We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Fr. John Berkumans On 05-Feb-2021
വി. ലൂക്കായുടെ സുവിശേഷത്തേയും അപ്പസ്തോലന്മാരുടെ നടപടിയേയുംപറ്റിയുള്ള സുപ്രധാനപഠനങ്ങള്‍ അനുവാചകര്‍ക്ക് പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിന്‍റെ ഉദ്ദേശ്യം. ഇവയെല്ലാംതന്നെ ജര്‍മ്മന്‍, ഫ്രഞ്ചു ഭാഷകളിലായതിനാല്‍ മലയാളവായനക്കാര്‍ക്ക് അവ അപ്രാപ്യങ്ങളാണ്. എങ്കിലും ഈ തലത്തില്‍ നടന്നിട്ടുള്ള കാല്‍വയ്പുകളെ അവഗണിക്കുകവയ്യ. അതിനാല്‍, വി. ലൂക്കായുടെ കൃതികളെപ്പറ്റി സവിശേഷപഠനം നടത്തി അമൂല്യസംഭാവനകള്‍ നല്‍കിയിട്ടുള്ള പ്രധാന ഗ്രന്ഥകര്‍ത്താക്കളെ പരിചയപ്പെടുത്തുകയാണ് ഇവിടെ ചെയ്യുന്നത്. Rediscovering theTaching of the Evengelists (SCM, 1968, PP. 153239) എന്ന ഗ്രന്ഥത്തില്‍ Joachim Rhodes ഈ വിഷയത്തെക്കുറിച്ച് സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.
എം. ദിബേലിയൂസ് (M. Dibelius)
സുവിശേഷങ്ങളോട് വിമര്‍ശനാത്മകമായ സമീപനം സ്വീകരിച്ചുകൊണ്ട് ദിബേലിയൂസ് അപ്പസ്തോലന്മാരുടെ നടപടിയെ രൂപചരിത്രനിരൂപണത്തിന് (From Criticism) വിധേയമാക്കി. ഇദ്ദേഹത്തിന്‍റെ പഠനങ്ങള്‍ From Tradition to the Gospel, Studis in the Acts of the Apostles എന്നീ ഗ്രന്ഥങ്ങളില്‍ കാണാം.
ലൂക്കായെ ഒന്നാമത്തെ തിരുസ്സഭാ ചരിത്രകാരനായിട്ടുമാത്രം കണക്കാക്കിയിരുന്ന പരമ്പരാഗതചിന്താഗതിയെ ദിബേലിയൂസ് ചോദ്യംചെയ്തു. അതുവഴി ഒരു സുവിശേഷകനായി ലൂക്കായെ അംഗീകരിക്കാനുള്ള മാര്‍ഗ്ഗം അദ്ദേഹം തുറന്നിട്ടു. ദിബേലിയൂസിന്‍റെ വീക്ഷണത്തില്‍ വിശ്വാസിയായ ചരിത്രകാരനാണ് ലൂക്കാ, ക്രിസ്തീയസമൂഹത്തിന്‍റെ വിശ്വാസത്തെ പ്രതിപാദിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്‍റെ പ്രധാന ഉദ്ദേശ്യം. അതിനുപകരിക്കുന്ന വിവരണങ്ങളും ഭാഷാരീതിയുമാണ് ലൂക്കാ തെരഞ്ഞെടുത്തിട്ടുള്ളത്. സുവിശേഷം എഴുതുവാന്‍ ഉപയോഗിച്ചതില്‍ കൂടുതല്‍ സ്വാതന്ത്ര്യം നടപടിപ്പുസ്തകമെഴുതുന്നതിന് ലൂക്കാ സ്വീകരിച്ചിരിക്കുന്നു.
എച്ച്. കോണ്‍സെല്‍മാന്‍ (H. Conzelmann)
രചനാചരിത്രനിരൂപണരീതി (Redaction criticism) ഉപയോഗിച്ചു ലൂക്കായുടെ സുവിശേഷം കൂലങ്കഷമായി കോണ്‍സെല്‍മാന്‍ പരിശോധിക്കുകയുണ്ടായി. തന്‍റെ പഠനത്തിന്‍റെ ഫലങ്ങള്‍ ആദ്യം ലേഖനങ്ങള്‍വഴിയും പിന്നീട് 'ലൂക്കായുടെ ദൈവശാസ്ത്രം' (Theology of St. Luke, London 1960) എന്ന ഗ്രന്ഥംവഴിയും അദ്ദേഹം പ്രസിദ്ധംചെയ്തു. ലൂക്കായുടെ കൃതികളെ സംബന്ധിച്ചു രചനാചരിത്രനിരൂപണരംഗത്തുള്ള പ്രാമാണികഗ്രന്ഥമായി ഇത് ഇപ്പോഴും നിലകൊള്ളുന്നു. ലൂക്കായുടെ സുവിശേഷത്തിലെ ദൈവവിജ്ഞാനീയപരമായ സവിശേഷതകള്‍ എടുത്തുകാട്ടുകയാണ് കോണ്‍സെല്‍മാന്‍റെ ഉദ്ദേശ്യം. അതുകൊണ്ട് അതില്‍ കടന്നുകൂടിയിരിക്കാവുന്ന മൂലരേഖകളുടെ ഉത്ഭവത്തെപ്പറ്റിയുള്ള പ്രശ്നങ്ങളൊന്നും അദ്ദേഹം കണക്കാക്കുന്നില്ല. എങ്കിലും മര്‍ക്കോസിന്‍റെ സുവിശേഷത്തേയും സാങ്കല്പികമായ ക്രിസ്തുസൂക്തസമാഹാരത്തേയും ആശ്രയിച്ച് ലൂക്കാ തന്‍റെ സുവിശേഷം എഴുതി എന്ന് അദ്ദേഹം സമ്മതിക്കുന്നു.
സുവിശേഷകന്‍റെ വ്യക്തിത്വം, അദ്ദേഹത്തിന്‍റെ വീക്ഷണങ്ങള്‍, രചനാരീതി, സഭാപരമായ പശ്ചാത്തലം മുതലായവയെല്ലാം അദ്ദേഹം രചനാചരിത്രനിരൂപണത്തിന് വിധേയമാക്കി. സുവിശേഷത്തിലെ വിവരണഖണ്ഡങ്ങള്‍ക്ക് സുവിശേഷത്തിന്‍റെ മുഴുവന്‍ പശ്ചാത്തലത്തിലുള്ള ദൈവശാസ്ത്രപരമായ സ്ഥാനവും അര്‍ത്ഥവും നിര്‍ണ്ണയിക്കുകയാണ് രചനാചരിത്രനിരൂപകന്‍ ചെയ്യുക.കാരണം, സുവിശേഷത്തിലെ പല വിവരണങ്ങളും യേശുവിന്‍റെ ജീവിതസാഹചര്യങ്ങളെ വിശ്വസ്തമായി അവതരിപ്പിക്കുവാന്‍ ശ്രമിക്കുന്നില്ല. പലതും പ്രബോധനാത്മകമായ ആവശ്യങ്ങള്‍ മുന്‍നിറുത്തി സുവിശേഷകന്‍ രൂപപ്പെടുത്തിയവയാണെന്ന് കോണ്‍സെല്‍മാന്‍ പറയുന്നു.
കോണ്‍സെല്‍മാന്‍ ഈ രീതിതന്നെ ലൂക്കായുടെ സുവിശേഷപരിശോധനക്കും ഉപയോഗിച്ചു. രക്ഷാകരചരിത്രത്തെ ലൂക്കാ മൂന്നു ഘട്ടങ്ങളിലായി വിഭജിച്ചിരിക്കുന്നു: നിയമത്തിന്‍റെയും പ്രവാചകരുടെയും കാലം, ക്രിസ്തുവിന്‍റെ കാലം, സഭയുടെ കാലം. ക്രിസ്തുവിന്‍റെ ദ്വിതീയാഗമനം പ്രതീക്ഷിച്ചുകൊണ്ടുള്ള കാലമത്രേ സഭയുടെ കാലം.
കോണ്‍സെല്‍മാന്‍റെ രക്ഷാകരചരിത്രവിഭജനം വാദപ്രതിവാദങ്ങള്‍ക്കിടയാക്കി. എങ്കിലും അദ്ദേഹത്തിന്‍റെ കാല്‍വയ്പുകള്‍ ലൂക്കായുടെ ഗ്രന്ഥങ്ങള്‍ പഠിക്കുന്നതിന് പ്രചോദനമേകിയെന്നതു പരമാര്‍ത്ഥമാണ്.
ഇ. ഹേന്‍ഞ്ചെന്‍ (E.Haenchen)
വിവിധ സ്ഥലകാലങ്ങളിലൂടെ കടന്നുവന്ന് രചയിതാവിന്‍റെ കൈകളില്‍ അന്ത്യരൂപം പ്രാപിച്ച പാരമ്പര്യങ്ങളാണ് നടപടിപുസ്തകം ഉള്‍ക്കൊള്ളുന്നതെന്ന് ഹേന്‍ഞ്ചെന്‍ സ്ഥാപിച്ചു. ഇക്കാര്യത്തില്‍ ഹേന്‍ഞ്ചെനും കോണ്‍സെല്‍മാനും ഒരേ അഭിപ്രായമാണുള്ളത്. ഇവരുടെ പഠനങ്ങള്‍ ലൂക്കായുടെ കൃതികള്‍ക്ക് സമഗ്രമായൊരു രചനാചരിത്രനിരൂപണസംഗ്രഹം നമുക്കു നല്‍കുന്നു.
പാരമ്പര്യവും ഗ്രന്ഥരചനയും തമ്മിലുള്ള ബന്ധമെന്തെന്ന് ഹേന്‍ഞ്ചെന്‍ നിര്‍വ്വചിച്ചു. വി. ഗ്രന്ഥകാരന്മാരുടെ സ്വന്തം പ്രവര്‍ത്തനഫലമായിട്ടുമാത്രം വി. ഗ്രന്ഥത്തെ കണക്കാക്കരുത്. പാരമ്പര്യം യേശുവിന്‍റെ ജീവിതത്തോടോ അപ്പസ്തോലന്മാരുടെ കാലത്തോടോമാത്രം ബന്ധപ്പെട്ടു നില്ക്കുന്ന ഘടകമായും കരുതരുത്. വി. ഗ്രന്ഥരചനയ്ക്ക് വിവിധ സ്ഥലകാലങ്ങളില്‍നിന്നുള്ള ആശയങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. സുവിശേഷത്തിലെ രംഗങ്ങളെ സജീവവും വൈവിധ്യമാര്‍ന്നതുമാക്കുന്നതിനുവേണ്ടി അവയുടെ പശ്ചാത്തലവിവരണങ്ങള്‍ സുവിശേഷകന്‍തന്നെ രചിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സുവിശേഷഭാഗങ്ങള്‍ തേടിപ്പിടിച്ചു പകര്‍ത്തുകയല്ല അദ്ദേഹം ചെയ്തത്. അതുപോലെ, കൈയില്‍കിട്ടിയ വിവിധ സംഭവങ്ങള്‍ അതേപടി പകര്‍ത്തുകയാണ് ലൂക്കാ ചെയ്തതെന്ന അഭിപ്രായവും ശരിയല്ല.
അപ്പസ്തോല നടപടിയില്‍ കാണുന്ന പൗലോസിന്‍റെ മാനസാന്തരത്തെ സംബന്ധിച്ച മൂന്നു വിവരണങ്ങള്‍തന്നെ പരിശോധിക്കാം. ഇവ തമ്മിലുള്ള അന്തരം മൂലരേഖകളുടെ വ്യത്യാസം മൂലമാകാനിടയില്ല. പ്രത്യുത ഒരേ കഥതന്നെ മൂന്നു രീതികളില്‍ അവതരിപ്പിച്ചിരിക്കുന്നതത്രേ. പാരമ്പര്യങ്ങളെ തിരിച്ചും മറിച്ചും, ചില്ലറ വ്യത്യാസങ്ങള്‍ വരുത്തിയും കൂട്ടിച്ചേര്‍ത്തും പറയുന്ന ഒരുരീതി പൗലോസിന്‍റെ മാനസാന്തരവിവരണത്തില്‍ ലൂക്കാ സ്വീകരിച്ചു. അങ്ങനെ അദ്ദേഹം ശക്തമായൊരു തൂലികയുടെ ഉടമയായി നമ്മുടെ മുമ്പില്‍ പ്രത്യക്ഷപ്പെടുന്നു. അപ്പസ്തോലകാലത്തിന്‍റെ യഥാര്‍ത്ഥ ചരിത്രമല്ല നടപടിപ്പുസ്തകം. സ്വതന്ത്രമായൊരു ദൈവശാസ്ത്രം പ്രദാനംചെയ്യുന്ന വിശിഷ്ട നിര്‍മ്മിതിയാണിത്. യഥാര്‍ത്ഥ സംഭവങ്ങള്‍ക്കു സാക്ഷിയെന്ന നിലയിലും ലൂക്കാ നമ്മുടെ ബഹുമാനമര്‍ഹിക്കുന്നു. അദ്ദേഹം വിവരിക്കുന്ന വസ്തുതകള്‍ നേരിട്ടനുഭവിച്ചവയല്ലെങ്കിലും അവയനുഭവിച്ച തലമുറയിലെ ഒരംഗമായിരുന്നു അദ്ദേഹം. അവയെ തന്‍റേതായ ഭാഷയില്‍ വിശദീകരിക്കുവാനുള്ള ശ്രമമത്രേ അദ്ദേഹം നടത്തുന്നത്.
യു. വില്‍ക്കെന്‍സ് (U.Wilckens)
നടപടിയില്‍ കാണുന്ന അപ്പസ്തോലപ്രസംഗങ്ങളെല്ലാം അദ്ദേഹം പരിശോധനാവിഷയമാക്കി. ലൂക്കായുടെ സവിശേഷ ദൈവശാസ്ത്രസിദ്ധികളല്ലാതെ ആദ്യത്തെ ക്രിസ്തീയ സമൂഹത്തെപ്പറ്റി തെളിവുകളൊന്നും അവയില്‍നിന്നു ലഭിക്കുകയില്ലെന്ന നിഗമനത്തിലാണ് അദ്ദേഹമെത്തിയത്. പന്തക്കുസ്താദിനത്തിലെ പത്രോസിന്‍റെ പ്രസംഗം (നട. 2: 14-34), മുടന്തനെ സുഖപ്പെടുത്തിയശേഷം പത്രോസ് ജനത്തോടുചെയ്ത പ്രസംഗം (3: 12-26), യഹൂദപരമാധികാരസഭയുടെ മുമ്പില്‍ പത്രോസ് നടത്തിയ പ്രസംഗങ്ങള്‍ (4: 9-12; 5: 3032), കൊര്‍ണേലിയൂസിന്‍റെ ഭവനത്തില്‍ പത്രോസ് ചെയ്ത പ്രസംഗം (13: 16-41) എന്നിവ വില്‍ക്കെന്‍സ് അപഗ്രഥിച്ചു.
ഈ പ്രസംഗങ്ങള്‍ക്കെല്ലാം ആറു ഭാഗങ്ങളുള്ള ഒരു പ്രത്യേക ഘടനാരീതിയുള്ളതായി അദ്ദേഹം കണ്ടു
1) പ്രസംഗത്തിനു വഴിതെളിച്ച സാഹചര്യങ്ങള്‍
2) പ്രബോധനത്തിലേക്കു നയിക്കാന്‍ കെല്പുറ്റ ഒരു ഉദ്ധരണി.
3) അത്ഭുതങ്ങളും ക്രിസ്തുവിന്‍റെ മരണവും.
4) ക്രിസ്തുവിന്‍റെ ഉത്ഥാനത്തിന് ഉപോദ്ബലകങ്ങളായ വിശുദ്ധഗ്രന്ഥ ഉദ്ധരണികള്‍.
5) സംക്ഷേപവിവരണം.
6) പശ്ചാത്താപത്തിലേക്കും രക്ഷയിലേക്കുമുള്ള ആഹ്വാനം.
എച്ച്. ഫ്ളെന്‍ഡെര്‍ (H. Flender)
രക്ഷാകരചരിത്രത്തിന്‍റെ ഏകപക്ഷീയമായ ഒരു വ്യാഖ്യാനമല്ല ലൂക്കാ നല്‍കുന്നത് എന്ന ആശയമാണ് ഫ്ളെന്‍ഡെര്‍ പ്രകടിപ്പിക്കുന്നത്. പുനരാഗമനം ഒരനിശ്ചിതകാലത്തേക്കു മാറ്റിവച്ചിട്ട് തല്‍സ്ഥാനത്ത് മഹത്വീകരണത്തെ പ്രതിഷ്ഠിച്ചത് ലൂക്കായാണെന്ന കോണ്‍സെല്‍മാന്‍റെ പ്രസ്താവനയെ അദ്ദേഹം ശക്തിയുക്തം എതിര്‍ക്കുന്നു. കോണ്‍സെല്‍മാന്‍റെ രക്ഷാചരിത്ര കാലഘട്ടവിഭജനത്തേയും ഫ്ളെന്‍ഡെര്‍ ചോദ്യംചെയ്യുന്നുണ്ട്. അദ്ദേഹത്തിന്‍റെ നോട്ടത്തില്‍ പഴയതും പുതിയതും എന്ന രണ്ടു ഭാഗങ്ങളെ ലൂക്കായില്‍ രക്ഷാകരചരിത്രത്തിനുള്ളൂ. ഈ നവയുഗത്തില്‍ രക്ഷ സമാഗതമാകുന്നത് ക്രിസ്തുവിന്‍റെ സാന്നിധ്യത്തിലൂടെയും പരിശുദ്ധാത്മാവിന്‍റെ ദാനങ്ങളിലൂടെയുമാണ്. പരിശുദ്ധാത്മാവിന്‍റെ സാന്നിധ്യം പുനരാഗമനത്തിനു പകരമല്ല. അവിടുത്തെ സാന്നിധ്യം ജീവദായകമത്രേ.
എച്ച്. ഷ്യൂര്‍മാന്‍ (H. Schuermann)
ലൂക്കായുടെ സുവിശേഷത്തെപ്പറ്റിയുള്ള വിശിഷ്ടമായ ഒരു വ്യാഖ്യാനഗ്രന്ഥം (ഒന്നാംഭാഗം) ഷ്യൂര്‍മാന്‍ പ്രസിദ്ധപ്പെടുത്തി. കോണ്‍സെല്‍മാന്‍റേതില്‍നിന്നും വ്യത്യസ്തമായ ഒരു സമീപനമത്രേ അദ്ദേഹം സ്വീകരിച്ചിട്ടുള്ളത്. ലൂക്കായുടെ സുവിശേഷം വെളിച്ചം കണ്ട പ്രത്യേക സാഹചര്യങ്ങളെപ്പറ്റി അദ്ദേഹം പ്രതിപാദിച്ചിട്ടുണ്ട്. കോണ്‍സെല്‍മാന്‍റെ വീക്ഷണത്തില്‍ സഭാപാരമ്പര്യങ്ങളുടെ ഒരു പ്രസാധകന്‍ മാത്രമാണ് ലൂക്കാ. സത്യം തുറന്നുകാണിക്കുന്നതിനും സഭാതത്ത്വങ്ങളുടെ നിജസ്ഥിതി പ്രകടമാക്കുന്നതിനുമാണ് ലൂക്കാ സുവിശേഷമെഴുതിയത്. ലൂക്കായുടെ സുവിശേഷം പാരമ്പര്യങ്ങളെ അവയുടെ അതിപ്രാചീനരൂപങ്ങളില്‍ പ്രബോധനാത്മകമായ അതിപ്രസരമൊന്നും കൂടാതെ വിശ്വസനീയമാംവിധം പ്രദാനം ചെയ്യുന്നു. രക്ഷാചരിത്രമെഴുതിയ ദൈവശാസ്ത്രജ്ഞനാണ് താനെന്ന് അദ്ദേഹം കരുതിയില്ല. വിശ്വസനീയമാംവിധം സഭയുടെ പാരമ്പര്യം കൈമാറുകയായിരുന്നു ലൂക്കായുടെ ലക്ഷ്യം. സ്വന്തം കൃതിയെ ഒരു പ്രസാധകന്‍റെ ദൃഷ്ടിയോടെയാണ് ലൂക്കാ വീക്ഷിച്ചിരുന്നതെങ്കിലും പുതിയതെന്തോ ഒന്നായിക്കൂടി അദ്ദേഹമതിനെ വിലമതിച്ചിരുന്നുവെന്നാണ് ഷ്യൂര്‍മാന്‍റെ അഭിപ്രായം. അതിപ്രാചീന പാരമ്പര്യങ്ങള്‍ ശേഖരിച്ചു പ്രസിദ്ധീകരിക്കുകമാത്രമാണ് ചെയ്തിരുന്നതെങ്കില്‍ ഈ അവകാശവാദം നടത്താന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ലല്ലോ. വിമര്‍ശകന്മാര്‍ ഷ്യൂര്‍മാന്‍റെ വ്യാഖ്യാനഗ്രന്ഥത്തെ മുക്തകണ്ഠം പ്രശംസിച്ചിട്ടുണ്ട്.
(ഫാ. ജോണ്‍ ബര്‍ക്കുമാന്‍സ്)
Studies on the books of Luke gospel of luke luke catholic malayalam Fr. John Berkumans Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206