We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Antony Tharekadavil On 03-Feb-2021
ബൈബിളിലെ ഏറ്റവും നീളമുള്ള ജ്ഞാനഗ്രന്ഥമാണ് പ്രഭാഷകന്‍: 51 അധ്യായങ്ങള്‍. വുള്‍ഗാത്താ (ലത്തീന്‍) വിവര്‍ത്തനത്തില്‍ ലഭിച്ച എക്ലേസിയാസ്റ്റിക്കൂസ് എന്ന പേരില്‍നിന്നാണ് പ്രഭാഷകന്‍ എന്ന മലയാളനാമം ഗ്രന്ഥത്തിന് ലഭിച്ചത്. സുഭാഷിതങ്ങളുടെ ശൈലിയിലുള്ള ചെറിയ സൂക്തങ്ങള്‍ക്ക് പുറമേ ദൈര്‍ഘ്യമുള്ള ചര്‍ച്ചകളും പുസ്തകത്തിലുണ്ട്. എന്നാല്‍ സുഭാഷിതങ്ങളില്‍നിന്ന് വ്യത്യസ്ഥമായി ഒരു ഗ്രന്ഥകര്‍ത്താവെഴുതിയ ജ്ഞാനസൂക്തങ്ങളും ഉപദേശങ്ങളുമാണ് പ്രഭാഷകനിലുള്ളത്. ഗ്രന്ഥകര്‍ത്താവ് ആരാണെന്ന് 50:27-ല്‍ പറയുന്നുണ്ട്: "വിജ്ഞാനത്തിന്‍റെയും വിവേകത്തിന്‍റെയും ഉപദേശങ്ങള്‍ ഈ ഗ്രന്ഥത്തില്‍ ഞാന്‍ എഴുതിയിട്ടുണ്ട്; ജറുസലേമിലെ ഏലെയാസറിന്‍റെ മകന്‍ സിറാക്കിന്‍റെ പുത്രന്‍ യേശുവായ ഞാന്‍ ഹൃദയാഗാധത്തില്‍ നിന്ന് പുറപ്പെടുവിച്ച ജ്ഞാനമാണ് ഇത്." അതുകൊണ്ട് പുസ്തകത്തിന്‍റെ പേര് സിറാക്കിന്‍റെ മകനായ യേശുവിന്‍റെ ജ്ഞാനം എന്നാണ് (ചുരുക്കി സിറാക്ക് എന്നുപറയും).
ക്രിസ്തുവിന് മുമ്പ് 190-175 കാലഘട്ടത്തില്‍ ഈ ഗ്രന്ഥം ഹീബ്രുവില്‍ രചിക്കപ്പെട്ടതായി കരുതപ്പെടുന്നു. ഇന്ന് നമുക്കുള്ളത് ഗ്രീക്ക് ഭാഷയിലുള്ള മൂലഗ്രന്ഥമാണ്. അത് തര്‍ജ്ജമചെയ്യപ്പെട്ടത് 132-ല്‍ ആണ്. എവുഎര്‍ഗെത്തെസിന്‍റെ 38-ാം ഭരണവര്‍ഷമാണ് പിതാമഹനായ യേശുവിന്‍റെ കൃതി അദ്ദേഹത്തിന്‍റെ കൊച്ചുമകന്‍ ഗ്രീക്കിലേയ്ക്ക് തര്‍ജ്ജമ ചെയതതെന്ന് മുഖവുരയില്‍പ്പറയുന്നുണ്ട്. എവുഎര്‍ഗെത്തെസ് (ജീഹേലാ്യ ഢകക ജവ്യസെീി ഋൗലൃഴലലേെ കക) ഭരണമാരംഭിച്ചത് 170 ആഇ യിലാണ്. അങ്ങനെ കണക്കുകൂട്ടിയാണ് തര്‍ജ്ജമ നടന്നത് 132-ല്‍ ആണെന്ന് പറയുന്നത്. തര്‍ജ്ജമ ചെയ്ത യുവാവ് 132-ല്‍ ഈജിപ്തിലെത്തുകയും അധികം താമസംകൂടാതെ തന്‍റെ വലിയച്ഛന്‍റെ ഹീബ്രുഭാഷയിലുള്ള മൂലകൃതി ഗ്രീക്കുഭാഷയിലേക്ക് തര്‍ജ്ജമ ചെയ്യുകയും ചെയ്തു. പ്രഭാഷകന്‍ രചിക്കപ്പെട്ടത് സഭാപ്രസംഗകനും, ജോബും രചിക്കപ്പെട്ടതിനുശേഷമാണെന്ന് പറയേണ്ടതില്ലല്ലോ.
മനുഷ്യജീവിതത്തിന്‍റെ വിജയത്തിനായി അതിലെ ഓരോ സാഹചര്യങ്ങളിലും ജ്ഞാനത്താല്‍ നയിക്കപ്പെടുന്നതിന് വ്യക്തികളെ ഒരുക്കുകയാണ്, പരിചയസമ്പന്നനും, അനുഭവസമ്പത്തിനുടമയും, ഉയര്‍ന്ന ദൈവശാസ്ത്ര വീക്ഷണവുമുള്ള ഗ്രന്ഥകാരന്‍റെ ലക്ഷ്യം. ഗ്രന്ഥകാരന്‍ അനുഭവസമ്പന്നനാണ് എന്ന് അദ്ദേഹത്തിന്‍റെ ഉന്നതമായ ദൈവശാസ്ത്രവും, ആശയങ്ങള്‍ അവതരിപ്പിക്കുന്ന രീതിയും, ആശയങ്ങളുടെ വൈവിധ്യവും, സഹിഷ്ണുതാ മനോഭാവവും തെളിയിക്കുന്നു.
ആദിമസഭയില്‍ ക്രിസ്ത്യാനികള്‍ ഈ ഗ്രന്ഥം വളരെ വ്യാപകമായി ഉപയോഗിച്ചിരുന്നു. ക്രിസ്തുവിനുമുമ്പുണ്ടായിരുന്ന പാലസ്തീനായിലെയും മറ്റുസ്ഥലങ്ങളിലേയും യഹൂദരും പ്രഭാഷകന്‍ വിശുദ്ധഗ്രന്ഥത്തിന്‍റെ ഭാഗമായി കണക്കാക്കിയിരുന്നു. അതുകൊണ്ടാണ് അതിന് സപ്തതിയില്‍ സ്ഥാനം ലഭിക്കാന്‍ കാരണം. പാലസ്തീനായിലെ മസാദായില്‍നിന്ന് ഒന്നാം നൂറ്റാണ്ടില്‍ ഹീബ്രുവില്‍ എഴുതപ്പെട്ട ഈ ഗ്രന്ഥത്തിന്‍റെ ഭാഗങ്ങള്‍ കണ്ടുകിട്ടിയിട്ടുണ്ട്. ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് വലിയ വിലകല്പിക്കുന്ന ഗ്രന്ഥമാകയാല്‍ ആദിമ നൂറ്റാണ്ടുകളിലെ ക്രിസ്ത്യാനികളുടെയിടയില്‍ ഈ ഗ്രന്ഥത്തിന് വലിയ പ്രചാരം ലഭിച്ചു. അതില്‍നിന്നാകാം എക്ലേസിയാസ്റ്റിക്കൂസ് (സഭാപരമായ ഗ്രന്ഥം) എന്ന ലത്തീന്‍പേര് ഈ ഗ്രന്ഥത്തിന് കൈവന്നത്. ക്രിസ്തുവര്‍ഷം ഒന്നാം നൂറ്റാണ്ടിന്‍റെ അവസാനത്തോടെ ഫരിസേയര്‍ ഹെബ്രായഭാഷയില്‍ രചിക്കപ്പെട്ടതാണെങ്കിലും എസ്രയുടെ കാലത്ത് ഉണ്ടായിരുന്നതല്ല എന്ന കാരണം പറഞ്ഞ് ഈ ഗ്രന്ഥം അവരുടെ കാനോനയില്‍നിന്നൊഴിവാക്കി. അതിനുകാരണം ഗ്രന്ഥത്തിന് ക്രിസ്ത്യാനികളുടെ ഇടയിലുള്ള പ്രചാരമോ, അതിലെ പഠനങ്ങള്‍ക്ക് സദുക്കായരുടെ പഠനങ്ങളോടുള്ള സാമ്യമോ ആകാം (38:16-23). ഹിപ്പോയിലെയും (393), കാര്‍ത്തേജിലെയും (397; 419) സഭാസൂനഹദോസുകള്‍ ഈ ഗ്രന്ഥത്തെ കാനോനികമായി അംഗീകരിച്ചു.
പ്രഭാഷകന്‍ (സിറാക്ക്) ഒരു നിയമജ്ഞനായിരുന്നു (നിയമഗ്രന്ഥം പകര്‍ത്തിയെഴുതുന്ന ആള്‍). അതുകൊണ്ടുതന്നെ സമൂഹത്തിലെ ജ്ഞാനിയും അറിവുള്ളവനുമായിരുന്നു അയാള്‍. അദ്ദേഹം നിയമവും പ്രവാചകന്മാരും പിതാക്കന്മാരുടെ മറ്റ് ഗ്രന്ഥങ്ങളും (നമ്മുടെ ബൈബിള്‍) സശ്രദ്ധം വായിക്കുകയും പഠിക്കുകയും നല്ല പാണ്ഡിത്യം സമ്പാദിക്കുകയും ചെയ്തതിനുശേഷം അന്യരെ ഈ ജ്ഞാനത്തെ ഉള്‍ക്കൊള്ളാന്‍ സഹായിക്കുന്നതിനുവേണ്ടിയാണ് ഗ്രന്ഥം രചിച്ചതെന്ന് ഗ്രന്ഥകാരന്‍റെ കൊച്ചുമകന്‍ പറയുന്നുണ്ട്: "നിയമവും പ്രവാചകന്മാരും അവരെ പിന്തുടര്‍ന്നവരും വഴി നമുക്ക് മഹത്തായ അനവധി പ്രബോധനങ്ങള്‍ നല്‍കപ്പെട്ടിട്ടുണ്ട്. നമുക്ക് ലഭിച്ച ഈ പ്രബോധനങ്ങള്‍ക്കും ജ്ഞാനത്തിനും ഇസ്രായേല്‍ നമ്മുടെ പ്രശംസയര്‍ഹിക്കുന്നു. എന്നാല്‍ ഇവ വായിക്കുന്നവര്‍ക്കു മാത്രം അറിവ് ലഭിച്ചാല്‍ പോരാ. അറിവ് നേടുന്നവരില്‍ താല്‍പര്യമുള്ളവര്‍ തങ്ങളുടെ വാക്കും, തൂലികയും മറ്റുള്ളവര്‍ക്കുകൂടി പ്രയോജനപ്രദമായ വിധത്തില്‍ ഉപയോഗിക്കണം. ആകയാല്‍ എന്‍റെ പിതാമഹന്‍ യേശു നിയമവും പ്രവാചകന്മാരും നമ്മുടെ പിതാക്കന്മാരുടെ ഇതര ഗ്രന്ഥങ്ങളും സശ്രദ്ധം വായിക്കുകയും നല്ല പാണ്ഡിത്യം സമ്പാദിക്കുകയും ചെയ്തതിനുശേഷം ജ്ഞാനത്തെയും പ്രബോധനത്തെയും സംബന്ധിക്കുന്ന ചിലകാര്യങ്ങള്‍ എഴുതാന്‍ പ്രേരിതനായി. അറിവ് സമ്പാദിക്കുന്നതില്‍ താല്‍പര്യമുള്ളവര്‍ ഈ ഗ്രന്ഥം ശ്രദ്ധാപൂര്‍വ്വം പാരായണം ചെയ്ത് നിയമമനുസരിച്ച് ജീവിക്കുന്നതില്‍ ഉത്തരോത്തരം അഭിവൃദ്ധി പ്രാപിക്കണം എന്നതാണ് ഗ്രന്ഥകര്‍ത്താവിന്‍റെ ലക്ഷ്യം" (മുഖവുര - പ്രഭാഷകന്‍). ജ്ഞാനഗ്രന്ഥങ്ങള്‍ക്ക് മത-രാഷ്ട്രീയ പരിധികള്‍ക്കപ്പുറം കടന്നുചെല്ലാന്‍ കഴിയുമെന്ന് പറയേണ്ടതില്ലല്ലോ. പ്രഭാഷകന്‍ ജ്ഞാനസാഹിത്യം എന്ന മാധ്യമം വിശ്വാസപ്രഘോഷണത്തിനുപയോഗിച്ചുവെന്ന് പറയാന്‍ കഴിയും.
പ്രഭാഷകന്‍റെ ജീവിതദര്‍ശനം എന്തായിരുന്നുവെന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്: "അത്യുന്നതന്‍റെ നിയമങ്ങള്‍ പഠിക്കുന്നതില്‍ താല്‍പര്യമുള്ളവന്‍ എല്ലാ പൗരാണിക ജ്ഞാനവും ആരാഞ്ഞ് അറിയുകയും പ്രവചനങ്ങളില്‍ ഔത്സുക്യം പ്രദര്‍ശിപ്പിക്കുകയും ചെയ്യും. അവന്‍ വിശ്രുതരുടെ വാക്കുകള്‍ വിലമതിക്കുകയും, ഉപമകളുടെ പൊരുള്‍ സൂക്ഷ്മമായി അപഗ്രഥിക്കുകയും ചെയ്യും. അവന്‍ ആപ്തവാക്യങ്ങളുടെ ആന്തരാര്‍ത്ഥം തേടുകയും ഉപമകളുടെ നിഗൂഢതകളെ സ്വായത്തമാക്കുകയും ചെയ്യുന്നു. അവന്‍ മഹാന്മാരെ സേവിക്കുന്നു. ഭരണാധിപന്മാരുടെ മുമ്പിലും അവന് പ്രവേശനമുണ്ട്. വിദേശരാജ്യങ്ങളില്‍ അവന്‍ സഞ്ചരിക്കും. മനുഷ്യരുടെ നന്മതിന്മകള്‍ അവന്‍ വേര്‍തിരിച്ചറിയുന്നു. സ്രഷ്ടാവായ കര്‍ത്താവിനെ അന്വേഷിക്കാന്‍ അവന്‍ അതിരാവിലെ താല്‍പര്യപൂര്‍വ്വം എഴുന്നേല്‍ക്കുന്നു; അവന്‍ അത്യുന്നതന്‍റെ മുമ്പില്‍ പ്രാര്‍ത്ഥനകള്‍ അര്‍പ്പിക്കുന്നു. അവന്‍ പാപമോചനത്തിനായി യാചിക്കുന്നു" (39:1-5). ജ്ഞാനി എല്ലാ പൗരാണിക ഗ്രന്ഥങ്ങളും ആരാഞ്ഞു പഠിക്കണം; അവന്‍ പ്രവചനങ്ങളില്‍ ഔത്സുക്യം പ്രദര്‍ശിപ്പിക്കണം; ജ്ഞാനികളുടെ വാക്കുകള്‍ വിലമതിക്കണം; കടംകഥകളുടെയും ഉപമകളുടെയും പൊരുള്‍ അറിയണം; അവന്‍ അന്യജനതകളെക്കുറിച്ച് അറിവുള്ളവനായിരിക്കണം; അവന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നവനായിരിക്കണം.
പ്രഭാഷകന്‍ ജീവിച്ചിരുന്നത് ജറുസലേമിലാണ് (50:27); അയാള്‍ വളരെയധികം യാത്രകള്‍ ചെയ്തിട്ടുമുണ്ട് (34:11-13; 8:15-16). ജറുസലേമില്‍ ദൈവജനത്തോട് ചേര്‍ന്ന് ജീവിക്കുകയും, ലോകമാസകലം സഞ്ചരിക്കുകയും, താന്‍ പഠിച്ച അത്യുന്നതന്‍റെ നിയമത്തിന്‍റെയും, പ്രവാചക-ജ്ഞാന ഗ്രന്ഥങ്ങളുടെയും പശ്ചാത്തലത്തില്‍ കണ്ടെത്തിയതിനെയെല്ലാം സംഗ്രഹിക്കുകയും വിശകലനം ചെയ്യുകയും തനിക്കുണ്ടായ ഉള്‍ക്കാഴ്ച മുഴുവനും അന്യര്‍ക്കായി എഴുതി വയ്ക്കുകയും ചെയ്തവനാണ് പ്രഭാഷകന്‍.
പ്രഭാഷകന്‍ ജീവിച്ചിരുന്ന ജറുസലേമിലെ രാഷ്ട്രീയ -സാമൂഹ്യ പശ്ചാത്തലമെന്തെന്ന് മനസ്സിലാക്കുന്നത് ആ ഗ്രന്ഥത്തിലെ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ സഹായിക്കും. 539-ല്‍ ബാബിലോണ്‍ കീഴടക്കി യഹൂദരെ വിപ്രവാസത്തില്‍ നിന്ന് സ്വതന്ത്രരാക്കിയ പേര്‍ഷ്യന്‍ രാജ്യത്തിന്‍റെ അധീനതയിലായിരുന്നു പാലസ്തീന 332 വരെ. 332-ല്‍ മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തി പേര്‍ഷ്യയെ കീഴടക്കിയപ്പോള്‍ പാലസ്തീന യവന ആധിപത്യത്തിന്‍ കീഴിലായി (ഗ്രീക്ക് സാമ്രാജ്യം). 323-ല്‍ അലക്സാണ്ടര്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ സാമ്രാജ്യം അദ്ദേഹത്തിന്‍റെ നാലു പട്ടാളമേധാവികള്‍ക്കുമായി വിഭജിച്ച് നല്കപ്പെട്ടു. ടോളമിക്ക് പാലസ്തീനായുടെ തെക്കുഭാഗത്തുള്ള വലിയ ഈജിപ്ഷ്യന്‍ സാമ്രാജ്യവും, സെലെഊക്കൂസിന് പാലസ്തീനയ്ക്ക് വടക്കുള്ള സിറിയന്‍ രാജ്യവും ലഭിച്ചു. തുടര്‍ന്ന് ഈ രണ്ട് ഗ്രീക്ക് സാമ്രാജ്യങ്ങള്‍ തമ്മില്‍ പാലസ്തീനായുടെ നിയന്ത്രണത്തിനുവേണ്ടിയുള്ള പല യുദ്ധങ്ങളും നടന്നു. 301-ല്‍ ടോളമി ഒന്നാമന്‍ പാലസ്തീന സ്വന്തം അധീനതയില്‍ കൊണ്ടുവരികയും തുടര്‍ന്ന് ഒരു ശതാബ്ദക്കാലം വിശുദ്ധനാട് ഈജിപ്ഷ്യന്‍ സാമ്രാജ്യത്തിന് കീഴില്‍ സമാധാനപൂര്‍വ്വം ജീവിക്കുകയും ചെയ്തു. ടോളമി പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്‍റെ ഭരണതന്ത്രങ്ങള്‍തന്നെ പിന്‍തുടര്‍ന്നതായാണ് കരുതപ്പെടുന്നത്. അതനുസരിച്ച് യഹൂദരുടെ പ്രധാന പുരോഹിതന്‍ ഒരു ആത്മീയഗുരു മാത്രമായിരുന്നില്ല, മറിച്ച് ഒരു രാജകുമാരന്‍ കൂടിയായിരുന്നു. ഈജിപ്തിനുവേണ്ടി ചുങ്കം പിരിച്ചിരുന്നതും അയാള്‍തന്നെയായിരുന്നു. അതിനാല്‍ സമാധാനത്തില്‍ ജീവിക്കാനും ഈജിപ്ഷ്യന്‍ സാമ്രാജ്യത്തിലെ ചില ആനുകൂല്യങ്ങള്‍ അനുഭവിക്കാനും ഈജിപ്തുമായുള്ള കച്ചവടത്തിലൂടെ അഭിവൃദ്ധി പ്രാപിക്കാനും യഹൂദര്‍ക്ക് കഴിഞ്ഞു.
എന്നാല്‍ 199-98 പാനിയം (കേസറിയ ഫിലിപ്പി) യുദ്ധത്തില്‍ സിറിയയുടെ രാജാവായ അന്തിയോക്കസ് മൂന്നാമന്‍ (223-187) ടോളമി നാലാമനെ (203-181) പരാജയപ്പെടുത്തുകയും, പാലസ്തീനാ സിറിയായുടെ അധീനതയില്‍ കൊണ്ടുവരികയും ചെയ്തു. യഹൂദര്‍ ഈ സമയത്ത് സിറിയാക്കാരെ സഹായിച്ചതായി ചരിത്രകാരനായ ജോസേഫൂസ് വിവരിക്കുന്നുണ്ട് (അിേ. 12:3,3). ഈ സഹായത്തിന് പ്രത്യുപകാരമായി ജറുസലേം ദേവാലയത്തിന്‍റെ കേടുപാടുകള്‍ തീര്‍ക്കാന്‍ അന്ന് ആവശ്യമായിരുന്ന തടി രാജാവ് കൊടുക്കുകയും ചെയ്തു. അതോടൊപ്പം മറ്റ് നികുതിയിളവുകളും (50:1-4). അന്തിയോക്കസ് തുടര്‍ന്ന് റോമുമായി യുദ്ധം ചെയ്യുകയും, പരാജയപ്പെടുകയും അതേത്തുടര്‍ന്ന് റോമിന് കപ്പം കൊടുക്കാനായി അവന്‍റെതന്നെ ബാല്‍ദേവന്‍റെ അമ്പലം കൊള്ളയടിക്കുന്നതിനിടെ കൊല്ലപ്പെടുകയും ചെയ്തു. പിന്‍ഗാമിയായിവന്ന സെലെഊക്കൂസ് നാലാമനും കഴിവില്ലാത്തവനായിരുന്നു; അവന്‍ വധിക്കപ്പെട്ടു. അപ്പോള്‍ അവന്‍റെ ഇളയസഹോദരനായ അന്തിയോക്കസ് എപ്പിഫാനെസ് നാലാമന്‍ ഭരണത്തില്‍വന്നു (175-164). അയാളാണ് യഹൂദരെ ഗ്രീക്ക് സ്വാധീനത്തിന്‍കീഴില്‍ കൊണ്ടുവരാന്‍ തന്‍റെ മുന്‍ഗാമികളെക്കാള്‍ തീക്ഷ്ണമായി ശ്രമിച്ചത്. അന്തിയോക്കസ് എപ്പിഫാനെസിന്‍റെ (കഢ) വരവിനുമുമ്പുതന്നെ, 180-ഓടെ, സിറാക്ക് തന്‍റെ ഗ്രന്ഥം പ്രസിദ്ധീകരിച്ചുവെന്നാണ് കരുതപ്പെടുന്നത്.
ടോളമിയും സെലെഊക്കുകളും യവനപാരമ്പര്യം തങ്ങളുടെ സാമ്രാജ്യങ്ങളില്‍ സ്ഥാപിക്കാന്‍ പരിശ്രമിച്ചുകൊണ്ടിരുന്നു. അലക്സാണ്ടറിന്‍റെ "ഒരുലോകം, ഒരു സംസ്കാരം, ഒരു ഭാഷ, സമത്വം" എന്നീ തത്വങ്ങളായിരുന്നു ഇതിനടിസ്ഥാനം. ഇത് പല യഹൂദരെയും യവനസംസ്കാരത്തിലേയ്ക്ക് ആകര്‍ഷിക്കുകയും ചെയ്തു. വിശ്വാസിയായിരുന്ന പ്രഭാഷകന്‍ തന്‍റെ യാത്രയ്ക്കിടയില്‍ യവനസംസ്കാരവും തത്വശാസ്ത്രവും എത്രമാത്രം യഹൂദപാരമ്പര്യങ്ങളെയും ജീവിതത്തെയും ചോദ്യം ചെയ്തു എന്നുകണ്ടു. എന്നാല്‍ തന്‍റെ കൃതിയിലൂടെ യവനസംസ്കാരത്തെ കരിതേച്ചുകാണിക്കാനല്ല മറിച്ച് എന്താണ് യഥാര്‍ത്ഥ ജ്ഞാനമെന്നും അതിന്‍റെ ഉറവിടം യവന സംസ്കാരത്തിന്‍റെ ഈറ്റില്ലമായ ആതെന്‍സല്ല മറിച്ച് ജറുസലേമാണെന്ന് യഹൂദര്‍ക്ക് കാണിച്ചുകൊടുക്കുകയുമാണ് അദ്ദേഹം ചെയ്യുന്നത്. യവനരുടെ താത്ത്വീക സാഹിത്യത്തെക്കാള്‍ ഉന്നതമായത് യഹൂദരുടെ വെളിപാടുള്‍ക്കൊള്ളുന്ന രചനകളാണെന്നദ്ദേഹം പറഞ്ഞു: "ജ്ഞാനത്തിന്‍റെ വാക്കുകള്‍ അവള്‍ക്കുതന്നെ പുകഴ്ചയാണ്; തന്‍റെ ജ്ഞാനത്തിന്‍റെ മധ്യത്തില്‍ അവള്‍ മഹത്വമാര്‍ജ്ജിക്കുന്നു. അത്യുന്നതന്‍റെ സഭയില്‍ അവള്‍ വായ് തുറക്കുന്നു. അത്യുന്നതന്‍റെ നാവില്‍നിന്ന് പുറപ്പെട്ട് മൂടല്‍മഞ്ഞുപോലെ ഞാന്‍ ഭൂമിയെ ആവരണം ചെയ്തു. ഉന്നതങ്ങളില്‍ ഞാന്‍ വസിച്ചു. മേഘത്തൂണിലായിരുന്നു എന്‍റെ സിംഹാസനം, ഞാന്‍ തനിയെ ആകാശത്തിന് പ്രദക്ഷിണം വയ്ക്കുകയും പാതാളത്തിന്‍റെ ആഴങ്ങളില്‍ സഞ്ചരിക്കുകയും ചെയ്തു. ആഴിയിലെ അലകളിലും ഊഴിയിലും എല്ലാ ജനതകളിലും രാജ്യങ്ങളിലും എനിക്ക് ആധിപത്യം ലഭിച്ചു. ഇവയിലെല്ലാം ഞാന്‍ വിശ്രമസങ്കേതം അന്വേഷിച്ചു; ആരുടെ ദേശത്ത് വസിക്കണമെന്ന് ഞാന്‍ ആലോചിച്ചു. അപ്പോള്‍ സകലത്തിന്‍റെയും സ്രഷ്ടാവ് എനിക്ക് കല്പന നല്‍കി; എന്‍റെ സ്രഷ്ടാവ് എനിക്ക് കൂടാരത്തിന് സ്ഥലം നിശ്ചയിച്ചുതന്നു. അവിടുന്നു പറഞ്ഞു: യാക്കോബില്‍ വാസമുറപ്പിക്കുക; ഇസ്രായേലില്‍ നിന്‍റെ അവകാശം സ്വീകരിക്കുക" (24:1-8). അതുകൊണ്ട് വിജ്ഞാനകേന്ദ്രം ജറുസലേമാണ്.
ഗ്രന്ഥത്തിന്‍റെ ഘടന
പുസ്തകത്തെ അഞ്ച് ഭാഗങ്ങളായിതിരിക്കാം
1.ഗ്രന്ഥകാരന്‍റെ പൗത്രന്‍റെ ആവതാരിക
നിയമവും പ്രവാചകന്മാരും ലിഖിതങ്ങളും
തനിക്ക് മുമ്പു രചിക്കപ്പെട്ട ജ്ഞാനഗ്രന്ഥങ്ങളില്‍നിന്നും വ്യത്യസ്ഥമായി പ്രഭാഷകന്‍ ഇസ്രായേലിന്‍റെ നിയമവും പ്രവാചകന്മാരും തന്‍റെ വിചിന്തനവിഷയമാക്കി. നിയമവും പ്രവാചകന്മാരും അക്കാലത്തുണ്ടായിരുന്ന ലിഖിതങ്ങളും ഹൃദിസ്ഥമാക്കിയിരുന്ന പ്രഭാഷകന്‍ നിയമത്തിലെയും പ്രവാചകന്മാരിലെയും വചനങ്ങളെ അക്കാലത്തുള്ള യവനസംസ്കാരാധീനത്തില്‍പ്പെട്ട സമൂഹത്തിന് മനസ്സിലാകുന്നവിധത്തില്‍ അനുരൂപപ്പെടുത്തി വ്യാഖ്യാനിച്ചുവെന്ന് പറയാന്‍ കഴിയും. ഈ അനുരൂപണത്തിലൂടെ അദ്ദേഹം താന്‍ പ്രാധാന്യം നല്‍കാനാഗ്രഹിച്ച കാര്യങ്ങള്‍ ഊന്നിപ്പറയുകയും ചെയ്തു. ഉദാഹരണമായി, "നിങ്ങളുടെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണഹൃദയത്തോടും, പൂര്‍ണ്ണാത്മാവോടും, പൂര്‍ണ്ണശക്തിയോടുംകൂടെ സ്നേഹിക്കണം" (നിയ 6:5) എന്ന നിയമാവര്‍ത്തനത്തിലെ മോശയുടെ കല്പന പ്രഭാഷകന്‍ കൂടുതല്‍ ആശയങ്ങള്‍ ചേര്‍ത്ത് വിപുലീകരിക്കുന്നത് കാണാം: "പൂര്‍ണ്ണഹൃദയത്തോടെ കര്‍ത്താവിനെ ഭയപ്പെടുക; അവിടുത്തെ പുരോഹിതന്മാരെ ബഹുമാനിക്കുക; സര്‍വ്വശക്തിയോടുംകൂടി സ്രഷ്ടാവിനെ സ്നേഹിക്കുക; അവിടുത്തെ ശുശ്രൂഷകരെ പരിത്യജിക്കരുത്" (7:29-30). പുറപ്പാടിന്‍റെ പുസ്തകം 20:12 (നിയ 5:16) മാതാവിനെയും, പിതാവിനെയും ബഹുമാനിക്കുകയെന്ന് കല്പിക്കുന്നുണ്ട്: "നിന്‍റെ ദൈവമായ കര്‍ത്താവ് തരുന്ന രാജ്യത്ത് നീ ദീര്‍ഘകാലം ജീവിച്ചിരിക്കേണ്ടതിന് നിന്‍റെ പിതാവിനെയും, മാതാവിനെയും ബഹുമാനിക്കുക" (പുറ 20:12). ഈ വചനത്തെ ആധാരമാക്കിക്കൊണ്ടാണ് പ്രഭാ 3-ാം അദ്ധ്യായം 1 മുതല്‍ 16 വരെയുള്ള വാക്യങ്ങളില്‍ ഗ്രന്ഥകാരന്‍ തന്‍റെ ഉപദേശം നല്കുന്നത്:
"കുഞ്ഞുങ്ങളേ നിങ്ങളുടെ പിതാവായ എന്‍റെ വാക്കുകേള്‍ക്കുവിന്‍; സുരക്ഷിതരായിരിക്കാന്‍ അതനുസരിച്ച് പ്രവര്‍ത്തിക്കുവിന്‍; മക്കള്‍ പിതാവിനെ ബഹുമാനിക്കണമെന്ന് കര്‍ത്താവ് ആഗ്രഹിക്കുന്നു: അവിടുന്ന് പുത്രന്മാരുടെ മേല്‍ അമ്മയ്ക്കുള്ള അവകാശം ഉറപ്പിച്ചിരിക്കുന്നു. പിതാവിനെ ബഹുമാനിക്കുന്നവന്‍ തന്‍റെ പാപങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്യുന്നു. അമ്മയെ മഹത്വപ്പെടുത്തുന്നവന്‍ നിക്ഷേപം കൂട്ടിവയ്ക്കുന്നു. പിതാവിനെ ബഹുമാനിക്കുന്നവനെ അവന്‍റെ മക്കള്‍ സന്തോഷിപ്പിക്കും. അവന്‍റെ പ്രാര്‍ത്ഥന കര്‍ത്താവ് കേള്‍ക്കും. പിതാവിനെ ബഹുമാനിക്കുന്നവന്‍ ദീര്‍ഘകാലം ജീവിക്കും; കര്‍ത്താവിനെ അനുസരിക്കുന്നവന്‍ തന്‍റെ അമ്മയെ സന്തോഷിപ്പിക്കുന്നു. ദാസന്‍ എന്നപോലെ അവന്‍ മാതാപിതാക്കന്മാരെ സേവിക്കും; പിതാവിനെ വാക്കിലും പ്രവൃത്തിയിലും ബഹുമാനിച്ച് അവന്‍റെ അനുഗ്രഹത്തിന് പാത്രമാകുക. പിതാവിന്‍റെ അനുഗ്രഹം മക്കളുടെ ഭവനങ്ങളെ ബലവത്താക്കും; അമ്മയുടെ ശാപം അവയുടെ അടിത്തറ ഇളക്കും. മഹത്വം കാംക്ഷിച്ച് പിതാവിനെ അപമാനിക്കരുത്; പിതാവിന്‍റെ അപമാനം ആര്‍ക്കും ബഹുമതിയല്ല. പിതാവിനെ ബഹുമാനിക്കുന്നവന്‍ മഹത്വമാര്‍ജ്ജിക്കുന്നു. അമ്മയെ അനാദരിക്കുന്നവന്‍ അപകീര്‍ത്തിക്കിരയാകും. മകനേ, പിതാവിനെ വാര്‍ദ്ധക്യത്തില്‍ സഹായിക്കുക, മരിക്കുന്നതുവരെ അവന് ദുഃഖമുണ്ടാക്കരുത്. അവന് അറിവ് കുറവാണെങ്കിലും സഹിഷ്ണുത കാണിക്കുക; നീ എത്ര ബലവാനാണെങ്കിലും അവനെ നിന്ദിക്കരുത്. പിതാവിനോട് കാണിക്കുന്ന കാരുണ്യം വിസ്മരിക്കപ്പെടുകയില്ല. പാപങ്ങളുടെ കടം വീട്ടുന്നതിന് അതുപകരിക്കും. കഷ്ടതയുടെ ദിനത്തില്‍ അത് നിനക്ക് കാരുണ്യത്തിനായി ഭവിക്കും. സൂര്യപ്രകാശത്തില്‍ മൂടല്‍മഞ്ഞെന്നപോലെ നിന്‍റെ പാപങ്ങള്‍ മാഞ്ഞുപോകും. പിതാവിനെ പരിത്യജിക്കുന്നത് ദൈവദൂഷണത്തിന് തുല്യമാണ്. മാതാവിനെ പ്രകോപിപ്പിക്കുന്നവന്‍ കര്‍ത്താവിന്‍റെ ശാപമേല്‍ക്കും" (പ്രഭാ 3:1-16).
നിയമാവര്‍ത്തനം ദൈവസ്നേഹമെന്നത് ദൈവപ്രമാണങ്ങളുടെ അനുസരണമാണെന്ന് പഠിപ്പിക്കുന്നു (നിയ 10:12-13; 30:16). ഇതുതന്നെയാണ് പ്രഭാ 2:15-16 ല്‍ അവതരിപ്പിക്കുന്നത്: "കര്‍ത്താവിനെ ഭയപ്പെടുന്നവന്‍ അവിടുത്തെ മാര്‍ഗ്ഗത്തില്‍ ചരിക്കുന്നു. കര്‍ത്താവിനെ ഭയപ്പെടുന്നവന്‍ അവിടുത്തെ ഇഷ്ടം അന്വേഷിക്കും; അവിടുത്തെ സ്നേഹിക്കുന്നവന്‍ അവിടുത്തെ പ്രമാണങ്ങളാല്‍ പരിപുഷ്ടരാകും" (പ്രഭാ 2:15-16; നിയ 24:17-22 ഉം പ്രഭ 4:8-10 താരതമ്യപ്പെടുത്തുക). സിറാക്കിന്‍റെ ചിന്തകളില്‍ പഞ്ചഗ്രന്ഥത്തില്‍ നിന്നും, ജോഷ്വാ, സാമുവല്‍, രാജാക്കന്മാര്‍, ദിനവൃത്താന്തം, നെഹെമിയാ എന്നീ ചരിത്രഗ്രന്ഥങ്ങളില്‍നിന്നും, ഏശയ്യാ, ജറെമിയാ, എസെക്കിയേല്‍, ഹഗ്ഗായി, മലാക്കി മുതലായ പ്രവാചകന്മാരില്‍നിന്നും ഉദ്ധരിക്കുന്നതായോ അവരുടെ സന്ദേശത്തിലേക്ക് വിരല്‍ ചൂണ്ടുന്നതായോ കാണാം. ഇസ്രയേലിലെ ന്യായാധിപന്മാരെക്കുറിച്ചാണ് 46:11-12 ലെ വിചിന്തനം: "അവിശ്വസ്തത അറിയാത്ത ഹൃദയത്തോടുകൂടിയ, കര്‍ത്താവില്‍നിന്ന് പിന്തിരിഞ്ഞു പോകാത്ത അനേകം ന്യായാധിപന്മാരുണ്ട്. അവരുടെ സ്മരണ അനുഗ്രഹീതമായിരിക്കട്ടെ! ശവകുടീരങ്ങളില്‍നിന്ന് അവരുടെ അസ്ഥികള്‍ നവജീവന്‍ പ്രാപിക്കട്ടെ! സംപൂജ്യരായ അവരുടെ നാമം പുത്രന്മാരിലൂടെ ജീവിക്കട്ടെ" (46:11-12). പ്രഭാഷകന്‍ 49:10 ല്‍ ഇസ്രായേലിലെ 12 കൊച്ചു പ്രവാചകന്മാരെ അനുസ്മരിക്കുന്നതു കാണാം; 47:6-11 സങ്കീര്‍ത്തനങ്ങള്‍ ദാവീദിന്‍റെ രചനകളാണെന്ന പാരമ്പര്യം ഏറ്റുപറയുന്നു. അതുപോലെതന്നെ (47:14-17) സുഭാഷിതങ്ങള്‍ സോളമന്‍റെ ആപ്തവാക്യങ്ങളാണെന്ന പാരമ്പര്യം സ്ഥിരീകരിക്കുന്നു.
നിയമത്തെയും പ്രവാചകന്മാരെയും വിചിന്തനവിഷയമാക്കിയപ്പോഴും ആത്യന്തികമായി പ്രഭാഷകന്‍ ജ്ഞാനപാരമ്പര്യത്തില്‍ തന്നെയാണ് തന്‍റെ ചിന്തകളുടെ അടിസ്ഥാനം കെട്ടിപ്പടുത്തത്. ജ്ഞാനഗ്രന്ഥങ്ങളില്‍ സുഭാഷിതങ്ങളാണ് ശൈലിയിലും ഉള്ളടക്കത്തിലും ഏറ്റവുമധികം പ്രഭാഷകനെ സ്വാധീനിച്ചതെന്ന് പറയാന്‍ കഴിയും. ചില ഉദാഹരണങ്ങള്‍കൊണ്ട് അത് വ്യക്തമാക്കാം:
"കര്‍ത്താവ് തന്‍റെ സൃഷ്ടികര്‍മ്മത്തിന്‍റെ ആരംഭത്തില്‍ തന്‍റെ എല്ലാ സൃഷ്ടികളുടെയും ആദ്യത്തെതായി എന്നെ സൃഷ്ടിച്ചു" എന്ന് ജ്ഞാനം പറയുന്നു (സുഭാ 8:22). പ്രഭാഷകന്‍ ഈ ആശയം അവതരിപ്പിക്കുന്നതിങ്ങനെയാണ്: "ജ്ഞാനമാണ് എല്ലാറ്റിനും മുമ്പ് സൃഷ്ടിക്കപ്പെട്ടത്. വിവേകപൂര്‍ണമായ അറിവ് അനാദിയാണ്" (1:4).
"ദൈവഭക്തിയാണ് അറിവിന്‍റെ ഉറവിടം; ഭോഷന്മാര്‍ ജ്ഞാനത്തെയും പ്രബോധനത്തെയും പുച്ഛിക്കുന്നു" (സുഭാ 1:7) എന്ന സുഭാഷിതങ്ങള്‍ പഠിപ്പിച്ചതിനെ പ്രഭാഷകന്‍ അവതരിപ്പിച്ചത് താഴെ വരുന്ന പ്രകാരമാണ്: "കര്‍ത്താവിനോടുള്ള ഭക്തി ജ്ഞാനത്തിന്‍റെ ആരംഭമാകുന്നു. മാതൃഗര്‍ഭത്തില്‍ വിശ്വാസി ഉരുവാകുമ്പോള്‍ അവളും സൃഷ്ടിക്കപ്പെടുന്നു" (പ്രഭാ 1:14).
"എന്നെ സ്നേഹിക്കുന്നവരെ ഞാനും സ്നേഹിക്കുന്നു. ജാഗരൂഗതയോടെ അന്വേഷിക്കുന്നവര്‍ എന്നെ കണ്ടെത്തുന്നു. സമ്പത്തും ബഹുമാനവും, നിലനില്‍ക്കുന്ന ധനവും, ഐശ്വര്യവും എന്‍റെ അടുക്കലുണ്ട്. എന്നില്‍ നിന്നുള്ള ഫലം സ്വര്‍ണ്ണത്തെക്കാള്‍, തങ്കത്തെക്കാള്‍ പോലും ശ്രേഷ്ഠമത്രേ; എന്‍റെ ഉത്പന്നം വിശിഷ്ടമായ വെള്ളിയെക്കാളും" എന്ന് ജ്ഞാനം സുഭാഷിതങ്ങളില്‍ പഠിപ്പിക്കുമ്പോള്‍ (സുഭാ 8:17-19) പ്രഭാഷകന്‍ പറയുന്നതിങ്ങനെയാണ്: "കര്‍ത്താവിനോടുള്ള ഭക്തി ജ്ഞാനത്തിന്‍റെ പൂര്‍ണ്ണതയാണ്. അവള്‍ തന്‍റെ സത്ഫലങ്ങള്‍കൊണ്ട് മനുഷ്യരെ തൃപ്തരാക്കുന്നു. അവളുടെ ഭവനം അഭികാമ്യവസ്തുക്കള്‍കൊണ്ട് നിറയുന്നു, അവളുടെ കലവറ വിഭവങ്ങള്‍കൊണ്ടും" (1:16-17).
"മൂശയില്‍ വെള്ളിയും, ഉലയില്‍ സ്വര്‍ണ്ണവും ശോധന ചെയ്യപ്പെടുന്നു; ഹൃദയങ്ങളെ പരിശോധിക്കുന്നത് കര്‍ത്താവാണ് (സുഭാ 17:3) എന്ന് സുഭാഷിതങ്ങള്‍ പറയുമ്പോള്‍ "സ്വര്‍ണ്ണം അഗ്നിയില്‍ ശുദ്ധിചെയ്യപ്പെടുന്നു; സഹനത്തിന്‍റെ ചൂളയില്‍ കര്‍ത്താവിന് സ്വീകാര്യരായ മനുഷ്യരും" (പ്രഭ 2:5) എന്ന് പ്രഭാഷകന്‍ പഠിപ്പിക്കുന്നു.
പ്രഭാഷകന്‍ 24:1-22 -ല്‍ കാണുന്ന ജ്ഞാനത്തെക്കുറിച്ചുള്ള പല ആശയങ്ങളും സുഭാ 8:22-31 ല്‍ നിന്നും ഉരുത്തിരിഞ്ഞതാണ്: "കര്‍ത്താവിന്‍റെ വിസ്മയനീയമായ പ്രവൃത്തികള്‍ അവിടുത്തെ വിശുദ്ധര്‍ക്കുപോലും അവര്‍ണ്ണനീയമാണെന്ന്" സുഭാഷിതങ്ങളും (30:15-31) പ്രഭാഷകനും (42:15-43:33) പറയും. ജോബിന്‍റെ ജീവിതത്തെക്കുറിച്ചുള്ള വിചിന്തനങ്ങളും പ്രഭാഷകനില്‍ കാണാന്‍ കഴിയും (ജോബ് 38:41): "എന്‍റെ വാക്കുകേള്‍ക്കാന്‍ ആളുകള്‍ ആകാംക്ഷയോടെ കാത്തിരുന്നു. എന്‍റെ ഉപദേശത്തിനുവേണ്ടി നിശ്ശബ്ദരായിനിന്നു." (29:21-25) എന്ന് തന്‍റെ ക്ലേശങ്ങളുടെമദ്ധ്യേ ജോബ് തന്‍റെ ഉയര്‍ച്ചയുടെ കാലത്തെക്കുറിച്ച് വിലയിരുത്തുമ്പോള്‍ ആ അനുഭവം മാനവരാശിയുടേതായിക്കണ്ട പ്രഭാഷകന്‍ പറയുന്നതിങ്ങനെയാണ്: "ധനവാന്‍ സംസാരിക്കുമ്പോള്‍ എല്ലാവരും നിശബ്ദരായിരിക്കും; മാനംമുട്ടെ പുകഴ്ത്തും; ദരിദ്രന്‍ സംസാരിക്കുമ്പോള്‍ ഇവനാര് എന്നവര്‍ ചോദിക്കും; അവന് കാലിടറിയാല്‍ അവര്‍ അവനെ തള്ളിയിടും" (പ്രഭാ 13:23). ദൈവത്തിന്‍റെ മഹത്ത്വത്തെയും മനുഷ്യന്‍റെ നിസ്സാരതയെയുംകുറിച്ച് പ്രഭാഷകന് ഉള്‍ക്കാഴ്ച ലഭിക്കുന്നത് ജോബില്‍ നിന്നാണെന്ന് ചിന്തിക്കുന്നതിന് തെറ്റില്ല (പ്രഭാ 18:1-7).
പ്രഭാഷകന്‍റെ ദൈവത്തെക്കുറിച്ചും ജ്ഞാനത്തെക്കുറിച്ചുമുള്ള ചിന്തകളില്‍ സങ്കീര്‍ത്തനങ്ങളുടെ സ്വാധീനവും ദൃശ്യമാണ്. എന്നാല്‍ പ്രഭാഷകന്‍റെ ചിന്തകള്‍ കൂടുതല്‍ അര്‍ത്ഥവ്യാപ്തി ഉള്‍ക്കൊള്ളുന്നതും കൂടുതല്‍ മാറ്റുള്ളവയുമാണ്: "മനുഷ്യഹൃദയത്തെ സന്തോഷിപ്പിക്കാന്‍ വീഞ്ഞും മുഖം മിനുക്കാന്‍ എണ്ണയും ശക്തിനല്‍കാന്‍ ഭക്ഷണവും പ്രദാനം ചെയ്യുന്നു" (സങ്കീ 104:15) എന്ന് സങ്കീര്‍ത്തകന്‍ പറയുമ്പോള്‍ വീഞ്ഞു നല്‍കുന്ന സന്തോഷം അതിന്‍റെ ഉപയോഗശൈലിയെ ആശ്രയിച്ചിരിക്കുന്നുവെന്ന് പ്രഭാഷകന്‍ പറയുന്നു: "മിതമായി കുടിച്ചാല്‍ വീഞ്ഞ് മനുഷ്യന് ജീവന്‍ പോലെയാണ്; വീഞ്ഞ് കുടിക്കാത്തവന് എന്തുജീവിതം? അത് മനുഷ്യന്‍റെ സന്തോഷത്തിന് സൃഷ്ടിച്ചിട്ടുള്ളതാണ്" (31:27; 31:12-31 കാണുക) എന്ന് പ്രഭാഷകന്‍ പറയുന്നു.
സങ്കീര്‍ത്തനങ്ങളുടെ രീതിയില്‍ രൂപപ്പെടുത്തിയ രണ്ട് യാചനാപ്രാര്‍ത്ഥനകള്‍ പ്രഭാഷകനില്‍ കാണാം:
(1) "എന്‍റെ പിതാവും, ജീവിതത്തിന്‍റെ നിയന്താവുമായ കര്‍ത്താവേ, അവയുടെ ഇഷ്ടത്തിന് എന്നെ ഏല്‍പിച്ചുകൊടുക്കരുതേ; അവ നിമിത്തം ഞാന്‍ വീഴാനിടയാക്കരുതേ! എന്‍റെ ചിന്തകളെ നേര്‍വഴിക്കു നയിക്കാന്‍ ഒരു ചാട്ടയും എന്‍റെ വികാരങ്ങള്‍ക്ക് വിവേക പൂര്‍ണമായ നിയന്ത്രണവും ഉണ്ടായിരുന്നെങ്കില്‍! എന്‍റെ പാപങ്ങള്‍ ശിക്ഷിക്കപ്പെടാതെ പോവുകയില്ല. എന്‍റെ കുറ്റങ്ങള്‍ അവഗണിക്കപ്പെടുകയുമില്ല. എന്‍റെ പാപങ്ങളും കുറ്റങ്ങളും പെരുകി, ഞാന്‍ എന്‍റെ ശത്രുക്കള്‍ക്ക് കീഴ്പ്പെടുകയോ അവര്‍ എന്നെച്ചൊല്ലി സന്തോഷിക്കുകയോ ചെയ്യുകയില്ല. എന്‍റെ പിതാവും ദൈവവുമായ കര്‍ത്താവേ എന്‍റെ ദൃഷ്ടികള്‍ ഔദ്ധത്യം നിറഞ്ഞതാകരുതേ! അധമവികാരങ്ങള്‍ക്ക് ഞാന്‍ അടിമയാകരുതേ! അമിതമായ ആഹാരപ്രിയമോ ഭോഗാസക്തിയോ എന്നെ കീഴടക്കാതിരിക്കട്ടെ! നിര്‍ലജ്ജമായ വികാരങ്ങള്‍ക്ക് എന്നെ ഏല്പിച്ചുകൊടുക്കരുതേ!" (പ്രഭാ 23:1-6).
(2) "എല്ലാറ്റിന്‍റെയും ദൈവമായ കര്‍ത്താവേ, ഞങ്ങളെ കാരുണ്യപൂര്‍വ്വം കടാക്ഷിക്കണമേ! എല്ലാ ജനതകളും അങ്ങയെ ഭയപ്പെടാന്‍ ഇടയാക്കണമേ! അന്യജനതകള്‍ക്കെതിരെ അവിടുന്ന് കരമുയര്‍ത്തണമേ! അവിടുത്തെ ശക്തി അവര്‍ ദര്‍ശിക്കട്ടെ! അവരുടെ മുമ്പില്‍ ഞങ്ങള്‍ അങ്ങയെ മഹത്ത്വപ്പെടുത്തുന്നതുപോലെ ഞങ്ങളുടെ മുമ്പില്‍ അവിടുത്തെ മഹത്ത്വപ്പെടുത്തുവാന്‍ ഇടയാക്കണമേ! കര്‍ത്താവേ ഞങ്ങള്‍ അങ്ങയെ അറിഞ്ഞതുപോലെ അവരും അങ്ങയെ അറിയുകയും, അങ്ങല്ലാതെ മറ്റൊരു ദൈവമില്ലെന്ന് മനസ്സിലാക്കുകയും ചെയ്യട്ടെ! അടയാളങ്ങളും, അത്ഭുതങ്ങളും വീണ്ടും പ്രവര്‍ത്തിച്ച് അങ്ങയുടെ കരബലം പ്രകടമാക്കണമേ! കോപത്തെ ഉണര്‍ത്തി ക്രോധം വര്‍ഷിച്ച് ശത്രുവിനെ നിശ്ശേഷം നശിപ്പിക്കണമേ! വാഗ്ദാനമനുസ്മരിച്ച് അങ്ങ് കാലത്തെ ത്വരിപ്പിക്കണമേ! അങ്ങയുടെ കരുത്തേറിയ പ്രവര്‍ത്തനങ്ങളെ ജനം പ്രകീര്‍ത്തിക്കട്ടെ! അവശേഷിക്കുന്നവന്‍ അങ്ങയുടെ കോപാഗ്നിയില്‍ ദഹിക്കുകയും അവിടുത്തെ ജനത്തെ ദ്രോഹിക്കുന്നവര്‍ നാശമടയുകയും ചെയ്യട്ടെ! ഞങ്ങള്‍ക്ക് തുല്യം മറ്റാരുമില്ലെന്ന് ജല്പിക്കുന്ന ശത്രു രാജാക്കന്മാരുടെ തല തകര്‍ക്കണമേ! യാക്കോബിന്‍റെ ഗോത്രങ്ങളെ ഒരുമിച്ചുകൂട്ടുകയും അവരുടെയവകാശം മുമ്പിലത്തെപ്പോലെ അവര്‍ക്ക് നല്‍കുകയും ചെയ്യണമേ! കര്‍ത്താവേ അങ്ങയുടെ നാമത്തില്‍ വിളിക്കപ്പെട്ട ജനത്തിന്‍റെമേല്‍ ആദ്യജാതനെപ്പോലെ അങ്ങ് പരിഗണിച്ച ഇസ്രായേലിന്‍മേല്‍ - കരുണയുണ്ടാകണമേ! അങ്ങയുടെ വിശുദ്ധ മന്ദിരം സ്ഥിതിചെയ്യുന്ന നഗരത്തോട് - അങ്ങയുടെ വിശ്രമസങ്കേതമായ ജറുസലേമിനോട് - കരുണതോന്നണമേ! അങ്ങയുടെ അത്ഭുത പ്രവൃത്തികളുടെ ഘോഷംകൊണ്ട് സീയോനെ നിറയ്ക്കണമേ! അങ്ങയുടെ മഹത്ത്വംകൊണ്ട് അങ്ങയുടെ ആലയത്തെയും. അങ്ങയുടെ ആദ്യസൃഷ്ടികള്‍ക്ക് സാക്ഷ്യം നല്കണമേ! അങ്ങയുടെ നാമത്തില്‍ അരുളിചെയ്യപ്പെട്ട പ്രവചനങ്ങള്‍ പൂര്‍ത്തിയാക്കണമേ! അങ്ങേക്കുവേണ്ടി കാത്തിരിക്കുന്നവര്‍ക്ക് പ്രതിഫലം നല്കണമേ! അങ്ങയുടെ പ്രവാചകന്മാരുടെ വിശ്വാസ്യത തെളിയട്ടെ. കര്‍ത്താവേ അങ്ങയുടെ ജനത്തിന് അഹറോന്‍ നല്കിയ അനുഗ്രഹത്തിനൊത്ത് അങ്ങയുടെ ദാസരുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ! അങ്ങാണ് യുഗങ്ങളുടെ ദൈവമായ കര്‍ത്താവെന്ന് ഭൂമിയിലുള്ള സകലജനതകളും അറിയട്ടെ!" (36:1-22).
അതുപോലെതന്നെ സങ്കീര്‍ത്തനങ്ങളിലെ സ്തുതിഗീതങ്ങളുടെ രൂപത്തില്‍ രചിച്ച സ്തുതിപ്പുകളും പ്രഭാഷകനിലുണ്ട്: ഉദാ: 1:1-10; 18:1-7; 39:12-35; 42:15-43; 43:33; 50:22-24; 51:1-12.
ജ്ഞാനിയുടെ ചിന്തകള്‍ രാഷ്ട്രീയ/സാംസ്കാരിക പരിധികള്‍ക്കതീതമാകയാലും, മാനുഷികാനുഭവങ്ങള്‍ അടിസ്ഥാനമാക്കിയുള്ളതാകയാലും, തന്‍റെ യാത്രകള്‍ക്കിടയില്‍, അന്യജനതകളില്‍ കണ്ടതും കേട്ടതുമായ ജ്ഞാനത്തെ ഉള്‍ക്കൊള്ളാനും അത് യഹൂദര്‍ക്ക് നല്‍കാനും പ്രഭാഷകന്‍ ശ്രമിക്കുന്നുണ്ട്. യവന സാഹിത്യത്തിലെ പല ആശയങ്ങളും പ്രഭാഷകന്‍ തന്‍റെ ഉപദേശങ്ങളില്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് പണ്ഡിതന്‍മാരുടെ അഭിപ്രായം. ഈജിപ്തിലെ ദുഅവൂഫിന്‍റെ ഉപദേശങ്ങള്‍ ആണ് പ്രഭാഷകന്‍ 38:24-39:11 ന് അടിസ്ഥാനമായി നില്ക്കുന്നതെന്നാണ് പണ്ഡിതാഭിപ്രായം. അതുപോലെതന്നെ പ്രഭാഷകന്‍ വളരെയധികം ആശ്രയിക്കുന്ന (നേരിട്ട് ഉദ്ധരിക്കുന്നില്ല) ഒരു കൃതിയാണ് ഈജിപ്തിലെ ഫീബിസ് .
ഇപ്രകാരം അന്യജനതകളുടെ ജ്ഞാനം സ്വീകരിച്ച പ്രഭാഷകന്‍റെ ചിന്ത എല്ലാവിശ്വാസവും തുല്ല്യമാണ് എന്നതായിരുന്നില്ല (36:1-22). മറിച്ച് ഒരു ജ്ഞാനിയുടെ തുറവിയും തന്‍റെ പൂര്‍വികരുടെ വിശ്വാസത്തോടുള്ള ബഹുമാനവുമായിരുന്നു. രാജ്യത്തിനു പുറമെയുള്ള നന്മകള്‍ സ്വീകരിക്കാവുന്നതാണെന്നും അതിലൂടെ സ്വന്തം വിശ്വാസത്തെ കാലാനുസൃതമായി നവീകരിക്കാന്‍ കഴിയുമെന്നു കാണിക്കുകയുമായിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യം. സമകാലീന ജനതകളില്‍ പലതിന്‍റെയും ജ്ഞാനം സ്വീകരിച്ച പ്രഭാഷകന്‍ യഹൂദനിയമത്തെ യഥാര്‍ത്ഥ ജ്ഞാനമായി തിരിച്ചറിഞ്ഞുവെന്നതാണ് സത്യം. വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍, സ്വന്തം ജനതയുടെയും അന്യജനതകളുടെയും അനുഭവത്തില്‍ നിന്നും തന്‍റെ തത്ത്വങ്ങളെ മെനഞ്ഞെടുത്ത പ്രഭാഷകന്‍റെ അടിസ്ഥാനപ്രമാണം ജ്ഞാനം ദൈവഭയമാണെന്നായിരുന്നു. യഥാര്‍ത്ഥ ജ്ഞാനത്തെ യഹൂദനിയമവുമായി തിരിച്ചറിയുകയും അങ്ങനെ പ്രഖ്യാപിക്കുകയും ചെയ്യുന്ന പ്രഭാഷകന്‍ ദൈവത്തെ ഭയപ്പെട്ടുകൊണ്ടും, അവന്‍റെ പ്രമാണങ്ങള്‍ അനുസരിച്ചുകൊണ്ടും മാത്രമേ ജ്ഞാനം സ്വന്തമാക്കാന്‍ കഴിയൂ എന്ന് വിശ്വസിച്ചിരുന്നു: ڇഎല്ലാ ജ്ഞാനവും ദൈവഭക്തിയിലടങ്ങുന്നു; ജ്ഞാനത്തില്‍ നിയമത്തിന്‍റെ പൂര്‍ത്തീകരണമുണ്ട് (19:20). ജ്ഞാനം ദൈവഭയമാണെന്ന തന്‍റെ അടിസ്ഥാന തത്വമാണ് പ്രഭാഷകന്‍ ആദ്യം തന്നെ അവതരിപ്പിക്കുന്നത്:
"സര്‍വ്വജ്ഞാനവും കര്‍ത്താവില്‍ നിന്ന് വരുന്നു. അത് എന്നേക്കും അവിടുത്തോടുകൂടെയാണ്. കടല്‍ത്തീരത്തെ മണല്‍ത്തരികളും മഴത്തുള്ളികളും നിത്യതയുടെ ദിനങ്ങളും എണ്ണാന്‍ ആര്‍ക്ക് കഴിയും (1:1-2); ". "കര്‍ത്താവിനോടുള്ള ഭക്തി ജ്ഞാനത്തിന്‍റെ മകുടമാകുന്നു. അത് സമാധാനവും ആരോഗ്യവും സമൃദ്ധമാക്കുന്നു (1:18)."
ഇതേത്തുടര്‍ന്നാണ് തന്‍റെ പുസ്തകത്തിന്‍റെ ആദ്യഭാഗത്തെ ഉപദേശങ്ങളെല്ലാം പ്രഭാഷകന്‍ നിരത്തിവെക്കുന്നത്. പുസ്തകത്തിന്‍റെ രണ്ടാം ഭാഗത്ത് മാനവീകരിച്ച ജ്ഞാനത്തിന്‍റെ വാക്കുകളിലൂടെ മേല്‍പ്പറഞ്ഞ ആശയം തന്നെ അവതരിപ്പിക്കുന്നത് കാണാം: "അത്യുന്നതന്‍റെ നാവില്‍നിന്നും പുറപ്പെട്ട് മൂടല്‍മഞ്ഞുപോലെ ഞാന്‍ ഭൂമിയെ ആവരണം ചെയ്തു. ഉന്നതങ്ങളില്‍ ഞാന്‍ വസിച്ചു; മേഘത്തൂണിലായിരുന്നു എന്‍റെ സിംഹാസനം" (24:3-4). ദൈവഭയത്തെ പ്രഭാഷകന്‍ ജ്ഞാനത്തിന്‍റെ ആരംഭമെന്നും (1:14), അതിനെ ജ്ഞാനത്തിന്‍റെ പൂര്‍ണതയെന്നും (1:16), ജ്ഞാനത്തിന്‍റെ മകുടമെന്നും (1:18), ജ്ഞാനത്തിന്‍റെ തായ്വേരെന്നും വിളിക്കുന്നു: അത് ഹൃദയത്തെ ആനന്ദിപ്പിക്കുന്നു. സന്തോഷവും ആനന്ദവും ദീര്‍ഘായുസ്സും പ്രദാനം ചെയ്യുന്നു. കര്‍ത്താവിനെ ഭയപ്പെടുന്നവന്‍റെ അവസാനം ശുഭമായിരിക്കാം; മരണദിവസം അവന്‍ അനുഗ്രഹീതനാവും (1:12-13).
ബുദ്ധിമാനായ മനുഷ്യന്‍ തന്‍റെ ജീവിതവിജയത്തിനായി ജ്ഞാനം സ്വന്തമാക്കണമെന്ന് പ്രഭാഷകന്‍ പഠിപ്പിച്ചു: മകനേ ചെറുപ്പം മുതലേ ജ്ഞാനോപദേശം തേടുക; വാര്‍ദ്ധക്യത്തിലും നീ ജ്ഞാനം സമ്പാദിച്ചുകൊണ്ടിരിക്കും. ഉഴുതു വിതയ്ക്കുന്ന കര്‍ഷകനെപ്പോലെ അവളെ സമീപിക്കുകയും നല്ല വിളവിനുവേണ്ടി കാത്തിരിക്കുകയും ചെയ്യുക: എന്തെന്നാല്‍ അവളുടെ വയലില്‍ അല്പനേരം അദ്ധ്വാനിച്ചാല്‍ വളരെവേഗം വിഭവങ്ങള്‍ ആസ്വദിക്കാം. ശിക്ഷണം ലഭിക്കാത്തവന് അവള്‍ കര്‍ക്കശയാണ്. ബുദ്ധിഹീനന് അവളോടുകൂടെ വസിക്കുക അസാധ്യം. അവള്‍ അവന് ദുര്‍വഹമായ കല്ലുപോലെയാണ്. അവന്‍ അവളെ വേഗം ഉപേക്ഷിക്കും. ജ്ഞാനം അവളുടെ പേര് സൂചിപ്പിക്കുന്നതുപോലെ ഏറെപ്പേര്‍ക്കും അപ്രാപ്യമാണ്. മകനേ, എന്‍റെ തീരുമാനം സ്വീകരിക്കുക. എന്‍റെ ഉപദേശം നിരാകരിക്കരുത്. നിന്‍റെ കാലുകള്‍ അവള്‍ ബന്ധിക്കട്ടെ: നിന്‍റെ കഴുത്ത് അവളുടെ ചങ്ങല അണിയട്ടെ. അവളുടെ നുകത്തിന് ചുമലു താഴ്ത്തുക; അവളുടെ കടിഞ്ഞാണ്‍ കുടഞ്ഞെറിയരുത്. പൂര്‍ണ്ണഹൃദയത്തോടെ അവളെ സമീപിക്കുക; അവളുടെ മാര്‍ഗ്ഗത്തില്‍ത്തന്നെ സഞ്ചരിക്കാന്‍ സര്‍വ്വശക്തിയും പ്രയോഗിക്കുക. അന്വേഷിക്കുകയും, തിരയുകയും ചെയ്യുക; അവള്‍ നിനക്ക് വെളിപ്പെടും. കണ്ടെത്തിക്കഴിഞ്ഞാല്‍, വിട്ടുകളയരുത്. ഒടുവില്‍ അവള്‍ നിനക്ക് ശാന്തി പ്രദാനം ചെയ്യും; അവള്‍ നിനക്ക് ആനന്ദമായി പരിണമിക്കുകയും ചെയ്യും. അപ്പോള്‍ അവളുടെ ബന്ധം നിനക്ക് സംരക്ഷണവും അവളുടെ ചങ്ങല നിനക്ക് അലങ്കാരവുമായിരിക്കും. അവളുടെ നുകം സ്വര്‍ണ്ണാഭരണവും കടിഞ്ഞാണ്‍ നീലച്ചരടുമാകും. മഹത്വത്തിന്‍റെ നീലയങ്കിപോലെ നീയവളെ ധരിക്കും. തിളങ്ങുന്ന കിരീടം പോലെ നീയവളെ അണിയും. മകനേ മനസ്സുവച്ചാല്‍ നിനക്ക് ജ്ഞാനിയാകാം, ഉത്സാഹിച്ചാല്‍ നിനക്ക് സമര്‍ത്ഥനാകാം. താല്‍പര്യപൂര്‍വ്വം ശ്രദ്ധിച്ചാല്‍ അറിവു ലഭിക്കും. ഏകാഗ്രചിത്തന്‍ വിവേകിയാകും. മുതിര്‍ന്നവരുടെ ഇടയില്‍, പക്വമതിയോടുചേര്‍ന്ന് നില്‍ക്കുക; ദിവ്യഭാഷണം ശ്രവിക്കാന്‍ മനസ്സിരുത്തുക. ജ്ഞാനസൂക്തമൊന്നും വിട്ടുകളയരുത്. ജ്ഞാനിയായ ഒരുവനെ കണ്ടെത്തിയാല്‍ അവനെ സന്ദര്‍ശിക്കാന്‍ വൈകരുത്. നിന്‍റെ പാദങ്ങള്‍ അവന്‍റെ വാതില്‍പ്പടി നിരന്തരം സ്പര്‍ശിക്കട്ടെ. കര്‍ത്താവിന്‍റെ നിയമങ്ങളെപ്പറ്റി ചിന്തിക്കുക; അവിടുത്തെ പ്രമാണങ്ങളെപ്പറ്റി സദാ ധ്യാനിക്കുക. അവിടുന്ന് തന്നെയാണ് നിനക്ക് ഉള്‍കാഴ്ച നല്‍കുന്നത്; നിന്‍റെ ജ്ഞാനതൃഷ്ണ അവിടുന്ന് ശമിപ്പിക്കും (6:18-37). ڇഞാന്‍ കുറച്ചേ അദ്ധ്വാനിച്ചുള്ളൂ; എനിക്ക് ഏറെ വിശ്രമം കിട്ടിയെന്ന് കാണുവിന്‍. വെള്ളി മുടക്കി വിദ്യ നേടിയാല്‍ ഏറെ സ്വര്‍ണ്ണം കരസ്ഥമാക്കാം (51:27-28).
എന്നാല്‍ ജ്ഞാനം മനുഷ്യന്‍ സ്വന്തം അദ്ധ്വാനത്തിലൂടെ മാത്രം സ്വന്തമാക്കുന്നതല്ല മറിച്ച് ദൈവസഹായത്തോടെ അവന്‍റെ പ്രമാണങ്ങള്‍ അനുസരിച്ചുകൊണ്ട് നേടുന്നതാകണം. കാരണം അത് ദൈവദാനമാണ്. ദൈവം അത് തന്നെ സ്നേഹിക്കുന്നവര്‍ക്കും (1:10) തന്‍റെ കല്പനകള്‍ പാലിക്കുന്നവര്‍ക്കുമാണ് നല്‍കുന്നത്: ജ്ഞാനം ആഗ്രഹിക്കുന്നവന്‍ പ്രമാണം കാക്കട്ടെ; കര്‍ത്താവ് അത് പ്രദാനം ചെയ്യും (1:26). അതുകൊണ്ട് പ്രഭാഷകന്‍റെ ഉപദേശവും ബോധ്യവുമിതാണ്: കര്‍ത്തൃഭയത്തേക്കാള്‍ ശ്രേഷ്ഠമോ കര്‍ത്താവിന്‍റെ കല്പന അനുസരിക്കുന്നതിനേക്കാള്‍ മധുരമോ ആയി മറ്റൊന്നുമില്ലെന്ന് അവളെ അതിജീവിക്കുന്നവന്‍ അറിയും. ദൈവത്തെ അനുസരിക്കുന്നത് വലിയ ബഹുമതിയും അവിടുത്തെ അംഗീകാരം ദീര്‍ഘായുസ്സുമാണ് (23:27-28). ജ്ഞാനം നേടിയവന്‍ എത്ര ശ്രേഷ്ഠന്‍. ദൈവഭക്തനേക്കാള്‍ ഉത്കൃഷ്ടനായി ആരുമില്ല. ദൈവഭക്തി എല്ലാറ്റിനെയും അതിശയിക്കുന്നു; അതിനെ മുറുകെപ്പിടിക്കുന്നവന്‍ അതുല്യന്‍" (25:10-11).
യവനസംസ്കാരത്തിന്‍റെ ആകര്‍ഷണത്തില്‍പ്പെട്ട് അവരുടെ തത്ത്വശാസ്ത്രങ്ങളില്‍ ആകൃഷ്ടരായി തങ്ങളുടെ പൂര്‍വ്വികരുടെ പാരമ്പര്യത്തോട് വിടചൊല്ലാന്‍ തുടങ്ങുന്ന യഹൂദരോടുള്ള പ്രഭാഷകന്‍റെ ഉപദേശം ജറുസലേമാണ് യഥാര്‍ത്ഥ വിജ്ഞാന കേന്ദ്രമെന്നായിരുന്നു (24:3-8). യഹൂദജനതയെ ഏറ്റവും ബഹുമാന്യതയുള്ള ജനതയായി പ്രഭാഷകന്‍ കണ്ടു (24:12); ജറുസലേമിനെ വി. നഗരമായും (24:11).
തന്‍റെ ധ്യാനത്തിന്‍റെ അന്ത്യത്തില്‍ ജ്ഞാനമെന്നത് ജറുസലേമില്‍ വസിക്കുന്ന അത്യുന്നതന്‍റെ നിയമമാണെന്ന് പ്രഭാഷകന്‍ തിരിച്ചറിഞ്ഞു (24:23). ജ്ഞാനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവന്‍ ദൈവപ്രമാണം അനുസരിക്കുകയും (15:1) അവരുടെ വിശ്വസ്തതയെ പരീക്ഷിക്കുന്ന കഷ്ടപ്പാടുകള്‍ സഹിക്കുകയും (2:1-10; 4:17-19) ചെയ്യണം. അങ്ങനെയായാല്‍ കഷ്ടപ്പാടിന്‍റെ ദിനങ്ങളില്‍ ദൈവം വിശ്വാസിയെ കാത്തുകൊള്ളും (2:10-11). ജ്ഞാനം സ്വന്തമാക്കാനായി മനുഷ്യന്‍ നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കണം: "മകനേ ചെറുപ്പം മുതലേ ജ്ഞാനോപദേശം തേടുക; വാര്‍ദ്ധക്യത്തിലും നീ ജ്ഞാനം സമ്പാദിച്ചുകൊണ്ടിരിക്കും (6:18;14:20-27). പരിശ്രമിക്കുന്നവനെ ജ്ഞാനം അമ്മയെപ്പോലെയും നവവധുവിനെപ്പോലെയും സ്വീകരിക്കും (15:2). മനുഷ്യനെ മഹത്ത്വത്തിലേക്ക് നയിക്കുന്നത് ജ്ഞാനമാണെങ്കിലും (4:11-16) ജ്ഞാനം ഏറെപ്പേര്‍ക്കും അപ്രാപ്യമാണെന്നതാണ് സത്യം (6:22).
ദൈവത്തെ ഭയപ്പെട്ടുകൊണ്ടും, നിയമംപാലിച്ചുകൊണ്ടും ജ്ഞാനത്തെ സ്വന്തമാക്കുന്നവന്‍ പാപം ചെയ്യാതെ സൂക്ഷിക്കുകയും വേണം, കാരണം ജ്ഞാനം പാപിയെ കൈവിടുമെന്നതുതന്നെ: അവന്‍ വഴിതെറ്റിപ്പോയാല്‍, അവള്‍ അവനെ പരിത്യജിക്കുകയും നാശത്തിന് വിടുകയും ചെയ്യുംڈ(4:19). അതുകൊണ്ടുതന്നെ പാപികള്‍ക്കും വിഡ്ഢികള്‍ക്കും ജ്ഞാനസമ്പാദനം അസാധ്യമാണ്: ഭോഷന്മാര്‍ക്ക് അവളെ സ്വന്തമാക്കാനോ പാപിക്ക് അവളെ കാണാനോ കഴിയില്ല. അഹങ്കാരികളില്‍ നിന്ന് അവള്‍ അകന്ന് വര്‍ത്തിക്കുന്നു. നുണയന്മാരുടെ ചിന്തയ്ക്ക് അവള്‍ അപ്രാപ്യയാണ്. സ്തോത്രഗീതം പാപിക്ക് ഇണങ്ങുന്നില്ല (15:7-8).
പ്രവൃത്തികള്‍ക്കനുസരിച്ച് പ്രതിഫലം
സുഭാഷിതങ്ങളിലെ അടിസ്ഥാനപ്രമാണമായ പ്രവര്‍ത്തികള്‍ക്കനുസരിച്ച് പ്രതിഫലമെന്ന തത്വം പ്രഭാഷകന്‍ അടിസ്ഥാനപരമായി അംഗീകരിക്കുന്നു: പാപിയുടെ ഭാഗ്യത്തില്‍ അസൂയപ്പെടരുത്. അവന്‍റെ അവസാനം നിനക്കറിയില്ലല്ലോ. അഹങ്കാരിയുടെ വിജയത്തില്‍ ഭ്രമിക്കേണ്ടാ; മരിക്കും മുമ്പ് അവര്‍ക്ക് ശിക്ഷ ലഭിക്കുംڈ (9:11-12); കരുണ കാണിക്കാന്‍ കര്‍ത്താവ് അവസരം കണ്ടെത്തും. പ്രവൃത്തികള്‍ക്കനുസരിച്ച പ്രതിഫലം ഓരോരുത്തനും ലഭിക്കും (16:14); "അവിടുന്ന് അവരോട് പകരം ചോദിക്കും; അവരുടെ പ്രതിഫലം അവരുടെ ശിരസ്സില്‍ പതിക്കും" (17:23); "നീതിയെ പിന്തുടര്‍ന്നാല്‍ നിനക്കത് ലഭിക്കും; മഹനീയമായ അങ്കിപോലെ അത് ധരിക്കുക. പക്ഷികള്‍ സ്വന്തം വര്‍ഗ്ഗത്തോടു കൂട്ടം ചേരുന്നതുപോലെ സത്യസന്ധത സത്യസന്ധനോട് ചേരുന്നു"(27:8-9). "നിശ്ചിത സമയത്തിനുമുമ്പ് ജോലി പൂര്‍ത്തിയാക്കുവിന്‍ യഥാകാലം ദൈവം നിങ്ങള്‍ക്ക് പ്രതിഫലം നല്‍കും" (51:30); "താന്‍ കുഴിച്ച കുഴിയില്‍ താന്‍തന്നെ വീഴും; താന്‍ വെച്ച കെണിയില്‍ താന്‍തന്നെ കുടുങ്ങും. താന്‍ ചെയ്ത തിന്മ തന്‍റെ മേല്‍ തന്നെ പതിക്കും. അത് എവിടെനിന്നുവന്നെന്ന് അവന്‍ അറിയുകയില്ല" (27:26-27).
എന്നാല്‍ ഈ അടിസ്ഥാന തത്ത്വത്തോടൊപ്പം സഭാപ്രസംഗകനിലെയും, ജോബിലെയുംപോലെ ദൈവം അപരിമിതനും മനുഷ്യ ബുദ്ധിക്കതീതനുമാണെന്നും നല്കപ്പെട്ട ജീവിതം ആസ്വദിക്കുകയും അംഗീകരിക്കുകയുമാണാവശ്യമെന്നും പ്രഭാഷകന്‍ പറയുന്നു. ജോബിന്‍റെ പുസ്തകം നല്‍കുന്ന എല്ലാം മനുഷ്യന് വിശദീകരിക്കാന്‍ കഴിയില്ല എന്ന ജ്ഞാനവീക്ഷണം സ്വന്തമാക്കിയ പ്രഭാഷകന്‍ ഇപ്രകാരം പറയും: എന്‍റെ മകനെ നീ കര്‍ത്തൃശുശ്രൂഷയ്ക്ക് ഒരുമ്പെടുന്നെങ്കില്‍ പ്രലോഭനങ്ങളെ നേരിടാന്‍ ഒരുങ്ങിയിരിക്കുക. നിന്‍റെ ഹൃദയം അവക്രവും അചഞ്ചലവുമായിരിക്കട്ടെ; ആപത്തില്‍ അടി പതറരുത്. അവിടുത്തോട് വിട്ടകലാതെ ചേര്‍ന്നു നില്‍ക്കുക. നിന്‍റെ അന്ത്യദിനങ്ങള്‍ ധന്യമായിരിക്കും. വരുന്ന ദുരിതങ്ങളെല്ലാം സ്വീകരിക്കുക; ഞെരുക്കുന്ന ദൗര്‍ഭാഗ്യങ്ങളില്‍ ശാന്തത വെടിയരുത്, എന്തെന്നാല്‍ സ്വര്‍ണ്ണം അഗ്നിയില്‍ ശുദ്ധി ചെയ്യപ്പെടുന്നു (2:1-5). "ഒരുവന് ഐശ്വര്യമുണ്ടാകുമ്പോള്‍ ശത്രുക്കള്‍ ദുഃഖിക്കുന്നു; കഷ്ടതയില്‍ സ്നേഹിതന്മാര്‍പോലും അകന്നുപോകും" (12:9). ജോബിന്‍റെ സുഹൃത്തുക്കളെ ഓര്‍മ്മിച്ചുകൊണ്ടാവാം പ്രഭാഷകന്‍ ഈ വചനം പറയുന്നത്.
ജ്ഞാനിയാകാന്‍ ആഗ്രഹിക്കുന്നവന്‍ ജോബിന്‍റെ അനുഭവത്തിലൂടെ കടന്നുപോകേണ്ടിവരുമെന്ന് അറിയണം: ജ്ഞാനം തന്‍റെ പുത്രന്മാരെ മഹത്വത്തിലേക്ക് ഉയര്‍ത്തുകയും തന്നെ തേടുന്നവനെ സഹായിക്കുകയും ചെയുന്നു. അവളെ സ്നേഹിക്കുന്നവന്‍ ജീവനെ സ്നേഹിക്കുന്നു: അവളെ അതിരാവിലെ അന്വേഷിക്കുന്നവന്‍ ആനന്ദം കൊണ്ട് നിറയും. അവളെ ആശ്ലേഷിക്കുന്നവന്‍ മഹത്വം പ്രാപിക്കും; അവന്‍ വസിക്കുന്നിടം കര്‍ത്താവിനാല്‍ അനുഗ്രഹീതം. അവളെ സ്നേഹിക്കുന്നവന്‍ പരിശുദ്ധനായവനെ സേവിക്കുന്നു. അവളെ സ്നേഹിക്കുന്നവനെ കര്‍ത്താവ് സ്നേഹിക്കുന്നു. അവളെ അനുസരിക്കുന്നവന്‍ ജനതകളെ വിധിക്കും. അവളുടെ വാക്കുകേള്‍ക്കുന്നവന്‍ സുരക്ഷിതനായിരിക്കും. അവളെ വിശ്വസിക്കുന്നവന് അവളെ ലഭിക്കും. അവന്‍റെ സന്തതികള്‍ക്കും അവള്‍ അധീനയായിരിക്കും. ആദ്യം അവനെ ക്ലിഷ്ടമാര്‍ഗ്ഗങ്ങളിലൂടെ നയിക്കും; അങ്ങനെ അവനില്‍ ഭയവും ഭീരുത്വവും ഉളവാക്കും; അവനില്‍ വിശ്വാസമുറയ്ക്കുന്നതുവരെ അവള്‍ തന്‍റെ ശിക്ഷണത്താല്‍ അവനെ പീഡിപ്പിക്കും; തന്‍റെ ശാസനങ്ങള്‍വഴി അവനെ പരീക്ഷിക്കുകയും ചെയ്യും. അതിനു ശേഷം അവള്‍ നേര്‍വഴികാട്ടി അവനെ ആനന്ദിപ്പിക്കുകയും അവന് തന്‍റെ രഹസ്യങ്ങള്‍ വെളിപ്പെടുത്തികൊടുക്കുകയും ചെയ്യും (4:11-18). ഇവിടെ ജോബിന്‍റെ അനുഭവമാണ് പ്രഭാഷകന്‍റെ മനസ്സിലുള്ളതെന്ന് ചിന്തിക്കുന്നതില്‍ തെറ്റില്ല.
എല്ലാം ദൈവദാനമാണെന്നും അവിടുന്ന് തന്ന ജീവിതം ആസ്വദിച്ചുകൊള്ളുകയെന്നും പറയുന്ന സഭാപ്രസംഗകനോടൊത്ത് പ്രഭാഷകന്‍ ഇപ്രകാരം പറയും: ഇന്നിന്‍റെ സന്തോഷങ്ങള്‍ നഷ്ടപ്പെടുത്തരുത്; നിനക്ക് അര്‍ഹമായ സന്തോഷത്തിന്‍റെ ഓഹരി വേണ്ടെന്ന് വയ്ക്കരുത്. നിന്‍റെ പ്രയത്നത്തിന്‍റെ ഫലം മറ്റുള്ളവര്‍ക്ക് വിട്ടിട്ടുപോകുകയും നീ അദ്ധ്വാനിച്ച് സമ്പാദിച്ചവ അവര്‍ പങ്കിട്ടെടുക്കുകയും ചെയ്യുകയില്ലേ? കൊണ്ടും കൊടുത്തും ജീവിതം ആസ്വദിക്കുക; പാതാളത്തില്‍ സുഖം അനുഭവിക്കാന്‍ കഴിയുകയില്ല (14:14-16).
ജീവിതം ഓരോരുത്തര്‍ക്കും, നല്‍കപ്പെട്ടിരിക്കുന്നതുപോലെ സ്വീകരിക്കുകയാണാവശ്യമെന്ന് ജോബും സഭാപ്രസംഗകനും പറയാന്‍ കാരണം, ദൈവം അപരിമേയനാണെന്നതും മനുഷ്യന് ദൈവത്തെ പൂര്‍ണ്ണമായി അറിയാന്‍ കഴിയില്ല എന്നുമുള്ള ബോധ്യങ്ങളായിരുന്നു. അതുതന്നെയാണ് പ്രഭാഷകനും ചിന്തിക്കുന്നത്: "മനുഷ്യ ദൃഷ്ടിക്ക് അഗോചരമായ കൊടുങ്കാറ്റുപോലെ അവിടുത്തെ മിക്ക പ്രവൃത്തികളും മറഞ്ഞിരിക്കുന്നു"(16:21). എന്നേക്കും ജീവിക്കുന്നവന്‍ പ്രപഞ്ചം സൃഷ്ടിച്ചു. കര്‍ത്താവ് മാത്രമാണ് നീതിമാന്‍. അവിടുത്തെ പ്രവൃത്തി വിളംബരം ചെയ്യാന്‍ പോരുന്ന ശക്തി ആര്‍ക്കും നല്‍കപ്പെട്ടിട്ടില്ല. അവിടുത്തെ മഹത്തായ പ്രവൃത്തികള്‍ അളക്കാന്‍ ആര്‍ക്ക് കഴിയും? അവിടുത്തെ മഹത്ത്വപൂര്‍ണ്ണമായ ശക്തി തിട്ടപ്പെടുത്താന്‍ ആര്‍ക്ക് സാധിക്കും? അവിടുത്തെ കാരുണ്യം വര്‍ണ്ണി ക്കാന്‍ ആര്‍ക്ക് കഴിയും? അവ കൂട്ടുകയോ കുറയ്ക്കുകയോ സാധ്യമല്ല; അവിടുത്തെ അത്ഭുതങ്ങളെ അളക്കാന്‍ ആര്‍ക്കും കഴിയുകയില്ല. മനുഷ്യന്‍റെ അന്വേഷണം അങ്ങേയറ്റത്തെത്തിയാലും, അവന്‍ ആരംഭത്തില്‍തന്നെ നില്‍ക്കുകയേ ഉള്ളൂ; അവന് അത് എന്നും പ്രഹേളികയായിരിക്കും 18:1-7). "വസ്ത്രമോടിയില്‍ അഹങ്കരിക്കരുത്. ബഹുമാനിതനാകുമ്പോള്‍ ഞെളിയരുത്, എന്തെന്നാല്‍ കര്‍ത്താവിന്‍റെ പ്രവര്‍ത്തികള്‍ വിസ്മയകരവും മനുഷ്യ ദൃഷ്ടിക്ക് അഗോചരവുമാണ്" (11:4).
ദൈവം നീതിമാനാകയാല്‍ (23:19) സുഭാഷിതങ്ങളുടെ അടിസ്ഥാനതത്വമായ പ്രവൃത്തികള്‍ക്കനുസൃതമായ പ്രതിഫലം ലഭിക്കുമെന്ന് വിശ്വസിക്കുന്നതോടൊപ്പം ജോബിനെപ്പോലുള്ള നീതിമാന്‍മാരുടെ സഹനങ്ങളും, ദുഷ്ടമാരുടെ അഭിവൃദ്ധിയുമൊന്നും പലപ്പോഴും മനുഷ്യന് വിശദീകരിക്കാന്‍ കഴിവില്ലെന്ന് ബോധവാനുമായിരുന്ന പ്രഭാഷകന്‍ ഇപ്രകാരം അനുമാനിച്ചു: "മൃത്യുദിനത്തിലും പ്രവൃത്തിക്കൊത്ത പ്രതിഫലം നല്‍കാന്‍ കര്‍ത്താവിന് കഴിയും; ഒരു നാഴിക നേരത്തെ വേദന കഴിഞ്ഞകാലത്തെ സുഖങ്ങള്‍ മുഴുവന്‍ മായ്ച്ചുകളയുന്നു; ജീവിതാന്തത്തില്‍ മനുഷ്യന്‍റെ യഥാര്‍ത്ഥ സ്വഭാവം വെളിപ്പെടും"(11:26-27).
മരണാനന്തര ജീവിതം
പ്രഭാഷകന്‍റെ കാലത്തുപോലും മരണാനന്തര ജീവിതത്തെക്കുറിച്ച് യഹൂദര്‍ കാര്യമായി ചിന്തിക്കാന്‍ തുടങ്ങിയിരുന്നില്ല. മരണശേഷം മനുഷ്യന്‍ ഇരുട്ടിന്‍റെ ഇരിപ്പിടമായ പാതാളത്തിലേക്ക് പോകുമെന്ന് പ്രഭാഷകന്‍ കരുതി: ജീവിക്കുന്നവര്‍ അത്യുന്നതന് സ്തുതിഗീതം പാടുന്നതുപോലെ പാതാളത്തില്‍ ആര് അവിടുത്തെ സ്തുതിക്കും? അസ്ഥിത്വമില്ലാത്തവനില്‍ നിന്നെന്നപോലെ മനുഷ്യന്‍ മരിക്കുമ്പോള്‍ അവന്‍റെ സ്തുതികള്‍ നിലയ്ക്കുന്നു; ആരോഗ്യത്തോടെ ജീവിക്കുന്നവരാണ് കര്‍ത്താവിനെ സ്തുതിക്കുന്നത് (17:27-28).
മനുഷ്യന്‍ അമര്‍ത്യനല്ല (17:30). മരണശേഷം ഒരുവന്‍ ജീവിക്കുന്നത് അവന്‍റെ മക്കളിലൂടെയാണ്: "പുത്രനെ സ്നേഹിക്കുന്നവന്‍ അവനെ പലപ്പോഴും അടിക്കുന്നു; വളര്‍ന്ന് വരുമ്പോള്‍ അവന്‍ പിതാവിനെ സന്തോഷിപ്പിക്കും. മകനെ ശിക്ഷണത്തില്‍ വളര്‍ത്തുന്നവന് അവന്‍ മൂലം നന്മയുണ്ടാകും;" സ്നേഹിതരുടെ മുമ്പില്‍ അവനെക്കുറിച്ച് അഭിമാനിക്കുകയും ചെയ്യും. മകനെ പഠിപ്പിക്കുന്നവന്‍ ശത്രുക്കളെ അസൂയാലുക്കളാക്കുന്നു; സ്നേഹിതരുടെ മുമ്പില്‍ അവന് അഭിമാനിക്കാം. ആ പിതാവ് മരിച്ചാലും മരിക്കുന്നില്ല. തന്നെപ്പോലെ ഒരുവനെ അവന്‍ അവശേഷിപ്പിച്ചിട്ടുണ്ട്ڈ (30:1-4).
പ്രഭാഷകനും ഏകദൈവവിശ്വാസവും
വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ ജീവിതാനുഭവങ്ങളെ വിലയിരുത്തുകയും, സ്വന്തമായതും മറ്റുള്ളവരുടേതുമായ അനുഭവങ്ങളെ ആ വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ കാണുകയും ചെയ്ത പ്രഭാഷകന്‍ ഇസ്രയേലിന്‍റെ ദൈവമാണ് യഥാര്‍ത്ഥ ദൈവമെന്നും അവനല്ലാതെ മറ്റൊരു ദൈവമില്ലെന്നും വിശ്വസിച്ചു. നിയമാവര്‍ത്തന ചരിത്രകാരന്‍ നീതിമാന്മാരായി വിലയിരുത്തിയ രാജാക്കന്മാരെ മാത്രം നീതിമാന്മാരായിക്കണ്ട പ്രഭാഷകന്‍ (49:1-4) ഇസ്രയേലിന്‍റെ ആ വലിയ ഏകദൈവപാരമ്പര്യം ഉള്‍ക്കൊണ്ടുകൊണ്ട് ഏക ദൈവമായ യാഹ്വെയെ എല്ലാവരും അറിയണമെന്നും ആഗ്രഹിച്ചു (36:1-2, 4-5).
"എല്ലാറ്റിന്‍റെയും ദൈവമായ കര്‍ത്താവേ, ഞങ്ങളെ കാരുണ്യ പൂര്‍വ്വം കടാക്ഷിക്കണമേ! എല്ലാ ജനതകളും അങ്ങയെ ഭയപ്പെടാനിടയാക്കണമേ! അന്യജനതകള്‍ക്കെതിരെ അവിടുന്ന് കരമുയര്‍ത്തണമേ! അവിടുത്തെ ശക്തി അവര്‍ ദര്‍ശിക്കട്ടെ അവരുടെ മുമ്പില്‍ ഞങ്ങള്‍ അങ്ങയെ മഹത്ത്വപ്പെടുത്തുന്നതുപോലെ ഞങ്ങളുടെ മുമ്പില്‍ അവര്‍ അവിടുത്തെ മഹത്ത്വപ്പെടുത്താന്‍ ഇടയാക്കണമേ! കര്‍ത്താവേ, ഞങ്ങള്‍ അങ്ങയെ അറിഞ്ഞതുപോലെ അവരും അങ്ങയെ അറിയുകയും, അങ്ങല്ലാതെ മറ്റൊരു ദൈവമില്ലെന്ന് മനസ്സിലാക്കുകയും ചെയ്യട്ടെ!" (36:1-5).
സത്യദൈവം അനാദിയാണ് (42:21); അവിടുന്നാണ് തന്‍റെ വചന ത്തിലൂടെ എല്ലാം സൃഷ്ടിച്ചത് (39:18-21; 42:15); അവന്‍ എല്ലാ മറിയുകയും ചെയ്യുന്നു (39:19-20, 42:18-20).
ജ്ഞാനി തന്‍റെ അറിവിനടിസ്ഥാനമായിക്കാണുന്ന പ്രപഞ്ചത്തിലെ ക്രമം മുഴുവനും ദൈവത്തിന്‍റെ ജ്ഞാനവും ശക്തിയുമാണ് കാണിക്കുന്നത് (43:1-33). പ്രപഞ്ചത്തിലെ വസ്തുക്കളും സംഭവങ്ങളും ഒന്നിനോടൊന്ന് ചേര്‍ത്ത് ദൈവം ക്രമീകരിച്ചിരിക്കുകയാണ് (16:26-30). ദൈവത്തിന്‍റെ ഈ പ്രവൃത്തികളെ നോക്കി: അവിടുത്തെ പ്രവൃത്തികള്‍ എത്ര അഭികാമ്യം! അവ കാഴ്ചയ്ക്ക് എത്ര ദീപ്തമാണ്! (42:22) എന്നത്ഭുതപ്പെടാനേ മനുഷ്യന് കഴിയുകയുള്ളൂ.
പ്രപഞ്ചസ്രഷ്ടാവും പരിപാലകനുമായ ഈ ദൈവം ഇസ്രായേലിനോടു മാത്രമല്ല സകല ജനപദങ്ങളോടും കാരുണ്യം കാണിക്കുന്നവനാണ്: മനുഷ്യന്‍റെ സഹതാപം അയല്‍ക്കാരനോടാണ്. എന്നാല്‍, കര്‍ത്താവ് സകല ജീവജാലങ്ങളോടും ആര്‍ദ്രത കാണിക്കുന്നു. അവിടുന്നവരെ ശാസിക്കുന്നു അവര്‍ക്ക് ശിക്ഷണവും, പ്രബോധനവും നല്‍കുന്നു. ഇടയന്‍ ആടുകളെ എന്നപോലെ അവരെ തിരിച്ചുകൊണ്ടുവരുകയും ചെയ്യുന്നു (18:13).
ലോകത്തിന്‍റെ മുഴുവന്‍ സ്രഷ്ടാവും, പരിപാലകനുമായി ഒരു ദൈവമേ ഉള്ളുവെങ്കില്‍, ആ ദൈവത്തിന്‍റെ നിയമമാണ് പ്രപഞ്ചത്തെ ക്രമീകരിക്കുകയും (ജ്ഞാനം) അതിനെ ദൈവത്തോടടുപ്പിക്കുകയും ചെയ്യുന്നതെങ്കില്‍, പ്രപഞ്ചത്തില്‍ ദൈവം അന്തര്‍ലീനമാക്കിയിരിക്കുന്ന നിയമവും (ജ്ഞാനവും) ദൈവം വെളിപ്പെടുത്തിയ നിയമവും (തോറ) ഒന്നാണെന്ന് പറയാന്‍ കഴിയും. അതുകൊണ്ടാണ് ജ്ഞാനമാണ് ദൈവത്തിന്‍റെ നിയമമെന്ന് പ്രഭാഷകന്‍ കരുതിയത്:
"ജ്ഞാനത്തിന്‍റെ വാക്കുകള്‍ അവള്‍ക്ക് തന്നെ പുകഴ്ചയാണ്. തന്‍റെ ജനത്തിന്‍റെ മധ്യത്തില്‍ അവള്‍ മഹത്ത്വമാര്‍ജ്ജിക്കുന്നു. അത്യുന്നതന്‍റെ നാവില്‍ നിന്ന് പുറപ്പെട്ട് മൂടല്‍മഞ്ഞുപോലെ ഞാന്‍ ഭൂമിയെ ആവരണം ചെയ്തു. ഉന്നതങ്ങളില്‍ ഞാന്‍ വസിച്ചു. മേഘത്തൂണിലായിരുന്നു എന്‍റെ സിംഹാസനം. അവിടുന്ന് പറഞ്ഞു: യാക്കോബില്‍ വാസമുറപ്പിക്കുക; ഇസ്രയേലില്‍ നിന്‍റെ അവകാശം സ്വീകരിക്കുക. വിശുദ്ധമന്ദിരത്തില്‍ അവിടുത്തെ മുമ്പില്‍ ഞാന്‍ ശുശ്രൂഷ ചെയ്തു; സീയോനില്‍ ഞാന്‍ വാസമുറപ്പിച്ചു. എന്നെ ഭുജിക്കുന്നവന്‍റെ വിശപ്പ് ശമിക്കുകയില്ല; പിന്നെയും ആഗ്രഹിക്കും. എന്നെ പാനം ചെയ്യുന്നവന്‍ വീണ്ടും അഭിലഷിക്കും, എന്നെ അനുസരിക്കുന്നവന്‍ ലജ്ജിതനാവുകയില്ല. എന്‍റെ സഹായത്തോടെ അധ്വാനിക്കുന്നവന്‍ പാപത്തില്‍ വീഴുകയില്ല. ഇതെല്ലാമാണ് അത്യുന്നത ദൈവത്തിന്‍റെ ഉടമ്പടി ഗ്രന്ഥം; യാക്കോബിന്‍റെ സമൂഹങ്ങള്‍ക്ക് അവകാശമായി മോശ നമുക്ക് കല്പിച്ചു നല്കിയ നിയമം(24:1-24)."
മോശയെക്കുറിച്ചുള്ള വിചിന്തനവേളയില്‍ പ്രഭാഷകന്‍ തന്‍റെ ഈ വീക്ഷണം ഒരിക്കല്‍ക്കൂടി വെളിപ്പെടുത്തുന്നു: ഇരുണ്ടമേഘങ്ങള്‍ക്കുള്ളിലേക്ക് അവിടുന്ന് അവനെ നയിച്ചു; മുഖാഭിമുഖം കല്പനകള്‍, ജീവന്‍റെയും വിജ്ഞാനത്തിന്‍റെയും നിയമം, അവിടുന്ന് നല്‍കി; യാക്കോബിനെ തന്‍റെ ഉടമ്പടിയും, ഇസ്രായേലിനെ തന്‍റെ നീതിയും അഭ്യസിപ്പിക്കേണ്ടതിന് തന്നെ" (45:5). അതുകൊണ്ട് പ്രഭാഷകന് പറയാനുണ്ടായിരുന്നത് ഇതാണ്: ജ്ഞാനി നിയമത്തെ വെറുക്കുകയില്ല. അതിനോട് ആത്മാര്‍ത്ഥതയില്ലാത്തവന്‍ കൊടുങ്കാറ്റില്‍പ്പെട്ട തോണി പോലെയാണ്. വിവേകി നിയമത്തില്‍ ആശ്രയിക്കും. ഉറിം കൊണ്ടുള്ള നിശ്ചയം പോലെ നിയമം അവന് വിശ്വാസ്യമാണ്. "
യാക്കോബിന്‍റെ ദൈവമാണ് ലോകസ്രഷ്ടാവായ ദൈവമെന്നത് സത്യമെങ്കില്‍, അവിടുത്തെ നിയമം ജഞാനമാണ് തരുന്നതെങ്കില്‍, ആ നിയമം കുടികൊള്ളുന്ന ദേവാലയം ജ്ഞാനത്തിന്‍റെ ഇരിപ്പിടമാണ്: അവിടുന്ന് പറഞ്ഞു: യാക്കോബില്‍ വാസമുറപ്പിക്കുക, ഇസ്രായേലില്‍ നിന്‍റെ അവകാശം സ്വീകരിക്കുക. കാലം ആരംഭിക്കുന്നതിനുമുമ്പ് അവിടുന്ന് എന്നെ സൃഷ്ടിച്ചു; ഞാന്‍ അനന്തമായി നിലനില്‍ക്കുന്നു. വിശുദ്ധമന്ദിരത്തില്‍ അവിടുത്തെ മുമ്പില്‍ ഞാന്‍ ശുശ്രൂഷ ചെയ്തു; സീയോനില്‍ ഞാന്‍ വാസമുറപ്പിച്ചു. അങ്ങനെ പ്രിയങ്കരമായ നഗരത്തില്‍ അവിടുന്നെനിക്ക് വിശ്രമം നല്‍കി. ജറുസലേമില്‍ എനിക്ക് ആധിപത്യവും" (24:8യ-11).
മോശ നല്‍കുന്ന നിയമം ജ്ഞാനമാണ് പ്രദാനം ചെയ്യുന്നതെങ്കില്‍, അത് നിഷ്കര്‍ഷിക്കുന്ന ബലികളും കാഴ്ചകളും അവ ദൈവതിരുമുമ്പില്‍ സമര്‍പ്പിക്കുന്ന പുരോഹിതരും പ്രധാനപ്പെട്ടവനാണ്: നീതിമാന്‍റെ ബലി, ബലിപീഠത്തെ അഭിഷേകം ചെയ്യുന്നു; അതിന്‍റെ സുഗന്ധം അത്യുന്നതന്‍റെ സന്നിധിയിലേക്ക് ഉയരുന്നു. നീതിമാന്‍റെ ബലി സ്വീകാര്യമാണ്; അത് വിസ്മരിക്കപ്പെടുകയില്ല. കര്‍ത്താവിനെ മനം തുറന്ന് മഹത്വപ്പെടുത്തുക; ആദ്യഫലം സമര്‍പ്പിക്കുമ്പോള്‍ ലുബ്ധ് കാണിക്കരുത്. കാഴ്ച സമര്‍പ്പിക്കുമ്പോള്‍ മുഖം വാടരുത്. സന്തോഷത്തോടെ ദശാംശം കൊടുക്കുക; അത്യുന്നതന്‍ നല്‍കിയ പോലെ അവിടുത്തേക്ക് തിരികെ കൊടുക്കുക. കര്‍ത്താവ് പ്രതിഫലം നല്‍കുന്നവനാണ്. അവിടുന്ന് ഏഴിരട്ടിയായി തിരികെത്തരും" (35:8-13).
നിയമമനുശാസിക്കുന്ന ബലികള്‍പോലെ തന്നെ പ്രധാനപ്പെട്ടവരാണ് അവയര്‍പ്പിക്കുന്ന പുരോഹിതരും. ഇസ്രായേലിന്‍റെ ആദ്യപുരോഹിതനായ അഹറോനെക്കുറിച്ച് പ്രത്യേകമായ ഒരു വിചിന്തനം നടത്തിയതു കൂടാതെതന്നെ (45:6-12), ഇസ്രായേലിലെ പുരോഹിതന്മാരെക്കുറിച്ച് മറ്റ് ഉപദേശങ്ങളും പ്രഭാഷകന്‍ നല്‍കി: പൂര്‍ണ്ണഹൃദയത്തോടെ കര്‍ത്താവിനെ ഭയപ്പെടുക; അവിടുത്തെ പുരോഹിതന്മാരെ ബഹുമാനിക്കുക; സര്‍വ്വശക്തിയോടും കൂടെ സ്രഷ്ടാവിനെ സ്നേഹിക്കുക; അവിടുത്തെ ശുശ്രൂഷകരെ പരിത്യജിക്കരുത്. കര്‍ത്താവിനെ ഭയപ്പെടുകയും, പുരോഹിതനെ ബഹുമാനിക്കുകയും, കല്പനപ്രകാരമുള്ള വിഹിതം അവന് നല്‍കുകയും ചെയ്യുകڈ(7:29-31). ആദ്യ പുരോഹിതനായ അഹറോനെയും തുടര്‍ന്നുവന്ന ഫിനെഹസ്സിനെയുമെന്നപോലെ മക്കബായക്കാരുടെ കാലത്തുണ്ടായിരുന്നതും, ഒരുപക്ഷെ പ്രഭാഷകന്‍റെ സമകാലികനുമായിരുന്ന ശിമയോനെയും ബഹുമാനിക്കുന്നതിന് പ്രഭാഷകന്‍ മടികാണിച്ചില്ല (50:1-21). ബലിയര്‍പ്പിക്കേണ്ടതിന്‍റെ ആവശ്യം ഊന്നിപ്പറയുകയും പുരോഹിതരെ ബഹുമാനിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം, ബലിയര്‍പ്പണം അതിന് ചേര്‍ന്ന ധാര്‍മിക - ആത്മീയ നിലപാടുകളോട് കൂടി ചെയ്താല്‍ മാത്രമേ നീതിമാനായ ദൈവത്തിന്‍റെ സന്നിധിയില്‍ സ്വീകാര്യമാവുകയുള്ളൂവെന്ന് പ്രഭാഷകന്‍ പഠിപ്പിച്ചു: അന്യായസമ്പത്തില്‍ നിന്നുള്ള ബലി പങ്കിലമാണ്; നിയമനിഷേധകന്‍റെ കാഴ്ചകള്‍ സ്വീകാര്യമല്ല; ദൈവഭക്തിയില്ലാത്തവന്‍റെ ബലികളില്‍ അത്യുന്നതന്‍ പ്രസാദിക്കുന്നില്ല; അവന്‍, എത്ര ബലിയര്‍പ്പിച്ചാലും അവിടുന്ന് പ്രസാദിക്കുകയോ പാപമോചനം നല്‍കുകയോ ഇല്ല" (34:21-23); നീതിമാന്‍റെ ബലി സ്വീകാര്യമാണ് അത് വിസ്മരിക്കപ്പെടുകയില്ല (35:9). നിയമം അനുസരിക്കുന്നതാണ് യാന്ത്രികമായ ബലിയര്‍പ്പണത്തേക്കാള്‍ ശ്രേഷ്ഠം: നിയമം പാലിക്കുന്നത് നിരവധി ബലികള്‍ അര്‍പ്പിക്കുന്നതിന് തുല്യമാണ്. കല്പനകള്‍ അനുസരിക്കുന്നത് സമാധാന ബലിക്ക് തുല്യവും; കരുണയ്ക്ക് പകരം കരുണ കാണിക്കുന്നത്, ധാന്യബലിക്ക് തുല്യമാണ്. ഭിക്ഷകൊടുക്കുന്നവന്‍ കൃതജ്ഞതാ ബലിയര്‍പ്പിക്കുന്നു; ദുഷ്ടതയില്‍ നിന്നൊഴിയുന്നത് കര്‍ത്താവിന് പ്രീതികരമാണ്; അനീതി വര്‍ജിക്കുന്നത് പാപപരിഹാര ബലിയാണ് (35:1-5).
ബലി സ്വീകാര്യമാക്കാന്‍ മാത്രമല്ല, ജ്ഞാനിയാകാന്‍ മനുഷ്യന്‍ എല്ലാ വിധത്തിലും പൂര്‍ണ്ണനായിരിക്കണമെന്ന് പ്രഭാഷകന്‍ ചിന്തിച്ചു: "ദരിദ്രന്‍റെ ജീവന്‍ അവന്‍റെ ആഹാരമാണ്; അത് അപഹരിക്കുന്നവന്‍ കൊലപാതകിയാണ്. അയല്‍ക്കാരന്‍റെ ഉപജീവനമാര്‍ഗ്ഗം തടയുന്നവന്‍ അവനെ കൊല്ലുകയാണ്. വേലക്കാരന്‍റെ കൂലികൊടുക്കാതിരിക്കുക രക്തച്ചൊരിച്ചിലാണ്. ഒരുവന്‍ പണിയുന്നു; അപരന്‍ നശിപ്പിക്കുന്നു; അദ്ധ്വാനമല്ലാതെ അവര്‍ക്കെന്തു ലാഭം? ഒരുവന്‍ പ്രാര്‍ത്ഥിക്കുന്നു; അപരന്‍ ശപിക്കുന്നു; ആരുടെ ശബ്ദമാണ് കര്‍ത്താവ് ശ്രദ്ധിക്കുക (34:25-29). കര്‍ത്താവിന് കൈക്കൂലി കൊടുക്കരുത് അവിടുന്ന് സ്വീകരിക്കുകയില്ല; അനീതിപൂര്‍വ്വമായ ബലിയില്‍ ആശ്രയിക്കരുത്. കര്‍ത്താവ് പക്ഷപാതമില്ലാത്ത ന്യായാധിപനാണ്. അവിടുന്ന് ദരിദ്രനോട് പക്ഷപാതം കാണിക്കുന്നില്ല. തിന്മയ്ക്ക് വിധേയനായവന്‍റെ പ്രാര്‍ത്ഥന അവന്‍ കേള്‍ക്കും. അനാഥന്‍റെ പ്രാര്‍ത്ഥനയോ, വിധവയുടെ പരാതികളോ അവിടുന്ന് അവഗണിക്കുകയില്ല (35:14-17).
സാമൂഹ്യനീതിയും ദാനധര്‍മ്മവും പാലിക്കണമെന്ന് പ്രഭാഷകന്‍ പഠിപ്പിച്ചു: പാവപ്പെട്ടവന്‍റെ വാക്ക് ശ്രദ്ധിച്ച് കേട്ട് സമാധാനത്തോടും സൗമ്യതയോടുംകൂടി മറുപടി നല്‍കുക. മര്‍ദ്ദകന്‍റെ കൈയില്‍നിന്നും മര്‍ദ്ദിതനെ രക്ഷിക്കുക. അചഞ്ചലനായി ന്യായം വിധിക്കുക. അനാഥര്‍ക്ക് പിതാവും, അവരുടെ അമ്മയ്ക്ക് ഭര്‍തൃതുല്യനും ആയിരിക്കുക; അപ്പോള്‍ അത്യുന്നതന്‍ നിന്നെ പുത്രനെന്ന് വിളിക്കുകയും അമ്മയുടേതിനേക്കാള്‍ വലിയ സ്നേഹം, അവിടുന്ന് നിന്നോട് കാണിക്കുകയും ചെയ്യും (4:8-10). ജലം ജ്വലിക്കുന്ന അഗ്നിയെ കെടുത്തുന്നതു പോലെ ദാനധര്‍മ്മം പാപത്തിന് പരിഹാരമാണ്. "
ഇപ്രകാരം പൂര്‍വ്വികരുടെ വിശ്വാസത്തില്‍ ഉറച്ചുനിന്നുകൊണ്ടും, നിയമത്തിലും പ്രവാചകന്മാരിലുമുള്ള സന്ദേശം മനനംചെയ്തുകൊണ്ടും യഹൂദരുടെയും അന്യദേശക്കാരുടെയും ജ്ഞാനോപദേശങ്ങളുടെ അന്തഃസത്ത ഉള്‍ക്കൊണ്ടുകൊണ്ടും ഉന്നതവും പക്വവും അനുഭവാധിഷ്ഠിതമായ ഉപദേശങ്ങളാണ് പ്രഭാഷകന്‍ നല്കുന്നത്. സുഭാഷിതങ്ങളുടെതുപോലെ പ്രഭാഷകന്‍ ചര്‍ച്ചചെയ്യുന്ന വിഷയങ്ങള്‍ അനവധിയാണ്; എന്നാല്‍ സുഭാഷിതങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഓരോ വിഷയത്തെക്കുറിച്ചുള്ള സൂക്തങ്ങളും പഴഞ്ചൊല്ലുകളുമൊക്കെ ഒരുമിച്ചുചേര്‍ത്ത് വയ്ക്കുവാന്‍ പ്രഭാഷകന്‍ ശ്രമിക്കുന്നുണ്ടെന്ന് മാത്രം.
പ്രഭാഷകന്‍ പുതിയ നിയമത്തിലേയ്ക്ക് ഒരു വഴികാട്ടി
നിയമവും പ്രവാചകന്മാരും തനിക്ക് മുമ്പുണ്ടായിരുന്ന ഗുരുക്കന്മാരുടെ സൂക്തങ്ങളും ചരിത്രങ്ങളുമെല്ലാം വിചിന്തനവിഷയമാക്കിയ പ്രഭാഷകന്‍ വളരെ ഉന്നതമായ ഒരു ദൈവശാസ്ത്രം അവതരിപ്പിച്ചുകൊണ്ട് പുതിയ നിയമത്തിലേയ്ക്ക് വിരല്‍ ചൂണ്ടുകയും ക്രിസ്തീയ ദൈവശാസ്ത്രത്തിന് അടിത്തറപാകുകയും ചെയ്തു. പ്രഭാഷകന്‍ നല്‍കുന്ന ധാര്‍മ്മികോപദേശങ്ങളെല്ലാംതന്നെ ക്രിസ്തീയമാണ്. മിശിഹാ വരുന്നതിനുമുമ്പ് ഏലിയാ വരും എന്ന കര്‍ത്താവിന്‍റെ കാലത്തെ വിശ്വാസം പ്രഭാഷകന്‍ എടുത്ത് പറയുന്നുണ്ട്: "ദൈവത്തിന്‍റെ കോപം ആളിക്കത്തുന്നതിന് മുമ്പ് അതിനെ തണുപ്പിക്കുന്നതിനും പിതാവിന്‍റെ ഹൃദയത്തെ പുത്രനിലേക്ക് തിരിക്കുന്നതിനും വേണ്ടി അങ്ങനെ യാക്കോബിന്‍റെ ഗോത്രങ്ങളെ പുനഃസ്ഥാപിക്കുന്നതിനും വേണ്ടി നിശ്ചിത സമയത്ത് നീ (ഏലിയ) തിരിച്ചുവരുമെന്ന് എഴുതപ്പെട്ടിട്ടുണ്ടല്ലോ" (48:10; ലൂക്ക 1:16-17).
ദൈവത്തെ 'പിതാവേ' എന്ന് വിളിച്ചുകൊണ്ടാണ് പ്രഭാഷകന്‍ പ്രാര്‍ത്ഥിക്കുന്നത്: "എന്‍റെ പിതാവും ജീവിതത്തിന്‍റെ നിയന്താവുമായ കര്‍ത്താവേ, അവയുടെ ഇഷ്ടത്തിന് എന്നെ ഏല്‍പിച്ചു കൊടുക്കരുതേ! അവ നിമിത്തം ഞാന്‍ വീഴാനിടയാക്കരുതേ! എന്‍റെ ചിന്തകളെ നേര്‍വഴിക്കു നയിക്കാന്‍ ഒരു ചാട്ടയും എന്‍റെ വികാരങ്ങള്‍ക്ക് വിവേകപൂര്‍ണ്ണമായ നിയന്ത്രണവും ഉണ്ടായിരുന്നെങ്കില്‍! എന്‍റെ പാപങ്ങള്‍ ശിക്ഷിക്കപ്പെടാതെ പോവുകയില്ല; എന്‍റെ കുറ്റങ്ങള്‍ അവഗണിക്കപ്പെടുകയുമില്ല. എന്‍റെ പാപങ്ങളും കുറ്റങ്ങളും പെരുകി ഞാന്‍ എന്‍റെ ശത്രുക്കള്‍ക്ക് കീഴ്പ്പെടുകയോ, അവര്‍ എന്നെച്ചൊല്ലി സന്തോഷിക്കുകയോ ചെയ്യുകയില്ല; എന്‍റെ പിതാവും ദൈവവുമായ കര്‍ത്താവേ, എന്‍റെ ദൃഷ്ടികള്‍ ഔദ്ധത്യം നിറഞ്ഞതാകരുതേ! അധമവികാരങ്ങള്‍ക്ക് ഞാന്‍ അടിമയാകരുതേ! അമിതമായ ആഹാരപ്രിയമോ ഭോഗാസക്തിയോ എന്നെ കീഴ്പ്പെടുത്താതിരിക്കട്ടെ! നിര്‍ലജ്ജമായ വികാരങ്ങള്‍ക്ക് എന്നെ ഏല്‍പിച്ചുകൊടുക്കരുതേ" (23:1-6). ദൈവത്തിനു കൃതജ്ഞതയര്‍പ്പിച്ചുകൊണ്ട് പ്രഭാഷകന്‍ മറ്റൊരിക്കല്‍ പറയുന്നതിങ്ങനെയാണ്: "ക്ലേശകാലങ്ങളില്‍ അഹങ്കാരികളുടെ മധ്യേ, ഞാന്‍ നിരാശ്രയനായി നിന്നപ്പോള്‍ എന്നെ ഉപേക്ഷിക്കരുതേ എന്ന് എന്‍റെ നാഥനും, പിതാവുമായ കര്‍ത്താവിനോട് കേണപേക്ഷിച്ചു" (51:10).
ദൈവത്തെ അഭിഷിക്തനായ രാജാവിന്‍റെ പിതാവായി സങ്കീര്‍ത്തനങ്ങളും, ദൈവത്തെ ഇസ്രായേല്‍ സമൂഹത്തിന്‍റെ പിതാവായി നിയമാവര്‍ത്തനപുസ്തകവും പ്രവാചകന്മാരും വിഭാവനം ചെയ്യുന്നുണ്ട്:
"അവിടുന്നെന്നോട് അരുള്‍ചെയ്തു, നീ എന്‍റെപുത്രനാണ്
ഇന്നു ഞാന്‍ നിനക്ക് ജന്മം നല്കി"
(സങ്കീ 2:7; 2സാമു 7:14 കാണുക).
"ഭോഷരും ബുദ്ധിഹീനരുമായ ജനമേ,
ഇതോ കര്‍ത്താവിനു പ്രതിഫലം?
അവിടുന്നല്ലേ നിങ്ങളെ സൃഷ്ടിച്ച നിങ്ങളുടെ പിതാവ്?
(നിയ 32:6)
നിങ്ങളുടെ സ്രഷ്ടാവും പരിപാലകനും അവിടുന്നല്ലേ?"
"ഞാന്‍ ഇസ്രായേലിനു പിതാവാണ് എഫ്രായിം
എന്‍റെ ആദ്യജാതനും" (ജെറ 31:9).
"അബ്രഹാം ഞങ്ങളെ അംഗീകരിക്കുന്നില്ലെങ്കിലും
അങ്ങാണ് ഞങ്ങളുടെ പിതാവ്..." (ഏശ 63:16).
"... എന്നാലും കര്‍ത്താവേ അങ്ങ് ഞങ്ങളുടെ പിതാവാണ്.
ഞങ്ങള്‍ കളിമണ്ണും അങ്ങ് കുശവനുമാണ്" (ഏശ 64:8).
"നമുക്കെല്ലാം ഒരേ പിതാവല്ലേ ഉള്ളത്?
ഒരേ ദൈവം തന്നെയല്ലേ നമ്മെ സൃഷ്ടിച്ചത്" (മലാ 2:10).
എന്നാല്‍ ദൈവത്തെ ഒരു സാധാരണ വ്യക്തിയുടെ പിതാവായി കാണുന്നത് വി. ഗ്രന്ഥകാരന്മാരില്‍ ആദ്യം പ്രഭാഷകനാണ്. ദൈവത്തെ വ്യക്തിപരമായി പിതാവേ എന്നു വിളിക്കുന്നത് ജ്ഞാനഗ്രന്ഥങ്ങളുടെ പൊതു സ്വഭാവത്തിന് ചേര്‍ന്നതാണെന്നു പറയാം, കാരണം ജ്ഞാനി അന്വേഷിക്കുന്നതും കണ്ടെത്താനാഗ്രഹിക്കുന്നതും മനുഷ്യന്‍റെ വ്യക്തിപരമായ ജീവിതത്തില്‍ ഇടപെടുന്ന സ്രഷ്ടാവായ ദൈവത്തെയാണ്.
രാജ്യത്തിന്‍റെ ചരിത്രത്തിലും പ്രപഞ്ചത്തിലെ വലിയ സംഭവങ്ങളിലും എന്നതിനെക്കാള്‍ ഉപരി, വ്യക്തികളുടെ അനുദിന ജീവിതത്തിലിടപെടുന്ന ദൈവത്തെ അന്വേഷിക്കുന്ന ജ്ഞാനി ദൈവം തന്‍റെ പിതാവാണ് എന്ന് തിരിച്ചറിയുന്നതാണ് പുതിയ നിയമത്തോടടുത്തു നില്ക്കുന്ന പ്രഭാഷകനിലെ ഏറ്റവും വലിയ ജ്ഞാനവെളിപാടെന്ന് പറയാം. അത് സ്വന്തമാക്കികൊണ്ട് പ്രഭാഷകന്‍ തന്‍റെ ജ്ഞാനത്തിന്‍റെ ആഴവും വ്യാപ്തിയും വെളിപ്പെടുത്തുകയും, ഏറ്റവും വലിയ ജ്ഞാനിയാണ് താനെന്ന് പ്രഘോഷിക്കുകയും ചെയ്തു.
ഈ ഉള്‍ക്കാഴ്ചയും, അതിനനുസൃതമായ ജീവിതത്തിലെ എല്ലാ മേഖലകളെയും സ്വാധീനിക്കുന്ന ഉപദേശങ്ങളും സൂക്തങ്ങളുമടങ്ങിയ ഗ്രന്ഥവുമാകയാല്‍ അത് യഹൂദരുടെ ഇടയില്‍ത്തന്നെ വലിയ പ്രചാരം നേടുകയും രണ്ടാം നൂറ്റാണ്ടിന്‍റെ ആദ്യപകുതിയില്‍ ഹീബ്രുവില്‍ രചിക്കപ്പെട്ട ഗ്രന്ഥം അതേനൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയില്‍ ഗ്രീക്കിലേയ്ക്ക് തര്‍ജ്ജമ ചെയ്യപ്പെടുകയും യഹൂദരുടെ ദൈവനിവേശിത ഗ്രന്ഥത്തിന്‍റെ ഭാഗമായിത്തീരുകയും ചെയ്തു (ഘതത). ഒന്നാം നൂറ്റാണ്ടിലെ റബ്ബിമാര്‍ പ്രഭാഷകനില്‍നിന്ന് ഉദ്ധരിക്കുന്നതായി കാണുന്നുണ്ട്. എന്നാലിന്ന് പ്രഭാഷകനെ ദൈവനിവേശികമായി യഹൂദര്‍ കണക്കാക്കുന്നില്ല. പ്രൊട്ടസ്റ്റന്‍റ് നവീകരണ കാലഘട്ടത്തില്‍ യഹൂദരുടെ കാനന്‍ അടിസ്ഥാനപരമായി സ്വീകരിച്ച ലൂഥര്‍ പ്രഭാഷകനെ അപ്പോക്രിഫയായി മാറ്റിനിര്‍ത്തി.
Sirach bible in malayalam bible Rev. Antony Tharekadavil Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206