x

Thank You

We appreciate that you have taken the time to write us. We will get back to you very soon. Please come back and see us often.


Follow Us
Facebook
Message To
WHATSAPP
Write Us
Email

ബൈബിള്‍ പഠനങ്ങള്‍

west ബൈബിള്‍ പഠനങ്ങള്‍/ ബൈബിൾ വ്യാഖ്യാനം

ബാലാമിന്റെ പ്രവചനങ്ങള്‍ (സംഖ്യ 22,2-24,25)

Authored by : Bishop Joseph Pamplany ,Rev. Dr. Throttuomas Kochuka On 10-Feb-2021

ബാലാമിന്‍റെ പ്രവചനങ്ങള്‍

(സംഖ്യ 22,2-24,25)

സംഖ്യയുടെ പുസ്തകത്തിലെ ബാലാമിന്‍റെ പ്രവ ചനങ്ങള്‍ ദൈവശാസ്ത്രപരമായി ഏറെ പ്രാധാന്യ മുള്ളതാണ്. വരാനിരിക്കുന്ന രക്ഷകനെക്കുറിച്ചുള്ള വ്യക്ത മായ പ്രവചനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പഞ്ചഗ്രന്ഥ ഭാഗമെന്ന നിലയില്‍ ഈ പ്രവചനങ്ങള്‍ പുതിയനിയമ പഠനത്തിന് ഏറെ അനിവാര്യമാണ്. ഈ പ്രവചനങ്ങളുടെ ഉള്ളടക്കമാണ് ഈ അധ്യായത്തിന്‍റെ പ്രതിപാദ്യം.

 തന്‍റെ രാജ്യാതിര്‍ത്തിയില്‍ പാളയമടിച്ചിരിക്കുന്ന ഇസ്രായേല്‍ക്കാരെ ആയുധശക്തികൊണ്ടു തോല്പിക്കുക അസാധ്യമെന്നു മനസ്സിലാക്കിയ മൊവാബു രാജാവായ ബാലാക് ആഭിചാരം കൊണ്ട് അവരെ കീഴടക്കുന്നതിനായി പേരുകേട്ട മന്ത്രവാദിയായ ബാലാമിനെ ദൂരദേശത്തു നിന്ന് ആളയച്ചു വരുത്തി.  എന്നാല്‍ ശപിക്കാനായി വാ തുറന്നപ്പോഴെല്ലാം അനുഗ്രഹവചസുകളാണ് ബാലാമിന്‍റെ വായില്‍ നിന്നു വീണത്. നിരാശനായ ബാലാക് ബാലാമിനെ വെറും കൈയോടെ തിരിച്ചയച്ചു. ഇസ്രായേലിന്‍റെ മഹത്വത്തെ പ്രകീര്‍ത്തിക്കാനും മൊവാബ്യരുടെ മൗഢ്യത്തെ പരിഹസിക്കാനുമായി ഇസ്രായേല്‍ക്കാര്‍ രചിച്ച ഒരു ഹാസ്യകഥയാണിതെന്നു വ്യാഖ്യാതാക്കള്‍ കരുതുന്നു. മൊവാബ്യരുടെയും അമ്മോന്യരുടെയും ഉത്ഭവത്തെക്കുറിച്ചുള്ള കഥ പോലെ (ഉല്‍പ 19, 30-38).

ഈ വിവരണത്തില്‍ ഹാസ്യം നിറഞ്ഞു നില്‍ക്കുന്നു എന്നതില്‍ സംശയമില്ല. എന്നാല്‍ ഇന്നു നമുക്കു ലഭിച്ചിരിക്കുന്ന വിവരണത്തെ മുഴുവനായി കണക്കിലെടുക്കുമ്പോള്‍ ഹാസ്യത്തെക്കാള്‍ മുന്നിട്ടു നില്ക്കുന്നത് ഇസ്രായേലിന്‍റെ സ്വഭാവത്തെയും ഭാവിയെയും സംബന്ധിച്ച ആഴമേറിയ, ദൈവശാസ്ത്രപരമായ ഉള്‍ക്കാഴ്ചകളാണ്. ബാലാമിന്‍റെ ചിത്രീകരണത്തിലും അയാളുടെ നാവില്‍ വച്ചു കൊടുത്തിരിക്കുന്ന പ്രവചനങ്ങളിലും ഈ കാഴ്ച്ചപ്പാടു വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെയാണ് ഈ കഥ ബൈബിളിന്‍റെ ഭാഗമായി അവതരിപ്പിച്ചിരിക്കുന്നത്.JE പാരമ്പര്യങ്ങളില്‍ വ്യത്യസ്ത ഊന്നലുകളോടെ നിലവിലിരുന്ന ഒരു കഥയുടെ രണ്ടു വിവരണങ്ങള്‍ ഒരുമിച്ചു ചേര്‍ത്തതാണ് ഇന്നത്തെ വിവരണം എന്ന് വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെടുന്നു. ബാലാമിന്‍റെ സ്വഭാവത്തെയും ചെയ്തികളെയും കുറിച്ചു പരസ്പര വിരുദ്ധമെന്നു തോന്നാവുന്ന ചില വിശദാംശങ്ങള്‍ക്ക് ഇതായിരിക്കാം കാരണം.

ഗദ്യവും പദ്യവും ഇടകലര്‍ത്തിയാണ് കഥ അവതരിപ്പിച്ചിരിക്കുന്നത്, വിവരണങ്ങളെല്ലാം ഗദ്യവും പ്രവചനങ്ങള്‍ നാലും പദ്യവും.  മൂന്ന് എന്ന സംഖ്യയ്ക്ക് ഈ വിവരണത്തില്‍ പ്രത്യേക പ്രാധാന്യം നല്കിയിരിക്കുന്നു.  ബാലാക്കുമായുള്ള കണ്ടുമുട്ടലിനു മുമ്പ് ബാലാമിന് ദൈവം പ്രത്യക്ഷപ്പെട്ടു നിര്‍ദ്ദേശങ്ങള്‍ നല്കുന്നത്, ദൂതന്‍ വഴി തടയുന്നത്, കഴുത വഴിമാറുന്നത്, ബലിപീഠങ്ങള്‍ നിര്‍മ്മിച്ച് ബലിയര്‍പ്പിക്കുന്നത് ഇവയെല്ലാം മൂന്നു തവണ ആവര്‍ത്തിക്കുന്നുണ്ട്. മൂന്ന് പൂര്‍ണ്ണതയുടെസംഖ്യയാകയാല്‍ എല്ലാം ദൈവഹിതം പോലെ നടക്കുന്നു എന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്.

ഇസ്രായേല്‍ ജനത്തിന്‍റെ സംഖ്യാബലവും ആയുധശക്തിയും യുദ്ധങ്ങളില്‍ അവര്‍ നേടിയ വിജയവും ചുറ്റുപാടുമുള്ള ജനതകളില്‍ ഉയര്‍ത്തിയ ഭയത്തെക്കുറിച്ചു പ്രതിപാദിച്ചുകൊണ്ട് വിവരണം ആരംഭിക്കുന്നു (22, 2-4). ഇസ്രായേല്‍ക്കാരെ തോല്പ്പിക്കാനുള്ള ഏകമാര്‍ഗ്ഗമെന്ന നിലയില്‍ അവര്‍ ബാലാമിന്‍റെ സഹായം തേടി. മൊവാബില്‍ നിന്ന് ഏകദേശം അറുനൂറു കിലോമീറ്റര്‍ അകലെ സിറിയായുടെ വടക്കു കിഴക്കേ അതിര്‍ത്തിയില്‍, യൂഫ്രട്ടീസ് നദിതീരത്തുള്ള ഒരു നഗരമാണ് ബാലാമിന്‍റെ വാസസ്ഥലമായ പെത്തോര്‍.

"ജനത്തെ വിഴുങ്ങുന്നവന്" എന്നാണ് ബാലാം എന്ന പേരിന്‍റെ അര്‍ത്ഥം. തന്‍റെ ശാപത്താല്‍ ജനസമൂഹങ്ങളെ ഒന്നടങ്കം നശിപ്പിക്കാനുള്ള അയാളുടെ അസാധാരണ കഴിവിനെ സൂചിപ്പിക്കുന്നതാണ് ഈ പേര്. ഇസ്രായേലിനെക്കുറിച്ച് ബാലാക്ക് നല്കുന്ന ലഘുവിവരണത്തില്‍ (22, 5) പുറപ്പാടു ചരിത്രത്തിന്‍റെ രത്നച്ചുരുക്കം കാണാം. അബ്രാഹത്തിന് ദൈവം നല്കിയ വാഗ്ദാനം (ഉല്‍പ. 15, 5. 18-21; 17, 8) പൂര്‍ത്തിയായി എന്നും ഇതിലൂടെ സൂചിപ്പിക്കുന്നു. അനുഗ്രഹത്തെയും ശാപത്തെയും കുറിച്ചുള്ള ബാലാക്കിന്‍റെ വാക്കുകള്‍ (22, 6) പുരാതനമതങ്ങളില്‍ നിലനിന്ന ഒരു പൊതുവിശ്വാസത്തിന്‍റെ പ്രകടനമാണ്. അനുഗ്രഹവും ശാപവും ഫലശൂന്യമായ വെറും വാക്കുകളല്ല. പറയുന്നവ നിറവേറ്റാന്‍ അവയ്ക്കു കഴിവുണ്ട്. ബാലാമിനുള്ള അമാനുഷിക മാന്ത്രികശക്തിയെക്കുറിച്ചാണ് ബാലാക്ക് സൂചിപ്പിക്കുന്നത്. എന്നാല്‍ പറയുന്ന വാക്കുകള്‍ യാന്ത്രികമായി നിറവേറുകയില്ല ആ വാക്കുകളെ പ്രവാചകന്‍റെ നാവില്‍ വച്ചുകൊടുക്കുന്ന ദൈവം അവ നിറവേറ്റുകയാണ് എന്ന് ബൈബിള്‍ പഠിപ്പിക്കുന്നു.

ബാലാമും കഴുതയും (സംഖ്യ 22,21-41)

ബാലാമിനെക്കുറിച്ച് ഇതുവരെ വരച്ചുകാട്ടിയതില്‍നിന്നും വ്യത്യസ്തമായ ഒരു ചിത്രമാണ് നര്‍മ്മരസം കലര്‍ന്ന അടുത്ത സംഭവത്തില്‍ അവതരിപ്പിക്കുന്നത്. ദൈവഹിതം മാത്രമേ പ്രവര്‍ത്തിക്കൂ എന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുകയും രണ്ടുതവണ കര്‍ത്താവിനെ കണ്ടുമുട്ടുകയും അവിടുത്തെ അനുവാദത്തോടെ യാത്ര പുറപ്പെടുകയും ചെയ്ത ബാലാമിനെ എന്തുകൊണ്ട് ദൈവദൂതന്‍ വഴിയില്‍ വച്ച് തടയുകയും കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു എന്നു വ്യക്തമല്ല. തിരുഹിതത്തിനു വിരുദ്ധമായിട്ടാണ് അയാള്‍ യാത്ര പുറപ്പെട്ടത് എന്ന് ഈ വിവരണത്തില്‍നിന്നു തോന്നും.

ദ്രവ്യാഗ്രഹത്താല്‍ അന്ധനായിത്തീര്‍ന്ന ഒരു പ്രവാചകന്‍റെ ചിത്രമാണ് ബാലാമിന്‍റെയും കഴുതയുടെയും കഥയില്‍ തെളിയുന്നത്.  ഊരിയ വാളുമായി വഴിയില്‍ നിന്ന ദൈവദൂതനെ കണ്ട കഴുത രണ്ടു തവണ വഴിമാറി; വഴിമാറുക അസാധ്യമായപ്പോള്‍ കിടന്നുകളഞ്ഞു. "ദീര്‍ഘദര്‍ശി"  എന്ന പേരു കേട്ട ബാലാമിന് കഴുതയുടെത്ര കാഴ്ചശക്തി പോലും ഇല്ലാതെ പോയി.  തന്‍റെ വിശ്വസ്ത സഹചാരിയായ കഴുതയുടെ പെരുമാറ്റരീതിയില്‍ വന്ന മാറ്റത്തെ തിരിച്ചറിയാനുള്ള ബുദ്ധിയും അയാള്‍ക്കു നഷ്ടപ്പെട്ടു. മൗഢ്യത്തിന്‍റെ പര്യായമായ കഴുതയേക്കാള്‍ വിഡ്ഢിയാണ് ബാലാം എന്ന് ഈ വിവരണങ്ങള്‍ സൂചിപ്പിക്കുന്നു. തല്ലു കൊണ്ടിട്ടും, തന്നെ തല്ലുന്ന യജമാനന്‍റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച കഴുത യജമാനസ്നേഹത്തിന്‍റെയും വിശ്വസ്തതയുടെയും പ്രതീകമാണ്. ഈ രണ്ടു ഗുണങ്ങളും ബാലാം കഴുതയില്‍നിന്നും പഠിക്കേണ്ടിവന്നു. കര്‍ത്താവിന്‍റെ വചനം മാത്രമേ പറയാവൂ എന്ന താക്കീതോടെ ദൂതന്‍ ബാലാമിനെ വിട്ടയച്ചു. കഴുതയുടെ മാതൃകയും ദൂതന്‍റെ താക്കീതും ബാലാമിനു മാത്രമല്ല, ഇസ്രായേല്‍ ജനത്തിനും സകല അനുവാചകര്‍ക്കും ഒരു പാഠമാണ്. ബാലാം വന്നതിലുള്ള സന്തോഷത്തിന്‍റെ അടയാളമായി ബാലാക് അയാളെ രാജ്യാതിര്‍ത്തിയില്‍ ചെന്നു സ്വീകരിച്ചു; ബലിയര്‍പ്പിച്ച് വിരുന്നു നടത്തി (22, 36-40). "ബാലാമിന്‍റെ പൂജാഗിരി"എന്നാണ് ബാമോത്ത് ബാല്‍ എന്ന പേരിന് (22, 41) അര്‍ത്ഥം.  അവിടെനിന്ന് ഇസ്രായേല്‍ പാളയത്തിന്‍റെ ഒരു ഭാഗം കാണാന്‍ കഴിഞ്ഞു.

വിചിന്തനം: ദ്രവ്യാഗ്രഹം വിശുദ്ധരെപ്പോലും വഴി തെറ്റിക്കുന്നു; ജ്ഞാനികളെ വിഡ്ഢികളാക്കുന്നു. "ധനമോഹമാണ് എല്ലാ തിന്മകളുടെയും അടിസ്ഥാന കാരണം" (1 തിമോ 6, 10) എന്ന വി. പൗലോസിന്‍റെ പഠനം ബാലാമിന്‍റെ അനുഭവത്തെ വ്യാഖ്യാനിക്കുന്നു. "ജ്ഞാനികളെ ലജ്ജിപ്പിക്കാന്‍ ലോകദൃഷ്ടിയില്‍ ഭോഷന്മാരായവരെ ദൈവം തിരഞ്ഞെടുത്തു" (1 കോറി 1, 27). ജ്ഞാനികള്‍ക്ക് അഗ്രാഹ്യമായ ദൈവരാജ്യത്തിന്‍റെ രഹസ്യങ്ങള്‍ ലോകദൃഷ്ടിയില്‍ ഭോഷന്മാരും അറിവില്ലാത്ത ശിശുക്കളും ആയവര്‍ക്ക് ദൈവം വെളിപ്പെടുന്നതിന്‍റെ അനുഭവങ്ങള്‍ ഇന്നും ധാരാളമുണ്ടാകാറുണ്ടല്ലോ. കഴുതകളില്‍നിന്നും പഠിക്കാന്‍ ജ്ഞാനികളായ പ്രവാചകന്മാര്‍ തയ്യാറാകണം.

ഒന്നാം പ്രവചനം (23,1-12:)

ദൈവത്തെ പ്രീതിപ്പെടുത്തുന്നതിനും തന്‍റെ ഇഷ്ടമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ അവിടുത്തെ പ്രേരിപ്പിക്കുന്നതിനും വേണ്ടി ബാലാം ഒന്നിനു പകരം ഏഴു ബലിപീഠങ്ങള്‍ പണിയാനും ഓരോ ബലിപീഠത്തിലും ഏറ്റം വിലപിടിച്ച ബലിവസ്തുവായ കാളയേയും മുട്ടാടിനെയും ബലിയര്‍പ്പിക്കാനും ബാലാക്കിനോടാവശ്യപ്പെട്ടു. ഇസ്രായേലിനെ ശപിക്കണം എന്നതാണ് ബാലാമിന്‍റെയും ആഗ്രഹമെങ്കിലും അതു സ്വമേധയാ ചെയ്യാതെ ആദ്യമേ കര്‍ത്താവിന്‍റെ ഹിതം അറിയാനായി മലമുകളിലേക്കു പോയി. പ്രാര്‍ത്ഥനയുടെ ഏകാന്തതയില്‍ അറിഞ്ഞ കര്‍ത്താവിന്‍റെ ഹിതം ബാലാക്കിനെ അറിയിക്കുന്ന ബാലാം വീണ്ടും പ്രവാചകത്വത്തിന്‍റെ മാതൃകയായി നിലകൊള്ളുന്നു.

ബാലാക്ക് തന്നെ വിളിച്ചുവരുത്തിയതിന്‍റെ ഉദ്ദേശ്യം വിവരിച്ചതിനു ശേഷം ബാലാം തന്‍റെ നിസ്സഹായാവസ്ഥ ഏറ്റു പറയുന്നു. "വേറിട്ടു പാര്‍ക്കുന്ന ഒരു ജനം" എന്ന വിശേഷണം ഇസ്രായേലിന്‍റെ സ്വഭാവസവിശേഷതയെ വെളിപ്പെടുത്തുന്നതാണ്. തന്‍റെ സ്വന്തം ജനമായിരിക്കുന്നതിനുവേണ്ടി ദൈവം ഇതരജനതകളില്‍ നിന്നു തരിഞ്ഞെടുത്ത് വേര്‍തിരിച്ചതാണ് ഇസ്രായേല്‍ ജനം (പുറ. 19, 5-6). യാഹ്വേ ഇതര ദൈവങ്ങളില്‍നിന്നു വ്യത്യസ്തനായിരിക്കുന്നതുപോലെ, യാഹ്വേയിലുള്ള വിശ്വാസവും അവിടുത്തെ ഉടമ്പടിയുടെ പ്രമാണങ്ങളനുസരിച്ചുള്ള ജീവിതവും ഇസ്രായേല്‍ക്കാരെ ഇതര ജനതകളില്‍നിന്നും വ്യത്യസ്തരാക്കുന്നു.

അസംഖ്യം സന്തതികളെ കുറിച്ച് യാക്കോബിനു ലഭിച്ച വാഗ്ദാനത്തെ (ഉല്‍പ 28, 14) അനുസ്മരിപ്പിക്കുന്നതാണ് "യാക്കോബിന്‍റെ  ധൂളി" എന്ന പ്രയോഗം. "നീതിമാന്‍റെ മരണം ഞാന്‍ കൈവരിക്കട്ടെ" (23,10) എന്നത് പ്രാര്‍ത്ഥനയേക്കാള്‍ ഒരു ശപഥമാണ്.  ഞാന്‍ പറഞ്ഞതു വാസ്തവമല്ലെങ്കില്‍ മരിക്കാന്‍ ഞാന്‍ ഒരുക്കമാണ് എന്ന അര്‍ത്ഥമാണ് ഈ ശാപത്തിനുള്ളത്.  ബാലാക്കിന്‍റെ പരാതിക്കു ബാലാം നല്കുന്ന മറുപടി (23, 11-12) പ്രവാചകത്വത്തിന്‍റെ ഒരു നിര്‍വ്വചനമാണ്. "കര്‍ത്താവു തോന്നിക്കുന്ന വചനം" എന്നു വിവര്‍ത്തനം ചെയ്യുന്ന ഹീബ്രു വാക്കുകളുടെ വാച്യാര്‍ത്ഥം ڇകര്‍ത്താവ് എന്‍റെ വായില്‍ വച്ചുതരുന്ന വചനംڈ എന്നത്രേ. കര്‍ത്താവു നല്കുന്ന വചനം മാത്രം പറയാന്‍ നിര്‍ബന്ധിതനാകുന്നവനാണ് പ്രവാചകന്‍. ആഗ്രഹിച്ചാലും മറിച്ചുപറയാന്‍ അയാള്‍ക്കാവില്ല.

രണ്ടാം പ്രവചനം  (23,13-26)

ബാലാമിന്‍റെ ശക്തിയില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് ബാലാക് അയാളെ മറ്റൊരു സ്ഥലത്തേക്കു നയിച്ചു. "ഞാന്‍ പോയി കര്‍ത്താവിനെ കാണട്ടെ"(23, 15)  എന്ന ബാലാമിന്‍റെ വാക്കുകള്‍ "കര്‍ത്താവ് എനിക്കു പ്രത്യക്ഷനായേക്കും" എന്ന ആദ്യത്തെ പ്രതീക്ഷയുമായി താരതമ്യം ചെയ്യുന്നത് ബാലാമില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റം മനസ്സിലാക്കാന്‍ സഹായിക്കും.

"വ്യാജം പറയാന്‍ ദൈവം മനുഷ്യനല്ല" (23, 19)  എന്ന പ്രസ്താവന ദൈവത്തിന്‍റെ സ്വഭാവത്തെക്കുറിച്ചുള്ള ഒരു വിശ്വാസപ്രഖ്യാപനമാണ്. അവിടുത്തെ വചനത്തിനു മാറ്റമില്ല.  ദൈവത്താല്‍ അനുഗ്രഹിക്കപ്പെട്ട ജനമാണ് ഇസ്രായേല്‍. അതാണ് അവരെ മറ്റു ജനതകളില്‍ നിന്നു വ്യത്യസ്തരാക്കുന്നത്. ദൈവം അനുഗ്രഹിച്ചവരെ ശപിക്കാന്‍ ബാലാം ശക്തനല്ല. ഈജിപ്തില്‍നിന്ന് അവരെ മോചിപ്പിച്ചുകൊണ്ടുവന്ന കര്‍ത്താവാണ് അവരുടെ രാജാവ് (23,21). അവിടുന്ന് അവരോടുകൂടെയുള്ളതിനാല്‍ അവര്‍ ശക്തരാണ്.  ആഭിചാരവും ക്ഷുദ്രവിദ്യയും അവര്‍ക്ക് ഏല്ക്കുകയില്ല എന്ന പ്രസ്താവനയില്‍ ബാലാം ഒരു ദുര്‍മന്ത്രവാദിയായിരുന്നു എന്ന ധ്വനിയുണ്ട്.  ഇസ്രായേല്‍ എന്തായിരുന്നുവോ അതു ദൈവത്തിന്‍റെ പ്രവര്‍ത്തിയാണ് (23, 23).  ഇസ്രായേലിന്‍റെ ശക്തിയിലും മഹത്വത്തിലും ദൈവമഹത്വം പ്രത്യക്ഷമാകുന്നു.  അവരുടെ സ്വഭാവത്തെ സംബന്ധിച്ച അടിസ്ഥാനപരമായ മറ്റൊരു പ്രഖ്യാപനമാണിത്.  സിംഹത്തിന്‍റെ ഉദാഹരണം അവരുടെ അജയ്യമായ ശക്തിയെയും ശത്രുക്കളുടെ മേല്‍ അവര്‍ നേടുന്ന വിജയങ്ങളെയും സൂചിപ്പിക്കുന്നു.

വിചിന്തനം: കര്‍ത്താവിന്‍റെ പ്രമാണം അനുസരിച്ചു ജീവിക്കുന്നവര്‍ക്ക് ദുര്‍മന്ത്രവാദത്തെയും ക്ഷുദ്രവിദ്യകളെയും ഭയപ്പെടേണ്ടതില്ല. അവിടുത്തെ സംരക്ഷണയിലുള്ളവരെ ദ്രോഹിക്കാന്‍ ആര്‍ക്കും, ഒന്നിനും കഴിയുകയില്ല.

മൂന്നാം പ്രവചനം (23,27-24,13)

കര്‍ത്താവ് ഇസ്രായേലിനെ അനുഗ്രഹിക്കുന്നു എന്ന് രണ്ടു തവണ കണ്ടിട്ടും വിശ്വസിക്കാത്ത ബാലാക് മൂന്നാമതൊരു സ്ഥലത്തേക്കു ബാലാമിനെ കൂട്ടിക്കൊണ്ടുപോകുമ്പോള്‍, ഏതു വിധേനയും തന്‍റെ ഹിതമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ കര്‍ത്താവിനെ പ്രേരിപ്പിക്കണം എന്ന അയാളുടെ നിര്‍ബന്ധബുദ്ധിയും അന്ധവിശ്വാസവും പ്രകടമാകുന്നു.  എന്നാല്‍ മുമ്പത്തേതുപോലെ അടയാളങ്ങളിലൂടെ കര്‍ത്താവിന്‍റെ ഹിതം അറിയാന്‍ ശ്രമിക്കാതെ, ബാലാം ഇസ്രായേലിനെ അനുഗ്രഹിക്കാന്‍ തന്നെ തീരുമാനിച്ചു. ഇത്തവണ തികച്ചും വ്യത്യസ്തമായ ഒന്നുകൂടി സംഭവിച്ചു. 'കര്‍ത്താവിന്‍റെ ആത്മാവ് അവന്‍റെ മേല്‍ ആവസിച്ചു' (24, 2). ഇതിലൂടെ അയാള്‍ ദൈവാത്മാവിന്‍റെ പ്രത്യേക സ്വാധീനത്തിന്‍ കീഴിലാകുന്നു. പിന്നീട് അയാളുടെ വാക്കും പ്രവൃത്തിയും ആത്മാവിന്‍റെ പ്രചോദനമനുസരിച്ചായിരിക്കും.

പ്രവാചകത്വത്തിന്‍റെ വിവിധ വശങ്ങളാണ് പ്രവചനത്തിന്‍റെ ആദ്യപാദത്തില്‍ (24, 3-4) അവതരിപ്പിക്കുന്നത്. പ്രവാചകന്‍റെ കണ്ണും കാതും ദൈവാത്മാവിന്‍റെ പ്രവര്‍ത്തനത്തിനു വിധേയമാകുന്നു. മറ്റാരും കാണാത്തതു കാണുകയും കേള്‍ക്കാത്തതു കേള്‍ക്കുകയും ചെയ്യാന്‍ ഇത് അയാളെ പ്രാപ്തനാക്കുന്നു.  ദൈവത്തില്‍ നിന്നു നേരിട്ടു കാണുകയും കേള്‍ക്കുകയും ചെയ്തവയാണ് അയാള്‍ പ്രഘോഷിക്കുന്നത്. തന്‍റെ ദൃഷ്ടിപഥത്തിലും ചിന്താമണ്ഡലത്തിലും ദൈവം മാത്രം നിറഞ്ഞു നില്ക്കുന്നവനാണ് "തുറന്ന കണ്ണുകളോടെ സമാധിയില്‍ ലയിച്ചവന്‍". തുടര്‍ന്നുള്ള വാക്കുകളില്‍ ഇസ്രായേല്‍ ജനത്തിന്‍റെ കാനാനിലെ വാസം, രാജഭരണത്തിന്‍റെ ആവിര്‍ഭാവം, ശത്രുക്കളുടെ മേല്‍ വിജയം എന്നിവ വിവരിക്കുന്നു.

ദൈവാനുഗ്രഹത്തിന്‍റെ ഫലവും അടയാളവുമായി ഇസ്രായേലിന്‍റെ സമ്പല്‍സമൃദ്ധിയെ ഉദാഹരണങ്ങളിലൂടെ (24, 5-6) എടുത്തു കാട്ടുന്നു. നദീതീരത്തെ ഉദ്യാനം ഫലസമൃദ്ധിയുടെയും, കാരകില്‍ ശക്തിയുടെയും പ്രതീകങ്ങളാണ്. ഭരണികളില്‍ നിന്നു കവിഞ്ഞൊഴുകുന്ന വെള്ളവും വിത്തും (24, 7) ദേശത്തിന്‍റെ ഫലസമൃദ്ധിയെയും ജനത്തിന്‍റെ സന്താനപുഷ്ടിയെയും സൂചിപ്പിക്കുന്നു. ഇസ്രായേലില്‍ ശക്തരായ രാജാക്കന്മാരുണ്ടാവുകയും അവര്‍ ചുറ്റുപാടുള്ള രാജാക്കന്മാരെ തോല്പ്പിക്കുകയും ചെയ്യുമെന്ന് തുടര്‍ന്നു (23, 7-9) പ്രവചിക്കുന്നു.  സാവൂള്‍ തോല്പിച്ച അമലേക്യരുടെ രാജാവാണ് ആഗാഗ് (1 സാമു 15).  ശത്രുജനതകളെ സംഹരിക്കും (24, 8) എന്നു വിവര്‍ത്തനം ചെയ്യുന്ന ഹീബ്രുവാചകത്തിന്‍റെ വാച്യാര്‍ ത്ഥം "ശത്രുജനതകളെ വിഴുങ്ങിക്കളയും" എന്നാണ്.  ഈ പ്രയോഗം ബാലാക്കിന്‍റെ ഭയത്തിലേയ്ക്ക് (22, 4) ശ്രദ്ധ തിരിക്കുന്നു.  അനുഗ്രഹത്തെയും ശാപത്തെയും കുറിച്ചുള്ള പ്രവചനം (24, 9) അബ്രാഹത്തിനു ലഭിച്ച വാഗ്ദാനത്തെ (ഉല്‍പ. 12, 3) അനുസ്മരിപ്പിക്കുന്നു. ഇസ്രായേലിനെ ശപിക്കാന്‍ പ്രേരിപ്പിക്കുന്ന ബാലാക്കിന്‍റെ മേല്‍ ശാപം നിപതിക്കും എന്ന സൂചനയും ഈ പ്രവചനത്തിലുണ്ട്. നിരാശനായ ബാലാക്ക് കൈ കൂട്ടിയടിച്ച് തന്‍റെ കോപവും വെറുപ്പും പ്രകടമാക്കി; ബാലാമിനെ വെറുംകൈയോടെ തിരിച്ചയച്ചു.

നാലാം പ്രവചനം (24,14-25)

പ്രവചനം അവതരിപ്പിച്ചിരിക്കുന്നതെങ്കിലും ഇസ്രായേലിന്‍റെ ഭാവിമഹത്വവും ചുറ്റുപാടുമുള്ള ജനതകളുടെ മേല്‍ അവര്‍ നേടുന്ന വിജയവുമാണ് ഇവിടെയും മുഖ്യവിഷയം. "സര്‍വ്വശക്തന്‍റെ അറിവില്‍ പങ്കു ചേര്‍ന്നവന്" എന്ന വിശേഷണം പ്രവാചകത്വത്തെ സംബന്ധിച്ച് വീണ്ടും ആഴമേറിയ ഉള്‍ക്കാഴ്ച നല്കുന്നു. ദൈവികപദ്ധതിയെ വെളിപ്പെടുത്താനും വ്യാഖ്യാനിക്കാനുംവേണ്ടിയാണ് പ്രവാചകന്‍ വിളിക്കപ്പെടുന്നത്.

ഇസ്രായേലിനെ ഭരിക്കാന്‍ പോകുന്ന രാജാവിനെയാണ് "നക്ഷത്രം","ചെങ്കോല്‍" എന്നീ പ്രതീകങ്ങള്‍ (24, 17) സൂചിപ്പിക്കുന്നത്.  "ഷേത്തിന്‍റെ മക്കള്‍" എന്ന പ്രയോഗം മൊവാബ്യരുടെ പര്യായമായി ഉപയോഗിച്ചിരിക്കുന്നു, "സെയിര്‍" എദോമിന്‍റെയും.  ഇരുകൂട്ടരുടെയും മേലുള്ള വിജയമാണ് ഇവിടെ പ്രവചിക്കുന്നത്. മൊവാബ്യരെയും ഏദോമ്യരെയും പരാജയപ്പെടുത്തിയ ദാവീദില്‍ (2 സാമു 8, 2.13-14) ഈ പ്രവചനം ഒരു പരിധിവരെ പൂര്‍ത്തിയായി. എന്നാല്‍ തിന്മയുടെ സകല ശക്തികളിന്മേലും വിജയം വരിച്ച്, ലോകജനതകളെ മുഴുവന്‍ തന്‍റെ രാജ്യത്തിലേക്കു നയിക്കുന്ന യേശുക്രിസ്തുവില്‍ പൂര്‍ത്തിയായ ഒരു പ്രവചനമായിട്ടാണ് സഭാപിതാക്കന്മാര്‍ ഇതിനെ വ്യാഖ്യാനിച്ചത്. യേശുവിന്‍റെ ജനനത്തോടനുബന്ധിച്ച് പൗരസ്ത്യദേശത്തെ ജ്ഞാനികള്‍ നക്ഷത്രം കണ്ടതും (മത്താ 2, 2) യേശുവിനെ പുലര്‍കാലനക്ഷത്രമായി ചിത്രീകരിക്കുന്നതും (വെളി. 22, 16) ഈ പ്രവചനവുമായി ബന്ധപ്പെട്ടിരിക്കുന്നു.

അമലേക്യരുടെയും കേന്യരുടെയും നാശത്തെക്കുറിച്ച് 24, 20-25ല്‍ പ്രവചിക്കുന്നു.  മരുഭൂമിയിലൂടെ യാത്ര ചെയ്ത ഇസ്രായേല്‍ക്കാരെ ആദ്യമായി ആക്രമിച്ചതിനാലാവാം (പുറ 17, 8) അമലേക്യരെ ജനതകളില്‍ ഒന്നാമന്‍ (24, 20) എന്നു വിളിക്കുന്നത്.  അവരെ സാവൂളും (1സാമു 15) പിന്നീട് ദാവീദും (1 സാമു 30) യുദ്ധത്തില്‍ നശിപ്പിച്ചപ്പോള്‍ ഈ പ്രവചനം പൂര്‍ത്തിയായി.

24-ാം വാക്യത്തിലെ പ്രവചനം എന്തിനെ സൂചിപ്പിക്കുന്നു എന്ന കാര്യത്തില്‍ അഭിപ്രായഭിന്നതയുണ്ട്. ബി.സി. പന്ത്രണ്ടാം നൂറ്റാണ്ടില്‍ കപ്പല്‍ മാര്‍ഗ്ഗം വന്ന് കാനാന്‍ദേശം കീഴടക്കാന്‍ ശ്രമിക്കുകയും അവസാനം ഇസ്രായേല്‍ക്കാരാല്‍ തോല്പിക്കപ്പെടുകയും ചെയ്ത ഫിലിസ്ത്യരെയാണ് ഇവിടെ വിവക്ഷിക്കുന്നതെന്ന് കരുതുന്നവരുണ്ട്. പടിഞ്ഞാറുനിന്ന് വന്ന് മധ്യപൗരസ്ത്യദേശം മുഴുവന്‍ കീഴടക്കിയ ഗ്രീക്കുകാരെയോ റോമാക്കാരെയോ ഉദ്ദേശിച്ചിട്ടുള്ളതാണ് ഈ പ്രവചനം എന്നു കരുതുന്നവരുമുണ്ട്.ഒരു ജനതയ്ക്കും, അവര്‍ എത്ര തന്നെ ശക്തരായാലും, ശാശ്വതമായ നിലനില്പ്പില്ലെന്നും ദൈവരാജ്യത്തിന് അവരെല്ലാം അടിയറ പറയേണ്ടിവരുമെന്നുമുള്ള അടിസ്ഥാന സത്യമാണ് ഈ പ്രവചനങ്ങളിലെല്ലാം പ്രതിധ്വനിക്കുന്നത്. ഒറ്റപ്പെട്ട ജനതകളുടെയും ഇസ്രായേല്‍ ജനത്തിന്‍റെയും ഭാവിയെ മറികടന്ന്, സാര്‍വ്വത്രികരക്ഷയെയും മിശിഹായുടെ രാജത്വത്തെയും ദൈവരാജ്യത്തിന്‍റെ സംസ്ഥാപനത്തെയും സംബന്ധിക്കുന്ന പ്രവചനങ്ങളായി ഇവയെ മനസ്സിലാക്കണം.

വിചിന്തനം: ബാലിശവും ഹാസ്യവുമെന്ന് ചിലപ്പോഴൊക്കെ തോന്നിയേക്കാമെങ്കിലും ബൈബിളിലെ വിവരണങ്ങളെല്ലാം ആഴമേറിയ സത്യം ഉള്‍ക്കൊള്ളുന്ന ദൈവവചനമാണ്.  അത് അര്‍ഹിക്കുന്ന ആദരവോടെ സ്വീകരിക്കാനും പഠിക്കാനും തയ്യാറാകുമ്പോള്‍ സത്യത്തിന്‍റെ ആഴങ്ങളിലേക്ക് ദൈവത്തിന്‍റെ ആത്മാവ് നമ്മെ കൈപിടിച്ചു നയിക്കും.  വചനത്തിന്‍റെ മുമ്പില്‍ മാനുഷിക വക്താവ് നിഷ്പ്രഭനാകുന്നു. ആരു പറയുന്നു എന്നതിനേക്കാള്‍ എന്തു പറയുന്നു എന്നതാണ് പ്രധാനം.  ബാലാമിനെ തന്‍റെ വചനത്തിന്‍റെ വക്താവായി നിയോഗിച്ച കര്‍ത്താവ് ഇന്നും തനിക്കിഷ്ടമുള്ളവരെ തന്‍റെ വക്താക്കളായി തിരഞ്ഞെടുക്കുന്നു. എന്നാല്‍ തിരഞ്ഞെടുപ്പും അതുവഴി ലഭിക്കുന്ന വരങ്ങളും ആരെയും വിശുദ്ധനാക്കണമെന്നില്ല; അത്ഭുതസിദ്ധികള്‍ ജീവിതവിശുദ്ധിയുടെ അടയാളമായിരിക്കണമെന്നില്ല (മത്താ 7, 21-23); സിദ്ധികളെക്കുറിച്ച് അഹങ്കരിക്കാന്‍ ആര്‍ക്കും അവകാശവുമില്ല (ലൂക്ക 17,10).

Balaam's Prophecies (Numbers 22 2-24 25) catholic malayalam theology mananthavady diocese പഞ്ചഗ്രന്ഥത്തിൻറ്റെ ദൈവശാസ്ത്ര൦ no:13 Bishop Joseph Pamplany Bible Theology Church Teachings


അഭിപ്രായങ്ങൾ

Your Name Contact Number Email ID
Message