x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിളിലെ പുസ്തകങ്ങൾ

ഉത്തമഗീതം

Authored by : Rev. Antony Tharekadavil On 03-Feb-2021

മനുഷ്യന്‍റെ ജീവിതാനുഭവങ്ങളില്‍ വളരെ പ്രധാനപ്പെട്ടതും ജീവിതത്തിലെ വലിയ ഒരു യാഥാര്‍ത്ഥ്യവുമാണ് ലൈംഗികത. ദൈവം മനുഷ്യനെ സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചുകഴിഞ്ഞപ്പോള്‍ പുരുഷന്‍ സ്ത്രീയെ തിരിച്ചറിഞ്ഞത് തന്‍റെ അസ്ഥിയുടെ അസ്ഥിയും മാംസത്തിന്‍റെ മാംസവുമായാണ് (ഉല്‍പ 2:23). അവര്‍ക്ക് പരസ്പരം ആകര്‍ഷണം തോന്നി. ആദിപാപത്തിന്‍റെ ശേഷവും ലൈംഗികത എന്ന ദാനത്തെ ദൈവം മനുഷ്യനില്‍ നിന്ന് എടുത്തുകളഞ്ഞില്ല. ദൈവം മനുഷ്യന് നല്‍കിയ വലിയ ഒരു ദാനമായിട്ടാണ് ജ്ഞാനികള്‍ ലൈംഗികതയെ കണ്ടത് (സഭാ 9:9-10). പ്രണയബദ്ധരായ ഒരു പുരുഷനും സ്ത്രീയും പരസ്പരം പുകഴ്ത്തിക്കൊണ്ടാലപിക്കുന്നു എന്ന് ആദ്യദൃഷ്ടിയില്‍തോന്നുന്ന 30 പ്രേമഗീതങ്ങളും മറ്റ് ഏതാനും ഗീതങ്ങളുമടങ്ങുന്ന ഒരു ഗാനസമാഹാരമാണ് പാട്ടുകളുടെ പാട്ട് എന്ന് ഹെബ്രായ ഭാഷയില്‍ അറിയപ്പെടുന്ന 8 അദ്ധ്യായങ്ങളുള്ള ഉത്തമഗീതം. ഒരാഴ്ചയോളം നീണ്ടുനില്‍ക്കുന്ന മദ്ധ്യപൂര്‍വ്വദേശത്തെ വിവാഹത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ ആലപിച്ചിരുന്ന ഗീതങ്ങളായിരിക്കാം ഇവ. പിന്നീട് ഈ ഗീതങ്ങള്‍ ഒരുമിച്ചുചേര്‍ത്താണ് ഉത്തമഗീതം എന്ന ഗ്രന്ഥത്തിന് രൂപം നല്കപ്പെട്ടത് എന്നുകരുതാം.

ഉത്തമഗീതം ഒന്നാം അധ്യായത്തിലും (1:4) മൂന്നാം അധ്യായത്തിലും (3:7) എട്ടാം അധ്യായത്തിലും (8:11) സോളമന്‍റെ പേരു പറയുന്നതിനാലും, സോളമന്‍ ഇസ്രായേലിന്‍റെ ചരിത്രത്തിലെ വലിയൊരു കാമുകന്‍ ആയിരുന്നതിനാലും (1രാജ 11:3), സോളമന്‍റെ കാലഘട്ടം ഇത്തരമൊരു ഗീതം രചിക്കാന്‍ യുക്തമായതിനാലും സോളമനെ ഉത്തമഗീതത്തിന്‍റെ കര്‍ത്താവായി പരമ്പരാഗതമായി കണക്കാക്കിപ്പോന്നു. എന്നാല്‍ പുസ്തകത്തിലെ അറമായ സ്വാധീനം കണക്കിലെടുക്കുന്നവര്‍, യൂദായിലെ രാജഭരണത്തിന്‍റെ അവസാന നാളുകളില്‍ രചിക്കപ്പെട്ടവയാണീ ഗീതങ്ങളെന്ന് കരുതുന്നു. യവനസംസ്കാരത്തിന്‍റെ സ്വാധീനം കാണിക്കുന്നതിനാല്‍ ക്രിസ്തുവിനുമുമ്പ് മൂന്നാം നൂറ്റാണ്ടില്‍ ഈ ഗ്രന്ഥം ഇന്നത്തെ രൂപത്തിലായിട്ടുണ്ടാകാമെന്ന് കരുതപ്പെടുന്നു. സഭാപ്രസംഗകനും ഉത്തമഗീതവും ഏതാണ്ട് ഒരേ കാലഘട്ടത്തില്‍ രൂപംകൊണ്ടവയാണ്.

ദൈവനാമമോ മതപരമായ ആശയങ്ങളോ ഒരിക്കലും പ്രത്യക്ഷപ്പെടാത്ത ഉത്തമഗീതത്തെ വി. ഗ്രന്ഥത്തിന്‍റെ ഭാഗമാക്കണമോ എന്ന കാര്യത്തില്‍ ആരംഭകാലത്ത് യഹൂദര്‍ക്ക് സംശയമുണ്ടായിരുന്നു. ഉത്തമഗീതത്തില്‍ യാഹ്വേയും ഇസ്രായേലും തമ്മിലുള്ള സ്നേഹബന്ധമാണ് അനാവരണം ചെയ്യപ്പെടുന്നത് എന്ന ചിന്തയുടെ അടിസ്ഥാനത്തിലാണ് അത് വി. ഗ്രന്ഥത്തിന്‍റെ ഭാഗമാക്കാന്‍ അവര്‍ പിന്നീട് തീരുമാനിച്ചത്. സഭയാകട്ടെ ഈ ഗ്രന്ഥം കനോനികമായി സ്വീകരിച്ചപ്പോള്‍ അത് ക്രിസ്തുവും അവന്‍റെ വധുവായ സഭയും തമ്മിലുള്ള ബന്ധത്തെ ആലങ്കാരികഭാഷയില്‍ അവതരിപ്പിക്കുകയാണെന്ന് പഠിപ്പിച്ചു.

ഉത്തമഗീതവും അതിനു സമാനമായ മധ്യപൂര്‍വ്വദേശത്തെ മറ്റ് ഗീതങ്ങളും തമ്മിലുള്ള താരതമ്യപഠനം നടത്തിയ ആധുനിക പണ്ഡിതന്മാര്‍ ഉത്തമഗീതത്തെ വിവാഹാവസരങ്ങളില്‍ പാടിയിരുന്ന ഗീതങ്ങളുടെ ഒരു സമാഹാരമായാണ് കണക്കാക്കുന്നത്. എന്നാല്‍ ഈ ഗീതങ്ങള്‍ ജ്ഞാനഗ്രന്ഥങ്ങളുടെ കൂടെ ഇന്നത്തെ രീതിയില്‍ പ്രത്യക്ഷപ്പെടാന്‍ കാരണമെന്തായിരിക്കാം?

ജ്ഞാനഗ്രന്ഥങ്ങള്‍ അടിസ്ഥാനപരമായി ഉപദേശങ്ങളാണ്. പ്രപഞ്ചം മുഴുവന്‍ ദൈവസൃഷ്ടിയായും അതില്‍ ആവര്‍ത്തിക്കപ്പെടുന്ന കാര്യങ്ങള്‍ ദൈവത്തിന്‍റെ കരവേലയായും പ്രമാണമായും കണ്ടുവന്ന ജ്ഞാനിയെ സംബന്ധിച്ചിടത്തോളം സ്ത്രീപുരുഷ സ്നേഹം എന്നും ആവര്‍ത്തിക്കപ്പെടുന്നതും മാനവസമൂഹത്തിന്‍റെ നിലനില്പിന് അത്യന്താപേക്ഷിതവുമായ ഒരു ജീവിത യാഥാര്‍ഥ്യമായിരുന്നു. അത് ഏറ്റവും ഉന്നതമായ ഒരു ദൈവദാനമാണ് (ഉല്‍പ 1:26-27; 2:23; 3:16). ജീവദായകവും മനുഷ്യന് ഏറ്റവും സന്തോഷദായകവുമായ ഈ ദാനം വളരെ ശ്രദ്ധയോടുകൂടി കൈകാര്യം ചെയ്യേണ്ട ഒന്നുകൂടിയാണ്. ലൈംഗികതയെ എങ്ങനെ വിജയകരമായവിധത്തില്‍ സംയമനത്തോടെ കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ച് യുവജനങ്ങള്‍ക്ക് പ്രത്യേകിച്ച് കന്യകമാര്‍ക്ക് നല്കപ്പെടുന്ന ജ്ഞാനോപദേശങ്ങളാണ് ഉത്തമഗീതത്തിലെ ഗീതങ്ങള്‍ എന്നുപറയാം. ഒരു വിവാഹത്തിന്‍റെ പശ്ചാത്തലത്തില്‍ നടത്തപ്പെടുന്ന ആഘോഷങ്ങളുടെയും പാട്ടുകളുടെയും നൃത്തങ്ങളുടെയും അവസരമാണ് ഈ ഉപദേശത്തിന് പശ്ചാത്തലമൊരുക്കുന്നത്.

യുവത്വത്തിലെത്തുന്നതോടുകൂടി സ്ത്രീപുരുഷന്മാര്‍ തമ്മില്‍ ആകര്‍ഷണമുണ്ടാകുന്നു. താന്‍ ഏറ്റവും സുന്ദരിയാണെന്നും തന്‍റെ കാമുകനാണ് ലോകത്തിലെ ഏറ്റവും സുന്ദരനും കഴിവുറ്റവനുമെന്നും ഏതൊരു കന്യകയ്ക്കും സ്വാഭാവികമായി തോന്നാം (ഉത്ത 1:5; 2:1). അതുപോലെതന്നെ തന്‍റെ കാമുകിയാണ് ഏറ്റവും സുന്ദരിയെന്ന് കാമുകനും തോന്നിയേക്കാം (1:15).  എന്ന പ്രയോഗങ്ങള്‍ ഹെബ്രായഗ്രന്ഥത്തിലില്ലാത്തതാണ്.) എന്നാല്‍ ഇപ്രകാരമുള്ള നൈമിഷികമായ ചിന്തകളെ കയറൂരി വിടരുതെന്നാണ് ജ്ഞാനി ഉപദേശിക്കുന്നത് (2:7, 15; 3:5; 5:9; 8:4). കാമുകീകാമുകന്മാരുടെ മനസ്സിലെ പതിവു ഭാവനകളും, ഒരാള്‍ക്ക് മറ്റൊരാളെക്കുറിച്ചുള്ള ചിന്തകളും, അവര്‍ നടത്തുന്ന രീതിയിലുള്ള സംഭാഷണങ്ങളുമെല്ലാമാണ് ഉത്തമഗീതത്തിലെ ഗാനങ്ങളിലൂടെ ജ്ഞാനി അവതരിപ്പിക്കുന്നത്. എന്നാല്‍ ഈ ഭാവനകളെയും വികാരങ്ങളെയും കയറൂരിവിട്ടാല്‍ സംഭവിക്കാവുന്ന നഷ്ടത്തെക്കുറിച്ചും അതിലടങ്ങിയിരിക്കുന്ന അവിവേകത്തെക്കുറിച്ചും ജ്ഞാനി ഇടയ്ക്കിടെ (തോഴിമാരുടെയും, യുവതിയുടെ സഹോദരങ്ങളുടെയും മറ്റും സംഭാഷണങ്ങളിലൂടെ) യുവതിയെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. സ്ത്രീയുടെ ചാരിത്ര്യത്തിന് വലിയ വില കല്പിച്ചിരുന്ന സമൂഹത്തില്‍ അതു നഷ്ടപ്പെട്ടാലുണ്ടാകുന്ന വലിയ നഷ്ടത്തെക്കുറിച്ച് ഉപദേശിക്കുകയാണ് ഗുരു. ചില ഉദാഹരണങ്ങള്‍ക്കൊണ്ട് ഈ ആശയം വ്യക്തമാക്കാം:

തന്‍റെ കാമുകനാണ് ഏറ്റവും സുന്ദരനും കഴിവുറ്റവനുമെന്ന് യുവതി ആവര്‍ത്തിച്ച് പറയുന്നുണ്ട്:

"വനവൃക്ഷങ്ങള്‍ക്കിടയില്‍ ആപ്പിള്‍ മരംപോലെയാണ്

യുവാക്കന്മാരുടെ മധ്യത്തില്‍ എന്‍റെ പ്രാണപ്രിയന്‍;

അതിന്‍റെ തണലില്‍ ഞാന്‍ ആനന്ദത്തോടെ ഇരുന്നു;

അതിന്‍റെ ഫലം എന്‍റെ നാവിന് മാധുര്യപൂര്‍ണമാണ്..." (2:3).

"എന്‍റെ പ്രിയന്‍ അരുണനെപ്പോലെ തേജസ്സുറ്റവന്‍;

പതിനായിരങ്ങളില്‍ അതിശ്രേഷ്ഠന്‍

അവന്‍റെ ശിരസ്സ് തനിത്തങ്കമാണ്

കാക്കക്കറുപ്പുള്ള അവന്‍റെ അളകാവലി

തിരമാലയ്ക്ക് തുല്യം..."ڔ(5:10-16).

"എന്‍റെ പ്രിയനേ നീ എത്ര സുന്ദരന്‍..." (1:16).

തന്‍റെ കാമുകന്‍, തന്‍റെ പ്രവൃത്തികളിലൂടെ, തന്നെ പ്രേമത്തിലേയ്ക്ക് നയിച്ചു എന്ന് കന്യക പറയുന്നു (ഭാവനയിലെങ്കിലും):

"വിരുന്നു ശാലയിലേയ്ക്ക് അവന്‍ എന്നെ കൂട്ടിക്കൊണ്ടുവന്നു

പ്രേമത്തിന്‍റെ പതാക എനിക്കുമുകളില്‍ പാറി

..........................................

ഞാന്‍ പ്രേമപരവശയായിരിക്കുന്നു

അവന്‍റെ ഇടതുകരം എനിക്ക് തണലായിരുന്നെങ്കില്‍

അവന്‍റെ വലതുകരം

എന്നെ ആലിംഗനം ചെയ്തിരുന്നെങ്കില്‍"           (2:4-6).

ഇങ്ങനെ ഭാവനാലോകത്തുകഴിയുന്ന കന്യകമാരോട് ഗുരുവിനു പറയാനുള്ളതിതാണ്.

"ജറുസലേം പുത്രിമാരേ, പാടത്തെ ചെറുകലമാനുകളുടെയും

പേടമാനുകളുടെയും പേരില്‍ ഞാന്‍ നിങ്ങളോട്

കെഞ്ചുന്നു; സമയമാകുംമുമ്പ് നിങ്ങള്‍ പ്രേമത്തെ

തട്ടിയുണര്‍ത്തരുതേ; ഇളക്കിവിടരുതേ" (2:7).             

താന്‍ ഏറ്റവുമധികം സ്നേഹിക്കുന്ന കാമുകനോടുകൂടി സമയം ചിലവഴിക്കാനാണ് പ്രേമപരവശയായ കന്യക ആഗ്രഹിക്കുന്നത്.

"നിന്‍റെ അധരം എന്നെ ചുംബനംകൊണ്ട് പൊതിയട്ടെ

നിന്‍റെ പ്രേമം വീഞ്ഞിനെക്കാള്‍ മാധുര്യമുള്ളത്

നിന്‍റെ അഭിഷേകതൈലം സുരഭിലമാണ്

.............................................

എന്നെക്കൊണ്ടുപോവുക നമുക്ക് വേഗം പോകാം

.............................................."    (1:2-7).

അവന്‍ തന്‍റെ സഹോദരനായിരുന്നെങ്കില്‍ പരിമിതികളില്ലാതെ മറ്റുള്ളവരുടെ മുമ്പിലും തങ്ങള്‍ക്കൊരുമിച്ചു നടക്കുവാന്‍ കഴിയുമായിരുന്നല്ലോ എന്ന് കന്യക ആഗ്രഹിക്കുന്നു.

"നീ സഹോദരനായിരുന്നെങ്കില്‍,

എന്‍റെ അമ്മയുടെ മുലപ്പാല്‍ കുടിച്ച് വളര്‍ന്നവനെങ്കില്‍

പുറത്തുവച്ചും എനിക്ക് നിന്നെ ചുംബിക്കാമായിരുന്നു;

ആരും എന്നെ നിന്ദിക്കുകയില്ല..." (8:1).

ഈ വസ്തുത ഗാനരൂപത്തിലവതരിപ്പിച്ചതിനുശേഷം ഗുരുവിന് അവള്‍ക്കുനല്കാനുള്ള ഉപദേശം അടുത്തവാക്യത്തില്‍ നല്കുന്നതുകാണാം.

"ജറുസലേം പുത്രിമാരേ, ഞാന്‍ കെഞ്ചുന്നു

സമയമാകുംമുമ്പ് നിങ്ങള്‍ പ്രേമത്തെ

തട്ടിയുണര്‍ത്തരുതേ ഇളക്കിവിടരുതേ" (8:4).

തന്‍റെ കാമുകനോടൊത്തുള്ള പ്രേമസല്ലാപത്തിന്‍റെ സ്വപ്നാടനത്തിലാണ് പ്രേമവിവശയായ കന്യകമാര്‍ പലപ്പോഴും:

"അതാ എന്‍റെ പ്രിയന്‍റെ സ്വരം!

അതാ മലകളിലൂടെ കുതിച്ചുചാടിയും

കുന്നുകളില്‍ തുളളിച്ചാടിയും

അവന്‍ വരുന്നു..." (2:8-10).

"എന്‍റെ പ്രിയന്‍ വാതില്‍ക്കൊളുത്തില്‍ പിടിച്ചു

എന്‍റെ ഹൃദയം ആനന്ദംകൊണ്ടു തുള്ളിച്ചാടി

എന്‍റെ പ്രിയന് തുറന്നുകൊടുക്കാന്‍ ഞാനെഴുന്നേറ്റു;

എന്‍റെ കൈയ്യില്‍നിന്നും മീറയും

എന്‍റെ വിരലുകളില്‍നിന്ന് മീറത്തുള്ളിയും

വാതില്‍ക്കൊളുത്തില്‍ ഇറ്റുവീണു.

എന്‍റെ പ്രിയനായി ഞാന്‍ കതകുതുറന്നു

പക്ഷേ അവന്‍ അപ്പോഴേയ്ക്കും

പോയിക്കഴിഞ്ഞിരുന്നു" (5:4-6).

"എന്‍റെ പ്രിയനേ വേഗം വരുക

സുഗന്ധ ദ്രവ്യങ്ങളുടെ മലകളില്‍

കലമാന്‍ കുട്ടിയെപ്പോലെയോ

ചെറുമാന്‍പേടയെപ്പോലെയോ

വേഗം വരുക" (8:14 ).           

തന്‍റെ കാമുകനെ കാണാന്‍ കഴിയാത്തതില്‍ അവള്‍ പലപ്പോഴും നിരാശയിലുമാണ്.

"അവന്‍ സംസാരിച്ചപ്പോള്‍ എന്‍റെ ഹൃദയം പരവശമായി

ഞാന്‍ അവനെ അന്വേഷിച്ചു; കണ്ടെത്തിയില്ല

ഞാന്‍ അവനെ വിളിച്ചു; അവന്‍ വിളികേട്ടില്ല

............................................................

ജറുസലേം പുത്രിമാരേ ഞാന്‍ കെഞ്ചുന്നു

എന്‍റെ പ്രിയനെക്കണ്ടാല്‍ ഞാന്‍ പ്രേമാതുരയാണെന്ന്

അവനെ അറിയിക്കണമേ"           (5:6-8). 

"എന്‍റെ പ്രാണപ്രിയനെ രാത്രിയില്‍ ഞാന്‍

കിടക്കയിലന്വേഷിച്ചു

ഞാനവനെ അന്വേഷിച്ചു; കണ്ടില്ല

ഞാനവനെ വിളിച്ചു ഉത്തരം കിട്ടിയില്ല..." (3:1-4).      

ഇങ്ങനെ ഭാവനാലോകത്തു ചുറ്റിക്കറങ്ങുന്ന നിരാശയായ കന്യകയ്ക്കുള്ള ഉപദേശം ഗുരു തുടര്‍ന്ന് നല്കുന്നുണ്ട് (നേരത്തെ നല്കിയതുതന്നെ).

"ജറുസലേം പുത്രിമാരേ....

സമയമാകുന്നതിനുമുമ്പേ, നിങ്ങള്‍

പ്രേമത്തെ തട്ടിയുണര്‍ത്തുകയോ

ഇളക്കിവിടുകയോ ചെയ്യരുതേ" (3:5; 5:8).         

തന്‍റെ കാമുകന്‍ തന്‍റേതും താനവന്‍റേതും മാത്രമാണെന്നു കരുതി (2:16; 6:3; 7:10) വിവേകരഹിതമായി രാത്രിയില്‍ അവനെ തേടിയിറങ്ങിയ കാമുകിയെ പട്ടണത്തിന്‍റെ കാവല്‍ക്കാര്‍തന്നെ മുറിവേല്‍പ്പിച്ചു (5:7). തന്‍റെ കാമുകനുവേണ്ടി ഇപ്രകാരം ജീവത്യാഗം ചെയ്യാനൊരുങ്ങുന്ന കന്യകയോട് കാണികളുടെ ചോദ്യമിതാണ്:

"മാനിനിമാരില്‍ അതിസുന്ദരീ,

ഇതര കാമുകന്മാരെക്കാള്‍ നിന്‍റെ കാമുകന്

എന്തുമേന്മയാണുള്ളത്?..." (5:9).

തന്‍റെ കാമുകന്‍റെ (പൊള്ള) വാക്കുകളുടെപിന്നാലെ സ്വപ്നാടനം നടത്തുന്ന കന്യകയോടും (6:4-12) അയല്‍ക്കാരോടും ഗുരുവിനു പറയാനുള്ളത്:

"ഷൂലാംകന്യകേ, മടങ്ങിവരൂ

മടങ്ങിവരൂ, ഞങ്ങള്‍ നിന്നെ ഒന്നു കണ്ടുകൊള്ളട്ടെ

രണ്ടു സംഘങ്ങളുടെ മധ്യത്തില്‍ നൃത്തംചെയ്യുന്ന

ഷൂലാംകന്യകയെ നിങ്ങള്‍ എന്തിനു

തുറിച്ചുനോക്കുന്നു" (6:13) എന്നാണ്.

കാമുകന്‍റേതായി പ്രത്യക്ഷപ്പെടുന്ന വാക്കുകള്‍ പലതും പൊള്ളയായ പ്രലോഭനങ്ങളോ കാമുകിയുടെ ഭാവനയോ ആയിരിക്കാം (1:9-11; 1:15; 4:1-15).

പൊള്ളവാക്കുകള്‍കൊണ്ട് കന്യകമാരെ പ്രേരിപ്പിക്കുന്ന കാമുകന്മാരെ (2:10-14) ക്കുറിച്ച് കരുതലോടെയിരിക്കാനും അവരെ പിടികൂടാനും ഗുരു ഉപദേശിക്കുന്നുണ്ട്.

"മുന്തിരിത്തോട്ടം നശിപ്പിക്കുന്ന കുറുക്കന്മാരെ,

ആ ചെറുകുറുക്കന്മാരെ, പിടികൂടുക;

നമ്മുടെ മുന്തിരിത്തോപ്പ് പൂത്തുലയുന്നു" (2:15).

തങ്ങളുടെ വിവാഹത്തിന്‍റെ സമയമാകുന്നതുവരെ കന്യകമാര്‍ ക്ഷമയോടും പ്രതീക്ഷയോടും കൂടി കാത്തിരിക്കുകയും അതിനുള്ള സാഹചര്യം സമൂഹത്തില്‍ ഉണ്ടാവുകയും വേണം.

സമയമാകും മുമ്പ് പ്രേമത്തെ ഇളക്കിവിടരുതെന്ന് ജറുസലേം കന്യകമാരോട് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉപദേശിച്ചതിനുശേഷം ഗ്രന്ഥത്തിന്‍റെ അവസാനത്തില്‍ പ്രേമവുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട മൂന്നു കാര്യങ്ങള്‍ ജ്ഞാനി പഠിപ്പിക്കുന്നുണ്ട്.

  1. "പ്രേമം മരണത്തെപ്പോലെ ശക്തമാണ്" (8:6). അതിളക്കിവിട്ടാല്‍ പിന്നെ സ്വന്തം വരുതിയില്‍പ്പോലും നില്ക്കുകയില്ലായിരിക്കാം.
  2. "അസൂയ ശവക്കുഴിപോലെ ക്രൂരമാണ് അതിന്‍റെ ജ്വാലകള്‍ തീജ്ജ്വാലകളാണ് അതിശക്തമായ തീജ്ജ്വാല" (8:6).

പ്രേമവുമായി ബന്ധപ്പെട്ടുണ്ടാകുന്ന അസൂയയും അതിന്‍റെ ശക്തമായ ജ്വാലകളെക്കുറിച്ചും ഗുരു അനുസ്മരിപ്പിക്കുന്നു. യുവതികള്‍ ശ്രദ്ധിക്കണമെന്നര്‍ത്ഥം. പ്രേമമായാലും അതിനെച്ചുറ്റിപ്പറ്റിയുള്ള അസൂയയായാലും അതിനെ കെടുത്താന്‍ ജലസഞ്ചയങ്ങള്‍ക്കുപോലും കഴിയില്ല (8:7).

  1. "പ്രേമം വിലയ്ക്ക് വാങ്ങാന്‍ സര്‍വ്വസമ്പത്തും കൊടുത്താലും

               അത് അപഹാസ്യമാവുകയേ ഉള്ളൂ" (8:7).

പ്രേമത്തെ ഇളക്കിവിട്ടാല്‍പ്പിന്നെ നിയന്ത്രണാതീതമെന്നതുപോലെതന്നെ പ്രേമത്തെ വിലയ്ക്ക് വാങ്ങാന്‍ പറ്റില്ലെന്നതും വലിയ ഒരു യാഥാര്‍ത്ഥ്യമാണ്. പക്വതയോടെ കാത്തിരിക്കുകയും, അങ്ങനെ സ്നേഹിക്കപ്പെടാന്‍ യോഗ്യരായിത്തീരുകയും വേണം. വഴിതെറ്റിയാല്‍പ്പിന്നെ സര്‍വ്വസമ്പത്തും കൊടുത്താലും സ്നേഹം ലഭിച്ചില്ലെന്നുവരും.

തുടര്‍ന്നുവരുന്നത് കന്യകയെക്കുറിച്ചുള്ള സ്വന്തക്കാരുടെ (സഹോദരന്മാര്‍) ചിന്തകളും ആകാംക്ഷയുമാണ്.

"നമുക്കൊരു കുഞ്ഞുസഹോദരിയുണ്ട്

അവളുടെ സ്തനങ്ങള്‍ വളര്‍ന്നിട്ടില്ല

നമ്മുടെ സഹോദരിക്കുവേണ്ടി

വിവാഹാലോചന വരുമ്പോള്‍

നമ്മള്‍ എന്തുചെയ്യും?

അവള്‍ ഒരു മതിലായിരുന്നെങ്കില്‍

ഒരു വെള്ളിഗോപുരം പണിയാമായിരുന്നു

അവള്‍ ഒരു കവാടമായിരുന്നെങ്കില്‍

നമുക്ക് ദേവദാരുപ്പലകകൊണ്ട് കതകുണ്ടാക്കാമായിരുന്നു" (8:8-9).

കന്യകയ്ക്ക് വിവാഹാലോചന വരുമ്പോള്‍, അവള്‍ തന്നെത്തന്നെ ഒരു മതിലുകെട്ടി കാത്തുസൂക്ഷിച്ച കന്യകയാണെങ്കില്‍ അവള്‍ക്കായി വീട്ടുകാര്‍ ഒരു വെള്ളിഗോപുരം പണിയും. അങ്ങനെ അവളെ മനോഹരമായി അലങ്കരിക്കും. മറിച്ച് അവള്‍ ആര്‍ക്കും പ്രവേശനം നല്കുന്ന കവാടമാണെങ്കില്‍ അവര്‍ അവളെ മതിലുകെട്ടിയടയ്ക്കുകയും അവളെ ബന്ധനത്തിലാക്കുകയും ചെയ്യുമെന്നതു സത്യം.

ഒരു മാതൃകാ കന്യകയ്ക്ക് പറയാനുള്ളത് എന്തായിരിക്കണമെന്നും ഗുരു പറയുന്നു:

               "ഞാനൊരു മതിലാണ്

               സ്തനങ്ങളാണ് ഗോപുരങ്ങള്‍

               അപ്പോള്‍ അവന്‍റെ ദൃഷ്ടിയില്‍

               ഞാന്‍ സമാധാനം കണ്ടെത്തി" (8:10).

ഭര്‍ത്തൃദൃഷ്ടിയില്‍ സമാധാനം കണ്ടെത്തുക സമയമാകുന്നതുവരെ തനിക്കുചുറ്റും മതിലുകെട്ടി കാത്തിരിക്കുന്ന വിവേകമതിയായ കന്യകയാണ്. സ്ത്രീയുടെ കന്യാത്വത്തിന് വലിയ പ്രാധാന്യം കല്പിച്ചിരുന്ന ആ സമൂഹത്തില്‍ (നിയ 22:14-21 കാണുക) അത് കാത്തുസൂക്ഷിക്കേണ്ടതിന്‍റെ ആവശ്യകത പഠിപ്പിക്കുക ഉചിതമാണല്ലോ. സോളമനെ കഥാനായകനായി ഗ്രന്ഥത്തില്‍ കൊണ്ടുവരുന്നതിന്‍റെ കാരണം അദ്ദേഹത്തിന്‍റെ ജ്ഞാനമോ, അദ്ദേഹത്തിന്‍റെ കാമുകഭാവമോ അനേകം വിവാഹങ്ങളിലൂടെ തിന്മയിലേയ്ക്ക് പതിച്ച അദ്ദേഹത്തിന്‍റെ ജീവിതാനുഭവമോ ആകാം (രാജാ 11; ഉത്ത 8:11-13). മധ്യപൂര്‍വ്വദേശത്തും പല പുരാതന സംസ്കാരങ്ങളിലും വധൂവരന്മാരെ രാജാവും രാജ്ഞിയുമായി ചിത്രീകരിക്കുക പതിവായിരുന്നു. മനുഷ്യന്‍റെ ജീവിതാനുഭവങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നായ ലൈംഗിക ആകര്‍ഷണത്തെക്കുറിച്ച് സദുപദേശം നല്കുന്ന ഈ ഗ്രന്ഥം ബൈബിളില്‍ ഇല്ലായിരുന്നെങ്കില്‍ അത് വലിയ ഒരു കുറവുതന്നെയാകുമായിരുന്നു.

song-of-songs bible in malayalam Rev. Antony Tharekadavil catholic malayalam bible Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message