x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

നിയമാവര്‍ത്തനഗ്രന്ഥം

Authored by : Dr. Michael Karimattam On 10-Feb-2021

 നിയമാവര്‍ത്തനഗ്രന്ഥം

 ബൈബിളിലെ അഞ്ചാമത്തെ പുസ്തകം 'നിയമാവര്‍ത്തനം' എന്ന പേരില്‍ അറിയപ്പെടുന്നു. ഇതു ചുരുക്കി 'ആവര്‍ത്തനം' എന്നും വിളിക്കാറുണ്ട്. വാഗ്ദത്ത ഭൂമിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങി, ജോര്‍ദ്ദാന്‍ നദിയുടെ കിഴക്കേ കരയില്‍, മൊവാബു സമതലത്തില്‍ പാളയമടിച്ചു കഴിയുന്ന ഇസ്രായേല്‍ ജനത്തോട് മോശ നടത്തിയ മൂന്ന് പ്രഭാഷണങ്ങളാണ് പുസ്തകത്തിന്‍റെ ഉള്ളടക്കം. ഈജിപ്തില്‍ നിന്നു പുറപ്പെട്ടതു മുതല്‍ ദൈവം അവര്‍ക്കുവേണ്ടി ചെയ്ത വലിയകാര്യങ്ങളെ അനുസ്മരിപ്പിച്ചതിനുശേഷം കര്‍ത്താവു നല്കിയ ഉടമ്പടിയുടെ പ്രമാണങ്ങള്‍ വീണ്ടും ഒരിക്കല്‍കൂടി ആവര്‍ത്തിച്ച് അവരോട് പറയുന്നതിനാലാണ് 'നിയമാവര്‍ത്തനം' എന്ന പേര് ഈ പുസ്തകത്തിനു നല്കിയിരിക്കുന്നത്.  "ഇസ്രായേല്‍ ജനത്തിനു വേണ്ടി കര്‍ത്താവു മോശയ്ക്കു നല്കിയ കല്പനകളെല്ലാം നാല്പതാം വര്‍ഷം പതിനൊന്നാം മാസം ഒന്നാം ദിവസം അവന്‍ അവരോട് വീണ്ടും പറഞ്ഞു" (നിയ 1, 3) എന്ന മുഖവുരയില്‍നിന്ന് ഈ പേരിന്‍റെ അര്‍ത്ഥവും പ്രസക്തിയും ഗ്രഹിക്കാനാവും.

'ഈ നിയമത്തിന്‍റെ പകര്‍പ്പ്' എന്ന് അര്‍ത്ഥമുള്ള 'മിഷ്നാ ഹാതോറാ ഹസോത്ത്' എന്ന അര്‍ത്ഥത്തില്‍ 'ദെവുത്തെരോണോമിയോണ്' (Deuteronomion) എന്നാണ് ഗ്രീക്കിലേക്കു വിവര്‍ത്തനം ചെയ്തത്. അതിനെ അനുകരിച്ച് ഇംഗ്ലീഷില്‍ ഡ്യൂട്ടെരോണമി (Deuteronomy) എന്നു വിളിക്കുന്നു. മിക്ക പാശ്ചാത്യ ഭാഷകളിലും ഇതിനോട് സാമ്യമുള്ള പേരാണ് ഉപയോഗിക്കുന്നത്. എന്നാല്‍ പുറപ്പാട്, ലേവ്യര്‍, സംഖ്യ എന്നീ പുസ്തകങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നതില്‍ നിന്നും വ്യത്യസ്തമായ രണ്ടാമതൊരു നിയമസംഹിതയല്ല ഈ പുസ്തകത്തിലുള്ളത്, മറിച്ച് അവയുടെ തന്നെ സംഗ്രഹവും ദൈവശാസ്ത്രപരമായ വിശദീകരണങ്ങളുമാണ്. അതിനാല്‍ 'രണ്ടാം നിയമം' എന്നതിനേക്കാള്‍ 'നിയമാവര്‍ത്തനം' എന്ന പേര് പുസ്തകത്തിന്‍റെ ഉള്ളടക്കം സൂചിപ്പിക്കാന്‍ കൂടുതല്‍ പര്യാപ്തമാണ്.

ഹീബ്രുബൈബിളില്‍ പുസ്തകത്തിന്‍റെ ആദ്യത്തെ രണ്ടു വാക്കുകളായ 'എല്ലേഹദെബാറിം' (ഇതാണു വാക്കുകള്‍) പേരായി ഉപയോഗിക്കുന്നു. മോശ മരുഭൂമിയില്‍വെച്ച് ഇസ്രായേല്‍ ജനത്തോടു പറഞ്ഞ വാക്കുകളാണ് പുസ്തകത്തിന്‍റെ ഉള്ളടക്കം എന്ന് ഈ പേരു സൂചിപ്പിക്കുന്നു. മോശയിലൂടെ ദൈവം അരുളിച്ചെയ്ത വാക്കുകള്‍ എന്ന നിലയില്‍ ദൈവവചനമാണിത് എന്നും ഈ പേരിന് അര്‍ത്ഥമുണ്ട്.

2. ഗ്രന്ഥകര്‍ത്താവ് - കാലം

പുസ്തകത്തിന്‍റെ ഭൂരിഭാഗവും മോശയുടെ വാക്കുകളായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.  മാത്രമല്ല, മോശതന്നെ ഈ നിയമങ്ങളെല്ലാം എഴുതി എന്ന് രണ്ടുതവണ (നിയ 31,9.24) വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. അതിനാല്‍ പഞ്ചഗ്രന്ഥത്തിലെ മറ്റു പുസ്തകങ്ങള്‍പോലെ, നിയമാവര്‍ത്തനപുസ്തകവും മോശതന്നെ എഴുതിയതാണെന്നു യഹൂദരും ക്രൈസ്തവരും ഒരുപോലെ വിശ്വസിച്ചിരുന്നു. 'മോശയുടെ അഞ്ചാം പുസ്തകം' എന്നും നിയമാവര്‍ത്തന പുസ്തകം അറിയപ്പെടാറുണ്ട്.

പരമ്പരാഗതമായ ഈ വിശ്വാസം 19-ാം നൂറ്റാണ്ടിന്‍റെ ആരംഭം മുതല്‍ ചോദ്യം ചെയ്യപ്പെടാന്‍ തുടങ്ങി. മോശയുടെ മരണത്തെയും സംസ്കാരത്തെയും കുറിച്ചുള്ള വിവരണവും അദ്ദേഹത്തിന്‍റെ വ്യക്തിമാഹാത്മ്യത്തെക്കുറിച്ചുള്ള പ്രകീര്‍ത്തനവും (നിയ 34) പില്ക്കാലത്തു കൂട്ടിച്ചേര്‍ത്തതായിരിക്കാം എന്നു പണ്ടുമുതലേ കരുതപ്പെട്ടിരുന്നു. ഇവിടെ പ്രത്യക്ഷപ്പെടുന്ന മോശയുടെ സ്വഭാവസവിശേഷതകള്‍ പുസ്തകത്തിന്‍റെ രചനാശൈലി, ഊന്നല്‍ കൊടുക്കുന്ന പ്രമേയങ്ങള്‍, ചില നിയമങ്ങള്‍ക്കു കൊടുക്കുന്ന പ്രത്യേക പ്രാധാന്യം, ബൈബിളിലെ ഇതര ഗ്രന്ഥങ്ങളുമായി ഇതിനുള്ള ബന്ധം മുതലായവ കണക്കിലെടുത്തുകൊണ്ട് ഗ്രന്ഥരചനയുടെ കാലത്തെക്കുറിച്ച് വ്യത്യസ്തങ്ങളായ സിദ്ധാന്തങ്ങള്‍ പ്രചാരത്തില്‍വന്നു. ഇന്നു നമുക്കു ലഭിച്ചിരിക്കുന്ന വിധത്തില്‍ നിയമാവര്‍ത്തന പുസ്തകം അന്തിമമായി പ്രസാധനം ചെയ്തത് ആരെന്നോ എന്നെന്നോ ഉള്ള കാര്യത്തില്‍ ബൈബിള്‍ വ്യാഖ്യാതാക്കളുടെ ഇടയില്‍ അഭിപ്രായ ഐക്യമില്ല. എന്നാലും പൊതുവേ സ്വീകാര്യമെന്നു തോന്നുന്ന അഭിപ്രായ സമന്വയമാണ് താഴെകൊടുക്കുന്നത്.

സോളമന്‍റെ മരണത്തെ തുടര്‍ന്ന് (ബി.സി. 931) രാജ്യം രണ്ടായി പിളര്‍ന്നു. സമറിയാ തലസ്ഥാനമായുള്ള വടക്കന്‍ രാജ്യമായ ഇസ്രായേല്‍ ബി.സി. 721-ല്‍ അസീറിയായ്ക്കു കീഴടങ്ങി. ഇസ്രായേല്ക്കാരില്‍ നല്ലൊരു പങ്ക് നാടു കടത്തപ്പെട്ടു. ശേഷിച്ചവര്‍ ഇതര ജനങ്ങളുമായി മിശ്രവിവാഹത്തിനു നിര്‍ബന്ധിതരായി. യൂദാ രാജ്യത്തിനു നാമമാത്രമായ സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കാന്‍ സാധിച്ചെങ്കിലും അതും ഏതു നിമിഷവും നഷ്ടപ്പെടാം എന്ന അവസ്ഥ സംജാതമായി.

ഈ സാഹചര്യത്തില്‍ തങ്ങളുടെ പരാജയങ്ങളുടെ കാരണം ആരായുകയും ഉടമ്പടിയുടെ വെളിച്ചത്തില്‍ ഇസ്രായേല്‍ ചരിത്രത്തെ വിലയിരുത്തുകയും ചെയ്ത വടക്കന്‍ രാജ്യത്തിലെ പുരോഹിതന്മാരുടെയും പ്രവാചകന്മാരുടെയും ഒരു ഗണമാണ് നിയമാവര്‍ത്തന പുസ്തകത്തിനു രൂപം കൊടുത്തത്.  കര്‍ത്താവു മോശവഴി നല്കിയ ഉടമ്പടിയുടെ പ്രമാണങ്ങള്‍ അനുസരിക്കാഞ്ഞതാണ് ഇസ്രായേലിനു വന്നുഭവിച്ച നാശങ്ങള്‍ക്കു കാരണമെന്നും അനുതപിച്ചു പൂര്‍ണ്ണഹൃദയത്തോടെ കര്‍ത്താവിലേക്കു തിരിയുകമാത്രമാണ് സമ്പൂര്‍ണ്ണ നാശം ഒഴിവാക്കാനുള്ള ഏക മാര്‍ഗ്ഗമെന്നും അവര്‍ പഠിപ്പിച്ചു. അതിനായി മോശയുടെ കാലം മുതല്‍ വാചികവും ലിഖിതവുമായി രൂപംകൊണ്ടു വികസിച്ച പാരമ്പര്യങ്ങള്‍ അവര്‍ തനതായ വ്യാഖ്യാനം നല്കി പുനരവതരിപ്പിച്ചു. ദൈവസ്നേഹത്തിന്‍റെ പ്രവാചകന്‍ എന്നറിയപ്പെടുന്ന ഹോസിയായുടെ പ്രവചനങ്ങളും ജറെമിയാ, എസെക്കിയേല്‍, രണ്ടാം ഏശയ്യാ തുടങ്ങിയ പ്രവാചകന്മാരുടെ പഠനങ്ങളും ഈ രചനയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.

ബി.സി. എട്ടാം നൂറ്റാണ്ടിന്‍റെ അവസാനമോ ഏഴാം നൂറ്റാണ്ടിന്‍റെ ആരംഭത്തിലോ ഷെക്കെമില്‍ വച്ച് എഴുതപ്പെട്ട ഈ പുസ്തകം ഗ്രന്ഥകര്‍ത്താക്കള്‍ ജറുസലെമിലേക്കു കൊണ്ടു വന്നു. നിയമാവര്‍ത്തന നിയമസംഹിത (Deuteronomic Code) എന്നറിയപ്പെടുന്ന നിയ 12, 1-26, 15 അധ്യായങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത് എന്നു കരുതപ്പെടുന്നു.  ദൈവഭക്തനായ ഹെസെക്കിയാ രാജാവിന്‍റെ (ബി.സി. 716-687) മത നവീകരണശ്രമങ്ങള്‍ക്ക് ഈ ഗ്രന്ഥം ഉത്തേജനം നല്കി. ഈ കാലഘട്ടത്തില്‍ ഉപദേശങ്ങളും അനുഗ്രഹങ്ങളും ശാപങ്ങളും കൂട്ടിച്ചേര്‍ത്ത് ഗ്രന്ഥം വിപുലീകരിക്കപ്പെട്ടു. ഹെസെക്കിയായുടെ മരണത്തിനു ശേഷം രാജാവായ മനാസ്സെ (687-642) അസ്സീറിയായുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി, വിഗ്രഹാരാധനയും മറ്റു വിജാതീയ ആചാരങ്ങളും നാട്ടില്‍ പ്രചരിപ്പിച്ചു. മനാസ്സെ മരിച്ചപ്പോള്‍ രാജാവായ ആമോന്‍ രണ്ടു വര്‍ഷമേ രാജ്യം ഭരിച്ചുള്ളൂ. തുടര്‍ന്നു വന്ന ജോസിയാ രാജാവ് (640-609) തികഞ്ഞ യാഹ്വേ ഭക്തനായിരുന്നു. പുരോഹിതന്മാരുടെ നേതൃത്വത്തില്‍ വിപുലമായ ഒരു നവീകരണത്തിന് അദ്ദേഹം തയ്യാറായി. ബാബിലോണുമായുള്ള യുദ്ധത്തില്‍ അടിക്കടി പരാജയപ്പെട്ട് അസീറിയാ ക്ഷയിച്ചുകൊണ്ടിരുന്നതിനാല്‍ മതനവീകരണ ശ്രമങ്ങള്‍ നിര്‍ബാധം തുടരാന്‍ ജോസിയായ്ക്കു സാധിച്ചു. ജറെമിയാ പ്രവാചകന്‍റെ പൂര്‍ണ്ണമായ പിന്തുണയും ഈ നവീകരണത്തിനുണ്ടായിരുന്നു. ബി.സി. 622-ല്‍ ദേവാലയ ശുദ്ധീകരണത്തിനിടയില്‍ പുരോഹിതന്മാര്‍ ഒരു നിയമഗ്രന്ഥം കണ്ടെത്തി (2 രാജാ 22, 8-20) മതനവീകരണം ഊര്‍ജ്ജിതപ്പെടുത്താന്‍ സഹായിച്ച ഈ നിയമഗ്രന്ഥം നിയമാവര്‍ത്തന പുസ്തകമായിരുന്നു എന്ന് ബൈബിള്‍ പണ്ഡിതന്മാര്‍ കരുതുന്നു.

നാളിതുവരെ ഉണ്ടായ ഇസ്രായേല്‍ ജനത്തിന്‍റെ ഗതിവിഗതികളിലൂടെ ലഭിച്ച ദൈവാനുഭവങ്ങളുടെ വെളിച്ചത്തില്‍ ഇസ്രായേല്‍ ചരിത്രത്തിനു ദൈവശാസ്ത്രപരമായ വ്യാഖ്യാനം നല്കിയവരുടെ ഗണത്തെ നിയമാവര്‍ത്തനാത്മക ചരിത്രകാരന്മാര്‍ (Deuteronomistic historians) എന്നു വിളിക്കുന്നു. ഈജിപ്തില്‍നിന്നുള്ള പുറപ്പാടുമുതല്‍ ബാബിലോണ്‍ പ്രവാസം വരെയുള്ള ചരിത്രത്തെ അവര്‍ ഒരു പ്രത്യേക കാഴ്ചപ്പാടില്‍ അവതരിപ്പിച്ചു. ജോഷ്വാ, ന്യായാധിപന്മാര്‍, 1-2 സാമുവല്‍, 1-2 രാജാക്കന്മാര്‍ എന്നീ പുസ്തകങ്ങളില്‍ ആ ചരിത്രാഖ്യാനം കാണാം. ബൃഹത്തായ ഈ ചരിത്രത്തിന്‍റെ തുടക്കത്തിലാണ് നിയമാവര്‍ത്തനപുസ്തകം നിലകൊള്ളുന്നത്. ബാബിലോണ്‍ പ്രവാസകാലത്താണ് ഇതിന്‍റെ രചന പൂര്‍ത്തിയായത് എന്നു കരുതപ്പെടുന്നു.

3. സാഹിത്യരൂപം

സംഭവങ്ങളുടെ വിവരണങ്ങള്‍ക്കും നിയമാവലികള്‍ക്കും പ്രാധാന്യം നല്കുന്ന രചനാശൈലിയാണ് പഞ്ചഗ്രന്ഥത്തിലെ മറ്റു പുസ്തകങ്ങള്‍ക്കുള്ളത്. ഇതിഹാസം, നാടകം, കീര്‍ത്തനം, നാടോടിക്കഥ മുതലായ സാഹിത്യരൂപങ്ങളും ചുരുക്കമായി അവയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാല്‍ നിയമാവര്‍ത്തന പുസ്തകം മുഖ്യമായും പ്രസംഗശൈലിയിലാണ് രചിച്ചിരിക്കുന്നത്. ആസന്ന മരണനായ മോശയുടെ അന്തിമോപദേശങ്ങളായി പുസ്തകം മുഴുവന്‍ തന്നെ അവതരിപ്പിച്ചിരിക്കുന്നു.  സുദീര്‍ഘമായ മൂന്നു പ്രസംഗങ്ങളുടെ ചട്ടക്കൂട്ടിലാണ് പുസ്തകം രചിച്ചിരിക്കുന്നത്.

നിയമാവര്‍ത്തന പുസ്തകത്തിന്‍റെ പൊതുവായ ഘടനയ്ക്ക് മധ്യപൗരസ്ത്യ ദേശത്ത് ബി.സി. രണ്ടാം സഹസ്രാബ്ദത്തില്‍ പ്രചാരത്തിലിരുന്ന അന്താരാഷ്ട്ര ഉടമ്പടികളുടെ ഘടനയുമായി സാമ്യമുണ്ട്. ഈ ഉടമ്പടികള്‍ക്ക് ആറു ഘടകങ്ങളുണ്ട് :

1. ഉടമ്പടി നിര്‍ദ്ദേശിക്കുന്ന ചക്രവര്‍ത്തിയുടെ പേരുവിവരം. 2. ചക്രവര്‍ത്തി സാമന്തര്‍ക്കുവേണ്ടി ചെയ്ത നന്മപ്രവൃത്തികളുടെ സംക്ഷിപ്ത വിവരണം. 3. നിബന്ധനകള്‍. 4. നിബന്ധനകള്‍ അനുസരിച്ചാല്‍ ലഭിക്കുന്ന അനുഗ്രഹങ്ങളും ലംഘിച്ചാലുണ്ടാകുന്ന ശാപങ്ങളും. 5. സാക്ഷികള്‍. 6. ഉടമ്പടിയുടെ പകര്‍പ്പ് എഴുതി സൂക്ഷിക്കാനും നിശ്ചിത കാലയളവുകളില്‍ വായിക്കാനും നിര്‍ദ്ദേശങ്ങള്‍.

1-4 അധ്യായങ്ങളില്‍ ഉടമ്പടിയുടെ 1-2 ഘടകങ്ങള്‍ ദൃശ്യമാണ്. 5-26 അധ്യായങ്ങളില്‍ നിയമങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു. അനുഗ്രഹങ്ങളും ശാപങ്ങളും 27, 11-28, 68 അധ്യായങ്ങളില്‍ കാണാം. 30, 19; 31, 28 എന്നീ വാക്യങ്ങളില്‍ ആകാശത്തെയും ഭൂമിയെയും സാക്ഷിയാക്കിയിരിക്കുന്നു. ഉടമ്പടിയുടെ വാക്കുകള്‍ എഴുതി സൂക്ഷിക്കാനും സാബത്തു വര്‍ഷം കൂടാരത്തിരുനാളില്‍ എല്ലാവരും കേള്‍ക്കെ വായിക്കാനും 31, 9-13, 24-26 എന്നീ വാക്യങ്ങളില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അനുവാചകര്‍ക്കു പരിചിതമായ ഉടമ്പടിയുടെ മാതൃക സ്വീകരിച്ചുകൊണ്ട് ദൈവവും ജന വും തമ്മിലുള്ള പ്രത്യേക ബന്ധത്തിനും ആ ബന്ധത്തില്‍നിന്നുരുത്തിരിയുന്ന നിയമങ്ങളുടെ പ്രാധാന്യത്തിനും വി. ഗ്രന്ഥകാരന്‍ ഊന്നല്‍ നല്കുന്നു.

4. ഘടന

പുസ്തകത്തിന്‍റെ ഘടനയെക്കുറിച്ച് വി. ഗ്രന്ഥകാരന്‍ തന്നെ വ്യക്തമായ സൂചനകള്‍ നല്കിയിട്ടുണ്ട്. ഏതാണ്ട് ഒരേ വാക്കുകള്‍ തന്നെ ആവര്‍ത്തിച്ചുകൊണ്ട് പുസ്തകത്തെ നാലു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. 1,1 "മോശ ഇസ്രായേല്‍ ജനത്തോടു പറഞ്ഞ വാക്കുകളാണിവ "4,44മോശ ഇസ്രായേല്‍ മക്കള്‍ക്കു കൊടുത്ത നിയമമാണിത്".29,   മോശയോടു കര്‍ത്താവു കല്പിച്ച ഉടമ്പടിയുടെ വാക്കുകളാണിവ"33,1 മോശ.ഇസ്രായേല്‍ ജനത്തിനു നല്കിയ അനുഗ്രഹമാണിത്"വ്യത്യസ്ത ദൈര്‍ഘ്യമുള്ള മൂന്നു പ്രസംഗങ്ങളും (1, 1-4, 43; 4, 44-28, 68; 29, 1-30, 20) ഒരു കീര്‍ത്തനവും ആശിര്‍വ്വാദവുമാണ് പുസ്തകത്തിന്‍റെ ഉള്ളടക്കം.

ആദ്യത്തെ പ്രസംഗത്തില്‍ സ്ഥലകാലങ്ങളെയും വ്യക്തികളെയും കുറിച്ചു സൂചിപ്പിച്ചതിനുശേഷം നാളിതുവരെയുള്ള ചരിത്രം ചുരുക്കമായി അവതരിപ്പിക്കുന്നു. സീനായ് മുതല്‍ മൊവാബു സമതലം വരെ അവര്‍ അനുഭവിച്ചറിഞ്ഞ ദൈവിക പരിപാലനയ്ക്ക് ഇവിടെ ഊന്നല്‍ നല്കുന്നു. രണ്ടാം പ്രസംഗത്തില്‍ ദൈവസ്നേഹത്തിന്‍റെ പ്രത്യക്ഷ അടയാളമായ ഉടമ്പടിയെയും ഉടമ്പടിയുടെ നിയമങ്ങളെയും കുറിച്ചു പ്രതിപാദിക്കുന്നു. തലമുറതോറും ഉടമ്പടിയുടെ പ്രമാണങ്ങള്‍ അനുസരിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് അതിശക്തമായി ഉദ്ബോധിപ്പിക്കുന്ന അന്തിമാഹ്വാനമാണ് മൂന്നാം പ്രസംഗം. മോശയുടെ മരണത്തെയും മഹത്വത്തെയും കുറിച്ച് വിവരിച്ചുകൊണ്ട് പുസ്തകം സമാപിക്കുന്നു.

പ്രധാന ആശയങ്ങള്‍

ഒരു കലാരൂപത്തെ ആസ്വദിക്കാന്‍, അത് ചിത്രമോ പ്രതിമയോ വാസ്തു ശില്പമോ ആകട്ടെ, വിശദാംശങ്ങള്‍ അപഗ്രഥിക്കുന്നതിനു മുമ്പേ, അകലെനിന്നു മുഴുവനായി നോക്കിക്കാണുക ആവശ്യമാണ്.  അല്ലെങ്കില്‍ മരങ്ങളുടെ ബാഹുല്യത്താല്‍ വനം കാണാന്‍ കഴിയാതെ വന്നതുപോലെയാകും. നിയമാവര്‍ത്തന പുസ്തകത്തിന്‍റെ വിശദമായ അപഗ്രഥനത്തിനു മുമ്പേ, അതില്‍ അവതരിപ്പിച്ചിരിക്കുന്ന പ്രധാന ആശയങ്ങളെക്കുറിച്ച് ഒരു ഏകദേശരൂപമെങ്കിലും ഉണ്ടായിരിക്കുന്നത് പുസ്തകത്തിന്‍റെ പൊതുവായ സന്ദേശം ഗ്രഹിക്കാന്‍ സഹായിക്കും.

a. തിരഞ്ഞെടുപ്പ്: ഇസ്രായേല്‍ ചരിത്രത്തിന്‍റെ ദൈവശാസ്ത്രപരമായ ഒരു വിശകലനമാണ് നിയമാവര്‍ത്തന പുസ്തകം. അതില്‍ വിവരിക്കുന്ന സംഭവങ്ങളും നിയമങ്ങളും വാഗ്ദാനങ്ങളും ശാപങ്ങളും കീര്‍ത്തനങ്ങളുമെല്ലാം അടിവരയിട്ടുറപ്പിക്കുന്ന ഒരു സത്യമുണ്ട്. കര്‍ത്താവു പ്രത്യേകം തിരഞ്ഞെടുത്ത ജനമാണ് ഇസ്രായേല്‍. തിരഞ്ഞെടുപ്പ് എന്നത് വെറും ബൗദ്ധികമായ ഒരു ആശയമല്ല, ചരിത്രവസ്തുതകളില്‍ ഊന്നിനില്ക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. ഫറവോയുടെ ആധിപത്യത്തിലായിരുന്ന ഒരുപറ്റം അടിമകളെ ദൈവം തന്‍റെ കരുത്തുറ്റ കരം നീട്ടി അത്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിച്ച്, അവിടെനിന്നു മോചിപ്പിച്ച് തന്‍റെ സ്വന്തം ജനമാക്കി മാറ്റി (4, 34; 7, 6).

b. ഉടമ്പടി: സ്വന്തമായി തിരഞ്ഞെടുത്ത ജനവുമായി ദൈവം ഉടമ്പടി ചെയ്തുകൊണ്ട് അവരുമായി ഒരു പ്രത്യേകബന്ധം സ്ഥാപിച്ചു.  ഈജിപ്തില്‍ നിന്നു പുറപ്പെട്ടവര്‍ക്കുമാത്രമല്ല, അവര്‍ക്കുശേഷം വരുന്ന സകല തലമുറകള്‍ക്കും ഈ ഉടമ്പടി ബാധകമാണ്.  ഹോറെബില്‍ വച്ച് നമ്മോട് ഒരു ഉടമ്പടി ചെയ്തു. നമ്മുടെ പിതാക്കന്മാരോടല്ല, നമ്മോടാണ് കര്‍ത്താവ് ഉടമ്പടി ചെയ്തത്, ഇന്ന് ഇവിടെ ജീവനോടെ ഇരിക്കുന്ന നമ്മോട്ڈ (നിയ 5, 3). കര്‍ത്താവ് തന്‍റെ ഉടമ്പടിയോട് എന്നും വിശ്വസ്തത പാലിക്കും (7, 9). അവിടുന്ന് തന്‍റെ ജനത്തെ എന്നും സംരക്ഷിക്കും.

c. വാഗ്ദത്തഭൂമി: തിരഞ്ഞെടുപ്പിന്‍റെയും ഉടമ്പടിയുടെയും ദൃശ്യമായ അടയാളമാണ് അവര്‍ക്ക് അവകാശമായി നല്കുന്ന ഭൂമി. പിതാക്കന്മാര്‍ക്കു വാഗ്ദാനം ചെയ്ത കാനാന്‍ദേശം ഇന്ന് അവര്‍ക്ക് സൗജന്യമായി നല്കിയിരിക്കുന്നു. ദൈവത്തിന്‍റെ എല്ലാ അനുഗ്രഹങ്ങളുടെയും സമുച്ചയമായിട്ടാണ് വാഗ്ദത്തഭൂമി പ്രത്യക്ഷപ്പെടുന്നത്. വാഗ്ദത്തഭൂമിയില്‍ വസിക്കുന്നവര്‍ ദൈവത്തോടൊന്നിച്ചു വസിക്കുന്നു; ദൈവം അവരുടെ മധ്യത്തിലും.

d.ദൈവസ്നേഹം: ദൈവത്തിന്‍റെ കരുണാര്‍ദ്രമായ സ്നേഹം ഒന്നു മാത്രമാണ് തിരഞ്ഞെടുപ്പിനു പിന്നിലെ പ്രേരകശക്തി. അതിനു മറ്റുയാതൊരു ന്യായീകരണമോ വിശദീകരണമോ ഇല്ല (7, 7-8; 10, 15). ദൈവസ്നേഹത്തിന്‍റെ പ്രവാചകന്‍ എന്നറിയപ്പെടുന്ന ഹോസിയായുടെ സ്വാധീനം ഇവി ടെ ദൃശ്യമാണ്. ഇസ്രായേലുമായുള്ള കര്‍ത്താവിന്‍റെ സ്നേഹബന്ധത്തെ വൈവാഹിക ജീവിതത്തോടാണ് പ്രവാചകന്‍ ഉപമിച്ചത് (ഹോസി 2, 19-20). എന്നാല്‍ നിയമാവര്‍ത്തന ഗ്രന്ഥകാരന്‍ പിതൃവാത്സല്യത്തിന്‍റെ പ്രതീകം ഉപയോഗിച്ചിരിക്കുന്നു (നിയ 1, 31; 8, 5; 14, 1; 32, 8-12). ഉടമ്പടിയുടെ നിബന്ധനകളും ഈ സ്നേഹത്തിന്‍റെ പ്രകടനമത്രേ (4, 32-33).

e.ജനത്തിന്‍റെ ഉത്തരവാദിത്വം: തങ്ങളെ സ്വന്തമായി തിരഞ്ഞെടുത്ത കര്‍ത്താവിനെ ജനം തങ്ങളുടെ ദൈവമായി സ്വീകരിക്കണം. അവര്‍ക്കു കര്‍ത്താവല്ലാതെ മറ്റൊരു ദൈവം ഉണ്ടാകരുത് (നിയ 5, 7). തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. ഈ തിരഞ്ഞെടുപ്പ് ജീവന്മരണ പ്രാധാന്യമുള്ളതായിരിക്കും.

കര്‍ത്താവ് ജനത്തെ സ്വന്തമായി തിരഞ്ഞെടുത്തത് ചരിത്രസംഭവങ്ങളിലൂടെ ആയിരുന്നതുപോലെ ജനത്തിന്‍റെ മറുപടിയും വ്യക്തമായ തീരുമാനങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും പ്രകടമാകണം.  ഇതിന് ഉടമ്പടിയുടെ നിബന്ധനകള്‍ കര്‍ശനമായി പാലിക്കണം. കര്‍ത്താവ് തങ്ങളെ സ്നേഹിച്ചതിനാല്‍ അവര്‍ കര്‍ത്താവിനെ പൂര്‍ണ്ണഹൃദയത്തോടെ സ്നേഹിച്ച് അവിടുത്തോട് ചേര്‍ന്ന് നില്ക്കണം. ആ സ്നേഹത്തിനു പരിധി ഉണ്ടാവരുത് (6, 4-5; 10, 12; 11, 13; 13, 4; 30, 20). എങ്കില്‍ മാത്രമേ വാഗ്ദത്ത ഭൂമിയില്‍ അവര്‍ക്കു വസിക്കാന്‍ കഴിയൂ. കര്‍ത്താവിനോടുള്ള അവിശ്വസ്തത ഉടമ്പടിയുടെ ലംഘനമായിരിക്കും. അത് വാഗ്ദത്തഭൂമിയുടെ നഷ്ടവും ജനത്തിന്‍റെ സമൂലനാശവും വരുത്തിവയ്ക്കും (28, 15-68).

f. നിയമത്തിന്‍റെ ആന്തരീകത: അനേകം നിയമങ്ങള്‍ അവതരിപ്പിക്കുകയും അവയുടെ കണിശമായ അനുസരണം ആവശ്യപ്പെടുകയും ചെയ്യുമ്പോഴും ബാഹ്യമായ അനുഷ്ഠാനങ്ങളെക്കാള്‍ ആന്തരികമായ ഭാവത്തിനാണ് നിയമാവര്‍ത്തനപുസ്തകം ഊന്നല്‍ നല്കുന്നത്. പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടുംകൂടെ ദൈവത്തെ സ്നേഹിക്കുക, അവിടുത്തോടു ചേര്‍ന്നു നില്ക്കുക, ഹൃദയപരിഛേദനം സ്വീകരിക്കുക, പശ്ചാത്തപിച്ചു മടങ്ങി വരിക എന്നിങ്ങനെ അനേകം തവണ ആവര്‍ത്തിക്കുന്ന തീക്ഷ്ണമായ ഉപദേശങ്ങള്‍ ഇതിനു തെളിവാണ്. സകല വികാരവിചാരങ്ങളുടെയും തീരുമാനങ്ങളുടെയും ഉറവിടമായ ഹൃദയത്തിന് ഊന്നല്‍ നല്കിക്കൊണ്ട് സ്നേഹത്തില്‍ അധിഷ്ഠിതമായ മതാത്മകതയുടെ പ്രാധാന്യം എടുത്തുകാട്ടുന്നു.

g. പാവങ്ങള്‍ക്കു പ്രത്യേക പരിഗണന: ഏതെങ്കിലും വിധത്തില്‍ അവശതയോ അവഗണനയോ അനുഭവിക്കുന്നവര്‍ക്കു പ്രത്യേക സംരക്ഷണവും പരിഗണനയും നല്കണം എന്ന് എടുത്തു പറയുന്നുണ്ട്. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഈ പരിഗണന ലഭ്യമാകണം. ദൈവത്തോടുള്ള സ്നേഹം സഹജീവികളോടുള്ള കരുണാര്‍ദ്രമായ മനോഭാവത്തിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും പ്രകടമാകണം. കര്‍ത്താവിന്‍റെ കരുണയും സ്നേഹവും അനുഭവിച്ചറിഞ്ഞവര്‍ തങ്ങളുടെ ഔദാര്യത്തിലൂടെ അതു പങ്കുവയ്ക്കണം. അങ്ങനെ എല്ലാവരും അവിടുത്തെ ദയാര്‍ദ്രമായ ദാനങ്ങളില്‍ പങ്കുചേര്‍ന്ന്, സാഹോദര്യത്തിലും സമൃദ്ധിയിലും സന്തോഷമായി കഴിയാന്‍ ഇടവരണം എന്ന് നിയമാവര്‍ത്തന പുസ്തകം ആവര്‍ ത്തിച്ച് ഉദ്ബോധിപ്പിക്കുന്നു.

6. പ്രാധാന്യവും പ്രസക്തിയും

സുവിശേഷങ്ങളില്‍ യേശുവിന്‍റെ അന്തിമ പ്രഭാഷണ (യോഹ 14-17) ത്തിനുള്ള സ്ഥാനമാണ് പഴയനിയമത്തില്‍ നിയമാവര്‍ത്തന പുസ്തകത്തിനുള്ളത്. മോശയിലൂടെയും പ്രവാചകന്മാരിലൂടെയും നല്കപ്പെട്ട വെളിപാടിന്‍റെ സത്ത മുഴുവന്‍ അതില്‍ കാണാം.  നിയമത്തിന്‍റെ ബാഹ്യാനുഷ്ഠാനത്തെക്കാള്‍ ഹൃദയത്തിന്‍റെ ഭാവത്തിനു പ്രാധാന്യം നല്കുന്ന നിയമാവര്‍ത്തന പുസ്തകത്തിന്‍റെ പ്രബോധനങ്ങള്‍ പുതിയ നിയമത്തി ന്‍റെ പടിവാതില്ക്കല്‍ എത്തിനില്ക്കുന്നു. പുതിയ നിയമത്തില്‍ ഏറ്റവും കൂടുതല്‍ ഉദ്ധരിച്ചിട്ടുള്ള പഴയ നിയമഗ്രന്ഥമാണ് നിയമാവര്‍ത്തനം. യേശു ഏറ്റം കൂടുതല്‍ ഉദ്ധരിച്ചിട്ടുള്ളതും ഈ പുസ്തകത്തില്‍ നിന്നുതന്നെ.

ഒരു ദൈവം, ഒരു ജനം, ഒരുടമ്പടി, ഒരു നിയമം, ഒരു ദേവാലയം, ഒരാരാധന, ഒരു പ്രവാചകന്‍ എന്നിങ്ങനെയുള്ള നിയമാവര്‍ത്തനപുസ്തകത്തിലെ കാഴ്ചപ്പാടില്‍ പ്രകടമാകുന്ന ഐക്യത്തിനുള്ള ആഹ്വാനം എന്നത്തേക്കാളേറെ ഇന്നു പ്രസക്തമായിരിക്കുന്നു. പൂര്‍ണ്ണ ഹൃദയത്തോടെ ദൈവത്തെ സ്നേഹിക്കുക, ഉടമ്പടി പാലിച്ചുകൊണ്ട് അവിടുത്തോട് ചേര്‍ന്നു നില്ക്കുക, ദൈവവചനത്തെ ജീവല്‍ പ്രധാനമായി കരുതുക തുടങ്ങിയ അടിസ്ഥാനപരമായ പഠനങ്ങള്‍ എന്നും ഒരുപോലെ പ്രസക്തമാണ്.

ജീവിതത്തിന്‍റെ ഓരോ നിമിഷവും, വ്യക്തിയുടെ ഓരോ തീരുമാനവും പ്രവൃത്തിയും, ഹൃദയത്തിന്‍റെ ഓരോ ചലനവും ദൈവസ്നേഹത്താല്‍ പ്രചോദിതമാകണം. ധാര്‍മ്മിക ജീവിതത്തെയും സാമൂഹിക നീതിയെയും സംബന്ധിച്ച നിയമങ്ങളുടെ വെറും ഒരു പട്ടികയല്ല, വെളിപ്പെടുത്തപ്പെട്ട ദൈവഹിതത്തിന്‍റെ സാരസംഗ്രഹമാണ് നിയമം. ആ നിയമത്തിന്‍റെ കാതല്‍ സ്നേഹമാണ്. നിയമാവര്‍ത്തന പുസ്തകത്തിന്‍റെ ഈ പഠനം ഒരിക്കലും കാലഹരണപ്പെടുന്നില്ല."

7. പാഠവിഭജനം

പഠനസൗകര്യാര്‍ത്ഥം നിയമാവര്‍ത്തന പുസ്തകത്തെ നാലായി വിഭജിക്കാം.

  1. ഹോറെബു മുതല്‍ മൊവാബു വരെ 1,1-4,43
  2. ഉടമ്പടി, അടിസ്ഥാനതത്ത്വങ്ങള്‍ 4,44-11,32
  3. നിയമഗ്രന്ഥം 12, 1-26, 68
  4. അന്തിമവചസുകള്‍ 29,1-34,12

ഡോ. മൈക്കിള്‍ കാരിമറ്റം

The Book of Deuteronomy catholic malayalam bible Dr. Michael Karimattam പഞ്ചഗ്രന്ഥത്തിൻറ്റെ ദൈവശാസ്ത്ര൦ Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message