ളതാണ് യോഹന്നാന്‍ സുവിശേഷകന്‍റെ യുഗാന്തദൈവശാസ്ത്രം.

  1. പരിശുദ്ധാത്മ വിജ്ഞാനീയം

'അരൂപിയുടെ സുവിശേഷം' എന്ന അപരനാമത്താല്‍ വി. യോഹന്നാന്‍റെ സുവിശേഷം അറിയപ്പെടുന്നു. കാരണം പരിശുദ്ധാരൂപിയുടെ പ്രവര്‍ത്തനത്തെ ആഴമായി അപഗ്രഥിച്ച് ഈ സുവിശേഷം അവതരിപ്പിക്കുന്നു. യോഹന്നാന്‍റെ വീക്ഷണത്തില്‍ ക്രൈസ്തവജീവിതം വിശ്വാസത്തില്‍ അധിഷ്ഠിതമാണ്. പരിശുദ്ധാരൂപിയാണ് ഈ ജീവിതത്തിലേക്ക് ഒരുവനെ ആനയിക്കുന്നതും അതില്‍ നിലനിര്‍ത്തുന്നതും. മിശിഹായുടെ ദൗത്യത്തിനു വഴിയൊരുക്കിയത് പരിശുദ്ധാത്മാവാണ് (1:32). അരൂപിയില്‍ വിശ്വാസജീവിതം നയിക്കുന്നവര്‍ക്ക് അരൂപി നല്‍കുന്ന ഏറ്റവും വലിയ സമ്മാനം നിത്യജീവനാണ്. നിത്യജീവനിലേക്കു നയിക്കുന്ന ഉറവിടമായി അരൂപി അവരില്‍ വസിക്കുന്നു (4:13-14; 7:37-39). ഉത്ഥാനാനന്തരം തന്‍റെ ദൗത്യം പിന്തുടരാന്‍ അവിടുന്ന് പരിശുദ്ധാരൂപിയെ തന്‍റെ ശിഷ്യസമൂഹത്തിലേയ്ക്കയയ്ക്കുന്നു. (20:21-22).

സഹായകനായ പരിശുദ്ധാത്മാവ്

യോഹന്നാന്‍റെ സുവിശേഷത്തില്‍ പരിശുദ്ധാരൂപിയെ 'പാറക്ലേത്താ' യായി അവതരിപ്പിക്കുന്ന ഒരു പ്രത്യേക കാഴ്ചപ്പാടുണ്ട്. യോഹ 14:16-17 ല്‍ വിശ്വാസികളില്‍ വസിക്കുന്ന അരൂപിയായി 'പാറക്ക്ലേത്തായെ ചിത്രീകരിക്കുന്നു. ഇതില്‍നിന്ന്, സഭയ്ക്കാണ് അരൂപിയുടെ ശാശ്വത സാന്നിദ്ധ്യം വാഗ്ദാനം ചെയ്തിരിക്കുന്നതെന്നു വ്യക്തമാകുന്നു: "ഞാന്‍ പിതാവിനോട് അപേക്ഷിക്കുകയും എന്നേക്കും നിങ്ങളോടു കൂടെയായിരിക്കാന്‍ മറ്റൊരു സഹായകനെ അവിടുന്നു നിങ്ങള്‍ക്കു തരുകയും ചെയ്യും. ഈ സത്യാത്മാവിനെ സ്വീകരിക്കാന്‍ ലോകത്തിനു സാധിക്കുകയില്ല.... എന്നാല്‍ നിങ്ങള്‍ അവനെ അറിയുന്നു. കാരണം, അവന്‍ നിങ്ങളോടൊത്തു വസിക്കുന്നു; നിങ്ങളില്‍ ആയിരിക്കുകയും ചെയ്യും" (14:16-17).

അരൂപിയുടെ പ്രവര്‍ത്തനങ്ങള്‍

'പാറക്ലേത്താ' എന്ന വാക്കിന്‍റെ അര്‍ത്ഥം 'സഹായകന്‍' എന്നാണ്. വിശ്വാസികളെ, തങ്ങളുടെ വിശ്വാസജീവിതത്തില്‍ സഹായിക്കുക എന്നതാണ് പരിശുദ്ധാത്മാവിന്‍റെ പ്രത്യേക പ്രവര്‍ത്തനമായി യോഹന്നാന്‍സുവിശേഷകന്‍ അവതരിപ്പിക്കുന്നത്. മൂന്നു വിധത്തിലാണ് ഈ സഹായം അരൂപി നല്‍കുന്നത്. 1. പഠിപ്പിക്കുക; 2. സാക്ഷ്യംവഹിക്കുക; 3. ബോധ്യപ്പെടുത്തുക. പരിശുദ്ധാത്മാവിന്‍റെ ഒന്നാമത്തെ പ്രവര്‍ത്തനം വിശ്വാസികളെ പഠിപ്പിക്കുക എന്നതാണ്. വിശ്വാസത്തിന്‍റെ വിഷയം ദൈവവചനമാണല്ലോ. ഈശോയിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവവചനത്തിന്‍റെ പൊരുള്‍ മനസ്സിലാക്കുവാന്‍ അരൂപി വിശ്വാസികളെ സഹായിക്കും: "എന്‍റെ നാമത്തില്‍ പിതാവ് അയയ്ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാക്കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും" (14:26). അരൂപിയുടെ രണ്ടാമത്തെ പ്രവര്‍ ത്തനം 'സാക്ഷ്യം വഹിക്കുക' എന്നതാണ്. "ഞാന്‍ പിതാവിന്‍റെ അടുത്തുനിന്ന് അയയ്ക്കുന്ന സഹായകന്‍, പിതാവില്‍നിന്നു പുറപ്പെടുന്ന ആ സത്യാത്മാവ്, വരുമ്പോള്‍ അവന്‍ എന്നെക്കുറിച്ച് സാക്ഷ്യം നല്കും" (15:26). ലോകത്തിന്‍റെ വിദ്വേഷത്തെയും പീഡനങ്ങളെയുംപറ്റി പ്രതിപാദിക്കുന്നതാണ് സന്ദര്‍ഭം (15:18-28; 16:1-4). അതിനാല്‍ ഇവിടെ പറയുന്ന സാക്ഷ്യംവഹിക്കല്‍, പ്രശ്നങ്ങളുടെയും പ്രയാസങ്ങളുടെയും പീഡനങ്ങളുടെയും മദ്ധ്യേ, വിശ്വാസത്തില്‍ സ്ഥിരതയോടുകൂടി നില്ക്കാന്‍ സഹായിക്കുന്ന അരൂപിയുടെ പ്രവര്‍ത്തനമാണ്. അരൂപിയുടെ മൂന്നാമത്തെ പ്രവര്‍ത്തനം "ബോദ്ധ്യപ്പെടുത്തുക" എന്നതാണ്. "അവന്‍ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോദ്ധ്യപ്പെടുത്തും-അവര്‍ എന്നില്‍ വിശ്വസിക്കാത്തതിനാല്‍ പാപത്തെക്കുറിച്ചും ഞാന്‍ പിതാവിന്‍റെ അടുക്കലേക്കു പോകുന്നതുകൊണ്ടും നിങ്ങള്‍ ഇനിമേല്‍ എന്നെ കാണുകയില്ലാത്തതുകൊണ്ടും നീതിയെക്കുറിച്ചും ഈ ലോകത്തിന്‍റെ അധികാരി വിധിക്കപ്പെട്ടിരിക്കുന്നതിനാല്‍ ന്യായവിധിയെക്കുറിച്ചും ബോദ്ധ്യപ്പെടുത്തും" (16:8-11).

ഇവിടെ ഉപയോഗിച്ചിരിക്കുന്ന 'ഏലെഗ്കെയിന്‍' എന്ന ഗ്രീക്കുപദത്തിന്‍റെ അര്‍ത്ഥം 'തെറ്റിനെക്കുറിച്ച് ബോദ്ധ്യപ്പെടുത്തുക' അല്ലെങ്കില്‍ 'കുറ്റം വിധിക്കുക' എന്നാണ്. ലോകത്തെയാണ് അരൂപി കുറ്റം വിധിക്കുന്നത്. പക്ഷേ, അരൂപിയുടെ പ്രവര്‍ത്തനം ശിഷ്യരില്‍ അഥവാ ഈശോയില്‍ വിശ്വസിക്കുന്നവരിലാണ്. അതുകൊണ്ട് വിശ്വാസികളില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ആയിരിക്കണം അരൂപി കുറ്റപ്പെടുത്തുന്നത്. യോഹന്നാന്‍റെ കാഴ്ചപ്പാടില്‍ പാപം വിശ്വാസമില്ലായ്മയാണ്. അതുകൊണ്ട് വിശ്വാസമില്ലായ്മ സംഭവിക്കുമ്പോള്‍ അരൂപി വിശ്വാസികളില്‍ പാപബോധമുളവാക്കുകയും പാപത്തെ ജയിച്ച മിശിഹായുടെ നീതിയെക്കുറിച്ചും, പാപത്തിന്‍റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന അന്ധകാരശക്തികളുടെ ശിക്ഷാവിധിയെക്കുറിച്ചും അവര്‍ക്കു ബോധ്യം നല്കുകയും ചെയ്യും.

സുവിശേഷത്തിന്‍റെ ക്രമീകരണം

ആദ്യം എഴുതപ്പെട്ട സുവിശേഷം വി. മര്‍ക്കോസിന്‍റെ സുവിശേഷമാണ്. വി. യോഹന്നാന്‍ അടിസ്ഥാനപരമായി ഈ ഘടനയാണ് സ്വീകരിച്ചിരിക്കുന്നതെങ്കിലും തന്‍റേതായ ദൈവശാസ്ത്ര വീക്ഷണങ്ങള്‍ സുവിശേഷരചനയില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. ഈ സുവിശേഷത്തെ പ്രധാനമായും രണ്ട് ഭാഗങ്ങളായി തിരിക്കാം: ഈശോയുടെ പരസ്യജീവിതം വിവരിച്ചിരിക്കുന്ന അടയാളങ്ങളുടെ പുസ്തകവും (1:19-12:50) അവിടുത്തെ പീഡാസഹനമരണോത്ഥാനങ്ങള്‍ വിവരിച്ചിരിക്കുന്ന മഹത്ത്വത്തിന്‍റെ പുസ്തകവും (13-20 അദ്ധ്യായങ്ങള്‍). അതോടൊപ്പം ഒരു ആമുഖവും (1:1-18) അനുബന്ധവും (അദ്ധ്യായം 21) ഇതിനുണ്ട്.

രൂപരേഖ

  1. 1:1-18 ആമുഖം
  2. 1:19-12:50 അടയാളങ്ങളുടെ പുസ്തകം
  3. 13:1-20:31 മഹത്ത്വത്തിന്‍റെ പുസ്തകം
  4. 20:1-25 അനുബന്ധം

അത്ഭുതങ്ങളും പ്രഭാഷണങ്ങളും ഒന്നിനു പുറകേ മറ്റൊന്നായി വിവരിക്കുന്ന രീതി യോഹന്നാന്‍ സുവിശേഷകന്‍റെ ഒരു പ്രത്യേകതയാണ്. പ്രഭാഷണങ്ങള്‍ അത്ഭുതങ്ങളുടെ (അടയാളങ്ങളുടെ) വിശദീകരണങ്ങളും (വ്യാഖ്യാനങ്ങളും) അത്ഭുതങ്ങള്‍, വിശദീകരിക്കുന്ന യാഥാര്‍ത്ഥ്യത്തിന്‍റെ അടയാളങ്ങളുമാണ് (ചിത്രീകരണങ്ങളുമാണ്). സുവിശേഷത്തിന്‍റെ ആദ്യഭാഗത്ത്, അടയാളങ്ങളുടെ പുസ്ത കത്തില്‍, ആദ്യം അടയാളങ്ങളും പിന്നീട് പ്രഭാഷണങ്ങളുമാണെങ്കില്‍ (ഉദാ. അദ്ധ്യായം 6 - ആദ്യം അപ്പം വര്‍ദ്ധിപ്പിക്കുന്ന അടയാളം; അതിനുശേഷം 'ജീവന്‍റെ അപ്പ'ത്തെക്കുറിച്ചുള്ള പ്രബോധനം), രണ്ടാം ഭാഗത്ത്, മഹത്ത്വത്തിന്‍റെ പുസ്തകത്തില്‍, ആദ്യം പ്രഭാഷണങ്ങളും (അന്ത്യപ്രഭാഷണം) പിന്നീട് അടയാളങ്ങളുമാണ് കൊടുത്തിരിക്കുന്നത് (പീഡാസഹനമരണോത്ഥാന വിവരണം).

സുവിശേഷത്തിന്‍റെ ക്രമീകരണം: വിശദാംശങ്ങള്‍

ആമുഖത്തിനുശേഷം 1:19-51 വരെ സ്നാപകയോഹന്നാന്‍റെ സാക്ഷ്യവും ആദ്യശിഷ്യന്മാര്‍ ഈശോയെ അനുഗമിക്കുന്നതും വിവരിക്കുന്നു. "ദൈവം അയച്ച ഒരു മനുഷ്യനുണ്ടായിരുന്നു. അവന്‍റെ പേര് യോഹന്നാന്‍ എന്നാണ്. അവന്‍ സാക്ഷ്യത്തിനായി വന്നു - വെളിച്ചത്തിന് സാക്ഷ്യം നല്കാന്‍; അവന്‍ വഴി എല്ലാവരും വിശ്വസിക്കാന്‍" (1:6-7). ഈ വചനത്തിന്‍റെ പൂര്‍ത്തീകരണമാണ് സ്നാപക യോഹന്നാനെ അവതരിപ്പിക്കുന്നതില്‍ ദര്‍ശിക്കാനാവുക.

ദൈവം ഈശോയിലൂടെ മനുഷ്യവംശത്തോട് സംസാരിച്ചു. ദൈവത്തിന്‍റെ സ്നേഹത്തിലേക്ക് മനുഷ്യനെ തിരിച്ചുകൊണ്ട് ഈ സ്നേഹത്തിന് പ്രത്യുത്തരം കൊടുക്കാന്‍ അവനെ പ്രാപ്തനാക്കുക എന്നതായിരുന്നു ഈശോയുടെ ദൗത്യം. ദൈവസ്നേഹത്തിന്‍റെ വെളിപ്പെടുത്തലിന് മനുഷ്യന്‍ അനുകൂലവും പ്രതികൂലവുമായ പ്രത്യുത്തരം നല്കി. തുറന്ന മനസ്സോടെ ക്രിയാത്മകമായി ഈശോയുടെ വെളിപ്പെടുത്തലുകളെ സ്വീകരിച്ച വ്യക്തികളെയാണ് 1 മുതല്‍ 4 വരെയുള്ള അദ്ധ്യായങ്ങളില്‍ വരച്ചുകാട്ടുക. അദ്ധ്യായം ഒന്നില്‍ ശിഷ്യത്വത്തിലേക്കു വിളിക്കപ്പെട്ടവരുടെ ക്രിയാത്മകമായ പ്രതികരണത്തെക്കറിച്ച് ഗ്രന്ഥ കര്‍ത്താവ് സൂചിപ്പിക്കുന്നുണ്ട്. 2-ാം അദ്ധ്യായത്തില്‍ ഈശോയില്‍ വിശ്വസിക്കുന്ന ശിഷ്യന്മാരേയും (2:11) പെസഹാത്തിരുനാളില്‍ ജറുസലേമില്‍ പ്രവര്‍ത്തിച്ച അടയാളങ്ങള്‍ കണ്ട് അവന്‍റെ നാമത്തില്‍ വിശ്വസിച്ച അനേകരേയും (2:23) അവതരിപ്പിക്കുന്നു. യഹൂദരുടെ പ്രതിനിധിയായി നിക്കൊദേമോസ് ഈശോയിലുള്ള വിശ്വാസത്തിലേക്കു കടന്നുവരുന്ന സംഭവം 3-ാം അദ്ധ്യായത്തില്‍ വിവരിക്കുന്നു. 4-ാം അദ്ധ്യായത്തില്‍, ആദ്യഭാഗത്ത് സമറിയാക്കാരി സ്ത്രീയും അവളിലൂടെ അനേകം സമറിയാക്കാരും ഈശോയിലുള്ള വിശ്വാസത്തിലേക്കു കടന്നു വരുന്നതും, അവസാനഭാഗത്ത് വിജാതീയരുടെ പ്രതിനിധിയായി രാജസേവകനും കുടുംബവും ഈശോയില്‍ വിശ്വസിച്ച സംഭവവും രേഖപ്പെടുത്തുന്നു (4:53). ചുരുക്കത്തില്‍, 1 മുതല്‍ 4 വരെയുള്ള അദ്ധ്യായങ്ങളുടെ പ്രതിപാദ്യം വിശ്വാസമാണ്.

5 മുതല്‍ 10 വരെയുള്ള അദ്ധ്യായങ്ങള്‍ പ്രതികൂലമായ (നിഷേധാത്മകമായ) പ്രത്യുത്തരങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു. "അവന്‍ സ്വന്തജനത്തിന്‍റെ അടുത്തേക്കു വന്നു; എന്നാല്‍ അവര്‍ അവനെ സ്വീകരിച്ചില്ല" (1:11) എന്ന് ആമുഖത്തില്‍ സൂചിപ്പിച്ചിരുന്നതിന്‍റെ പൂര്‍ത്തീകരണമാണ് ഈ അദ്ധ്യായങ്ങളില്‍ വിവരിച്ചിരിക്കുന്നത്. യഹൂദതിരുനാളുകളുടെ പശ്ചാത്തലത്തിലാണ് ഈശോയുടെ പ്രവര്‍ത്തനങ്ങള്‍ ഇവിടെ ചിത്രീകരിച്ചിരിക്കുന്നത്.

5-ാം അദ്ധ്യായത്തില്‍ സാബത്ത് തിരുനാളിനോടനുബന്ധിച്ച് തളര്‍വാതരോഗിയെ സുഖപ്പെടുത്തുന്ന സംഭവമാണുള്ളത്. സാബത്തില്‍ ജോലിചെയ്യുന്ന ദൈവത്തിന്‍റെ സഹപ്രവര്‍ത്തകനായി ഇവിടെ ഈശോ സ്വയം അവതരിപ്പിക്കുന്നു. 6-ാം അദ്ധ്യായം പെസഹാതിരുനാളിന്‍റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നു. പുളിപ്പില്ലാത്ത അപ്പത്തിന്‍റെ സ്ഥാനത്ത് സ്വര്‍ഗ്ഗത്തില്‍നിന്നിറങ്ങിയ ജീവന്‍റെ അപ്പമായി ഇവിടെ ഈശോ സ്വയം അവതരിപ്പിക്കുന്നു. 7 മുതല്‍ 9 വരെയുള്ള അദ്ധ്യായങ്ങളില്‍ കൂടാരത്തിരുനാളിന്‍റെ പശ്ചാത്തലത്തിലുള്ള രണ്ട് കര്‍മ്മങ്ങളെ - വെള്ളത്തിന്‍റെ കര്‍മ്മവും വെളിച്ചത്തിന്‍റെ കര്‍മ്മവും - അടിസ്ഥാനമാക്കി ഈശോ സ്വയം വെളിപ്പെടുത്തുന്നു. ആദ്യകാലങ്ങളില്‍ വിളവെടുപ്പുമായി ബന്ധപ്പെട്ടാണ് ഈ തിരുനാള്‍ ആഘോഷിച്ചിരുന്നത്. പിന്നീട് ദൈവാലയത്തെ കേന്ദ്രമാക്കി ഇത് ആഘോഷിച്ചു തുടങ്ങിയപ്പോള്‍ ദൈവത്തിന്‍റെ രക്ഷാകരകര്‍മ്മവും മരുഭൂമിയിലൂടെയുള്ള അവരുടെ യാത്രയും അനുസ്മരണാവിഷയങ്ങളായി. വെള്ളത്തിന്‍റെ കര്‍മ്മത്തിന്‍റെ അവസരത്തില്‍ ഈശോ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: "ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്‍റെ അടുക്കല്‍ വന്ന് കുടിക്കട്ടെ. എന്നില്‍ വിശ്വസിക്കുന്നവന്‍റെ ഹൃദയത്തില്‍ നിന്ന് വിശുദ്ധ ലിഖിതം പ്രഖ്യാപിക്കുന്നതുപോലെ, ജീവജലത്തിന്‍റെ അരുവികള്‍ ഒഴുകും" (7:37). വെളിച്ചത്തിന്‍റെ കര്‍മ്മത്തിന്‍റെ പശ്ചാത്തലത്തില്‍ ലോകത്തിന്‍റെ പ്രകാശമായി ഈശോ സ്വയം വെളിപ്പെടുത്തുന്നു: "ഈശോ വീണ്ടും അവരോടു പറഞ്ഞു: "ഞാന്‍ ലോകത്തിന്‍റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല. അവന് ജീവന്‍റെ പ്രകാശമുണ്ടായിരിക്കും" (8:12). 10-ാം അദ്ധ്യായത്തിന് പ്രതിഷ്ഠാതിരുനാളിന്‍റെ പശ്ചാത്തലമാണുള്ളത് (10:22). അസ്സീറിയാക്കാര്‍ അശുദ്ധമാക്കിയ ദൈവാലയം ആ.ഇ.165-ല്‍ പുതുക്കി പണിയപ്പെട്ടു. അത് പുനഃപ്രതിഷ്ഠിച്ച സംഭവത്തിന്‍റെ ഓര്‍മ്മയാചരിക്കുന്ന തിരുനാളാണിത്. ഈ തിരുനാളില്‍ 'മിശിഹാ'യായി, അഥവാ ദൈവത്താല്‍ അഭിഷിക്തനായി ലോകത്തിലേക്ക് അയയ്ക്കപ്പെട്ടവനായി സ്വയം ലോകത്തിനുവെളിപ്പെടുത്തി. പിതാവിനു പ്രതിഷ്ഠിക്കപ്പെട്ടവനായി സ്വയം ചിത്രീകരിക്കുന്ന ഈശോ, പഴയ ദൈവാലയത്തിനു പകരം അഭിഷിക്തനായി ലോകത്തിലേക്ക് പിതാവിനാല്‍ അയയ്ക്കപ്പെട്ട പുതിയ ദൈവാലയമാണ് താനെന്നു വ്യക്തമാക്കുന്നു. പിതാവ് വിശുദ്ധീകരിച്ച് ലോകത്തിലേക്കയച്ച ദൈവപുത്രനാണ് ഈശോ (10:36).

11-12 അദ്ധ്യായങ്ങള്‍ മഹത്ത്വീകരണത്തിനുള്ള ഒരുക്കമാണ്. 'അടയാളങ്ങളുടെ പുസ്തകം' എന്നറിയപ്പെടുന്ന ആദ്യഭാഗം അവസാനിക്കുന്നത് ലാസറിനെ ഉയിര്‍പ്പിക്കുന്ന സംഭവത്തോടെയാണ്. ഇതോടെ യഹൂദരുടെ ശത്രുത വര്‍ദ്ധിച്ചു. അത് ഈശോയുടെ മരണത്തിനും അവിടുത്തെ മഹത്ത്വീകരണത്തി നും കാരണമാകുകയും ചെയ്തു (11:53).

13-20 അദ്ധ്യായങ്ങള്‍ മഹത്ത്വത്തിന്‍റെ പുസ്തകം എന്നറിയപ്പെടുന്നു. കാരണം ഈശോയുടെ മഹത്ത്വീകരണത്തിന്‍റെ ഘട്ടങ്ങളായ പീഡാനുഭവ, മരണ, ഉത്ഥാന സംഭവങ്ങളാണ് യോഹന്നാന്‍ശ്ലീഹാ ഇവിടെ രേഖപ്പെടുത്തുന്നത്. പീഡാനുഭവ, മരണ, ഉത്ഥാനങ്ങള്‍ ഈശോയുടെ മഹത്ത്വത്തിലേയ്ക്കുള്ള വഴിയാണ്. "ആകയാല്‍ പിതാവേ, ലോകസൃഷ്ടിക്കുമുമ്പ് അവിടുത്തോടുകൂടെയുണ്ടായിരുന്ന മഹത്ത്വത്താല്‍ ഇപ്പോള്‍ അവിടുത്തെ സന്നിധിയില്‍ എന്നെ മഹത്ത്വപ്പെടുത്തണമേ" (17:5) എന്നാണ് പീഡാനുഭവത്തിനുമുമ്പ് ഈശോ പ്രാര്‍ത്ഥിച്ചതും.

രൂപരേഖ വിശദമായി

        I. 1:1-18 ആമുഖം

        II. 1:19-12:50 അടയാളങ്ങളുടെ പുസ്തകം

  1. 1:19-51 സ്നാപകന്‍റെ സാക്ഷ്യവും ആദ്യശിഷ്യരുടെ അനുഗമിക്കലും
  2. 2:1-4:54 ക്രിയാത്മകമായ പ്രത്യുത്തരം
  1. 2:1-12 കാനായിലെ ഒന്നാം അത്ഭുതം - വെള്ളം വീഞ്ഞാക്കുന്നു
  2. 2:13-25 ജറുസലേം ദൈവാലയ ശുദ്ധീകരണം
  3. 3:1-21 നിക്കൊദേമോസുമായുള്ള സംഭാഷണം
  4. 3:22-36 സ്നാപകന്‍റെ രണ്ടാം സാക്ഷ്യം
  5. 4:1-45 സമറിയാക്കാരിയുമായുള്ള സംഭാഷണം
  6. 4:46-54 കാനായിലെ രണ്ടാം അത്ഭുതം - രാജസേവകന്‍റെ പുത്രനു സൗഖ്യം
  1. 5:1-10:42 ഈശോയുടെ സ്വയം വെളിപ്പെടുത്തല്‍
  1. 5:1-47 സാബത്തിന്‍റെ പശ്ചാത്തലം - ഈശോ ദൈവത്തിന്‍റെ   സഹപ്രവര്‍ത്തകന്‍, ജീവദായകന്‍
  2. 6:1-71 പെസഹാത്തിരുനാളിന്‍റെ പശ്ചാത്തലം - ഈശോ ജീവന്‍റെ അപ്പം
  3. 7:1-9:41 കൂടാരത്തിരുനാളിന്‍റെ പശ്ചാത്തലം - ഈശോ ജീവജലത്തിന്‍റെ ഉറവിടം; ഈശോ ലോകത്തിന്‍റെ വെളിച്ചം
  4. 10:1-42 പ്രതിഷ്ഠാതിരുനാള്‍ - ഈശോ നല്ല ഇടയന്‍; ഈശോ പിതാവിനാല്‍ അഭിഷേകം ചെയ്യപ്പെട്ട് അയയ്ക്കപ്പെട്ട ദൈവപുത്രന്‍
  1. 11:1-12:50 മഹത്ത്വീകരണത്തിനൊരുക്കം
  1. 11:1-44 ഈശോ ലാസറിനെ പുനരുജ്ജീവിപ്പിക്കുന്നു
  2. 11:45-57 സാന്‍ഹെദ്രീന്‍സംഘം ഈശോയെ മരണത്തിനു വിധിക്കുന്നു
  3. 12:1-8 തൈലാഭിഷേകം
  4. 12:9-19 രാജകീയപ്രവേശനം
  5. 12:20-36 ഗ്രീക്കുകാരുടെ വരവും മഹത്ത്വീകരണ പ്രഖ്യാപനവും
  6. 12:37-50 പരസ്യജീവിതത്തിന്‍റെ വിലയിരുത്തല്‍

      III. 13:1-20:31 മഹത്ത്വത്തിന്‍റെ പുസ്തകം

  1. 13:1-17:26 അന്ത്യപ്രഭാഷണവും പാദം കഴുകല്‍ ശുശ്രൂഷയും
  1. 13:1-30 പാദം കഴുകലും അപ്പം മുറിക്കലും
  2. 13:31-38 അന്ത്യപ്രഭാഷണം - ആമുഖം
  3. 14:1-31 അന്ത്യപ്രഭാഷണം - ഒന്നാം ഭാഗം
  4. 15:1-16:33 അന്ത്യപ്രഭാഷണം - രണ്ടാം ഭാഗം
  5. 17:1-26 ഈശോയുടെ പുരോഹിത പ്രാര്‍ത്ഥന
  1. 18:1-20:31 പീഡാനുഭവവിവരണം
  1. 18:1-19:42 പീഡാനുഭവം, മരണം, മൃതസംസ്ക്കാരം
  2. 20:1-31 ഉത്ഥാനവും പ്രത്യക്ഷീകരണവും

     IV. 21:1-25 അനുബന്ധം

Rev. Msgr. Dr. Mathew Vellanickal catholic malayalam st. John The Gospel of John the goal of the gospel Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message