We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Michael Karimattam On 28-Nov-2022
രാജസേവകന്റെ ഭാര്യ - യൊവാന്ന
ലൂക്കായുടെ സുവിശേഷത്തിൽ അതും രണ്ടു പ്രാവശ്യം മാത്രം (ലൂക്കാ 8,3; 24,10) പേരെടുത്തു പറയുന്ന ഒരു സ്ത്രീയാണ് യൊവാന്ന. വിശദവിവരങ്ങൾ നല്കുന്നില്ലെങ്കിലും സുവിശേഷകൻ തരുന്ന സൂചനകളിൽ നിന്ന് സുപ്രധാനമായ ചിലകാര്യങ്ങൾ നമുക്കു മനസ്സിലാക്കാനാവും. കർത്താവിന്റെ കൃപ, അഥവാ യാഹ്വേ കൃപ കാണിച്ചു എന്നർത്ഥമുള്ള യോഹന്നാൻ എന്ന പേരിന്റെ സ്ത്രീലിംഗമാണ് യൊവാന്ന. പേര് അന്വർത്ഥമാക്കുന്ന രീതിയിൽ കൃപ നിറഞ്ഞതായിരുന്നു അവളുടെ ജീവിതം.
ഗലീലിയിൽനിന്ന് യേശുവിനെ അനുഗമിക്കുകയും തങ്ങളുടെ സമയവും സമ്പത്തും യേശുവിനും ശിഷ്യന്മാർക്കും ശുശ്രൂഷചെയ്യുന്നതിനുവേണ്ടി മാറ്റിവയ്ക്കുകയും ചെയ്ത സ്ത്രീകളുടെ ഗണത്തിലാണ് ലൂക്കാ യൊവാന്നയെ അവതരിപ്പിക്കുന്നത് (ലൂക്കാ 8,1-3). ഹേറോദേസിന്റെ കാര്യസ്ഥനായ കൂസായുടെ ഭാര്യയാണവൾ. കാര്യസ്ഥൻ എന്നു വിവർത്തനം ചെയ്യുന്ന “എപ്പിത്രോപ്പോസ്" എന്ന ഗ്രീക്കു പദത്തിന് വസ്തുവകകളുടെ മേൽനോട്ടക്കാരൻ എന്നാണർത്ഥം. രാജാവിന്റെ തോട്ടങ്ങളും മറ്റും അടങ്ങുന്ന ഭൗതികവസ്തുക്കളുടെ മേൽനോട്ടമായിരിക്കാം വിവക്ഷ, എസ്റ്റേറ്റ് മാനേജർ എന്ന വിധത്തിൽ. അതോടൊപ്പം രാഷ്ട്രീയ കാര്യങ്ങളുടെ അധിപൻ എന്നും (political manager) ഈ പദത്തിന് അർത്ഥമുണ്ട്. ഏതായാലും ഗലീലിയുടെ ഭരണാധിപനായിരുന്ന ഹേറോദേസ് അന്തിപ്പാസിന്റെ കൊട്ടാരത്തിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു കൂസാ.
കൂസാ എന്ന പേരിനുമുണ്ട് ഒരു പ്രത്യേകത. “ചെറിയ മകുടം" എന്നാണ് പേരിന്റെ അർത്ഥം. ഈ അരമായ വാക്കിൽ നിന്നാവാം മലയാളത്തിലെ “കൂജ” യുടെ നിഷ്പത്തി. യഹൂദരുടെ ഇടയിൽ ഉപയോഗത്തിലിരുന്ന ഒരു പേരല്ലേ ഇത്. എന്നാൽ ഇസ്രായേലിന്റെ അയൽക്കാരായ നബത്തേയരുടെ ഇടയിൽ ഈ പേര് വളരെ പ്രചാരത്തിലിരുന്നു. അന്തിപ്പാസിന്റെ ആദ്യഭാര്യ നബത്തേയൻ രാജാവിന്റെ മകളായിരുന്നു എന്നു മനസ്സിലാക്കുമ്പോൾ ഒരു നബിത്തേയക്കാരനെ കാര്യസ്ഥനായി നിയമിച്ചത് സ്വാഭാവികമാണെന്നു കാണാനാവും. ഒരു പക്ഷേ ഈ ബന്ധത്തിൽ നിന്നാവും ഹേറോദേസിന്റെ അരമനയിലും അന്തഃപുരത്തിലും അരങ്ങേറിയ സംഭവങ്ങൾ സുവിശേഷകന്മാർ അറിഞ്ഞത്.
അന്തിപ്പാസ് റോമിൽ വച്ച് ഹോറോദിയായെ വിവാഹം ചെയ്തതറിഞ്ഞ് നബത്തേയൻ രാജകുമാരി സ്വപിതൃഭവനത്തിലേക്ക് ഒളിച്ചോടി. ഉടമ്പടി ലംഘിക്കപ്പെട്ടതിൽ ക്രുദ്ധനായ നബത്തേയൻ രാജാവ് ഹോറോദേസിനെതിരേ യുദ്ധത്തിനൊരുങ്ങി. ഈ പശ്ചാത്തലത്തിലാണ് ഹോറോദിയാ സ്നാപകയോഹന്നാന്റെ തല ആവശ്യപ്പെട്ടത്. ഈ അനുഭവങ്ങൾക്കെല്ലാം കൂസാ ദൃസാക്ഷി ആയിരുന്നിരിക്കണം.
യൊവാന്നയുടെ ഭർത്താവായ കൂസായെക്കുറിച്ച് മറ്റൊരു കാര്യം കൂടി ബൈബിൾ വ്യാഖ്യാതാക്കൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. യോഹ 4,46-53 ൽ കഫർണാമിലെ ഒരു രാജസേവകനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. രോഗിയായ തന്റെ മകനെ സുഖപ്പെടുത്തണം എന്ന യാചനയുമായി അയാൾ കഫർണാമിൽ നിന്ന് കാനായിൽ യേശുവിന്റെ അടുക്കലേക്കുവന്നു. ഒറ്റവാക്കുകൊണ്ട് യേശു മകന് സൗഖ്യം നല്കി. ഇത് രാജസേവകൻ കുടുംബസമേതം യേശുവിൽ വിശ്വസിക്കുന്നതിനു കാരണമായി. ഈ രാജസേവകൻ കൂസാ ആയിരുന്നു എന്ന പല ബൈബിൾ പഠിതാക്കളും കരുതുന്നു. ഈ അനുമാനങ്ങൾ ശരിയാണെങ്കിൽ യൊവാന്നയെക്കുറിച്ച് സുപ്രധാനമായ പല ഉൾക്കാഴ്ചകളും നമുക്കു ലഭിക്കും.
സ്ത്രീകൾ, അതും വിവാഹിതരായ സ്ത്രീകൾ, ഒരു മതപ്രസംഗകന്റെ കൂടെ നാടു ചുറ്റി നടക്കുന്നത് യേശുവിന്റെ കാലത്തെ പാലസ്തീനായിൽ കേട്ടുകേൾവി പോലുമില്ലാത്ത ഒരു സംഭവമായിരുന്നു. സമൂഹത്തിൽ എതിർപ്പിനും ഉതപ്പിനും ഇതു കാരണമാകുമായിരുന്നു. എന്നാൽ യഹൂദസമൂഹം നിർമ്മിച്ച വേലിക്കെട്ടുകൾ പൊളിച്ചുമാറ്റിയ യേശുവിനെ അനുഗമിക്കാൻ തയ്യാറായ ചുരുക്കം ചില സ്ത്രീകളിൽ ഒരുവളാണ് യൊവാന്നാ. യേശു നല്കിയ രോഗശാന്തി വിശ്വാസത്തിന് അടിസ്ഥാനമായി. യേശുവിനെ അനുമഗിക്കാൻ കൂസ തന്റെ ഭാര്യയെ അനുവദിച്ചത് ഇക്കാരണത്താലാവാം.
രാജകീയോദ്യോഗസ്ഥന്റെ ഭാര്യ യേശുവിന്റെ ശിഷ്യഗണത്തിൽ ചേർന്നു എന്നതുതന്നെ പ്രത്യേക ശ്രദ്ധയർഹിക്കുന്നു. ഗലീലിയിൽ നിന്ന് യേശുവിനെ അനുഗമിച്ചവരെല്ലാം അന്നന്നത്തയപ്പത്തിനു വകയില്ലാത്ത ദരിദ്രർ ആയിരുന്നില്ല. സാമൂഹികവും സാമ്പത്തികവുമായ തലങ്ങളിൽ ഉന്നത നിലവാരം പുലർത്തിയിരുന്നവരും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു എന്നതിന് ഒരു തെളിവാണ് യൊവാന്നാ. ആദിമശിഷ്യഗണത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുതന്നെ പുനഃപരിശോധിക്കാൻ ഇതുപോലുള്ളവരുടെ ശിഷ്യത്വം നിർബന്ധിക്കുന്നു.
പുരുഷ മേധാവിത്വം നിലവിലിരുന്ന ഒരു സമൂഹത്തിൽ സ്ത്രീകൾക്കും തുല്യാവകാശം അനുവദിച്ച യേശു ഉദ്ഘാടനം ചെയ്ത ദൈവരാജ്യത്തിലേക്ക് പ്രവേശനം ലഭിച്ച ആദ്യഅംഗങ്ങളിൽ യൊവാന്നയും ഉൾപ്പെടുന്നു. സമൂഹത്തിന്റെ വിലക്കുകളെ അവൾ പരിഗണിച്ചില്ല. ഉന്നതോദ്യോഗസ്ഥന്റെ ഭാര്യ എന്ന നിലയിൽ, നാടു ചുറ്റിനടക്കുന്ന യേശുവിനെ അനുഗമിക്കാനും ശിഷ്യരുടെ കൂടെ കൂടാനും അവൾ മടിച്ചില്ല. തന്റെ സമയവും സമ്പത്തും സുവിശേഷ പ്രഘോഷണത്തിനായി അവൾ മാറ്റിവച്ചു.
ഗലീലിയിൽ നിന്നു തുടങ്ങിയ അവരുടെ ശിഷ്യത്വം ജറുസലേമിൽ അവസാനിച്ചില്ല. ശിഷ്യരിൽ ഭൂരിഭാഗവും ഗുരുവിനെ ഉപേക്ഷിക്കുകയും ഉറ്റമിത്രങ്ങളായ അപ്പസ്തോലന്മാർപോലും ഓടിയൊളിക്കുകയും ചെയ്തപ്പോഴും പതറാതെ നിന്ന ചുരുക്കം സ്ത്രീകളിൽ ഒരുവളാണ് യൊവാന്ന. സാബത്തു കഴിഞ്ഞപ്പോൾ യേശുവിന്റെ ശരീരം വിധിപോലെ സുഗന്ധദ്രവ്യങ്ങൾ പൂശാനായി കല്ലറയിലേക്കു വന്ന സ്ത്രീകളുടെ കൂടെ അവളുമുണ്ടായിരുന്നു. ശൂന്യമായ കല്ലറ കാണുകയും യേശു ഉത്ഥാനം ചെയ്തു എന്ന ദേവദൂത സന്ദേശം കേൾക്കുകയും ആ സദ്വാർത്ത അപ്പസ്തോലന്മാരെ അറിയിക്കുകയും ചെയ്തവരിൽ ഒരാളാണ് യൊവാന്നാ.
ചുരുക്കത്തിൽ, യൊവാന്നാ യേശുവിന്റെ ഒരു ഉത്തമ ശിഷ്യയായിരുന്നു. ഗലീലിമുതൽ യേശുവിനെ അനുഗമിച്ചു; സ്വന്തം കുടുംബത്തെക്കാൾ കൂടുതൽ യേശുവിനെ സ്നേഹിച്ചു. ദൈവരാജൃത്തിനുവേണ്ടി എല്ലാം ചിലവഴിക്കാൻ തയ്യാറായി; കുരിശു വഹിച്ച് ഗാഗുൽത്തായിലേക്കുപോയ യേശുവിന്റെ പിന്നാലെ നടന്നു; കുരിശിൻ ചുവട്ടിൽ നിന്നു. ക്രൂശിതന്റെ മരണവും സംസ്കാരവും കണ്ടു. അവസാനം ശൂന്യമായ കല്ലറയ്ക്കും അവൻ ഉയർത്തെഴുന്നേറ്റു എന്ന സദ്വാർത്തയ്ക്കും അവൾ സാക്ഷിയായി - അപ്പസ്തോലന്മാരെ സുവിശേഷം അറിയിച്ച മഗ്ദലനായെപ്പോലെ.
ആദിമസഭയിൽ സ്ത്രീകൾക്കുണ്ടായിരുന്ന പ്രാധാന്യത്തിനും സുവിശേഷവേലയിൽ അവരുടെ പങ്കാളിത്തത്തിനും ഉത്തമസാക്ഷിയും ഉദാഹരണവുമാണ് യൊവാന്നാ. സ്ത്രീ ആയിരിക്കുന്നത് ഒരു കുറവായി അവൾക്കു തോന്നിയില്ല. രാജകീയ പദവിയിൽ നിന്നു താഴെയിറങ്ങി, തലചായ്ക്കാനിടമില്ലാത്തവന്റെ ശിഷ്യയായി, ജറുസലംവരെ പോകാനും കുരിശിൻ ചുവട്ടിൽ നില്ക്കാനും ധൈര്യം കാണിച്ച അവൾ ഇന്നും ക്രിസ്തുശിഷ്യർക്ക് ഒരു മാതൃകയാണ്. സമൂഹത്തിന്റെ ഉന്നത തലങ്ങളിൽ വർത്തിക്കുന്നവർക്കും സുവിശേഷപ്രഘോഷണത്തിൽ പങ്കുചേരാം, ചേരണം എന്ന് യൊവാന്നാ തന്റെ ജീവിതത്തിലൂടെ പഠിപ്പിക്കുന്നു.
Dr. Michael Karimattam രാജസേവകന്റെ ഭാര്യ - യൊവാന്ന Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206