We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Michael Karimattam On 10-Feb-2021
പ്രപഞ്ച സൃഷ്ടി
പ്രപഞ്ചസൃഷ്ടിയെക്കുറിച്ചുള്ള വിവരണത്തോടെയാണ് ബൈബിള്‍ ആരംഭിക്കുന്നത്. ഇത് പുരോഹിത രചന (P) യുടെ ഭാഗമാണെന്ന് പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്നു. സംഭവങ്ങള്‍ അതേപടി ക്രമമായി അവതരിപ്പിക്കുകയല്ല, പ്രപഞ്ചത്തെക്കുറിച്ചു സ്രഷ്ടാവിനെ പ്രകീര്‍ത്തിക്കുകയാണ് വി. ഗ്രന്ഥകാരന്‍ ചെയ്യുന്നത്. ഇത് ഒരു സംഭവവിവരണമല്ല, മനോഹരമായൊരു കാവ്യമാണ്. സങ്കീ. 104; ജോബ് 37-38 എന്നീ ബൈബിള്‍ ഭാഗങ്ങളോട് ഈ കീര്‍ത്തനത്തിനു സാമ്യമുണ്ട്.
ഘടന : ഏഴു ദിവസം എന്ന ചട്ടക്കൂട്ടില്‍ ഒതുക്കിയാണ് സൃഷ്ടിയുടെ വിവരണം നല്കിയിരിക്കുന്നത്. വിവരണത്തിന്‍റെ ആരംഭത്തിലും (1,1) അവസാനത്തിലും (2,4) ഏതാണ്ട് ഒരേ വാക്യവും ആശയവും ആവര്‍ത്തിച്ചുകൊണ്ട് അവയ്ക്കു മധ്യേയുള്ള വിവരണത്തെ ഒന്നായി കാണണം എന്ന് ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നു.
1, 1. "ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു".
2, 4 "ഇതാണ് ആകാശത്തിന്‍റെയും ഭൂമിയുടെയും ഉല്‍പത്തി ചരിത്രം".
മൂന്നു ദിവസം വീതമുള്ള രണ്ടു ഭാഗമായി തിരിച്ചാണ് സൃഷ്ടികര്‍മ്മം വിവരിച്ചിരിക്കുന്നത്. രണ്ടും സമാന്തരമായി നില കൊള്ളുന്നു.
ആദിയില്‍: രൂപരഹിതം - ശൂന്യം
1-ാം ദിവസം: വെളിച്ചം 4-ാംദിവസം: ആകാശ ഗോളങ്ങള്‍
2-ാം ദിവസം: ആകാശം, ജലം 5-ാം ദിവസം: പക്ഷികള്‍, ജലജീവികള്‍
3-ാം ദിവസം : ഭൂമി, സസ്യങ്ങള്‍ 6-ാം ദിവസം: മൃഗങ്ങള്‍, മനുഷ്യര്‍
7-ാം ദിവസം : വിശ്രമം
രണ്ടു ഭാഗത്തെയും പ്രവൃത്തികള്‍ തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ഒന്നാം ദിവസം സൃഷ്ടിച്ച പ്രകാശവും നാലാം ദിവസം സൃഷ്ടിച്ച ആകാശഗോളങ്ങളും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു. രണ്ടാം ദിവസം ആകാശവിതാനമുണ്ടാക്കി ജലത്തെ രണ്ടായി തിരിച്ചു. അഞ്ചാം ദിവസമാകട്ടെ ആകാശത്തില്‍ പറക്കുന്ന പക്ഷികളെയും ജലത്തില്‍ ചരിക്കുന്ന ജീവികളെയും സൃഷ്ടിച്ചു. മൂന്നാം ദിവസത്തെ സൃഷ്ടിയായ കരയും സസ്യങ്ങളും ആറാം ദിവസത്തെ സൃഷ്ടികളായ മൃഗങ്ങളുടെയും മനുഷ്യരുടെയും വാസസ്ഥലവും ആഹാരവുമാണ്. ഇതിനും പുറമേ, മൂന്നും ആറും ദിവസങ്ങളില്‍ രണ്ടു സൃഷ്ടികര്‍മ്മങ്ങള്‍ നടന്നതായി വിവരിക്കുന്നു. ഓരോന്നിനും ശേഷം 'നന്നായിരിക്കുന്നു' എന്ന അവലോകനവും രേഖപ്പെടുത്തിയിരിക്കുന്നു.
ഓരോ ദിവസത്തെയും സൃഷ്ടികര്‍മ്മം അവതരിപ്പിക്കുന്ന വിധത്തില്‍ ഗ്രന്ഥകാരന്‍ ഒരേ വിവരണക്രമം അവലംബിച്ചിരിക്കുന്നു.
1 വിജ്ഞാപനം : ദൈവം അരുളിച്ചെയ്തു.
2 കല്പന : ഉണ്ടാകട്ടെ
3 പ്രസ്താവന : ഉണ്ടായി
4 അവലോകനം : നല്ലതെന്നു ദൈവം കണ്ടു
5 കാലസൂചന : സന്ധ്യയായി - പ്രഭാതമായി
ആറുതവണ ഒരേ ഘടന ആവര്‍ത്തിച്ചുകൊണ്ട് വിവരണത്തെ കവിതാരൂപത്തില്‍ അവതരിപ്പിക്കുകയാണ്.
1,1-2 ആമുഖം: പ്രപഞ്ച സൃഷ്ടിയുടെ വിവരണത്തിന്‍റെ ആമുഖമാണ് ആദ്യത്തെ രണ്ടു വാക്യങ്ങള്‍. ഒന്നാം വാക്യം ഒരു വലിയ പ്രഖ്യാപനമാണ്. 'ആകാശവും ഭൂമിയും' എന്ന പ്രയോഗം സൃഷ്ടപ്രപഞ്ചത്തെ മുഴുവന്‍ സൂചിപ്പിക്കുന്നു. പ്രപഞ്ചം ആകസ്മികമായി താനേ ഉണ്ടായതല്ല, ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ടതാണ്. പ്രപഞ്ചത്തിന് ആരംഭമുണ്ടെങ്കിലും സ്രഷ്ടാവിന് ആരംഭമില്ല എന്ന് 'ആദിയില്‍' എന്ന പദം സൂചിപ്പിക്കുന്നു. "ആദിയില്‍ വചനമുണ്ടായിരുന്നു" (യോഹ 1, 1) എന്ന സുവിശേഷകന്‍റെ പ്രഖ്യാപനം ശ്രദ്ധിക്കുക. 'ഏലോഹിം' എന്ന പദമാണ് 'ദൈവം' എന്നു വിവര്‍ത്തനം ചെയ്യുന്നത്. സൃഷ്ടികര്‍മ്മം ദൈവത്തിന്‍റെ മാത്രം പ്രവൃത്തിയത്രേ.
പ്രപഞ്ചം സൃഷ്ടിക്കപ്പെടുന്നതിനു മുമ്പുള്ള അവസ്ഥയെ വിഭാവനം ചെയ്യാന്‍ ശ്രമിക്കുന്നതാണ് രണ്ടാം വാക്യം. രൂപമില്ലായ്മ, ശൂന്യത, ആഴം, അന്ധകാരം ഇവയെല്ലാം ഇല്ലായ്മയുടെ പ്രതീകങ്ങളാണ്. എങ്ങും ജലംനിറഞ്ഞ് അന്ധകാരം മുറ്റി നില്ക്കുന്ന ഒരു ചിത്രമാണ് വിശുദ്ധഗ്രന്ഥകാരന്‍ വരച്ചുകാട്ടുന്നത്. വെള്ളത്തിനു മുകളില്‍ ചലിച്ചുകൊണ്ടിരുന്ന ദൈവത്തിന്‍റെ ചൈതന്യം സൃഷ്ടികര്‍മ്മത്തിലുള്ള ദൈവാത്മാവിന്‍റെ പ്രവര്‍ത്തനത്തെ സൂചിപ്പിക്കുന്നു: സങ്കീ. 104, 30; ദാനി 7,2.
വിചിന്തനം: ദൈവത്തിന്‍റെ സ്വതന്ത്രമായ തീരുമാനത്തിന്‍റെ ഫലമാണ് സൃഷ്ടികര്‍മ്മം. ദൈവം താങ്ങിനിര്‍ത്തുന്നില്ലെങ്കില്‍ സൃഷ്ടപ്രപഞ്ചം മുഴുവന്‍ ശൂന്യാവസ്ഥയിലേക്കു പിന്തിരിയും. പ്രപഞ്ചസൃഷ്ടിയുടെ ആരംഭം മുതലേ പ്രവര്‍ത്തനനിരതമായിരുന്ന പരിശുദ്ധാത്മാവാണ് പുതിയ സൃഷ്ടികര്‍മ്മവും നിര്‍വ്വഹിക്കുന്നത്. യേശുവിന്‍റെ ജനനത്തിലും (ലൂക്കാ 1,35) സഭയുടെ ഉദ്ഭവത്തിലും (അപ്പ 2, 3-5) മനുഷ്യമക്കള്‍ ദൈവമക്കളായി ജനിക്കുന്നതിലും (യോഹ. 3,5) പ്രവര്‍ത്തിക്കുന്ന പരിശുദ്ധാത്മാവുതന്നെയാണു സൃഷ്ടികര്‍മ്മത്തിനു തുടക്കം കുറിക്കുന്നത്.
ഒന്നാം ദിവസം - പ്രകാശം (1,3-5): 'ഉണ്ടാകട്ടെ' എന്ന ദൈവത്തിന്‍റെ കല്‍പന ശൂന്യതയില്‍നിന്നു സൃഷ്ടികര്‍മ്മം നിര്‍വ്വഹിക്കുന്നു. ദൈവവചനത്തിന്‍റെ ശക്തി ഇവിടെ പ്രകടമാകുന്നു. ദൈവം പറയുന്നത് സംഭവിക്കുന്നു എന്ന് ഇസ്രായേല്‍ ജനം അനേകം തവണ അനുഭവിച്ചറിഞ്ഞതാണ് (ഏശയ്യാ 55,10-11) പുരാണേതിഹാസങ്ങളിലേതുപോലെ ക്ലേശപൂര്‍ണ്ണമായ അദ്ധ്വാനത്തി്ന്‍റെയോ സംഘട്ടനത്തിന്‍റെയോ ഫലമല്ല സൃഷ്ടി; ദൈവം അനായാസമായി സൃഷ്ടിക്കുന്നു.
ദൈവം സൃഷ്ടിച്ചതാണ് പ്രകാശം എന്ന പ്രഖ്യാപനം പ്രകാശത്തെ ദൈവമായോ ദൈവത്തിന്‍റെ ഗുണമായോ കരുതിയിരുന്ന പ്രാചീന മതവിശ്വാസങ്ങളെ നിഷേധിക്കുന്നു. പ്രകാശത്തെയും അന്ധകാരത്തെയും വേര്‍തിരിക്കുന്നതിലൂടെ പകലും രാത്രിയും ഉണ്ടാകുന്നു. അങ്ങനെ കാലഗണന സാദ്ധ്യമാകുന്നു. രണ്ടിനും പേരു നല്‍കുമ്പോള്‍ ദൈവമാണ് കാലത്തിന്‍റെയും ചരിത്രത്തിന്‍റെയും നാഥന്‍ എന്നു വ്യക്തമാക്കുന്നു. പേരു നല്‍കുന്നത് സെമിറ്റിക് ചിന്താഗതിയനുസരിച്ച് അധികാരത്തിന്‍റെയും ഉടമസ്ഥാവകാശത്തിന്‍റെയും അടയാളമാണ്.
പ്രകാശത്തിന്‍റെ അഭാവത്തെയാണ് നാം അന്ധകാരമായി കരുതുക. എന്നാല്‍ പ്രാചീനകാലത്ത് അന്ധകാരം അതില്‍ തന്നെ ഒരു യാഥാര്‍ത്ഥ്യമായി കരുതപ്പെട്ടിരുന്നു. പ്രകാശത്തില്‍നിന്നു വേര്‍തിരിച്ച് അന്ധകാരത്തെ രാത്രിയില്‍ ഒതുക്കിനിര്‍ത്തുന്നതായാണ് സങ്കല്‍പം. പ്രാചീനമനുഷ്യരില്‍ രാത്രി ഭയം ജനിപ്പിച്ചിരുന്നു. കാരണം സൃഷ്ടിക്കു മുമ്പുള്ള ശൂന്യാവസ്ഥയിലേക്കു പ്രപഞ്ചം പിന്‍തിരിയുന്നതുപോലെയാണ് രാത്രിയുടെ വരവിനെ അവര്‍ കണ്ടിരുന്നത്. എന്നും ആവര്‍ത്തിക്കുന്ന പ്രകാശത്തിന്‍റെയും അന്ധകാരത്തിന്‍റെയും വരവ് ദൈവത്തിന്‍റെ സൃഷ്ടികര്‍മ്മത്തെയും നിരന്തരമായ പരിപാലനയേയും അനുസ്മരിപ്പിക്കുന്നു. പകലും രാത്രിയും ദൈവത്തിന്‍റെ കല്പന അനുസരിക്കുന്നു.
നല്ലതെന്നു ദൈവം കണ്ടു: നമുക്ക് ഉപകാരപ്രദമായതിനെയാണ് നാം പൊതുവേ നല്ലതെന്നു വിളിക്കുക. എന്നാല്‍ ഇവിടെ ദൈവത്തിന്‍റെ കാഴ്ചപ്പാടാണ് അവതരിപ്പിക്കുന്നത്. ദൈവം ആഗ്രഹിച്ചവിധത്തില്‍ ആയിരിക്കുന്നു എന്നതാണ് 'നല്ലത്' എന്ന വിലയിരുത്തലിന്‍റെ മാനദണ്ഡം. അത് പൂര്‍ണ്ണതയെ സൂചിപ്പിക്കുന്നു. ഈ അവലോകനം ഓരോ സൃഷ്ടികര്‍മ്മത്തിനുശേഷവും ആവര്‍ത്തിക്കുന്നതിലൂടെ പ്രപഞ്ചവസ്തുക്കളെല്ലാം അതില്‍ തന്നെ നല്ലതാണെന്ന് വിശുദ്ധ ഗ്രന്ഥകാരന്‍ നമ്മെ അനുസ്മരിപ്പിക്കുന്നു.
സന്ധ്യയായി-പ്രഭാതമായി-ഒന്നാം ദിവസം: സൂര്യാസ്തമയം മുതല്‍ സൂര്യാസ്തമയം വരെയാണ് യഹൂദര്‍ ദിവസത്തെ കണക്കാക്കിയിരുന്നത്. സൂര്യനുണ്ടാകുന്നതിനു മുമ്പേ എങ്ങനെ പകലും രാത്രിയും ഉണ്ടായി എന്ന ചോദ്യം വിശുദ്ധഗ്രന്ഥകാരന്‍ ഉന്നയിക്കുന്നില്ല. പ്രകാശത്തിന്‍റെ ഉറവിടം സൂര്യനല്ല എന്നു വ്യക്തമാക്കുകയാണ് പകലിനെ സൂര്യനില്‍ നിന്നു വേര്‍പെടുത്തുന്നതുകൊണ്ട് ചെയ്യുന്നത്. സൂര്യനെ ദൈവമായി ആരാധിച്ചിരുന്ന മതങ്ങളുമായുള്ള ഒരു വിവാദവും ഈ വിവരണത്തിനു പിന്നില്‍ കാണാം.
ഇവിടെ ദിവസം എന്നതുകൊണ്ട് 24 മണിക്കൂറിന്‍റെ ഒരു ദിവസമല്ല, സുദീര്‍ഘമായൊരു കാലഘട്ടം, അഥവാ 'ഒരു യുഗം' ആണ് വിവക്ഷിക്കുന്നത് എന്നു വ്യാഖ്യാനിക്കാറുണ്ട്. വിശുദ്ധ ഗ്രന്ഥകാരന്‍ ഈ അര്‍ത്ഥത്തിലാണ് ദിവസം എന്ന പദം ഉപയോഗിച്ചത് എന്നു കരുതാന്‍ മതിയായ ന്യായമില്ല. ആറു ദിവസത്തെ സൃഷ്ടിയും ഏഴാം ദിവസത്തെ വിശ്രമവും സാബത്തിന്‍റെ പ്രാധാന്യം എടുത്തു കാട്ടുന്നതാണ്.
എന്നാല്‍ വിശുദ്ധ ഗ്രന്ഥകാരന്‍മാര്‍ ഉദ്ദേശിച്ചതിനെക്കാള്‍ ആഴമേറിയ അര്‍ത്ഥം അവരുടെ വാക്കുകള്‍ക്കുണ്ടാകാം എന്ന് അംഗീകരിക്കുമ്പോള്‍ 'യുഗം' എന്ന വ്യാഖ്യാനവും സാധ്യമാണെന്നു കാണാം. "ആയിരം വല്‍സരം അങ്ങയുടെ ദൃഷ്ടിയില്‍ കഴിഞ്ഞുപോയ ഇന്നലെ പോലെയും രാത്രിയിലെ ഒരു യാമം പോലെയും മാത്രമാണ്"(സങ്കീ. 90:4). "കര്‍ത്താവിന്‍റെ മുമ്പില്‍ ഒരു ദിവസം ആയിരം വര്‍ഷങ്ങള്‍ പോലെയും ആയിരം വര്‍ഷം ഒരു ദിവസം പോലെയുമാണ്" (2 പത്രോ. 3:8) എന്നിങ്ങനെയുള്ള പ്രസ്താവനകള്‍ ശ്രദ്ധേയമത്രേ. സൃഷ്ടികര്‍മ്മം 24 മണിക്കൂര്‍ വീതം ദീര്‍ഘിക്കുന്ന ആറു ദിവസം കൊണ്ടു പൂര്‍ത്തിയായതല്ല, അനേക കോടി വര്‍ഷങ്ങളിലൂടെ നടന്നു കൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണ് എന്ന ആധുനികശാസ്ത്രത്തിന്‍റെ നിഗമനവും ബൈബിളിന്‍റെ വിവരണവും തമ്മില്‍ പൊരുത്തക്കേടില്ല എന്നും ഈ വ്യാഖ്യാനം തെളിയിക്കുന്നു.
വിചിന്തനം: 'അന്ധകാരത്തില്‍നിന്നു പ്രകാശത്തിലേക്കു നയിക്കണമേ' എന്ന ഭാരതീയ ഋഷികളുടെ പ്രാര്‍ത്ഥന ഇന്നും നാം ആവര്‍ത്തിക്കുന്നു. അന്ധകാരം ശൂന്യതയേയും നിരാശയേയും, അജ്ഞതയേയും അടിമത്തത്തേയുമൊക്കെ സൂചിപ്പിക്കുന്നു. പ്രകാശമാകട്ടെ സന്തോഷവും, പ്രത്യാശയും പ്രദാനം ചെയ്യുന്നു. അന്ധകാരാവൃതമായ ശൂന്യാവസ്ഥയിലേക്ക് ദൈവം പ്രകാശം ചൊരിഞ്ഞതുപോലെ നിരാശ നിറഞ്ഞ ജീവിതത്തിലേക്ക് അവിടുന്ന് പ്രത്യാശ ചൊരിയുന്നു. ദൈവത്തിന്‍റെ വചനമാണ് പ്രകാശം നല്‍കുന്നത് (സങ്കീ 119:105). 'ഞാന്‍ ലോകത്തിന്‍റെ പ്രകാശമാകുന്നു' (യോഹ 8:12) എന്നു പറഞ്ഞപ്പോള്‍ യേശു പ്രകാശത്തിനു പുതിയൊരര്‍ത്ഥം നല്‍കുകയായിരുന്നു.
രണ്ടാം ദിവസം - ആകാശവിതാനം (1:6-8): പ്രപഞ്ചസംവിധാനത്തെ സംബന്ധിച്ച് പ്രാചീന മനുഷ്യരുടെ ഇടയില്‍ നിലവിലിരുന്ന സങ്കല്‍പത്തിന്‍റെ വെളിച്ചത്തില്‍ വേണം ഈ വിവരണത്തെ മനസ്സിലാക്കാന്‍. ഭൂമിക്കു മുകളില്‍ കമഴ്ത്തിവച്ചിരിക്കുന്ന ഭീമാകാരമായൊരു കോപ്പപോലെയാണ് ആകാശം കരുതപ്പെട്ടിരുന്നത്. മുകളിലുള്ള ജലമാണു വിതാനത്തിന്‍റെ വാതായനങ്ങളിലൂടെ മഴയായി വീഴുന്നത് (ലൂക്ക 4:25). നോഹയുടെ കാലത്ത് ഈ വിതാനം പിളരുകയും താഴെയും മുകളിലുമുള്ള ജലം വീണ്ടും സംയോജിച്ചു ഭൂമിയെ പ്രളയജലത്തില്‍ മുക്കുകയും ചെയ്യുന്നതായി കാണാം. അന്ധകാരമെന്നതുപോലെതന്നെ പ്രളയജലവും പ്രപഞ്ചത്തിന് നിരന്തരഭീഷണിയായി നിലകൊള്ളുന്നു.
മൂന്നാം ദിവസം - കരയും കടലും സസ്യങ്ങളും (1:9-13): രണ്ടാം ദിവസത്തെ വിഭജനപ്രക്രിയ പൂര്‍ത്തിയാക്കുകയാണ് ദൈവം ആദ്യം ചെയ്യുന്നത്. വിതാനത്തിനു താഴെയുള്ള ജലത്തെ ഒരിടത്ത് ഒതുക്കി, ജലത്തില്‍ മുങ്ങിക്കിടന്ന കര പ്രത്യക്ഷമാക്കുന്നു. പ്രളയ ജലത്തില്‍ നിന്നു ഭൂമിയെ മോചിപ്പിക്കുന്ന വിമോചനപ്രവൃത്തിയാണിത്. ജലത്തിനു മുകളില്‍ അദ്ഭുതകരമായി ഉറപ്പിച്ചു നിര്‍ത്തിയിരിക്കുന്ന അതിവിശാലമായൊരു പലക പോലെയാണ് മദ്ധ്യപൗരസ്ത്യദേശത്തെ പ്രാചീനര്‍ ഭൂമിയെ കണ്ടിരുന്നത്. ചുറ്റിലും ഒതുക്കി നിര്‍ത്തിയിരിക്കുന്ന പ്രളയജലമാണ് സമുദ്രം ദൈവം കല്‍പിച്ച അതിരുകള്‍ അത് അനുസരിക്കുന്നു (സങ്കീ. 104:9; ജറെ 5:22).
'ഭൂമി മുളപ്പിക്കുന്നു' എന്നു പറയുമ്പോള്‍ ഭൂമിയുടെ ഫലപുഷ്ടി ദൈവത്തിന്‍റെ ദാനമാണ് എന്ന് സൂചിപ്പിക്കുന്നു. ഭൂമിയാണ് മുളപ്പിക്കുന്നതെങ്കിലും ദൈവത്തിന്‍റെ കല്‍പനയനുസരിച്ച് അത് ചെയ്യുന്നതിനാല്‍ ദൈവം തന്നെയാണ് സസ്യലോകത്തിന്‍റെയും നാഥന്‍. ആറാം ദിവസത്തെ സൃഷ്ടിയില്‍ ഇവ മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും ആഹാരമായി ഉദ്ദേശിച്ചുള്ളതാണെന്നു വ്യക്തമാക്കുന്നു (1:29-30).
വിചിന്തനം: പ്രളയജലത്തിനുമധ്യേ ദൈവം നിര്‍മ്മിച്ച ഒരു കൂടാരം പോലെയാണ് വിശുദ്ധഗ്രന്ഥകാരന്‍ പ്രപഞ്ചത്തെ വിഭാവനം ചെയ്യുന്നത്. സൃഷ്ടപ്രപഞ്ചത്തെ മുഴുവന്‍ വലയം ചെയ്തു സംരക്ഷിക്കുന്ന ദൈവപരിപാലനയുടെ അടയാളമാണിത്. സൂര്യന്‍റെ മാരകമായ രശ്മികളെ തടഞ്ഞുനിര്‍ത്തുന്ന അന്തരീക്ഷ വായുമണ്ഡലത്തെക്കുറിച്ച് (ozone sphere) നമുക്ക് ഇന്ന് അറിവു ലഭിച്ചിട്ടുണ്ട്. അന്തരീക്ഷത്തിലെ താപനില ഉയരുകയും ധ്രുവപ്രദേശങ്ങളിലെ മഞ്ഞുമലകള്‍ ഉരുകി ഭൂമിയുടെ നല്ലൊരു ഭാഗം ജലത്തിനടിയിലാവുകയും ചെയ്യാനുള്ള സാധ്യതകളെക്കുറിച്ച് ആധുനികശാസ്ത്രജ്ഞന്മാര്‍ മുന്നറിയിപ്പു നല്‍കുന്നുണ്ട്. പ്രാചീനവിശ്വാസവും ആധുനികശാസ്ത്രവും ഫലത്തില്‍ ഒന്നുതന്നെയാണ് പഠിപ്പിക്കുക. ഭൂമിയില്‍ ജീവന്‍ വളര്‍ന്നു വികസിക്കാന്‍ വേണ്ട പരിസ്ഥിതി നിരന്തരമായ ഭീഷണിയെ നേരിടുന്നുണ്ട്. ആകാശവിതാനം ഭേദിച്ചു പ്രളയജലമോ, സംരക്ഷണവലയം ഭേദിച്ച് മാരകരശ്മികളോ ഭൂമിയില്‍ പതിക്കാം. ദൈവികപരിപാലനയുടെ വൈഭവം എത്രയെന്ന് ഈ അപകടാവസ്ഥ വ്യക്തമാക്കുന്നു.
നാലാം ദിവസം - ആകാശഗോളങ്ങള്‍ (1:14-19): ഒന്നാം ദിവസത്തെ സൃഷ്ടിയുമായി ബന്ധപ്പെട്ടതാണ് നാലാം ദിവസത്തെ സൃഷ്ടി. ആകാശഗോളങ്ങളെ ദൈവങ്ങളായി ആരാധിച്ചിരുന്ന ലോകത്തില്‍ തികച്ചും വിപ്ലവകരമായൊരു വിശ്വാസമാണ് വി.ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നത്. സൂര്യന്‍, ചന്ദ്രന്‍ എന്ന പേരുകള്‍ പോലും പറയാതെ വലിയ ദീപം, ചെറിയ ദീപം എന്നു വര്‍ണ്ണിക്കുന്നതിലൂടെ അവയൊന്നും ദൈവമല്ലെന്നും ദൈവത്തിന്‍റെ സൃഷ്ടികള്‍ മാത്രമാണെന്നും ഊന്നിപ്പറയുന്നു. ആകാശഗോളങ്ങളെ അലങ്കാരങ്ങളായും കാലം അറിയിക്കുന്ന ഉപകരണങ്ങളായും ഇവിടെ ചിത്രീകരിക്കുന്നു. പഞ്ചാംഗത്തിന്‍റെയും ഘടികാരത്തിന്‍റെയും സ്ഥാനമേ അവയ്ക്കുള്ളൂ.
വിചിന്തനം: ആകാശഗോളങ്ങള്‍ മനുഷ്യന്‍റെ ഭാവിയെ നിര്‍ണ്ണയിക്കുന്ന ദൈവങ്ങളാണെന്നു വിശ്വസിച്ചിരുന്ന പ്രാചീനര്‍ നിരന്തരമായ ഭീതിയിലാണ് കഴിഞ്ഞിരുന്നത്. ഈ ഭയത്തില്‍ നിന്നു മോചനം നല്‍കുന്നതാണ് ഇവിടെ പ്രഖ്യാപിക്കപ്പെടുന്ന വിശ്വാസം. മനുഷ്യര്‍ ദൈവങ്ങളുടെ കരങ്ങളിലെ കളിപ്പാട്ടങ്ങളല്ല. എന്നാല്‍ ആകാശഗോളങ്ങളുടെ നില മനുഷ്യജീവിതത്തെ നിയന്ത്രിക്കുന്നു എന്ന അന്ധവിശ്വാസം പലരിലും ഇന്നും നിലനില്‍ക്കുന്നുണ്ട്. വാരഫലവും മുഹൂര്‍ത്തവും നോക്കി തീരുമാനങ്ങളെടുക്കുമ്പോള്‍ വിഗ്രഹാരാധനയിലേക്കു വഴുതി വീഴുകയാണെന്ന് ഓര്‍ക്കണം. ദൈവവചനം നല്‍കുന്ന സ്വാതന്ത്ര്യം ആസ്വദിക്കാന്‍ അന്ധവിശ്വാസങ്ങളെ ഉപേക്ഷിച്ചേ മതിയാവൂ.
അഞ്ചാം ദിവസം - ജലജീവികള്‍, പക്ഷികള്‍ (1:20-23): സസ്യലോകത്തിനു ജീവനുള്ളതായി പ്രാചീനര്‍ കരുതിയിരുന്നില്ല. അതിനാല്‍ ജീവജാലങ്ങളുടെ സൃഷ്ടി അഞ്ചാം ദിവസം തുടങ്ങുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. ആകാശത്തെ രണ്ടു തട്ടായിട്ടാണ് ഇവിടെ കാണുന്നത്. മുകളില്‍ വിരിച്ചുനിര്‍ത്തിയിരിക്കുന്ന വിതാനം. അവിടെയാണ് ആകാശഗോളങ്ങളുടെ സ്ഥാനം. അവയ്ക്കു താഴെ, ഭൂമിക്കു മുകളിലുള്ള അന്തരീക്ഷമാണ് താഴത്തെ തട്ട്. അതാണ് പക്ഷികളുടെ വിഹാരരംഗം. രണ്ടു തട്ടുകള്‍ക്കും അവയ്ക്കു മുകളിലുള്ള ജലത്തിനും മുകളിലാണ് മൂന്നാമത്തെ തട്ട്. അത് ദൈവത്തിന്‍റെ ഭവനമാണ്. ഇതിനെ ഉദ്ദേശിച്ചാണ് വി. പൗലോസ് മൂന്നാം സ്വര്‍ഗ്ഗം എന്നു പറയുന്നത്. (2 കോറി 12:2). അഞ്ചാം ദിവസത്തെ സൃഷ്ടികര്‍മ്മം രണ്ടാം ദിവസത്തേതിനോടു ബന്ധപ്പെട്ടിരിക്കുന്നു.
ജലജീവികള്‍ക്കും പക്ഷികള്‍ക്കും പ്രത്യുല്‍പാദനശക്തി നല്‍കിക്കൊണ്ട് ദൈവം അവയെ അനുഗ്രഹിച്ചു. ജീവന്‍ നല്‍കാനുള്ള കഴിവ് ദൈവത്തിന്‍റെ പ്രത്യേക ദാനമാണ്. എല്ലാത്തരം ജീവജാലങ്ങളെയും സംരക്ഷിക്കാനും നിലനിര്‍ത്താനും ദൈവം ആഗ്രഹിക്കുന്നു എന്ന് ഈ പ്രസ്താവന വ്യക്തമാക്കുന്നു.
ആറാം ദിവസം - മൃഗങ്ങള്‍, മനുഷ്യര്‍ (1:24-30): മൂന്നാം ദിവസമെന്നതുപോലെ ആറാം ദിവസവും രണ്ടു സൃഷ്ടി കര്‍മ്മങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു. ആദ്യമായി ജന്തുക്കളെയാണ് സൃഷ്ടിക്കുക. രണ്ടാമത്തെ പ്രവൃത്തി മനുഷ്യസൃഷ്ടിയാണ്. സൃഷ്ടികര്‍മ്മത്തിന്‍റെ മകുടമായിട്ടാണ് അവസാനത്തെ സൃഷ്ടിയായ മനുഷ്യന്‍ പ്രത്യക്ഷപ്പെടുന്നത്. ദൈവത്തിന്‍റെ ആലോചന, മനുഷ്യന്‍റെ സ്വഭാവം, ലക്ഷ്യം എന്നിവ ഈ വിവരണത്തെ മറ്റു സൃഷ്ടികളുടെ വിവരണങ്ങളില്‍ നിന്നു വേര്‍തിരിച്ചു നിര്‍ത്തുന്നു.
"നമുക്ക് നമ്മുടെ": ഏകദൈവം എന്തുകൊണ്ട് ബഹുവചനം ഉപയോഗിക്കുന്നു? ഇത് പൂജകബഹുവചനമായി കരുതുന്നവരുണ്ട്. ദൈവത്തിന്‍റെ ആലോചനാസഭയെക്കുറിച്ചാണ് ഇവിടെ സൂചന (ജോബ് 1:6; 2:1; 1 രാജാ 22:19-21) എന്നു മറ്റു ചിലര്‍ കരുതുന്നു. ദൈവത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഏലോഹിം എന്ന പദം ബഹുവചനമായതിനാല്‍ അതിനോട് അനുരൂപപ്പെടുത്താന്‍വേണ്ടി ഇവിടെയും ബഹുവചനം ഉപയോഗിക്കുന്നു എന്ന് വേറേ ചിലര്‍ കരുതുന്നു. ദൈവം തന്നോടു തന്നെ ആലോചിച്ചു എന്ന വ്യാഖ്യാനമാണ് കൂടുതല്‍ സ്വീകാര്യം. ദൈവം ആലോചിച്ചു തീരുമാനിച്ചാണ് മനുഷ്യനെ സൃഷ്ടിച്ചത് എന്നതു മനുഷ്യനു ദൈവം നല്കുന്ന പ്രാധാന്യത്തെ എടുത്തു കാട്ടുന്നു. പുതിയ നിയമത്തില്‍ വെളിപ്പെടുത്തപ്പെട്ട പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള വ്യംഗ്യമായ ഒരു സൂചനയും ഈ പദപ്രയോഗത്തിലുണ്ടാകാം.
ഛായ - സാദൃശ്യം: മനുഷ്യസ്വഭാവത്തെയും മനുഷ്യനു ദൈവത്തോടുള്ള ബന്ധത്തെയും വെളിപ്പെടുത്തുന്നതാണ് ഈ പദങ്ങള്‍. ഛായ എന്നു വിവര്‍ത്തനം ചെയ്യുന്ന 'സെലെം' എന്ന ഹീബ്രുവാക്കിന് പ്രതിമ, പ്രതിരൂപം എന്നാണ് അര്‍ത്ഥം. മനുഷ്യന്‍ ദൈവത്തിന്‍റെ പ്രതിരൂപമായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന് ആദ്യത്തെ പദം സൂചിപ്പിക്കുന്നു. എന്നാല്‍ ഈ ചിന്ത അതിരു കടന്ന് മനുഷ്യനെ മറ്റൊരു ദൈവമായി കാണാതിരിക്കാന്‍ വേണ്ടിയാണ് സാദൃശ്യം എന്ന പദം കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. 'ദ്മൂത്' എന്നാണ് ഇതിന്‍റെ ഹീബ്രുമൂലം. സാമ്യമുള്ളത്, ഏകദേശരൂപം എന്നൊക്കെയാണ് ഈ പദത്തിന്‍റെ അര്‍ത്ഥം. ചിന്തിക്കാനും സ്വതന്ത്രമായി തീരുമാനം എടുക്കാനും സ്നേഹിക്കാനും ഉള്ള കഴിവും ശാരീരികതയും ചേര്‍ന്നതാണ് ഈ പ്രതിഛായ. പൂര്‍ണ്ണമായ മനുഷ്യവ്യക്തിയാണ് ദൈവഛായയില്‍ സൃഷ്ടിക്കപ്പെട്ടത്. "ദൈവം സ്നേഹമാകുന്നു" (1 യോഹ. 4,8) എന്ന പുതിയനിയമ പഠനത്തിന്‍റെ വെളിച്ചത്തില്‍ സ്നേഹിക്കാനുള്ള കഴിവിലാണ് മനുഷ്യനിലെ ദൈവഛായ ഏറ്റം പ്രകടമാവുന്നത് എന്ന് കരുതാനാവും.
വിചിന്തനം: ദൈവത്തിന്‍റെ പ്രതിഛായയില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നതാണ് മനുഷ്യമഹത്വത്തിന്‍റെ നിദാനം. ദൈവവുമായി വ്യക്തിപരമായ ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അവനു കഴിയും. ഓരോ വ്യക്തിയും ദൈവത്തിനു വിലപ്പെട്ടവനാണ്, മഹത്വമുള്ളവനാണ് (സങ്കീ. 8; ഏശ. 43,4). മനുഷ്യനെ ജാതിയുടെയും വര്‍ഗ്ഗത്തിന്‍റെയും തൊഴിലിന്‍റെയും മറ്റും പേരില്‍ ഉയര്‍ന്നവരും താണവരും ആയി തരംതിരിക്കുന്നതും ചിലരെ അവജ്ഞയോടെ വീക്ഷിക്കുന്നതും ദൈവത്തിന്‍റെ പദ്ധതിക്കു വിരുദ്ധമാണ്. മനുഷ്യനെ അവഹേളിക്കുന്നവന്‍ ദൈവത്തെ അവഹേളിക്കുന്നു. (മത്താ. 25,45).
പരസ്പരം സ്നേഹിക്കുകയും പൂര്‍ണ്ണമായി ദാനം ചെയ്യുകയും ചെയ്യുന്ന പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്ന മൂന്നു വ്യക്തികളുടെ കൂട്ടായ്മയാണ് ദൈവം. ദൈവത്തിന്‍റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യന്‍ കൂട്ടായ്മയിലേക്കു വിളിക്കപ്പെട്ടിരിക്കുന്നു. പരസ്പരം അംഗീകരിക്കുകയും സ്നേഹിക്കുകയും പങ്കുവെയ്ക്കുകയും ചെയ്ത്, ഒരു കുടുംബമായി, കൂട്ടായ്മയായി വളരുക എന്നത് മനുഷ്യനെ സംബന്ധിച്ച ദൈവികപദ്ധതിയാണ്.
ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട ആദിമനുഷ്യന്‍ വരാനിരിക്കുന്ന യേശുക്രിസ്തു എന്ന പൂര്‍ണ്ണ മനുഷ്യന്‍റെ മുന്നോടിയും പ്രതീകവുമാണ്. യേശുവിലാണ് ദൈവിക പ്രതിഛായ അതിന്‍റെ പൂര്‍ണ്ണതയില്‍ പ്രതിഫലിക്കുന്നത് (കൊളോ 1:15). നാമെല്ലാം യേശുവിന്‍റെ പൂര്‍ണ്ണതയിലേക്കു വളരാന്‍ വിളിക്കപ്പെട്ടവരാണ് (എഫേ 4:13).
ആധിപത്യം: ദൈവഛായയില്‍ മനുഷ്യനെ സൃഷ്ടിച്ചതിന്‍റെ ലക്ഷ്യം മനുഷ്യന് ഭൂമിയുടെയും അതിലെ സകല ജീവജാലങ്ങളുടെയുംമേല്‍ ആധിപത്യം ഉണ്ടായിരിക്കുക എന്നതാണ്. സൃഷ്ടികര്‍മ്മത്തില്‍ ക്രിയാത്മകമായി പങ്കുചേരാന്‍ മനുഷ്യന്‍ വിളിക്കപ്പെട്ടിരിക്കുന്നു. അവന്‍ ഭൂമിയില്‍ ദൈവത്തിന്‍റെ പ്രതിനിധിയായി വര്‍ത്തിക്കണം.
വിചിന്തനം: എല്ലാ പ്രപഞ്ചവസ്തുക്കളും മനുഷ്യന്‍റെ ആധിപത്യത്തില്‍ ഏല്പിച്ചിരിക്കുന്നു. അവന്‍ സൃഷ്ടിവസ്തുക്കള്‍ ഒന്നിന്‍റെയും അടിമയായിരിക്കരുത്, അവ ഒന്നിനെയും ആരാധിക്കയുമരുത്. സൃഷ്ടിയുടെ മകുടമായ മനുഷ്യന്‍ സൃഷ്ടപ്രപഞ്ചത്തിന്‍റെ മുഴുവന്‍ ആരാധനയും സ്തുതിയും ദൈവത്തിനു സമര്‍പ്പിക്കാന്‍ കടപ്പെട്ടിരിക്കുന്നു.
പ്രപഞ്ച രഹസ്യങ്ങള്‍ അന്വേഷിച്ചറിയാനും പ്രപഞ്ചത്തെ ഏവര്‍ക്കും ഉപയുക്തമാംവിധം ക്രമീകരിക്കാനും മനുഷ്യന് ഉത്തരവാദിത്വമുണ്ട്. എന്നാല്‍ മനുഷ്യന്‍റെ ആധിപത്യം സ്വേച്ഛാധിപത്യമാകരുത്. ദൈവത്തിന്‍റെ പ്രതിനിധിയായി സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യന്‍ അവിടുത്തെ ഹിതമനുസരിച്ചാവണം ഭൂമിയുടെമേല്‍ ഭരണം നടത്തുന്നത്. സ്വാര്‍ത്ഥമോഹങ്ങളുടെ പൂര്‍ത്തീകരണത്തിനായി പ്രകൃതി നിയമങ്ങളെയും ദൈവികപദ്ധതിയെയും മാനിക്കാതെ പ്രപഞ്ചത്തെ ചൂഷണം ചെയ്യുന്നവര്‍ നാശമാണു വരുത്തിവയ്ക്കുക. നിരന്തരം വികസിക്കുന്ന മരുഭൂമിയും അനുദിനം വര്‍ദ്ധമാനമായിക്കൊണ്ടിരിക്കുന്ന ജല-വായു-ഭൂമി മലിനീകരണവും അതുപോലുള്ള മറ്റു വിനകളും ഉത്തരവാദിത്വരഹിതമായ മനുഷ്യന്‍റെ പ്രവര്‍ത്തനങ്ങളുടെ ഫലമത്രേ.
സ്ത്രീയും പുരുഷനും: ആദാം എന്ന പദമാണ് മനുഷ്യന്‍ എന്നു വിവര്‍ത്തനം ചെയ്യപ്പെടുന്നത്. ഒരു വ്യക്തിയുടെ പേര് എന്നതിലുപരി "മനുഷ്യന്‍"എന്ന പൊതു സ്വഭാവത്തെ ഈ വാക്കു സൂചിപ്പിക്കുന്നു. സ്ത്രീയും പുരുഷനും അടങ്ങുന്ന മനുഷ്യന്‍ സമൂഹജീവിയാണ്. ഈ സമൂഹത്തിലാണ് ദൈവത്തിന്‍റെ പ്രതിഛായ അതിന്‍റെ പൂര്‍ണ്ണതയില്‍ പ്രത്യക്ഷമാകുന്നത്.
വിചിന്തനം: സ്ത്രീയും പുരുഷനും ഒരുപോലെ ദൈവത്തിന്‍റെ പ്രതിഛായ വഹിക്കുന്നു. സ്ത്രീകളെ താഴ്ന്നവരായി കരുതുകയും ചൂഷണം ചെയ്യുകയും വ്യാപാരവസ്തുവാക്കുകയും ചെയ്യുന്ന സംസ്കാരം ദൈവിക പദ്ധതിക്കു വിരുദ്ധമാണ്. ഗര്‍ഭസ്ഥശിശു സ്ത്രീയാണെന്നറിഞ്ഞാല്‍ കൊന്നുകളയുന്ന സംസ്കാരം പൈശാചികമത്രേ.
സന്താനപുഷ്ടി: മനുഷ്യനെ സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചതിന്‍റെ മുഖ്യലക്ഷ്യം അവര്‍ കുഞ്ഞുങ്ങള്‍ക്കു ജന്മം നല്കുക എന്നതാണെന്ന് തുടര്‍ന്നു പ്രസ്താവിക്കുന്നു. സൃഷ്ടിയുടെ രണ്ടാം വിവരണത്തില്‍ പരസ്പരം ഇണയും തുണയുമായി വര്‍ത്തിക്കാന്‍വേണ്ടിയാണ് ലൈംഗികവ്യത്യാസം എന്ന് എടുത്തു കാട്ടുന്നുണ്ട് (ഉല്‍പ 2:18). ദാമ്പത്യബന്ധത്തിന്‍റെ ഏറ്റം പ്രധാനപ്പെട്ട രണ്ടു ലക്ഷ്യങ്ങളാണ് പ്രത്യുല്പാദനവും സഖിത്വവും. ലൈംഗികത ദൈവനിശ്ചിതവും വിശുദ്ധവുമാണെന്ന് ഈ രണ്ടു വിവരണങ്ങള്‍ വ്യക്തമാക്കുന്നു. ജന്മം നല്‍കാനുള്ള കഴിവ് ദൈവത്തിന്‍റെ ദാനമാണ്, സന്താനപുഷ്ടി ദൈവാനുഗ്രഹമാണ്.
വിചിന്തനം: മൃഗങ്ങളെപ്പോലെ പെരുകുകയല്ല, വിവേകവും ബുദ്ധിയുമുള്ള മനുഷ്യനെന്ന നിലയില്‍ സന്താനങ്ങള്‍ക്കു ജന്മം നല്‍കി മനുഷ്യോചിതമായി വളര്‍ത്തുകയാണ് ഇവിടെ വിവക്ഷിക്കുന്ന ദൗത്യം. ഉത്തരവാദിത്വപൂര്‍ണ്ണമായ കുടുംബസംവിധാനമാണ് ദൈവം മനുഷ്യനെ ഏല്‍പ്പിച്ചിരിക്കുന്നത്. അതിനാല്‍ കൃത്രിമ കുടുംബാസൂത്രണ സംവിധാനങ്ങളെ സഭ എതിര്‍ക്കുന്നു. ഗര്‍ഭഛിദ്രമാകട്ടെ, കൊല്ലരുത് എന്ന ദൈവപ്രമാണത്തിന്‍റെ ലംഘനമാണ്.
ഭക്ഷണം: തന്‍റെ സൃഷ്ടികള്‍ക്കെല്ലാം ജീവനും നിലനില്പും സുസ്ഥിതിയും ദൈവം ഉറപ്പു വരുത്തുന്നു. കായ്കനികളും ധാന്യങ്ങളും മനുഷ്യനു ഭക്ഷണമായി നല്കുന്നു. മൃഗങ്ങള്‍ക്കാവട്ടെ, പുല്ലും ഇലകളും. ആരും ആരെയും ദ്രോഹിക്കുകയോ വധിക്കുകയോ ചെയ്യാതെ സമാധാനത്തിലും സമൃദ്ധിയിലും കഴിയണം. ആവശ്യമായവ ആര്‍ക്കും കിട്ടാതെ വരരുത് എന്നത് ദൈവത്തിന്‍റെ പദ്ധതിയാണ്. ആരംഭത്തില്‍ മനുഷ്യന്‍ സസ്യഭുക്കായിരുന്നെന്നും പിന്നീടാണ് മാംസം ഭക്ഷിക്കാന്‍ തുടങ്ങിയതെന്നും ഈ വിവരണം സൂചിപ്പിക്കുന്നു. പാപത്തിനധീനനായി ദൈവത്തില്‍ നിന്നകന്നുപോയ മനുഷ്യനാണ് കൊന്നു തിന്നാന്‍ തുടങ്ങിയത് (ഉല്‍പ 9:2-3). ഈ അവസ്ഥയ്ക്കു മാറ്റം വരുമെന്നും വീണ്ടും മനുഷ്യനും മൃഗങ്ങളും സസ്യഭുക്കുകളും സമാധാനപ്രിയരും ആകുമെന്നും ദൈവം പ്രവാചകന്മാരിലൂടെ വാഗ്ദാനം ചെയ്യുന്നുണ്ട്. (ഏശ 65:25).
വിചിന്തനം: മനുഷ്യനും മൃഗങ്ങള്‍ക്കും ആഹാരത്തിനാവശ്യമായത് ഭൂമിയില്‍നിന്നു ലഭിക്കാന്‍ ദൈവം സംവിധാനം ചെയ്തിട്ടുണ്ട്. ഒരു ചെറിയ ന്യൂനപക്ഷം ഭൂമിയും അതിലെ വിഭവങ്ങളും കൈയടക്കി സകലവിധ സുഖഭോഗങ്ങളും അനുഭവിക്കുകയും ഭൂരിപക്ഷത്തെ ദാരിദ്യത്തിലും പട്ടിണിയിലും ആഴ്ത്തുകയും ചെയ്യുന്ന ഇന്നത്തെ സാമ്പത്തിക സംവിധാനം ദൈവികപദ്ധതിക്കു വിരുദ്ധമാണ്. കോടിക്കണക്കിനു ജനങ്ങള്‍ ആവശ്യത്തിനാഹാരം കിട്ടാതെ വിഷമിക്കുമ്പോള്‍ ലോകകമ്പോളത്തില്‍ ഭക്ഷ്യധാന്യങ്ങളുടെ വില ഉയര്‍ത്താന്‍ വേണ്ടി ഉല്‍പാദനം നിയന്ത്രിക്കുകയും ഭക്ഷ്യവസ്തുക്കള്‍ നശിപ്പിക്കുകയും ചെയ്യുന്ന അന്താരാഷ്ട്രവിപണന നയവും നിയമങ്ങളും പാപകരമാണ്, അയല്ക്കാരന്‍ പട്ടിണി കൊണ്ടു മരിക്കുമ്പോള്‍ വിരുന്നാഘോഷിക്കുന്നതു പോലെ (ലൂക്ക 16:22). ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം മുതലായ അടിസ്ഥാനാവശ്യങ്ങള്‍ എല്ലാ മനുഷ്യര്‍ക്കും നിറവേറ്റാന്‍ ഉതകുന്ന ദേശീയ-അന്തര്‍ദ്ദേശീയ സംവിധാനങ്ങള്‍ക്കു രൂപം നല്‍കാന്‍ മനുഷ്യന് ഉത്തരവാദിത്വമുണ്ട്. "അയല്‍ക്കാരന്‍റെ ഉപജീവനമാര്‍ഗ്ഗം തടയുന്നവന്‍ അവനെ കൊല്ലുകയാണ്" (പ്രഭാ. 34:22).
"വളരെ നന്നായിരിക്കുന്നു" "നല്ലതെന്ന് ദൈവം കണ്ടു" എന്ന് ആറുതവണ ആവര്‍ത്തിച്ചതിനുശേഷം "വളരെ നന്നായിരിക്കുന്നു" എന്ന് ഏഴാം തവണ പറയുന്നു. താന്‍ സൃഷ്ടിച്ചതെല്ലാം നല്ലതാണെന്നും സൃഷ്ടികള്‍ എല്ലാം താന്‍ ആഗ്രഹിച്ചവിധത്തില്‍ പൂര്‍ണ്ണമായിരിക്കുന്നു എന്നും ദൈവം തന്നെ സാക്ഷ്യപ്പെടുത്തുകയാണ്. "ഏഴ്" പൂര്‍ണ്ണതയെ സൂചിപ്പിക്കുന്ന സംഖ്യയായതിനാല്‍ ഏഴുപ്രാവശ്യം ആവര്‍ത്തിക്കുന്നതിലൂടെ ഈ ആശയം അനിഷേധ്യമാംവിധം ഊന്നിപ്പറയുന്നു. തനിക്കു ചുറ്റും നടമാടുന്ന തിന്മകള്‍ ദൈവത്തിന്‍റെ സൃഷ്ടിയല്ല എന്ന വിശ്വാസം പുരോഹിത രചയിതാവ് ഇതിലൂടെ ആവര്‍ത്തിച്ചുറപ്പിക്കുന്നു. തിന്മയുടെ ഉദ്ഭവത്തെക്കുറിച്ചുള്ള വിവരണത്തിന്‍റെ ആമുഖമാണ് ഇതെന്നും ഓര്‍ക്കുക.
ഏഴാം ദിവസം - വിശ്രമം 2:1-4: വ്യത്യസ്തങ്ങളായ എട്ടു സൃഷ്ടി കര്‍മ്മങ്ങള്‍ ആറുദിവസത്തിന്‍റെ ചട്ടക്കൂട്ടില്‍ ഒതുക്കി വിവരിച്ചത് ഏഴാം ദിവസത്തെ വിശ്രമത്തിന്‍റെ പ്രാധാന്യം എടുത്തുകാട്ടാന്‍ വേണ്ടിയാണ്. തന്‍റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ദൈവം ഏഴാം ദിവസം വിശ്രമിച്ചതുപോലെ അധ്വാനിക്കുന്നവരെല്ലാം ഏഴാം ദിവസം വിശ്രമിക്കണം എന്ന് വിശുദ്ധ ഗ്രന്ഥകാരന്‍ അനുസ്മരിപ്പിക്കുന്നു. ഇത് ദൈവത്തിന്‍റെ വിശ്രമത്തില്‍, അഥവാ നിത്യഭാഗ്യത്തില്‍ പങ്കുചേരുന്നതിന്‍റെ മുന്നാസ്വാദനമാണ്. പത്തു പ്രമാണങ്ങളില്‍ ഒന്നായി സാബത്താചരണത്തെ അവതരിപ്പിക്കുന്നതിലൂടെ ഇതിന്‍റെ പ്രാധാന്യം എത്രയെന്നു വ്യക്തമാക്കുന്നു. (പുറ 20:8-11).
വിചിന്തനം: അധ്വാനിക്കുന്ന മനുഷ്യന്‍റെ മൗലികാവകാശമാണ് വിശ്രമം. മനുഷ്യന്‍ അധ്വാനത്തിന് അടിമയാകരുത് (യോഹ. 6: 27). എന്നാല്‍, വിശ്രമം നിഷ്ക്രിയത്വമല്ല. "ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു വിശുദ്ധമാക്കി" എന്ന പ്രഖ്യാപനം പ്രത്യേകം ശ്രദ്ധിക്കുക. ദൈവത്തിനു വേണ്ടി മാറ്റി വയ്ക്കപ്പെട്ടതാണ് വിശുദ്ധം. ആത്മീയ കാര്യങ്ങളില്‍ സവിശേഷമായി ശ്രദ്ധിക്കാനും അനുദിനജീവിതത്തില്‍ ദൈവികസാന്നിധ്യത്തെ പ്രത്യേകമാംവിധം അനുസ്മരിക്കാനുംവേണ്ടിയാണ് ഏഴാം ദിവസം മാറ്റിവച്ചിരിക്കുന്നത്. യഹൂദര്‍ ആഴ്ചയുടെ ഏഴാം ദിവസം സാബത്താചരിക്കുമ്പോള്‍ ക്രൈസ്തവര്‍ ആഴ്ചയുടെ ഒന്നാം ദിവസമാണ് വിശുദ്ധമായി ആചരിക്കുന്നത്. യേശുവിന്‍റെ ഉത്ഥാനത്തിലൂടെ പുതിയ സൃഷ്ടി നടത്തുകയും നിത്യജീവനില്‍ നമുക്കു പങ്കാളിത്തം നല്കുകയും ചെയ്തതിന്‍റെ ഓര്‍മ്മയാണ് ഞായറാഴ്ച അനുസ്മരിക്കുന്നത്. കര്‍ത്താവിന്‍റെ ദിവസം നന്മ ചെയ്യേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി യേശുനാഥന്‍ പ്രത്യേകം പഠിപ്പിച്ചിട്ടുണ്ട്. ഏഴാം ദിവസത്തെ വിശ്രമം എന്നത് ദൈവശാസ്ത്രപരമായ ഒരു കാഴ്ചപ്പാടാണ്. സൃഷ്ടികര്‍മ്മം ഇനിയും പൂര്‍ത്തിയായിട്ടില്ല. പുതിയ ആകാശവും പുതിയ ഭൂമിയും സംജാതമാകുന്നതുവരെ ദൈവം തന്‍റെ പ്രവൃത്തി തുടരുന്നു (യോഹ 5:17). അതില്‍ പങ്കു ചേരാന്‍ മനുഷ്യന്‍ വിളിക്കപ്പെട്ടിരിക്കുന്നു.
പ്രപഞ്ചത്തിന്‍റെ ഉദ്ഭവം ബൈബിളിന്‍റെയും
ശാസ്ത്രത്തിന്‍റെയും വീക്ഷണങ്ങള്‍
ബൈബിള്‍ വരച്ചുകാട്ടുന്ന പ്രപഞ്ചചിത്രം ഇന്നത്തെ ശാസ്ത്രീയ കണ്ടുപിടുത്തങ്ങളുമായി പൊരുത്തപ്പെടുന്നില്ല. അതിവിശാലമായ പ്രപഞ്ചത്തില്‍ ഒരു ചെറുമണല്‍ത്തരി മാത്രമാണ് ഭൂമി എന്ന് ശാസ്ത്രകാരന്മാര്‍ ആധികാരികമായി തെളിവുകള്‍ നിരത്തി സ്ഥാപിച്ചു കഴിഞ്ഞു. സൂര്യനില്‍ നിന്നു പൊട്ടിത്തെറിച്ച് സാവധാനം തണുത്തുറഞ്ഞ ഒരു ചെറുകണിക മാത്രമാണ് നാം പാര്‍ക്കുന്ന ഭൂമി. സെക്കന്‍റില്‍ മൂന്നു ലക്ഷം കിലോമീറ്റര്‍ സഞ്ചരിക്കുന്ന പ്രകാശകിരണത്തിന് ഭൂമിയില്‍നിന്ന് ചന്ദ്രനിലെത്താന്‍ ഒരു സെക്കന്‍റു സമയം മതി, പ്രകാശം സൂര്യനില്‍നിന്നു ഭൂമിയിലെത്താന്‍ ഏകദേശം 8 മിനിറ്റു വേണം.
സ്വയം തിരിയുകയും സൂര്യനു പ്രദക്ഷിണം വയ്ക്കുകയും ചെയ്യുന്ന ഒരു ഗോളമാണ് ഭൂമി. ഇതുപോലെ അനേകം ഗോളങ്ങള്‍ സൂര്യനു ചുറ്റും കറങ്ങുന്നുണ്ട്. ചിലതു ഭൂമിയേക്കാള്‍ ചെറുതാണ്. മറ്റു ചിലത് അനേകായിരം മടങ്ങ് വലുതുമാണ്. സൂര്യനു ചുറ്റും തിരിയുന്ന ഗ്രഹങ്ങളും അവയുടെ ഉപഗ്രഹങ്ങളും കൂടി സൗരയൂഥം എന്ന പേരില്‍ അറിയപ്പെടുന്നു. സൂര്യനില്‍ നിന്നു പുറപ്പെടുന്ന പ്രകാശകിരണം സൗരയൂഥത്തിന്‍റെ ഏറ്റം അകലെയുള്ള പ്ലൂട്ടോയില്‍ എത്താന്‍ ഏഴു മണിക്കൂര്‍ എടുക്കും.കോടിക്കണക്കിന് സൗരയൂഥങ്ങള്‍ ഒന്നിച്ചുചേര്‍ന്ന താരാപഥത്തെ ക്ഷീരപഥം (Galaxy) എന്നു വിളിക്കുന്നു. ക്ഷീരപഥത്തിന്‍റെ ഒരറ്റത്തു നിന്ന് മറ്റേ അറ്റത്ത് എത്താന്‍ പ്രകാശകിരണത്തിന് മൂന്നുലക്ഷം വര്‍ഷങ്ങള്‍ വേണം. ഇപ്പോഴും നാം പ്രപഞ്ചത്തിന്‍റെ ഒരു കോണില്‍ എത്തിയതേയുള്ളൂ.
ചുരുങ്ങിയത് അഞ്ചു കോടി ക്ഷീരപഥങ്ങളെങ്കിലും ഉള്‍ക്കൊള്ളുന്നതാണ് ഈ പ്രപഞ്ചമെന്ന് ശാസ്ത്രജ്ഞന്മാര്‍ കരുതുന്നു. ഈ പ്രപഞ്ചം മുഴുവന്‍ വലിയൊരു പൊട്ടിത്തെറിയുടെ ഫലമായി ചിന്നിച്ചിതറുകയും നിരന്തരം കറങ്ങിക്കറങ്ങി അകന്നുപോവുകയും ചെയ്തുകൊണ്ടിരിക്കുന്ന ഭീമാകാരങ്ങളായ ധൂളീപടലം പോലെയാണ് കാണപ്പെടുന്നത്. ഏതാണ്ട് രണ്ടായിരം കോടി വര്‍ഷങ്ങള്‍ക്കുമുമ്പായിരിക്കണം ഈ ആദിമസ്ഫോടനം നടന്നതെന്ന് ശാസ്ത്രജ്ഞന്മാര്‍ കരുതുന്നു. ഈ പ്രപഞ്ചത്തിന് ആരംഭമുണ്ടെന്നും അതിനാല്‍ത്തന്നെ അവസാനം ഉണ്ടാകുമെന്നും ശാസ്ത്രംതന്നെ സാക്ഷ്യപ്പെടുത്തുന്നു.
പ്രപഞ്ചത്തിന്‍റെ ഘടനയെയും വിസ്തൃതിയെയുംകുറിച്ചെന്നതുപോലെതന്നെ ജീവജാലങ്ങളുടെ ഉദ്ഭവത്തെയും പ്രായത്തെയുംകുറിച്ചും ബൈബിളും ശാസ്ത്രവും തമ്മില്‍ പ്രത്യക്ഷത്തില്‍ പൊരുത്തക്കേടുണ്ട്. ജീവജാലങ്ങളെല്ലാം ഇന്നത്തെ അവസ്ഥയില്‍ ആരംഭം മുതലേ സൃഷ്ടിക്കപ്പെട്ടവയാണെന്നും രണ്ടു ദിവസത്തിനുള്ളില്‍ അവയെല്ലാം ഉണ്ടായെന്നും ബൈബിളില്‍ കാണുന്നു. ബൈബിളിന്‍റെ വിവരണം മൊത്തമായി എടുത്താല്‍ ഭൂമിക്ക് ഇപ്പോള്‍ ഏകദേശം 6000 വര്‍ഷമേ പ്രായമുള്ളൂ. ഇതില്‍നിന്നു തികച്ചും വിഭിന്നമാണ് ശാസ്ത്രം നല്കുന്ന അറിവ്. തിളച്ചുരുകുന്ന സൂര്യഗോളത്തില്‍നിന്ന് പൊട്ടിത്തെറിച്ച ഭൂമി അനേകകോടി വര്‍ഷങ്ങള്‍ കൊണ്ടാണ് തണുത്തുറഞ്ഞത്. ഭൂമിയുടെ ഉപരിതലത്തില്‍ ചൂടു നിലനില്ക്കുമ്പോള്‍തന്നെ, ഏകദേശം 200 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ്, ജീവന്‍റെ ആദ്യകണിക പ്രത്യക്ഷപ്പെട്ടതായി ശാസ്ത്രജ്ഞന്മാര്‍ കരുതുന്നു. വളര്‍ന്നു വികസിക്കാനുള്ള ശക്തി തന്നില്‍ ത്തന്നെ ഉള്‍ക്കൊണ്ടിരുന്ന ഈ ആദ്യജീവി സാവകാശം പെരുകി, പുതിയ രൂപങ്ങളിലും ഭാവങ്ങളിലും ജീവികള്‍ പ്രത്യക്ഷപ്പെട്ടു. നിരന്തരമായ പരിണാമപ്രക്രിയയിലൂടെ വളര്‍ന്നു വികസിച്ച് ഏകദേശം 30 ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്നത്തെ മനുഷ്യനോടു സാമ്യമുള്ള ആദ്യമനുഷ്യനുണ്ടായി. അഗ്നി ഉപയോഗിക്കുകയും ആയുധമുണ്ടാക്കുകയും ചെയ്തിരുന്ന "ജാവാ മനുഷ്യന്‍" എന്നറിയപ്പെടുന്ന വര്‍ഗ്ഗം ഏതാണ്ട് പത്ത് ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പാണ് പ്രത്യക്ഷപ്പെട്ടത്. മരിച്ചവരെ അടക്കുകയും ഗുഹകളില്‍ പടം വരയ്ക്കുകയും ചെയ്യുന്ന മനുഷ്യന്‍ പ്രത്യക്ഷപ്പെട്ടിട്ട് ഏകദേശം എഴുപതിനായിരം വര്‍ഷമായി. പതിനായിരം വര്‍ഷം വരെ പഴക്കമുള്ള പുരാതന സംസ്കാരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ശാസ്ത്രം നല്കുന്ന ഈ അറിവും ബൈബിള്‍ വിവരിക്കുന്ന ആറു ദിവസത്തെ സൃഷ്ടിയും ഭൂമിയെ കേന്ദ്രമാക്കിയുള്ള പ്രപഞ്ചഘടനയും തമ്മില്‍ പൊരുത്തപ്പെടുത്താന്‍ കഴിയുമോ? ഇല്ല എന്നതാണ് വാസ്തവം. എന്നാല്‍ രണ്ടും രണ്ടു മേഖലകളിലാണ് വര്‍ത്തിക്കുന്നതെന്നു മനസ്സിലാക്കണം. നിരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്ന സത്യമാണ് ശാസ്ത്രം അവതരിപ്പിക്കുന്നത്. ബൈബിളാകട്ടെ പ്രപഞ്ചത്തിന്‍റെ ഉദ്ഭവത്തെയും ലക്ഷ്യത്തെയുംകുറിച്ചുള്ള ഒരു വിശ്വാസപ്രഖ്യാപനമാണ്. പ്രപഞ്ചം എന്നുണ്ടായെന്നോ അതിന്‍റെ ഘടന എന്തെന്നോ വിവരിക്കുകയല്ല, ഇതു ദൈവത്തിന്‍റെ സൃഷ്ടിയാണെന്നുള്ള വിശ്വാസം ഏറ്റു പറയുകയാണ് ബൈബിള്‍ ചെയ്യുന്നത്. അന്നു നിലവിലിരുന്ന പ്രപഞ്ചദര്‍ശനത്തിന്‍റെ വെളിച്ചത്തില്‍ വിശുദ്ധഗ്രന്ഥകാരന്‍ സൃഷ്ടികര്‍മ്മം വിവരിക്കുന്നു. മനുഷ്യനു ഗ്രഹിക്കാന്‍ പറ്റുന്ന വിധത്തിലാണ് ദൈവം വെളിപാടു നല്കുന്നത്. പ്രപഞ്ചഘടനയെക്കുറിച്ചു ശാസ്ത്രീയമായ കാഴ്ചപ്പാടു ലഭിച്ച ഇന്നും നാം സൂര്യോദയത്തെയും അസ്തമയത്തെയുംകുറിച്ച് പറയാറുണ്ടല്ലൊ.
ജീവജാലങ്ങളെയെല്ലാം ദൈവം സൃഷ്ടിച്ചു എന്ന ബൈബിളിന്‍റെ പഠനത്തിനു വിരുദ്ധമല്ല, അനേക കോടി വര്‍ഷങ്ങള്‍ നീണ്ടു നിന്ന പരിണാമപ്രക്രിയയിലൂടെയാണ് അവ ഉണ്ടായത് എന്ന ശാസ്ത്രത്തിന്‍റെ നിഗമനം. സ്രഷ്ടാവും ജീവന്‍റെ നാഥനുമായ ദൈവമാണ് വളര്‍ന്നു വികസിക്കാനുള്ള ശക്തി പ്രപഞ്ചത്തില്‍ നിക്ഷേപിച്ചത്. ആരംഭത്തില്‍തന്നെ എല്ലാം പൂര്‍ണ്ണമായി സൃഷ്ടിച്ചതിനുശേഷം ദൈവം വിശ്രമിക്കുകയല്ല, സൃഷ്ടികര്‍മ്മം ഇന്നും തുടരുകയാണ്. ഏഴാം ദിവസത്തെ വിശ്രമം എന്നത് ദൈവശാസ്ത്രപരമായ ഒരു കാഴ്ചപ്പാടാണ്. സാബത്ത് വിശ്രമത്തിന്‍റെ പ്രാധാന്യവും നിത്യാനന്ദത്തിലേക്ക് മനുഷ്യന്‍ വിളിക്കപ്പെട്ടിരിക്കുന്നു എന്ന സത്യവും ഇതിലൂടെ ഊന്നിപ്പറയുന്നു. സൃഷ്ടികര്‍മ്മം ഇനിയും പൂര്‍ത്തിയായിട്ടില്ല. പുതിയ ആകാശവും പുതിയ ഭൂമിയും സംജാതമാകുന്നതുവരെ ദൈവം തന്‍റെ പ്രവൃത്തി തുടരുന്നു (യോഹ 5, 17). അതില്‍ പങ്കുചേരാന്‍ മനുഷ്യന്‍ വിളിക്കപ്പെട്ടിരിക്കുന്നു.
പ്രപഞ്ചോല്‍പത്തി: ബൈബിളിലും
പുരാണേതിഹാസങ്ങളിലും
പ്രപഞ്ചസൃഷ്ടിയെക്കുറിച്ചുള്ള ബൈബിളിലെ വിവരണത്തിന് മധ്യപൗരസ്ത്യദേശത്തു പ്രചാരത്തിലിരുന്ന ഇതിഹാസങ്ങളോടു സാമ്യമുണ്ട്. എനുമാ എലിഷ് എന്ന ബാബിലോണിയന്‍ ഇതിഹാസം ഒരുദാഹരണമാണ്. മുകളില്‍ ആകാശവും താഴെ ഭൂമിയും ഉണ്ടാകുന്നതിനു മുമ്പ് ആദിപിതാവായ അപ്സുവും (Apsu) ആദിമാതാവായ തിയാമത്തും (Tiamat) തങ്ങളുടെ ജലങ്ങള്‍ ഒരുമിച്ചു ചേര്‍ത്ത് ഒറ്റ ജലസഞ്ചയമാക്കിയിരിക്കുന്നു. ശുദ്ധജലവും ഉപ്പുവെള്ളവുമാണ് ആദിമാതാപിതാക്കന്മാരായി ഇവിടെ ചിത്രീകരിക്കപ്പെടുന്നത്. ഈ സമ്മിശ്രണത്തില്‍നിന്ന് അനേകം ദേവന്മാര്‍ ഉണ്ടായി. അവരുടെ നിരന്തരമായ ബഹളം ആദിമാതാപിതാക്കള്‍ക്ക് അസഹ്യമായിത്തീര്‍ന്നപ്പോള്‍ പിതാവായ അപ്സു ശല്യക്കാരായ മക്കളെ കൊന്നുകളയാന്‍ തീരുമാനിച്ചു. ഇതറിഞ്ഞ ദേവന്മാര്‍ ദുഃഖത്തിലാണ്ടു. എന്നാല്‍ മഹാജ്ഞാനിയായ എയാ (Ea) സൂത്രത്തില്‍ അപ്സുവിനെ വധിച്ചു. ക്രുദ്ധയായ തിയാമത് ദേവന്മാരെ ഒന്നടങ്കം നശിപ്പിക്കാന്‍ സന്നാഹങ്ങള്‍ഒരുക്കി. പക്ഷെ മര്‍ദുക്ക് അവളെ രണ്ടായി വെട്ടിമുറിച്ച് മുകള്‍ ഭാഗംകൊണ്ട് ആകാശവും കീഴ്ഭാഗം കൊണ്ട് ഭൂമിയും സൃഷ്ടിച്ചു.
ഈജിപ്തില്‍ പ്രചാരത്തിലിരുന്ന സൃഷ്ടിയുടെ വിവരണം ഇതിലും ലളിതമാണ്. പുരാതന സമുദ്രത്തിനു മധ്യത്തില്‍ ഒരു ചെറിയ കുന്നുണ്ടായിരുന്നു. ആ കുന്നില്‍ ഇരുന്ന് അത്തും (Atum) ദേവന്‍ മറ്റു ദേവന്മാരെ പുറപ്പെടുവിച്ചു. ഇവിടെ ആകാശവും ഭൂമിയും എല്ലാം ദൈവങ്ങളാണ്. 'അത്തും'സൂര്യനാണ്. ഫെനീഷ്യക്കാരുടെ വിശ്വാസം മറ്റൊന്നായിരുന്നു. കുഴഞ്ഞ ചേറുപോലുള്ള സമുദ്രമധ്യത്തില്‍ മോത്ത് (Mot) ദേവന്‍ ജനിച്ചു. സകല ജീവജാലങ്ങളെയും തന്നില്‍ ഉള്‍ക്കൊള്ളുന്ന വലിയൊരു മുട്ട (ബ്രഹ്മാണ്ഡം) ആയിരുന്നു മോത്ത്. ഈ മുട്ട രണ്ടായി മുറിഞ്ഞ് മുകള്‍ഭാഗം ആകാശവും കീഴ്ഭാഗം ഭൂമിയുമായി.
ബൈബിളിലെ വിവരണത്തില്‍ മേല്‍പ്പറഞ്ഞ ഇതിഹാസങ്ങളുമായി ചില സാമ്യങ്ങള്‍ കാണാം. ആരംഭത്തിലുണ്ടായിരുന്ന ജലവും ജലത്തെ വിഭജിച്ചു നടത്തുന്ന സൃഷ്ടികര്‍മ്മവും ഈ സാമ്യങ്ങളില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ വ്യത്യാസങ്ങള്‍ ഏറെയാണ്. ഇതിഹാസങ്ങളില്‍ ദേവന്മാരെല്ലാം ജലത്തില്‍നിന്നു ജനിക്കുന്നു. പരസ്പരം കലഹിക്കുന്നു, വധിക്കുന്നു. ബൈബിളിലാകട്ടെ അനാദിയായ ദൈവം അനായാസമായി സകലതും തന്‍റെ വചനംകൊണ്ടു സൃഷ്ടിക്കുന്നു. ദൈവം ഏകനാണ്, പ്രപഞ്ചത്തില്‍നിന്നു വ്യതിരിക്തനും പ്രപഞ്ചത്തിന് അതീതനുമാണ്. ദൈവിക വെളിപാടും മാനുഷിക ഭാവനയും തമ്മിലുള്ള വ്യത്യാസം ഇവിടെ ദൃശ്യമാകുന്നു.
ഡോ. മൈക്കിള്‍ കാരിമറ്റം
The creation of the universe CATHOLIC MALAYALAM theology Dr. Michael Karimattam പഞ്ചഗ്രന്ഥത്തിൻറ്റെ ദൈവശാസ്ത്ര൦ no:13 Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206