We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Antony Tharekadavil On 03-Feb-2021
അനുദിന ജീവിതാനുഭവങ്ങളിലൂടെ വെളിവാകുന്ന ദൈവത്തെ അന്വേഷിക്കുന്നതോടൊപ്പം ജ്ഞാനഗ്രന്ഥകാരന്മാര്‍ ചെയ്യുന്ന ഒരു പ്രധാനകാര്യം അനുദിന ജീവിതപ്രശ്നങ്ങളുടെ കാരണമന്വേഷിക്കുകയും, അവയ്ക്ക് പരിഹാരമെന്തെന്ന് ധ്യാനിക്കുകയുമാണ്. ഈ അര്‍ത്ഥത്തില്‍ സുഭാഷിതങ്ങള്‍ വളരെ പ്രധാനപ്പെട്ട ഒരു ഗ്രന്ഥമാണ്. വിജയകരമായ ഒരു ജീവിതം നയിക്കാന്‍ എന്തു ചെയ്യണമെന്നും ജീവിതപ്രശ്നങ്ങള്‍ക്ക് പരിഹാരമെന്തെന്നും, അനുദിനജീവിത സാഹചര്യങ്ങളില്‍ എങ്ങനെ പെരുമാറണമെന്നും സുഭാഷിതങ്ങള്‍ പഠിപ്പിക്കുന്നു.
പഴഞ്ചൊല്ലുകളും കടംകഥകളും ഏതൊരു സംസ്കാരത്തിന്‍റെയും സമ്പത്താണെന്ന് പറയേണ്ടതില്ല. ക്രിസ്തുവിന് 3000 വര്‍ഷംമുമ്പ് മുതല്‍ ഇസ്രായേലിന്‍റെ വിപ്രവാസത്തിന് ശേഷമുള്ള കാലംവരെ രൂപംകൊണ്ട ഹ്രസ്വവും മനസ്സില്‍ എളുപ്പത്തില്‍ പതിയുന്നതും മനോഹരങ്ങളുമായ സൂക്തങ്ങളുടെ സമാഹാരമാണ് ഇന്ന് നമുക്കുള്ള സുഭാഷിതങ്ങള്‍ എന്ന ഗ്രന്ഥം. എന്താണ് ഈ സുഭാഷിതങ്ങളുടെ ലക്ഷ്യമെന്ന് 22:20-21 വായിച്ചാല്‍ ഗ്രഹിക്കുവാനാകും:
"ഉപദേശവും, വിജ്ഞാനവുമടങ്ങുന്ന മുപ്പത് സൂക്തങ്ങള്‍ നിനക്ക് ഞാന്‍ എഴുതിയിട്ടുണ്ടല്ലോ. നിന്നെ അയച്ചവര്‍ക്ക് ഉചിതമായ ഉത്തരം നല്‍കത്തക്കവിധം സത്യവും ശരിയുമായ കാര്യങ്ങള്‍ നിന്നെ ഗ്രഹിപ്പിക്കാന്‍ വേണ്ടിയാണ് അവ." സംസാരത്തിലും പ്രവൃത്തിയിലും മനുഷ്യനെ സഹായിക്കുന്നതിനുവേണ്ടി ഗുരുക്കന്മാര്‍ രൂപംകൊടുത്ത സൂക്തങ്ങളാണവ.
ക്രിസ്തുവിന് മുമ്പ് 2500 മുതല്‍ ടോളമിയുടെ കാലംവരെ സുഭാഷിതങ്ങളുടെ രൂപത്തിലുള്ള ഉപദേശങ്ങള്‍ ഈജിപ്തിലെ ഗുരുക്കന്മാരോ രാജാവിന്‍റെ ഉയര്‍ന്ന ഉദ്യോഗസ്ഥരോ തങ്ങളുടെ ശിഷ്യര്‍ക്ക് കൈമാറിയിരുന്നതായി രേഖകള്‍ തെളിയിക്കുന്നുണ്ട്. നല്ല പെരുമാറ്റത്തിനുള്ള ചട്ടങ്ങളാണ് ഉപദേശങ്ങളുടെ ഉള്ളടക്കം. സമൂഹത്തിലെ ഉന്നതസ്ഥാനീയരുടെ ജീവിതത്തിനാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ഇവയില്‍ പലതും. അഹങ്കാരവും അച്ചടക്കരാഹിത്യവും വെറുക്കപ്പെടേണ്ട തിന്മകളായി പരിഗണിക്കപ്പെടുന്നു. നിശബ്ദനാണ് മാതൃകാപുരുഷനെന്നാണ് പൊതുധാരണ.
പ്രശസ്തരായ പല ഫറവോമാരും ഇത്തരത്തിലുള്ള ഉപദേശങ്ങള്‍ നല്കിയിരുന്നു. അമനെമോഫെത്ത് ഫറവോയുടെ ഉപദേശങ്ങള്‍ പലകാരണങ്ങള്‍കൊണ്ട് ബൈബിളിലെ സുഭാഷിതങ്ങള്‍ 22:17-24:22 വാക്യങ്ങളോട് സദൃശമാണുതാനും.
മെസോപൊട്ടേമിയായിലും, ഈജിപ്തിലെ ഉപദേശങ്ങള്‍ക്കും ബൈബിളിലെ സുഭാഷിതങ്ങള്‍ക്കും സമാനമായ ഉപദേശങ്ങള്‍ ഗുരുക്കന്മാര്‍ പഠിപ്പിച്ചുവന്നിരുന്നു. അതില്‍ പ്രധാനപ്പെട്ടവയാണ് അവിടത്തെ വെള്ളപ്പൊക്ക കഥയുടെ നായകനായ സിയൂസുദ്രയ്ക്ക് പിതാവായ രാജാവ് നല്കുന്ന ഉപദേശങ്ങള്‍ . ഇതിനു സമാനമായി മെസോപൊട്ടേമിയായില്‍ നിലനിന്നിരുന്ന മറ്റൊരു ഉപദേശ സമാഹാരമാണ് "അക്കേഡിയന്‍ ജ്ഞാനോപദേശങ്ങള്‍" . ഈ രേഖകളെല്ലാം മദ്ധ്യപൂര്‍വ്വദേശത്തെ പൊതു സാംസ്കാരിക പാരമ്പര്യത്തില്‍ ജന്മമെടുത്തതാണ് സുഭാഷിതങ്ങള്‍ എന്ന് സമര്‍ത്ഥിക്കുന്നു.
ശിശുവായി ജനിക്കുന്ന മനുഷ്യന്‍ തന്‍റെയും തന്‍റെ പൂര്‍വ്വികരുടെയും അനുഭവങ്ങളില്‍നിന്ന് പഠിച്ച് ജ്ഞാനിയായിത്തീരണമെന്നാണ് സുഭാഷിതങ്ങള്‍ പഠിപ്പിക്കുന്നത്. അതിനു സഹായകമായാണ് സുഭാഷിതങ്ങള്‍ക്ക് ഗുരുക്കന്മാര്‍ രൂപംകൊടുത്തത്:
"ഞാന്‍ അലസന്‍റെ വയലും
ബുദ്ധിശൂന്യന്‍റെ മുന്തിരിത്തോപ്പും കടന്നുപോയി.
അവിടെയെല്ലാം മുള്ളുകള്‍ നിറഞ്ഞിരുന്നു.
നിലമാകെ കളകള്‍കൊണ്ട് മൂടിയിരുന്നു;
അതിന്‍റെ കല്‍ഭിത്തി ഇടിഞ്ഞുപൊളിഞ്ഞു കിടന്നു.
അതുകൊണ്ട് ഞാന്‍ ചിന്തിച്ചു;
അതില്‍നിന്ന് ഒരു ഗുണപാഠം പഠിക്കുകയും ചെയ്തു.
കുറച്ചുകൂടി ഉറങ്ങാം. തെല്ലുനേരം കൂടി മയങ്ങാം.
കൈയും കെട്ടിയിരുന്ന് അല്‍പംകൂടെ വിശ്രമിക്കാം,
ഫലമോ, ദാരിദ്ര്യം കവര്‍ച്ചക്കാരനെപ്പോലെയും,
ദുര്‍ഭിക്ഷം ആയുധപാണിയെപ്പോലെയും നിന്നെ സമീപിക്കും" (സുഭാ 24:30-34).
"ശിശുവിന്‍റെ ഹൃദയത്തില്‍
ഭോഷത്തം കെട്ടുപിണഞ്ഞു കിടക്കുന്നു,
ശിക്ഷണത്തില്‍ വടി അതിനെ ആട്ടിയോടിക്കുന്നു" (സുഭാ22:15).
ജ്ഞാനം സ്വന്തമാക്കുന്നവന്‍, ജീവിതത്തിന്‍റെ അര്‍ത്ഥവും ലക്ഷ്യവും ഗ്രഹിക്കുകയും ദൈവസൃഷ്ടിയായ ഈ പ്രപഞ്ചത്തില്‍ ജീവിതവിജയം നേടുകയും ചെയ്യും:
"കര്‍ത്താവിന്‍റെ കണ്ണുകള്‍
ജ്ഞാനത്തെ കാത്തുസൂക്ഷിക്കുന്നു.
അവിശ്വസ്തരുടെ പാദങ്ങളെ
അവിടുന്ന് തകിടം മറിക്കുന്നു.
അലസന്‍ പറയുന്നു:
പുറത്ത് സിംഹമുണ്ട്.
തെരുവില്‍ വച്ച് ഞാന്‍ കൊല്ലപ്പെടും.
ദുശ്ചരിതയായ സ്ത്രീയുടെ വായ് അഗാധഗര്‍ത്തമാണ്;
കര്‍ത്താവിന്‍റെ കോപത്തിന് ഇരയായവന്‍
അതില്‍ നിപതിക്കും" (സുഭാ 22:12-14).
"മകനേ, തേന്‍ കുടിക്കുക, അതു നല്ലതാണ്,
തേന്‍തുള്ളികള്‍ നാവിന് ആസ്വാദ്യമാണ്.
നിന്‍റെ ആത്മാവിന് ജ്ഞാനവും,
അതുപോലെയാണെന്നറിയുക.
അതു നേടിയാല്‍ നിനക്ക് നല്ല ഭാവിയുണ്ടാകും.
നിന്‍റെ പ്രതീക്ഷയ്ക്ക് ഭംഗം നേരിടുകയുമില്ല" (സുഭാ24:13-14).
ജീവിതവിജയം നേടാന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഉപദേശങ്ങളായതുകൊണ്ട്, ജീവിതത്തിലെ വിവിധ സാഹചര്യങ്ങളില്‍ ചെയ്യേണ്ടതും പെരുമാറേണ്ടതുമെങ്ങനെയെന്ന് പഠിപ്പിക്കാന്‍ ജ്ഞാനികള്‍ പരിശ്രമിച്ചു. ചില ഉദാഹരണങ്ങള്‍ ശ്രദ്ധിച്ചാല്‍ സുഭാഷിതങ്ങളുടെ വൈവിധ്യാത്മകത മനസ്സിലാകും.
"വഴിപിഴച്ചവള്‍ തന്‍റെ പ്രവൃത്തികളുടെ ഫലമനുഭവിക്കും
ഉത്തമനായ മനുഷ്യന്‍ തന്‍റെ പ്രവൃത്തികളുടെയും" (സുഭാ 14:14).
"നീതിമാന്‍ വളര്‍ത്തുമൃഗങ്ങളോട് ദയകാട്ടുന്നു:
ദുഷ്ടന്‍മാരുടെ ഹൃദയം ക്രൂരത നിറഞ്ഞതാണ്" (12:10).
"കര്‍ത്താവിന്‍റെ അനുഗ്രഹം സമ്പത്ത് നല്‍കുന്നു.
അവിടുന്ന് അതില്‍ ദു:ഖം കലര്‍ത്തുന്നില്ല" (10:22).
"ദൈവഭക്തി ആയുസ്സ് വര്‍ദ്ധിപ്പിക്കുന്നു;
ദുഷ്ടരുടെ ജീവിതകാലം പരിമിതമായിരിക്കും" (10:27).
"നീതി ജനതയെ ഉത്കര്‍ഷത്തിലെത്തിക്കുന്നു;
പാപം ഏതു ജനതയ്ക്കും അപമാനകരമത്രേ" (14:34).
"ദൈവഭക്തി ജീവന്‍റെ ഉറവയാണ്;
മരണത്തിന്‍റെ കെണികളില്‍ നിന്ന് രക്ഷപ്പെടാന്‍
അതു സഹായിക്കുന്നു" (14:27).
"സദുപദേശമില്ലെങ്കില്‍ പദ്ധതികള്‍ പാളിപ്പോകും;
വേണ്ടത്ര ഉപദേഷ്ടാക്കളുള്ളപ്പോള്‍ അവ വിജയിക്കുന്നു" (15:22).
"കൈക്കൂലി വെറുക്കുന്നവന്‍ ഏറെനാള്‍ ജീവിക്കും" (15:27).
"വിവേകിയുടെ മനസ്സ് വാക്കുകളെ യുക്തിയുക്തമാക്കുന്നു.
അങ്ങനെ അതിന് പ്രേരകശക്തി വര്‍ദ്ധിക്കുന്നു" (16:23).
"വികടബുദ്ധി കലഹം പരത്തുന്നു.
ഏഷണിക്കാരന്‍ ഉറ്റ മിത്രങ്ങളെ ഭിന്നിപ്പിക്കുന്നു" (16:28).
"ഗര്‍വ്വ് നാശത്തിന്‍റെ മുന്നോടിയാണ്
വിനയം ബഹുമതിയുടെയും" (18:12).
"ചോദ്യം മുഴുവന്‍ കേള്‍ക്കുന്നതിന് മുമ്പ്
ഉത്തരം പറയുന്നത് ഭോഷത്തവും മര്യാദകേടുമാണ്" (18:13).
"നറുക്ക് തര്‍ക്കങ്ങള്‍ അവസാനിപ്പിക്കുന്നു.
അത് പ്രബലരായ പ്രതിയോഗികളെ
തീരുമാനത്തിലെത്തിക്കുന്നു" (18:18).
"കള്ളസാക്ഷി ശിക്ഷിക്കപ്പെടാതിരിക്കുകയില്ല;
കള്ളം പറയുന്നവന്‍ രക്ഷപ്പെടുകയില്ല" (19:5).
"സമ്മാനങ്ങള്‍ കൊടുക്കുന്നവന്
എല്ലാവരും സ്നേഹിതരാണ്" (19:6).
"ജ്ഞാനം നേടുന്നത് തന്നെത്തന്നെ സ്നേഹിക്കലാണ്;
വിവേകം കാത്തുസൂക്ഷിക്കുന്നവന് ഐശ്വര്യമുണ്ടാകും" (19:8).
"ഭാര്യയുടെ കലഹം തുടര്‍ച്ചയായ
ചാറ്റല്‍ മഴപോലെയാണ്" (19:13).
"ദുഷ്ടന്‍റെ ബലി വെറുപ്പുളവാക്കുന്നു.
ദുരുദ്ദേശ്യത്തോടെ സമര്‍പ്പിക്കുമ്പോള്‍
അത് എത്രയോ അധികമായി വെറുക്കപ്പെടുന്നു" (21:27).
"ഭോഷന്‍ കേള്‍ക്കേ സംസാരിക്കരുത്;
നിന്‍റെ വാക്കുകളിലെ ജ്ഞാനത്തെ
അവന്‍ നിന്ദിക്കുകയേ ഉള്ളൂ" (23:9).
"കുട്ടിയെ ശിക്ഷിക്കാന്‍ മടിക്കേണ്ട;
വടികൊണ്ട് അടിച്ചെന്ന് വച്ച് അവന്‍ മരിച്ചുപോവുകയില്ല" (23:13).
"അമിതമായി വീഞ്ഞുകുടിക്കുകയും,
മാംസം ഭക്ഷിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തില്‍പ്പെടരുത്.
എന്തെന്നാല്‍ മദ്യപനും ഭോജനപ്രിയനും
ദാരിദ്ര്യത്തിലകപ്പെടും" (23:20-21).
"അയല്‍വാസിയുടെ വീട്ടില്‍ ചുരുക്കമായേ പോകാവൂ;
അല്ലെങ്കില്‍ മടുപ്പുതോന്നി
അവന്‍ നിന്നെ വെറുത്തേക്കാം" (25:17).
"കുതിരയ്ക്ക് ചമ്മട്ടി, കഴുതയ്ക്ക് കടിഞ്ഞാണ്‍,
ഭോഷന്‍റെ മുതുകിന് വടിയും" (26:3).
"മദ്യപന്‍റെ കൈയില്‍ തുളഞ്ഞുകയറിയ മുള്ളുപോലെയാണ്
ഭോഷന്മാരുടെ വായില്‍ ആപ്തവാക്യം" (26:9).
"അന്യന്‍റെ വഴക്കില്‍ തലയിടുന്നവന്‍
വഴിയേപോകുന്ന പട്ടിയെ
ചെവിയ്ക്കു പിടിച്ചു നിര്‍ത്തുന്നവനെപോലെയാണ്" (26:17).
"വിവേകി ആപത്തു കണ്ടറിഞ്ഞ് ഒഴിഞ്ഞുമാറുന്നു;
അല്‍പബുദ്ധി അതിലേയ്ക്ക് ചെന്ന്
ശിക്ഷ അനുഭവിക്കുന്നു" (27:12).
"വെള്ളിയുടെ മാറ്റ് മൂശയിലൂടെയും,
സ്വര്‍ണ്ണത്തിന്‍റെമാറ്റ് ചൂളയിലുമെന്നതുപോലെ
മനുഷ്യന്‍റെ മാറ്റ് അവന് ലഭിക്കുന്ന പ്രശംസയിലൂടെ
നിര്‍ണയിക്കപ്പെടുന്നു" (27:21).
"ബുദ്ധിശൂന്യനായ രാജാവ്
പ്രജകളെ ക്രൂരമായി പീഡിപ്പിക്കുന്നു.
കൊള്ളലാഭം വെറുക്കുന്നവന് ആയുസ്സ് വര്‍ദ്ധിക്കും" (28:16).
"പക്ഷപാതം നന്നല്ല
എന്നാല്‍ ഒരപ്പക്കഷണത്തിന് വേണ്ടിപ്പോലും
മനുഷ്യന്‍ തെറ്റുചെയ്യുന്നു" (28:21).
"മുഖസ്തുതി പറയുന്നവനെക്കാളും
ശാസിക്കുന്നവനാണ് പിന്നീട് പ്രീതിപാത്രമാവുക" (28:23).
"താഢനവും, ശാസനവും ജ്ഞാനം പകര്‍ന്നുകൊടുക്കുന്നു.
തന്നിഷ്ടത്തിന് വിട്ടിരിക്കുന്ന കുട്ടി
അമ്മയ്ക്ക് അപമാനം വരുത്തിവയ്ക്കുന്നു" (29:15).
മുകളില്‍ കൊടുത്തിരിക്കുന്ന ഉദാഹരണങ്ങള്‍ വ്യക്തമാക്കുന്നതുപോലെ വൈവിധ്യമാര്‍ന്നതാണ് സുഭാഷിതങ്ങളിലെ വിഷയങ്ങള്‍; അവ വിഷയാനുസൃതമായി ക്രമീകരിക്കപ്പെടാത്തവയുമാണ്.
രാജാക്കന്മാരുടെ ഒന്നാം പുസ്തകം അനുസരിച്ച് സോളമന്‍ 3000 സുഭാഷിതങ്ങളും ആയിരത്തഞ്ചു ഗീതങ്ങളും രചിച്ചു: "ദൈവം സോളമന് അളവറ്റജ്ഞാനവും ഉള്‍ക്കാഴ്ചയും കടല്‍ത്തീരംപോലെ വിശാലമായ ഹൃദയവും പ്രദാനം ചെയ്തു. പൗരസ്ത്യദേശത്തെയും ഈജിപ്തിലെയും ജ്ഞാനികളെ അതിശയിക്കുന്നതായിരുന്നു സോളമന്‍റെ ജ്ഞാനം. അവന്‍റെ പ്രശസ്തി ചുറ്റുമുള്ള എല്ലാ രാജ്യങ്ങളിലും വ്യാപിച്ചു. അവന്‍ മൂവായിരം സുഭാഷിതങ്ങളും ആയിരത്തഞ്ചു ഗീതങ്ങളും രചിച്ചു. ലെബനോനിലെ ദേവദാരു മുതല്‍ ചുവരില്‍ മുളയ്ക്കുന്ന പായല്‍വരെ എല്ലാ സസ്യങ്ങളെയും കുറിച്ച് അവന്‍ പ്രതിപാദിച്ചു..." (രാജാ 4:29-34). അതുകൊണ്ട് സോളമനാണ് സുഭാഷിതങ്ങളുടെ രചയിതാവ് എന്ന് പാരമ്പര്യം കരുതിപ്പോരുന്നു. എന്നാല്‍ സങ്കീര്‍ത്തനങ്ങള്‍പോലെതന്നെ ഇസ്രായേലിന്‍റെ ചരിത്രത്തിലെ വിവിധ കാലഘട്ടങ്ങളില്‍ രൂപം കൊണ്ടവയാണവ എന്ന് പണ്ഡിതര്‍ ഇന്ന് കരുതുന്നു. ഉദാഹരണമായി സുഭാ 25-29 സോളമനിലാണ് പാരമ്പര്യം ആരോപിക്കുന്നതെങ്കിലും അവ എഴുതപ്പെട്ടത് നൂറ്റാണ്ടുകള്‍ക്ക് ശേഷം ഹെസക്കിയായുടെ കാലഘട്ടത്തിലാണ് (25:1). സുഭാ 30:1-33 ആദാറിന്‍റെ സൂക്തങ്ങളായും, 31:1-31 ലമുവേലിന്‍റെ സൂക്തങ്ങളായും പ്രത്യക്ഷപ്പെടുന്നു. സ്ഥലകാല പരിമിതികളെ അതിശയിക്കുന്ന ഉപദേശങ്ങളാകയാല്‍ (ജ്ഞാനോപദേശങ്ങള്‍) സുഭാഷിതങ്ങളില്‍ കൃത്യമായ ചരിത്രപശ്ചാത്തലങ്ങള്‍ ദൃശ്യമല്ല എന്നത് സത്യമാണ്.
പ്രബോധനരീതിയും ഗ്രന്ഥത്തിന്‍റെ ഘടനയും
സുഭാഷിതങ്ങള്‍ എന്ന ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ ക്രമീകരിച്ചിരിക്കുന്നതിന് പ്രത്യേക ക്രമമൊന്നുമുള്ളതായി കാണുന്നില്ല. പൊതുവെ പണ്ഡിതര്‍ ഈ ഗ്രന്ഥത്തെ അവതാരകവാക്യങ്ങളുടെ അടിസ്ഥാനത്തില്‍ ഏഴു ഭാഗങ്ങളായി തിരിക്കാറുണ്ട്; (1) ദാവീദിന്‍റെ മകനും, ഇസ്രായേലിന്‍റെ രാജാവുമായ സോളമന്‍റെ സുഭാഷിതങ്ങള്‍ (1-9); (2) സോളമന്‍റെ സുഭാഷിതങ്ങള്‍ (10:1-22:16); (3) ജ്ഞാനികളുടെ ആപ്തവാക്യങ്ങള്‍ (22:17-24:22); (4) ജ്ഞാനികളുടെ സൂക്തങ്ങള്‍ (24:23-34); (5) സോളമന്‍റെ സുഭാഷിതങ്ങള്‍: തുടര്‍ച്ച (25-29); (6) ആഗൂറിന്‍റെ സൂക്തങ്ങള്‍ (30); മാസ്സാ രാജാവായ ലമുവേലിന്‍റെ വാക്കുകള്‍ (31).
അനുദിന ജീവിതപ്രശ്നങ്ങളെ വിവേകപൂര്‍വ്വം കൈകാര്യം ചെയ്യാനാവശ്യമായ ഉപദേശങ്ങളും, ജ്ഞാനത്താല്‍ നയിക്കപ്പെടുന്ന തിനാവശ്യമായ കാര്യങ്ങളുമാണ് സുഭാഷിതങ്ങളിലെ സൂക്തങ്ങള്‍ പഠിപ്പിക്കുന്നത്. ഈ തത്ത്വങ്ങള്‍ രൂപം കൊണ്ടതാകട്ടെ ആഴമേറിയ ധ്യാനത്തില്‍ നിന്നുമാണ് (പ്രഭാ 13:26).
വലിയ സത്യങ്ങള്‍ പഠിപ്പിക്കുന്നു എന്നു മാത്രമല്ല, അത് ഓര്‍മ്മിക്കാന്‍ ഏറ്റവും എളുപ്പമായ വിധത്തിലുള്ള സൂക്തങ്ങളുടെയും ഉപദേശങ്ങളുടെയും കടംകഥകളുടെയും സംഖ്യാ സൂക്തങ്ങളു ടെയും ഉപദേശസൂക്തങ്ങളുടെയും (1:8-19) രൂപത്തില്‍ അവയെ അവതരിപ്പിച്ചുകൊണ്ട് കാതിന് ഇമ്പവും ഹൃദയത്തിന് ആനന്ദകര വുമാക്കുകയുമാണ് സുഭാഷിതങ്ങള്‍. ചില ഉദാഹരണങ്ങള്‍ ഇത് വ്യക്തമാക്കും:
"ക്രോധം ക്രൂരമാണ്;
കോപം അനിയന്ത്രിതമാണ്
എന്നാല്‍ അസൂയയെ നേരിടാന്‍ ആര്‍ക്കാണ് കഴിയുക?" (27:4).
"അന്യരുടെ വഴക്കില്‍ തലയിടുന്നവന്‍
വഴിയേ പോകുന്ന പട്ടിയുടെ
ചെവിയ്ക്കു പിടിച്ചു നിര്‍ത്തുന്നവനെപോലെയാണ്" (26:17).
"മത്തുപിടിച്ചു മയങ്ങുന്നവന്
കീറത്തുണിയുടുക്കേണ്ടിവരും" (23:21).
"മനുഷ്യന്‍ തന്‍റെ മാര്‍ഗ്ഗം ആലോചിച്ചുവയ്ക്കുന്നു;
അവന്‍റെ കാലടികളെ നിയന്ത്രിക്കുന്നത് കര്‍ത്താവാണ്" (16:9).
ഹെബ്രായമൂലത്തിലുള്ള ഭാഷാഭംഗി തര്‍ജ്ജമയിലില്ലെങ്കില്‍ പോലും അവയിലെ ആശയങ്ങള്‍തന്നെ മനോഹരങ്ങളാണ്.
മനുഷ്യജീവിതം ഹ്രസ്വമാകയാല്‍ ഒരുവന്‍ തന്‍റെ അനുഭവങ്ങളില്‍ നിന്ന് മാത്രം പഠിച്ചാല്‍ പോരാ, മുന്‍ തലമുറകളുടെയും അനുഭവങ്ങളില്‍ നിന്നും പഠിക്കണമെന്നാണ് സുഭാഷിതങ്ങള്‍ ഉദ്ബോധിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ സുഭാഷിതങ്ങള്‍ പഴയതലമുറ യുവതലമുറയ്ക്ക് നല്‍കുന്ന ഉപദേശങ്ങളായാണ് പലപ്പോഴും പ്രത്യക്ഷപ്പെടുന്നത്. പിതാവ് പുത്രന് ഉപദേശം നല്‍കുന്നതുപോലെയോ, ഗുരു ശിഷ്യനെ അറിവിലേയ്ക്ക് നയിക്കുന്നതുപോലെയോ "എന്‍റെ മകനേ" എന്ന് വിളിച്ചുകൊണ്ടാണ് സുഭാഷിതങ്ങളിലെ പല ഭാഗങ്ങളും ആരംഭിക്കുന്നത്.
"മകനേ, നിന്‍റെ പിതാവിന്‍റെ പ്രബോധനം ചെവിക്കൊളളുക;
മാതാവിന്‍റെ ഉപദേശം നിരസിക്കരുത്
അവ നിന്‍റെ ശിരസ്സിന് വിശിഷ്ട ഹാരവും,
കഴുത്തിന് പതക്കങ്ങളുമത്രേ.
മകനേ, പാപികളുടെ പ്രലോഭനത്തിന് വഴങ്ങരുത്" (1:8-10).
"മകനേ, എന്‍റെ വാക്കു കേള്‍ക്കുകയും
എന്‍റെ നിയമം കാത്തുസൂക്ഷിക്കുകയും ചെയ്യുക" (2:1).
"മകനേ, എന്‍റെ ഉപദേശം വിസ്മരിക്കരുത്;
നിന്‍റെ ഹൃദയം എന്‍റെ കല്പനകള്‍ പാലിക്കട്ടെ" (3:1).
"മക്കളേ, പിതാവിന്‍റെ പ്രബോധനം കേള്‍ക്കുവിന്‍,
അതില്‍ ശ്രദ്ധിച്ച് അറിവ് നേടുവിന്‍" (4:1).
"മകനേ, എന്‍റെ വാക്ക് നിന്‍റെ ഹൃദയത്തില്‍ പതിക്കട്ടെ.
അപ്പോള്‍ നിനക്ക് ദീര്‍ഘായുസ്സുണ്ടാവും" (4:10).
"മകനേ, എന്‍റെ ജ്ഞാനത്തില്‍ ശ്രദ്ധപതിക്കുകയും,
എന്‍റെ വാക്കുകള്‍ക്ക് ചെവികൊടുക്കുകയും ചെയ്യുക" (5:1).
"മകനേ, നീ അയല്‍ക്കാരനുവേണ്ടി ജാമ്യം നില്‍ക്കുകയോ
അന്യനുവേണ്ടി വാക്കു കൊടുക്കുകയോ ചെയ്തിട്ടുണ്ടോ" (6:1).
"മകനേ, നിന്‍റെ പിതാവിന്‍റെ കല്പന കാത്തുകൊള്ളുക;
മാതാവിന്‍റെ ഉപദേശം നിരസിക്കുകയുമരുത്.
അവയെ നിന്‍റെ ഹൃദയത്തില്‍ സദാ ഉറപ്പിച്ചുകൊള്ളുക" (6:20).
"മകനേ, എന്‍റെ വാക്കുകള്‍ അനുസരിക്കുകയും
എന്‍റെ കല്പനകള്‍ നിധിപോലെ
കാത്തുസൂക്ഷിക്കുകയും ചെയ്യുക" (7:1).
"വിവേകമുള്ള മകന്‍ പിതാവിന്‍റെ ഉപദേശം കേള്‍ക്കുന്നു;
പരിഹാസകന്‍ ശാസനം അവഗണിക്കുന്നു" (13:1).
പ്രവൃത്തികള്‍ക്കനുസരിച്ച് പ്രതിഫലം
ജ്ഞാനഗ്രന്ഥങ്ങളില്‍ പലതിലും കാണുന്ന പ്രവൃത്തികള്‍ക്കൊത്ത പ്രതിഫലം ഓരോരുത്തര്‍ക്കും ദൈവം നല്‍കുമെന്ന (പുറ 34:5-7) അടിസ്ഥാനപ്രമാണമാണ് വൈവിധ്യാത്മക ഉപദേശങ്ങളിലൂടെ സുഭാഷിതങ്ങള്‍ ആത്യന്തികമായി പഠിപ്പിക്കുന്നത്.
"ദുഷ്ടന്മാരുടെ ഭവനത്തിന്മേല്‍
കര്‍ത്താവിന്‍റെ ശാപം പതിക്കുന്നു.
എന്നാല്‍ നീതിമാന്മാരുടെ ഭവനത്തെ
അവിടുന്ന് അനുഗ്രഹിക്കുന്നു" (3:33).
"നീതിമാന്മാര്‍ വിശപ്പ് അനുഭവിക്കാന്‍
കര്‍ത്താവ് അനുവദിക്കുകയില്ല;
ദുഷ്ടന്മാരുടെ അതിമോഹത്തെ
അവിടുന്ന് നിഷ്ഫലമാക്കുന്നു" (10:3).
"നീതിമാന്മാരുടെ പ്രത്യാശ സന്തോഷപര്യവസായിയാണ്;
ദുഷ്ടരുടെ പ്രതീക്ഷ നിഷ്ഫലമാകും;
സത്യസന്ധമായി പെരുമാറുന്നവന്
കര്‍ത്താവ് ഉറപ്പുള്ള കോട്ടയാണ്.
തിന്മപ്രവര്‍ത്തിക്കുന്നവനെ
അവിടുന്ന് നശിപ്പിക്കുന്നു" (10:28-29).
"ദുഷ്ടന്‍ നിപതിക്കുമ്പോള്‍ നിശ്ശേഷം നശിക്കും;
നീതിമാന്മാരുടെ പരമ്പര നിലനില്‍ക്കും" (12:7).
"ദുഷ്ടതയിലൂടെ ആരും നിലനില്‍പ്പ് നേടുന്നില്ല;
നീതിമാന്മാര്‍ ഒരിക്കലും ഉന്മൂലനം ചെയ്യപ്പെടുന്നില്ല" (12:3).
"നീതിമാന്മാര്‍ക്ക് അനര്‍ത്ഥം സംഭവിക്കുന്നില്ല.
ദുഷ്ടര്‍ക്ക് ആപത്ത് ഒഴിയുകയില്ല" (12:21).
"നീതിമാന്‍റെ ദീപം തെളിഞ്ഞ് പ്രകാശിക്കും;
ദുഷ്ടന്‍റെ വിളക്ക് അണഞ്ഞുപോകും" (13:9).
"ദുഷ്ടന്‍ തിന്മ ചെയ്ത് അധ:പതിക്കുന്നു;
നീതിമാന്‍ സ്വന്തം നീതിനിഷ്ഠയില്‍
അഭയം കണ്ടെത്തുന്നു" (14:32).
"ദുഷ്ടരുടെ പ്രവൃത്തികള്‍ ന്യായീകരിക്കുന്നവനും
നീതിമാന്മാരില്‍ കുറ്റം ചുമത്തുന്നവനും
ഒന്നുപോലെ കര്‍ത്താവിനെ വെറുപ്പിക്കുന്നു"ڔ(17:15).
"ഇത് ഞാന്‍ അറിഞ്ഞില്ല എന്ന് നീ പറഞ്ഞാല്‍തന്നെ
ഹൃദയത്തെ തുറന്ന് നോക്കുന്നവന്‍
സത്യം ഗ്രഹിക്കുന്നില്ലേ?
നിന്‍റെ ആത്മാവിനെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നവന്‍
അതറിയുന്നില്ലേ?
അവിടുന്ന് പ്രവൃത്തിക്ക് തക്ക പ്രതിഫലമല്ലേ നല്‍കുക"
(24:12; 2:20-22; 4:18-19; 10:9, 16, 25, 28 മുതലായവ കാണുക).
പ്രപഞ്ചത്തിന്‍റെ നിലനില്‍പിനായി അവിടെ ക്രമം കാത്തുസൂക്ഷിക്കുന്ന ദൈവം ആത്മീയ ധാര്‍മ്മിക ജീവിതത്തിലും ഈ ക്രമം കാത്തുസൂക്ഷിക്കുന്നുണ്ട് എന്ന തത്ത്വമാണ് സുഭാഷിതങ്ങളുടെ അടിസ്ഥാനം.
"സത്യസന്ധമായി പെരുമാറുന്നവന്
കര്‍ത്താവ് ഉറപ്പുള്ള കോട്ടയാണ്;
തിന്മ പ്രവര്‍ത്തിക്കുന്നവനെ അവിടുന്ന് നശിപ്പിക്കുന്നു" (10:29).
"വികടബുദ്ധികള്‍ കര്‍ത്താവിന് വെറുപ്പ് ഉളവാക്കുന്നു,
നിഷ്കളങ്കര്‍ അവിടുത്തെ സന്തോഷിപ്പിക്കുന്നു.
തിന്മചെയ്യുന്നവന് തീര്‍ച്ചയായും ശിക്ഷ ലഭിക്കും,
നീതിമാന് മോചനവും" (11:20-21).
അതുകൊണ്ട് സുഭാഷിതങ്ങള്‍ക്ക് പറയാനുള്ളതിതാണ്:
"(മകനേ) നീ നടക്കുന്ന വഴികള്‍ ഉത്തമമെന്ന് ഉറപ്പിക്കുക
അപ്പോള്‍ അവ സുരക്ഷിതമായിരിക്കും.
വലത്തോട്ടോ ഇടത്തോട്ടോ വ്യതിചലിക്കരുത്;
തിന്മയില്‍ കാലുകുത്തുകയുമരുത്" (4:26-27).
സുഭാഷിതങ്ങളിലെ സന്ദേശം ഗ്രഹിച്ച് ദൈവികമായ ക്രമത്തോട് അനുരൂപപ്പെട്ടാല്‍, മനുഷ്യന്‍ ജീവിതവിജയം സ്വന്തമാക്കാന്‍ പ്രാപ്തനാകും.
ഓരോരുത്തര്‍ക്കും അവരവരുടെ പ്രവൃത്തികള്‍ക്ക് അനുസൃതമായ പ്രതിഫലം ദൈവം നല്‍കുന്നു എന്നു പഠിപ്പിക്കുന്ന സുഭാഷിതങ്ങള്‍ മനുഷ്യജീവിതത്തില്‍ സാധാരണമായ എല്ലാ ജീവിത സാഹചര്യങ്ങളിലും ഓരോരുത്തരും പ്രവര്‍ത്തിക്കേണ്ടതെങ്ങിനെയെന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാന്‍ ശ്രമിക്കുന്നുണ്ട്: മാതാപിതാക്കളും, മക്കളും തമ്മിലുള്ള ബന്ധം (6:20-23; 13:1; 17:1-6), നീതിമാനും ഭോഷനും തമ്മിലുള്ള വ്യത്യാസം (26:1ളള ; 28:1ളള) നല്ല സുഹൃത്തുക്കള്‍ക്കുള്ള സ്ഥാനം (29:27), വിവേകമതിയായ ഭാര്യയുടെ സ്ഥാനം (31:10-31), അയല്‍ക്കാരോടുള്ള കടമകള്‍ (3:25-35); ഔദാര്യം, സത്യസന്ധത, നീതി മുതലായ പുണ്യങ്ങളുടെ പ്രാധാന്യം (11:1-8), വികാരങ്ങളെയും ലൈംഗികാസക്തിയെയും നിയന്ത്രിക്കേണ്ടതിന്‍റെ ആവശ്യം (6:32-33; 5:3-10), സംസാരത്തില്‍ മിതത്വം പാലിക്കേണ്ടതിന്‍റെ ആവശ്യം, മൗനം പാലിക്കേണ്ടതിന്‍റെ ആവശ്യം, വിവേകവും കഠിനാധ്വാനവും പാലിക്കേണ്ടതിന്‍റെ ആവശ്യം, രാജാവിന്‍റെയും അധികാരികളുടെയും മുമ്പില്‍ പെരുമാറേണ്ടവിധം, ജ്ഞാനം സമ്പാദിക്കേണ്ടതിന്‍റെ ആവശ്യം, ദൈവത്തെ ഭയപ്പെടേണ്ടതിന്‍റെ ആവശ്യം ഇങ്ങനെ നീണ്ടുനീണ്ടുപോകുന്നു സുഭാഷിതങ്ങളിലെ പ്രമേയങ്ങള്‍. ആത്യന്തികമായി ഒരു സന്ദേശമാണ് സുഭാഷിതങ്ങള്‍ നല്‍കുന്നതെന്നുപറയാം: "വിവേകികളോട് സംബന്ധം ചെയ്യുന്നവന്‍ വിവേകിയായിത്തീരുന്നു: ഭോഷനുമായി കൂട്ടുകൂടുന്നവന് ഉപദ്രവം നേരിടും" (13:20).
ജ്ഞാനം ജീവിതവിജയത്തിലേക്കു നയിക്കും.
പ്രവര്‍ത്തികള്‍ക്കു തക്ക പ്രതിഫലം ദൈവം നല്‍കുമെന്ന തത്വം മനുഷ്യന്‍റെ ജീവിത്തിലെ സന്തോഷങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടാണിരിക്കുന്നത്. സ്വതന്ത്രമായി കാര്യങ്ങള്‍ തിരഞ്ഞെടുത്ത് ചെയ്യാന്‍ കഴിവുള്ളവനായാണു ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. അവന്‍റെ മുമ്പിലുളള നന്മയോ തിന്മയോ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യം അവനുണ്ട്. മനുഷ്യന്‍റെ മുമ്പിലുള്ള നന്മയുടെയും തിന്മയുടേതുമായ ഈ രണ്ടു വഴികളാണ് രണ്ട് സ്ത്രീകളുടെ രൂപത്തില്‍ (വിവേകിയായ സ്ത്രീയും ദുഷ്ചരിതയായ സ്ത്രീയും) പ്രത്യക്ഷ പ്പെടുന്നത് (9:1-6, 13-18). മനുഷ്യന്‍റെ തിരഞ്ഞെടുപ്പുകള്‍ക്കനുസരിച്ച് അവന്‍റെ ജീവിതം വിജയമോ പരാജയമോ, സന്തോഷമോ ദുഃഖമോ ആയി മാറും. നല്ല വഴി തിരഞ്ഞെടുക്കാന്‍ ഗുരുക്കന്മാര്‍ ശിഷ്യന്മാരെ ഉപദേശിച്ചിരുന്നു (1:15).
"മകനേ, എന്‍റെ വാക്ക് നിന്‍റെ ഹൃദയത്തില്‍ പതിയട്ടെ; അപ്പോള്‍ നിനക്കു ദീര്‍ഘായുസ്സാകും.
ഞാന്‍ ജ്ഞാനത്തിന്‍റെ വഴി നിന്നെ പഠിപ്പിച്ചു; സത്യസന്ധതയുടെ പാതകളില്‍നിന്നെ നയിച്ചു.
നടക്കുമ്പോള്‍ നിന്‍റെ കാലിടറുകയില്ല.
ഓടുമ്പോള്‍ വീഴുകയുമില്ല.
എന്‍റെ ഉപദേശം മുറുകെപ്പിടിക്കുക;അതു കൈവിടരുത്. അതു കാത്തുസൂക്ഷിക്കുക;അതു നിന്‍റെ ജീവനാണ്.
ദുഷ്ടരുടെ പാതയില്‍ പ്രവേശിക്കരുത്;ദുര്‍ജനങ്ങളുടെ മാര്‍ഗത്തില്‍ചരിക്കയുമരുത്.
അതില്‍നിന്നൊഴിഞ്ഞു നില്‍ക്കുക;അതില്‍ സഞ്ചരിക്കരുത്; അതില്‍നിന്ന് അകന്നുമാറി കടന്നുപോവുക.
എന്തെന്നാല്‍ തെറ്റുചെയ്യാതെ അവര്‍ക്ക്ഉറക്കം വരില്ല; ആരെയെങ്കിലും തട്ടിവീഴ്ത്തിയില്ലെങ്കില്‍ അവര്‍ക്കു നിദ്രനഷ്ടപ്പെടുന്നു.
കാരണം, അവര്‍ ദുഷ്ടതയുടെ അപ്പം ക്ഷിക്കുകയും അക്രമത്തിന്‍െറ വീഞ്ഞ് കുടിക്കുകയും ചെയ്യുന്നു.
എന്നാല്‍, നീതിമാന്‍മാരുടെ പാതപൂര്‍വാഹ്നത്തിലെ വെയില്‍പോലെ പ്രകാശം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നതാണ്.
ദുഷ്ടരുടെ മാര്‍ഗം സാന്ദ്രതമസ്സുപോലെയാണ്; എവിടെ തട്ടിവീഴുമെന്ന് അവര്‍ക്കറിഞ്ഞുകൂടാ" (4:10-19).
നല്ല തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ മനുഷ്യരെ സഹായിക്കുന്നത് ദൈവികജ്ഞാനമാണ്. മനുഷ്യന്‍ ഈ ജ്ഞാനം ആര്‍ജ്ജിക്കുകയും അതനുസരിച്ചു ജീവിക്കാന്‍ പരിശ്രമിക്കുകയും ചെയ്യുമ്പോള്‍ ദൈവം ഈ ലോകത്തു സ്ഥാപിച്ചിരിക്കുന്ന ക്രമത്തിനനുസരിച്ചു ജീവിക്കാനും അങ്ങനെ ജീവിതത്തില്‍ സന്തോഷവും വിജയവും കണ്ടെത്താനും കഴിയും. അതുകൊണ്ട് ജ്ഞാനം ജീവിതവിജയത്തിന് അനിവാര്യമാണ് (2:1-2; 3:13, 21; 4:5; 17:24; 19:20). കാരണം ജ്ഞാനം സ്വന്തമാക്കുന്നവന് ജീവിതത്തില്‍ വിജയവും സന്തോഷവും ഉണ്ടാകും:
"ജ്ഞാനം നേടുന്നവനും അറിവുലഭിക്കുന്നവനും ഭാഗ്യവാനാണ്.
എന്തെന്നാല്‍, അതുകൊണ്ടുള്ള നേട്ടം വെള്ളിയെയും സ്വര്‍ണത്തെയുംകാള്‍ ശ്രേഷ്ഠമാണ്" (3:13-14)
"അവളെ കൈവശപ്പെടുത്തുന്നവര്‍ക്ക്അവള്‍ ജീവന്‍റെവൃക്ഷമാണ്;
അവളെ മുറുകെപ്പിടിക്കുന്നവര്‍സന്തുഷ്ടരെന്നു വിളിക്കപ്പെടുന്നു" (3:18).
മക്കളേ, എന്‍റെ വാക്കുകള്‍ ശ്രദ്ധിക്കുവിന്‍; എന്‍റെ മാര്‍ഗങ്ങള്‍ പിന്തുടരന്നവര്‍ ഭാഗ്യവാന്‍മാരാണ്" (8:32).
എന്‍റെ പടിവാതില്‍ക്കല്‍ അനുദിനം കാത്തുനിന്ന്, എന്‍റെ വാതിലുകളില്‍ ദൃഷ്ടിയുറപ്പിച്ച്, എന്‍റെവാക്കു കേള്‍ക്കുന്നവന്‍ ഭാഗ്യവാന്‍" (8:34).
ജ്ഞാനം നേടാത്തവന്‍ തിന്മയുടെ വഴിയെ പോകുകയും തത്ഫലമായി അവന്‍റെ ജീവിതം ദുഷ്കരമാവുകയും ചെയ്യും.
സുഭാഷിതങ്ങളും സ്ത്രീകളും
സുഭാഷിതങ്ങളില്‍ ജ്ഞാനത്തെ ഒരു സ്ത്രീയായാണ് ഗ്രന്ഥകാരന്‍ ചിത്രീകരിക്കുന്നത് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, ഗ്രന്ഥത്തിന്‍റെ ആരംഭത്തിലും അവസാനത്തിലുമുള്ള സൂക്തങ്ങളില്‍നിന്നു വ്യക്തമാകുന്നതുപോലെ സൂഭാഷിതങ്ങളുടെ ജ്ഞാനം ലക്ഷ്യമിടുന്നത് യുവാക്കളെയാണ്. സ്ത്രീകളെ പുരുഷന്മാരുമായി ബന്ധപ്പെടുത്തി മാത്രമെ ഗ്രന്ഥകാരന്‍ കാണുന്നുള്ളൂ. പുരുഷമേധാവിത്വമുണ്ടായിരുന്ന ഒരു സമൂഹത്തിന്‍റെ ചൊല്ലുകളായാണ് അവ പ്രത്യക്ഷപ്പെടുന്നത്. ഗ്രന്ഥത്തിലെ സന്ദേശങ്ങളെല്ലാംതന്നെ ഒരു പിതാവ് തന്‍റെ പുത്രനോ ഒരു ഗുരു തന്‍റെ ശിഷ്യനോ പകര്‍ന്നുകൊടുക്കുന്നതാണ്; പെണ്‍മക്കള്‍ക്കുള്ള ഉപദേശങ്ങളായല്ല അവ പ്രത്യക്ഷപ്പെടുന്നത്. കൂടാതെ ഒരു നല്ല ഭാര്യയെ കണ്ടെത്തുക പ്രയാസമാണ് (31:10); ഭാര്യ ഭര്‍ത്താവിന്‍റെ കിരീടമാണ് (12:4) തുടങ്ങിയ പ്രസ്താവനകളും ഗ്രന്ഥത്തിലുണ്ട്.
ദുഷ്ചരിതകളായ സ്ത്രീകളില്‍നിന്ന് അകന്നിരിക്കാന്‍ ജ്ഞാനി യുവാക്കളെ ഉപദേശിക്കുന്നുണ്ട് (2:12-22). അത്തരത്തില്‍പെട്ട സ്ത്രീകളുമായി ബന്ധപ്പെട്ട് അപകടത്തില്‍ പെടുന്നവന്‍ വാഗ്ദത്തദേശത്തുനിന്നു പുറത്താക്കപ്പെടുമെന്നു ഗുരു പറയുന്നു. ദുഷ്ചരിതകളായ സ്ത്രീകളുമായി കൂട്ടുചേരുന്നവനു ധനനഷ്ടവും ദുഷ്പേരുമുണ്ടാകും (5:1-14). അത്തരം സ്ത്രീകള്‍ തങ്ങളെ അന്വേഷിച്ചു ചെല്ലുന്നവരെ വേട്ടയാടുന്നവരാണ് (6:24-28). ഭോഷന്മാരാണ് ദുഷ്ചരിതകളുടെ വാക്കു വിശ്വസിക്കുകയും സ്വന്തജീവിതം അപകടത്തില്‍ പെടുത്തുകയും ചെയ്യുന്നത് (7:6-23). ഇങ്ങനെ ദുഷ്ചരിതകളായ സ്ത്രീകളെക്കുറിച്ച് വിശദമായ ഉപദേശങ്ങള്‍ നല്കുന്ന സുഭാഷിതങ്ങള്‍ അധാര്‍മ്മികരായ പുരുഷന്മാരെക്കുറിച്ച് ഒന്നും തന്നെ പറയുന്നില്ല. ഈ ചിന്താഗതി സ്ത്രീകള്‍ക്കുള്ള ഉപദേശത്തിനു പ്രാധാന്യം കൊടുക്കുന്ന ഒരു ഗ്രന്ഥംതന്നെ ജന്മമെടുക്കാന്‍ കാരണമായിത്തീരും (ഉത്തമഗീതം).
ദൈവഭയമാണ് അറിവിന്‍റെ ആരംഭം
ദൈവം സൃഷ്ടിച്ച പ്രപഞ്ചത്തില്‍ ജീവിതവിജയം വരിക്കാനാവശ്യമായ ജ്ഞാനം സ്വന്തമാക്കാന്‍ കഴിയുന്നത് ദൈവത്തെ ഭയപ്പെടുന്നതിലൂടെയാണ്. അതുകൊണ്ട് ദൈവഭയമാണ് അറിവിന്‍റെ ആരംഭമെന്നും (1:7; 9:10) അത് ജീവന്‍റെ ഉറവിടമാണെന്നും (14:27) സുഭാഷിതങ്ങള്‍ പഠിപ്പിക്കുന്നു. ദൈവം നല്‍കിയ വലിയ ദാനമായ ജീവിതം ദൈവസന്നിധിയില്‍ സ്വീകാര്യമാകണമെന്നാഗ്രഹിച്ച ജ്ഞാനിക്ക് 'അര്‍ഹിക്കാത്തതു നല്കി എന്നെ അന്ധനാക്കരുത് ദൈവമേ; അര്‍ഹിക്കുന്നത് നല്കാതെ ആര്‍ത്തനാക്കരുതേ' എന്ന ഒരു പ്രാര്‍ത്ഥനയേ ഉണ്ടായിരുന്നുള്ളൂ:
"രണ്ട് കാര്യങ്ങള്‍ ഞാനങ്ങയോട് അപേക്ഷിക്കുന്നു; മരണംവരെ എനിക്ക് അവ നിഷേധിക്കരുതേ. അസത്യവും, വ്യാജവും എന്നില്‍ നിന്നകറ്റി നിര്‍ത്തണമേ; ദാരിദ്ര്യമോ സമൃദ്ധിയോ എനിക്ക് നല്‍കരുതേ. ആവശ്യത്തിന് ആഹാരം തന്ന് എന്നെ പോറ്റണമേ; ഞാന്‍ സമൃദ്ധിയില്‍ അങ്ങയെ അവഗണിക്കുകയും, കര്‍ത്താവ് ആര് എന്ന് ചോദിക്കുകയും ചെയ്തേക്കാം. ദാരിദ്ര്യംകൊണ്ട് മോഷ്ടിച്ച് ദൈവനാമത്തെ നിന്ദിക്കുകയും ചെയ്തേക്കാം" (30:7-9).
വിശ്വാസികളായ പൂര്‍വ്വികരെ സംബന്ധിച്ചിടത്തോളം വിരസമായ ഒരു ഗ്രന്ഥമായിരുന്നില്ല സുഭാഷിതങ്ങള്‍. ജീവിതവിജയത്തിന് ജ്ഞാനം അത്യന്താപേഷിതമാണെന്ന് കരുതിയിരുന്നവര്‍ക്ക് ജ്ഞാനസമ്പാദനത്തിനുള്ള വഴികളാണ് സുഭാഷിതങ്ങള്‍ നല്‍കിയത്. സുഭാഷിതങ്ങളിലെ സന്ദേശങ്ങള്‍ സ്വന്തമാക്കിയവന്‍ ജീവിതസാഹചര്യങ്ങളെ വിജയകരമായി അഭിമുഖീകരിക്കാന്‍ കഴിവുള്ളവനാകുകയായിരുന്നു. സുഭാഷിതങ്ങളിലെ സൂക്തങ്ങള്‍ മനഃപാഠമാക്കിയവന്‍റെ മനസ്സിലേക്ക് ആവശ്യാനുസരണം വാക്കുകളും അവസരോചിതമായ പെരുമാറ്റത്തിനുള്ള പ്രേരണകളും സ്വാഭാവികമായി കടന്നുവന്നു. അവന്‍ ദൈവത്തിന്‍റെയും മനുഷ്യരുടെയും മുമ്പില്‍ സ്വീകാര്യനായിത്തീര്‍ന്നു. പണത്തിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി മൂല്യങ്ങളെ പരിത്യജിക്കാന്‍ മടിക്കാത്ത ആധുനിക തലമുറയ്ക്ക് സുഭാഷിതങ്ങളിലെ പല സന്ദേശങ്ങളും വെല്ലുവിളിയാണ്. ദൈവവിശ്വാസികളായ ജ്ഞാനികളുടെ ധാര്‍മ്മികബോധവും, ദൈവ വിശ്വാസവും ആധുനിക തലമുറയ്ക്ക് വഴികാട്ടികളായിരുന്നെങ്കില്‍...
Proverbs bible in malayalam bible catholic malayalam Rev. Antony Tharekadavil Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206