We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Rev. Antony Tharekadavil On 03-Feb-2021
150 കീര്‍ത്തനങ്ങളടങ്ങുന്ന ഒരു കൊച്ചുഗ്രന്ഥമാണ് സങ്കീര്‍ത്തനങ്ങള്‍. സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ ഗായകസംഘം ആലപിക്കേണ്ട ഗാനങ്ങളായാണ് പല സങ്കീര്‍ത്തനങ്ങളും പ്രത്യക്ഷപ്പെടുന്നത്. 150 സങ്കീര്‍ത്തനങ്ങളും പ്രാസമനുസരിച്ചോ, വിഷയമനുസരിച്ചോ ക്രമപ്പെടുത്തിയതാണെന്ന് തോന്നുന്നില്ല. പരമ്പരാഗതമായി സങ്കീര്‍ത്തനങ്ങള്‍ ദാവീദ് രചിച്ചതായാണ് കരുതപ്പെടുന്നത്. സങ്കീര്‍ത്തനങ്ങള്‍ എന്ന മലയാളപദം ഇംഗ്ലീഷിലെ ജമെഹാെ എന്ന പദത്തിന്‍റെ തര്‍ജ്ജമയാണ്. ഇംഗ്ലീഷ്പദമാകട്ടെ ജമെഹാീശ (പ്സാള്‍മോയി) സ്തുതിഗീതങ്ങള്‍ (ടീിഴെ ീള ജൃമശലെ) എന്ന ഗ്രീക്കുപദത്തില്‍നിന്ന് വരുന്നതാണ്. പ്സാള്‍മോസ് (ജമെഹാീെ) എന്ന പദം പല സങ്കീര്‍ത്തനങ്ങളുടെയും തലക്കെട്ടായിക്കാണാം. പ്സാള്ളോ (ജമെഹഹീ) എന്ന ഗ്രീക്ക് ക്രിയയുടെ അര്‍ത്ഥം പാടുക എന്നാണ്. പഴയ ഹെബ്രായ ബൈബിളില്‍ സങ്കീര്‍ത്തനപുസ്തകത്തിന് ഒരു തലക്കെട്ടുണ്ടായിരുന്നില്ല. റബ്ബിമാരുടെ പാരമ്പര്യം സങ്കീര്‍ത്തനങ്ങളെ സ്തുതിപ്പുകളുടെ പുസ്തകം എന്നുവിളിച്ചു (ടലളലൃ ഠലവശഹഹശാ ീൃ ഠലവശഹഹശാ (സ്തുതിപ്പുകള്‍)). സങ്കീര്‍ത്തനങ്ങളെ എണ്ണുമ്പോള്‍ ഹെബ്രായ ബൈബിളിനും (ങഠ) ഗ്രീക്ക് ബൈബിളിനും (ഘതത) ഇടയില്‍ ചില വ്യത്യാസങ്ങള്‍ കാണുന്നുണ്ട്: ഈ വ്യത്യാസമാണ് താഴെ കൊടുക്കുന്നത്.
ഹീബ്രു ഗ്രീക്ക്
സങ്കീ 1-8 = 1 - 8
" 9 -10 = 9
" 11 - 113 = 10 - 112
" 114 -115 = 113
" 116:1 -9 = 114
" 116:10 -19 = 115
" 117 - 146 = 116 - 145
" 147:1-11 = 146
" 147:12-20 = 147
" 148 - 150 = 148 -150
151
73 സങ്കീര്‍ത്തനങ്ങളുടെ തലക്കെട്ടായി ദാവീദിന്‍റെ മിസ്മോര്‍ (ഗാനാലാപനം) എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സാഹിത്യകൃതികളെഴുതിയശേഷം ആധികാരിതയ്ക്കുവേണ്ടി അറിയപ്പെടുന്ന ആളുകളുടെ പേരില്‍ ആരോപിക്കുക മധ്യപൂര്‍വ്വദേശത്ത് നിലവിലിരുന്ന ഒരു ക്രമമാണ്. ആളുകളെക്കാള്‍ ആശയങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തിരുന്ന അക്കാലത്ത് തങ്ങളുടെ രചനകള്‍ മറ്റുള്ളവര്‍ വായിക്കുന്നതിനുവേണ്ടിയാണ് അവര്‍ അവ വിഖ്യാതരായ ആളുകളുടെ പേരില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നത്. അങ്ങനെ സാഹിത്യകൃതികള്‍ക്ക് കൂടുതല്‍ ആധികാരികത്വം കൈവന്നിരുന്നു. അതുകൊണ്ട് ദാവീദിന്‍റെയോ (ഉദാ: 11), ആസാഫിന്‍റെയോ (78-83) (1ദിന 16:25; 2ദിന 5:3), കോറായുടെയോ (42-49) പേരിലറിയപ്പെടുന്ന സങ്കീര്‍ത്തനങ്ങള്‍ക്ക് ആ വ്യക്തികളുമായി കൃത്യമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് കരുതുക പ്രയാസമാണ്.
ഗാനങ്ങളായ സങ്കീര്‍ത്തനങ്ങളെല്ലാം ഗായകനായ ദാവീദിന്‍റെപേരില്‍ ആരോപിക്കപ്പെടുന്നുണ്ടെങ്കിലും, സങ്കീര്‍ത്തനങ്ങളുടെ ഉള്ളടക്കവും ദൈവശാസ്ത്രവുമെല്ലാം പരിശോധിച്ചാല്‍ ഇസ്രായേലിന്‍റെ ചരിത്രത്തിന്‍റെ ആരംഭം മുതല്‍ ക്രിസ്തുവിന് മുമ്പ് ബാബിലോണിലെ വിപ്രവാസകാലത്തിന് ശേഷംവരെയുള്ള ചരിത്രഘട്ടങ്ങളിലെ വ്യത്യസ്ഥങ്ങളായ ജീവിതാനുഭവങ്ങളില്‍ വിശ്വാസികളായ വ്യക്തികളുടെയും സമൂഹങ്ങളുടെയും ജീവിതാനുഭവങ്ങളില്‍ നിന്നുരുത്തിരിഞ്ഞ പ്രാര്‍ത്ഥനകളും, സ്തുതിപ്പുകളും നന്ദിപ്രകാശനങ്ങളും സാരോപദേശങ്ങളുമാണ് സങ്കീര്‍ത്തനങ്ങളെന്ന് കണ്ടെത്താന്‍ കഴിയും. താഴെവരുന്ന പേജുകളില്‍ കൊടുത്തിട്ടുള്ള ചില ഉദാഹരണങ്ങള്‍ ഈ ആശയം വ്യക്തമാക്കും. ക്രിസ്തുവിന് മുമ്പ് 3-2 നൂറ്റാണ്ടില്‍ ഹെബ്രായ ഭാഷയില്‍നിന്ന് യവനഭാഷയിലേയ്ക്ക് തര്‍ജ്ജമ ചെയ്യപ്പെട്ട സപ്തതിയില്‍ (ഘതത) സങ്കീര്‍ത്തനപുസ്തകവും പ്രത്യക്ഷപ്പെടുന്നതുകൊണ്ട് ഈ കാലഘട്ടത്തിന് മുമ്പ് രൂപീകൃതമായതാണ് ഈ ഗ്രന്ഥത്തിലെ സങ്കീര്‍ത്തനങ്ങളെന്ന് പറയാന്‍ കഴിയും.
നിയമത്തിലും പ്രവാചകന്മാരിലും അവതരിപ്പിക്കുന്ന പൊതു ചര്‍ച്ചാവിഷയം ദൈവത്തിന്‍റെ സൃഷ്ടികര്‍മ്മവും ചരിത്രത്തിലെ വിവിധ ഘട്ടങ്ങളിലുള്ള അവന്‍റെ രക്ഷാകരമായ ഇടപെടലുകളുമാണെന്നു നാം കണ്ടു. ജ്ഞാനഗ്രന്ഥങ്ങള്‍ അവതരിപ്പിക്കുന്നതാകട്ടെ ജ്ഞാനോപദേശങ്ങളും പ്രകൃതിനിയമങ്ങളിലൂടെയുള്ള ദൈവത്തിന്‍റെ സ്വയം വെളിപ്പെടുത്തലുകളുമാണ്. ബൈബിളിന്‍റെ ഈ രണ്ടുഭാഗങ്ങളിലുമുള്ള സന്ദേശങ്ങള്‍ സങ്കീര്‍ത്തനപുസ്തകത്തിലുണ്ട്. ചില സങ്കീര്‍ത്തനങ്ങള്‍ ദൈവത്തിന്‍റെ സൃഷ്ടികര്‍മ്മം വിവരിക്കുന്നു, മറ്റു ചിലത് ദൈവം നല്‍കിയ രക്ഷയെ സ്തുതിക്കുന്നു. വേറെ ചിലത് നല്ല ജീവിതത്തിനുള്ള ഗുരുക്കന്മാരുടെ ഉപദേശങ്ങളാണ് നല്കുന്നത് (സങ്കീ 1; 36). അതുകൊണ്ടുതന്നെ സങ്കീര്‍ത്തന പുസ്തകം ഒരു ചെറിയ ബൈബിളാണെന്ന് പറയാം. മറ്റ് വാക്കുകളില്‍പറഞ്ഞാല്‍ ദൈവത്തിന്‍റെ സൃഷ്ടികര്‍മ്മത്തെക്കുറിച്ചും, തുടര്‍ന്ന് പിതാക്കന്മാരുടെ കാലത്തെ പ്രധാന ചരിത്ര സംഭവങ്ങളെക്കുറിച്ചും, ഈജിപ്തിലെ അടിമത്ത്വത്തെയും അവിടെനിന്നുള്ള മോചനത്തെയുംകുറിച്ചും, തുടര്‍ന്നുവന്ന ന്യായാധിപന്മാരുടെ കാലത്തെ പ്രധാന താല്‍പര്യങ്ങളെക്കുറിച്ചും രാജഭരണകാലത്തെക്കുറിച്ചും ബാബിലോണിലെ വിപ്രവാസ അനുഭവത്തെക്കുറിച്ചും വിപ്രവാസത്തിന് ശേഷമുണ്ടായ ദൈവിക ഇടപെടലുകളേക്കുറിച്ചുമെല്ലാം സങ്കീര്‍ത്തനങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. ചില ഉദാഹരണങ്ങളിലൂടെ ഈ ആശയം വ്യക്തമാക്കാം. സങ്കീര്‍ത്തനം 33:6-9,15 വായിച്ചാല്‍ അവിടെ ദൈവത്തിന്‍റെ സൃഷ്ടികര്‍മ്മത്തെക്കുറിച്ച് പ്രതിപാദിക്കുന്നത് കാണാം:
"കര്‍ത്താവിന്‍റെ വചനത്താല്‍ ആകാശം നിര്‍മ്മിക്കപ്പെട്ടു.
അവിടുത്തെ കല്പനയാല്‍ ആകാശഗോളങ്ങളും,
അവിടുന്ന് സമുദ്രജലത്തെ ഒരുമിച്ചു കൂട്ടി;
ആഴങ്ങളെ അവിടുന്ന് കലവറകളില്‍ സംഭരിച്ചു.
ഭൂമി മുഴുവന്‍ കര്‍ത്താവിനെ ഭയപ്പെടട്ടെ.
ഭൂവാസികള്‍ അവിടുത്തെ മുമ്പില്‍ ഭയത്തോടെ നില്‍ക്കട്ടെ.
അവിടുന്ന് അരുള്‍ചെയ്തു. ലോകം ഉണ്ടായി.
അവിടുന്ന് കല്പിച്ചു അതു സുസ്ഥാപിതമായി" (സങ്കീ. 33:6-9).
ഇതുപോലെതന്നെയാണ് 104-ാം സങ്കീര്‍ത്തനവും (1-7).105-ാം സങ്കീര്‍ത്തനം (6-14) വായിച്ചാല്‍ പിതാക്കന്മാരുടെ കാലത്തെ ദൈവത്തിന്‍റെ രക്ഷാകരമായ ഇടപെടലുകളെക്കുറിച്ച് വിവരിക്കുന്നത് കാണാം:
"അവിടുത്തെ ദാസനായ അബ്രാഹത്തിന്‍റെ സന്തതികളേ,
അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവനായ
യാക്കോബിന്‍റെ മക്കളേ ഓര്‍മ്മിക്കുവിന്‍.
അവിടുന്നാണ് നമ്മുടെ ദൈവമായ കര്‍ത്താവ്;
അവിടുത്തെ ന്യായവിധികള്‍
ഭൂമിക്കു മുഴുവന്‍ ബാധകമാകുന്നു.
അവിടുന്ന് തന്‍റെ ഉടമ്പടി
എന്നേയ്ക്കും അനുസ്മരിക്കും.
തന്‍റെ വാഗ്ദാനം തലമുറകള്‍വരെ ഓര്‍മ്മിക്കും.
അബ്രാഹത്തോടു ചെയ്ത ഉടമ്പടി,
ഇസഹാക്കിന് ശപഥപൂര്‍വ്വം നല്‍കിയ വാഗ്ദാനംതന്നെ.
അവിടുന്ന് അത് യാക്കോബിന് ഒരു ചട്ടമായും
ഇസ്രായേലിന് ശാശ്വതമായ ഉടമ്പടിയായും സ്ഥിരീകരിച്ചു.
അവിടുന്ന് അരുള്‍ചെയ്തു:
നിനക്ക് നിശ്ചയിച്ച ഓഹരിയായി
ഞാന്‍ കാനാന്‍ ദേശം നല്‍കും.
അന്ന് അവര്‍ എണ്ണത്തില്‍ കുറഞ്ഞവരും
നിസ്സാരരും അവിടെ പരദേശികളും ആയിരുന്നു.
അവര്‍ ജനതകളുടെയും, രാജ്യങ്ങളുടെയും ഇടയില്‍
അലഞ്ഞുനടന്നു.
ആരും അവരെ പീഡിപ്പിക്കാന്‍
അവിടുന്ന് സമ്മതിച്ചില്ല;
അവരെപ്രതി അവിടുന്ന് രാജാക്കന്മാരെ ശാസിച്ചു."
ഇസ്രായേലിന്‍റെ ഈജിപ്തില്‍ നിന്നുള്ള പുറപ്പാടും തുടര്‍ന്ന് മരുഭൂമിയിലുണ്ടായ ദൈവാനുഭവവുമാണ് 114-ാം സങ്കീര്‍ത്തനം വിവരിക്കുന്നത്:
"ഇസ്രായേല്‍ ഈജിപ്തില്‍നിന്നു പുറപ്പെട്ടപ്പോള്‍,
യാക്കോബിന്‍റെ ഭവനം
അന്യഭാഷ സംസാരിക്കുന്ന ജനങ്ങളുടെ ഇടയില്‍നിന്ന്
പുറപ്പെട്ടപ്പോള്‍ യൂദാ അവിടുത്തെ വിശുദ്ധ മന്ദിരവും
ഇസ്രായേല്‍ അവിടുത്തെ സാമ്രാജ്യവും ആയി.
അതുകണ്ട് കടല്‍ ഓടിയകന്നു;
ജോര്‍ദ്ദാന്‍ പിന്‍വാങ്ങി.
പര്‍വ്വതങ്ങള്‍ മുട്ടാടുകളെപ്പോലെയും
മലകള്‍ ആട്ടിന്‍കുട്ടികളെപ്പോലെയും തുള്ളിച്ചാടി.
സമുദ്രമേ ഓടിയകലാന്‍ നിനക്കെന്തുപറ്റി?
ജോര്‍ദ്ദാന്‍ നീ എന്തിനു പിന്‍വാങ്ങുന്നു?
പര്‍വ്വതങ്ങളേ, നിങ്ങള്‍ മുട്ടാടുകളെപ്പോലെയും
മലകളേ നിങ്ങള്‍ കുഞ്ഞാടുകളെപ്പോലെയും
തുള്ളുന്നതെന്തിന്? കര്‍ത്താവിന്‍റെ സന്നിധിയില്‍,
യാക്കോബിന്‍റെ ദൈവത്തിന്‍റെ സന്നിധിയില്‍,
ഭൂമി വിറകൊള്ളട്ടെ!
അവിടുന്ന് പാറയെ ജലാശയമാക്കി
തീക്കല്ലിനെ നീരുറവയാക്കി" (114:1-8).
136-ാം സങ്കീര്‍ത്തനം സൃഷ്ടി മുതല്‍ ന്യായാധിപന്മാരുടെ കാലം വരെയുമുള്ള ചരിത്രത്തിലേയ്ക്ക് വിരല്‍ചൂണ്ടുന്നു. ന്യായാധിപന്മാരുടെ കാലശേഷമാണ് ഇസ്രായേലില്‍ രാജഭരണം ആരംഭിക്കുന്നത്; ഇക്കാലത്തെ വിഷയങ്ങളാണ് പല രാജകീയ സങ്കീര്‍ത്തനങ്ങളും ചര്‍ച്ചചെയ്യുന്നത് (സങ്കീ 110, 2, 8, 21, 45 മുതലായവ കാണുക).
ഉദാഹരണമായി കര്‍ത്താവിനെയും അവന്‍റെ അഭിഷിക്തനെയുംകുറിച്ചാണ് രണ്ടാം സങ്കീര്‍ത്തനം ചര്‍ച്ചചെയ്യുന്നത്:
"ജനതകള്‍ ഇളകിമറിയുന്നതെന്തിന്?
ജനങ്ങള്‍ എന്തിനു വ്യര്‍ത്ഥമായി
ഗൂഢാലോചന നടത്തുന്നു?
കര്‍ത്താവിനും അവിടുത്തെ അഭിഷിക്തനുമെതിരെ
ഭൂമിയിലെ രാജാക്കന്മാര്‍ അണിനിരക്കുന്നു..." (2:1-2).
രാജാക്കന്മാരുടെ കാലശേഷം ജറുസലേം നശിപ്പിക്കപ്പെട്ടു; ഇസ്രായേല്‍ വിപ്രവാസത്തിലായി. ഇക്കാലഘട്ടത്തിലെ വിലാപങ്ങളാണ് 123, 137 തുടങ്ങിയ സങ്കീര്‍ത്തനങ്ങളില്‍ കാണുന്നത്. ബാബിലോണ്‍ നദിയുടെ തീരത്തിരുന്നുകൊണ്ട് ഞങ്ങള്‍ കരഞ്ഞു എന്ന വിലാപം 137-ാം സങ്കീര്‍ത്തനത്തില്‍ കാണാം.
സങ്കീര്‍ത്തനങ്ങളില്‍ നല്ലൊരുഭാഗം വിപ്രവാസത്തിനുശേഷം ദേവാലയത്തിലെ ആരാധനയുമായി ബന്ധപ്പെട്ട് രൂപംകൊണ്ടവയാണെന്ന് കരുതപ്പെടുന്നു. 'കര്‍ത്താവ് സെഹിയോന്‍റെ അടിമത്തം നീക്കിയപ്പോള്‍ അതൊരു സ്വപ്നമാണെന്നു ഞങ്ങള്‍ വിചാരിച്ചു' എന്നാണ് 126-ാം സങ്കീര്‍ത്തനം ആലപിക്കുന്നത്.
സൃഷ്ടിയെക്കുറിച്ചുള്ള വിവരണം മുതല്‍ ഇസ്രായേലിന്‍റെ ചരിത്രത്തിലെ എല്ലാ പ്രധാനഘട്ടങ്ങളെയുംകുറിച്ച് നമുക്കറിവു നല്‍കുന്ന ഗീതങ്ങള്‍ ഉള്‍ക്കൊളളുന്നതിനാലും പല വിജ്ഞാന (ഉപദേശങ്ങള്‍) ഗീതങ്ങളും ഉള്‍ക്കൊള്ളുന്നതിനാലുമാണ് സങ്കീര്‍ത്തനപ്പുസ്തകത്തെ ഒരു കൊച്ചു ബൈബിള്‍ ആയി കണക്കാക്കാമെന്നു നാം കരുതുന്നത്. സങ്കീര്‍ത്തനങ്ങളിലെ കഥകളും സംഭവങ്ങളും ഉപദേശങ്ങളും അറിയുന്നവന്‍ ബൈബിളിലെ വിവരണങ്ങളും പഠനങ്ങളും അറിയുന്നവനാണ്. ഒന്നുരണ്ട് ഉദാഹരണങ്ങള്‍കൊണ്ട് ഇത് വ്യക്തമാക്കാം. കവി സച്ചിദാനന്ദന്‍ തന്‍റെ ശ്യാമഗീതം (കോട്ടയം; 1983, 49) എന്ന കവിതയില്‍ ഇപ്രകാരം പാടുന്നുണ്ട്:
"മാലാഖയെ കണ്ടു, കണ്ടു ചെകുത്താനെയും
ഞാന്‍ പുരാണങ്ങളില്‍
എവിടെയൊരു തോറ്റ രഘുരാമനോ-
രുതോല്ക്കാത്ത രാവണനൊ-
രെരിയുന്ന വഹ്നിയില്‍ കരിയുന്ന സീത
എവിടെയൊരു നരകത്തില്‍ വീഴാത്തസാത്താന്‍
നിലമുഴുതു പിന്നെയും വിജയിച്ച കായീന്‍."
ഈ ഏഴുവരികള്‍ക്കകത്ത് പുരാണത്തിലെ കഥകളായ അഗ്നിപരീക്ഷയും ഉല്‍പത്തിപ്പുസ്തകത്തിലെ കായേന്‍റെ കഥയുമെല്ലാം കവി അനുസ്മരിച്ചിരിക്കുന്നു. ഈ കവിത മനസ്സിലാകുന്നവര്‍ ഈ പുരാണകഥകളെല്ലാം അറിയുന്നവരാണെന്ന് വ്യക്തം.
"കുരുക്ഷേത്രം" എന്ന കവിതയില്‍ അയ്യപ്പപ്പണിക്കര്‍ (1982, 14) മനുഷ്യത്വത്തെക്കുറിച്ച് പാടുമ്പോള്‍ ആര്‍ഷഭാരതത്തിലെ മൂന്നു സംസ്കാരങ്ങളെയും സമന്വയിപ്പിച്ചുകൊണ്ട് ഇപ്രകാരം പാടുന്നു:
ബോധിവൃക്ഷത്തണല്‍ പറ്റി നില്ക്കേണ്ട
ബോധമുള്ളിലുദിച്ചിടുമെങ്കില്‍
കാല്‍വരിക്കുന്നിലെ കഥപാടേണ്ട
കാണിനേരം മനുഷ്യരാമെങ്കില്‍
നാംപുണരും കിനാവിന്‍റെ ദിവ്യ-
നാഭിയില്‍ നാമുയിര്‍ക്കൊള്ളുമെങ്കില്‍
ഈ കവിത മനസ്സിലാകുന്നവന്‍ ആര്‍ഷഭാരതത്തിന്‍റെ മതങ്ങളുടെ ചിന്തകളറിയുന്നവനാണ്. ഈ വിധത്തിലാണ് സങ്കീര്‍ത്തനപ്പുസ്തകത്തില്‍ രക്ഷാകരചരിത്രത്തിലെ സംഭവങ്ങള്‍ ഹ്രസ്വമായി അനുസ്മരിക്കപ്പെടുന്നത്.
പഞ്ചഗ്രന്ഥത്തിലെ അഞ്ചുഗ്രന്ഥങ്ങള്‍ക്ക് സമാനമായി സങ്കീര്‍ത്തനപുസ്തകത്തെ അഞ്ച് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു: (1) സങ്കീ 1-41 ദാവീദിന്‍റെ ആദ്യകാല സങ്കീര്‍ത്തനങ്ങള്‍, (2) 42-72 വടക്കന്‍ രാജ്യമായ ഇസ്രായേലിന്‍റെ ഗീതങ്ങള്‍, (3) സങ്കീ 73-89 ദേവാലയ ഗായകരുടെ ഗീതങ്ങള്‍, (4) 90-106 രാജകീയ ഗീതങ്ങള്‍ (പുതുവത്സരഗാനങ്ങളാകാം), (5) 107-150 ദാവീദിന്‍റെ രണ്ടാമത്തെ സങ്കീര്‍ത്തനശേഖരം. ഇതില്‍ ഓരോ ഭാഗവും അവസാനിക്കുന്നത് ഒരു പ്രത്യേക സമാപനപ്രാര്‍ത്ഥനയോടും, സ്തുതിപ്പോടും കൂടിയാണ് (41:13; 72:19-20; 89:52; 106:48; 150:6). മോശ പഞ്ചഗ്രന്ഥം നല്‍കിയതുപോലെ ദാവീദ് സങ്കീര്‍ത്തനങ്ങളുടെ ഒരു പഞ്ചഗ്രന്ഥി നല്‍കിയെന്ന ഒരു ചൊല്ല് റബ്ബിമാര്‍ പറയാറുണ്ടായിരുന്നു.
സങ്കീര്‍ത്തനങ്ങളുടെ ഉത്ഭവം
മുകളില്‍ പറഞ്ഞതുപോലെ ഇസ്രായേലിന്‍റെ ചരിത്രത്തിലെ വിവിധ ഘട്ടങ്ങളുമായി ബന്ധപ്പെട്ട് ജന്മമെടുത്ത ഗീതങ്ങളാണ് സങ്കീര്‍ത്തനങ്ങള്‍. ഇതില്‍ നല്ലൊരുഭാഗം വ്യക്തികളുടെ ജീവിതത്തിലെ പ്രാര്‍ത്ഥനകളായി ജന്മമെടുത്തശേഷം ജനത്തിന്‍റെ പൊതുപ്രാര്‍ത്ഥനയായി രൂപാന്തരപ്പെട്ടവയാണ്. ഒരുദാഹരണംകൊണ്ട് ഇത് വ്യക്തമാക്കാം. തനിക്കുചുറ്റും, അസമാധാനത്തിന്‍റെയും, മാത്സര്യത്തിന്‍റെയും തിരമാലകള്‍ കണ്ട വി. ഫ്രാന്‍സിസ് അസീസ്സിയോ മാറ്റാരോ ഒരിക്കല്‍, തന്നെ സമാധാനത്തിന്‍റെ ദൂതനായി അയയ്ക്കണമെന്ന് ദൈവത്തോട് ഇപ്രകാരം പ്രാര്‍ത്ഥിച്ചു:
"കര്‍ത്താവേ എന്നെ അങ്ങയുടെ സമാധാനത്തിന്‍റെ ഒരു ഉപകരണമാക്കണമേ. വിദ്വേഷമുള്ളിടത്ത് സ്നേഹവും ദ്രോഹമുള്ളിടത്ത് ക്ഷമയും സന്ദേഹമുള്ളിടത്ത് വിശ്വാസവും നിരാശയുള്ളിടത്ത് പ്രത്യാശയും അന്ധകാരമുള്ളിടത്ത് പ്രകാശവും സന്താപമുള്ളിടത്ത് സന്തോഷവും ഞാന്‍ വിതയ്ക്കട്ടെ. ഓ ദിവ്യ നാഥാ ആശ്വസിപ്പിക്കപ്പെടുന്നതിനെക്കാള്‍ ആശ്വസിപ്പിക്കുന്നതിനും, മനസ്സിലാക്കപ്പെടുന്നതിനേക്കാള്‍ മനസ്സിലാക്കുന്നതിനും, സ്നേഹിക്കപ്പെടുന്നതിനേക്കാള്‍ സ്നേഹിക്കുന്നതിനും ഇടയാക്കണമേ. എന്തെന്നാല്‍ കൊടുക്കുമ്പോഴാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്. ക്ഷമിക്കുമ്പോഴാണ് ഞങ്ങളോടും ക്ഷമിക്കപ്പെടുന്നത്; മരിക്കുമ്പോഴാണ് ഞങ്ങള്‍ നിത്യജീവിതത്തിലേയ്ക്ക് ജനിക്കുന്നത്."
വ്യക്തിപരമായ ഈ പ്രാര്‍ത്ഥന തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ഏറ്റവും അടുത്തുണ്ടായിരുന്ന വ്യക്തികള്‍ ആവര്‍ത്തിച്ച് പ്രാര്‍ത്ഥിക്കാന്‍ ഇടവരുത്തുകയും തുടര്‍ന്ന് അത് ഒരു കാലഘട്ടത്തില്‍ ഫ്രാന്‍സിസ്കന്‍ സഭയുടെ തന്നെ പ്രാര്‍ത്ഥനയായിത്തീരുകയും ചെയ്തു. ഇന്നു ലോകത്തിലുള്ള സകലര്‍ക്കും സുപരിചിതമായ ഒരു പ്രാര്‍ത്ഥനയായി അത് രൂപാന്തരപ്പെട്ടിരിക്കുന്നു. ഏതാണ്ടിതുപോലെ ജീവിതത്തിലെ വ്യത്യസ്ഥങ്ങളായ സാഹചര്യങ്ങളില്‍ വ്യക്തികളില്‍ നിന്നും, സമൂഹങ്ങളില്‍ നിന്നും അവരുടെ പ്രത്യേക ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് ജന്മമെടുക്കുകയും ഈ പ്രാര്‍ത്ഥനകളുടെ ഉയര്‍ന്ന നിലവാരത്തിന്‍റെ ഫലമായി അത് മറ്റുള്ളവരുടെ പ്രാര്‍ത്ഥനയുടെ ഭാഗമായി തീരുകയും ചെയ്ത ഗീതങ്ങളാണ് പല സങ്കീര്‍ത്തനങ്ങളും. പിന്നീട് അത് ആരാധനാക്രമത്തിന്‍റെ ഭാഗമായിത്തീരുകയായിരുന്നു. ഇങ്ങനെ സങ്കീര്‍ത്തനങ്ങള്‍ ഒന്നിനുപുറകെ ഒന്നായി ആരാധനക്രമത്തോട് ചേര്‍ക്കപ്പെട്ടു.
മറ്റൊരുദാഹരണംകൂടി: 2002 ഒക്ടോബര്‍ 10-ാം തീയതി ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പരമ്പരാഗതമായി ക്രിസ്തീയ കുടുംബങ്ങളിലും ദേവാലയങ്ങളിലും ചൊല്ലിവന്നിരുന്ന കൊന്തയില്‍ പ്രകാശത്തിന്‍റെ രഹസ്യങ്ങള്‍ എന്നപേരില്‍ നമ്മുടെ കര്‍ത്താവിന്‍റെ ജീവിതത്തിലെ അഞ്ച് സംഭവങ്ങള്‍ ധ്യാനവിഷയമായി കൂട്ടിച്ചേര്‍ത്തു. ഈ രഹസ്യങ്ങളാകട്ടെ മാള്‍ട്ടക്കാരനായ ജോര്‍ജ് പ്രേക്ക എന്ന വിശുദ്ധന്‍ (1880 - 1962) സ്വന്തം ജീവിതത്തില്‍ പ്രാര്‍ത്ഥിക്കാനും ധ്യാനിക്കാനും തുടങ്ങിയവയാണ്. പിന്നീട് അത് അദ്ദേഹം സ്ഥാപിച്ച ഒരു സമൂഹത്തില്‍ പ്രാര്‍ത്ഥിക്കപ്പെടുകയും, 1973-ലും, 1987-ലും നടത്തിയ രണ്ട് പ്രസിദ്ധീകരണങ്ങളിലൂടെ മാള്‍ട്ടയിലെ ക്രൈസ്തവ സമൂഹത്തിന്‍റെ പ്രാര്‍ത്ഥനയില്‍ സ്ഥാനംപിടിക്കുകയും ചെയ്തു. ഇന്ന് അത് കത്തോലിക്കര്‍ മുഴുവന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്.
ഗാനങ്ങള്‍ ആലപിക്കുകയും അവ എഴുതി സൂക്ഷിക്കുകയും ചെയ്യുകയെന്നത് മോശയുടെ കാലംമുതലുള്ള യഹൂദ ജനതയുടെ പാരമ്പര്യമായിരുന്നു എന്നാണ് നിയമാവര്‍ത്തനപുസ്തകം പറയുന്നത്: "ആകയാല്‍ ഈ ഗാനം എഴുതിയെടുത്ത് ഇസ്രായേല്‍ ജനത്തെ പഠിപ്പിക്കുക, അവര്‍ക്കെതിരേ സാക്ഷ്യമായിരിക്കേണ്ടതിന് ഇത് അവരുടെ അധരത്തില്‍ നിക്ഷേപിക്കുക" (നിയ 31:19): "അന്നുതന്നെ മോശ ഈ ഗാനമെഴുതി ഇസ്രായേല്‍ ജനത്തെ പഠിപ്പിച്ചു" (നിയ 31:22). ദേവാലയ ഗീതങ്ങളെക്കുറിച്ചും ഗായകരെക്കുറിച്ചും ബൈബിളില്‍ മറ്റു വചനങ്ങളും കാണാം (1ദിന 9:33; 15:16-17; 2ദിന 20:21-22; 23:13; 29:25-26; നെഹ 12:28-29).
സമൂഹത്തില്‍ രൂപംകൊണ്ട സങ്കീര്‍ത്തനങ്ങള്‍ ആലപിക്കുകയും അവ വായ്മൊഴിയായും വരമൊഴിയായും സൂക്ഷിക്കുകയും ചെയ്യുന്നതില്‍ ദേവാലയവും, സിനഗോഗും വലിയ പങ്കുവഹിച്ചതായിട്ടാണ് നമുക്ക് മനസ്സിലാക്കാന്‍ കഴിയുക. അങ്ങനെ ഒരു സംവിധാനമില്ലായിരുന്നെങ്കില്‍ അവയെല്ലാം കാലഹരണപ്പെട്ടുപോയേനെ. ചില സങ്കീര്‍ത്തനങ്ങളാകട്ടെ ദേവാലയാരാധനയ്ക്ക് വേണ്ടിത്തന്നെ രൂപംകൊണ്ടവയാണ്. ഉദാഹരണമായി പെസഹാക്കുഞ്ഞാട് ബലിയര്‍പ്പിക്കപ്പെടുന്ന സമയത്ത് ലേവ്യര്‍ ദേവാലയത്തില്‍ ഹല്ലേലൂയ്യാ ഗീതങ്ങള്‍ ആലപിച്ചിരുന്നു (സങ്കീ 113-118). ഈ സങ്കീര്‍ത്തനങ്ങളിലെ ഒരു പ്രധാന ആശയം ഈജിപ്തില്‍ നിന്നുള്ള പുറപ്പാടാണ് (ഉദാ; 115-116). പുറപ്പാട് 23:17; നിയ 16:5-6, 11, 15 പറയുന്നതനുസരിച്ച് എല്ലാ പുരുഷന്മാരും വര്‍ഷത്തില്‍ മൂന്നുപ്രാവശ്യം ജറുസലേമില്‍ പോകണമായിരുന്നു. ഈ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് രൂപംകൊണ്ട സങ്കീര്‍ത്തനങ്ങളാണ് തീര്‍ത്ഥാടന സങ്കീര്‍ത്തനങ്ങള്‍ എന്നറിയപ്പെടുന്നത് (സങ്കീ 120-134). ദേവാലയവും കര്‍ത്താവിന്‍റെ പേടകവുമൊക്കെയാണ് അവയിലെ ധ്യാനവിഷയങ്ങള്‍. 15-ാം സങ്കീര്‍ത്തനവും 24-ാം സങ്കീര്‍ത്തനവും ദേവാലയ അങ്കണത്തിലേക്ക് തീര്‍ത്ഥാടകര്‍ പ്രവേശിക്കുന്നതിനൊരുക്കമായി രണ്ടു ഗണമായി പാടിയിരുന്നതായി കരുതപ്പെടുന്നു. ഒരു ഗണം പുറത്തുനിന്ന് പ്രവേശിക്കാന്‍ അനുവാദം ചോദിക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്യുന്നു; മറ്റ് ഗണം അകത്തുനിന്ന് അവിടെ പ്രവേശിക്കാന്‍ വേണ്ട യോഗ്യതയെയും വിശുദ്ധിയെയും കുറിച്ച് അവരെ ഉദ്ബോധിപ്പിക്കുന്നു (സങ്കീ 15, 24).
സങ്കീര്‍ത്തന വിഭാഗങ്ങള്‍
സങ്കീര്‍ത്തനങ്ങളെ അവയുടെ ഉള്ളടക്കത്തിന്‍റെയും സാഹിത്യരൂപത്തിന്‍റെയും അടിസ്ഥാനത്തില്‍ പലവിഭാഗങ്ങളായി തിരിക്കാറുണ്ട്.
1 വിലാപങ്ങള്‍
ഇവ ജീവിതത്തിലെ വിഷമസന്ധികളില്‍ ഭക്തരില്‍നിന്ന് ദൈവത്തിലേയ്ക്കുയരുന്ന വിലാപങ്ങളും ആവലാതികളും പ്രാര്‍ത്ഥനകളുമാണ്. തങ്ങളുടെ ദുഃഖസാഹചര്യങ്ങളില്‍നിന്ന് ദൈവം രക്ഷിക്കുമെന്ന് ഭക്തര്‍ പ്രത്യാശിക്കുകയും ചെയ്യുന്നു. വിലാപങ്ങളെ സമൂഹത്തിന്‍റെ വിലാപങ്ങളെന്നും, വ്യക്തികളുടെ വിലാപങ്ങളെന്നും രണ്ട് വിഭാഗങ്ങളായി തിരിക്കാറുണ്ട്. സമൂഹത്തിന്‍റെ വിലാപങ്ങളാണ് സങ്കീ 12, 44, 58, 60, 74, 79, 80, 83, 85, 90, 94, 123, 126, 129, 137 മുതലായവ. ഉദാഹരണമായി
"ദൈവമേ, അങ്ങ് ഞങ്ങളെ പരിത്യജിച്ചു,
ഞങ്ങളുടെ പ്രതിരോധനിരകള്‍ തകര്‍ത്തു;
അവിടുന്ന് കുപിതനായിരിക്കുന്നു;
ഞങ്ങളെ കടാക്ഷിക്കണമേ!
.......
അങ്ങ് സ്വന്തം ജനത്തെ കഠിനയാതനയ്ക്ക് ഇരയാക്കി
അവിടുന്ന് ഞങ്ങളെ വിഭ്രാന്തിയുടെ വീഞ്ഞുകുടിപ്പിച്ചു
.......
ഞങ്ങളുടെ പ്രാര്‍ത്ഥനകേട്ട് അങ്ങയുടെ വലതു -
കൈയ്യാല്‍ ഞങ്ങളെ രക്ഷിക്കണമേ..." (സങ്കീ 60).
വ്യക്തിയുടെ വിലാപങ്ങളാണ് സങ്കീ 3, 4, 5, 6, 7, 9, 10, 13, 14, 17, 22, 25, 26, 28, 31, 35, 38, 39, 40, 41, 42, 43, 51, 52, 53, 54, 55, 56, 57, 59, 61, 64, 65, 70, 77, 86, 88, 89, 102, 109, 120, 130, 139, 141, 142, 143 എന്നിവ. ഉദാഹരണമായി:
"എന്‍റെ ദൈവമേ, എന്‍റെ ദൈവമേ
എന്തുകൊണ്ട് അങ്ങ് എന്നെ ഉപേക്ഷിച്ചു!
എന്നെ സഹായിക്കാതെയും
എന്‍റെ രോദനം കേള്‍ക്കാതെയും
അകന്നു നില്ക്കുന്നതെന്തുകൊണ്ട്?... (സങ്കീ 22).
2 സ്തുതിഗീതങ്ങള്‍
ആഘോഷങ്ങളുടെ അവസരങ്ങള്‍ ദൈവത്തെ അവന്‍ ചെയ്ത നന്മകളുടെ പേരിലും, അവന്‍റെ മഹത്ത്വത്തിന്‍റെ പേരിലും സ്തുതിക്കുന്ന അവസരങ്ങളായിരുന്നു. ഇത്തരം അവസരങ്ങളിലെ ഉപയോഗത്തിനുവേണ്ടി ദൈവസ്തുതികളായി രൂപംകൊണ്ടവയാണ് 8, 9, 33, 66, 100, 103, 104, 111, 113, 114, 117, 145-50 മുതലായ സങ്കീര്‍ത്തനങ്ങള്‍. ദൈവമഹത്ത്വവും, അവന്‍റെ രക്ഷാകരപ്രവൃത്തികളും സ്തുതിയുടെ വിഷയമാണ്. ഉദാഹരണമായി
"ജനതകളേ കര്‍ത്താവിനെ സ്തുതിക്കുവിന്‍,
ജനപദങ്ങളെ അവിടുത്തെ പുകഴ്ത്തുവിന്‍
വിശ്വസ്തത എന്നേയ്ക്കും നിലനില്‍ക്കുന്നു.
കര്‍ത്താവിനെ സ്തുതിക്കുവിന്‍" (സങ്കീ 117).
3 കൃതജ്ഞതാഗീതങ്ങള്‍
സന്തോഷാവസരങ്ങളില്‍ ഭക്തരില്‍നിന്ന് ഉയരുന്ന നന്ദിയുടെ ബഹിര്‍സ്ഫുരണങ്ങളാണ് ഈ ഗീതങ്ങളിലുള്ളത്. സങ്കീ 18, 30, 32, 34, 40, 65, 66, 67, 75, 107, 116, 118, 124, 136, 138 മുതലായവ കൃതജ്ഞതാ ഗീതങ്ങളാണ്. ഇവയില്‍ ഭക്തര്‍ ദൈവത്തിന് കൃതജ്ഞത അര്‍പ്പിക്കുന്നതോടൊപ്പം അതിന്‍റെ കാരണങ്ങളും പറയുന്നത് കാണാം. തന്‍റെ ദൗര്‍ഭാഗ്യത്തില്‍ നിന്നോ, രോഗത്തില്‍ നിന്നോ, രാഷ്ട്രീയ ദുഃഖത്തില്‍ നിന്നോ രക്ഷിച്ച ദൈവത്തിന് നന്ദിപറയുകയാണവന്‍:
"അത്യുന്നതനായ കര്‍ത്താവേ,
അങ്ങേയ്ക്ക് കൃതജ്ഞതയര്‍പ്പിക്കുന്നതും
അങ്ങയുടെ നാമത്തിന്
സ്തുതികള്‍ ആലപിക്കുന്നതും എത്ര ശ്രേഷ്ഠം.
തന്ത്രീനാദത്തോടുകൂടെയും
കിന്നരവും വീണയും മീട്ടിയും
പ്രഭാതത്തില്‍ അങ്ങയുടെ കരുണയെയും
രാത്രിയില്‍ അങ്ങയുടെ വിശ്വസ്തതയെയും
ഉദ്ഘോഷിക്കുന്നത് എത്ര ഉചിതം.
കര്‍ത്താവേ അങ്ങയുടെ പ്രവൃത്തികള്‍
എന്നെ സന്തോഷിപ്പിച്ചു.
അങ്ങയുടെ അത്ഭുതപ്രവൃത്തികള്‍ കണ്ട്
ഞാന്‍ ആനന്ദഗീതം ആലപിക്കുന്നു..."
എന്ന് പാടുന്ന 92-ാം സങ്കീര്‍ത്തനം കൃതജ്ഞതാഗീതത്തിന് ഉദാഹരണമാണ്.
4 പ്രത്യാശയുടെയും വിശ്വാസത്തിന്‍റെയും ഗീതങ്ങള്‍
ദൈവത്തിലുള്ള വിശ്വാസവും, പ്രത്യാശയും ഏറ്റു പറയുന്ന സങ്കീര്‍ത്തനങ്ങളാണിവ. അത് വ്യക്തിപരമായ പ്രാര്‍ത്ഥനയോ, ജനത്തിന്‍റെ മുഴുവന്‍ പ്രാര്‍ത്ഥനയോ ആകാം. 11, 16, 23, 27, 62, 63, 91, 121, 125, 131 മുതലായവ ഈ ഗണത്തില്‍പ്പെടുന്ന സങ്കീര്‍ത്തനങ്ങളാണ്.
"ഞാന്‍ കര്‍ത്താവില്‍ അഭയം തേടുന്നു
പക്ഷിയെപ്പോലെ പര്‍വ്വതങ്ങളില്‍പോയി ഒളിക്കുക എന്ന്
നിങ്ങള്‍ക്കെന്നോട് എങ്ങനെ പറയാന്‍ കഴിയും?
.......
കര്‍ത്താവ് നീതിമാനെയും ദുഷ്ടനെയും പരിശോധിക്കുന്നു
അക്രമം ഇഷ്ടപ്പെടുന്നവരെ അവിടുന്ന് വെറുക്കുന്നു..."
എന്ന് പാടുന്ന 11-ാം സങ്കീര്‍ത്തനം ഒരു പ്രത്യാശാഗീതമാണ്.
5 രാജകീയ കീര്‍ത്തനങ്ങള്‍
സമൂഹത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയും ദൈവത്തിന്‍റെ പ്രതിനിധിയുമായിരുന്നു രാജവാഴ്ചയുടെ കാലഘട്ടത്തിലെ രാജാക്കന്മാര്‍; അവരുടെ സ്ഥാനാരോഹണവും, യുദ്ധങ്ങളും, ജന്മദിന ആഘോഷങ്ങളും, വിവാഹങ്ങളും, പ്രാര്‍ത്ഥനകളുമായൊക്കെ ബന്ധപ്പെട്ട് രൂപംകൊണ്ട കീര്‍ത്തനങ്ങളാണ് രാജകീയ കീര്‍ത്തനങ്ങള്‍. ഇവ രാജാവിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകളോ, അവനുള്ള സന്ദേശങ്ങളോ ആകാം. രാജവാഴ്ച അവസാനിച്ചപ്പോള്‍ ഈ കീര്‍ത്തനങ്ങള്‍ ദാവീദിന്‍റെ വംശത്തില്‍ നിന്ന് പിറക്കാനിരിക്കുന്ന ഭാവിരാജാവിലേയ്ക്ക് (മിശിഹാ) വിരല്‍ ചൂണ്ടുന്നതായി കണക്കാക്കപ്പെട്ടു. സങ്കീ 2, 18, 20, 21, 45, 72, 78, 89, 101, 132, 144 തുടങ്ങിയവ രാജകീയ കീര്‍ത്തനങ്ങളാണ്.
"ജനതകള്‍ ഇളകിമറിയുന്നതെന്തിന്? ജനങ്ങള്‍ എന്തിന്
വ്യര്‍ഥമായി ഗൂഢാലോചന നടത്തുന്നു?
കര്‍ത്താവിനും അവിടുത്തെ അഭിഷിക്തനുമെതിരെ
ഭൂമിയിലെ രാജാക്കന്മാര്‍ അണിനിരക്കുന്നു;
ഭരണാധിപന്മാര്‍ കൂടിയാലോചിക്കുന്നു
........
സ്വര്‍ഗ്ഗത്തിലിരിക്കുന്നവന്‍ അതുകേട്ട് ചിരിക്കുന്നു
കര്‍ത്താവ് അവരെ പരിഹസിക്കുന്നു
........
എന്‍റെ വിശുദ്ധ മലയായ സീയോനില്‍ ഞാനാണ്
എന്‍റെ രാജാവിനെ വാഴിച്ചതെന്ന് അവിടുന്ന് അരുള്‍ചെയ്യും..."
എന്നാലപിക്കുന്ന 2-ാം സങ്കീര്‍ത്തനം ഒരു രാജകീയ കീര്‍ത്തനമാണ്.
ചില സങ്കീര്‍ത്തനങ്ങള്‍ യാഹ്വെയെ രാജാവായി കീര്‍ത്തിക്കുന്നവയാണ്. ഇസ്രായേലിന്‍റെ വിശ്വാസമനുസരിച്ച് കെരൂബുകളുടെമേല്‍ എഴുന്നള്ളിയിരിക്കുന്ന സൈന്യങ്ങളുടെ കര്‍ത്താവാണ് ദൈവം (1സാമു 4:4; സങ്കീ 80:1). ഈ വലിയ രാജാവിന്‍റെ മഹത്ത്വം കീര്‍ത്തിക്കുന്ന സങ്കീര്‍ത്തനങ്ങളാണ് 29, 47, 93, 95-99 എന്നിവ. ഉദാഹരണമായി:
"ജനതകളേ കരഘോഷം മുഴക്കുവിന്‍.
ദൈവത്തിനുമുമ്പില്‍ ആഹ്ലാദാരവം മുഴക്കുവിന്‍.
അത്യുന്നതനായ കര്‍ത്താവ് ഭീതിദനാണ്;
അവിടുന്ന് ഭൂമി മുഴുവന്‍റെയും രാജാവാണ്.
അവിടുന്ന് രാജ്യങ്ങളുടെമേല്‍ നമുക്ക് വിജയം നേടിത്തന്നു" (സങ്കീ 47:1-3).
ഏകസത്യദൈവമായ കര്‍ത്താവ് സീയോനെ തന്‍റെ വാസസ്ഥലമായി തിരഞ്ഞെടുത്തു (നിയ 12). ആ പട്ടണത്തിന്‍റെ മഹത്ത്വത്തെക്കുറിച്ചും അതിലെ ദേവാലയത്തെക്കുറിച്ചും, അവിടെ പ്രവേശിക്കുമ്പോള്‍ ഭക്തനുണ്ടാകുന്ന മനോഭാവത്തെക്കുറിച്ചുമൊക്കെ അവനെ ഉദ്ബോധിപ്പിക്കുന്ന ഗീതങ്ങളാണ് സീയോന്‍ കീര്‍ത്തനങ്ങള്‍. ദൈവജനമായ ഇസ്രായേലിന് രക്ഷവരേണ്ടത് സീയോനില്‍ നിന്നാണ്. സീയോനെ ദൈവത്തിന്‍റെ മലയെന്നും, ദൈവത്തിന്‍റെ നഗരമെന്നും ദൈവത്തിന്‍റെ വാസസ്ഥലമെന്നും സൗന്ദര്യത്തികവെന്നുമൊക്കെയാണ് സങ്കീര്‍ത്തകന്‍ വിശേഷിപ്പിക്കുന്നത്:
"കര്‍ത്താവ് ഉന്നതനാണ്,
നമ്മുടെ ദൈവത്തിന്‍റെ നഗരത്തില്‍
അത്യന്തം സ്തുത്യര്‍ഹനാണ്
ഉയര്‍ന്നു മനോഹരമായ അവിടുത്തെ വിശുദ്ധഗിരി
ഭൂമി മുഴുവന്‍റെയും സന്തോഷമാണ്;
അങ്ങ് വടക്കുള്ള സെഹിയോന്‍ പര്‍വ്വതം
മഹാരാജാവിന്‍റെ നഗരമാണ്..."
എന്നു സ്തുതിക്കുന്ന 48-ാം സങ്കീര്‍ത്തനം സീയോന്‍ഗീതങ്ങളുടെ ശൈലിയെന്തെന്ന് കാണിക്കുന്നു. 122-ാം സങ്കീര്‍ത്തനം വായിക്കുമ്പോള്‍ ദേവാലയത്തെക്കുറിച്ച് സ്നേഹത്തോടെ ചിന്തിക്കുന്ന ഭക്തനെ കാണാന്‍കഴിയും. സങ്കീ 46, 48, 26, 84, 87, 122 എന്നിവയാണ് സീയോന്‍ കീര്‍ത്തനങ്ങള്‍ എന്നറിയപ്പെടുന്നത്.
8 ജ്ഞാനഗീതങ്ങള്‍ (പ്രബോധന ഗീതങ്ങള്‍)
ജ്ഞാനഗ്രന്ഥങ്ങളുടെ അടിസ്ഥാന വീക്ഷണങ്ങള്‍ നിലനിര്‍ത്തുന്ന ഉപദേശങ്ങളാണ് ഈ കീര്‍ത്തനങ്ങളുടെ ഉള്ളടക്കം. പഠനക്കളരികളുമായി ബന്ധപ്പെട്ട് രൂപം കൊണ്ടവയാണിവയെന്ന് കരുതപ്പെടുന്നു. മാതൃകാപരമായ ജീവിതത്തിനാവശ്യമായ ഉപദേശങ്ങളാണ് ഈ ഗീതങ്ങള്‍ നല്കുന്നത്. നന്മചെയ്യാന്‍ ശ്രോതാക്കളെ പ്രബോധിപ്പിക്കുകയാണ് ഈ കീര്‍ത്തനങ്ങളുടെ ലക്ഷ്യം:
"ദുഷ്ടരുടെ ഉപദേശം സ്വീകരിക്കുകയോ
പാപികളുടെ വഴിയില്‍ വ്യാപരിക്കുകയോ
പരിഹാസകരുടെ പീഠങ്ങളിലിരിക്കുകയോ
ചെയ്യാത്തവന്‍ ഭാഗ്യവാന്‍.
അവന്‍റെ ആനന്ദം കര്‍ത്താവിന്‍റെ നിയമത്തിലാണ്;
രാവും പകലും അവന്‍
അതേക്കുറിച്ച് ധ്യാനിക്കുന്നു
നീര്‍ച്ചാലിനരികെ നട്ടതും യഥാകാലം
ഫലം തരുന്നതും
ഇല കൊഴിയാത്തതുമായ വൃക്ഷംപോലെയാണവന്‍
അവന്‍റെ പ്രവൃത്തികള്‍ സഫലമാകുന്നു..."
എന്ന് ഒരു ഗുരു തന്‍റെ ശിഷ്യര്‍ക്ക് ഉപദേശം നല്കുന്ന ഒന്നാം സങ്കീര്‍ത്തനം പ്രബോധനഗീതങ്ങള്‍ക്ക് മാതൃകയാണ്. സങ്കീ 1, 19, 36, 37, 49, 73, 78, 112, 119, 127, 128 മുതലായവ ഈ ഗണത്തില്‍പെടുന്നു.
ചില സങ്കീര്‍ത്തനങ്ങള്‍ ജ്ഞാനകീര്‍ത്തനങ്ങള്‍ പോലെതന്നെ ഉപദേശങ്ങളാണെങ്കിലും അവയുടെ ഉള്ളടക്കവും ശൈലിയും ജ്ഞാനകീര്‍ത്തനങ്ങളുടെതല്ല. അവയ്ക്കു കൂടുതല്‍ സാമ്യമുള്ളത് പ്രവാചക സന്ദേശങ്ങളോടാണ്. പ്രബോധിപ്പിക്കപ്പെടുന്ന കാര്യങ്ങളില്‍ തീരുമാനങ്ങളെടുക്കാന്‍ ഈ കീര്‍ത്തനങ്ങള്‍ ശ്രോതാവിനെ ആഹ്വാനം ചെയ്യുന്നു. ദൈവത്തിന്‍റെ കോടതിയില്‍ നടക്കുന്ന വിചാരണകള്‍ക്കു സമാനമായാണ് ഇവ പ്രത്യക്ഷപ്പെടുന്നത്. വിചാരണയില്‍ ന്യായാധിപനും കുറ്റം ആരോപിക്കുന്നവനും നഷ്ടം സഹിച്ചവനും ദൈവം തന്നെയാണ്. ഇത് പ്രവാചകരുടെ ഒരു പ്രസംഗശൈലിയായിരുന്നു. ഉദാ. "കര്‍ത്താവായ ദൈവം, ശക്തനായവന്‍, സംസാരിക്കുന്നു; കിഴക്കുമുതല്‍ പടിഞ്ഞാറുവരെയുള്ളڅഭൂമി മുഴുവനെയും അവിടുന്നു വിളിക്കുന്നു. ...
തന്‍െറ ജനത്തെ വിധിക്കാന്‍ അവിടുന്ന്ആകാശത്തെയും ഭൂമിയെയും വിളിക്കുന്നു.
ബലിയര്‍പ്പണത്തോടെ എന്നോട് ഉടമ്പടിചെയ്തിട്ടുള്ള എന്‍െറ വിശ്വസ്തരെ എന്‍െറ അടുത്തു വിളിച്ചുകൂട്ടുവിന്‍.
ആകാശം അവിടുത്തെ നീതിയെ ഉദ്ഘോഷിക്കുന്നു; ദൈവം തന്നെയാണു വിധികര്‍ത്താവ്.
എന്‍െറ ജനമേ, കേള്‍ക്കുവിന്‍, ഞാന്‍ ഇതാ, സംസാരിക്കുന്നു; ഇസ്രായേലേ, ഞാന്‍ നിനക്കെതിരേ സാക്ഷ്യം നല്‍കും; ഞാനാണു ദൈവം, നിന്‍െറ ദൈവം" (സങ്കീ 50:1-7).
സങ്കീര്‍ത്തനം 50, 81, 95 മുതലായവ പ്രവാചക പ്രബോധനങ്ങള്‍ക്കു ദാഹരണമാണ്.
സങ്കീര്‍ത്തനങ്ങള്‍ ദൈവവചനമാണ്
സങ്കീര്‍ത്തനങ്ങള്‍ പ്രാര്‍ത്ഥനകളും ഉപദേശങ്ങളുമായിരിക്കെ അത് ദൈവവചനമാകുന്നതെങ്ങനെയാണെന്ന് ചോദിച്ചേക്കാം. വിവിധങ്ങളായ ജീവിതസാഹചര്യങ്ങളില്‍ വിശ്വാസികളും, വിശുദ്ധരുമായ മനുഷ്യര്‍ സ്വീകരിച്ച വിശ്വാസാനുസൃതമായ നിലപാടുകളെ നമുക്ക് പറഞ്ഞു തരുന്നതിനാലാണ് സങ്കീര്‍ത്തനങ്ങള്‍ ദൈവവചനമാകുന്നത്. ഓരോ സങ്കീര്‍ത്തനത്തിന്‍റെയും പശ്ചാത്തലം പഠിച്ചാല്‍ ഈ വസ്തുത വ്യക്തമാകും. ഈ സാഹചര്യങ്ങളെല്ലാം വ്യത്യസ്തങ്ങളാണ്. അങ്ങനെയുള്ള സന്തോഷത്തിന്‍റെയും ദുഃഖത്തിന്‍റെയും ആഘോഷത്തിന്‍റെയും കൃതജ്ഞതയുടെയുമായ സാഹചര്യങ്ങളില്‍ വിശ്വാസികള്‍ എങ്ങനെ പ്രതികരിച്ചുവെന്നാണ് സങ്കീര്‍ ത്തനങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. സങ്കീര്‍ത്തനങ്ങള്‍ പ്രാര്‍ത്ഥിക്കുകയും അതിലെ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്നവര്‍ ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളിലും ഒരു ഭക്തന്‍ പെരുമാറേണ്ടതെങ്ങനെയെന്ന് പഠിച്ചവരാണ്. കുരിശിലെ കഠിന വേദനയില്‍ സങ്കീര്‍ത്തനം പ്രാര്‍ത്ഥനയാക്കുന്ന ക്രിസ്തു (സങ്കീ 22) ഒരു യഥാര്‍ത്ഥ ഭക്തന്‍റെ മാതൃകയാണെന്ന് പറയാന്‍ കഴിയും. പഴയ രാഷ്ട്രീയ ഭരണാധികാരികളുടെ സ്ഥാനത്ത് ഇന്നത്തെ ഭരണാധികാരികളെയും, ഇസ്രായേലിന്‍റെ ശത്രുക്കളുടെ സ്ഥാനത്ത് സഭാശത്രുക്കളെയും ആത്മാവിന്‍റെ ശത്രുക്കളെയും കണ്ട് നമുക്ക് പ്രാര്‍ത്ഥിക്കാന്‍ കഴിയും.
പ്രബോധന കീര്‍ത്തനങ്ങള്‍ ഉണ്ടെങ്കിലും പ്രാര്‍ത്ഥനകളും സ്തുതിപ്പുകളും, ആരാധനക്രമപരമായ ഗീതങ്ങളും നിറഞ്ഞ സങ്കീര്‍ത്തനപുസ്തകം ജ്ഞാനഗ്രന്ഥങ്ങളുടെ ഭാഗമാകുന്നത് അവ പഴയ തലമുറയുടെ അനുഭവത്തില്‍നിന്നും അവരുടെ ധ്യാനചിന്തകളില്‍നിന്നും ജന്മമെടുത്തതിനാലാണ്. അത് മനുഷ്യന്‍റെ ദൈവാന്വേഷണത്തിന്‍റെ ഭാഗമാണ്.
Psalms bible bible in malayalam catholic malayalam Rev. Antony Tharekadavil Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206