We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.
Authored by : Dr. Michael Karimattam On 16-Nov-2022
പ്രവാചകഘാതകി - ഹേറോദിയാ
രക്തമൊലിക്കുന്ന സ്നാപകശിരസ്സ് വെള്ളിത്താലത്തിലേന്തി നില്ക്കുന്ന ഭീകരരൂപമാണ് ഹേറോദിയാ എന്ന പേര് മനസ്സിലുണർത്തുന്നത്. സമാന്തരസുവിശേഷങ്ങൾ മൂന്നും ഹേറോദിയായെക്കുറിച്ചു പരാമർശിക്കുന്നുണ്ട് (മത്താ 14,1-12, മർക്കോ 6,14-29; ലൂക്കാ 3,19-20). അതിൽ ഏറ്റവും ദീർഘവും ബീഭത്സവുമായ വിവരണം മർക്കോസിന്റെ സുവിശേഷത്തിൽ കാണാം. ചിത്രത്തിന്റെ ഭീകരത വർദ്ധിപ്പിക്കുന്ന അവളുടേതായ രണ്ടു വാക്കുകളും മർക്കോസ് രേഖപ്പെടുത്തിയിട്ടുണ്ട്:
"സ്നാപകയോഹന്നാന്റെ ശിരസ്" (മർക്കോ 4,24). മിശിഹായ്ക്ക് വഴിയൊരുക്കാൻ വന്ന യോഹന്നാന്റെ തല ആവശ്യപ്പെടാൻ അവൾക്കു മതിയായ കാരണമുണ്ടായിരുന്നു എന്ന് സുവിശേഷത്തിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത ചരിത്രം പരിശോധിച്ചാൽ മനസ്സിലാകും.
ബേത്ലഹെമിൽ ജനിച്ച മിശിഹായെ വധിക്കാൻ വേണ്ടി ആ പട്ടണത്തിലും പരിസരത്തുമുള്ള ശിശുക്കളെയെല്ലാം കൊന്നൊടുക്കാൻ കല്പിച്ച മഹാനായ ഹേറോദേസിന്റെ പൗത്രിയാണ് കഥാനായിക. ഹസ്മോണേയ രാജവംശവുമായി ബന്ധം സ്ഥാപിച്ച് തന്റെ തന്നെ രാജത്വത്തിനു പിന്തുണ സമ്പാദിക്കാൻ വേണ്ടി അയാൾ വിവാഹം കഴിച്ച മരിയാംനയിൽ ജനിച്ച പുത്രൻ അരിസ്റ്റോബുളുസിന്റെ നാലു മക്കളിൽ ഏറ്റവും ഇളയവളാണ് ഹേറോദിയാ. കാൽചിസിലെ ഹേറോദേസ്, ഇസ്രായേലിന്റെ മുഴുവൻ രാജാവായി പിന്നീട് അവരോധിക്കപ്പെട്ട ഹേറോദേസ് അഗ്രിപ്പാ ഒന്നാമൻ, ഒട്ടുംതന്നെ അറിയപ്പെടാത്ത അരിസ്റ്റോബുളുസ് എന്നിവരായിരുന്നു സഹോദരന്മാർ.
ഹേറോദേസ് മഹാരാജാവിന് മരിയാംനെ എന്നപേരിൽത്തന്നെയുള്ള മറ്റൊരു ഭാര്യയിൽ (മരിയംനെ II) ജനിച്ച ഹേറോദേസ് ഫിലിപ്പിന്റെ ഭാര്യയായി റോമിൽ വസിക്കുകയായിരുന്നു ഹേറോദിയാ. ആ വിവാഹത്തിൽ ജനിച്ച മകളാണ് സലോമി. മൽത്താസ് എന്ന മറ്റൊരു ഭാര്യയിൽ ഹേറോദേസ് മഹാരാജാവിനു ജനിച്ച മക്കളാണ് അർക്കെലാവോസും അന്തിപ്പാസും. പിതാവിന്റെ മരണശേഷം അന്തിപ്പാസ് ഗലീലിയുടെ ഭരണാധിപനായി. നബത്തേയൻ രാജാവായ അരേത്താസിന്റെ മകളെ അയാൾ വിവാഹം ചെയ്തു. എ.ഡി. 28 ൽ റോമാ സന്ദർശിക്കാൻ പോയ അയാൾ തന്റെ അർദ്ധസഹോദരനായ ഹെറോദേസ് ഫിലിപ്പിന്റെ വീട്ടിൽ താമസിക്കവേ അയാളുടെ ഭാര്യ ഹേറോദിയായിൽ താല്പര്യമുണ്ടായി. അഭിലാഷം അനുരാഗമായി, ആസക്തിയായി വളർന്നു. ഹേറോദിയാ ഫിലിപ്പുമായുള്ള വിവാഹബന്ധം വിഛേദിച്ച്, അന്തിപ്പാസിനെ വിവാഹം ചെയ്തു. വിവരമറിഞ്ഞ നബത്തേയൻ രാജകുമാരി അന്തിപ്പാസിന്റെ അരമനയിൽനിന്ന് ഒളിച്ചോടി, തന്റെ പിതാവിന്റെടുക്കൽ അഭയം പ്രാപിച്ചു.
സഹോദരപുത്രിയും അതേസമയം സഹോദരഭാര്യയുമായ ഹേറോദിയായെ ഭാര്യയായി സ്വീകരിച്ചു മടങ്ങിവന്ന ഹേറോദേസ് അന്തിപ്പാസിനെതിരെ ജനരോഷം ആളിക്കത്തി. ചാവുകടൽത്തീരത്തും യൂദാ മരുഭൂമിയിലും ജോർദ്ദാൻ നദീതടങ്ങളിലും കൊടുങ്കാറ്റുപോലെ ഉയർന്ന സ്നാപകയോഹന്നാന്റെ പ്രവാചക ശബ്ദം ഈ അവിശുദ്ധബന്ധത്തിനെതിരേ ആഞ്ഞുവീശി. സഹോദരഭാര്യയെ ഭാര്യയായി സ്വീകരിക്കാൻ മോശയുടെ നിയമം അനുവദിക്കുന്നുണ്ട്. അത് മക്കളില്ലാതെ സഹോദരൻ മരിക്കുന്ന സാഹചര്യത്തിലാണ് (നിയ 25,5). എന്നാൽ സഹോദരൻ ഫിലിപ്പ് ജീവിച്ചിരിക്കെ അയാളുടെ ഭാര്യയെ ഭാര്യയായി സ്വീകരിച്ചത് ദൈവികനിയമത്തിന്റെ ലംഘനമാണ്. ആ ബന്ധം ഉപേക്ഷിച്ചേ മതിയാകൂ എന്ന് സ്നാപകയോഹന്നാൻ ആജ്ഞാപിച്ചു.
അന്തിപ്പാസ് വലിയൊരു പ്രതിസന്ധിയിലായി. മറ്റൊരുവളെ വിവാഹം കഴിക്കുകവഴി തന്റെ മകളെ അവഹേളിക്കുകയും ഉടമ്പടി ലംഘിക്കുകയും ചെയ്തതിന്റെ പേരിൽ ക്രൂദ്ധനായ നബത്തേയൻ രാജാവ് അരേത്താസ് അന്തിപ്പാസിനെതിരേ പടയൊരുക്കി. ചെറുത്തു നില്ക്കാൻ ഗലീലിയുടെ ഭരണാധിപന് കരുത്തുണ്ടായിരുന്നില്ല. ശത്രു സൈന്യം അതിർത്തി കടന്നാക്രമിക്കാൻ തുടങ്ങുമ്പോൾ സ്വന്തം ജനം ദൈവികനിയമത്തിന്റെ പേരിൽ കലാപത്തിനൊരുങ്ങി. എരിതീയിൽ എണ്ണ പോലെയായി സ്നാപകന്റെ പ്രവാചകപ്രതിഷേധം. ഈ സാഹചര്യത്തിലാണ് സ്നാപകനെ കാരാഗൃഹത്തിലടച്ചത്. തടവറയിലാണങ്കിലും സ്നാപകൻ നിശബ്ദനായിരുന്നില്ല. ഹേറോദേസ് തന്നെ അദ്ദേഹത്തെ താല്പര്യപൂർവ്വം ശ്രവിച്ചിരുന്നു. താൻ ചെയ്തതു തെറ്റാണെന്നും പാപത്തിലാണ് ജീവിക്കുന്നതെന്നും ബോധ്യമുണ്ടായിരുന്ന ഹേറോദേസിനെ സ്നാപകവചനങ്ങൾ ഏറെ അസ്വസ്ഥനാക്കി.
സാഹചര്യങ്ങൾ തനിക്ക് ഒട്ടും അനുകൂലമല്ല എന്ന് ഹോറോദിയാ മനസ്സിലാക്കി. വിവാഹമോചനത്തിനു നിർബന്ധിക്കുന്ന സ്നാപകൻ; തന്റെ രക്തത്തിനായി ദാഹിക്കുന്ന ജനം. തന്നെ ഉന്മൂലനം ചെയ്ത് അഭിമാനം കാക്കാൻ ശ്രമിക്കുന്ന അയൽരാജാവ്. തീരുമാനമെടുക്കാൻ കഴിയാതെ ഞാങ്ങണപോലെ വളഞ്ഞാടുന്ന ഭീരുവായ ഭർത്താവ്. ഇവർക്കു മധ്യേ നിന്ന ഹേറോദിയാ തന്റെ നിലനില്പിന് സ്നാപകൻ മരിച്ചേ മതിയാകൂ എന്നു തീരുമാനിച്ചു. അല്ലെങ്കിൽ തന്റെ വിവാഹബന്ധം മാത്രമല്ല, ജീവൻ തന്നെ നഷ്ടപ്പെടും എന്ന് അവൾ ഭയന്നു.
തന്റെ പദ്ധതി നടപ്പിലാക്കാൻ തക്കം നോക്കിയിരുന്ന ഹേറോദിയാക്ക് ഭർത്താവിന്റെ പിറന്നാളാഘോഷം അനുകൂലമായ അവസരമൊരുക്കി. ദേശാധിപതികളും സൈന്യാധിപന്മാരും ദേശത്തെ പ്രമുഖ വ്യക്തികളെല്ലാവരുമടങ്ങുന്ന സദസ്സിൽ തന്റെ മകൾ സലോമിയെ നൃത്തത്തിനായി അവൾ പറഞ്ഞയച്ചു. അവളുടെ വശ്യമായ നൃത്തത്തിൽ മതിമറന്ന ഹേറോദേസ് അവളെ വാനോളം പുകഴ്ത്തി. എന്തു ചോദിച്ചാലും കൊടുക്കാം എന്ന വാഗ്ദാനവും നല്കി. ഇതു തന്നെയാണ് ഹേറോദിയാ ആഗ്രഹിച്ചത്.
എന്തു സമ്മാനം ആവശ്യപ്പെടണം എന്ന് ചോദിച്ച മകൾക്കു കൊടുക്കാനുള്ള മറുപടി അവൾ ഒരുക്കിവച്ചിരുന്നു. "സ്നാപകയോഹന്നാന്റെ ശിരസ്". അതിൽ തികച്ചും നാടകീയമായിത്തന്നെ മകൾ രാജസദസ്സിൽ അവതരിപ്പിച്ചു: “ഇപ്പോൾത്തന്നെ സ്നാപകയോഹന്നാന്റെ ശിരസ് ഒരു തളികയിൽ വച്ച് എനിക്കു തരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു" (മർക്കോ 16,25). പണ്ടുതന്നെ നട്ടെല്ലു നഷ്ടപ്പെട്ട രാജാവ്, പൊതുജനാഭിപ്രായത്തെ ഭയന്ന്, കല്പന നല്കി. പടയാളി തടവറയിൽ ചെന്ന് സ്നാപകന്റെ തല വെട്ടിയെടുത്ത് താലത്തിൽ വച്ച് സലോമിക്കു നല്കി. അവൾ അതു തന്റെ അമ്മയ്ക്ക് ഉപഹാരമായി അർപ്പിച്ചു. തികച്ചും പൈശാചികമെന്ന് വിശേഷിപ്പിക്കാവുന്ന ഈ കൃത്യത്തിനുശേഷം ഹേറോദിയായെക്കുറിച്ച് സുവിശേഷകന്മാർ ഒന്നും പറയുന്നില്ല. എന്നാൽ അവളുടെ ജീവിതം ഇതുകൊണ്ടവസാനിച്ചില്ല.
ഏതാണ്ട് പത്തു വർഷങ്ങൾക്കുശേഷം എ.ഡി. 37 ൽ ഹോറോദിയായുടെ സഹോദരൻ ഹേറോദേസ് അഗ്രിപ്പായെ റോമൻ ചക്രവർത്തി കലിഗുള രാജാവായി നിയമിച്ചു. ഫിലിപ്പിന്റെ ആധിപത്യത്തിൻ കീഴിലുണ്ടായിരുന്ന ഇത്തൂറിയാ, ത്രാക്കോണിത്തിസ് പ്രദേശങ്ങളുടെ ഭരണാധികാരവും നല്കി. സഹോദരനു ലഭിച്ച രാജപദവി തന്റെ ഭർത്താവിനും ലഭിക്കണം എന്നാഗ്രഹിച്ച ഹേറോദിയാ അതിനായി തന്ത്രങ്ങൾ മെനഞ്ഞു. ഭാര്യയുടെ നിരന്തരമായ പ്രേരണയ്ക്കും സമ്മർദ്ദത്തിനും വഴങ്ങിയ ഹേറോദേസ് അന്തിപ്പാസ് കിരീടാഭ്യർത്ഥനയുമായി റോമിലെത്തി. എന്നാൽ ഗലീലിയിലെ അയാളുടെ പ്രവർത്തനങ്ങളെക്കുറിച്ച് അനേകം പരാതികൾ ലഭിച്ചിരുന്നതിനാൽ റോമൻ സെനറ്റ് എ.ഡി. 39 ൽ അയാളെ നാടുകടത്തി, അയാളുടെ അധികാര സീമയിലുണ്ടായിരുന്ന ഗലീലിയും അഗ്രിപ്പയ്ക്കു നല്കി.
അഗ്രിപ്പായുടെ സഹോദരിയെന്ന നിലയിൽ ഹേറോദിയായെ കുറ്റ വിമുക്തയാക്കിയ ചക്രവർത്തി അവൾക്കു ഗലീലിയിലോ റോമിലോ താമസിക്കാൻ അനുവാദം നല്കി. എങ്കിലും ഭർത്താവിനോടൊപ്പം ഫ്രാൻസിലെ ലിയോണിലേക്കു പ്രവാസിയായി പോകാനാണ് അവൾ തീരുമാനിച്ചത്. അങ്ങനെ അവസാനം വരെ അവൾ ഭർത്താവിനോടു ചേർന്നു നിന്നു. അവൾക്കു മക്കളുണ്ടായിരുന്നില്ല. ആ ബന്ധം അവരുടെ മരണത്തോടെ അവസാനിച്ചു.
ഒരു രാക്ഷസിനെപ്പോലെ ഭീകരിയാണ് ഹേറോദിയാ എന്നു തോന്നാം. സുവിശേഷങ്ങൾ രേഖപ്പെടുത്തിയിരിക്കുന്ന അവളുടെ ചെയ്തി അതിനു ന്യായീകരണം നല്കുന്നുമുണ്ട്. എന്നാലും പ്രവാചകഘാതകിയായ ഭീകരിയെന്നു വിധിയെഴുതി മാറ്റി നിർത്തുന്നതിനുമുമ്പേ അവളുടെ തന്നെ അവസ്ഥയിൽനിന്ന്, അവൾ കടന്നു പോന്ന വഴികളിലും നേരിട്ട പ്രതിസന്ധികളിലും നിന്ന്, ഹേറോദിയായെ മനസ്സിലാക്കാൻ ശ്രമിക്കേണ്ടതുണ്ട്.
രാജപുത്രിയായ മരിയാമ്നയിൽ ഹേറോദേസിനു ജനിച്ച അരിസ്റ്റോബുളസിന്റെ മകളാണ് ഹേറോദിയാ എന്ന് ആരംഭത്തിൽ നാം കണ്ടു. തന്റെ അധികാരത്തിനു ഭീഷണിയാകും എന്നു കരുതിയവരെയെല്ലാം നിഷ്കരുണം കൊന്നൊടുക്കുക ഹേറോദേസ് മഹാരാജാവിന്റെ ഭരണനയമായിരുന്നു. മരിയാംനേയുടെ സഹോദരൻ അരിസ്റ്റോബുളസിനെ പ്രധാനപുരോഹിതനായി നിശ്ചയിച്ച ഹേറോദേസ് തന്നെ അധികം താമസിയാതെ ജെറീക്കോയിലെ നീന്തൽ കുളത്തിൽ വച്ച് അയാളെ മുക്കിക്കൊല്ലാൻ പടയാളികളെ നിയോഗിച്ചു. ബി. സി. 29-ൽ മരിയാംനേയെ വധിച്ചു. എ.ഡി. 12 ൽ ഹേറോദിയായുടെ പിതാവായ അരിസ്റ്റോബുളസിനെയും അയാളുടെ സഹോദരൻ അലക്സാണ്ടറിനെയും പിതാവായ ഹേറോദേസ് തന്നെ വധിച്ചു. ഭയവും ക്രൂരതയും നിറഞ്ഞ പിതാമഹന്റെ രക്തം അവളുടെ സിരകളിലൂടെ ഒഴുകുന്നുണ്ടായിരുന്നു. സ്വന്തം പിതാവിന്റെയും മാതുലന്റെയും വലിയമ്മയുടെയും എല്ലാം മരണം കണ്ടു ഭയന്ന് അവളുടെ ഹൃദയം കടുത്തു പോയെങ്കിൽ അത്ഭുതത്തിന് വകയില്ല.
ഭയം മാത്രമല്ല, അധികാരമോഹവും അവൾക്കുണ്ടായിരുന്നു. റോമിലെ സാധാരണജീവിതം അവൾക്കു മടുത്തു. ഗലീലിയുടെ ഭാരണസാരഥ്യം അന്തിപ്പാസിലേക്ക് അവളെ ആകർഷിച്ചു. റോമാനഗരത്തിൽ വളർന്ന അവൾ ആ നഗരത്തിന്റെ സംസ്കാരമെല്ലാം സ്വന്തമാക്കിയിരുന്നു. വിവാഹമോചനവും, ബഹുഭാര്യ-ഭർതൃത്വവും റോമിൽ സർവ്വസാധാരണമായിരുന്നു. അധികാരത്തിനുവേണ്ടിയുള്ള ഉപജാപങ്ങളും കൊലപാതകങ്ങളും ഒട്ടും അസാധാരണമായിരുന്നില്ല. അതിനാൽ അന്തിപ്പാസിന്റെ ഭാര്യയാകാൻ വേണ്ടി ആദ്യ ഭർത്താവിനെ ഉപേഷിക്കുന്നതിൽ ഒരു തെറ്റും അവൾ കണ്ടില്ല. അതിജീവനകലയും അധികാരമോഹവും അവളെ മുന്നോട്ടു നയിച്ചു. തന്റെ പദ്ധതികൾക്കു പ്രതിബന്ധമായി നില്ക്കുന്നവരെ ഉരുക്കുമുഷ്ടി കൊണ്ടു നേരിടാൻ അവൾ തയ്യാറായി. അവസാനം എല്ലാം നഷ്ടപ്പെട്ടപ്പോൾ ഭർത്താവിനോടൊപ്പം പ്രവാസത്തിലേക്കു പോകാനും അവൾ മടിച്ചില്ല.
എണ്ണൂറു വർഷങ്ങൾക്കുമുമ്പ് ഏലിയായെ വധിക്കാൻ ശ്രമിച്ച ജെസബെൽ രാജ്ഞിയോട് ഹേറോദിയായ്ക്ക് വലിയ സാമ്യമുണ്ട്, പ്രത്യേകിച്ചും സുവിശേഷങ്ങൾ വരച്ചുകാട്ടുന്ന അവളുടെ ചിത്രത്തിന്. മടങ്ങിവന്ന ഏലിയാ ആയിട്ടാണ് ജനം സ്നാപകനെ കണ്ടത്. അതിനാൽത്തന്നെ സ്നാപകവധത്തിനു പ്രേരിപ്പിച്ച ഹേറോദിയായെ ജെസബെലിനോടു താരതമ്യം ചെയ്യുക സ്വാഭാവികമായിരുന്നു. രണ്ടുപേരും സ്ത്രീത്വത്തിന്റെ ഭീകരമായൊരു മുഖഭാവം ചരിത്രത്തിൽ അനാവരണം ചെയ്യുന്നു. അതോടൊപ്പം സാഹചര്യങ്ങൾ ഒരു വ്യക്തിയെ എത്രമാത്രം സ്വാധീനിക്കുന്നു എന്നതിന്റെയും ഉദാഹരണങ്ങളാണ് ഇരുവരും.
പ്രവാചകഘാതകി - ഹേറോദിയാ മർക്കോ 4 Dr. Michael Karimattam ഹേറോദിയാ Bible Theology Church Teachings
place 3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
call
Call For More Information
04935 293101, 97446 67206
mail
Mail us on
info@fedarfoundation.com
FEDAR FOUNDATION
3rd Floor, Room No.704, Olive Arcade, Near St. Joseph’s Hospital, Mananthavady – 670645
Email : info@fedarfoundation.com
Phone : 04935 293101, 97446 67206