x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

സെബദീപുത്രന്മാരുടെ മാതാവ് -സലോമി

Authored by : Dr. Michael Karimattam On 22-Nov-2022

സെബദീപുത്രന്മാരുടെ മാതാവ് -സലോമി

സലോമി എന്ന പേര് ബൈബിളിൽ ആകെ രണ്ടു തവണയേ പ്രത്യക്ഷപ്പെടുന്നുള്ളൂ. രണ്ടും മർക്കോസിന്റെ സുവിശേഷത്തിൽ. യേശുവിന്റെ കുരിശിൻ ചുവട്ടിൽനിന്ന സ്ത്രീകളിൽ ഒരുവളായിട്ടാണ് മർക്കോസ് സലോമിയെ അവതരിപ്പിക്കുന്നത് (മർക്കോ 15,40). സാബത്തു കഴിഞ്ഞപ്പോൾ യേശുവിന്റെ മൃതശരീരം പൂശാൻ തൈലവുമായി ശവകുടീരത്തിലേക്കു പോയവരുടെ കൂട്ടത്തിലും സലോമിയുണ്ട് (മർക്കോ 16,1). മറ്റൊരു സുവിശേഷവും എന്നല്ല, ബൈബിളിലെ ഒരു ഗ്രന്ഥവും സലോമി എന്ന പേരുപയോഗിച്ചിട്ടില്ല. ആരാണിവൾ? യേശുവിനെ അനുഗമിച്ചിരുന്ന സ്ത്രീകളുടെ പട്ടികയിൽ (ലൂക്കാ 8,1-3) ഈ പേര് ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ മറ്റു ചില സുവിശേഷഭാഗങ്ങളുമായി താരതമ്യം ചെയ്താൽ സലോമിയെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കും.

കുരിശിൻ ചുവട്ടിൽനിന്ന സ്ത്രീകളെക്കുറിച്ച് നാലു സുവിശേഷകരും പ്രതിപാദിക്കുന്നുണ്ട്. ലൂക്കാ ആരുടെയും പേരു രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ മറ്റുമൂന്നു സുവിശേഷകരും ചില പേരുകളും വിശദീകരണങ്ങളും നല്കുന്നുണ്ട്. അവയുടെ താരതമ്യപഠനം സലോമിയുടെ വ്യക്തിത്വത്തിലേക്ക് കൂടുതൽ വെളിച്ചം വീശും. കുരിശിൻ ചുവട്ടിൽനിന്ന, ഗലീലിയിൽനിന്ന് യേശുവിനെ അനുഗമിച്ച സ്ത്രീകളെക്കുറിച്ച് ഇപ്രകാരമാണ് സുവിശേഷകർ പ്രതിപാദിക്കുന്നത്: മത്താ 27,56: “അക്കൂട്ടത്തിൽ മഗ്ദലേനാമറിയവും യാക്കോബിന്റെയും ജോസഫിന്റെയും അമ്മയായ മറിയവും സെബദിപുത്രന്മാരുടെ അമ്മയും ഉണ്ടായിരുന്നു". മർക്കോ 15,40: "മഗ്ദാലേനാമറിയവും യോസെയുടെയും ചെറിയ യാക്കോബിന്റെയും അമ്മയായ മറിയവും സലോമിയും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു". യോഹ 19,25: “യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയവും മഗ്ദാലനാമറിയവും നില്ക്കുന്നുണ്ടായിരുന്നു".

മത്തായി - മർക്കോസ് നല്കുന്ന പട്ടികയിൽ മൂന്നുപേരും യോഹന്നാന്റെ പട്ടികയിൽ നാലുപേരുമുണ്ട്. മൂന്നിലും മാറാതെ, ഒരുപോലെ നില്ക്കുന്നത് മഗ്ദലനാമറിയം മാത്രം. യോഹന്നാൻ യേശുവിന്റെ അമ്മയെക്കുറിച്ച് പറയുന്നത് മറ്റു സുവിശേഷങ്ങളിലില്ല. അവശേഷിക്കുന്നത് രണ്ടുപേർ. അവരിൽ ഒരാളുടെ പേര് മറിയം എന്ന് മൂന്നു സുവിശേഷങ്ങളും രേഖപ്പെടുത്തുന്നു; എന്നാൽ മറിയത്തിന്റെ വിശേഷണത്തിൽ വ്യത്യാസങ്ങളുണ്ട്. മത്തായിയും മർക്കോസും ഏതാണ്ട് ഒരേ വിധത്തിൽത്തന്നെയാണ് അവളെ വിശേഷിപ്പിക്കുന്നത്. മത്തായിയിലെ ജോസഫും യാക്കോബും തന്നെയാണ് മർക്കോസിലെ യോസേയും ചെറിയ യാക്കോബും എന്ന് അനുമാനിക്കാം. യോഹന്നാൻ പ്രതിപാദിക്കുന്ന ക്ലോപ്പാസിന്റെ ഭാര്യ മറിയവും ഇവൾ തന്നെയെന്ന് അനുമാനിക്കുന്നതിൽ തെറ്റില്ല. ഇനി അവശേഷിക്കുന്ന ഒരാളാണ് പ്രധാന ചർച്ചാവിഷയം.

മൂന്നു സുവിശേഷങ്ങൾ മൂന്നു തരത്തിലാണ് ആ വ്യക്തിയെ അവതരിപ്പിക്കുന്നത്. സെബദീപുത്രന്മാരുടെ അമ്മ എന്ന് മത്തായി; സലോമി എന്നു മർക്കോസ്; യേശുവിന്റെ അമ്മയുടെ സഹോദരി എന്ന് യോഹന്നാൻ. ഇതു മൂന്നും ഒരാൾ തന്നെയോ അതോ മൂന്നുപേരോ? മത്തായിയും മർക്കോസും ഒരാളിനെത്തന്നെയാണ് ഉദ്ദേശിക്കുന്നത് എന്ന് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. അപ്പോൾ സെബദിയുടെ ഭാര്യയും യാക്കോബ്, യോഹന്നാൻ അപ്പസ്തോലന്മാരുടെ മാതാവും ആണ് സലോമി. യോഹന്നാനും ഈ വ്യക്തിയെത്തന്നെയാണ് അവതരിപ്പിക്കുന്നതെങ്കിൽ വളരെ പ്രധാനപ്പെട്ട മറ്റൊരു തിരിച്ചറിവുകൂടി നമുക്കു ലഭിക്കുന്നു. കുരിശിൻ ചുവട്ടിൽ നിന്ന സലോമി യേശുവിന്റെ മാതൃസഹോദരിയാണ്. അപ്പോൾ യാക്കോബും യോഹന്നാനും യേശുവിന്റെ ഉറ്റബന്ധുക്കളായിരുന്നു. മാതൃസഹോദരീപുത്രന്മാർ.

ഇത് വെറും ഒരു അനുമാനം മാത്രമാണെന്നും ഇതിന് വേണ്ടത്ര തെളിവുകളില്ലായെന്നും ബൈബിൾ പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. കുരിശിൻ ചുവട്ടിൽ നിന്ന പല സ്ത്രീകളിൽ ചിലരെ മാത്രമേ സുവിശേഷകൻ എടുത്തു കാട്ടുന്നുള്ളൂ; അവർ പരാമർശിക്കുന്നത് ഒരേ വ്യക്തികളെക്കുറിച്ചു തന്നെ ആയിരിക്കണം എന്നില്ല എന്നും വാദിക്കുന്നവരുണ്ട്. എന്നാലും ലഭ്യമായ തെളിവുകളുടെ വെളിച്ചത്തിൽ തള്ളിക്കളയാനാവാത്ത ഒരു നിഗമനമാണ് സലോമി യേശുവിന്റെ മാതൃ സഹോദരിയായിരുന്നു എന്നത്.

സലോമിയെക്കുറിച്ച് അധികമൊന്നും സുവിശേഷങ്ങൾ പറയുന്നില്ല. എന്നാലും സുപ്രധാനമായ ചില അറിവുകൾ നമുക്ക് ലഭ്യമാണ്. യേശുവിനുവേണ്ടി സ്വന്തം വീട് തുറന്നുകൊടുത്ത ഒരു വീട്ടമ്മയാണ് സലോമി. പരസ്യജീവിതത്തിന്റെ തുടക്കത്തിൽ യേശു നസ്രത്തുവിട്ട് കഫർണാമിൽ താമസമാക്കിയതോടെ സലോമിയുടെ ജീവിതത്തിലും കുടുംബത്തിലും കാതലായ മാറ്റങ്ങൾ സംഭവിച്ചു.

മക്കൾ രണ്ടുപേരും യേശു പ്രഘോഷിച്ച ദൈവരാജ്യമെന്ന സ്വപ്നത്തിൽ ആകൃഷ്ടരായി; വള്ളവും വലയും കുലത്തൊഴിലും ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ചു. അമ്മ അതിനെ തടഞ്ഞില്ല. നിരുത്സാഹപ്പെടുത്തിയതുമില്ല. നേരേമറിച്ച്, അവളും ഈ പുതിയ മുന്നേത്തിൽ പങ്കാളിയായി. നാടും വീടും വിട്ട്, ദേശാടകരായി ഇറങ്ങിത്തിരിച്ച യുവപ്രവാചകന്റെയും ശിഷ്യഗണത്തിന്റെയും കൂടെ സലോമിയും ചേർന്നു, ദൈവരാജ്യത്തിന്റെ മൂന്നണിപ്പോരാളികൾക്ക് പിന്തുണയായി. “തങ്ങളുടെ സമ്പത്തുകൊണ്ട് അവരെ ശുശ്രൂഷിച്ചിരുന്ന മറ്റു പല സ്ത്രീകളും" (ലൂക്കാ 8,3) എന്ന വിശേഷണത്തിൽ അവളും ഉൾപ്പെടുന്നു.

ദൈവരാജ്യത്തെക്കുറിച്ച് ശിഷ്യസമൂഹത്തിന്റെ ഭാവനയിൽ വിരിഞ്ഞ ചിത്രം അധികാരത്തിന്റേതും മഹത്വത്തിന്റേതുമായിരുന്നു. ദാവീദിന്റെ സാമ്രാജ്യം പുനഃസ്ഥാപിക്കാൻ വന്ന മിശിഹാരാജാവാണ് യേശു എന്ന് അവർ കരുതി. ഈ വിശ്വാസം ശിഷ്യർ ഏറ്റുപറയുകയും ചെയ്തു. ജെറുസലേമിലേക്കുള്ള യാത്ര രാജത്വം സ്വീകരിക്കാനുള്ള ഘോഷയാത്രയാണെന്ന് അവർ കരുതിയെങ്കിൽ കുറ്റപ്പെടുത്താനാവില്ല. ഇസ്രായേൽ ജനത്തിന്റെ ചിരകാല പ്രതീക്ഷയായിരുന്നു അത്. അതിനാൽത്തന്നെയാവണം, യാത്ര അതിന്റെ അന്ത്യഘട്ടത്തോടടുത്തപ്പോൾ യാക്കോബും യോഹന്നാനും പ്രത്യേകമൊരു അഭ്യർത്ഥനയുമായി യേശുവിനെ സമീപിച്ചത്. "അങ്ങയുടെ മഹത്വത്തിൽ തങ്ങളിൽ ഒരാൾ അങ്ങയുടെ വലത്തുവശത്തും മറ്റേയാൾ ഇടത്തുവശത്തും ഉപവിഷ്ടരാകാൻ അനുവദിക്കണമേ!" (മർക്കോ 10,37). രാജാവിന്റെ ഇടത്തും വലത്തും ഇരിക്കുന്നത് രാജ്യത്തിലെ ഏറ്റം ഉയർന്ന ഉദ്യോഗസ്ഥരാണ്. ആ സ്ഥാനം അവകാശപ്പെടാൻ ഗുരുവിന്റെ മാതൃ സഹോദരീ പുത്രന്മാർ എന്ന നിലയിൽ അവർ തുനിഞ്ഞെങ്കിൽ അത്ഭുതത്തിനവകാശമില്ല.

എന്നാലും യേശുവിന്റെ ശിഷ്യസമൂഹത്തിലെ ഏറ്റം പ്രധാനപ്പെട്ട മൂവരിൽ രണ്ടുപേർ ഇപ്രകാരമൊരഭ്യർത്ഥനയുമായി വന്നത് പില്ക്കാലത്ത് അരോചകമായി അനുഭവപ്പെട്ടിരിക്കാം; പ്രത്യേകിച്ചും യേശു നല്കിയ മറുപടിയുടെയും മറ്റു ശിഷ്യരുടെ നിഷേധാത്മകമായ പ്രതികരണത്തിന്റെയും വെളിച്ചത്തിൽ. അതിനാലാവാം മത്തായി സുവിശേഷകൻ അഭ്യർത്ഥന മാതാവിന്റേതായി അവതരിപ്പിച്ചിരിക്കുന്നത് (മത്താ 20,21). മക്കൾക്കു മന്ത്രിസ്ഥാനം തരപ്പെടുത്തിയെടുക്കാൻ വേണ്ടി മാതൃസഹോദരിയെന്ന സ്ഥാനം ദുരുപയോഗിച്ചതായി തോന്നാം. എന്നാൽ ആഗ്രഹവും യാചനയും അമ്മയുടേതല്ല, മക്കളുടേതുതന്നെ ആയിരുന്നെന്ന് സുവിശേഷഭാഗം സൂക്ഷ്മമായി അപഗ്രഥിച്ചാൽ മനസ്സിലാകും.

സ്വപ്നങ്ങളെല്ലാം തകർന്ന് ശിഷ്യർ ഒളിച്ചോടിയപ്പോൾ കുരിശിൻ ചുവട്ടിൽ പതറാതെ നിന്നവരുടെ കൂടെ സലോമിയും ഉണ്ടായിരുന്നു; അവൾ ഭയന്നോടിയില്ല. കലാപകാരിയുടെ അനുയായിയും ഉറ്റ ബന്ധുവുമായി അറിയപ്പെടുന്നതിൽ ലജ്ജിച്ചില്ല. മരണശേഷം മൃതശരീരം ഏറ്റുവാങ്ങി യഥാവിധി സംസ്കരിക്കാൻ ധൈര്യപ്പെട്ടവരുടെകൂടെ അവളുമുണ്ടായിരുന്നു. മരണംകൊണ്ടും ആ ബന്ധം അവസാനിച്ചില്ല. സാബത്തു കഴിഞ്ഞപ്പോൾ മൃതശരീരം പൂശാൻ സുഗന്ധദ്രവ്യങ്ങളുമായി കല്ലറയിലേക്കു പോയവരുടെ കൂട്ടത്തിലും സലോമിയുണ്ടായിരുന്നു. അങ്ങനെ പൂർണ്ണമായ അർത്ഥത്തിൽ സലോമി യേശുവിന്റെ ശിഷ്യയായിരുന്നു.

സലോമിയെക്കുറിച്ചുള്ള ചുരുക്കം പ്രതിപാദനങ്ങൾ യോശുവിന്റെ ശിഷ്യസമൂഹത്തെയും സഭയുടെ തുടക്കത്തെയും കുറിച്ച് വളരെ വിലപ്പെട്ട ചില ഉൾക്കാഴ്ചകൾ നല്കുന്നുണ്ട്. യേശുവിന്റെ സാന്നിധ്യത്തിൽ ആത്മാവിനു തീ പിടിച്ച ചില വ്യക്തികളാണ് സഭയുടെ ആദ്യഅംഗങ്ങൾ. യേശുവിന്റെ അമ്മ, അമ്മയുടെ സഹോദരി, അവളുടെ രണ്ടു പുത്രന്മാർ, യോസേ-യാക്കോബ് സഹോദരന്മാർ, അവരുടെ അമ്മ - ഇവരെല്ലാം തന്നെ കുടുംബാംഗങ്ങളായിരുന്നു. ക്ലോപ്പാസ് എന്ന് യോഹന്നാൻ വിശേഷിപ്പിക്കുന്ന മറിയത്തിന്റെ ഭർത്താവ്, അപ്പസ്തോലൻ യാക്കോബിന്റെ പിതാവായ ഹൽപൈ (മർക്കോ 3,18; ലൂക്ക 6,15) ആയിരുന്നു. അദ്ദേഹം യേശുവിന്റെ വളർത്തു പിതാവായ ജോസഫിന്റെ സഹോദരനായിരുന്നു എന്ന് സഭാപാരമ്പര്യം സാക്ഷിക്കുന്നു. യേശുവിന്റെ പല ബന്ധുക്കളും ദൈവരാജ്യം എന്ന സ്വപ്നത്തിൽ പങ്കു ചേർന്നു; യേശുവിനെ അനുഗമിക്കുകയും ചെയ്തു.

ഭൗതികസ്വപ്നങ്ങൾ എല്ലാം പൊലിഞ്ഞപ്പോഴും സലോമി ശിഷ്യത്വത്തിൽ നിന്നു പിൻവാങ്ങിയില്ല; മക്കളെ തിരിച്ചു വിളിച്ചതുമില്ല. തന്റെ സ്വത്തും സമയവും കഴിവുകളും യേശുവിനും ശിഷ്യസമൂഹത്തിനും സംരക്ഷണവും പിന്തുണയും നല്കാൻ വേണ്ടി സമർപ്പിച്ച സലോമി എന്നും ഒരു മാതൃകയാണ്, യഥാർത്ഥ ശിഷ്യത്വത്തിന്റെ ഉദാത്തമായ പ്രേഷിതത്വത്തിന്റെ ദീപ്തമായ മാതൃക. രക്തബന്ധം ശിഷ്യത്വത്തിനു വിലങ്ങു തടിയായില്ല. അവകാശവാദങ്ങൾക്കപ്പുറം വചന ശ്രവണവും കുരിശിലുള്ള പങ്കാളിത്തവും വഴി പുതിയ കുടുംബത്തിന്റെ കൂട്ടായ്മയുടെ മുൻനിരയിലേക്ക് അവളും കടന്നുവന്നു. അങ്ങനെ ആത്മീയാർത്ഥത്തിലും അവൾ യേശുവിന്റെ കുടുംബാംഗമായി (ലൂക്കാ 8,21).

സെബദീപുത്രന്മാരുടെ മാതാവ് -സലോമി Dr. Michael Karimattam മർക്കോ 15 ലൂക്കാ 8 Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message