x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

വി. യോഹന്നാന്‍റെ സുവിശേഷം,19:38-42, ഈശോയെ സംസ്ക്കരിക്കുന്നു (മത്തായി 27:57-61; മര്‍ക്കോസ് 15:42-47; ലൂക്കാ 23:50-56 )

Authored by : Rev. Msgr. Dr. Mathew Vellanickal On 09-Feb-2021

ഈശോയുടെ മൃതസംസ്ക്കാരം ചുരുങ്ങിയ വാക്കുകളില്‍ യോഹന്നാന്‍ ശ്ലീഹാ ഇവിടെ അവതരിപ്പിക്കുന്നു. യഹൂദരുടെ പ്രധാനപുരോഹിതന്‍റെ ആലോചനാസംഘത്തില്‍പ്പെട്ട അരിമത്തിയാക്കാരന്‍ ജോസഫും നിക്കോദേമോസുമാണ് ഈശോയുടെ മൃതസംസ്ക്കാരം നടത്തുന്ന വ്യക്തികള്‍. ഈശോയോടൊപ്പമുണ്ടായിരുന്ന സ്ത്രീകള്‍ ഈ സംഭവത്തിനു സാക്ഷികളുമാണ്. മൃതശരീരം രാത്രിയില്‍ കുരിശില്‍ കിടക്കുന്നത് നിയമവിരുദ്ധമായിരുന്നു: "ശവം രാത്രി മുഴുവന്‍ മരത്തില്‍ തൂങ്ങിക്കിടക്കരുത്. നിന്‍റെ ദൈവമായ കര്‍ത്താവ് നിനക്കവകാശമായിത്തരുന്ന സ്ഥലം അശുദ്ധമാകാതിരിക്കാന്‍ അന്നുതന്നെ അതു മറവു ചെയ്യണം. മരത്തില്‍ തൂക്കപ്പെട്ടവന്‍ ദൈവത്താല്‍ ശപിക്കപ്പെട്ടവനാണ്" (നിയമാ 21:23). അതുകൊണ്ടായിരിക്കണം അരിമത്തിയാക്കാരന്‍ ജോസഫ് ഈശോയുടെ ശരീരം എടുത്തു മാറ്റാന്‍ പീലാത്തോസിനോട് അനുവാദം ചോദിച്ചു വാങ്ങുകയും, സമീപത്തുണ്ടായിരുന്ന തോട്ടത്തിലെ കല്ലറയില്‍ സംസ്ക്കരിക്കുകയും ചെയ്തത് (19:38). ഈശോയുടെ രഹസ്യശിഷ്യരായിരുന്ന ജോസഫും നിക്കൊദേമോസും ചേര്‍ന്ന് ഉചിതമായ ഒരു മൃതസംസ്ക്കാരം അവിടുത്തേയ്ക്കു നല്കി.

ഈശോയുടെ മൃതസംസ്ക്കാരവും അവിടുത്തെ രാജത്വം തെളിയിക്കുന്ന ഒരു അവസരമായി മാറി. അക്കാലത്തെ യഹൂദപ്രമാണികളില്‍ പ്രമുഖരും കുലീനരുമായ അരിമത്തിയാക്കാരന്‍ ജോസഫിന്‍റെയും നിക്കൊദേമോസിന്‍റെയും സാന്നിദ്ധ്യം രാജകീയമായ ഒരു സംസ്ക്കാരമാണ് ഈശോയ്ക്ക് ലഭിച്ചത് എന്ന് വ്യക്തമാക്കുന്നു. ഒരു നേതാവിനു ലഭിക്കേണ്ട എല്ലാവിധ ബഹുമാനാദരവുകളും യഹൂദരുടെ ശവസംസ്ക്കാരകര്‍മ്മാനുഷ്ഠാനങ്ങളും ഈശോയ്ക്കും ലഭിച്ചു. ധാരാളം സുഗന്ധദ്രവ്യങ്ങളും പുതിയ കല്ലറയുമൊക്കെ രാജകീയമായ മൃതസംസ്ക്കാരത്തെ ഓര്‍മ്മിപ്പിക്കുന്നു. ഈശോ മരിച്ചതും സംസ്ക്കരിക്കപ്പെട്ടതുമെല്ലാം രാജാവായി തന്നെയാണ്. യഥാര്‍ത്ഥമായ, നിത്യം നിലനില്ക്കുന്ന രാജത്വമാണ് ഈശോയുടേത്.

അരിമത്തിയാക്കാരന്‍ ജോസഫ്: "യഹൂദരോടുള്ള ഭയം നിമിത്തം ഈശോയുടെ രഹസ്യശിഷ്യനായിക്കഴിഞ്ഞിരുന്ന അരിമത്തിയാക്കാരന്‍ ജോസഫ് ഈശോയുടെ ശരീരം എടുത്തുമാറ്റാന്‍ പീലാത്തോസിനോട് അനുവാദം ചോദിച്ചു" (19:38). അരിമത്തിയാക്കാരന്‍ ജോസഫിനെ ഈശോയുടെ 'രഹസ്യശിഷ്യന്‍' എന്നാണ് യോഹന്നാന്‍ശ്ലീഹാ വിശേഷിപ്പിക്കുന്നത്. വി. യോഹന്നാന്‍റെ സുവിശേഷത്തില്‍ ഈശോയുടെ പരസ്യജീവിതത്തെ അവതരിപ്പിക്കുന്ന 'അടയാളങ്ങളുടെ പുസ്തക'ത്തിന്‍റെ അവസാനഭാഗത്ത് ഒരു വിലയിരുത്തല്‍ നടത്തുന്നുണ്ട്. വിലയിരുത്തല്‍ പൊതുവെ നിഷേധാത്മകമാണെങ്കിലും, "അധികാരികളില്‍പ്പോലും അനേകര്‍ അവനില്‍ വിശ്വസിച്ചു" എന്നു പറയുന്നുണ്ട്. "എന്നാല്‍ സിനഗോഗില്‍നിന്നു ബഹിഷ്കൃതരാകാതിരിക്കാന്‍വേണ്ടി ഫരിസേയരെ ഭയന്ന് അവരാരും അത് ഏറ്റു പറഞ്ഞില്ല" (യോഹ 12:42) എന്ന് യോഹന്നാന്‍ ശ്ലീഹാ കൂട്ടിച്ചേര്‍ക്കുന്നുമുണ്ട്. ഇങ്ങനെ ഈശോയുടെ രഹസ്യശിഷ്യനായിത്തീര്‍ന്ന വരില്‍ ഒരുവനായിരിക്കണം ജോസഫ്. ഈശോയുടെ രഹസ്യശിഷ്യരായിക്കഴിയുവാന്‍ അവര്‍ പ്രേരിതരായത് ദൈവമഹത്വത്തെക്കാള്‍ മനുഷ്യപ്രശംസ അഭിലഷിച്ചതുകൊണ്ടാണെന്ന് യോഹന്നാന്‍ശ്ലീഹാ പറയുന്നുണ്ട് (12:43). എന്നാല്‍, ജോസഫ് ഇതിന് ഒരപവാദമായിരുന്നുവെന്നു തോന്നുന്നു. ഈശോയുടെ മൃതദേഹം എടുത്തുമാറ്റാന്‍ പീലാത്തോസില്‍നിന്നും അനുവാദം വാങ്ങുന്നതും ഉചിതമായ ഒരു മൃതസംസ്ക്കാരം ഈശോയ്ക്ക് നല്കുന്നതും അതിന്‍റെ സൂചനകളാണ്. ജോസഫ് ആലോചനാസംഘത്തിലെ ബഹുമാന്യനായ ഒരംഗവും ദൈവരാജ്യം പ്രതീക്ഷിച്ചിരുന്നവനുമായിരുന്നുവെന്ന് മര്‍ക്കോസ് സുവിശേഷകന്‍ പറയുന്നുണ്ട് (മര്‍ക്കോ 15:43). അവന്‍ നല്ലവനും നീതിമാനുമായിരുന്നുവെന്നും അവന്‍ അവരുടെ ആലോചനകളിലോ പ്രവൃത്തികളിലോ പങ്കുചേര്‍ന്നിരുന്നില്ല എന്നും ലൂക്കാ സുവിശേഷകനും പറയുന്നു (ലൂക്കാ 23:50-51).

യഹൂദരുടെ ആലോചനാസംഘത്തിന്‍റെ തീരുമാനമനുസരിച്ചാണ് ഈശോ വധിക്കപ്പെട്ടത് (യോഹ 11:50-52; മത്താ 26:65-68). അവരുടെ ആലോചനയില്‍ പങ്കുചേരാതിരിക്കുകയും, അവരുടെ ആലോചനക്കനുസൃതമായി വധിക്കപ്പെട്ട ഒരാള്‍ക്ക് മാന്യമായ മൃതസംസ്ക്കാരം നല്കുകയും ചെയ്യുന്നത് അവരുടെ ദൃഷ്ടിയില്‍ തീര്‍ച്ചയായും കുറ്റകരമാണ്. എങ്കിലും ജോസഫ് ധൈര്യപൂര്‍വ്വം പീലാത്തോസിനെ സമീപിക്കുകയും മിശിഹായുടെ മൃതശരീരം ഏറ്റുവാങ്ങി ഭക്ത്യാദരപൂര്‍വ്വം സംസ്ക്കരിക്കുകയും ചെയ്യുന്നു. ജോസഫ് മിശിഹായെ സംസ്ക്കരിച്ചത് തന്‍റെ പുതിയ കല്ലറയിലായിരുന്നുവെന്ന് മത്തായി സുവിശേഷകന്‍ രേഖപ്പെടുത്തുന്നുണ്ട് (27:60). യഹൂദരുടെ കാഴ്ചപ്പാടില്‍ ശിക്ഷാര്‍ഹമായ ഈ നടപടി സ്വീകരിക്കുവാന്‍ ജോസഫ് തയ്യാറായത് അദ്ദേഹം മിശിഹായില്‍ ദൈവത്തിന്‍റെ പ്രവര്‍ത്തനം ദര്‍ശിച്ചതുകൊണ്ടായിരിക്കണം. അതുകൊണ്ട് ജോസഫ് മനുഷ്യരുടെ പ്രീതിയെക്കാള്‍ ദൈവമഹത്വം തേടുന്നവനായിരുന്നിരിക്കണം.

നിക്കൊദേമോസ്: "ഈശോയെ ആദ്യം രാത്രിയില്‍ ചെന്നുകണ്ട നിക്കൊദേമോസും അവിടെയെത്തി. മീറയും ചെന്നിനായകവും ചേര്‍ന്ന ഏകദേശം നൂറുറാത്തല്‍ സുഗന്ധദ്രവ്യവും അവന്‍ കൊണ്ടുവന്നിട്ടുണ്ടായിരുന്നു" (19:39). നിക്കൊദേമോസും ഈശോയുടെ രഹസ്യശിഷ്യരില്‍ ഒരാളായിരുന്നു. ആലോചനാസംഘത്തിലെ ഒരംഗവുമായുന്നു. ഇതിനുമുമ്പ് രണ്ടുപ്രാവശ്യം നിക്കൊദേമോസ് യോഹന്നാന്‍ശ്ലീഹായുടെ സുവിശേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട് - മൂന്നാമദ്ധ്യായത്തിലും ഏഴാമദ്ധ്യായത്തിലും. മൂന്നാമദ്ധ്യായത്തില്‍ നാം ഇങ്ങനെ വായിക്കുന്നു: "ഫരിസേയരില്‍ നിക്കോദേമോസ് എന്നു പേരായ ഒരു യഹൂദപ്രമാണിയുണ്ടായിരുന്നു. അവന്‍ രാത്രി ഈശോയുടെ അടുത്തുവന്നു പറഞ്ഞു: റബ്ബീ, അങ്ങ് ദൈവത്തില്‍നിന്നു വന്ന ഒരു ഗുരുവാണെന്നു ഞങ്ങള്‍ അറിയുന്നു. ദൈവം കൂടെയില്ലെങ്കില്‍ ഒരുവനും നീ ചെയ്യുന്ന ഈ അടയാളങ്ങള്‍  പ്രവര്‍ത്തിക്കാന്‍ കഴിയുകയില്ല" (യോഹ 3:1-2). ഈശോയുമായുള്ള സംഭാഷണവേളയില്‍ നിക്കൊദേമോസ് ഇസ്രായേലിലെ ഒരു ഗുരുവായിരുന്നുവെന്നും  മനസ്സിലാക്കാം (യോഹ 3:10). അതുകൊണ്ടായിരി ക്കാം ഈശോയുടെ പ്രബോധനങ്ങളാല്‍ ആ കൃഷ്ടനായി അദ്ദേഹം ഈശോയുടെ പക്കലെത്തിയത്. രാത്രിയില്‍ വന്നതിന് ബൈബിള്‍ വ്യാഖ്യാതാക്കള്‍ വിവിധ വിശദീകരണങ്ങള്‍ നല്കുന്നുണ്ട്. മറ്റുള്ളവര്‍ അറിയായെ രഹസ്യമായി വന്നുവെന്നും, അതല്ല, രാത്രികാലങ്ങളിലാണ് യഹൂദര്‍ വിശുദ്ധലിഖിതവായനയിലും പഠനത്തിലും ഏര്‍പ്പെട്ടിരുന്നത് എന്നതുകൊണ്ടാണെന്നും പറയുന്നവരുണ്ട്. ഇവിടെ പ്രതീകാത്മകമായ ഒരര്‍ത്ഥമുണ്ടെന്നു പറയാം. അന്ധകാരത്തിലായിരുന്ന നിക്കൊദേമോസ് പ്രകാശമായ മിശിഹായിലേക്കു വരുന്നു. ഏഴാമദ്ധ്യായത്തില്‍ നിക്കൊദേമോസിനെ ഈശോയില്‍ വിശ്വസിക്കുന്ന ഒരാളായിട്ടും ഈശോയ്ക്കുവേണ്ടി ആലോചനാസംഘത്തില്‍ സംസാരിക്കുന്നവനുമായിട്ടാണ് കാണുക: "മുമ്പൊരിക്കല്‍ ഈശോയുടെ അടുക്കല്‍ പോയവനും അവരിലൊരുവനുമായ നിക്കൊദേമോസ് അപ്പോള്‍ അവരോടു ചോദിച്ചു: ഒരുവനു പറയാനുള്ളത് ആദ്യം കേള്‍ക്കാതെയും അവനെന്താണു ചെയ്യുന്നതെന്നറിയാതെയും അവനെ വിധിക്കാന്‍ നമ്മുടെ നിയമം അനുവദിക്കുന്നുണ്ടോ?" (യോഹ 7:50-51).

നിക്കൊദേമോസ് സത്യത്തോട് തുറവിയുള്ളവനും നീതിബോധമുള്ളവനുമായിരുന്നു. ഒരു പ്രബോധകനെന്ന നിലയില്‍ വിശ്വാസസംബന്ധമായ കാര്യങ്ങള്‍ അറിയുവാനും മനസ്സിലാക്കുവാനും അത് മറ്റുള്ളവരെ പഠിപ്പിക്കുവാനും നിക്കൊദേമോസ് ശ്രദ്ധിച്ചിരുന്നിരിക്കണം. ദൈവത്തില്‍നിന്നും വന്ന ഒരു ഗുരുവായി ഈശോയെ തിരിച്ചറിഞ്ഞ് ഈശോയുടെ പക്കല്‍നിന്ന് കൂടുതല്‍ പഠിക്കുവാനാണ് രാത്രിയില്‍ അയാള്‍ ഈശോയെ സമീപിച്ചത്. ജലത്താലും അരൂപിയാലുമുള്ള ജനനത്തെപ്പറ്റി ഈശോ വിശദീകരിച്ചപ്പോള്‍ "ഇതെല്ലാം എങ്ങനെ സംഭവിക്കും?" (യോഹ 3:9) എന്ന് അയാള്‍ ചോദിക്കുന്നു. അതിന് ഈശോ കൊടുത്ത വിശദീകരണമെല്ലാം കേട്ട് മനസ്സിലാക്കി ഈശോയില്‍ വിശ്വസിച്ച ഒരു രഹസ്യശിഷ്യനായിരുന്നു നിക്കൊദേമോസ്.

മരണം ദൈവത്തിന്‍റെ വിശ്രമത്തിലേക്കുള്ള പ്രവേശനം: "യഹൂദരുടെ ഒരുക്കത്തിന്‍റെ ദിനമായിരുന്നതിനാലും കല്ലറ സമീപത്തായിരുന്നതിനാലും അവര്‍ ഈശോയെ അവിടെ സംസ്ക്കരിച്ചു" (19:42). 'യഹൂദരുടെ ഒരുക്കത്തിന്‍റെ ദിവസ'മെന്ന് ഇവിടെ പറയുന്നത് സാബത്തിനു മുമ്പുള്ളതോ പെസഹായ്ക്കു മുമ്പുള്ളതോ എന്ന് നിശ്ചയമില്ല. സഭാപിതാവായ താസിയനും ഏതാനും സുറിയാനിസാക്ഷ്യങ്ങളും "സാബത്ത് ആരംഭിക്കുന്നതിനുമുമ്പ്" എന്ന് വ്യക്തമാക്കുന്നുണ്ട്. വി. മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍, "അന്ന് സാബത്തിനു തൊട്ടുമുമ്പുള്ള ഒരുക്കദിവസമായിരുന്നു" എന്ന് വ്യക്തമായി പറയുന്നുമുണ്ട്. സാബത്തില്‍ മൃതസംസ്ക്കാരം നടത്തുക അനുവദനീയമായിരുന്നില്ല. അതുകൊണ്ട് സാബത്തിലേക്കുള്ള പ്രവേശനവും ഈശോയുടെ മൃതസംസ്ക്കാരവും ഒരേസമയത്ത് നടക്കുകയാണ്. മരണം ദൈവത്തിന്‍റെ വിശ്രമത്തിലേക്കുള്ള പ്രവേശനമാണ് എന്ന വസ്തുത ഇവിടെ പ്രത്യേകം സൂചിപ്പിക്കപ്പെടുന്നു. സാബത്തുവിശ്രമം ദൈവത്തിന്‍റെ വിശ്രമത്തെ ഓര്‍മ്മിപ്പിക്കുന്നതാണ്. ഉല്പത്തിപുസ്തകത്തില്‍ സൃഷ്ടിയുടെ വിവരണപശ്ചാത്തലത്തിലാണ് ദൈവത്തിന്‍റെ വിശ്രമത്തെപ്പറ്റി പറയുന്നത്: "സൃഷ്ടികര്‍മ്മം പൂര്‍ത്തിയാക്കി തന്‍റെ പ്രവൃത്തികളില്‍നിന്നു വിരമിച്ച് വിശ്രമിച്ച ഏഴാം ദിവസത്തെ ദൈവം അനുഗ്രഹിച്ച് വിശുദ്ധമാക്കി" (ഉല്പ 2:3). ദൈവത്തിന്‍റെ വിശ്രമം എന്തിലാണ് അടങ്ങിയിരിക്കുന്നത്? സൃഷ്ടിയുടെ വിവരണത്തില്‍ അതിന്‍റെയും സൂചനയുണ്ട്. ഓരോന്നും സൃഷ്ടിച്ചതിനുശേഷം "അതു നല്ലതെന്നു ദൈവം കണ്ടു" എന്നു പറഞ്ഞിരിക്കുന്നു (ഉല്പ 1:4,10,12,18,21,25). അവസാനം "താന്‍ സൃഷ്ടിച്ചതെല്ലാം വളരെ നന്നായിരിക്കുന്നുവെന്നു ദൈവം കണ്ടു" (ഉല്പ 1:31) എന്നും പറഞ്ഞിരിക്കുന്നു.  ചെയ്യേണ്ടതെല്ലാം വേണ്ടതുപോലെ ചെയ്തുതീര്‍ത്തു എന്ന സംതൃപ്തിയും കൃതാര്‍ത്ഥതയുമാണ് യഥാര്‍ത്ഥ വിശ്രമം.ഈശോയുടെ മരണവും മൃതസംസ്ക്കാരവും ദൈവത്തിന്‍റെ വിശ്രമത്തിലേക്കുള്ള പ്രവേശനമായിരുന്നു. തന്‍റെ പിതാവിന്‍റെ ഹിതമനുസരിച്ച് എല്ലാം പൂര്‍ത്തിയാക്കി എന്ന സംതൃപ്തിയോടെയാണ് ഈശോ ഈ വിശ്രമത്തിലേക്കു പ്രവേശിച്ചത് (യോഹ 19:28).

ഈശോയുടെ മൃതസംസ്ക്കാരം ക്രിസ്തീയവിശ്വാസത്തിന്‍റെ അടിസ്ഥാനപരമായ ഒരു വിഷയമാണ്. ഉത്ഥിതനായ ഈശോയിലുള്ള ആദിമസഭയുടെ വിശ്വാസം നാലു കാര്യങ്ങളാണ് ഏറ്റുപറഞ്ഞിരുന്നത് - ഈശോയുടെ മരണം, മൃതസംസ്ക്കാരം, ഉത്ഥാനം, പ്രത്യക്ഷപ്പെടല്‍. മരണം സംഭവിച്ചു എന്നതിന് തീര്‍ച്ച നല്കുന്നത് മൃതസംസ്ക്കാരമാണ്. മൃതസംസ്ക്കാരം ഉറപ്പുവരുത്തിയാലേ ഉത്ഥാനം നടന്നു എന്നതിന് തീര്‍ച്ച ലഭിക്കുകയുള്ളു. അതുകൊണ്ടാണ് ശൂന്യമായ കബറിടവും പ്രത്യക്ഷീകരണങ്ങളും മിശിഹായുടെ ഉത്ഥാനത്തിന്‍റെ വിവരണങ്ങളായി സുവിശേഷങ്ങളില്‍ രൂപംകൊണ്ടത്. കല്ലറയുടെ വാതില്‍ക്കല്‍ ഒരു കല്ല് ഉരുട്ടിവച്ചു എന്നതും, കല്ലറക്കു കാവല്‍ ഏര്‍പ്പെടുത്തി എന്നതും ശ്രദ്ധേയമാണ് (മത്താ 27:62-66). ഉത്ഥാനവിവരണത്തില്‍ കല്ലുരുട്ടി മാറ്റപ്പെടുന്നത് പ്രാധാന്യം കൊടുത്ത് വിവരിക്കുന്നതായി കാണാം (മത്താ 28:2; മര്‍ക്കോ 16:3-4).

വിചിന്തനം:മനുഷ്യപ്രശംസയെക്കാള്‍ ദൈവമഹത്ത്വം തേടിയ ജോസഫ് വിശ്വാസികള്‍ക്ക് മാതൃകയാണ്. മനുഷ്യപ്രീതിയും പ്രശംസയും തേടാനുള്ള പ്രലോഭനങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. അവയെ അതിജീവിച്ച് ദൈവമഹത്വം മാത്രം ലക്ഷ്യമാക്കി ശുശ്രൂഷ ചെയ്യുവാന്‍ നമുക്കു കഴിയണം. വിശ്വാസപരമായ കാര്യങ്ങള്‍ പഠിച്ച് ബോദ്ധ്യങ്ങള്‍ ഉള്‍ക്കൊള്ളുവാനും ആ ബോദ്ധ്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുവാനും അവ മറ്റുള്ളവരെ പഠിപ്പിക്കുവാനും ശ്രദ്ധിച്ചിരുന്ന ഒരു പ്രബോധകനായി കാണപ്പെടുന്ന നിക്കോദേമോസും നമുക്ക് മാതൃകയാണ്.

ക്രൈസ്തവര്‍ എല്ലാം ദൈവഹിതമനുസരിച്ച് പൂര്‍ത്തിയാക്കി ദൈവത്തിന്‍റെ വിശ്രമത്തിലേക്കു പ്രവേശിക്കേണ്ടവരാണ്. എല്ലാ ക്രൈസ്തവരും പ്രവേശിക്കേണ്ട ഈ വിശ്രമത്തെപ്പറ്റിയാണ് ഹെബ്രായലേഖകന്‍ ഇപ്രകാരം പറയുന്നത്: "അവിടുന്നു നല്കുന്ന വിശ്രമത്തിലേക്കു നാം പ്രവേശിക്കുമെന്ന വാഗ്ദാനം നിലനില്ക്കുമ്പോള്‍ത്തന്നെ അതില്‍ പ്രവേശിക്കുവാന്‍ കഴിയാത്തവരായി നിങ്ങളിലാരെങ്കലും കാണപ്പെടുമോ എന്നു നാം ഭയപ്പെടണം" (ഹെബ്രാ 4:1). ഈ വിശ്രമത്തിലേക്ക് ആത്യന്തികമായി മരണത്തിലൂടെയാണ് നാം പ്രവേശിക്കുന്നതെങ്കിലും അതിന്‍റെ മുന്നാസ്വാദനമാണ് ഞായറാഴ്ചയാചരണത്തില്‍ നാം അനുഭവിക്കുന്നത്. "കര്‍ത്താവിന്‍റെ ദിവസം" "സഭയുടെ ദിവസം" എന്നെല്ലാം വിശേഷിപ്പിക്കപ്പെടുന്ന ഞായറാഴ്ചയാചരണത്തിന്‍റെ ലക്ഷ്യം കര്‍ത്താവിനോടുകൂടെ ആയിരുന്നുകൊണ്ട് ജീവിതത്തെ വിലയിരുത്തുകയും കര്‍ത്താവിന്‍റെ ഹിതമനുസരിച്ചാണ് ജീവിക്കുന്നതെന്ന് ഉറപ്പുവരുത്തുകയുമാണ്.

ക്രൈസ്തവജീവിതം മിശിഹായോടൊപ്പം മരിക്കുകയും സംസ്ക്കരിക്കപ്പെടുകയും ഉയിര്‍പ്പിക്കപ്പെടുകയും ചെയ്യുന്ന ഒരു ജീവിതമാണ്. ക്രൈസ്തവജീവിതത്തിന് തുടക്കംകുറിക്കുന്ന മാമ്മോദീസാനുഭവം പൗലോസ്ശ്ലീഹാ ഈ വിധത്തിലാണ് വിവരിക്കുന്നത്: "ഈശോമിശിഹായോട് ഐക്യപ്പെടാന്‍ ജ്ഞാനസ്നാനം സ്വീകരിച്ച നാമെല്ലാവരും അവന്‍റെ മരണത്തോട് ഐക്യപ്പെടാനാണ് ജ്ഞാനസ്നാനം സ്വീകരിച്ചതെന്ന് നിങ്ങള്‍ക്കറിഞ്ഞുകൂടേ? അങ്ങനെ അവന്‍റെ മരണത്തോടു നമ്മെ ഐക്യപ്പെടുത്തിയ ജ്ഞാനസ്നാനത്താല്‍ നാം അവനോടൊത്തു സംസ്ക്കരിക്കപ്പെട്ടു. മിശിഹാ മരിച്ചതിനുശേഷം പിതാവിന്‍റെ മഹത്ത്വത്തില്‍ ഉയിര്‍ത്തഴുന്നേറ്റതുപോലെ നാമും പുതിയ ജീവിതം നയിക്കേണ്ടതിനാണ് അവനോടൊത്ത് സംസ്ക്കരിക്കപ്പെട്ടത്" (റോമാ 6:3-4). മാമ്മോദീസായില്‍ മിശിഹായോടൊത്ത് മരിക്കുക മാത്രമല്ല സംസ്ക്കരിക്കപ്പെടുകയും ചെയ്തു എന്ന് ശ്ലീഹാ ഊന്നല്‍ കൊടുത്തു പറയുന്നു. സംസ്ക്കരിക്കപ്പെടല്‍ പൂര്‍ണ്ണമായ വേര്‍പാടിനെയാണ് സൂചിപ്പിക്കുന്നത്. ഒരാള്‍ മരിച്ചാലും ബന്ധപ്പെട്ടവര്‍ വരികയും ബന്ധപ്പെടുകയും ചെയ്തുകൊണ്ടിരിക്കും. എന്നാല്‍ സംസ്ക്കരിക്കപ്പെട്ടു കഴിയുമ്പോള്‍ എല്ലാവരും പിരിഞ്ഞു പോകുന്നു. മാമ്മോദീസാ പരികര്‍മ്മം ചെയ്യുമ്പോള്‍ മാമ്മോദീസാര്‍ത്ഥിയെ പൂര്‍ണ്ണമായും വെള്ളത്തില്‍ മുക്കിയിരുന്നത് സംസ്ക്കരിക്കപ്പെടുന്നതിനെ സൂചിപ്പിക്കാനാവണം. പാപത്തോട് പൂര്‍ണ്ണമായി വിട പറഞ്ഞ് മിശിഹായോടു ചേര്‍ന്ന് വിശുദ്ധിയുടെ നവജീവിതത്തിലേക്കു ഒരാള്‍ പ്രവേശിക്കുന്നു എന്നാണ് ഇതിന്‍റെ സൂചന.

The Gospel of John 19: 38-42 bury Jesus (Matthew 27: 57-61; Mark 15: 42-47; Luke 23: 50-56) catholic malayalam gospel of john Rev. Msgr. Dr. Mathew Vellanickal Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message