We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Dr. Joseph Pamplany On 17-May-2023
"കാനോന്‍" എന്ന ഗ്രീക്കു പദം ആശാരിമാര്‍ ഉപയോഗിക്കുന്ന അളവുകോലിനെ (മുഴക്കോല്‍) യാണ് സൂചിപ്പിക്കുന്നത്. AD 367-ല്‍ അലക്സാണ്ട്രിയയിലെ ബിഷപ്പായിരുന്ന താസിയൂസ് (AD 293 - 373) വി. ഗ്രന്ഥത്തിലെ ദൈവനിവേശിത ഗ്രന്ഥങ്ങളെ വിശേഷിപ്പിക്കാനായി ഈ പദം ആദ്യമായി ഉപയോഗിച്ചു. ദൈവവചനം ക്രിസ്തീയ ജീവിതത്തിന്‍റെ മാനദണ്ഡമാണ് (ഗലാ 6: 16; ഫിലി 3: 16) എന്ന ചിന്താഗതിയും ഈ പദപ്രയോഗത്തിന് പ്രേരകമായിട്ടുണ്ട്.
പഴയനിയമപുസ്തകങ്ങളുടെ കാനന്‍
പല നൂറ്റാണ്ടുകളിലൂടെ സാവകാശവും ക്രമാനുഗതവുമായാണ് പഴയനിയമ കാനന്‍ രൂപംകൊണ്ടിട്ടുള്ളത്. പഴയനിയമ കാനനുകളുടെ രൂപീകരണത്തെക്കുറിച്ചുളള സൂചനകള്‍ പഴയനിയമത്തില്‍തന്നെ നമുക്ക് കണ്ടെത്താനാവും. മരുഭൂമിയാത്രയ്ക്കിടയില്‍ നിയമഗ്രന്ഥങ്ങള്‍ (തോറ) വാഗ്ദാനപേടകത്തില്‍ സൂക്ഷിക്കാന്‍ മോശ ആവശ്യപ്പെടുന്നുണ്ട്. നിയമഗ്രന്ഥങ്ങളും ജോഷ്വായുടെ പുസ്തകവും വാഗ്ദാനപേടകത്തില്‍ സൂക്ഷിച്ചിരുന്നതായും ജറുസലേം ദേവാലയത്തില്‍ നിത്യമായി പ്രതിഷ്ഠിക്കപ്പെട്ടശേഷവും വാഗ്ദാനപേടകത്തില്‍ ഈ പുസ്തകങ്ങള്‍ സൂക്ഷിച്ചിരുന്നതായും ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട് (നിയ 31:9-26; 2 രാജാ 22:8; ജോഷ്വ 24:26; 1 സാമു. 10:25). ജോഷ്വായുടെ കാലം മുതല്‍ ദാവീദിന്‍റെ കാലംവരെയുള്ള ചരിത്രഗ്രന്ഥങ്ങളും ദേവാലയത്തില്‍ സൂക്ഷിച്ചിരുന്നു. ദേവാലയം നിര്‍മ്മിച്ചശേഷം വിശുദ്ധ ഗ്രന്ഥങ്ങളും സോളമന്‍ ദേവാലയത്തില്‍ പ്രതിഷ്ഠിച്ചു (രാജ 22:8; ഏശ 34: 16). കൂടാതെ താന്‍തന്നെ രചിച്ച വിജ്ഞാന ഗ്രന്ഥങ്ങളെയും സോളമന്‍ വിശുദ്ധഗ്രന്ഥങ്ങളായി ദേവാലയത്തില്‍ സൂക്ഷിച്ചു.
ഏശയ്യായുടെ പുസ്തകത്തെക്കുറിച്ച് - "കര്‍ത്താവിന്‍റെ പുസ്തകം" എന്നാണ് ദാനിയേല്‍ സാക്ഷ്യപ്പെടുത്തുന്നത് (ദാനി 9:2). രാജ്യം വിഭജിക്കപ്പെട്ട BC 930നും ദേവാലയം നശിപ്പിക്കപ്പെട്ട BC 589നും ഇടയില്‍ പ്രവചനം നടത്തിയ പ്രവാചകന്മാരായിരുന്നു യോനാ, ആമോസ്, ഏശയ്യാ, ഹോസിയ, ജോയേല്‍, മിക്കാ, സെഫാനിയാ, ജറെമിയാ, ഒബാദിയാ, ഹബക്കുക്ക്. ദേവാലയത്തില്‍ സൂക്ഷിച്ചിരുന്ന വിശുദ്ധ ഗ്രന്ഥങ്ങളോട് പ്രവചനഗ്രന്ഥങ്ങളും കൂട്ടിച്ചേര്‍ക്കപ്പെട്ടു. ബാബിലോണ്‍ പ്രവാസശേഷം ദേവാലയം പുനരുദ്ധരിക്കപ്പെട്ട BC 520 നോടടുത്ത കാലത്താണ് ഹഗ്ഗായി, സഖറിയാ എന്നിവരുടെ പുസ്തകങ്ങള്‍ രചിക്കപ്പെട്ടത്. ദേവാലയം പുനരുദ്ധരിക്കപ്പെട്ട് ഏകദേശം അമ്പതു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ വി. പുസ്തകങ്ങളുടെ ഒരു ശേഖരം എസ്രാ പുതിയ ദേവാലയത്തില്‍ പ്രതിഷ്ഠിച്ചു (നെഹെ 8: 2,3,14). സോളമന്‍റെ ദേവാലയത്തില്‍ സൂക്ഷിച്ചിരുന്ന വി. ഗ്രന്ഥങ്ങള്‍ ബാബിലോണ്‍ രാജാവായിരുന്ന നെബുക്കദ്നാസ്സറുടെ പടയോട്ടകാലത്ത് നശിപ്പിക്കപ്പെട്ടിരുന്നു. അവയ്ക്കുപകരമായാണ് എസ്രാ ഇപ്രകാരം ഒരു പുസ്തകശേഖരം തയ്യാറാക്കിയത് എന്ന് അനുമാനിക്കാം. നെഹെമിയായുടെ കാലത്തും ദാവീദിന്‍റെയും രാജാക്കന്മാരുടെയും പ്രവാചകന്മാരുടെയും നടപടിക്രമങ്ങള്‍ രേഖപ്പെടുത്തിയ ഗ്രന്ഥങ്ങളുടെ ശേഖരം ദേവാലയത്തില്‍ പ്രതിഷ്ഠിച്ചിരുന്നതായി ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട് (2 മക്ക 2:13). ചുരുക്കത്തില്‍ പഴയനിയമ കാനന്‍റെ രൂപീകരണത്തില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ചത് എസ്രായുടെ നേതൃത്വത്തിലുള്ള ഒരു പ്രവാചകസംഘമാണ്. ഈ പ്രവാചകസംഘത്തെ വലിയ സിനഗോഗ് (The great Synagogue) എന്നാണ് വിശേഷിപ്പിക്കുന്നത്. എസ്രാ, നെഹെമിയാ, ഹഗ്ഗായി, സഖറിയാ, മലാക്കി എന്നീ പ്രവാചകന്മാരാണ് ഈ സംഘത്തിലുണ്ടായിരുന്നത്.
പഴയനിയമ കാനനെക്കുറിച്ചുള്ള അന്വേഷണം പഴയനിയമത്തിനുവെളിയിലേക്കും വ്യാപിക്കേണ്ടതുണ്ട്. എ.ഡി. 70 നോടടുത്ത് യഹൂദ ചരിത്രം രചിച്ച ഫ്ളാവിയൂസ് ജോസേഫൂസ് എന്ന ഗ്രന്ഥകാരന്‍ ഇപ്രകാരം എഴുതുന്നു. "അര്‍ത്താര്‍ക്കസിന്‍റെ (സൈറസ് രണ്ടാമന്‍) കാലംവരെയുള്ള യഹൂദചരിത്രം ആധികാരികമായി എഴുതപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതിനുശേഷം എഴുതപ്പെട്ടവ ആധികാരികമായിരുന്നില്ല. കാരണം, പ്രവാചകരുടെ കാലം അവസാനിച്ചിരുന്നു". എസ്രായുടെ കാലംവരെയുള്ള യഹൂദചരിത്രം നിയതമായ കാനന്‍റെ ഭാഗമായി ആധികാരികമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ജോസേഫൂസ് സാക്ഷ്യപ്പെടുത്തുന്നത്. തുടര്‍ന്നുള്ള യഹൂദചരിത്രം രേഖപ്പെടുത്തിയിട്ടുണ്ടെന്നും എന്നാല്‍ അവയുടെ ആധികാരികത സാക്ഷ്യപ്പെടുത്താന്‍ കഴിവുള്ള പ്രവാചകന്മാര്‍ ഇല്ലാതെപോയി എന്നുമാണ് ജോസേഫൂസിന്‍റെ സാക്ഷ്യം.
ജാംനിയാ സൂനഹദോസ്
എ.ഡി. 90-ല്‍ ചേര്‍ന്ന ജാംനിയന്‍ സൂനഹദോസ് പഴയനിയമകാനന്‍റെ പട്ടിക തയ്യാറാക്കി. 39 പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ പട്ടികയെയാണ് പാലസ്തീനിയന്‍ കാനന്‍ എന്നുവിളിക്കുന്നത്. ഉത്തരകാനോനിക ഗ്രന്ഥങ്ങള്‍ എന്നപേരില്‍ പില്‍കാലത്ത് അറിയപ്പെട്ട ജ്ഞാനം, പ്രഭാഷകന്‍, 1,2, മക്കബായര്‍, യൂദിത്ത്, എസ്തേര്‍, തോബിത്ത് എന്നീ പുസ്തകങ്ങള്‍ ഒഴികെയുള്ള പുസ്തകങ്ങളാണ് പാലസ്തീനിയന്‍ കാനോനയില്‍ ഇടം കണ്ടെത്തിയത്. പക്ഷേ ലോകമാസകലമുള്ള യഹൂദര്‍ ജാംനിയാ കൗണ്‍സില്‍ അംഗീകരിച്ച കാനോന അംഗീകരിച്ചിരുന്നില്ല. പാലസ്തീനായിലെ യഹൂദര്‍ മാത്രമാണ് 39 പുസ്തകങ്ങളുള്ള ഈ കാനന്‍ അംഗീകരിച്ചിരുന്നത്.
അലക്സാണ്ട്രിയന്‍ കാനന്‍
പാലസ്തീനായ്ക്കുവെളിയിലുള്ള യഹൂദര്‍ ഉപയോഗിച്ചിരുന്നത് പഴയനിയമത്തിന്‍റെ ഗ്രീക്ക് വിവര്‍ത്തനമാണ്. ഇത് ബി.സി. 180 നോടടുത്ത് പൂര്‍ത്തിയായ "സപ്തതി" (LXX) വിവര്‍ത്തനമാണ്. ഗ്രീക്കുഭാഷയിലെ ആദ്യവിവര്‍ത്തനമാണിത്. സപ്തതി ബൈബിളില്‍ 46 പുസ്തകങ്ങള്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. ഇത് ഒരു വിവര്‍ത്തനമാകയാല്‍ ഗ്രീക്കുഭാഷയില്‍ മൂലഗ്രന്ഥം രചിക്കപ്പെട്ട ജ്ഞാനം, മക്കബായരുടെ രണ്ടാം പുസ്തകം എന്നിവയൊഴികെയുള്ള 44 ഗ്രന്ഥങ്ങളും വിവര്‍ത്തനത്തിനുപയോഗിച്ച ഹീബ്രു മൂലകൃതിയില്‍ ഉണ്ടായിരുന്നു എന്ന് അനുമാനിക്കുന്നതില്‍ തെറ്റില്ല. ജാംനിയായിലെ കൗണ്‍സില്‍ പഴയനിയമപുസ്തകങ്ങളുടെ എണ്ണം 39 ആയി നിജപ്പെടുത്തിയെങ്കിലും BC180നോടടുത്ത് ഹീബ്രുബൈബിളില്‍ 44 പുസ്തകങ്ങള്‍ ഉണ്ടായിരുന്നു എന്ന് ഇതില്‍നിന്നും വ്യക്തമാണ്.
പുതിയനിയമം ഗ്രീക്കുഭാഷയില്‍ എഴുതപ്പെട്ടിരുന്നതിനാലും പുതിയനിയമകാലത്ത് യഹൂദര്‍ ഗ്രീക്കുഭാഷ പ്രധാനമായും ഉപയോഗിച്ചിരുന്നതിനാലും പുതിയനിയമ ഗ്രന്ഥകര്‍ത്താക്കളും ആദിമ ക്രൈസ്തവരും സപ്തതി ബൈബിളിനെയാണ് തങ്ങളുടെ പഴയനിയമമായി കരുതിയിരുന്നത്. പാലസ്തീനിലെ യഹൂദരുടെ ഇടയില്‍ ആദ്യകാലത്ത് നിലനിന്നിരുന്ന ക്രൈസ്തവ വിദ്വേഷത്തിന്‍റെ ഭാഗമായാണ് ക്രൈസ്തവര്‍ ഉപയോഗിച്ചിരുന്ന സപ്തതി ബൈബിളിന്‍റെ ആധികാരികത ജാംനിയന്‍ കൗണ്‍സില്‍ നിരോധിച്ചത്. യേശുവിന്‍റെ നാമം ഉച്ചരിക്കുന്നവരെ സിനഗോഗില്‍നിന്നു ബഹിഷ്ക്കരിക്കണമെന്ന് കല്‍പന പുറപ്പെടുവിച്ചതും ജാംനിയന്‍ കൗണ്‍സിലാണ്. "ക്രിസ്ത്യന്‍ പഴയനിയമം" എന്ന് അറിയപ്പെട്ടുതുടങ്ങിയ സപ്തതി ബൈബിളിനോട് പാലസ്തീനായിലെ റബ്ബിമാര്‍ക്ക് താല്‍പ്പര്യക്കുറവ് തോന്നുക സ്വാഭാവികമാണല്ലോ.
ഈ വസ്തുതകളെല്ലാം ചേര്‍ത്തുവായിക്കുമ്പോള്‍ വ്യക്തമാകുന്ന അനുമാനങ്ങള്‍ മൂന്നാണ്.
1 യഹൂദബൈബിളില്‍ (പഴയനിയമത്തില്‍) ബി.സി. രണ്ടാം നൂറ്റാണ്ടിന്‍റെ ആരംഭം മുതല്‍ 46 പുസ്തകങ്ങളുണ്ടായിരുന്നു.
2 ജാംനിയ കൗണ്‍സില്‍ സപ്തതി ബൈബിളിന്‍റെ ആധികാരികതയെ ചോദ്യം ചെയ്തത് ക്രൈസ്തവ വിദ്വേഷത്തിന്‍റെ ഭാഗമായിട്ടായിരിക്കാം.
3 പാലസ്തീനായ്ക്കു വെളിയിലുള്ള യഹൂദര്‍ സപ്തതി ബൈബിളിലെ 46 പുസ്തകങ്ങളെയും വിശുദ്ധ ഗ്രന്ഥങ്ങളായി കരുതുന്നു.
വി. ജറോം
ബൈബിള്‍ വിജ്ഞാനീയത്തിന്‍റെ പിതാവായി അറിയപ്പെടുന്ന വി. ജറോം ആണ് ലത്തീന്‍ ഭാഷയിലേക്ക് സമ്പൂര്‍ണ്ണബൈബിള്‍ വിവര്‍ത്തനം ചെയ്തത്. വുള്‍ഗാത്ത എന്ന പേരിലാണ് ജറോമിന്‍റെ വിവര്‍ത്തനം അറിയപ്പെടുന്നത്. പഴയനിയമഗ്രന്ഥങ്ങള്‍ 46 എണ്ണമുണ്ടെന്ന് ജറോം അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു. എന്നാല്‍ പാലസ്തീനായിലെ കാനനില്‍ ഇല്ലാത്ത ഏഴുപുസ്തകങ്ങളെക്കുറിച്ച് വ്യത്യസ്ത പരാമര്‍ശങ്ങള്‍ ജറോം നടത്തിയിട്ടുണ്ട്. ആരാധനാക്രമത്തില്‍ വായിക്കാമെങ്കിലും വിശ്വാസസത്യങ്ങളുടെ വിശദീകരണത്തിന് അവ ഉപയുക്തമല്ല എന്ന അഭിപ്രായം ജറോം പ്രകടിപ്പിച്ചിട്ടുണ്ട്. (cfr. Against Rufinus) എന്നാല്‍, മറ്റുസന്ദര്‍ഭത്തില്‍ യൂദിത്തിന്‍റെ ഗ്രന്ഥത്തെ വിശുദ്ധ ലക്കം എന്നും ജ്ഞാന ഗ്രന്ഥത്തെ തിരുലിഖിതം എന്നും പ്രഭാഷക ഗ്രന്ഥത്തെ വിശുദ്ധ വചനമെന്നും ജറോം വിശേഷിപ്പിക്കുന്നുണ്ട് (cfr. Cambridge history of the Bible,II. 93). വി. ജറോം 46 പുസ്തകങ്ങളെ പഴയനിയമവിശുദ്ധഗ്രന്ഥമായി വിവര്‍ത്തനം ചെയ്തു എന്നതുതന്നെയാണ് അദ്ദേഹം അവയുടെ ആധികാരികതയെ അംഗീകരിച്ചിരുന്നു എന്നതിന്‍റെ ഏറ്റവും വലിയ തെളിവ്.
ഒരിജന്‍
സഭാപിതാക്കന്മാരുടെയിടയിലെ വിശുദ്ധഗ്രന്ഥ വിശാരദന്മാരില്‍ അഗ്രഗണ്യനാണ് ഒരിജന്‍. മൂലഭാഷകളായ ഹീബ്രുവിലും ഗ്രീക്കിലും ഒരിജന് അസാധാരണ പാടവമുണ്ടായിരുന്നു. യഹൂദര്‍ ഉപയോഗിക്കുന്ന ഹീബ്രുബൈബിളും ക്രൈസ്തവര്‍ ഉപയോഗിക്കുന്ന ഗ്രീക്കുപഴയനിയമവും തമ്മില്‍ പല ഭാഗങ്ങളിലും വ്യത്യാസമുണ്ട് എന്ന് ഒരിജന്‍ കണ്ടെത്തി. ഹീബ്രുബൈബിളിലില്ലാത്ത കാര്യങ്ങള്‍ ഗ്രീക്കു ബൈബിളില്‍ ഉണ്ടായത് ദൈവിക പദ്ധതിയുടെ ഭാഗമാണെന്ന് ഒരിജന്‍ വാദിച്ചു. വി. ഗ്രന്ഥമൊന്നാകെ ക്രിസ്തുവിനെ ലക്ഷ്യം വയ്ക്കുന്നതിനാല്‍ ക്രിസ്തുസ്ഥാപിച്ചതും ക്രിസ്തുവിന്‍റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ടതുമായ സഭ ഉപയോഗിക്കുന്ന ബൈബിളാണ് യഥാര്‍ത്ഥ ബൈബിള്‍ എന്ന് ഒരിജന്‍ സമര്‍ത്ഥിച്ചു (cfr. A letter from Orgin to Africanus,Early Church Fathers, Vol.IV). തോബിത്തിന്‍റെയും യൂദിത്തിന്‍റെയും പുസ്തകങ്ങള്‍ പലസ്തീനായിലെ യഹൂദര്‍ ഉപയോഗിക്കുന്നില്ലെങ്കിലും ക്രിസ്തീയ സഭകള്‍ അവയെ വിശുദ്ധ ഗ്രന്ഥമായി ഉപയോഗിക്കുന്നതിനാല്‍ അവ "ദൈവനിവേശിത" മാണെന്ന് ഒരിജന്‍ അഭിപ്രായപ്പെട്ടു. ബൈബിള്‍ കാനോനയുടെ അടിസ്ഥാന മാനദണ്ഡം ക്രിസ്തുസ്ഥാപിച്ച സഭയുടെ അംഗീകാരമാണ് എന്ന സത്യം അസന്ദിഗ്ദ്ധമായി പ്രഖ്യാപിച്ച ആദ്യത്തെ സഭാ പിതാവ് ഒരിജനാണ്. വി. ഗ്രന്ഥത്തിന്‍റെ കാനോനയെ സംബന്ധിച്ച് ഒരിജന്‍റെ നിലപാടുകള്‍ കാലാന്തരത്തില്‍ സഭയില്‍ സാര്‍വ്വത്രിക അംഗീകാരം നേടി.
"ദൈവനഗരം" (City of God) എന്ന തന്‍റെ വിഖ്യാത ഗ്രന്ഥത്തില്‍ വി. ഗ്രന്ഥപുസ്തകങ്ങളുടെ പട്ടിക നല്‍കുമ്പോള്‍ വി. അഗസ്തീനോസ് അലക്സാണ്ട്രിയന്‍ കാനനിലെ 46 പുസ്തകങ്ങളും ഉള്‍പ്പെടുത്തി. സപ്തതി ബൈബിളിന്‍റെ രചനയ്ക്കു പിന്നിലെ ദൈവിക പദ്ധതിയെക്കുറിച്ചും ആഗസ്തീനോസ് വിശദീകരിക്കുന്നു.തോബിത്തിന്‍റെ പുസ്തകത്തെ ദൈവനിവേശിത ഗ്രന്ഥമെന്ന നിലയില്‍ വി. സിപ്രിയാനും (Testmonies, 2,5) മക്കബായരുടെ പുസ്തകങ്ങളെ വി. ഹിപ്പോളിറ്റസും തങ്ങളുടെ രചനകളില്‍ ഉദ്ധരിക്കുന്നുണ്ട്. A.D. 382 ലെ റോമന്‍ പ്രാദേശിക സൂനഹദോസും A.D. 393ലെ ഹിപ്പോ സൂനഹദോസും A.D. 397ലും 419ലും നടന്ന കാര്‍ത്തേജു സൂനഹദോസും പഴയനിയമത്തിലെ 46 പുസ്തകങ്ങളെയും കാനോനിക ഗ്രന്ഥങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. A.D. 797 ല്‍ നിഖ്യായില്‍ രണ്ടാമതുചേര്‍ന്ന സാര്‍വ്വത്രിക സൂനഹദോസും ഈ പുസ്തകങ്ങളെ കാനോനിക ഗ്രന്ഥങ്ങളായി പ്രഖ്യാപിച്ചിരുന്നു. പ്രൊട്ടസ്റ്റന്‍റു വിപ്ലവകാലത്ത് "ഉത്തര കാനോനിക ഗ്രന്ഥങ്ങള്‍" എന്ന പേരു നല്‍കി ഏഴുപുസ്തകങ്ങളെ ബൈബിളിന്‍റെ ഭാഗമല്ലാതാക്കി മാര്‍ട്ടിന്‍ ലൂഥര്‍ പ്രഖ്യാപനം നടത്തി. എന്നാല്‍ ലൂഥറുടെ പ്രഖ്യാപനത്തെ സഭയുടെ അതുവരെയുള്ള പാരമ്പര്യങ്ങളൊന്നും ന്യായീകരിക്കുന്നില്ല എന്ന് മുകളില്‍ ചേര്‍ത്ത ചരിത്രവിവരണത്തില്‍നിന്നും വ്യക്തമാണല്ലോ. പാലസ്തീനായിലെ യഹൂദര്‍ ഉപയോഗിച്ചിരുന്ന ഗ്രന്ഥങ്ങള്‍ മാത്രമേ വി. ഗ്രന്ഥമാവുകയുള്ളൂ എന്ന വാദം ചരിത്രത്തോടു നീതി പുലര്‍ത്തുന്നതല്ല.
"ഉത്തരകാനോനിക ഗ്രന്ഥങ്ങള്‍" എന്ന പദപ്രയോഗം തന്നെ കത്തോലിക്കാ വിശ്വാസത്തിന് നിരക്കുന്നതല്ല. പലപ്പോഴും കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥങ്ങളില്‍പോലും "ഉത്തരകാനോനിക ഗ്രന്ഥങ്ങള്‍" ഏവ? എന്തുകൊണ്ട് അവയെ അപ്രകാരം വിളിക്കുന്നു? തുടങ്ങിയ ചോദ്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും വിചിന്തനങ്ങളും കാണാം. "ഉത്തരകാനോനിക ഗ്രന്ഥങ്ങള്‍" എന്ന പദത്തെ രണ്ടുതരത്തില്‍ വിഗ്രഹിക്കാം.
ഈ രണ്ട് അര്‍ത്ഥങ്ങളും കത്തോലിക്കാ വിശ്വാസത്തിനു നിരക്കാത്തതാണ്. പഴയനിയമത്തിലെ 46 ഗ്രന്ഥങ്ങളും ഒരുപോലെ ദൈവനിവേശിതമാണെന്ന് കത്തോലിക്കാ സഭ വിശ്വസിക്കുന്നതിനാല്‍ ഉത്തരകാനോനിക ഗ്രന്ഥങ്ങള്‍ എന്ന പദപ്രയോഗം കത്തോലിക്കാ വിശ്വാസത്തിനു വിരുദ്ധവും ഒഴിവാക്കപ്പെടേണ്ടതുമാണ്.
അലക്സാണ്ട്രിയന്‍ കാനനില്‍ അധികമായി ചേര്‍ത്തിരിക്കുന്ന 7 പുസ്തകങ്ങളെ പുതിയനിയമരചയിതാക്കള്‍ വി. ഗ്രന്ഥത്തിന്‍റെ ഭാഗമായാണ് കാണുന്നത്. പുതിയനിയമത്തിലുടനീളം ഈ ഗ്രന്ഥങ്ങളില്‍നിന്നുള്ള ഉദ്ധരണികള്‍ കണ്ടെത്താനാവും.
മാര്‍ട്ടിന്‍ലൂഥര്‍ 7 പുസ്തകങ്ങളെ ഒഴിവാക്കിക്കൊണ്ട് തന്‍റെ ബൈബിള്‍ പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് ലത്തീന്‍ഭാഷയില്‍ സമ്പൂര്‍ണ്ണ ബൈബിളിന്‍റെ 104 പതിപ്പുകളുണ്ടായിരുന്നു. ഇറ്റാലിയന്‍ ഭാഷയില്‍ 40 പതിപ്പുകളും ഫ്രഞ്ചുഭാഷയില്‍ 18 പതിപ്പുകളുമുണ്ടായിരുന്നു. 1547-ല്‍ ലൂഥറിന്‍റെ ബൈബിള്‍ പുറത്തിറങ്ങുന്നതിനുമുമ്പ് വിവിധ ഭാഷകളിലായി ബൈബിളിന്‍റെ 626 പതിപ്പുകള്‍ പുറത്തിറങ്ങിയിരുന്നു. ഇവയിലെല്ലാം പഴയനിയമത്തിലെ 46 ഗ്രന്ഥങ്ങളും പുതിയ നിയമത്തിലെ 27 ഗ്രന്ഥങ്ങളും ഉണ്ടായിരുന്നു. കത്തോലിക്കാ സഭ ബൈബിളില്‍ ഏഴു പുസ്തകങ്ങള്‍ കൂട്ടിച്ചേര്‍ത്തു എന്ന് പ്രൊട്ടസ്റ്റന്‍റു സഭകളുടെ വാദത്തില്‍ കഴമ്പില്ല എന്നു കാണിക്കാനാണ് ഈ കണക്കുകള്‍ ഉദ്ധരിച്ചത് ( cfr. Where We get the Bible, Tan Publishers, P. 161).
|
പുതിയനിയമ കാനന്‍
യേശു എന്തെങ്കിലും എഴുതിസൂക്ഷിച്ചിരുന്നതായി ബൈബിളിലോ പാരമ്പര്യത്തിലോ പറയുന്നില്ല. യോഹ 8:1-11 ല്‍ അവിടുന്നു വിരല്‍കൊണ്ട് നിലത്തെഴുതിയിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിന്‍റെ ഉള്ളടക്കമെന്തെന്നുപോലും വ്യക്തമാക്കിയിട്ടില്ല. തന്‍റെ പഠനങ്ങളെ ശാശ്വതീകരിക്കാന്‍ ക്രിസ്തു അവയെ എഴുതി സൂക്ഷിച്ചില്ല. പകരം തന്‍റെ സുവിശേഷം ലോകത്തിന്‍റെ അതിരുകള്‍വരെയും അവസാനംവരെയും പ്രഘോഷിക്കാന്‍ അവിടുന്ന് 12 അപ്പസ്തോലന്മാരെ തിരഞ്ഞെടുത്തു (മത്താ10; മര്‍ക്കോ 3: 13-19; ലൂക്കാ 6:12-16). തന്‍റെ മരണശേഷം അവിടുന്ന് അപ്പസ്തോലന്മാര്‍ക്ക് സഹായകനായ പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്തു. ക്രിസ്തുവിന്‍റെ പഠനങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ടും അവയിലെ സത്യങ്ങളുടെ പൂര്‍ണ്ണത വെളിപ്പെടുത്തിക്കൊണ്ടും പരിശുദ്ധാത്മാവ് ശിഷ്യരെ നയിക്കും (യോഹ 14:26) എന്ന് യേശു വാഗ്ദാനം ചെയ്തു. യേശുവിന്‍റെ പഠനങ്ങളെ ഓര്‍മ്മിക്കാനും അവയിലെ സത്യത്തിന്‍റെ പൂര്‍ണ്ണതയെ ലിഖിതരൂപത്തിലാക്കാനും അപ്പസ്തോലന്മാരെ പ്രബോധിപ്പിച്ചത് പരിശുദ്ധാത്മാവാണ്. തങ്ങള്‍ സംസാരിക്കുന്നത് പരിശുദ്ധാത്മാവിന്‍റെ ശക്തിയാലാണ് എന്ന് അപ്പസ്തോലന്മാര്‍ക്ക് ഉറപ്പുണ്ടായിരുന്നു. "നിങ്ങള്‍ ഞങ്ങളില്‍ നിന്നു കേട്ട വചനങ്ങള്‍ മനുഷ്യവചനങ്ങളല്ല, ദൈവത്തിന്‍റെ സത്യവചനമാണ്" (1 തെസ്സ 2:13); "മാനുഷിക ജ്ഞാനത്താലല്ല പരിശുദ്ധാത്മാവിലാണ് ഞങ്ങള്‍ നിങ്ങളെ ഉദ്ബോധിപ്പിക്കുന്നത്" (1 കോറി 2:12-13) എന്നീ വചനങ്ങളിലൂടെ ഈ സത്യമാണ് പൗലോസ് അര്‍ത്ഥമാക്കുന്നത്. താന്‍ ലേഖനത്തിലെഴുതുന്നവയെ "കര്‍ത്താവിന്‍റെ കല്പനകളായാണ്"പൗലോസ് അവതരിപ്പിക്കുന്നത് (1 കോറി 14: 37). ലേഖനങ്ങളിലെ പ്രബോധനങ്ങള്‍ നിരസിക്കുന്നവന്‍ ക്രിസ്തുവിനെ നിരസിക്കുന്നതിനാല്‍ അവനെ കൂട്ടായ്മയില്‍നിന്ന് ബഹിഷ്ക്കരിക്കണമെന്നും പൗലോസ് ആവശ്യപ്പെടുന്നുണ്ട് (2 തെസ്സ 3: 14). തങ്ങള്‍ പഠിപ്പിക്കുന്നവ ക്രിസ്തുവിന്‍റെ വാക്കുകള്‍ തന്നെയാണെന്ന് ഉറച്ചബോധ്യം അപ്പസ്തോലന്മാര്‍ക്കുണ്ടായിരുന്നു (ഹെബ്രാ 2: 3-4; നട 9:3-2; എഫേ 3:5; വെളി 1: 1-2; 2:1; 14:13; 19:9; 21:5).
അപ്പസ്തോലന്മാരുടെ പ്രബോധനങ്ങളില്‍ പൗലോസിന്‍റേതൊഴികെയുള്ളവ പ്രധാനമായും വാമൊഴിയായാണ് ആദ്യകാലത്ത് പ്രചരിച്ചിരുന്നത്. ഇപ്രകാരം പ്രചരിച്ചിരുന്നവയെ സുവിശേഷകന്മാര്‍ തങ്ങളുടെ രചനയ്ക്ക് അടിസ്ഥാനമാക്കി (ലൂക്കാ 1: 1-4). വാമൊഴിയായും ലിഖിതരൂപത്തിലും ലഭിക്കുന്ന പാരമ്പര്യങ്ങളെ മുറുകെപ്പിടിച്ചുമുന്നേറാന്‍ വി. പൗലോസ് ഉപദേശിക്കുന്നുണ്ട് (2 തെസ 2:15). വാമൊഴിയായി പ്രചരിച്ചിരുന്ന പാരമ്പര്യങ്ങള്‍ ലിഖിതരൂപത്തിലായതിനുപിന്നില്‍ നാലു കാരണങ്ങളുണ്ട്. ഒന്നാമതായി, അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ വിദൂരങ്ങളിലേക്ക് വ്യാപിച്ചതിനാല്‍ തങ്ങള്‍ സ്ഥാപിച്ച സഭാസമൂഹങ്ങളുമായി ബന്ധം പുലര്‍ത്താന്‍ ലിഖിതരൂപം ആവശ്യമായിരുന്നു. വി. പൗലോസിന്‍റെ ലേഖനങ്ങള്‍ ഇതിനുദാഹരണങ്ങളാണ്. രണ്ടാമതായി, അപ്പസ്തോലന്മാര്‍ ഒന്നൊന്നായി വധിക്കപ്പെട്ടുതുടങ്ങിയപ്പോള്‍ അവരുടെ പ്രബോധനങ്ങള്‍ എഴുതി സൂക്ഷിക്കേണ്ടത് ആവശ്യമായി വന്നു. കാതോലിക ലേഖനങ്ങളില്‍ പലതിന്‍റെയും ഉത്ഭവത്തിനുകാരണമിതാണ്. മൂന്നാമതായി, വാമൊഴിയേക്കാളും ആധികാരികമായവ വരമൊഴിയാണെന്ന് സാര്‍വ്വത്രികമായി അംഗീകരിക്കപ്പെട്ടിരുന്നു. പുതിയനിയമത്തിലെ ആദ്യലിഖിതഗ്രന്ഥങ്ങളായ പൗലോസിന്‍റെ ലേഖനങ്ങളെ "തിരുലിഖിതമായി" വി. പത്രോസ് ചൂണ്ടിക്കാണിക്കുന്നത് ശ്രദ്ധേയമാണ് (2 പത്രോ 3: 15). വെളിപാടുഗ്രന്ഥത്തിന്‍റെ ലിഖിതരൂപത്തെ വി. ഗ്രന്ഥമായി കരുതി വായിക്കാന്‍ ഗ്രന്ഥകാരന്‍ ആവശ്യപ്പെടുന്നുണ്ട് (വെളി 1:3).
നാലാമതായി, വാമൊഴി വരമൊഴിയായി രൂപാന്തരം പ്രാപിക്കാനുള്ള ഏറ്റവും പ്രധാനകാരണം യഹൂദരും ക്രൈസ്തവരും തമ്മില്‍ ആദിമസഭയില്‍ ഉണ്ടായ ഭിന്നതയാണ്. A.D 90-നോടടുത്ത് ക്രൈസ്തവരെ സിനഗോഗുകളില്‍നിന്നു ബഹിഷ്കരിച്ചുകൊണ്ട് യഹൂദര്‍ കല്പന പുറപ്പെടുവിച്ചു. ബിര്‍കാത് ഹമാനിം (Birrkat Hamanim) എന്ന പേരില്‍ അറിയപ്പെടുന്ന ഈ കല്‍പ്പനയിലൂടെ സിനഗോഗുകളിലെ വചനശുശ്രൂഷകളില്‍ പങ്കെടുക്കാനുള്ള അവസരം ക്രൈസ്തവര്‍ക്ക് നിഷേധിക്കപ്പെട്ടു. സിനഗോഗിലെ വചനശുശ്രൂഷയ്ക്കു പകരമായി വായിക്കാന്‍ ക്രിസ്തുവിന്‍റെ ജീവിതത്തെ ആധാരമാക്കിയുള്ള രചനകള്‍ ക്രൈസ്തവര്‍ക്ക് ആവശ്യമായിവന്നു. ആരാധനാവശ്യങ്ങള്‍ക്കായി, വിശേഷിച്ചും അപ്പം മുറിക്കല്‍ ശുശ്രൂഷയോടനുബന്ധിച്ച് വായിക്കുന്നതിനുവേണ്ടിയാണ് പുതിയ ഗ്രന്ഥങ്ങളില്‍ പലതും രചിക്കപ്പെട്ടത്. പുതിയ നിയമഗ്രന്ഥങ്ങളുടെ രൂപീകരണത്തിനു പ്രേരകമായി വര്‍ത്തിച്ച ഏറ്റവും ശക്തമായ പശ്ചാത്തലം ആരാധനാക്രമമാണ്.
അപ്പസ്തോലന്മാര്‍ രചിച്ചവയെല്ലാം ആധികാരിക - കാനോനിക- ഗ്രന്ഥങ്ങളായി അംഗീകരിക്കപ്പെട്ടിരുന്നു. പ്രസ്തുത ഗ്രന്ഥങ്ങളുടെ അപ്പസ്തോലിക കര്‍തൃത്വം തന്നെയായിരുന്നു അവയുടെ ആധികാരികതയുടെ അടിസ്ഥാനം. എന്നാല്‍, കാലാന്തരത്തില്‍ അപ്പസ്തോലന്മാര്‍ രചിച്ചവയെന്ന വ്യാജേന അവരുടെ സന്ദേശങ്ങള്‍ക്കു വിരുദ്ധമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന അനേകം രചനകള്‍ സഭയില്‍ പ്രചരിച്ചുതുടങ്ങി. ഇത്തരം ഗ്രന്ഥങ്ങളില്‍നിന്ന് ദൈവനിവേശിതമായ കാനോനിക ഗ്രന്ഥങ്ങളെ വേര്‍തിരിക്കേണ്ടത് ആവശ്യകമായിവന്നു.
ഉത്തരകാനോനികം എന്ന പേരിൽ അിറയപ്പെടുന്ന കാനോനിക ഗ്രന്ഥങ്ങൾ സഭാപിതാക്കന്മാരുടെ രചനകളിൽ |
തോബിത് |
യൂദിത് |
ബാറൂക്ക് |
ജ്ഞാനം |
പ്രഭാഷകൻ |
1 മക്കബായർ |
2 മക്കബായർ |
എസ്തേർ |
ദാനിയേൽ |
|
ഡിഡാക്കേ | * | ||||||||
റോമിലെ വി. ക്ലെമെന്റ് | * | * | * | ||||||
വി. പോളികാർപ്പ് | * | ||||||||
വി. ഇറനേവൂസ് | * | * | |||||||
അലക്സാണ്ട്രിയാ യിലെ വി. ക്ലമെന്റ് | * | * | * | * | * | * | * | * | |
വി. ഹിപ്പോളിറ്റസ് | * | * | * | * | * | * | * | ||
തെർത്തുല്യൻ | * | * | * | * | * | * | * | ||
ഒരിജൻ | * | * | * | * | * | * | * | * | * |
വി. സിപ്രിയാൻ | * | * | * | * | * | * | * |
ഒരിജനും യൗസേബിയൂസും
പുതിയ നിയമകാനനെക്കുറിച്ചുള്ള വിചിന്തനങ്ങളില്‍ ശ്രദ്ധാര്‍ഹമായ സംഭാവനകള്‍ നല്‍കിയിട്ടുള്ള രണ്ടുസഭാപിതാക്കന്മാരാണ് ആഫ്രിക്കയിലെ കാര്‍ത്തേജില്‍നിന്നുള്ള ഒരിജനും സഭാചരിത്രത്തിന്‍റെ പിതാവായ യൗസേബിയൂസും. ഒരിജന്‍ തിരുലിഖിതങ്ങളെ മൂന്നായി തരം തിരിച്ചു.
(1) സാര്‍വ്വത്രിക അംഗീകാരമുള്ള ഗ്രന്ഥങ്ങള്‍ (Homolegumena): 4 സുവിശേഷങ്ങള്‍ പൗലോസിന്‍റെ 13 ലേഖനങ്ങള്‍, വെളിപാടുഗ്രന്ഥം, 1 യോഹന്നാന്‍, 1 പത്രോസ് എന്നീ ഗ്രന്ഥങ്ങളെ ഒരിജന്‍ ഈ വിഭാഗത്തില്‍പ്പെടുത്തി.
(2) അപ്പസ്തോലിക ഗ്രന്ഥകര്‍തൃത്വം ചോദ്യം ചെയ്യപ്പെടുന്നവ (Anti legumena): ഹെബ്രായര്‍, II പത്രോസ്, II, III യോഹന്നാന്‍, യാക്കോബ്, യൂദാ, എന്നീ ലേഖനങ്ങളെ ഒരിജന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. ഇതോടൊപ്പം, സഭാപിതാവായ ഷെപ്പേര്‍ഡ് ഓഫ് ഹെര്‍മസ്, ബാര്‍ണബാസ് എന്നിവരുടെ ലേഖനങ്ങളെയും ഡിഡാക്കെ എന്ന പ്രബോധനഗ്രന്ഥത്തെയും ഒരിജന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നതായി കരുതപ്പെടുന്നു. ഇവയെ ഈ വിഭാഗത്തിലെ (Antileuomena) രണ്ടാംതരം പുസ്തകങ്ങളായാണ് ഒരിജന്‍ പരിഗണിച്ചത്.
(3) അപ്രമാണിക ഗ്രന്ഥങ്ങള്‍: മുകളില്‍ പേര് പരാമര്‍ശിക്കപ്പെടാത്ത വിശുദ്ധഗ്രന്ഥങ്ങളെയെല്ലാം അപ്രമാണികഗ്രന്ഥങ്ങളായാണ് ഒരിജന്‍ മനസ്സിലാക്കിയിരുന്നത്.
ഒരിജന്‍റെ ഈ വിഭജനംതന്നെയാണ് അദ്ദേഹത്തിന്‍റെ ശിഷ്യനായ യൗസേബിയൂസ്സും അടിസ്ഥാനപരമായി സ്വീകരിച്ചത്. എന്നാല്‍ വെളിപാടുഗ്രന്ഥത്തെ യൗസേബിയൂസ് പുതിയനിയമകാനനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അന്ത്യോക്യന്‍ സ്കൂളിന്‍റെ സ്ഥാപക പിതാക്കളിലൊരാളായ സമസോത്തായിലെ ലൂസിയാന്‍റെ സ്വാധീനം മൂലമാണ് വെളിപാടുഗ്രന്ഥത്തെ യൗസേബിയൂസ് തള്ളിക്കളഞ്ഞത് എന്നു കരുതപ്പെടുന്നു. എദേസ്സായിലെ ദൈവശാസ്ത്രശാലയില്‍ വി. ഗ്രന്ഥം പഠിപ്പിച്ച ലൂസിയാന്‍, 22 പുസ്തകങ്ങള്‍ മാത്രമടങ്ങിയ പുതിയനിയമത്തിന്‍റെ ഹ്രസ്വരൂപം പ്രസിദ്ധീകരിച്ചിരുന്നു. വിശുദ്ധജോണ്‍ ക്രിസോസ്തോം ഹ്രസ്വരൂപത്തിലുള്ള പുതിയ നിയമത്തിന്‍റെ പ്രചാരകനായിരുന്നു. വെളിപാടുഗ്രന്ഥവും, II, III യോഹന്നാന്‍, II പത്രോസ്, യൂദാ എന്നീ കാതോലിക ലേഖനങ്ങളുമാണ് ഹ്രസ്വരൂപത്തിലുള്ള പുതിയനിയമത്തില്‍നിന്നും ഒഴിവാക്കപ്പെട്ടത്. പൗരസ്ത്യ സിറിയന്‍ സഭകള്‍ ദീര്‍ഘകാലം 22 പുസ്തകങ്ങള്‍ അടങ്ങിയ പുതിയനിയമമാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ അഞ്ചു പുസ്തകങ്ങള്‍ ഒഴിവാക്കപ്പെടാനുള്ള കാരണം അവയുടെ കാനോനികതയിലുള്ള സംശയമായിരുന്നില്ല, മറിച്ച് മൊണ്ടാനിസം, ചെറിന്തൂസ്, തുടങ്ങിയ പാഷണ്ഡ വിഭാഗങ്ങള്‍ ഈ പുസ്തകങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തിരുന്നതിനാല്‍ അവയെ ആരാധനാക്രമത്തിലെ ഉപയോഗത്തില്‍നിന്ന് ഒഴിവാക്കുകയായിരുന്നു എന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതന്മാരുണ്ട്.
കാനന്‍ നിയതരൂപം പ്രാപിക്കുന്നു
പുതിയനിയമകാനന്‍ നിയതരൂപത്തില്‍ പ്രത്യക്ഷമാകുന്ന ആദ്യപട്ടിക പ്രസിദ്ധീകരിച്ചത് അലക്സാണ്ട്രിയായിലെ മെത്രാനായിരുന്ന അത്തനാസിയൂസ് ആണ്. A.D. 367-ല്‍ അദ്ദേഹം രചിച്ച Epistola festalis എന്ന ഗ്രന്ഥത്തില്‍ ഒരിജന്‍റെ കാനന്‍ പട്ടികയില്‍ സംശയാസ്പദഗ്രന്ഥങ്ങളായിപ്പെടുത്തിയിരുന്ന ഗ്രന്ഥങ്ങളെ (II പത്രോസ്, II, III യോഹന്നാന്‍. യൂദാ, വെളിപാട്) ഔദ്യോഗിക കാനന്‍റെ ഭാഗമായി അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. എന്നാല്‍ സംശയാസ്പദഗ്രന്ഥങ്ങളുടെ പട്ടികയില്‍ ഒരിജനും യൗസേബിയൂസും ഉള്‍പ്പെടുത്തിയിരുന്ന ഗ്രന്ഥങ്ങളെ അത്തനാസിയൂസ് തള്ളിക്കളഞ്ഞു.
A.D. 382 ല്‍ ഡമാസൂസ് പാപ്പ റോമില്‍ വിളിച്ചുചേര്‍ത്ത സിനഡില്‍ ബൈബിളിലെ കാനോനിക ഗ്രന്ഥങ്ങളുടെ പൂര്‍ണ്ണ പട്ടിക പ്രസിദ്ധീകരിച്ചു (Deretum Gleasi de recipiendus et non recipiends Libris).
ആഫ്രിക്കന്‍ സഭയില്‍, വി. ആഗസ്തീനോസ് ഹെബ്രായര്‍ക്കുള്ള ലേഖനത്തിന്‍റെ ആധികാരികതയെ തള്ളിപ്പറഞ്ഞിരുന്നു. എന്നാല്‍ A.D. 393-ല്‍ Hippoയിൽ ചേര്‍ന്ന സിനഡ് ഡമാസൂസ് പാപ്പായുടെ കാനന്‍ അംഗീകരിച്ചു. അഞ്ചാം നൂറ്റാണ്ടിന്‍റെ ആരംഭത്തോടെ 27 പുസ്തകങ്ങളടങ്ങിയ പുതിയനിയമ കാനന് സാര്‍വ്വത്രിക അംഗീകാരം ലഭിച്ചു. പ്രൊട്ടസ്റ്റന്‍റു വിപ്ലവകാലംവരെ ഈ കാനന്‍ അനിഷേധ്യമായി നിലകൊണ്ടു. മാര്‍ട്ടിന്‍ ലൂഥര്‍ 4 പുതിയനിയമ ഗ്രന്ഥങ്ങളും (ഹെബ്രായര്‍, യാക്കോബ്, യൂദാ, വെളിപാട്) ഏഴു പഴയ നിയമഗ്രന്ഥങ്ങളും (ഉത്തരകാനോനിക ഗ്രന്ഥങ്ങള്‍) അകാനോനികമായി പ്രഖ്യാപിച്ചു. ഫലത്തില്‍ ലൂഥര്‍ 62 പുസ്തകങ്ങളെ മാത്രമേ കാനോനിക ഗ്രന്ഥങ്ങളായി കരുതിയിട്ടുള്ളൂ. എരാസ്മൂസ്, കജെത്താന്‍, തുടങ്ങിയ കത്തോലിക്കാ ബൈബിള്‍ പണ്ഡിതരും ലൂഥറിന്‍റ നയത്തെ ഭാഗികമായി അംഗീകരിച്ചിരുന്നു. കൂടാതെ, മര്‍ക്കോ 16: 9-20; യോഹ 8:1-12 എന്നീ ഭാഗങ്ങളും കാനോനികമല്ലെന്ന് ഇവര്‍ വാദിച്ചു. ഈ പശ്ചാത്തലത്തിലാണ് 1546-ല്‍ ത്രെന്തോസ് സൂനഹദോസ് ചേരുന്നത്. ബൈബിളില്‍ ഇന്നു നാം കാണുന്ന എല്ലാ ഗ്രന്ഥങ്ങളുടെയും ആധികാരികതയെ സൂനഹദോസ് അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയും അവയുടെ ആധികാരികതയെ നിഷേധിക്കുന്നത് മഹറോന്‍ ശിക്ഷയ്ക്കു കീഴില്‍ വിലക്കുകയും ചെയ്തു. 1546- ഏപ്രില്‍ 8 ന് പുറത്തിറക്കിയ (സാക്രാ കാനോനിസിസ്) Sacra Canonicis എന്ന തിരുവെഴുത്തിലൂടെയാണ് ത്രെന്തോസ് സൂനഹദോസ് കാനന്‍ ഗ്രന്ഥങ്ങളെക്കുറിച്ചു നടത്തിയ പഠനം വെളിച്ചം കണ്ടത്.
ഡോ. ജോസഫ് പാംപ്ലാനി
The Bible: The canonical book catholic malayalam bible Rev. Dr. Joseph Pamplany ബൈബിള്‍ വ്യാഖ്യാനശാസ്ത്രം ബുക്ക് no 03 ജാംനിയാ സൂനഹദോസ് അലക്സാണ്ട്രിയന്‍ കാനന് Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206