x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. യോഹന്നാന്‍റെ സുവിശേഷം, 6:1-15, അപ്പം വര്‍ദ്ധിപ്പിക്കുന്നു

Authored by : Rev. Msgr. Dr. Mathew Vellanickal On 08-Feb-2021

നാല് സുവിശേഷകന്മാരും വിവരിച്ചിരിക്കുന്ന ഏക അത്ഭുതം അപ്പം വര്‍ദ്ധിപ്പിക്കുന്നതാണ്. പരി. കുര്‍ബാനയുടെ സൂചനയുള്ളതുകൊണ്ടാകാം ഇതിന് ഇത്ര പ്രാധാന്യം ലഭിച്ചിരിക്കുന്നത്. വി. മര്‍ക്കോസും (6:30-44; 8:1-10) വി. മത്തായിയും (14:13-21; 15:32-39) രണ്ട് അപ്പം വര്‍ദ്ധിപ്പിക്കല്‍ സംഭവങ്ങള്‍ രേഖപ്പെടുത്തുമ്പോള്‍ വി. ലൂക്കായും (9:10-11) വി. യോഹന്നാനും ഒരെണ്ണമേ രേഖപ്പെടുത്തുന്നുള്ളു. പല വ്യാഖ്യാതാക്കളുടെയും അഭിപ്രായത്തില്‍ ഈശോ അപ്പം വര്‍ദ്ധിപ്പിച്ചത് ഒരിക്കല്‍ മാത്രമാണ്. വി. മര്‍ക്കോസിന്‍റെയും വി.ലൂക്കായുടെയും സുവിശേഷവിവരണങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇതിന് അനുകൂലമായ സൂചനകള്‍ കാണുന്നുണ്ട്. വി. മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ രണ്ട് അപ്പം വര്‍ദ്ധിപ്പിക്കലിനിടയ്ക്കുള്ള ഭാഗം (മര്‍ക്കോ 6:30 മുതല്‍ 8:10 വരെ) അപ്പത്തിന്‍റെ ഭാഗം എന്നാണറിയപ്പെടുന്നത്. ഈ ഭാഗം തുടങ്ങുന്നതുവരെ ലൂക്കാസുവിശേഷകന്‍ മര്‍ക്കോസ് സുവിശേഷകന്‍റെ സുവിശേഷക്രമീകരണമാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ പിന്നീട് അപ്പത്തിന്‍റെ ഭാഗത്തിനുശേഷമാണ് ലൂക്കാസുവിശേഷകന്‍ മര്‍ക്കോസിന്‍റെ ക്രമീകരണത്തോട് ചേര്‍ന്നുപോകുന്നത്. അതിന്‍റെ അര്‍ത്ഥം മര്‍ക്കോസിന്‍റെ രണ്ടാമത്തെ വിവരണം ലൂക്കായുടെ പാരമ്പര്യത്തിലില്ലായിരുന്നെന്നോ, ലൂക്കാ അത് ആവര്‍ത്തനമായി കരുതിയെന്നോ ആവാം. "ഈ വിജനസ്ഥലത്ത് ഇവര്‍ക്കെല്ലാം അപ്പം കൊടുക്കുന്നതെങ്ങനെ?" എന്ന ശിഷ്യരുടെ ചോദ്യം രണ്ടാമത്തെ വിവരണത്തിലും ആവര്‍ത്തിക്കപ്പെടുന്നത്, ഒരിക്കല്‍മാത്രമേ ഈശോ അപ്പം വര്‍ദ്ധിപ്പിച്ചിട്ടുള്ളു എന്നതിന്‍റെ സൂചനയാണ്.

സമാന്തരസുവിശേഷങ്ങളില്‍നിന്നും വ്യത്യസ്തമായ ഒരു വിവരണമാണ് യോഹന്നാന്‍ശ്ലീഹായുടേത്. പരി. കുര്‍ബാനയാഘോഷവുമായി ഈ അത്ഭുതത്തെ ബന്ധപ്പെടുത്തുന്ന ശ്രദ്ധേയമായ ചില ഘടകങ്ങള്‍ യോഹന്നാന്‍ശ്ലീഹായുടെ വിവരണത്തില്‍ കണ്ടെത്താവുന്നതാണ്:"യഹൂദരുടെ പെസഹാത്തിരുനാള്‍ അടുത്തിരുന്നു" (6:4) എന്ന പരാമര്‍ശം പരി. കുര്‍ബാനയാഘോഷത്തിലേക്ക് വിരല്‍ചൂണ്ടുന്നു. പെസഹായും പരി. കുര്‍ബാനയുടെ സ്ഥാപനവും ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഇത് പ്രത്യേക പ്രാധാന്യം അര്‍ഹിക്കുന്നതാണ്.

സമാന്തരസുവിശേഷങ്ങളില്‍ 'തന്‍റെ കൂടെയായിരുന്നവര്‍'ക്കാണ് ഈശോ അപ്പം വര്‍ദ്ധിപ്പിച്ചുകൊടുക്കുന്നത്. എന്നാല്‍ യോഹന്നാന്‍ശ്ലീഹായുടെ സുവിശേഷത്തില്‍ 'തന്‍റെ അടുത്തേക്ക് വന്നവര്‍'ക്കുവേണ്ടിയാണ് (6:5) ഈ അത്ഭുതം പ്രവര്‍ത്തിക്കുന്നത്. 'ഈശോയുടെ പക്കലേക്ക് വരുക' എന്നതുകൊണ്ട് 'ഈശോയില്‍ വിശ്വസിക്കുക' എന്നാണ് അര്‍ത്ഥമാക്കുന്നത്. വിശ്വാസികളുടെ ആഘോഷമാണ് പരി. കുര്‍ബാന എന്നത് ഇവിടെ സ്മരണീയമാണ്.

ഈശോ വര്‍ദ്ധിപ്പിക്കുന്നത് 'ബാര്‍ലി'യപ്പമാണ് എന്ന് ഈ സുവിശേഷത്തില്‍ പ്രത്യേകം എടുത്തു പറയുന്നു. പരി. കുര്‍ബാനക്ക് ഉപയോഗിക്കേണ്ടത് ബാര്‍ലിയപ്പമായിരിക്കണം എന്ന് ആദിമസഭയിലെ പ്രബോധനരേഖയായ 'ഡിഡാക്കെ'യില്‍ പറഞ്ഞിരിക്കുന്നു. ഈ പ്രബോധനവുമായി അത്ഭുതത്തെ ബന്ധപ്പെടുത്താനുള്ള ശ്രമമായിരിക്കാം സുവിശേഷകന്‍ നടത്തുന്നത്.

ഈശോ അപ്പം 'എടുത്തു', 'കൃതജ്ഞതാസ്ത്രോത്രം ചെയ്തു', 'വിതരണം ചെയ്തു' (6:11). പരി. കുര്‍ബാനയുടെ സ്ഥാപനവിവരണത്തിലും ഈ ക്രിയകളെല്ലാമുണ്ട്. 'കൃതജ്ഞതാസ്ത്രോത്രം' എന്നതിന് വി. മര്‍ക്കോസും വി. മത്തായിയും ഉപയോഗിക്കുന്നത് 'എവുലോഗെയിന്‍' എന്ന ഗ്രീക്കുപദമാണ്. എന്നാല്‍ യോഹന്നാന്‍ശ്ലീഹാ ഉപയോഗിക്കുന്നത് പരി. കുര്‍ബാനയുമായി ബന്ധപ്പെട്ട 'യൂക്കരിസ്റ്റേയിന്‍' എന്ന പദമാണ്.

ഈ സുവിശേഷമനുസരിച്ച് ഈശോതന്നെയാണ് അപ്പം ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നത്. പ്രായോഗികമായി അസാദ്ധ്യമായ കാര്യമാണിത്. സമാന്തരസുവിശേഷങ്ങളുടെ വിവരണമാണ് ചരിത്രത്തോട് നീതി പുലര്‍ത്തുന്നത്. അവിടെ ശിഷ്യന്മാര്‍ വിതരണം ചെയ്യുന്നതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ജീവന്‍റെ അപ്പത്തിന്‍റെ ദാതാവ് ഈശോ മാത്രമാണ് എന്ന് ഉറപ്പിച്ചു പറയാനാണ് ഈ വിവരണത്തിലൂടെ യോഹന്നാന്‍ശ്ലീഹാ ശ്രമിക്കുന്നത്. പരി. കുര്‍ബാനയിലൂടെയാണ് ജീവന്‍റെ അപ്പം വിശ്വാസികള്‍ സ്വീകരിക്കുന്നത്.

എല്ലാവരും ഭക്ഷിച്ചു തൃപ്തരായപ്പോള്‍, ബാക്കിയുള്ള കഷണങ്ങള്‍ നഷ്ടപ്പെടാതെ ശേഖരിക്കുവാന്‍ ഈശോ ശിഷ്യന്മാരോട് ആവശ്യപ്പെടുന്നുണ്ട് (6:12). 'പരി. കുര്‍ബാനക്കുശേഷം ബാക്കി വന്നവ ശേഖരിക്കണം; നഷ്ടപ്പെടുത്തരുത്' എന്ന് ഡിഡാക്കെയില്‍ ആവശ്യപ്പെടുന്നുണ്ട്. ഇതും പരി. കുര്‍ബാനയുമായി ഈ അത്ഭുതത്തിനുള്ള ബന്ധത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

തന്നില്‍ വിശ്വസിച്ച് തന്‍റെ പക്കലേക്ക് വരുന്ന ജനത്തിന്‍റെ ശാരീരികമായ വിശപ്പ് അകറ്റിക്കൊണ്ട് ആത്മീയവിശപ്പ് ശമിപ്പിക്കുന്നവനും താനാണ് എന്ന സത്യത്തിലേക്ക് അവരെ നയിക്കുവാനുള്ള ഒരുക്കമാണ് ഈശോ ഈ അത്ഭുതത്തിലൂടെ നടത്തുന്നത്. തന്‍റെ ശിഷ്യരുടെ ഭാഗഭാഗിത്വവും ഈശോ തേടുന്നുണ്ട്. ഒരു ബാലന്‍റെ കൈവശമുണ്ടായിരുന്ന ബാര്‍ലിയപ്പവും മീനും ഈശോയുടെ അടുത്ത് കൊണ്ടുവരുന്നത് ശിഷ്യന്മാരാണ്.

അപ്പം വര്‍ദ്ധിപ്പിക്കുന്ന അത്ഭുതത്തിന് ആമുഖമായി യോഹന്നാന്‍സുവിശേഷകന്‍ പറയുന്ന മറ്റൊരു കാര്യംകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. "വലിയ ഒരു ജനക്കൂട്ടം അവനെ അനുഗമിച്ചു. കാരണം രോഗികളില്‍ അവന്‍ പ്രവര്‍ത്തിച്ച അടയാളങ്ങള്‍ അവര്‍ കണ്ടിരുന്നു. ഈശോ മലയിലേക്ക് കയറി ശിഷ്യന്മാരോടുകൂടെ അവിടെയിരുന്നു" (6:2-3). അടയാളങ്ങള്‍ കണ്ട് തന്നില്‍ വിശ്വസിക്കുന്നവരുടെ വിശ്വാസം ഈശോ പൊതുവേ അംഗീകരിക്കുന്നില്ല (യോഹ 2:23-24). അവരെ ശരിയായ വിശ്വാസത്തിലേക്ക് നയിക്കുന്നുമുണ്ട്. ഇവിടെ ഈശോ മലയിലേക്ക് കയറി ശിഷ്യന്മാരോടുകൂടെ അവിടെയിരുന്നുവെന്നും പറയുന്നുണ്ട്. മലയില്‍ കയറിയിരുന്ന് പഠിപ്പിക്കുന്നതിന് ആധികാരികതയും പ്രതീകാത്മകമായ അര്‍ത്ഥവുമുണ്ട്. വി. മത്തായിയുടെ സുവിശേഷത്തില്‍ ഗിരിപ്രഭാഷണപശ്ചാത്തലത്തില്‍ പുതിയ മോശയായി ഈശോയെ ചിത്രീകരിക്കുന്നുണ്ട് (മത്താ 5:1-2). മോശ സീനായ്മലയിലാണല്ലോ ഇസ്രായേലിനെ ദൈവവുമായി ഉടമ്പടി ചെയ്ത ജനതയാക്കിത്തീര്‍ത്തത്. പുതിയ ദൈവജനമായ ശിഷ്യസമൂഹത്തിന് പുതിയ മോശയാകുന്ന ഈശോ പുതിയ ഉടമ്പടിയുടെ വിരുന്ന് ഒരുക്കുന്നതായി ഇവിടെ യോഹന്നാന്‍ശ്ലീഹാ ചിത്രീകരിക്കുകയാണ്. പെസഹായുടെ ഓര്‍മ്മയാചരണവും ഇവിടെ പ്രത്യേകം എടുത്തുപറയുന്നുണ്ട്: "യഹൂദരുടെ പെസഹാ തിരുനാള്‍ അടുത്തിരുന്നു" (6:4). രക്ഷകനായ മിശിഹായിലൂടെ ഒരുക്കപ്പെടുന്ന കര്‍ത്താവിന്‍റെ വിരുന്നിനെപ്പറ്റി ഏശയ്യാപ്രവാചകനിലൂടെ മുന്‍കൂട്ടി അറിയിക്കപ്പെട്ട മെസയാനിക വിരുന്നിന്‍റെ പൂര്‍ത്തീകരണവും നമുക്കിവിടെ കാണാം (ഏശ 25:6-10). മിശിഹായിലൂടെ ദൈവം തന്‍റെ ജനത്തിനായി ഒരുക്കുന്ന രക്ഷാകരവിരുന്നിന്‍റെ, പ്രത്യേകമായി, പരി. കുര്‍ബാനയുടെ അടയാളമാണ് അപ്പം വര്‍ദ്ധിപ്പിക്കുന്ന അത്ഭുതം.

അപ്പം ഭക്ഷിച്ച് തൃപ്തരായ ജനക്കൂട്ടം ഈശോയില്‍ ആകൃഷ്ടരായി. 'ലോകത്തിലേക്ക് വരാനിരിക്കുന്ന പ്രവാചകന്‍ ഇവനാണ്' എന്നു പറഞ്ഞുകൊണ്ട് രാജാവാക്കാന്‍ ബലമായി പിടിച്ചുകൊണ്ടു പോകാന്‍ ഭാവിക്കുന്ന അവരില്‍നിന്നും ഈശോ മലമുകളിലേക്ക് പിന്‍വാങ്ങി. 

The Gospel of John 6: 1-15 multiplies the bread catholic malayalam gospel of john Rev. Msgr. Dr. Mathew Vellanickal Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message