x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

പ്രാര്‍ത്ഥനാനുഭവം ലൂക്കായുടെ സുവിശേഷത്തില്‍

Authored by : Dr. Mathew Vellanikkal On 05-Feb-2021

ഭ ഇന്ന് ഒരുപക്ഷേ, പ്രാര്‍ത്ഥനയുടെ വലിയൊരു പ്രതിസന്ധി തരണംചെയ്യുകയാണ്. ധ്യാനാത്മകജീവിതത്തിന്‍റെ പ്രസക്തിയെ പല നല്ല മനുഷ്യരും ചോദ്യംചെയ്തുകേട്ടിട്ടുണ്ട്. തങ്ങളുടെ ദൈവവിളിയുടെ അര്‍ത്ഥത്തെപ്പറ്റി സംശയാലുക്കളായി ബാഹ്യപ്രവര്‍ത്തനങ്ങളില്‍ മുഴുകുന്ന സന്യാസികള്‍ നിരവധിയത്രേ. പലരും വളരെ ചുരുക്കമായേ പ്രാര്‍ത്ഥിക്കുന്നുള്ളൂ.

എന്നാല്‍, പ്രാര്‍ത്ഥനയില്‍ പുതിയൊരു ആസക്തി ചിലകേന്ദ്രങ്ങളില്‍ പ്രബലപ്പെട്ടുവരുന്നുണ്ട്. അനവധിപേര്‍ പങ്കെടുക്കുന്ന പ്രാര്‍ത്ഥനാസെമിനാറുകളും കരിസ്മാറ്റിക്ക് പ്രാര്‍ത്ഥനാപ്രസ്ഥാനങ്ങളും ധ്യാനങ്ങളും പ്രാര്‍ത്ഥനാനുഭവത്തിനായുള്ള മനുഷ്യഹൃദയത്തിന്‍റെ അടങ്ങാത്ത അഭിലാഷത്തിന്‍റെ ബഹിര്‍സ്ഫുരണങ്ങളത്രേ.

ദിവ്യരഹസ്യങ്ങളുടെ തലത്തില്‍ നടക്കുന്ന വിശ്വാസത്തിന്‍റെ പ്രവൃത്തിയെന്നനിലയ്ക്ക് പ്രാര്‍ത്ഥന പലര്‍ക്കും പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍, ലൗകീകരണപ്രവണതയ്ക്ക് അങ്ങേയറ്റം അടിപ്പെട്ടിരിക്കുന്ന ആധുനികമനുഷ്യനെ സംബന്ധിച്ചിടത്തോളം പ്രാര്‍ത്ഥന ക്രൈസ്തവജീവിതത്തിന്‍റെ അവിഭാജ്യഘടകമാക്കാതെ തരമില്ല. ഈ പശ്ചാത്തലത്തിലാണ് നാം ലൂക്കായുടെ സുവിശേഷത്തിലെ പ്രാര്‍ത്ഥനാനുഭവത്തെപ്പറ്റി പരിചിന്തിക്കുക.

ഒരു പ്രാര്‍ത്ഥനയുടെ വിശകലനത്തിനോ പ്രാര്‍ത്ഥനയെപ്പറ്റിയുള്ള ഒരു നിരൂപണത്തിനോ നമുക്കു പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കാന്‍ കഴിഞ്ഞേക്കാം. പ്രാര്‍ത്ഥനാവിഷയത്തെക്കൂടാതെ, ആരോടു പ്രാര്‍ത്ഥിക്കുന്നുവോ ആ വ്യക്തിയേയും തന്‍റേതായ മാനസിക പശ്ചാത്തലത്തില്‍ പ്രാര്‍ത്ഥിക്കുന്ന വ്യക്തിയേയും നമുക്കു പരിഗണിക്കേണ്ടതുണ്ട്. ഇത്തരം പഠനം ഈ രണ്ടു വ്യക്തികള്‍ തമ്മിലുള്ള ഐക്യം പ്രകടിതമാകുന്ന ഭാഷയിലേയ്ക്കും പ്രതിരൂപത്തിലേയ്ക്കും വെളിച്ചം പകരാന്‍ ഉപകരിക്കും.

ലൂക്കായുടെ സുവിശേഷത്തില്‍ പ്രാര്‍ത്ഥനയെപ്പറ്റിപ്പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ സമഗ്രപഠനമല്ല ഈ ലേഖനത്തിന്‍റെ ഉദ്ദേശ്യം. ഈശോയുടെയും സുവിശേഷത്തിലെ മറ്റു വ്യക്തികളുടേയും പ്രാര്‍ത്ഥനയേയും ഈശോയുടെ പ്രബോധനത്തേയുംപറ്റി ലൂക്കാ നല്‍കുന്ന സൂചനകളില്‍നിന്ന് ഉരുത്തിരിയുന്ന പ്രാര്‍ത്ഥനാനുഭവത്തിന്‍റെ ശ്രദ്ധേയമായ ചില വശങ്ങള്‍ ചൂണ്ടിക്കാട്ടുവാനാണ് നാം ഇവിടെ ശ്രമിക്കുക.

ഈശോയുടെ ജീവിതത്തില്‍ പ്രാര്‍ത്ഥനയ്ക്കുള്ള സ്ഥാനം

ലൂക്കാ തന്‍റെ സുവിശേഷത്തില്‍ ക്രിസ്തുവിനെ പ്രാര്‍ത്ഥനയുടെ ഒരു മനുഷ്യനായാണ് ചിത്രീകരിക്കുന്നത്. അവിടുത്തെ ഈ മാതൃക പിന്‍തുടരുന്നവരാണ് ശിഷ്യന്മാര്‍. ലൂക്കാ പ്രാര്‍ത്ഥനയെപ്പറ്റി 24 പ്രാവശ്യം പറയുന്നുണ്ട്. അവയില്‍ പത്തും ക്രിസ്തുവിന്‍റെ തന്നെ പ്രാര്‍ത്ഥനയെപ്പറ്റിയാണ്. ഈ പത്തെണ്ണത്തില്‍ അഞ്ചും പിതാവിനോടു നേരിട്ടുള്ള പ്രാര്‍ത്ഥനയത്രേ. ആദ്യമായി, ഈശോയുടെ പ്രാര്‍ത്ഥനാജീവിതത്തെപ്പറ്റിപ്പറയുന്ന ഈ സുവിശേഷഭാഗങ്ങളെ നമുക്കു വിശകലനം ചെയ്യാം.

ജ്ഞാനസ്നാനസമയത്തെ പ്രാര്‍ത്ഥന (3:21-32)

ജ്ഞാനസ്നാനസമയത്ത് ഈശോ പ്രാര്‍ത്ഥിക്കുന്നതായി സുവിശേഷകന്‍ പറയുന്നു. "ഈശോ പ്രാര്‍ത്ഥിക്കുകയായിരുന്നു... അപ്പോള്‍ ആകാശം തുറക്കപ്പെടുകയും പരിശുദ്ധാത്മാവ് അവിടുത്തെമേല്‍ എഴുന്നള്ളിവരികയും ചെയ്തു. 'നീയെന്‍റെ പ്രിയ പുത്രനാകുന്നു, നിന്നില്‍ ഞാന്‍ സംപ്രീതനായിരിക്കുന്നു' എന്നൊരു സ്വരവും സ്വര്‍ഗ്ഗത്തില്‍നിന്നുണ്ടായി" (3:21-22).

ഈശോയുടെ പ്രാര്‍ത്ഥന: ജീവിതഗന്ധിയായ പ്രാര്‍ത്ഥന

ഈശോ തന്‍റെ ജീവതത്തിന്‍റെയും ദൗത്യത്തിന്‍റെയും സുപ്രധാനനിമിഷങ്ങളിലത്രേ പ്രാര്‍ത്ഥിക്കുന്നത്. പന്ത്രണ്ടുപേരെ തെരഞ്ഞെടുക്കുന്നതിനുമുമ്പ് അവിടുന്ന് രാത്രിമുഴുവന്‍ പ്രാര്‍ത്ഥനയില്‍ ചെലവഴിക്കുന്നു (6:13). രൂപാന്തരീകരണസമയത്തും (9:28-29) 72 പേരുടെ അത്ഭുതങ്ങള്‍ നിറഞ്ഞ വിജയകരമായ പ്രേഷിതപ്രവൃത്തികഴിഞ്ഞ് മടങ്ങിവരുമ്പോഴും (10:21) ഈശോ പ്രാര്‍ത്ഥിക്കുന്നു. ശിഷ്യരെ പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിക്കുന്നതിനുമുമ്പും അവിടുന്നു പ്രാര്‍ത്ഥിക്കുന്നുണ്ട് (11:1f). തന്‍റെ പീഡാസഹനത്തിന്‍റെയും മരണത്തിന്‍റെയും നിര്‍ണ്ണായകഘട്ടത്തിലേയ്ക്ക് പ്രവേശിക്കുന്നതിനുമുമ്പ് അവിടുന്നു പ്രാര്‍ത്ഥിക്കുന്നു (22:39-42). കുരിശില്‍ തൂങ്ങിക്കിടക്കുമ്പോഴും പ്രാര്‍ത്ഥിക്കുവാന്‍ അവിടുന്നു മറക്കുന്നില്ല (23:34,46). ഇതില്‍നിന്നെല്ലാം ഒരുകാര്യം വ്യക്തമാണ്. അവിടുത്തെ പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നു. തന്‍റെ പ്രവര്‍ത്തനത്തിനുവേണ്ടി ആധ്യാത്മികശക്തി സംഭരിക്കുവാന്‍ അവിടുന്ന് ഏകാന്തതയില്‍ പിതാവിനോട് പ്രാര്‍ത്ഥിക്കുക പതിവായിരുന്നുവെന്ന് ലൂക്കാ വ്യക്തമായി പ്രസ്താവിക്കുന്നുണ്ട് (5:16). ഈശോ സുവിശേഷം പ്രഘോഷിക്കുന്ന ജോലിയില്‍ സദാ വ്യാപൃതനായിരുന്നു. ആ ജോലിയുടെ അവിഭാജ്യഘടകമായിരുന്നു പ്രാര്‍ത്ഥന. അവിടുത്തെ പ്രാര്‍ത്ഥന 'ദൈവത്തിലേയ്ക്കുള്ള ഒളിച്ചോട്ടമോ' തന്‍റെ ജോലി വിസ്മരിച്ചുകൊണ്ടുള്ള സുഹൃത്സംഭാഷണമോ അല്ലായിരുന്നു. പ്രധാനപ്പെട്ട ഒരു സംഭവം നടക്കുന്നതിനു മുമ്പോ നടക്കുമ്പോഴോ ആണ് അവിടുന്ന് പ്രാര്‍ത്ഥിക്കുക. തന്‍റെ പ്രവര്‍ത്തനം ഫലമണിയുന്നതിന് അതിനെ പ്രാര്‍ത്ഥനയുമായി സംയോജിപ്പിക്കേണ്ടതാവശ്യമാണെന്ന് അവിടുന്ന് മനസ്സിലാക്കിയിരുന്നു.

ഈശോയുടെ പ്രാര്‍ത്ഥനാജീവിതത്തിന്‍റെ ഈ ചിത്രം തെറ്റായ രണ്ടു പ്രവണതകള്‍ക്കെതിരേ വിരല്‍ചൂണ്ടുന്നു. ആദ്യത്തേത്, കാര്യക്ഷമമായ പ്രവര്‍ത്തനത്തിനുവേണ്ടി പ്രാര്‍ത്ഥന കുറയ്ക്കുകയോ വേണ്ടെന്നു വയ്ക്കുകയോ ചെയ്യുന്ന പ്രവണതയത്രേ. ജീവിതത്തിലെ കടമകള്‍ക്കും പരുഷയാഥാര്‍ത്ഥ്യങ്ങള്‍ക്കും നേരേ കണ്ണടച്ച് 'ആധ്യാത്മികാശ്വാസം' തേടിപ്പോകുന്ന പ്രവണതയാണ് രണ്ടാമത്തേത്. ഇവ രണ്ടും ക്രിസ്തു കാണിച്ചുതരുന്ന മാതൃകയ്ക്ക് നിരക്കുന്നതല്ലതന്നെ.

പ്രാര്‍ത്ഥനയും അരൂപിയുടെ പ്രവര്‍ത്തനവും

പരിശുദ്ധാത്മാവിന്‍റെ അവരോഹണസമയത്ത് ഈശോ പ്രാര്‍ത്ഥിക്കുകയായിരുന്നുവെന്ന് ലൂക്കാ സുവിശേഷകന്‍ മാത്രമേ പറയുന്നുള്ളൂ. ലൂക്കായുടെ വീക്ഷണത്തില്‍, പ്രാര്‍ത്ഥനയും അരൂപിയുടെ ഫലപ്രദമായ പ്രവര്‍ത്തനവും പരസ്പരപൂരകങ്ങളത്രേ. അരൂപിയുടെ ഫലദായകത്വം അതു സ്വീകരിക്കുന്നവരുടെ പ്രാര്‍ത്ഥനാമനോഭാവത്തെ ആശ്രയിച്ചിരിക്കും. പരിശുദ്ധാത്മാവിനാല്‍ നിറയുന്ന എലിസബത്തും (1:41-42) സഖറിയായും (1:67f) കര്‍ത്താവിനെ വാഴ്ത്തുന്നു. അരൂപിയാല്‍ പ്രചോദിതനായ ശിമയോന്‍ ദേവാലയത്തില്‍ വരികയും രക്ഷകനെ കൈകളിലെടുത്ത് ദൈവത്തെ സ്തുതിക്കുകയും ചെയ്യുന്നു (2:25f). തന്‍റെ ജീവിതത്തിലെ നിര്‍ണ്ണായകഘട്ടമായ ജ്ഞാനസ്നാനസമയത്ത് ഈശോ പ്രാര്‍ത്ഥിക്കുകയും പരിശുദ്ധാത്മാവ് അവിടുത്തെമേല്‍ എഴുന്നള്ളിവരികയും ചെയ്യുന്നു.

പ്രാര്‍ത്ഥനാചൈതന്യനിര്‍ഭരമായ അവിടുത്തെ ജീവിതത്തില്‍ പരിശുദ്ധാത്മാവ് പ്രവര്‍ത്തനനിരതനായിരുന്നു. പരസ്യജീവിതത്തില്‍ പരിശുദ്ധാത്മാവാണ് ഈശോയെ എപ്പോഴും നയിച്ചിരുന്നത്. പരിശുദ്ധാത്മാവിനാല്‍ ആനന്ദചിത്തനായി അവിടുന്നു ഈ പ്രാര്‍ത്ഥന ഉരുവിടുന്നു: "സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും നാഥനായ പിതാവേ, .... ഞാന്‍ അങ്ങേയ്ക്ക് നന്ദിപറയുന്നു" (10:21). പ്രാര്‍ത്ഥനാമനോഭാവത്തോടെ പിതാവിനോട് ചോദിക്കുന്നവര്‍ക്കെല്ലാം പരിശുദ്ധാത്മാവിനെ ലഭിക്കുമെന്ന് ഈശോ പഠിപ്പിക്കുന്നു (11:13).

അരൂപിയും പ്രാര്‍ത്ഥനയും തമ്മിലുള്ള ഈ പരസ്പരബന്ധം പൗലോസ് റോമാക്കാര്‍ക്കുള്ള ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്. "അതുപോലെ നമ്മുടെ ബലഹീനതയില്‍ അരൂപി നമ്മെ സഹായിക്കുന്നു. വേണ്ടപോലെ പ്രാര്‍ത്ഥിക്കേണ്ടതെങ്ങനെയെന്ന് നമുക്കറിഞ്ഞുകൂടാ. എന്നാല്‍ അരൂപിതന്നെ വാക്കുകള്‍ക്കതീതമായ നെടുവീര്‍പ്പുകളോടെ നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. മനുഷ്യരുടെ ഹൃദയവികാരങ്ങള്‍ അന്വേഷിക്കുന്നവന്‍ അരൂപിയുടെ മനസ്സ് അറിയുന്നു; കാരണം, ദൈവതിരുമനസ്സിനനുസൃതമായാണ് അരൂപി വിശുദ്ധര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത്" (റോമ 8:26-27). വേണ്ടവിധം പ്രാര്‍ത്ഥിക്കുവാന്‍ അരൂപിയാണ് നമ്മെ ശക്തീകരിക്കുന്നതെന്ന് ഇതില്‍നിന്ന് വ്യക്തമാണല്ലോ. പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് അരൂപി നല്‍കപ്പെടുന്നുവെന്നു മാത്രമല്ല, പ്രാര്‍ത്ഥനയുടെ ഉറവിടംതന്നെ അരൂപിയാണ്. അരൂപി നമ്മില്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ നമുക്കു വേണ്ടപോലെ പ്രാര്‍ത്ഥിക്കാനാവില്ല. പ്രാര്‍ത്ഥന യഥാര്‍ത്ഥത്തില്‍ പരിശുദ്ധാരൂപിയോടുള്ള തുറന്ന മനസ്ഥിതിയത്രേ.

പ്രാര്‍ത്ഥന: ദൈവപുത്രാനുഭവം

ഈശോ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു സ്വരമുണ്ടാകുന്നു: "നീയെന്‍റെ പ്രിയ പുത്രനാകുന്നു നിന്നില്‍ ഞാന്‍ സംപ്രീതനായിരിക്കുന്നു" (3:22). ഇതുപോലുള്ളൊരു അനുഭവം രൂപാന്തരീകരണസമയത്ത് ഈശോയ്ക്കുണ്ടാകുന്നുണ്ട്. അവിടെയും ലൂക്കാ അതിനെ പ്രാര്‍ത്ഥനയുമായി ബന്ധപ്പെടുത്തിയിരിക്കുകയാണ്. "ഏഴു ദിവസങ്ങള്‍ക്കുശേഷം അവിടുന്ന് പത്രോസിനേയും... കൂട്ടിക്കൊണ്ട് പ്രാര്‍ത്ഥിക്കുവാനായി മലയിലേയ്ക്കു പോയി. അവിടുന്നു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍..." (9:28-29). പ്രാര്‍ത്ഥനാസമയത്ത് തന്‍റെ ദൈവപുത്രത്വത്തിന് അംഗീകാരം ലഭിക്കുന്നതായി ഈശോയ്ക്കനുഭവപ്പെടുന്നു. പൗലോസിന്‍റെ വാക്കുകളില്‍പ്പറഞ്ഞാല്‍, "ദൈവാരൂപിയാല്‍ നയിക്കപ്പെടുന്നവന്‍ ദൈവപുത്രരാകുന്നു"ڔ(റോമ 8:14). അപ്പോള്‍ തന്നില്‍ ജീവിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന അരൂപിനിമിത്തം താന്‍ ദൈവപിതാവിന്‍റെ പുത്രനാണെന്ന അനുഭവം ഈശോയ്ക്കുണ്ടാകുന്നതില്‍ അത്ഭുതപ്പെടാനില്ല.

പ്രാര്‍ത്ഥന: ദൈവം പിതാവാണെന്ന അനുഭവം

നാലു സുവിശേഷങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്ന ഈശോയുടെ പ്രാര്‍ത്ഥനകള്‍ക്ക് പൊതുവായ ഒരു പ്രത്യേകതയുണ്ട്. അവയിലെല്ലാം ദൈവത്തെ 'പിതാവേ' എന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്. എല്ലാ സുവിശേഷപാരമ്പര്യങ്ങളിലും കാണുന്നതുകൊണ്ട് ഈ സംബോധന ഈശോയെപ്പറ്റിയുള്ള ആദ്യകാലപാരമ്പര്യത്തില്‍ സ്ഥാനം പിടിച്ചിരുന്നുവെന്നു നമുക്കു ന്യായമായും ഊഹിക്കാം. 'ആബാ' എന്ന അറമായ വാക്കാണ് അവിടുന്നു ഉപയോഗിച്ചത് എന്ന വസ്തുതയും പ്രാധാന്യമര്‍ഹിക്കുന്നു. ഗ്രീക്കുസഭകള്‍ ഈ അറമായ പദം നിലനിര്‍ത്താന്‍ കാരണം ഈശോ അത് സാധാരണ ഉപയോഗിച്ചിരുന്നതാവാം.

ഈശോയുടെ കാലത്ത് പിതാവിനെ അഭിസംബോധന ചെയ്യാന്‍ യഹൂദശിശുക്കള്‍ സാധാരണ ഉപയോഗിച്ചിരുന്ന സംസാരപദമാണ് 'ആബാ.' പ്രാര്‍ത്ഥനയിലെ 'ആബാ' എന്ന ഈശോയുടെ വിളി ദൈവവുമായുള്ള അവിടുത്തെ ബന്ധത്തിന്‍റെ ആഴം വ്യക്തമാക്കുന്നു. ദൈവം തന്‍റെ പിതാവാണെന്ന അനുഭവം പ്രാര്‍ത്ഥനയില്‍ ഈശോയ്ക്കുണ്ടായിരുന്നുവെന്നതിന് തെളിവാണിത്.

ലൂക്കാ 10: 21-22ല്‍ അരൂപിയില്‍ ആനന്ദതുന്ദിലനായി ഈശോ പിതാവിന് നന്ദിപറയുന്നു. കാരണം, താന്‍ അവിടുത്തെ പുത്രനാണ്, തനിക്ക് അവിടുത്തെ അറിയാം. പുത്രനെന്നനിലയില്‍ തനിക്കുമാത്രമേ അവിടുന്നുമായി ഗാഢബന്ധമുള്ളൂ. തന്നിലൂടെയാണ് പിതാവ് അതുല്യമായ ഈ പിതൃപുത്രബന്ധത്തിന്‍റെ എണ്ണമറ്റ അനുഗ്രഹങ്ങള്‍ ചെറിവരുടെമേല്‍ വര്‍ഷിക്കുന്നത്. "പിതാവല്ലാതെ ആരും പുത്രനെ അറിയുന്നില്ല. പുത്രനും പുത്രന്‍ ആര്‍ക്കു വെളിപ്പെടുത്തുന്നുവോ അവനുമല്ലാതെ ആരും പിതാവിനേയും അറിയുന്നില്ല." ചുരുക്കത്തില്‍, ഈശോയെ സംബന്ധിച്ചിടത്തോളം പ്രാര്‍ത്ഥന പിതാവുമായുള്ള സുഹൃത് സംഭാഷണമത്രേ.

കര്‍ത്തൃപ്രാര്‍ത്ഥനയില്‍

എല്ലാ ക്രൈസ്തവ പ്രാര്‍ത്ഥനയുടെയും അടിസ്ഥാന തത്ത്വമായി ഈശോ നിര്‍ദ്ദേശിക്കുന്നത് മേല്പറഞ്ഞ പിതൃപുത്രബന്ധാനുഭവമാകുന്നു. പ്രാര്‍ത്ഥനയുടെ ആദ്യപടിയായി ഈശോ ശിഷ്യരില്‍നിന്ന് ആവശ്യപ്പെടുന്നത് ദൈവത്തെ 'പിതാവേ' എന്നുവിളിക്കാനാണ് (11: 2). പ്രാര്‍ത്ഥിക്കുമ്പോള്‍ നാം 'പിതാവിന്‍റെ' സന്നിധിയിലായിരിക്കണം. മത്താ. 6:6-ല്‍ ഇതു വ്യക്തമായി പറയുന്നുണ്ട്: "നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ മുറിയില്‍പോയി വാതിലടച്ച് നിങ്ങളുടെ പിതാവിനോടു രഹസ്യത്തില്‍ പ്രാര്‍ത്ഥിക്കുക." അകത്തെ മുറിയില്‍ പ്രവേശിച്ച്, വാതിലടച്ച്, പിതാവിനോട് രഹസ്യത്തില്‍ പ്രാര്‍ത്ഥിക്കുവാനാണ് അവിടുന്ന് ആവശ്യപ്പെടുന്നത്. ഇവിടെ ചില പഴയനിയമവാക്യങ്ങളുടെ സ്വാധീനം നിഷേധിക്കേണ്ടതില്ല. 2 രാജാ. 4: 33-ല്‍ ഏലീശ്വാ പ്രവാചകന്‍ അകത്തുപോയി വാതിലടച്ച് കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചുവെന്നു കാണുന്നു. എന്നാല്‍ ദൈവപിതാവിന്‍റെ സന്നിധിയിലേക്കു പ്രവേശിക്കുന്നതിനാണ് ഈശോ പ്രാധാന്യം കൊടുക്കുന്നത്. അതു കൂടുതല്‍ അര്‍ത്ഥവത്തും യഹൂദരുടെ രീതിയില്‍നിന്ന് തികച്ചും വിഭിന്നവുമത്രേ. ഹൃദയത്തിന്‍റെ അന്തര്‍മുറികളിലേയ്ക്ക് പ്രവേശിക്കുവാനും തങ്ങളെ ശല്യപ്പെടുത്തുന്ന വാതിലുകള്‍ അടയ്ക്കുവാനും തങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയും കാണുകയും അറിയുകയും ചെയ്യുന്ന പിതാവിന്‍റെ മുമ്പില്‍ ഏകാഗ്രമായി നിലകൊള്ളുവാനും ശിഷ്യന്മാരെ അവിടുന്നു ആഹ്വാനം ചെയ്യുകയാണെന്നു തോന്നുന്നു. പ്രാര്‍ത്ഥന പിതാവും നാമും തമ്മില്‍ നടക്കുന്ന ഒരു കാര്യമാണ്. പ്രാര്‍ത്ഥനയില്‍ നാം പിതാവിന് നമ്മെത്തന്നെ നിശബ്ദമായി സമര്‍പ്പിക്കുകയാണ്. പിതാവിന്‍റെ മുമ്പില്‍നിന്നുകൊണ്ട് പിതാവും മക്കളും തമ്മിലുള്ള സജീവബന്ധം ഗ്രഹിക്കുമ്പോള്‍ നാം അവിടുത്തെ മക്കളാണെന്ന അവബോധം നമുക്കുണ്ടാകുന്നു.

ഈശോ പ്രാര്‍ത്ഥിക്കുവാനായി പിന്‍മാറുന്നു (ലൂക്കാ 5:16; 6:12)

ലൂക്കാ ഈശോയെ പ്രാര്‍ത്ഥനയുടെ മനുഷ്യനായാണ് ചിത്രീകരിക്കുന്നത്. ഈശോയുടെ ജീവിതത്തില്‍ പ്രാര്‍ത്ഥനയ്ക്കു വലിയ സ്ഥാനമുണ്ടായിരുന്നു. അവിടുന്നു പ്രാര്‍ത്ഥിക്കുവാന്‍ പോകുന്നതും പ്രാര്‍ത്ഥന കഴിഞ്ഞു തിരിച്ചുവരുന്നതുമെല്ലാം സുവിശേഷത്തില്‍ നമുക്കു കാണാം. അത്തരം ഒരവസരത്തിലാണ് അപ്പസ്തോലന്മാര്‍ പ്രാര്‍ത്ഥിക്കുവാന്‍ തങ്ങളെ പഠിപ്പിക്കണമെന്നു അവിടുത്തോട് അഭ്യര്‍ത്ഥിച്ചത് (11:1-2). അവിടുത്തെ പ്രവര്‍ത്തനത്തിന്‍റെ നല്ലൊരുപങ്ക് പ്രാര്‍ത്ഥനയായിരുന്നിരിക്കണം. "എന്നാല്‍ അവിടുത്തെപ്പറ്റിയുള്ള വാര്‍ത്തകള്‍ കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് വ്യാപിച്ചു; അവിടുത്തെ ശ്രവിക്കുവാനും രോഗങ്ങളില്‍നിന്ന് മോചനം ലഭിക്കുവാനുമായി ജനക്കൂട്ടം അവിടുത്തെ ചുറ്റുംകൂടി. പക്ഷേ, അവിടുന്ന് മലയിലേയ്ക്ക് പിന്മാറി പ്രാര്‍ത്ഥിച്ചു" (5:15-16).

ഗലീലേയന്‍ പ്രേഷിതവൃത്തിയുടെ ആദ്യഘട്ടത്തിലായിരുന്നു അതു നടന്നത്. അധികാരികളെ വിസ്മയസ്തബ്ധരാക്കിക്കൊണ്ട് അവിടുത്തെ കീര്‍ത്തി എങ്ങും വ്യാപിച്ചുകൊണ്ടിരുന്നു. എങ്കിലും അവിടുന്ന് തന്‍റെ പ്രവര്‍ത്തനത്തിന് ആധ്യാത്മികശക്തി സംഭരിക്കുവാന്‍  തനിയെയിരുന്നു പ്രാര്‍ത്ഥിക്കുമായിരുന്നു. മുകളില്‍ കൊടുത്തിരിക്കുന്ന വിവരണമനുസരിച്ച് അവിടുത്തെ പ്രാര്‍ത്ഥന സ്വാഭാവികവും സാധാരണവുമായിരുന്നു എന്നുവേണം വിചാരിക്കാന്‍.

മര്‍ക്കോസ് 1:45-ലെ സമാന്തരവിവരണം ജനങ്ങളുടെ രാഷ്ട്രീയാവേശത്തില്‍നിന്ന് രക്ഷനേടുന്നതിനുവേണ്ടി മരുഭൂമിയില്‍ അഭയം പ്രാപിക്കാന്‍ ഈശോ നിര്‍ബ്ബന്ധിതനായി എന്ന സൂചനനല്‍കുന്നു. സാഹചര്യങ്ങളെ വേണ്ടവിധം നേരിടുന്നതിനാവശ്യമായ ശക്തി പ്രാപിക്കുന്നതിനാണ് അവിടുന്നു ഒറ്റയ്ക്കുപോയി പ്രാര്‍ത്ഥിക്കുന്നത്. തന്നില്‍നിന്ന് ജനം ആവശ്യപ്പെടുന്നത് പ്രാര്‍ത്ഥനവഴി അവിടുത്തേയ്ക്കു കരഗതമാകുന്നു. മനുഷ്യന്‍റെ വെറുപ്പിന്‍റെ നടുവില്‍ ദൈവത്തിന്‍റെ സ്നേഹം അവിടുത്തെ ആശ്വസിപ്പിക്കുന്നു. മനുഷ്യരുടെ വിമര്‍ശനം നേരിടാന്‍ ദൈവം അവിടുത്തെ ശക്തനാക്കുന്നു.

ജീവിതസാഹചര്യങ്ങളെ അഭിമുഖീകരിക്കാന്‍ മാത്രമല്ല അവിടുന്നു പ്രാര്‍ത്ഥിച്ചത്. പ്രാര്‍ത്ഥനയില്‍ ദീര്‍ഘനേരം കഴിച്ചുകൂട്ടി പിതാവുമായുള്ള ഐക്യത്തിന് പ്രകാശനം നല്‍കുവാന്‍ അവിടുന്നാഗ്രഹിച്ചു. പ്രേഷിതപ്രവര്‍ത്തനത്തില്‍നിന്ന് മാറിനിന്നുകൊണ്ട് ഒറ്റയ്ക്കോ തെരഞ്ഞെടുക്കപ്പെട്ട ശിഷ്യന്മാരോടുകൂടിയോ അവിടുന്നു പ്രാര്‍ത്ഥിക്കുവാന്‍ കുന്നിന്‍ചെരിവിലേയ്ക്കുപോയിരുന്നു. ലൂക്കാ 6: 12 നോക്കുക: "ഈ ദിവസങ്ങളില്‍ അവിടുന്ന് പ്രാര്‍ത്ഥിക്കുവാന്‍ കുന്നിന്‍ചെരിവിലേയ്ക്കുപോയി; രാത്രി മുഴുവന്‍ അവിടുന്ന് പ്രാര്‍ത്ഥനയില്‍ കഴിച്ചുകൂട്ടി". മര്‍ക്കോ. 6: 46 പറയുന്നു: "അവിടുന്ന് അവരെ പറഞ്ഞയച്ചിട്ട് പ്രാര്‍ത്ഥിക്കുവാനായി ഒരു മലയിലേയ്ക്കു പോയി." സുവിശേഷകര്‍ പലപ്പോഴും സ്ഥലമേതാണെന്നും പറയുന്നില്ല. 'ഒരുസ്ഥലം', 'ദൂരെ വല്ല സ്ഥലം', 'വിജനപ്രദേശം' എന്നൊക്കെയാണ് സ്ഥലനിര്‍ദ്ദേശം ചെയ്യുക. "പ്രഭാതത്തില്‍ വെളുക്കുന്നതിനു വളരെമുമ്പ് അവിടുന്ന് എഴുന്നേറ്റ് ഒരു വിജനപ്രദേശത്തേയ്ക്കുപോയി പ്രാര്‍ത്ഥിച്ചു" എന്ന് മര്‍ക്കോ 1:35-ല്‍ കാണുന്നു. 'ഒലിവുമലയാണ് അവിടുന്നു സാധാരണപോയി പ്രാര്‍ത്ഥിച്ചിരുന്ന ഒരു സ്ഥലം. മലയില്‍പോയി പ്രാര്‍ത്ഥിക്കുന്നതിനു ലൂക്കാ പ്രാധാന്യം കൊടുക്കുന്നുണ്ടെന്നുതോന്നുന്നു. മല ആകാശത്തോടു കൂടുതല്‍ അടുത്തിരിക്കുന്നതുകൊണ്ട് സ്വര്‍ഗ്ഗസ്ഥനായ പിതാവുമായി സംഭാഷിക്കാന്‍ എളുപ്പമായിരിക്കാം. ഗ്രാമങ്ങളിലേയും പട്ടണങ്ങളിലേയും ജനക്കൂട്ടത്തില്‍നിന്ന് രക്ഷനേടുവാന്‍ പറ്റിയ സ്ഥലവും മലമ്പ്രദേശമാണല്ലോ. എങ്ങനെയായാലും, മനുഷ്യവര്‍ഗ്ഗത്തിന്‍റെ ഭാഗധേയം നിര്‍ണ്ണയിച്ച അവിടുത്തെ തിരക്കേറിയ പ്രവര്‍ത്തനജീവിതത്തിനിടയില്‍ അവിടുന്ന് ധാരാളം സമയം പ്രാര്‍ത്ഥിക്കാന്‍ ചിലവഴിച്ചുവെന്ന് വ്യക്തം.

ഈശോ ശിഷ്യന്മാരുടെ സാന്നിധ്യത്തില്‍ പ്രാര്‍ത്ഥിക്കുന്നു (ലൂക്കാ 9:18, 28-29)

ഈശോയുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഒരു ഘട്ടത്തിലാണ് ഈ പ്രാര്‍ത്ഥന. അവിടുത്തെ വ്യക്തിത്വത്തിന്‍റെ യഥാര്‍ത്ഥസ്വഭാവം എന്ത് എന്നതാണ് പ്രശ്നം. ഈശോയെയും ശിഷ്യന്മാരെയും ഒരുപോലെ സ്പര്‍ശിക്കുന്ന പ്രശ്നമാണത്. താന്‍ രക്ഷകനായ മിശിഹായാണെന്ന് അവിടുന്നു അറിഞ്ഞിരുന്നുവെങ്കിലും ആ രക്ഷാകരദൗത്യം പൂര്‍ത്തിയാക്കി അവിടുത്തേയ്ക്ക് തന്‍റെ വ്യക്തിത്വം സാക്ഷാത്കരിക്കേണ്ടിയിരുന്നു. ആ ദൗത്യം നിര്‍വ്വഹിക്കുന്നതിന് പിതാവ് നിശ്ചയിച്ചിരിക്കുന്ന മാര്‍ഗ്ഗം സ്വീകരിക്കേണ്ട നിര്‍ണ്ണായകനിമിഷമാണിത്. ജറുസലത്തേയ്ക്ക് പോകാനുള്ള ഒരുക്കത്തിലാണവിടുന്ന് (9:51). അവിടെ തന്നെ കാത്തിരിക്കുന്നത് എന്താണെന്ന് അവിടുത്തേയ്ക്കറിയാം- കുരിശ്. ഈ സന്ദര്‍ഭത്തിലെ പ്രാര്‍ത്ഥനയെപ്പറ്റിയുള്ള രണ്ടു സൂചനകളും അവിടുത്തെ വ്യക്തിത്വവുമായി ബന്ധപ്പെട്ടതത്രേ. ആദ്യസംഭവത്തിലെ "ഞാന്‍ ആരാണെന്നാണ് ജനങ്ങള്‍ പറയുന്നത്?" എന്ന ഈശോയുടെ ചോദ്യവും (9:18) രണ്ടാമത്തെ സംഭവത്തിലെ ജറുസലത്തേയ്ക്കുള്ള യാത്രയെയും അവിടെ നടക്കാന്‍പോകുന്ന കാര്യങ്ങളെയുംപറ്റിയുള്ള മോശയുടെയും ഏലിയായുടെയും സംഭാഷണവും (9: 28-31) അതാണ് വ്യക്തമാക്കുന്നത്.

രണ്ടവസരത്തിലും ശിഷ്യന്മാര്‍ സന്നിഹിതരാണ്. അവര്‍ക്കും ഈശോയുടെ യഥാര്‍ത്ഥവ്യക്തിത്വം കണ്ടെത്തുവാനും അംഗീകരിക്കുവാനുമുള്ള അവസരങ്ങളാണവ. രണ്ടു സന്ദര്‍ഭത്തിലും ഈശോ തന്‍റെ സഹനത്തിന്‍റെയും മരണത്തിന്‍റെയും ആവശ്യകത അവരെ പറഞ്ഞുമനസ്സിലാക്കുന്നുണ്ട്. ഈശോയുടെ മാതൃകയെ ആസ്പദമാക്കി അവര്‍ തങ്ങളുടെ വ്യക്തിത്വവും കണ്ടെത്തണം. തന്‍റെ അന്ത്യത്തെപ്പറ്റി പറഞ്ഞശേഷം അവിടുന്ന് തന്നെ അനുഗമിക്കാന്‍ അവരെ ആഹ്വാനം ചെയ്യുന്നുവെന്നത് ശ്രദ്ധേയമാണ് (വാ. 23-27, 46-48).

ഈ പശ്ചാത്തലത്തില്‍വേണം പ്രാര്‍ത്ഥനയെപ്പറ്റി പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വിലയിരുത്തുവാന്‍. ഈശോ തന്‍റെ പ്രാര്‍ത്ഥനയില്‍ ശിഷ്യന്മാരെയും പങ്കുകൊള്ളിക്കുന്നു. കാരണം, അവിടുത്തെപ്പോലെതന്നെ അവര്‍ക്കും തങ്ങളുടെ വ്യക്തിത്വവും ദൗത്യവും അറിയുകയും അംഗീകരിക്കുകയും ചെയ്യേണ്ട അവസരമാണിത്. ആദ്യസംഭവത്തില്‍ ഈശോ പ്രാര്‍ത്ഥിക്കുന്നു; ശിഷ്യന്മാര്‍ അവിടുത്തോടുകൂടിയുണ്ട് (വാ. 18). രണ്ടാമത്തേതില്‍, "അവിടുന്ന് പത്രോസിനെയും യോഹന്നാനെയും യാക്കോബിനെയും കൂട്ടിക്കൊണ്ട് മലയിലേയ്ക്ക് പ്രാര്‍ത്ഥിക്കുവാന്‍ പോയി. അവിടുന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍" രൂപാന്തരീകരണം നടക്കുന്നു (വാ. 28-29). പ്രാര്‍ത്ഥനയിലും പ്രാര്‍ത്ഥനയിലൂടെയും ദൈവത്തെ കണ്ടുമുട്ടുമ്പോഴാണ് നാം നമ്മുടെ വ്യക്തിത്വവും ദൗത്യവും മനസ്സിലാക്കുന്നതും അംഗീകരിക്കുന്നതും തദനുസൃതം ജീവിക്കാന്‍ പ്രാപ്തരാകുന്നതും.

സ്തുതിയുടെയും കൃതജ്ഞതയുടെയും പ്രാര്‍ത്ഥന (ലൂക്കാ 10:21)

എഴുപത്തിരണ്ടു ശിഷ്യന്മാര്‍ അത്ഭുതങ്ങള്‍ നിറഞ്ഞ തങ്ങളുടെ ആദ്യത്തെ പ്രേഷിതദൗത്യം കഴിഞ്ഞു തിരിച്ചുവരുമ്പോള്‍ ഈശോ സ്തുതിയുടെ ഒരു പ്രാര്‍ത്ഥന ഉരുവിടുന്നു: "സ്വര്‍ഗ്ഗത്തിന്‍റെയും ഭൂമിയുടെയും നാഥനായ പിതാവേ, അങ്ങ് ഇക്കാര്യങ്ങള്‍ വിജ്ഞാനികളിലും വിവേകികളിലുംനിന്ന് മറച്ചുവച്ച് ശിശുക്കള്‍ക്ക് വെളിപ്പെടുത്തിയതിന് ഞാന്‍ അങ്ങയെ സ്തുതിക്കുന്നു. അതേ, പിതാവേ, അതായിരുന്നു അങ്ങയുടെ തിരുവിഷ്ടം" (10: 21). പിതാവിന്‍റെ പദ്ധതിയും മാര്‍ഗ്ഗവും ഇഷ്ടവും അനുസരിച്ചാണ് എല്ലാം നടക്കുന്നത്. അതിനാല്‍ പ്രാര്‍ത്ഥന കൃതജ്ഞതാപ്രകാശനമായി മാറുന്നു. ദരിദ്രര്‍ക്കും വിനീതര്‍ക്കും സുവിശേഷം വെളിപ്പെടുത്തപ്പെടുന്നുവെന്ന ലൂക്കായുടെ ഇഷ്ടപ്രമേയവുമായി ഇവിടുത്തെ സ്തുതിക്കും കൃതജ്ഞതയ്ക്കും സാമ്യമുണ്ട്.

ഇത് സുവിശേഷത്തിലെ ഏറ്റവും ഉത്കൃഷ്ടമായ പ്രാര്‍ത്ഥനാരൂപമാണ്. 'അങ്ങേയ്ക്കു നന്ദി' എന്നുപറയുന്നതിനേക്കാള്‍ എത്രയോ അര്‍ത്ഥസമ്പുഷ്ടമാണത്! ദൈവം ചെയ്ത കാര്യങ്ങള്‍ നമ്മിലുണര്‍ത്തുന്ന ആനന്ദവും ആദരവും അതില്‍ നിറഞ്ഞുനില്‍ക്കുന്നു. വെറുമൊരു മാനുഷികപ്രതികരണമല്ലത്. നാനാപ്രകാരേണ നമുക്കനുഭവവേദ്യമാകുന്ന ദൈവികനന്മയുടെ മുമ്പില്‍ നമുക്കുണ്ടാകുന്ന സ്വാഭാവികവും എന്നാല്‍ പലപ്പോഴും അരൂപിയാല്‍ പ്രചോദിതവുമായ പ്രതികരണമല്ലാതെ മറ്റെന്താണത്? ലൂക്കായുടെ സുവിശേഷത്തില്‍ ഇതു വളരെ വ്യക്തമാണ്. പ്രാര്‍ത്ഥനയുടെ പിന്നിലെ മനോഭാവങ്ങളും പ്രതികരണങ്ങളും ചൂണ്ടിക്കാണിക്കാന്‍ ലൂക്കാ ബദ്ധശ്രദ്ധനത്രേ. മറ്റു പുതിയനിയമഗ്രന്ഥങ്ങളെയപേക്ഷിച്ച് ലൂക്കായുടെ ഗ്രന്ഥങ്ങളില്‍ ദൈവത്തെ പുകഴ്ത്തുന്ന ഭാഗങ്ങള്‍ സുലഭമാണ്. ലൂക്കായുടെ സുവിശേഷത്തില്‍ ദൈവത്തിന്‍റെ നന്മ അനുഭവിക്കുന്ന ഏതൊരാളില്‍നിന്നും സ്തുതിയുടെയും മഹത്വീകരണത്തിന്‍റെയും പ്രതികരണം ഉണ്ടാകുന്നു.

ലൂക്കാ മൂന്നു പദങ്ങളിലൂടെയാണ് സ്തുതിയുടെ ആശയം പ്രകാശിപ്പിക്കുന്നത്: പുകഴ്ത്തുക (praise), മഹത്വപ്പെടുത്തുക (glorify), സ്തുതിക്കുക (bless). മാലാഖമാരും (2: 13) ആട്ടിടയരും (2: 20) ജറുസലേം പ്രവേശനത്തില്‍ ശിഷ്യന്മാരും ദൈവത്തെ പുകഴ്ത്തുന്നു. തളര്‍വാതരോഗിയും (5: 25) നായിനിലെ ജനങ്ങളും (7: 16) കൂനുള്ള സ്ത്രീയും (13: 13) കൃതജ്ഞതാനിര്‍ഭരനായ ഭിക്ഷക്കാരനും (17: 15) അന്ധനായ മനുഷ്യനും (18: 43) ദൈവത്തെ മഹത്വപ്പെടുത്തുകയാണ് ചെയ്യുന്നത്. സഖറിയായും (1: 64) ശിശുവിനെ കാണുന്ന ശെമയോനും സ്വര്‍ഗ്ഗാരോഹണം ദര്‍ശിച്ച ശിഷ്യന്മാരും ദൈവത്തെ സ്തുതിക്കുന്നു.

സ്തുതിയുടെയും കൃതജ്ഞതയുടെയും പ്രാര്‍ത്ഥന മനുഷ്യനെ  ലോകത്തിലും പ്രവര്‍ത്തനത്തിലുംനിന്ന് അകറ്റിനിര്‍ത്തുന്നില്ല. മറിച്ച്, ഈ ലോകത്തില്‍തന്നെ ദൈവമഹത്വം കാണുവാന്‍ അത് അവനെ സഹായിക്കുന്നു. പൂര്‍ണ്ണമായും ഒരു സ്തുതിഗീതമായ 'മാതൃകീര്‍ത്തനം' (1: 46-55) ദൈവം തന്‍റെ ദാസിയില്‍ നിവര്‍ത്തിച്ച വന്‍കാര്യങ്ങളേയും ലോകത്തിലെമ്പാടുമുള്ള ദരിദ്രര്‍ക്കും താഴ്ന്നവര്‍ക്കും അവിടുന്നു നല്‍കുന്ന രക്ഷയേയും അത്ഭുതമൂറുന്ന മിഴികളോടെ വീക്ഷിക്കുകയാണ്.

ഇവ്വിധംതന്നെയാണ് ലോകത്തിലെ അവഗണിക്കപ്പെട്ടവരില്‍ ദൈവമഹത്വം പ്രകടമാകുന്നതുകണ്ട് ഈശോ പിതാവിനു നന്ദിപറയുന്നത്. ക്രൈസ്തവന്‍റെ കൃതജ്ഞതാപ്രകാശനവും ഇങ്ങനെയായിരിക്കണം. ക്രൈസ്തവന്‍ ദൈവപിതാവിന്‍റെ പുത്രനാണ്. അയാള്‍ 'അരൂപി'യില്‍ 'പ്രിയപുത്ര'ന്‍റെ സന്തോഷത്തില്‍ പങ്കുചേരുന്നു. ദൈവത്തിലാണ് അയാളുടെ ഭൂമിയില്‍ മനുഷ്യരുടെ മധ്യേയത്രേ. പ്രയാസങ്ങളും പ്രതീക്ഷകളും നിറഞ്ഞ സഭയില്‍നിന്നുകൊണ്ടാണ് അയാള്‍ സ്നേഹത്തിനു പ്രകാശനം നല്‍കേണ്ടത്.; സ്തുതിയുടെയും കൃതജ്ഞതയുടെയും പ്രാര്‍ത്ഥനയിലൂടെയാണ് സന്തോഷം കണ്ടെത്തേണ്ടത്.

കൃതജ്ഞതാപ്രാര്‍ത്ഥനയും ദൈവപുത്രസ്ഥാനവും

കൃതജ്ഞതാപ്രകാശന പ്രാര്‍ത്ഥനയില്‍ ഈശോയുടെ ദൈവപുത്രസ്ഥാനം അതുല്യമായവിധത്തില്‍ പ്രത്യക്ഷപ്പെടുന്നു. അതേസമയംതന്നെ തികച്ചും മാനുഷികമായ അവിടുത്തെ വിചാരവികാരങ്ങളും പ്രതികരണങ്ങളും അതില്‍ വ്യക്തമായി നിഴലിക്കുന്നുണ്ട്. ഈശോ തന്‍റെ ശിഷ്യരുടെ സന്തോഷത്തില്‍ പങ്കുചേരുന്നു. പക്ഷേ, അതിനു ഒരു രൂപാന്തരം സംഭവിക്കുന്നതായി കാണാം. ശിഷ്യന്മാരുടെ വിജയകരമായ ദൗത്യമുണര്‍ത്തിയ സന്തോഷം അവിടുത്തെ അന്തരാത്മാവില്‍ ചലനം സൃഷ്ടിക്കുകയും അത് അവിടുത്തെ വാക്കുകള്‍ക്ക് അഭൂതപൂര്‍വ്വമായ ശക്തിയും അര്‍ത്ഥസമ്പുഷ്ടിയും നല്‍കുകയും ചെയ്യുന്നു. പുത്രനെ പിതാവിനഭിമുഖമായി നിര്‍ത്തിക്കൊണ്ട് പുത്രന്‍റെ ശക്തി കെട്ടഴിച്ചുവിടുന്നത് പരിശുദ്ധാത്മാവാണ്. അപ്പോള്‍ പുത്രന്‍റെ അധരങ്ങളില്‍നിന്ന് കൃതജ്ഞതാഗാനം ഒഴുകിവരുന്നു. ഈശോ പിതാവിന്‍റെനേരേ തിരിഞ്ഞ് പുത്രന്‍റെ മഹത്വം ഉദ്ഘോഷിക്കുകയാണ്: "പിതാവേ ഞാന്‍ അങ്ങയെ പുകഴ്ത്തുന്നു", "അങ്ങേയ്ക്കു നന്ദിപറയുന്നു". തന്‍റെ പുത്രരോടുള്ള പിതാവിന്‍റെ ഔദാര്യം കാണുന്ന ഈശോയ്ക്ക് തന്‍റെ പുത്രത്വത്തിന്‍റെ പുതിയൊരനുഭവംകൂടി സിദ്ധിക്കുന്നു. തന്‍റെ പുത്രസ്ഥാനത്തെപ്പറ്റി പൂര്‍ണ്ണമായും ബോധവാനായി പിതാവിനോടു പ്രതിസ്നേഹം കാണിക്കാന്‍ പരിശുദ്ധാരൂപി ഈശോയെ ശക്തനാക്കുന്നു (വാ. 22). പിതാവാണ് സ്നേഹത്തിന് ആരംഭമിടുന്നത്. അവിടുത്തെ സ്നേഹം സമ്പൂര്‍ണ്ണദാനമത്രേ. പുത്രന്‍ ആ സ്നേഹത്തെ സ്വാഗതം ചെയ്യുന്നു. പിതാവിന്‍റെ ദാനം പുത്രന്‍ സ്വീകരിക്കുകയാണ് ചെയ്യുക. അന്തിമവിശകലനത്തില്‍, കൃതജ്ഞതാപ്രാര്‍ത്ഥന ദൈവവും മനുഷ്യനും തമ്മിലുള്ള പിതൃപുത്രബന്ധം അനുഭവിക്കുന്നതില്‍നിന്ന് ഉയിര്‍ക്കൊള്ളുന്നതത്രേ.

ഗദ്സമന്‍ തോട്ടത്തിലെ പ്രാര്‍ത്ഥന (ലൂക്കാ 22: 39-46)

ശിഷ്യരാല്‍ അനുഗതനായി പതിവുപോലെ ഒലിവുമലയില്‍ വരുന്ന ഈശോ ഒന്നുകൂടി പിതാവിനെ അഭിസംബോധനചെയ്യുകയാണ് (22: 39). ഈശോ അവിടെ പ്രാര്‍ത്ഥിക്കുവാന്‍ വരിക പതിവായിരുന്നുവെന്ന് ലൂക്കാ എടുത്തുപറയുന്നു. ഈശോ വിനയത്തോടും ആദരവോടുംകൂടി പിതാവിന്‍റെ മുമ്പില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്നു: "കഴിയുമെങ്കില്‍ ഈ കാസാ എന്നില്‍നിന്ന് എടുത്തുമാറ്റണമേ. എന്നാല്‍ എന്‍റെ ഇഷ്ടമല്ല, അങ്ങയുടെ ഇഷ്ടം നിറവേറട്ടെ" (വാ. 42).

പരീക്ഷണഘട്ടത്തിലുള്ള പ്രാര്‍ത്ഥന

മര്‍ക്കോസും മത്തായിയും നല്‍കുന്ന സമാന്തരവിവരണങ്ങളില്‍ ഈശോ സാഷ്ടാംഗപ്രണാമം ചെയ്തു പ്രാര്‍ത്ഥിച്ചു എന്ന് കാണുന്നു. ആസന്നമായ സഹനത്തിന്‍റെ കാസായില്‍നിന്ന് മോചിതനാകാനുള്ള ഈശോയുടെ ആഗ്രഹം അവിടെയും കാണാം. ലൂക്കാ അവിടുത്തെ ശാരീരികവും മാനസികവുമായ വേദന വളരെ വ്യക്തമായി വരച്ചുകാണിക്കുന്നുണ്ട്: "കഠിനവ്യഥയിലകപ്പെട്ട അവിടുന്ന് കൂടുതല്‍ തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചു; അവിടുത്തെ വിയര്‍പ്പ് വലിയ രക്തത്തുള്ളികളെപ്പോലെ നിലത്ത് ഇറ്റിറ്റുവീണു" (വാ. 44).

പ്രാര്‍ത്ഥന വിശ്വാസത്തിന്‍റെ പ്രകാശനമാണ്. എന്നാല്‍ തന്‍റെ മഹത്വത്തിലേയ്ക്ക് പ്രവേശനം നല്‍കുന്നതിനുമുമ്പ് 'ഇസ്രായേല്‍മക്കളില്‍നിന്ന് മുഖം മറച്ചുവയ്ക്കുന്ന ദൈവ' (ഏശ. 8: 17) ത്തിനുവേണ്ടി ക്ഷമയോടെ കാത്തിരിക്കാന്‍ വിശ്വാസം നമ്മോടാവശ്യപ്പെടുന്നു. അതിനാല്‍ പരീക്ഷകള്‍ പലപ്പോഴും പ്രാര്‍ത്ഥനയെ അലട്ടിക്കൊണ്ടിരിക്കും. ആ പരീക്ഷകളെ നേരിടുവാന്‍ പറ്റിയ ഉപാധികൂടിയാണ് പ്രാര്‍ത്ഥന. ആരിലാണ് നാം വിശ്വാസമര്‍പ്പിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ പറ്റിയ അവസരങ്ങളത്രേ പരീക്ഷകള്‍.

ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷ നേരിടുന്ന ഈശോയ്ക്ക് തന്‍റെ ശിഷ്യന്മാരും അതേ അവസ്ഥയിലാണെന്ന് അറിയാം. 'പരീക്ഷകളില്‍ അവിടുത്തോടുകൂടി നിലകൊണ്ടവര്‍' എന്ന് അവിടുന്ന് അവരെപ്പറ്റി പറഞ്ഞിട്ടുണ്ടായിരുന്നു (22; 28). പത്രോസിനും ഈശോ മുന്നറിയിപ്പു നല്‍കി. "സാത്താന്‍ ഗോതമ്പുപോലെ കാറ്റില്‍ പറത്തുവാന്‍ നിന്നെയാവശ്യപ്പെട്ടു; എന്നാല്‍ നിന്‍റെ വിശ്വാസം നഷ്ടപ്പെടാതിരിക്കുവാന്‍ നിനക്കുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ട്" (22: 31-32). ഇപ്പോള്‍, "പ്രലോഭനത്തില്‍ ഉള്‍പ്പെടാതിരിക്കുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍" ഈശോ ശിഷ്യന്മാരോട് ആവശ്യപ്പെടുന്നു (വാ. 40). അങ്ങനെ ഇത് ഈശോയ്ക്കും ശിഷ്യന്മാര്‍ക്കും വലിയ പരീക്ഷയുടെ സമയമാണ്. പ്രാര്‍ത്ഥനയിലൂടെയാണ് അവിടുന്ന് അതിനെ നേരിടുന്നത്. പ്രലോഭനത്തില്‍നിന്നു രക്ഷപെടാന്‍ പ്രാര്‍ത്ഥനയേ ഒരു മാര്‍ഗ്ഗമുള്ളൂ. പ്രാര്‍ത്ഥിക്കുവാനും ഉണര്‍ന്നിരിക്കുവാനും കഴിയാതെ നിദ്രാധീനരും ഭീകരമായ പരീക്ഷയെ നേരിടാന്‍ അശക്തരുമായ ശിഷ്യരെ സംരക്ഷിക്കുന്നത് അവരുടെ ഗുരുവിന്‍റെ പ്രാര്‍ത്ഥനയത്രേ.

ക്രൈസ്തവപ്രാര്‍ത്ഥന - ശ്രവിക്കുന്ന പ്രാര്‍ത്ഥന

ഈശോയുടെ പ്രാര്‍ത്ഥന യഥാര്‍ത്ഥമായ ക്രൈസ്തവ പ്രാര്‍ത്ഥനയുടെ മാതൃകയാണ്. സൃഷ്ടിയെന്ന നിലയില്‍ പിതാവിലുള്ള അവിടുത്തെ വിശ്വാസവും അതു പ്രകടമാക്കുന്നു. ക്രൈസ്തവ പ്രാര്‍ത്ഥന ദൈവോന്മുഖമായിരിക്കണം. അതിനാല്‍ അത് ശ്രവിക്കുന്ന പ്രാര്‍ത്ഥനയുമായിരിക്കണം. ദൈവവുമായുള്ള നമ്മുടെ സ്നേഹൈക്യത്തിന്‍റെ പ്രകാശനമാണ് പ്രാര്‍ത്ഥനയെങ്കില്‍ നമ്മുടെ പ്രാര്‍ത്ഥനയുടെ (യാചന പ്രാര്‍ത്ഥനയുടെപോലും) വിഷയം ദൈവമായിരിക്കേണ്ടതാണ്. ഈശോ പ്രാര്‍ത്ഥിക്കുന്നതു നോക്കുക: "പിതാവേ, കഴിയുമെങ്കില്‍ ഈ കാസ എന്നില്‍നിന്ന് മാറ്റിത്തരണമേ; എന്നാല്‍ എന്‍റെ ഇഷ്ടമല്ല, അങ്ങയുടെ ഇഷ്ടം നിറവേറട്ടെ." പിതാവിന്‍റെ ഇഷ്ടമാണ്, പിതാവിന്‍റെ പദ്ധതിയാണ് പുത്രന്‍ അന്വേഷിക്കുന്നത്. ദൈവോന്മുഖവും ശ്രവണപ്രധാനവുമായ പ്രാര്‍ത്ഥനയുടെ മകുടോദാഹരണമാണിത്.

സ്നേഹം അപരനുവേണ്ടിയുള്ള അര്‍പ്പണം ഉള്‍ക്കൊള്ളുന്നുണ്ട്. ആ അര്‍പ്പണമാണ് യഥാര്‍ത്ഥസ്വാതന്ത്ര്യത്തിന്‍റെ അടിസ്ഥാനം. സ്വാര്‍ത്ഥത്തെ മുറുകെപ്പിടിക്കുന്നതിലല്ല, അപരനോട് തുറന്ന മനോഭാവം പുലര്‍ത്തുന്നതിലാണ് യഥാര്‍ത്ഥ വ്യക്തിത്വം അടങ്ങിയിരിക്കുന്നത്. സ്വയം ത്യജിക്കുമ്പോഴാണ് സ്വയം സൃഷ്ടിക്കുക. ദൈവത്തോടുള്ള ബന്ധത്തില്‍ ഇതു വളരെ ശരിയത്രേ. നമ്മുടെ ആരംഭം ദൈവത്തിന്‍റെ അനന്ത സ്നേഹത്തില്‍നിന്നാകകൊണ്ട് നാം ദൈവപരിപാലനയ്ക്ക് നമ്മെത്തന്നെ പരിപൂര്‍ണ്ണമായി സമര്‍പ്പിക്കുമ്പോഴാണ് നമ്മില്‍ ദൈവമക്കള്‍ക്കടുത്ത വ്യക്തിത്വം രൂപംകൊള്ളുക. ദൈവപുത്രന്‍റെ ഈ പരിപൂര്‍ണ്ണ സമര്‍പ്പണം ഈശോയുടെ പ്രാര്‍ത്ഥനയില്‍ തെളിഞ്ഞുകാണാം. പിതാവും പുത്രനും തമ്മിലുള്ള സ്നേഹൈക്യത്തിന്‍റെ സ്വാഭാവിക പ്രകാശനമാണത്.

നമ്മുടെ യാചനാപ്രാര്‍ത്ഥന രണ്ടു ഇച്ഛകള്‍ തമ്മിലുള്ള സംഘട്ടനമല്ല. പ്രത്യുത, ലോകത്തെയും മറ്റുള്ളവരെയും എന്നെയും സംബന്ധിക്കുന്ന ദൈവത്തിന്‍റെ പദ്ധതിയുടെ അംഗീകാരമത്രേ. എന്‍റെ ഇഷ്ടം ചെയ്യാന്‍ ദൈവത്തോടാവശ്യപ്പെടുന്നതല്ല പ്രാര്‍ത്ഥന. പലപ്പോഴും നമുക്ക് റോളുകള്‍ തെറ്റാറുണ്ട്. നമ്മുടെ ഇഷ്ടവും നമ്മുടെ പദ്ധതിയും നടപ്പാക്കുവാന്‍, നമുക്കു സേവനം ചെയ്യാന്‍ നാം ദൈവത്തോടാവശ്യപ്പെടുന്നു. ഇത് സ്വാര്‍ത്ഥപ്രേരിതമായ, ഫലോന്മുഖമായ പ്രാര്‍ത്ഥനയാണ്. നേരേമറിച്ചാണ് വേണ്ടത്. ദൈവത്തിന്‍റെ ഇഷ്ടം നിറവേറ്റുകയും അവിടുത്തെ പദ്ധതി നടപ്പാക്കുകയും അവിടുത്തേയ്ക്കു സേവനമര്‍പ്പിക്കുകയും ചെയ്യാമെന്ന് നാം വാഗ്ദാനം ചെയ്യുന്നു, അതിനുവേണ്ട ശക്തി അപേക്ഷിക്കുന്നു - അതാണ് യഥാര്‍ത്ഥ പ്രാര്‍ത്ഥന. അടിസ്ഥാനപരമായി അത് ശ്രവിക്കാനുള്ള സന്നദ്ധതയത്രേ. ദൈവം നമ്മുടെ സന്തോഷത്തിന്‍റെ ആത്യന്തിക ഉറവിടമാണെന്നും നാം ചോദിക്കുന്നതിനുമുമ്പുതന്നെ നമ്മുടെ ആവശ്യങ്ങള്‍ അറിയുന്ന സ്നേഹപിതാവാണെന്നും നാം വിശ്വസിച്ചാലേ അതു സാധിക്കുകയുള്ളൂ.

അങ്ങനെയാണ് ഈശോ പ്രാര്‍ത്ഥിച്ചത്. പരിപൂര്‍ണ്ണവിശ്വാസത്തോടെ അവിടുന്നു പറഞ്ഞു: "അങ്ങയുടെ ഇഷ്ടം നിറവേറട്ടെ."  പിതാവിനോടാണ് അവിടുന്ന് സംസാരിച്ചത്. സര്‍വ്വത്ര സന്നിധിചെയ്യുന്ന ഒരു ദൈവത്തോടാണ് അവിടുന്ന് അപേക്ഷിച്ചത്. ഒരിക്കലും ഉപേക്ഷിക്കുകയില്ലാത്ത സ്നേഹത്തിന് ഈശോ തന്നെത്തന്നെ മുഴുവനായും സമര്‍പ്പിക്കുകയായിരുന്നു. നമുക്കു മനസ്സിലാക്കാന്‍ കഴിയാത്തത് അതേപടി അംഗീകരിക്കുക എന്നതാണ് ജീവിതത്തില്‍ ഏറ്റവും ദുസ്സഹമായിട്ടുള്ളത്. പക്ഷേ, ദൈവസ്നേഹത്തെപ്പറ്റി വേണ്ടത്ര ബോധ്യമുണ്ടെങ്കില്‍ നമുക്ക് അത് സാധിക്കും. അപ്പോള്‍ ഈശോയെപ്പോലെ നമുക്കും എപ്പോഴും പറയാന്‍ കഴിയും: "അങ്ങയുടെ ഇഷ്ടം നിറവേറട്ടെ".

ശ്രവിക്കുന്ന പ്രാര്‍ത്ഥന - രൂപാന്തരപ്പെടുത്തുന്ന പ്രാര്‍ത്ഥന

ശ്രവണപ്രധാനമായ പ്രാര്‍ത്ഥനയ്ക്ക് രൂപാന്തരണ ശക്തിയുണ്ടെന്ന് ഗത്സമനിയിലെ ഈശോയുടെ അനുഭവം വ്യക്തമാക്കുന്നു. പ്രാര്‍ത്ഥനയുടെ അവസാനം മാലാഖയുടെ പ്രത്യക്ഷീകരണമാണ് (വാ. 43). തന്‍റെ ഇഷ്ടം നിറവേറ്റാനുള്ള ശക്തി നല്‍കിക്കൊണ്ട് പിതാവ് ഈശോയുടെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരമരുളുന്നു. പ്രാര്‍ത്ഥനയ്ക്കുശേഷം പിതാവ് നല്‍കുന്ന കാസ കുടിക്കാനുള്ള ശക്തിയാര്‍ജ്ജിച്ച്, പുതിയൊരു മനുഷ്യനായി അവിടുന്നു തിരിച്ചുവരുന്നു. അവിടുന്നു വന്ന് ശിഷ്യരോട് പറയുകയാണ്: "സമയം സമാഗതമായിരിക്കുന്നു... എഴുന്നേല്‍ക്കുക, നമുക്കു പോകാം". ദൈവം ശ്രവണമനോഭാവത്തോടെ പ്രാര്‍ത്ഥിക്കുന്നയാളിന്‍റെ ജീവിതത്തിലേയ്ക്ക് പ്രവേശിക്കയും അയാളെ രൂപാന്തരപ്പെടുത്തുകയും ചെയ്യും. അത് ദൈവേഷ്ടത്തിന് വഴങ്ങാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അയാളെ പ്രാപ്തനാക്കും. അങ്ങനെ ഓരോ പ്രാര്‍ത്ഥനയും അയാളെ കൂടുതല്‍ ദൈവൈക്യത്തിലേയ്ക്കു നയിക്കും.

കുരിശില്‍ കിടന്നുകൊണ്ടുള്ള ഈശോയുടെ പ്രാര്‍ത്ഥന (ലൂക്കാ 23:84,46)

കാല്‍വരിയില്‍ കുരിശില്‍ കിടന്നുകൊണ്ട് ഈശോ ധാരണയും ക്ഷമയും സ്ഫുരിക്കുന്ന ഒരു പ്രാര്‍ത്ഥന ഉരുവിടുന്നു: "പിതാവേ, ഇവരോട് ക്ഷമിക്കണമേ; തങ്ങള്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല" (23:34). ഈശോയുടെ ഘാതകര്‍ക്കുവേണ്ടിയുള്ള ഈ പ്രാര്‍ത്ഥന വി. ലൂക്കാ മാത്രമാണ് രേഖപ്പെടുത്തുന്നത്. ഇതും താന്‍ ദൈവപുത്രനാകുന്നുവെന്ന അവിടുത്തെ അനുഭവത്തിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. ശത്രുസ്നേഹം ദൈവമക്കളുടെ അടയാളമത്രേ. "നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക... നിങ്ങള്‍ അത്യുന്നതന്‍റെ പുത്രരാകും... നിങ്ങളുടെ പിതാവ് കരുണയുള്ളവനാകുന്നതുപോലെ നിങ്ങളും കരുണയുള്ളവരാകുവിന്‍" (ലൂക്കാ 6:35-36). മത്തായി 5:44-48 കുറേക്കൂടി വ്യക്തമാണ്: "നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക, നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക; അപ്പോള്‍ നിങ്ങള്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്‍റെ മക്കളായിത്തീരും. അവിടുന്ന് നല്ലവരുടെയും തിന്മ പ്രവര്‍ത്തിക്കുന്നവരുടെയുംമേല്‍ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്മാരുടെയും അനീതി പ്രവര്‍ത്തിക്കുന്നവരുടെയുംമേല്‍ മഴ പെയ്യിക്കയും ചെയ്യുന്നവനത്രേ..... അതിനാല്‍ നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് പരിപൂര്‍ണ്ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണ്ണരായിരിക്കുവിന്‍." ശത്രുക്കളോടുള്ള (പാപികളോടുള്ള) സ്നേഹമാണ് തന്‍റെ പുത്രനെ ലോകത്തിലേയ്ക്കു അയയ്ക്കുവാന്‍ ദൈവത്തെ പ്രേരിപ്പിച്ചത്. കുരിശില്‍ കയറുവാന്‍ പുത്രനെ പ്രേരിപ്പിച്ചതും അതേ സ്നേഹംതന്നെ (യോഹ 3:14-16). അതുകൊണ്ട് കുരിശില്‍ കിടന്നുകൊണ്ടുള്ള പുത്രന്‍റെ പിതാവുമായുള്ള കൂടിക്കാഴ്ച ധാരണയും ക്ഷമയും തുളുമ്പിനില്‍ക്കുന്ന ഈ പ്രാര്‍ത്ഥനയിലൂടെ പ്രകടമായതില്‍ അത്ഭുതപ്പെടാനില്ല.

കുരിശിലെ രണ്ടാമത്തെ പ്രാര്‍ത്ഥന അവിടുത്തെ അവസാനവാക്കുകളാണ്: "പിതാവേ, എന്‍റെ ആത്മാവിനെ ഞാന്‍ അങ്ങേ കരങ്ങളിലേല്പിക്കുന്നു" (23:46). ഇതിലെ 'പിതാവേ' എന്ന വിളിയൊഴിച്ചെല്ലാം സങ്കീ. 31: 5-ലെ വാക്കുകളാണ്. യഹൂദമാതാപിതാക്കള്‍ കിടക്കാന്‍ പോകുന്നതിനുമുമ്പ് ചൊല്ലുവാന്‍ കുട്ടികളെ പഠിപ്പിക്കുന്ന ആദ്യത്തെ പ്രാര്‍ത്ഥനയാണിത്. ചെറുപ്പം മുതലേ ഈശോയും ഈ പ്രാര്‍ത്ഥന ചൊല്ലിവന്നിരിക്കണം. ഈശോ അത് തന്‍റെ അവസാനത്തെ പ്രാര്‍ത്ഥനയാക്കുകയാണ്. അവിടുത്തെ ആദ്യവാക്കുകളും പിതാവിനെ ബന്ധപ്പെടുത്തിയായിരുന്നു: "ഞാന്‍ എന്‍റെ പിതാവിന്‍റെ ഭവനത്തിലായിരിക്കേണ്ടതാണ് എന്ന് നിങ്ങള്‍ക്കറിയാമായിരുന്നില്ലേ?" അവസാന പ്രാര്‍ത്ഥനയും പിതാവിനെ വിളിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്.

സങ്കീര്‍ത്തനത്തിലെ വാക്കുകള്‍ പീഡനം അനുഭവിക്കുന്ന നീതിമാന്‍റേതത്രേ. അയാള്‍ തന്‍റെ ജീവിതത്തെ ദൈവശക്തിക്ക് സമര്‍പ്പിക്കുന്നു. ഇവിടെ ഈശോ തന്‍റെ ആത്മാവിനെ പൂര്‍ണ്ണമായും പിതാവിന്‍റെ കരങ്ങളിലേല്പിക്കുകയാണ്. അങ്ങനെ അവിടുത്തെ ജീവിതം അനുസരണത്തോടും വിശ്വാസത്തോടുംകൂടി നടത്തുന്ന പരിപൂര്‍ണ്ണദാനത്തില്‍ അവസാനിക്കുന്നു. ജീവിതകാലത്ത് തന്‍റെ മരണത്തേയും മഹത്വീകരണത്തേയുംപറ്റി ഓര്‍ക്കുമ്പോഴെല്ലാം അവിടുന്ന് പ്രാര്‍ത്ഥിച്ചിരുന്നു (9:18,28). മഹത്വീകരണം അടുത്തിരിക്കുന്ന ഇപ്പോള്‍ അവിടുന്ന് ഒരു പ്രാര്‍ത്ഥനയോടെ ജീവിതം അവസാനിപ്പിക്കുകയാണ്. പൂര്‍ണ്ണമായും ഒരു ബലിയായി പിതാവിനര്‍പ്പിക്കയാണ്. പൂര്‍ണ്ണമായും ഒരു ബലിയായി പിതാവിനര്‍പ്പിക്കപ്പെട്ടിരുന്ന അവിടുത്തെ ജീവിതത്തിന്‍റെ സാരസംഗ്രഹമാണ് മനോഹരമായ ആ പ്രാര്‍ത്ഥന. പിതാവുമായുള്ള അവിടത്തെ ഗാഢമായ ഐക്യത്തിന്‍റെയും അവിടുത്തെ പ്രാര്‍ത്ഥനാജീവിതത്തിന്‍റെയും അന്തിമപ്രകാശനവും കൂടിയാണത്. 

 

                                                            ഡോ. മാത്യു വെള്ളാനിക്കല്‍

The experience of prayer In the Gospel of Luke catholic malayalam prayer gospel of saint luke Dr. Mathew Vellanikkal Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message