We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Msgr. Dr. Mathew Vellanickal On 09-Feb-2021
ഇതു പറഞ്ഞശേഷം ഈശോ ശിഷ്യന്മാരോടുകൂടെ കെദ്രോണ്‍ അരുവിയുടെ അക്കരെയെത്തി. അവിടെ ഒരു തോട്ടം ഉണ്ടായിരുന്നു. അവനും ശിഷ്യന്മാരും അതില്‍ പ്രവേശിച്ചു" (18:1). അന്ത്യഅത്താഴത്തെ തുടര്‍ന്ന് ഈശോ കെദ്രോണ്‍ അരുവി കടന്ന് ഗത്സേമന്‍ തോട്ടത്തില്‍ പ്രവേശിച്ചു. പതിവായി ഈശോ പ്രാര്‍ത്ഥനയ്ക്കായി പോയിരുന്ന സ്ഥലമായിരുന്നു ഒലിവുമലയുടെ അടിവാരത്തിലുള്ള ഗത്സേമന്‍ തോട്ടം. കൊല്ലപ്പെടുന്ന പെസഹാക്കുഞ്ഞാടുകളുടെ രക്തം ഒഴുക്കിയിരുന്ന അരുവിയായിരുന്നു കെദ്രോണ്‍. ആ അരുവി കടന്നപ്പോള്‍ പുതിയ പെസഹാക്കുഞ്ഞാടായി കൊല്ലപ്പെടാന്‍ പോകുന്ന തന്‍റെ മരണം ഈശോ അനുസ്മരിച്ചിട്ടുണ്ടാവണം. മരണത്തെ നേരിടുന്ന ഈശോ സ്വാഭാവികമായും പ്രാര്‍ത്ഥനയിലേക്കു കടന്നിട്ടുണ്ടാവണം. യോഹന്നാന്‍സുവിശേഷകന്‍ ഗത്സേമന്‍ തോട്ടത്തിലെ ഈശോയുടെ പ്രാര്‍ത്ഥനാരംഗം വിവരിക്കുന്നില്ലെങ്കിലും അത് സൂചിപ്പിക്കുന്നുണ്ട്. യോഹ 12:27-30 വാക്യങ്ങള്‍ ഈ രംഗത്തെ അനുസ്മരിപ്പിക്കുന്നവയാണ്.
"യൂദാ ഒരു ഗണം പടയാളികളെയും പുരോഹിതപ്രമുഖന്മാരുടെയും ഫരിസേയരുടെയും അടുക്കല്‍ നിന്ന് സേവകരെയും കൂട്ടി പന്തങ്ങളും വിളക്കുകളും ആയുധങ്ങളുമായി അവിടെയെത്തി" (18:3). പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരുവനായി തിരഞ്ഞെടുക്കപ്പെട്ട യൂദാസിന്‍റെ അധഃപതനം നമ്മെ ചിന്തിപ്പിക്കേണ്ട ഒരു യാഥാത്ഥ്യമാണ്. പന്ത്രണ്ടു ശിഷ്യരില്‍ നല്ല കഴിവുള്ള ഒരു വ്യക്തിയായിരുന്നിരിക്കണം യൂദാസ്. ശിഷ്യഗണത്തിന്‍റെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ നിയോഗിക്കപ്പെട്ടു എന്നത് അതിന്‍റെ സൂചനയാണ്. അങ്ങനെയുള്ള യൂദാസ് ഈശോയെ ഒറ്റിക്കൊടുക്കുന്നവനെന്ന അവസ്ഥയിലേക്ക് എങ്ങനെ അധഃപതിച്ചു? യൂദാസിനെക്കുറിച്ച് സുവിശേഷത്തില്‍ കാണുന്ന ചില പരാമര്‍ശങ്ങള്‍ ഇതിന്‍റെ പശ്ചാത്തലം വ്യക്തമാക്കുന്നുണ്ട്. യൂദാസ് വിശ്വാസമില്ലാതെ ഈശോയോടും ശിഷ്യന്മാരോടുമൊപ്പം വ്യാപരിച്ചു എന്നതാണ് ഒരു കാരണം (യോഹ 6:64). ബാഹ്യമായി എല്ലാക്കാര്യങ്ങളിലും മറ്റു ശിഷ്യരെപ്പോലെ വ്യാപരിച്ചെങ്കിലും യഥാര്‍ത്ഥത്തില്‍ ഈശോയില്‍ വിശ്വസിക്കാതെയാണ് യൂദാസ് കൂടെ നടന്നത്. അധഃപതനത്തിന്‍റെ മറ്റൊരു കാരണം യൂദാസിന്‍റെ ദ്രവ്യാഗ്രഹമാണ്. യോഹ 12:4-6 വാക്യങ്ങളില്‍ നാം ഇങ്ങനെ വായിക്കുന്നു: "അവന്‍റെ ശിഷ്യന്മാരിലൊരുവനും അവനെ ഒറ്റിക്കൊടുക്കാനിരുന്നവനുമായ യൂദാസ് സ്ക്കറിയോത്താ പറഞ്ഞു: എന്തുകൊണ്ട് ഈ തൈലം മുന്നൂറു ദനാറയ്ക്കു വിറ്റു ദരിദ്രര്‍ക്കു കൊടുത്തില്ല? അവന്‍ ഇതു പറഞ്ഞത് അവന് ദരിദ്രരോട് പരിഗണനയുണ്ടായിരുന്നതുകൊണ്ടല്ല, പ്രത്യുത, അവന്‍ ഒരു കള്ളനായിരുന്നതുകൊണ്ടും പണസഞ്ചി അവന്‍റെ കൈയ്യിലായിരുന്നതുകൊണ്ടും, അതില്‍ വീഴുന്നതില്‍നിന്നും അവന്‍ എടുത്തിരുന്നതുകൊണ്ടുമാണ്". ദ്രവ്യാഗ്രഹം എല്ലാ തിന്മകളുടെയും മൂലകാരണമാണല്ലോ.
സ്വയം ഏല്പ്പിച്ചുകൊടുക്കുന്ന ഈശോ 18:4-6: തനിക്ക് സംഭവിക്കാനിരിക്കുന്നതെല്ലാം ഈശോ അറിഞ്ഞിരുന്നു. അവിടുത്തെ പൂര്‍ണ്ണ അറിവോടും സമ്മതത്തോടുംകൂടെ മാത്രമാണ് പടയാളികള്‍ക്ക് ഈശോയെ ബന്ധിക്കാന്‍ കഴിഞ്ഞത് എന്ന് ഇത് വ്യക്തമാക്കുന്നു. "തനിക്കു സംഭവിക്കാനിരിക്കുന്നതെല്ലാം അറിഞ്ഞിരുന്ന ഈശോ മുന്നോട്ടു വന്നു അവരോടു ചോദിച്ചു: നിങ്ങള്‍ ആരെയാണ് അന്വേഷിക്കുന്നത്?" (18:4). തന്‍റെ എതിരാളികളുടെ മുമ്പില്‍ ധീരതയോടെ നിലകൊള്ളുവാനും സ്വാതന്ത്ര്യത്തോടെ അറസ്റ്റു വരിക്കുവാനും ഈശോയ്ക്കു കഴിഞ്ഞത് ദൈവപുത്രനടുത്ത അവിടുത്തെ ജീവിതത്തിന്‍റെ പ്രകാശനമാണ്. "പിതാവിന്‍റെ മടിയിലിരിക്കുന്ന ഏകജാതന്‍" (യോഹ 1:18) എന്നാണ് ഈശോയെ വിശേഷിപ്പിച്ചിരിക്കുന്നത്. തന്‍റെ പിതാവുമായി സ്നേഹത്തിന്‍റെയും അനുസരണയുടെതുമായ ഗാഢബന്ധം പുലര്‍ത്തിയിരുന്നതിന്‍റെ ഫലമായി അനുഭവിച്ച പുത്രസഹജമായ സ്വാതന്ത്ര്യമാണ് ഈ ധീരമായ നിലപാട് സ്വീകരിക്കുവാന്‍ ഈശോയെ പ്രാപ്തനാക്കിയത്. അജഗണങ്ങള്‍ക്കുവേണ്ടി സ്വജീവന്‍ ത്യജിക്കുന്നത് ഒരേസമയം ഈശോയുടെ അനുസരണയുടെയും സ്വാതന്ത്ര്യത്തിന്‍റെയും പ്രകാശനമായിട്ടാണ് സുവിശേഷകന്‍ അവതരിപ്പിക്കുന്നത് (യോഹ 10:17-18). വചനാധിഷ്ഠിതജീവിതം അഥവാ ദൈവഹിതമനുസരിച്ചുള്ള ജീവിതം നയിക്കുന്നവര്‍ ദൈവമക്കള്‍ക്കടുത്ത സ്വാതന്ത്ര്യം അനുഭവിക്കുമെന്നുള്ളത് ഈശോയുടെ പ്രബോധനമാണ് (യോഹ 8:31-36). പിതാവിന്‍റെ ഹിതം നിറവേറ്റുന്നതില്‍ ഈശോ നിരന്തരം ശ്രദ്ധാലുവായിരുന്നു: "ഈശോ പറഞ്ഞു: എന്നെ അയച്ചവന്‍റെ ഇഷ്ടം പ്രവര്‍ത്തിക്കുകയും അവന്‍റെ ജോലി പൂര്‍ത്തിയാക്കുകയുമാണ് എന്‍റെ ഭക്ഷണം" (യോഹ 4:34).
"അവര്‍ പറഞ്ഞു: നസറായനായ ഈശോയെ. ഈശോ പറഞ്ഞു: അതു ഞാനാണ്... ഞാനാണ് എന്ന് അവന്‍ പറഞ്ഞപ്പോള്‍ അവര്‍ പിന്‍വലിയുകയും നിലംപതിക്കുകയും ചെയ്തു" (18:5-6). പീഡിതനായ നീതിമാന്‍റെ മുമ്പില്‍ ശത്രുക്കള്‍ നിലംപതിക്കുന്നതായി സങ്കീര്‍ത്തനങ്ങളില്‍ പറയുന്നത് ഇവിടെ പൂര്‍ത്തിയാകുന്നു (സങ്കീ 6:10; 35:4). അതോടൊപ്പം ഈ രംഗം ഈശോ തന്‍റെ ദൈവത്വം വെളിപ്പെടുത്തുന്ന ഒരു സന്ദര്‍ഭമാണ്. നസറായനായ ഈശോയെ അന്വേഷിച്ച പടയാളികളോട് "അത് ഞാനാണ്" (ഏഗോ എയ്മി) എന്ന് അവിടുന്ന് പറയുന്നു (18:5). ഈ മറുപടി കേട്ടപ്പോള്‍ അവര്‍ പിന്‍വലിയുകയും നിലംപതിക്കുകയും ചെയ്തുവെന്ന് സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു (18:6). അവര്‍ അന്വേഷിക്കുന്ന ഈശോ തന്നെയാണ് അവിടുന്ന് എന്നുള്ള ഒരര്‍ത്ഥമേ അതിനുള്ളുവെങ്കില്‍ ഈ പ്രതികരണം മനസ്സിലാക്കുവാന്‍ ബുദ്ധിമുട്ടുണ്ട്. "ഞാന്‍ ആകുന്നു" എന്ന പ്രയോഗം യോഹന്നാന്‍ശ്ലീഹായുടെ സുവിശേഷത്തില്‍ ദൈവനാമത്തെ സൂചിപ്പിക്കുന്ന ഒന്നാണ്. യോഹന്നാന്‍റെ സുവിശേഷത്തില്‍ ഈശോ ഇതിലൂടെ സ്വയം വെളിപ്പെടുത്തുന്ന സന്ദര്‍ഭങ്ങള്‍ ശ്രദ്ധിക്കപ്പെടേണ്ടവയാണ്. താന്‍ ദൈവമാണ്, ദൈവത്തെ വെളിപ്പെടുത്തുന്നവനാണ് എന്ന് ഇത് സൂചിപ്പിക്കുന്നു. ഈശോയിലൂടെ ദൈവം സ്വയം വെളിപ്പെടുത്തുന്നു എന്ന് ഇതു വ്യക്തമാക്കുകയാണ്. ഈശോ ഈ ലോകത്തില്‍ പൂര്‍ത്തിയാക്കിയ ജോലി ദൈവത്തിന്‍റെ നാമം വെളിപ്പെടുത്തുക എന്നതായിരുന്നു (യോഹ 17:6). ആ ജോലിയുടെ പൂര്‍ത്തീകരണം അവിടുത്തെ പീഡാനുഭവത്തിലൂടെയും മരണത്തിലൂടെയും ഉത്ഥാനത്തിലൂടെയും സംഭവിക്കാന്‍ പോകുന്നു എന്ന് ഇവിടെ യോഹന്നാന്‍ സൂചിപ്പിക്കുന്നു. പടയാളികളുടെ ഈ പ്രതികരണം അവര്‍ ഈശോയെ ആരാധിക്കുന്നതിന്‍റെ ഭാഗമാണെന്ന് സുവിശേഷകന്‍ പരോക്ഷമായി സൂചിപ്പിക്കുന്നു.
മിശിഹാ ലോകത്തിലേക്കു വന്നതിന്‍റെ ലക്ഷ്യം ദൈവത്തെ ലോകത്തിനു വെളിപ്പെടുത്തുക എന്നതായിരുന്നു. "ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവിന്‍റെ മടിയിലിരിക്കുന്ന, ദൈവംതന്നെയായ, എകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത്" (യോഹ 1:18). ദൈവത്തെ മനുഷ്യകുലത്തിനു വെളിപ്പെടുത്തുന്നവനെന്ന നിലയിലാണ് ഈശോ ലോകത്തിന്‍റെ പ്രകാശമായി ലോകത്തിലേക്കു വന്നതും: "ഈശോ അവരോട് പറഞ്ഞു: ഞാന്‍ ലോകത്തിന്‍റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല. അവന് ജീവന്‍റെ പ്രകാശമുണ്ടായിരിക്കും" (യോഹ 8:12). അങ്ങനെ ദൈവത്തെ ലോകത്തിന് വെളിപ്പെടുത്തിക്കൊണ്ടാണ് ഈശോ ലോകത്തെ രക്ഷിച്ചത്. രക്ഷാകരമായ ആ വെളിപ്പെടുത്തലിന്‍റെ നിര്‍ണ്ണായകഘട്ടത്തിലേയ്ക്ക് തന്‍റെ പീഡാനുഭവ, മരണ, ഉത്ഥാനങ്ങളിലൂടെ ഈശോ പ്രവേശിച്ചു.
സ്നേഹം ആയുധമാക്കുന്നവന്‍ (18:10-11): ശിമയോന്‍പത്രോസ് വാളൂരി പടയാളികളില്‍ ഒരുവന്‍റെ ചെവി ഛേദിച്ചു കളഞ്ഞപ്പോള്‍ ഈശോ ശിമയോനെ വിലക്കുകയും ദൈവത്തിന്‍റെ പദ്ധതിക്ക് വിധേയപ്പെട്ട് സ്വയം അറസ്റ്റു വരിക്കുകയും ചെയ്തു. ശത്രുക്കളെ സ്നേഹിക്കുവാന്‍ പഠിപ്പിച്ച ഈശോ (മത്താ 5:43-48) ഇവിടെ ശത്രുസ്നേഹം പ്രാവര്‍ത്തികമാക്കുന്നു. "നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍" (മത്താ 5:44) എന്നു പഠിപ്പിച്ച ഈശോ കുരിശില്‍ കിടന്നുകൊണ്ട് പ്രാര്‍ത്ഥിച്ചു: "പിതാവേ, അവരോടു ക്ഷമിക്കണമേ. അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല" (ലൂക്കാ 23:34). പാപികളെ സ്നേഹിച്ചതിലൂടെയാണല്ലോ ദൈവം മനുഷ്യനോടുള്ള തന്‍റെ സ്നേഹം വെളിപ്പെടുത്തിയത്: "എന്നാല്‍, നാം പാപികളായിരിക്കെ മിശിഹാ നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള തന്‍റെ സ്നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു" (റോമാ 5:8).
വിചിന്തനം: യൂദാസ് തന്‍റെ മാനുഷികതയ്ക്ക് അടിമപ്പെട്ടു. വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ ജീവിക്കുവാന്‍ പലപ്പോഴും തടസ്സം സൃഷ്ടിക്കുന്നത് നമ്മുടെ മാനുഷികതയാണ്. ഈശോ വരാനിരിക്കുന്ന തന്‍റെ പീഡാനുഭവത്തെപ്പറ്റി പ്രവചിച്ചപ്പോള്‍ അതിനെതിരായി പ്രതികരിച്ച ശിമയോനോട് പറഞ്ഞ വാക്കുകള്‍ ഇത് വ്യക്തമാക്കുന്നുണ്ട്: "ഈശോ തിരിഞ്ഞ് പത്രോസിനോട് പറഞ്ഞു: സാത്താനേ, എന്‍റെ മുമ്പില്‍നിന്നു പോകൂ. നീ എനിക്ക് പ്രതിബന്ധമാണ്. നിന്‍റെ ചിന്ത ദൈവികമല്ല, മാനുഷികമാണ്" (മത്താ 16:23). ദൈവത്തിന്‍റെ പദ്ധതിയില്‍ വിശ്വസിക്കുവാനും അത് സ്വീകരിക്കുവാനും തടസ്സമായി തീര്‍ന്നത് ശിമയോന്‍റെ മാനുഷികതയാണ്. ദൈവത്തിന്‍റെ പദ്ധതിയ്ക്ക് വിരുദ്ധമായ നിലപാട് പൈശാചികമാണെന്നും 'സാത്താനേ' എന്ന സംബോധന വ്യക്തമാക്കുന്നു. ഇവിടെ യൂദാസിനെയും 'പിശാച്' എന്ന് വിശേഷിപ്പിക്കുന്നുണ്ട് (യോഹ 6:70-71). ഈശോയെ ഒറ്റിക്കൊടുക്കുവാന്‍ ഇറങ്ങിത്തിരിച്ച യൂദാസില്‍ സാത്താന്‍ പ്രവേശിച്ചതായും യോഹന്നാന്‍ തന്‍റെ സുവിശേഷത്തില്‍ രേഖപ്പെടുത്തുന്നുണ്ട് (13:27). ദ്രവ്യാഗ്രഹവും മനുഷ്യസഹജമാണല്ലോ. മാനുഷികതയെ അതിജീവിക്കുന്നില്ലെങ്കില്‍ ഇതുപോലെയുള്ള അധഃപതനം ആര്‍ക്കും ഉണ്ടാകാം. പിതാവിനോടുള്ള ബന്ധത്തിലും സ്നേഹമാണ് ഈശോ യെ ജീവിതത്തിലുടനീളം നയിച്ചത്. "പിതാവ് എനിക്കു നല്കിയ പാനപാത്രം ഞാന്‍ കുടിക്കേണ്ടയോ?" എന്ന ഈശോയുടെ ചോദ്യം പിതാവിനോടുള്ള അവിടുത്തെ സ്നേഹത്തിന്‍റെ പ്രകാശനമാണ്. പിതാവ് തനിക്കായി ഒരുക്കുന്ന സാഹചര്യങ്ങളെല്ലാം സ്നേഹത്തില്‍നിന്നാണെന്ന് വിശ്വസിച്ചതുകൊണ്ടാണ് ഈ വിധത്തില്‍ പിതാവിന്‍റെ സ്നേഹത്തില്‍ നിലനില്ക്കാന്‍ ഈശോയ്ക്കു കഴിഞ്ഞത്. ഈശോയുടെ അനുസരണം പിതാവിനോടുള്ള അവിടുത്തെ സ്നേഹത്തിന്‍റെ പ്രകാശനമായിരുന്നു. മരണത്തോളം അനുസരണമുള്ളവനായിത്തീരുവാന്‍ ഈശോയെ പ്രേരിപ്പിച്ചത് പിതാവിനോടുള്ള അവിടുത്തെ സ്നേഹബന്ധമാണ്. അനുസരണയിലൂടെ ദൈവവുമായുള്ള സ്നേഹബന്ധത്തില്‍ നിലനില്ക്കുവാന്‍ ഈശോ തന്‍റെ ശിഷ്യരെ ആഹ്വാനം ചെയ്യുന്നുണ്ട്: "ഞാന്‍ എന്‍റെ പിതാവിന്‍റെ കല്പനകള്‍ പാലിച്ച് അവിടുത്തെ സ്നേഹത്തില്‍ നിലനില്ക്കുന്നതുപോലെ, നിങ്ങള്‍ എന്‍റെ കല്പനകള്‍ പാലിച്ചാല്‍ എന്‍റെ സ്നേഹത്തില്‍ നിലനില്ക്കും" (യോഹ 15:10). എല്ലാ ജീവിതസാഹചര്യങ്ങളെയും ദൈവത്തിന്‍റെ സ്നേഹപദ്ധതിയുടെ ഭാഗമായി കണ്ട് ദൈവഹിതത്തിന് വിധേയപ്പെട്ട് ജീവിക്കുവാന്‍ തയ്യാറായെങ്കിലേ ദൈവസ്നേഹത്തില്‍ നിലനില്ക്കുവാന്‍ നമുക്കു സാധിക്കുകയുള്ളു. അങ്ങനെ ദൈവത്തോടും മനുഷ്യരോടുമുള്ള ബന്ധങ്ങളില്‍ സ്നേഹം ആയുധമാക്കാന്‍ നമുക്കു കഴിയണം.
The Gospel of John 18: 1-11 binds Jesus (Matthew 26: 47-56; Mark 14: 43-50) catholic malayalam gospel of john Rev. Msgr. Dr. Mathew Vellanickal Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206